അനർഘരാഘവം
എ.ഡി. 9-ആം നൂറ്റാണ്ടിനറ്റിത്ത് ജീവിച്ചിരുന്നതായി കരുതുന്ന മുരാരി എന്ന കവി രചിച്ച ഏഴങ്കങ്ങളുള്ള സംസ്കൃത നാടകത്തിന്റെ പേരാണ് അനർഘരാഘവം. ഇദ്ദേഹത്തിന്റേതായി ഈ ഒരു നാടകകൃതി മാത്രമേ കണ്ടുകിട്ടിയിട്ടുള്ളു. സംസ്കൃതനാടകശാസ്ത്രഗ്രന്ഥമായ ദശരൂപക (10-ആം നൂറ്റാണ്ടിൽ) അനർഘരാഘവത്തെക്കുറിച്ച് പരാമർശമുണ്ട്. മുരാരിയെക്കുറിച്ച് മറ്റ് ജീവചരിത്രവസ്തുതകളൊന്നും ലഭ്യമല്ലെങ്കിലും ഇതിൽ ഉജ്ജയിനി, വാരാണസി, കൈലാസം, പ്രയാഗ, സമുദ്രതീരത്തുള്ള താമ്രപർണി, ഗൌഡദേശത്തെ ചംപാനദി, പഞ്ചവടി, കുണ്ഡിനം, കാഞ്ചി, മാഹിഷ്മതി തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ച് പരാമർശിക്കുന്നതിനാലും, താൻ മധ്യദേശീയനാണെന്ന് നാടകത്തിലെ സൂത്രധാരൻ സ്വയം പരിചയപ്പെടുത്തുന്നതിനാലും, മറ്റുചില ഗവേഷണങ്ങളുടെ തെളിവിലും ഇദ്ദേഹം ചേദിമണ്ഡലത്തിലെ കല്ചൂരി രാജവംശത്തിന്റെ പ്രോത്സാഹനത്തിനു പാത്രീഭൂതനായിരുന്നുവെന്നു ചില സംസ്കൃത ചരിത്രകാരൻമാർ ഊഹിക്കുന്നു.
രാമായണം ഇതിവൃത്തമാക്കിയ നാടകം
തിരുത്തുകഏഴങ്കങ്ങളിൽ രാമായണേതിവൃത്തത്തെ കുറച്ചൊക്കെ ഭേദഗതിചെയ്ത് സംവിധാനം ചെയ്തിരിക്കുന്ന ഈ നാടകം ഭവഭൂതിയുടെ മഹാവീരചരിതത്തെയും ഉത്തരരാമചരിതത്തെയും ചിലേടത്തൊക്കെ ഉപജീവിക്കുന്നതായി കാണാം. ഉത്തരരാമചരിതത്തിൽ ആറാമങ്കത്തിലെ 31-ഉം 32-ഉം ശ്ലോകങ്ങൾ അതേപടി അനർഘരാഘവത്തിലെ ഒന്നാമങ്കത്തിൽ ആറും ഏഴും ശ്ലോകങ്ങളായി പകർത്തിയിരിക്കുന്നു. സാധാരണ സംസ്കൃത നാടകാരംഭങ്ങളിൽ കാണുന്നതുപോലെ ഗ്രന്ഥകാരൻ നടത്തുന്ന ആത്മപ്രശസ്തിപരമായ ദീർഘ പ്രസ്താവനക്കുശേഷം, വിശ്വാമിത്രൻ ദശരഥരാജധാനിയിൽ വന്ന് രാമലക്ഷ്മണൻമാരെ യാഗരക്ഷയ്ക്കുവേണ്ടി ആശ്രമത്തിലേക്കു കൊണ്ടുപോകുകയും അതോർത്ത് ദശരഥൻ വിലപിക്കുകയും ചെയ്യുന്നതോടെ ഒന്നാമങ്കത്തിന്റെ തിരശ്ശീല വീഴുന്നു. രണ്ടാമങ്കത്തിലെ വിഷ്കംഭത്തിൽ രണ്ട് വിശ്വാമിത്രശിഷ്യൻമാർ ബാലി, ഹനുമാൻ, രാവണൻ, താടക മുതലായവരുടെ പൂർവകഥകൾ അനാവരണം ചെയ്യുന്നു. അതിനുശേഷം രാമലക്ഷ്മണൻമാർ രംഗത്തുവന്ന് സംഭാഷണത്തിലൂടെ ആശ്രമത്തേയും പരിസരങ്ങളേയും വർണിക്കുകയാണ്. മധ്യാഹ്ന താപത്തിന്റെ വർണനയോടുകൂടി തുടങ്ങുന്ന ഈ രംഗം സന്ധ്യാസമയത്താണ് അവസാനിക്കുന്നത്. അപ്പോഴേക്കും അണിയറയിൽനിന്നും താടകയുടെ വരവിനെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുന്നു. ഒരു സ്ത്രീയെ വധിക്കുന്നതിൽ വിമനസാണെങ്കിലും രാമൻ അതിനുവേണ്ടി രംഗത്തുനിന്ന് മറയുന്നു. അവിടെ നിൽക്കുന്ന ലക്ഷ്മണനാണ് താടകാവധത്തിന്റെ ഒരു ദൃക്സാക്ഷിവിവരണം തരുന്നത്. ലക്ഷ്യം സാധിച്ചുകഴിഞ്ഞ് തിരിച്ചെത്തിയ രാമൻ ചന്ദ്രോദയം വർണിച്ചുകൊണ്ടിരിക്കവേ വിശ്വാമിത്രൻ പ്രവേശിച്ച് മിഥിലാനഗരത്തെ വർണിക്കുകയും രാമലക്ഷ്മണൻമാരെ അവിടേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.
കഥാവിവരണം
തിരുത്തുകമൂന്നും നാലും അങ്കങ്ങളിൽ മുരാരി വായനക്കാരെ ഇടയ്ക്ക് ലങ്കയിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. രാവണനും മാല്യവാനും തമ്മിലുള്ള ചില ആലോചനകളോടുകൂടിയാണ് ഈ കഥാഭാഗം ആരംഭിക്കുന്നത്. സീതാസ്വയംവരഘട്ടത്തിൽ രാവണദൂതന് നേരിട്ട അപമാനവും, ശൂർപ്പണഖയുടെ മന്ഥരാവേഷസ്വീകാരവും, രാമ പരശുരാമ സംഘട്ടനവും എല്ലാം ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. സീതാപഹരണവും രാമപരിദേവനങ്ങളുമാണ് അഞ്ചാമങ്കത്തിൽ. ബാലിവധവും സുഗ്രീവന്റെ കിരീടധാരണവും ആറാമങ്കത്തിൽ ഉൾപ്പെടുന്നു. സേതുബന്ധനം മുതൽ രാവണവധം വരെയുള്ള കഥാഭാഗം ദീർഘമായ ആറാമങ്കത്തിലെ വിഷയമാണ്. രാവണവധം രംഗത്തു നടക്കുന്നില്ല. രംഗസ്ഥിതരുടെ വിവരണത്തിൽകൂടിയും അണിയറയിൽ നിന്നുള്ള പ്രഖ്യാപനങ്ങളിലൂടെയുമാണ് ഈ ഭാഗങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. രഘുവംശം 13-ആം സർഗത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നിബദ്ധമായ നീണ്ട ഏഴാമങ്കത്തിൽ രാമന്റെയും സംഘത്തിന്റെയും വിമാനമാർഗേണയുള്ള പ്രത്യാഗമനം വർണിച്ചിരിക്കുന്നു. സുരലോകവും കൈലാസവും ചന്ദ്രമണ്ഡലവും മഹാമേരുവും മറ്റും ഈ സഞ്ചാരപഥത്തിൽ ഉൾപ്പെടുത്തി കാളിദാസനെ കടത്തിവെട്ടാൻ മുരാരി ഒരു ശ്രമം നടത്തിയിരിക്കുന്നു.
വിമർശനം
തിരുത്തുകഇതിലെ ഇതിവൃത്തം ഇതിഹാസഗതം മാത്രമാണെന്നും അവതരണം അനുകരണാത്മകമാണെന്നും വർണന വൃഥാസ്ഥൂലമായിപ്പോയി എന്നും ചില സംസ്കൃത സാഹിത്യ മീമാംസകൻമാർ വിമർശിച്ചിട്ടുണ്ട്. പക്ഷേ, ഈ വിമർശനത്തെ അതിജീവിക്കുവാൻ പോരുന്ന സാഹിത്യസൌന്ദര്യവും കലാസൌഷ്ഠവവും അനർഘരാഘവത്തിനുണ്ടെന്ന് ഇന്നും നിലനിന്നുപോരുന്ന അതിന്റെ പ്രശസ്തി വ്യക്തമാക്കുന്നു. ശബ്ദാടോപനിപുണതയും വർണനാപ്രവണതയും തന്റെ കൊടിയടയാളങ്ങളാക്കിത്തീർത്തിരുന്ന മുരാരി, സംസ്കൃത നാടകരചനയിൽ പുതിയൊരു രചനാശൈലി വാർത്തെടുത്ത പ്രതിഭാശാലി എന്ന നിലയിൽ പ്രത്യേകം വ്യക്തിത്വം പുലർത്തിനിൽക്കുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനർഘരാഘവം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |