അഥർവ്വവേദം
ചതുർവേദങ്ങളിൽ നാലാമത്തെ വേദമാണ് അഥർവ്വവേദം ( സംസ്കൃതം: अथर्ववेदः, ഇംഗ്ലീഷ്: Atharvaveda ). അഥർവ്വത്തിന്റെ വാഗർത്ഥം അഗ്നിപുരോഹിതനെന്നാണ്. ഈശ്വരോപാസന കൂടാതെ ആഭിചാരപ്രയോഗങ്ങളും, ആത്മരക്ഷ, ശത്രുനിവാരണം, ഐശ്വര്യപ്രാപ്തി എന്നിവയും പ്രതിപാദിക്കപ്പെടുന്നു. മറ്റ് വേദങ്ങളേക്കാൾ ആധുനികമാണ് അഥർവ്വവേദം ചാതുർവർണ്ണ്യസാമൂഹികവ്യവസ്ഥ നിലനിന്നിരുന്നതായി ചില മന്ത്രങ്ങളിൽ നിന്നും മനസ്സിലാക്കാം. ഭൂതപ്രേതപിശാചുക്കൾ, രക്ഷസ്സുകൾ എന്നിവയെ അടക്കുന്ന മന്ത്രങ്ങളും ആരോഗ്യരക്ഷക്കുള്ള മന്ത്രങ്ങളും അഥർവ്വവേദത്തിലുണ്ട്. പുരോഹിതനും മന്ത്രവാദിയും ഒരാളായിരുന്നു എന്നും അനുമാനിക്കാവുന്നതാണ്[1] . അഥർവവേദം എന്ന പേര് അതിലെ പ്രതിപാദ്യത്തെ ആധാരമാക്കിയുള്ളതല്ല. അഥർവൻ എന്ന ഒരു ഋഷിയിൽനിന്നാണ് ഈ പേരിന്റെ ഉത്പത്തി.
മന്ത്രദ്രഷ്ടാക്കൾ
തിരുത്തുകമറ്റു വേദങ്ങളെപ്പോലെ അഥർവവേദവും അപൌരുഷേയമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതു രചിച്ച ഋഷിയെപ്പറ്റിയോ മന്ത്രദ്രഷ്ടാവിനെപ്പറ്റിയോ ചരിത്രദൃഷ്ട്യാ അസന്ദിഗ്ധമായി ഒന്നും പറയുവാൻ നിവൃത്തിയില്ല. അഥർവവേദത്തിന്റെ സർവാനുക്രമണികയിലെ മന്ത്രദ്രഷ്ടാവിനെപ്പറ്റിയുള്ള കഥ വിശ്വാസയോഗ്യമായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടില്ല. അഥർവനും ബ്രഹ്മാവുമാണ് മന്ത്രദ്രഷ്ടാക്കളിൽ പ്രമുഖന്മാർ. ഭൃഗു, അംഗിരസ്സ്, വസിഷ്ഠൻ, ഭരദ്വാജൻ, ശൌനകൻ, പ്രജാപതി തുടങ്ങിയവർ ഇതിലെ മറ്റു ഗഡനനഠഢഫടപപഫഢമന്ത്രദ്രഷ്ടാഛടഡഢടംഔധഠഢഢപപക്കളാണ്. അഥർവൻ ഏകദേശം 180-ൽ പരം മന്ത്രങ്ങളുടെയും ബ്രഹ്മാവ് 75-ൽപ്പരം മന്ത്രങ്ങളുടെയും ദ്രഷ്ടാക്കളാണ്. അഥർവനും ബ്രഹ്മാവും ദർശിച്ച മന്ത്രങ്ങൾ കൂടുതലുള്ളതുകൊണ്ടാവാം ഇതു അഥർവവേദമെന്നും ബ്രബപഷസണഞഝടഹ്മവേദമെന്നും വ്യവഹരിബബസശഫഢഡനഫഹഹസഠശമണടംക്കപ്പെടുന്നത്.
കാലം
തിരുത്തുകഅഥർവവേദത്തിലെ പ്രതിപാദ്യം വളരെ പഴക്കമേറിയതാണെങ്കിലും അതിന്റെ രചന അത്ര പ്രാചീനമല്ല. ഋഗ്യജുസ് സാമവേദങ്ങൾക്ക് ശേഷമായിരിക്കണം ഇതിന്റെ രചനാകാലം. ശതപഥബ്രാഹ്മണത്തിലും ഛാന്ദോഗ്യോപനിഷത്തിലുമുള്ള സൂചനകളിൽനിന്നും അഥർവവേദം ഇവയ്ക്ക് മുമ്പുതന്നെ ഉണ്ടായിരുന്നു എന്നനുമാനിക്കാം. പതഞ്ജലി വേദങ്ങളെപ്പറ്റി പറയുമ്പോൾ അഥർവവേദത്തെപ്പറ്റി ആദ്യം പറയുന്നുണ്ട്. അഥർവാംഗിരസ്സെന്ന ഇതിന്റെ ആദ്യത്തെ നാമം സംഹിതയിൽതന്നെ നിർദ്ദേശിച്ചുകാണുന്നു. അഥർവവേദമെന്ന് ആദ്യമായി വ്യവഹരിക്കപ്പെടുന്നത് ഗൃഹ്യസൂത്രങ്ങളിലാണ്. ഒരുപക്ഷേ അഥർവവേദത്തിന് ഒരു വേദത്തിന്റെ പദവി നേടിയെടുക്കാൻ കുറേക്കാലം വേണ്ടിവന്നിരിക്കും. ഋഗ്വേദത്തിലെ അന്തിമമണ്ഡലത്തിന്റെ രചനാകാലംവരെ ഇത് ഒരു പ്രത്യേക വേദമായി അംഗീകരിക്കപ്പെട്ടിരുന്നുവോ എന്നു സംശയിക്കപ്പെടുന്നു. പുരുഷസൂക്തത്തിൽ അഥർവവേദത്തെപ്പറ്റി മാത്രം പറയാത്തതും ഇതിന് ഉപോദ്ബലകമാണ്. യജുർവേദം ശുക്ളയജുർവേദമെന്നും കൃഷ്ണയജുർവേദമെന്നും രണ്ടായി പിരിഞ്ഞ കാലഘട്ടമായിരിക്കും അഥർവവേദത്തിന്റെ രചനാകാലമെന്ന് പൊതുവേ കരുതപ്പെടുന്നു.
ശാഖാഭേദങ്ങൾ
തിരുത്തുകഅഥർവവേദത്തിന് 9 ശാഖകളുണ്ടെന്ന് ഭാഷ്യകാരനായ പതഞ്ജലിയും വേദവ്യാഖ്യാതാവായ സായണനും പറയുന്നു
- പൈപ്പലാദം
- ശൌനകം
- തൌദം
- മൌദം
- ജലദം
- ജാജലം
- ബ്രഹ്മപദം
- ദേവദർശം
- ചാരണവൈദ്യം
എന്നിവയാണ് അവ. എന്നാൽ പൈപ്പലാദം, ശൌനകം എന്നീ രണ്ടു ശാഖകൾ മാത്രമേ ഇപ്പോൾ നിലവിലുള്ളു. പിപ്പലാദനാണ് പൈപ്പലാദശാഖയുടെ വിധായകൻ. പ്രശ്നോപനിഷത്തിലെ ആദ്യത്തെ മന്ത്രത്തിലുള്ള ഭഗവന്തം പിപ്പലാദ മുപസന്നാ എന്ന സൂചനയൊഴിച്ചാൽ പിപ്പലാദനെപ്പറ്റി വ്യക്തമായ അറിവുകളൊന്നും ഇല്ല. ഇപ്പോൾ പ്രചാരത്തിലുള്ളത് ശൌനകശാഖയിലുള്ള അഥർവവേദമാണ്. ഋഗ്വേദത്തിന്റെ ഏഴ് അനുക്രമണികകൾ ഒരു ശൌനകൻ രചിച്ചതാണ്. അതിധന്വാ ശൌനകഃ, ശൌനകഃ കാ പേയഃ എന്നും മറ്റും ഛാന്ദോഗ്യോപനിഷത്തിലും പറയുന്നുണ്ട്.
ഘടന
തിരുത്തുകഇപ്പോൾ പ്രചാരത്തിലിരിക്കുന്ന ശൌനകശാഖയിലുള്ള അഥർവവേദത്തിന് 20 കാണ്ഡങ്ങളിലായി 730 സൂക്തങ്ങളും 6,000-ത്തോളം മന്ത്രങ്ങളും ഉണ്ട്. രചനാരീതി അനുസരിച്ച് 20 കാണ്ഡങ്ങളെ മൂന്നായി തരംതിരിക്കാം. 1-7 വരെ കാണ്ഡങ്ങൾ അടങ്ങിയതാണ് ആദ്യത്തെ വിഭാഗം. ഇതിൽ ചെറിയ സൂക്തങ്ങളുണ്ട്. ഇവയുടെ ക്രമം അതിലെ സൂക്തങ്ങളിൽ അടങ്ങിയിരിക്കുന്ന മന്ത്രങ്ങളുടെ എണ്ണത്തെ ആശ്രയിച്ചാണ്. അതായത് ഒന്നാം മണ്ഡലത്തിലെ സൂക്തങ്ങളിൽ 4 മന്ത്രങ്ങളും 2-ൽ 5, 3-ൽ 6, 4-ൽ 7, 5-ൽ 8-18 വരെ മന്ത്രങ്ങളടങ്ങിയ സൂക്തങ്ങളും ഉണ്ട്. 7-ൽ പല ഒറ്റമന്ത്രങ്ങളും പിന്നീട് 11 മന്ത്രങ്ങൾവരെയുള്ള സൂക്തങ്ങളും അടങ്ങിയിരിക്കുന്നു. 8-13 വരെ മണ്ഡലങ്ങളടങ്ങിയതാണ് രണ്ടാംഭാഗം. വേണ്ടത്ര ക്രമദീക്ഷയില്ലാതെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള നീണ്ട സൂക്തങ്ങളാണ് ഇതിലുള്ളത്. 14-18 വരെ കാണ്ഡങ്ങളടങ്ങിയ മൂന്നാം ഭാഗത്തിന്റെ ക്രമം അതിലെ വിഷയങ്ങളെ ആശ്രയിച്ചാണ്. 14-ൽ വിവാഹകർമങ്ങൾ, 15-ൽ വ്രാത്യൻമാരെപ്പറ്റിയുള്ള വിവരങ്ങൾ, 16-ലും 17-ലും ആഭിചാരപ്രയോഗങ്ങൾ, 18-ൽ ശ്രാദ്ധാദികൾ എന്നിവ കാണാം. 19-ൽ പല വിഷങ്ങളെപ്പറ്റിയുള്ള സൂക്തങ്ങളും 20-ൽ ഋഗ്വേദോദ്ധൃതമായ മന്ത്രങ്ങളും അടങ്ങിയിരിക്കുന്നു. അവസാനത്തെ രണ്ടു മണ്ഡലങ്ങൾ പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് പല ഗവേഷകൻമാരും അഭിപ്രായപ്പെടുന്നു. അഥർവപ്രാതിശാഖ്യത്തിൽ ഈ മണ്ഡലങ്ങൾ പരാമർശിക്കപ്പെടുന്നില്ല. തികച്ചും ലൌകികകാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന അഥർവണത്തിന് അംഗീകാരം കിട്ടാതെയിരുന്ന ഒരു കാലത്ത് അതിനൊരു വേദത്തിന്റെ പദവി നേടിക്കൊടുക്കാനായിരിക്കാം ഇന്ദ്രസൂക്തങ്ങളും മറ്റുമടങ്ങിയ ഈ രണ്ടു കാണ്ഡങ്ങൾ കൂട്ടിച്ചേർത്തത്.
ഉള്ളടക്കം
തിരുത്തുകഅഥർവവേദം പ്രധാനമായും ആഭിചാരപ്രവൃത്തികളെ പ്രതിപാദിക്കുന്ന മന്ത്രങ്ങളുടെ ഒരു സമാഹാരമാണ്. ഇതിലെ മന്ത്രങ്ങൾ മഹാവ്യാധികളെ ശമിപ്പിക്കാനും ക്രൂരമൃഗങ്ങൾ, പിശാചുക്കൾ എന്നിവയിൽനിന്നും രക്ഷനേടാനും, മാന്ത്രികന്മാർ, ബ്രാഹ്മണദ്വേഷികൾ എന്നിവരെ നശിപ്പിക്കാനും ഉള്ളവയാണ്. എന്നാൽ മംഗളാശംസകളും ഐശ്വര്യവർധകങ്ങളുമായ മറ്റനേകം മന്ത്രങ്ങളും ഇതിലുണ്ട്. അവ കുടുംബജീവിതത്തിൽ ശത്രുക്കളുമായുള്ള അനുരഞ്ജനം, ആയുസ്സ്, ധനം, ആരോഗ്യം എന്നിവയ്ക്കുവേണ്ടിയുള്ളവയാണ്. പൊതുവേ അഥർവമെന്ന നാമം ഇതിലെ മംഗളാശംസകളായ മന്ത്രഭാഗത്തെയും അംഗീരസ്സെന്നത് ആഭിചാരപ്രതിപാദകങ്ങളായ മന്ത്രഭാഗത്തെയും സൂചിപ്പിക്കുന്നു. പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് പറയപ്പെടുന്ന 20-ആം മണ്ഡലമൊഴിച്ചാൽ ഇതിന് യാഗാദികർമങ്ങൾ പ്രതിപാദിക്കുന്ന മറ്റു വേദങ്ങളുമായി ഉള്ളടക്കത്തിൽ വലിയ ബന്ധമൊന്നും ഇല്ല. പൊതുവേ മനുഷ്യന്റെ ഐഹികജീവിതത്തിലെ സുഖത്തെയും ക്ഷേമത്തേയും ലക്ഷ്യമാക്കിയുള്ളതാണ് ഇതിലെ മന്ത്രങ്ങൾ. മറ്റു വേദങ്ങളിലെ ഉയർന്ന സാംസ്കാരിക പശ്ചാത്തലം ഇതിലില്ല. സാധാരണജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമാണ് ഇതിൽ പ്രതിഫലിച്ചുകാണുന്നത്. ചരിത്രാതീതകാലത്തെ ജനങ്ങളെപ്പറ്റിയും അവരുടെ പ്രാകൃതമായ അനുഷ്ഠാനങ്ങളെപ്പറ്റിയും അഥർവവേദം വേണ്ടത്ര അറിവു നൽകുന്നു. വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ഈ മന്ത്രങ്ങളെ ബ്ലൂംഫീൽഡ് 14 ആയി വിഭജിച്ചിട്ടുണ്ട്:
ഭൈഷജ്യങ്ങൾ
തിരുത്തുകരോഗങ്ങളെയും രോഗഹേതുക്കളായ ചില പിശാചുക്കളെയും നശിപ്പിക്കാനുള്ള മന്ത്രങ്ങൾ. കൌശികസൂത്രത്തിൽ ഇതിനെപ്പറ്റി വിശദമായ ചർച്ചയുണ്ട്. പക്ഷേ, പല രോഗങ്ങളെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും ഉള്ള ഇതിലെ വിവരണങ്ങൾ വേണ്ടത്ര വ്യക്തമല്ല.
ആയുഷ്യങ്ങൾ
തിരുത്തുകദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയുള്ളവ. 100 വയസ്സുവരെ ജീവിക്കുകയെന്നതാണ് ലക്ഷ്യം. അതിനു മുൻപുണ്ടാകുന്ന മൃത്യുതടയുന്നതുകൂടാതെ യമൻ, മൃത്യു, നിരൃതി മുതലായവരെപ്പറ്റിയുള്ള സ്തുതികളും ഇതിലുണ്ട്.
ആഭിചാരങ്ങൾ
തിരുത്തുകപിശാചുക്കൾ,ശത്രുക്കൾ, മന്ത്രവാദികൾ എന്നിവർക്കെതിരായി പ്രയോഗിക്കേണ്ടവ. പീഡനം, മാരണം, മോഹനം, സ്തംഭനം, വശീകരണം മുതലായ ആഭിചാരങ്ങളും യാതുവിദ്യകളും അടങ്ങിയിരിക്കുന്നതു കൂടാതെ ആഭിചാരങ്ങൾക്കെതിരായി ചെയ്യുന്ന കൃത്യാപ്രതിവിധികൾ എന്നു പറയുന്ന പ്രയോഗങ്ങളും ഇതിലുൾപ്പെടുന്നു.
സ്ത്രീകർമങ്ങൾ
തിരുത്തുകആദ്യത്തെ 7 കാണ്ഡങ്ങളിൽ സ്ത്രീകർമപ്രതിപാദകങ്ങളായ അനേകം സൂക്തങ്ങളുണ്ട്. വിവാഹം, ഗർഭധാരണം, പ്രസവം മുതലായവയോടനുബന്ധിച്ച് അനുഷ്ഠിക്കേണ്ടവയാണവ. ഈ മന്ത്രങ്ങളിൽ ഏറിയ പങ്കും സ്ത്രീപുരുഷബന്ധത്തെപ്പറ്റി പറയുന്നു. സ്ത്രീപുരുഷന്മാരുടെ അന്യോന്യവശീകരണത്തിനും ഇവ വിനിയോഗിക്കപ്പെടുന്നു. ദാമ്പത്യസുഖത്തിനും സന്താനസൌഭാഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്ന മന്ത്രങ്ങളും വിരളമല്ല.
സൌമനസ്യങ്ങൾ
തിരുത്തുകഐക്യം, സമുദായശ്രേഷ്ഠത, വിജയം, വാഗ്മിത്വം, ജനസ്വാധീനത മുതലായവയ്ക്കുവേണ്ടിയുള്ളവ.
രാജകർമങ്ങൾ
തിരുത്തുകരാജാവിനുവേണ്ടിയുള്ളവ. രാജ്യാരോഹണം, രാജ്യസംപ്രാപ്തി മുതലായവയ്ക്കും, രാജാവിന് ശക്തി, വീര്യം, ചക്രവർത്തിപദം, വിജയം മുതലായവ നേടുന്നതിനും വേണ്ടിയുള്ള മന്ത്രങ്ങളാണിവ.
ബ്രാഹ്മണസൂക്തങ്ങൾ
തിരുത്തുകബ്രാഹ്മണരുടെ രക്ഷയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ളവ. ബ്രാഹ്മണർക്ക് നല്കേണ്ട ദാനങ്ങളെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന നിരവധി മന്ത്രങ്ങളും ഇതിലുണ്ട്.
പൌഷ്ടികങ്ങൾ
തിരുത്തുകഐശ്വര്യവർധകങ്ങളായ മന്ത്രങ്ങൾ. ധാന്യവർധനം, മഴ, സമ്പത്ത് ഇവയ്ക്കുവേണ്ടി വിനിയോഗിക്കപ്പെടുന്നു. 20-ആമത്തെ മണ്ഡലമൊഴിച്ച് ബാക്കിയുള്ള മണ്ഡലങ്ങളിൽ അഞ്ചിലൊന്ന് ഭാഗത്തോളം ഈ മന്ത്രങ്ങളാണ് കാണപ്പെടുന്നത്.
പ്രായശ്ചിത്തങ്ങൾ
തിരുത്തുകഇതിലുള്ള നാല്പതോളം സൂക്തങ്ങൾ പ്രായശ്ചിത്തങ്ങളാണ്. ഇതിൽ പലതും യാഗാദികർമങ്ങളിലുള്ള പോരായ്മകളെ പരിഹരിക്കുന്നവയാണ്.
സൃഷ്ടിപരവും ബ്രഹ്മവിദ്യാപ്രതിപാദകങ്ങളുമായമന്ത്രങ്ങൾ
തിരുത്തുകലോകോത്പത്തി, ബ്രഹ്മം, ആദിപുരുഷൻ മുതലായവയെപ്പറ്റി ചോദ്യരൂപത്തിലുള്ള മന്ത്രങ്ങളാണിവ. ചിലേടത്ത് ആത്മാവിനെപ്പറ്റിയുള്ള സൂചനകളും (11: 4) മറ്റു ചിലേടത്ത് ബ്രഹ്മാത്മൈക്യത്തെപ്പറ്റിയുള്ള സൂചനകളും (11: 8) കാണുന്നുണ്ട്.
കുന്താപസൂക്തങ്ങൾ
തിരുത്തുകകുന്താപസൂക്തങ്ങളെന്നു പറയപ്പെടുന്ന ഈ വിഭാഗത്തിൽ അഗ്നിസ്തുതി, ഇന്ദ്രസ്തുതി മുതലായവ അടങ്ങിയിരിക്കുന്നു.
അനുബന്ധങ്ങൾ
തിരുത്തുകബ്രാഹ്മണങ്ങൾ
തിരുത്തുകഅഥർവവേദത്തിന്റെ ബ്രാഹ്മണമാണ് ഗോപഥബ്രാഹ്മണം. യഥാക്രമം അഞ്ചും ആറും അധ്യായങ്ങളുള്ള രണ്ടു കാണ്ഡങ്ങൾ ഇതിനുണ്ട്. അഥർവവേദത്തിന്റെ മഹിമാതിശയം വർണിക്കുകയും ബ്രഹ്മൻ എന്ന ഋത്വിക്കിനെ പ്രശംസിക്കുകയുമാണ് ഇതിന്റെ ഉദ്ദേശ്യം.
ഉപനിഷത്തുകൾ
തിരുത്തുകഏകദേശം 112 ഉപനിഷത്തുകൾ അഥർവവേദത്തിന്റേതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സംശയരഹിതമായി പറയാവുന്നവ 27 എണ്ണമാണ്. ഇവയിൽ പ്രധാനപ്പെട്ടവ പ്രശ്നം, മാണ്ഡൂക്യം, മുണ്ഡകം, ജാബാലം എന്നിവയാണ്.
സൂത്രങ്ങൾ
തിരുത്തുകവൈതാനസൂത്രമെന്ന ശ്രൌതസൂത്രവും കൌശികസൂത്രമെന്ന ഗൃഹ്യസൂത്രവും അഥർവവേദത്തിനുണ്ട്. പല അംശത്തിലും ഇവയ്ക്ക് ഗോപഥബ്രാഹ്മണവുമായി സാമ്യമുണ്ട്. കൌശികസൂത്രത്തിൽ സാധാരണ ഗൃഹ്യസൂത്രത്തിൽ പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങൾ കൂടാതെ ചില ആഭിചാരങ്ങളെപ്പറ്റിയുള്ള വർണനകളും ഉണ്ട്.
ഇവ കൂടാതെ അഥർവപ്രാതിശാഖ്യമെന്ന ഒരു വ്യാകരണ ഗ്രന്ഥവും അഥർവവേദത്തിനുണ്ട്. സായണൻ അഥർവവേദത്തിന്റെ 12 കാണ്ഡങ്ങൾക്കു മാത്രമേ ഭാഷ്യം രചിച്ചിട്ടുള്ളൂ.
അഥർവവേദവും ആയുർവേദവും
തിരുത്തുകആയുർവേദത്തിന്റെ ഉറവിടം അഥർവവേദമാണ്. ചാരണവൈദ്യമെന്ന (സഞ്ചരിക്കുന്ന വൈദ്യം) ശാഖാഭേദം അതിപ്രാചീനമായ ഒരു ആയുർവേദ സമ്പ്രദായമാണെന്ന് ഊഹിക്കപ്പെടുന്നു. അഥർവവേദത്തിന് ഭൈഷജ്യമെന്ന പേരുകൂടിയുണ്ട് (11: 6). അഥർവമെന്ന പേര് ഔഷധപര്യായമായിട്ടു തന്നെ പലേടത്തും പ്രയോഗിച്ചു കാണുന്നു. അഥർവൻ ഒരുപക്ഷേ വൈദികകാലത്തെ ഒരു ഭിഷഗ്വരനായിരുന്നിരിക്കാം. രോഗങ്ങളെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന മിക്കവാറും മന്ത്രങ്ങളുടെ ദ്രഷ്ടാവും അഥർവനാണ്. അതിപ്രാചീനമായ ഒരു ചികിത്സാപദ്ധതി ഇതിലുണ്ട്. മരുന്നും മന്ത്രവുംകൊണ്ട് രോഗം ശമിപ്പിക്കുവാനുള്ള ഉപായങ്ങൾ ഇതിലുടനീളം കാണാം. ആയുർവേദം പഠിക്കുന്നയാളിന് അഥർവവേദത്തിനോടുള്ള കടപ്പാട് ചരകനും സുശ്രുതനും തങ്ങളുടെ സംഹിതകളിൽ എടുത്തുപറയുന്നുണ്ട്. അഥർവവേദത്തിലെ ഇന്ദ്രനും പ്രജാപതിയും എല്ലാം ഭിഷഗ്വരൻമാരാണ്. ഇതിലെ അഞ്ചാം കാണ്ഡത്തിലെ 30-ആമത്തെ സൂക്തം ഭിഷഗ്വരനെ പ്രശംസിക്കുന്നു. നിരവധി ഔഷധ പ്രയോഗങ്ങളെപ്പറ്റിയും ശസ്ത്രക്രിയകളെപ്പറ്റിയും ഉള്ള സൂചനകൾ കൂടാതെ പിന്നീട് പഞ്ചകർമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രയോഗങ്ങളും എല്ലാം ഇതിൽ ബീജരൂപത്തിൽ അടങ്ങിയിട്ടുണ്ട്.
മതവും തത്ത്വചിന്തയും
തിരുത്തുകഅഥർവവേദത്തിന് അതിന്റേതായ ഒരു ജീവിതവീക്ഷണമുണ്ട്. 100 വയസ്സുവരെ ലൌകികസുഖങ്ങളനുഭവിച്ച് ജീവിക്കുകയാണിതിന്റെ ആദർശം. വാർധക്യദശ പ്രാപിക്കാതെ മരിക്കുന്നത് നിന്ദ്യമാണ്. പരലോകത്തും അവിടുത്തെ സുഖങ്ങൾക്കും രണ്ടാം സ്ഥാനമേ നല്കിയിട്ടുള്ളു. കഷ്ടപ്പാടും ദുഃഖവും സഹിക്കുകയല്ല പ്രത്യുത, തികച്ചും ലൌകികമായ മാർഗങ്ങളിലൂടെ അതിനു പരിഹാരം കണ്ടെത്തുകയാണ് അഥർവവേദി ചെയ്യുന്നത്. ജീവിതവീക്ഷണംപോലെ തത്ത്വചിന്താമണ്ഡലത്തിലും അഥർവവേദത്തിന്റെ സംഭാവനയുണ്ട്. ഒരു പ്രത്യേക തത്ത്വചിന്താപദ്ധതി ഇതിലില്ലെങ്കിലും പല ദർശനങ്ങളുടെയും അടിസ്ഥാനം ഇതിൽ കാണാം. ബ്രഹ്മം, ആത്മാവ് തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഉപനിഷത്തുകളിലുള്ള വിപുലമായ ചർച്ചയ്ക്ക് ആരംഭം കുറിച്ചത് ഇവിടെയാണ്. 230 പ്രാവശ്യത്തോളം പ്രയോഗിക്കപ്പെട്ടിരിക്കുന്ന ഇതിലെ ബ്രഹ്മശബ്ദത്തിന് പലയിടത്തും പല അർഥമാണെങ്കിലും ചിലയിടത്ത് അത് ആദ്യപുരുഷനെയും മറ്റു ചിലയിടത്ത് പരമതത്ത്വത്തെയും കുറിക്കുന്നു. 15-ആമത്തെ വ്രാത്യകാണ്ഡം ബ്രഹ്മവിദ്യാപ്രതിപാദകമാണ്. വ്രത്യോ വാ ഇദ് അഗ്ര ആസീദ് എന്നു തുടങ്ങിയുള്ള വർണനകൾ ഉപനിഷത്തിലെ മന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. വേദങ്ങളിൽ വച്ച് ബ്രഹ്മവിദ്യയെപ്പറ്റി ഏറ്റവുമധികം പ്രതിപാദിക്കുന്നത് അഥർവവേദമാണ്.
അപകർഷത
തിരുത്തുകഒരു വേദമാണെങ്കിലും അഥർവവേദത്തിന് വൈദികകാലം മുതല്ക്കേ ഹീനത്വം കല്പിച്ചു കാണുന്നു. വേദങ്ങളെപ്പറ്റി പറയുമ്പോൾ ഋഗ്യജുസ്സാമങ്ങളെന്നോ ത്രയീവിദ്യയെന്നോ ആണ് ബ്രാഹ്മണങ്ങൾ തന്നെ നിർദ്ദേശിക്കുന്നത്. ആഭിചാരങ്ങളെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും പറയുന്നതുകൊണ്ടാവാം ഇങ്ങനെ ഭ്രഷ്ട് ഇതിന് കല്പിച്ചുകാണുന്നത്. ധർമശാസ്ത്രങ്ങളിലാണ് ഇതിനെ കൂടുതൽ നിന്ദിച്ചിരിക്കുന്നത്. ആപസ്തംഭ ധർമസൂത്രം, അഥർവവേദം ഹീനമാണെന്നും അതിലെ പ്രയോഗങ്ങൾ നിന്ദ്യമാണെന്നും പറയുന്നു. ഇതിലെ ചില മന്ത്രങ്ങൾ ഉച്ചരിക്കുന്നത് സപ്തമഹാപാതകങ്ങളിലൊന്നായി വിഷ്ണുസ്മൃതി കണക്കാക്കുന്നു. ധർമശാസ്ത്രങ്ങളുടെ കാലം മുതലായിരിക്കണം അഥർവവേദത്തിന് കൂടുതൽ അപകർഷത കല്പിക്കപ്പെട്ടത്. ഇപ്പോഴും ഒരു വേദമെന്ന നിലയ്ക്കുള്ള സാർവത്രികാംഗീകാരം അഥർവവേദത്തിന് ലഭിച്ചിട്ടില്ല.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഥർവ്വവേദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
ഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ ഹിന്ദുവിന്റെ പുസ്തകം , പേജ് നം.20 , വേദങ്ങൾ , Pen Books Pvt Ltd, Aluva