അടുപ്പ്
ഭക്ഷണം പാകംചെയ്യാനും മറ്റും പാത്രങ്ങൾ വച്ച് അവയ്ക്കു താഴെ തീ കത്തിക്കത്തക്കവണ്ണം ഒരുക്കിയിട്ടുള്ള സ്ഥലമാണ് അടുപ്പ്. മൂന്നു കല്ലുകൾ ത്രികോണരൂപത്തിൽ അടുക്കിവച്ചാണ് സാധാരണ അടുപ്പുണ്ടാക്കുന്നത്. തറ കുഴിച്ച് തറനിരപ്പിൽനിന്ന് അല്പം ഉയർത്തി, 'റ'യുടെ ആകൃതിയിൽ കല്ല് അടുക്കിയോ ചുവരു വയ്ക്കുന്ന മട്ടിൽ മണ്ണു കുഴച്ചുപിടിപ്പിച്ചോ അടുപ്പുണ്ടാക്കാം.
ചരിത്രം
തിരുത്തുകമനുഷ്യൻ ആഹാരപദാർഥങ്ങൾ ചുട്ടുതിന്നിരുന്ന കാലത്ത് അടുപ്പിന്റെയോ പാത്രങ്ങളുടെയോ ആവശ്യം ഉണ്ടായിരുന്നില്ല. വേവിച്ചും പുഴുങ്ങിയും പലതരത്തിൽ പാകം ചെയ്ത് ആഹാരസാധനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് അടുപ്പിന്റെ ആവശ്യം നേരിട്ടത്. പാത്രത്തിൽ ചുട്ടുപഴുത്ത കല്ലുകളിട്ടാണ് നവീനശിലായുഗത്തിൽ ആഹാരപദാർഥങ്ങൾ പാകംചെയ്തിരുന്നത്. കുഴികളുണ്ടാക്കി അടിവശത്തും പാർശ്വങ്ങളിലും ചുട്ടുപഴുത്ത കല്ലുകൾ നിരത്തി അതിനുള്ളിൽ പാത്രങ്ങൾ വച്ച് ആഹാരം പാകം ചെയ്തെടുക്കുന്ന ഒരു രീതി പിന്നീട് കുറെക്കാലത്തേക്ക് നിലനിന്നു. അതിനുശേഷമാണ് ശാസ്ത്രീയരീതിയിലുള്ള അടുപ്പുകൾ കണ്ടുപിടിച്ചത്. പൊംപേയ്, ഹെർക്കുലേനിയം എന്നിവിടങ്ങളിൽ 2,000 വർഷങ്ങൾക്കു മുമ്പ് ഉപയോഗിച്ചിരുന്ന പല ഗൃഹോപകരണങ്ങളിൽ ചുടുകട്ടകൊണ്ട് നിർമിച്ചിട്ടുള്ള അടുപ്പുകളും ഉൾപ്പെടുന്നു. കരിയാണ് ഇന്ധനമായി അന്ന് ഉപയോഗിച്ചിരുന്നത്. മധ്യകാലഘട്ടങ്ങളിൽ വിറകും കരിയും ഉപയുക്തമാക്കി. 19-ാം ശതകം ആയപ്പോഴേക്കും ഇരുമ്പുകൊണ്ടു നിർമിച്ച അടുപ്പുകൾ പ്രചാരത്തിൽ വന്നു. ഗ്യാസ് ഉപയോഗിക്കുന്ന അടുപ്പ് കണ്ടുപിടിച്ചത് 1830-ൽ ആണ്. 19-ാം ശതകത്തിന്റെ അവസാനത്തോടെ അതിന് വമ്പിച്ച പ്രചാരം സിദ്ധിച്ചു. വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന സ്റ്റൌവ്, അവൻ, ഹോട്ട് പ്ളേറ്റ്, വിവിധ താപനിലകളിൽ പാചകപ്രക്രിയകൾ നടത്താവുന്ന കുക്കിംഗ്റേഞ്ച്, മൈക്രോവേവ് അവനുകൾ എന്നിവ 20-ാം ശതകത്തിലാണ് പ്രചാരത്തിൽ വന്നത്.
ഇന്ത്യയിൽ
തിരുത്തുകവിറകുപയോഗിക്കുന്ന നാടൻ അടുപ്പ്, കരിയടുപ്പ്, മരപ്പൊടിയടുപ്പ്, ഇരുമ്പടുപ്പ്, ലിഗ്നൈറ്റ് അടുപ്പ്, മണ്ണെണ്ണ സ്റ്റൌവ്, രാജു അടുപ്പ് എന്നിവയാണ് ഇന്ത്യയിൽ സാർവത്രികമായി ഉപയോഗിച്ചുവരുന്നത്. വൈദ്യുത അടുപ്പുകൾ ഉയർന്ന ജീവിതനിലവാരമുള്ളവർ മാത്രമേ ഉപയോഗിക്കുന്നുള്ളു. വിറകൊഴിച്ചാൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇന്ധനം കല്ക്കരിയാണ്. എടുത്തുമാറ്റാൻ സൗകര്യമുള്ള ഇരുമ്പടുപ്പുകളിലാണ് കരി ഉപയോഗിക്കുന്നത്. കരിയടുപ്പിൽ പുകയില്ലെങ്കിലും അതിൽനിന്ന് കാർബൺ മോണോക്സൈഡ് ഉണ്ടാകുന്നു. ഇത് അന്തരീക്ഷത്തെ ദുഷിപ്പിക്കുന്നു.
പുക നിറഞ്ഞ അടുക്കളകൾ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതുകൊണ്ട് പുകയില്ലാത്തതും, അതേസമയം ചെലവു കുറഞ്ഞതുമായ പുതിയതരം അടുപ്പുകൾ കണ്ടുപിടിക്കുന്നതിനു ശ്രമങ്ങൾ നടന്നു. ഹൈദരാബാദിലെ ഗവൺമെന്റ് എൻജിനീയറിങ് ഗവേഷണവകുപ്പിന്റെ ഡയറക്ടറായിരുന്ന ഡോ.എസ്.പി. രാജു പുകയില്ലാത്ത ഒരുതരം അടുപ്പ് കണ്ടുപിടിച്ചു. ഇത് രാജു അടുപ്പ് എന്നറിയപ്പെടുന്നു. എൽ (L) എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ ആകൃതിയിലുള്ള ഒരു കുഴൽ ആണിത്. മൂന്നു പാത്രങ്ങൾ വയ്ക്കുന്നതിനുള്ള ദ്വാരങ്ങൾ ഇതിൽ ഉണ്ട്. അതിന്റെ തുറന്നു കിടക്കുന്ന വശത്ത് വിറകു കത്തിച്ചാൽ മൂന്നടുപ്പുകളിലും ചൂടു കിട്ടും. അടുപ്പിന്റെ അഗ്രഭാഗത്തു നിർമിച്ചിരിക്കുന്ന പുകക്കുഴലിൽകൂടി പുക പുറത്തുപോകും. ഇത്തരം അടുപ്പുകൾ മണ്ണുകൊണ്ടും ഇഷ്ടികകൊണ്ടും ലോഹംകൊണ്ടും നിർമിച്ചുവരുന്നു. എഫ്.എ.ഒ., ഗാർഹികശാസ്ത്രവകുപ്പ്, യുനെസ്കോ, സാമൂഹ്യക്ഷേമസംഘടനകൾ എന്നിവയുടെ പ്രവർത്തനം മൂലം ഈ അടുപ്പുകൾ ഇന്ത്യയിൽ മാത്രമല്ല ശ്രീലങ്ക, പാകിസ്താൻ, ഇന്തോനേഷ്യ മുതലായ രാജ്യങ്ങളിലും പ്രചരിച്ചിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആണു പുക ശല്യം കുറഞ്ഞ ദക്ഷത കൂടിയ അടുപ്പുകൾ കേരളത്തിൽ വ്യാപകമായി പ്രചരിപ്പിച്ചത്.
ആധുനിക അടുപ്പുകൾ
തിരുത്തുകപുതിയ തലമുറയുടെ രുചിഭേദങ്ങൾക്കനുസരിച്ച് പാചക സാമഗ്രികളും പാചകസംവിധാനവും മാറിക്കൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിൽ മൈക്രോവേവ് അവനുകൾക്ക് ഏറെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്. ആധുനിക പാചക സംവിധാനങ്ങളിൽ ഏറ്റവും മികവുറ്റതും, ആരോഗ്യപ്രദവും സൌകര്യപ്രദവുമാണ് മൈക്രോവേവ് അവനുകൾ. ഇലക്ട്രിക് അവൻ പോലെ വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്നവയാണിവയും. പക്ഷേ ഇവിടെ മാഗ്നട്രോൺ എന്ന ലോഹക്കഷണത്തിൽ വൈദ്യുതി പ്രവേശിക്കുമ്പോൾ അതിൽനിന്ന് ഉയർന്ന ആവൃത്തിയുള്ള വിദ്യുത്കാന്തിക തരംഗങ്ങൾ പുറത്തുവരികയും ഭക്ഷണ സാധനങ്ങൾക്കകത്തുള്ള വെള്ളം, കൊഴുപ്പ് എന്നിവയിൽ പ്രവർത്തിക്കുകയും താപം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇവിടെ പാത്രം ചൂടുപിടിക്കുന്നതിന് മുൻപ് ഭക്ഷണ സാധനങ്ങൾ പാകമാകുന്നു. സാധാരണ പാചകസമയത്തിന്റെ മൂന്നിലൊന്നുസമയം ഇവയിലെ പാചകത്തിന് മതിയാകും.
ഭക്ഷണസാധനങ്ങൾക്കകത്തുള്ള വെള്ളത്തിൽ പാകമാകുന്നതുകൊണ്ട് അധികം വെള്ളം പാചകത്തിന് ആവശ്യമില്ല. അതുകൊണ്ട് തന്നെ രുചി, മണം, പോഷകഗുണം എന്നിവ ഈ പാചകത്തിൽ അധികരിയ്ക്കുന്നു.
കളിമൺപാത്രങ്ങൾ, ചട്ടികൾ, ബോറോസിൽ, പൈറക്ക്, പ്രത്യേകതരം പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവയാണ് മൈക്രോവേവ് അവനിൽ ഉപയോഗിക്കുന്നത്.
ചിത്രശാല
തിരുത്തുക-
കുറ്റിഅടുപ്പ്
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അടുപ്പ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |