അച്ചൻകോവിൽ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലുള്ള ഒരു ഗ്രാമമാണു അച്ചൻകോവിൽ. പുനലൂർ പട്ടണത്തിൽനിന്ന് അലിമുക്ക് ചെമ്പനരുവി വഴി കിഴക്ക് സഹ്യപർവതനിരകളുടെ മധ്യത്തിൽ അച്ചൻകോവിൽ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ശാസ്താ ക്ഷേത്രം ഒരു ഹൈന്ദവതീർഥാടനകേന്ദ്രമാണ്. അച്ചൻകോവിൽ പ്രദേശത്തും പരിസരങ്ങളിലും റബർതോട്ടങ്ങളും കൂപ്പുകളും കാണാം. ഗ്രാമത്തിന്റെ നടുവിലൂടെ പള്ളിവാസൽ എന്ന കാട്ടരുവി ഒഴുകുന്നു. ക്ഷേത്രം വരെ വാഹന ഗതാഗതയോഗ്യമായ റോഡുണ്ട്.

അച്ചൻകോവിൽ ഗ്രാമം

മലമ്പണ്ടാരങ്ങൾ എന്നറിയപ്പെടുന്ന ഗിരിവർഗക്കാരുടെ കേന്ദ്രമായ അച്ചൻകോവിൽ, തെൻമല പഞ്ചായത്തിലാണു. ഇവിടുത്തെ ഗിരിവർഗക്കാരുടെ അധിവാസത്തിന് ഗവൺമെന്റ് ഏതാനും ഗിരിവർഗ്ഗകോളനികൾ സ്ഥാപിച്ചിട്ടുണ്ട്.

ക്ഷേത്രംതിരുത്തുക

ഇവിടുത്തെ ശാസ്താക്ഷേത്രം കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമൻ സ്ഥാപിച്ചതാണെന്ന് ഐതിഹ്യങ്ങൾ ഘോഷിക്കുന്നു. എന്നാൽ ഒരു തീർഥാടനകേന്ദ്രമെന്നനിലയിൽ മലയാളികളെക്കാൾ തമിഴ്നാട്ടിലുള്ള ഭക്തൻമാരെയാണ് ഇവിടം കൂടുതൽ ആകർഷിച്ചുവരുന്നത്. ധനുമാസത്തിലെ മണ്ഡലപൂജയും മകരത്തിലെ രേവതിപൂജയുമാണ് ഇവിടുത്തെ മുഖ്യ ഉത്സവങ്ങൾ. മണ്ഡലപൂജയിൽ തേരോട്ടവും രേവതിപൂജയിൽ പുഷ്പാഭിഷേകവും പ്രധാന ചടങ്ങുകളാണ്. വർണശബളമായ ആടയാഭരണങ്ങളണിഞ്ഞ് വാളും പരിചയും കൈയിലേന്തിയുളള ശാസ്താവിന്റെ വിഗ്രഹം ഭക്തൻമാർക്ക് വരാഭയപ്രദമായ ഒരു കാഴ്ചയാണ്. മൂന്നാം ഉത്സവദിവസം മുതൽ ചെറിയ തേരിന്റെ ആകൃതിയിൽ നിർമിച്ച ഒരു വാഹനത്തിൽ അയ്യപ്പവിഗ്രഹം വഹിച്ചുകൊണ്ടുള്ള എഴുന്നള്ളത്തു നടക്കുന്നു. ഇതിന് മണികണ്ഠമുത്തയ്യസ്വാമിയുടെ എഴുന്നള്ളത്ത് എന്നാണ് പറഞ്ഞുവരുന്നത്. ഒമ്പതാമുത്സവത്തിന് ചക്രങ്ങൾ ഘടിപ്പിച്ച വലിയ രഥത്തിലാണ് എഴുന്നള്ളത്ത്. ദക്ഷിണേന്ത്യയിലെ മറ്റൊരു ദേവാലയത്തിലും ഇവിടുത്തെ രേവതിപൂജയിലെന്നപോലെ ഇത്രയധികം പുഷ്പങ്ങൾ അഭിഷേകത്തിനുപയോഗിക്കാറില്ലെന്ന് പറയപ്പെടുന്നു.

ക്ഷേത്രമതിൽക്കെട്ടിനുളളിലും പരിസരങ്ങളിലും ധാരാളം ഉപദേവാലയങ്ങളുണ്ട്. അയ്യപ്പന്റെ പരിവാരങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന ചെറുമണ്ഡപങ്ങളും അമ്മൻകോവിലുകളും ഇവയിലുൾപ്പെടുന്നു. കറുപ്പസ്വാമി, കറുപ്പായിഅമ്മ, ചേപ്പാറമുണ്ടൻ, ചേപ്പാണിമാടൻ, കാളമാടൻ, കൊച്ചിട്ടാണൻ (കൊച്ചിട്ടിനാരായണൻ), ശിങ്കിലിഭൂതത്താൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മൂർത്തികളുടേതാണ് ഈ പ്രതിഷ്ഠകൾ. ചതുർബാഹുവായ വിഷ്ണുവിന്റെയും ചില ഭഗവതികളുടെയും പ്രതിഷ്ഠകളും ഇക്കൂട്ടത്തിലുണ്ട്.

പാമ്പുകടിയേറ്റവർക്ക് ഈ ക്ഷേത്രത്തിൽ ചികിൽസ നൽകാറുണ്ട്. ക്ഷേത്രത്തിലെ തീർത്ഥം ആണ് മരുന്നായി ഉപയോഗിക്കുന്നത്.

പുറംകണ്ണികൾതിരുത്തുക


വീഡിയോതിരുത്തുക

ഇതും വായിക്കുകതിരുത്തുക

അച്ചൻകോവിൽ ശാസ്താക്ഷേത്രം

സാദൃശ്യമുള്ള സ്ഥലനാമങ്ങൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അച്ചൻകോവിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=അച്ചൻകോവിൽ&oldid=3622660" എന്ന താളിൽനിന്ന് ശേഖരിച്ചത്