വേദങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും വേദാംഗങ്ങളും ഷഡ്ദർശനങ്ങളും നാട്യശാസ്ത്രം, ധനുർവേദം, ഗാന്ധർവവേദം (സംഗീതശാസ്ത്രം), അലങ്കാരശാസ്ത്രം, ഛന്ദഃശാസ്ത്രം തുടങ്ങിയവയും അഭ്യസിച്ചിരുന്ന ഭാരതത്തിൽ പ്രാചീന കാലത്തു തന്നെ ഇത്തരം വിഷയങ്ങൾ ആഴത്തിൽ പഠിക്കുന്നതിനുവേണ്ടിയുള്ള ഉപരിപഠനകേന്ദ്രങ്ങൾ നിലനിന്നിരുന്നു. പ്രകൃതിരമണീയമായ വനപ്രദേശത്തുണ്ടായിരുന്ന ആശ്രമങ്ങൾ ഇത്തരം ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങൾ കൂടിയായിരുന്നു. നളന്ദ, തക്ഷശില എന്നിവിടങ്ങളിലെ വിജ്ഞാനകേന്ദ്രങ്ങൾ ഭാരതത്തിലെ പ്രാചീന പഠനകേന്ദ്രങ്ങളുടെ ഉത്തമ മാതൃകകളായിരുന്നു. ഇവിടെ വിദേശരാജ്യങ്ങളിൽ നിന്നുപോലും പണ്ഡിതന്മാരും പഠിതാക്കളും എത്തിച്ചേർന്നിരുന്നതായി പറയപ്പെടുന്നു.

ഇത്തരം പഠനകേന്ദ്രങ്ങളെക്കൂടാതെ ഭാരതത്തിൽ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും വാസസ്ഥാനത്തു പണ്ഡിതന്മാരുടെ സ്ഥിരം സദസ്സുകളും ചർച്ചാവേദികളും നിലനിന്നിരുന്നു. ഈ വേദികളിൽ വച്ചുള്ള ചർച്ചകളിലും വാദപ്രതിവാദങ്ങളിലും മൌലികമായ ആശയമവതരിപ്പിക്കുന്ന കവികൾക്കും പണ്ഡിതന്മാർക്കും പുരസ്കാരങ്ങൾ നല്കുന്ന പതിവുണ്ടായിരുന്നു. വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളിൽ ഒരംഗമായിരുന്നു കാളിദാസൻ എന്ന് ഐതിഹ്യമുണ്ട്. ആധുനിക കാലത്തെ അക്കാദമികൾക്കു സമാനമായ ഇത്തരം സദസ്സുകളും ഉപരിപഠനകേന്ദ്രങ്ങളും ഭാരതത്തിൽ അതിപ്രാചീനകാലം മുതൽ നിലനിന്നിരുന്നു.

ആധുനിക അക്കാദമികൾ

തിരുത്തുക

ഇന്ത്യയിൽ സ്വാതന്ത്യലബ്ധിക്കു മുമ്പു തന്നെ ആധുനിക രീതിയിലുള്ള അക്കാദമികൾ പ്രവർത്തനമാരംഭിച്ചിരുന്നു. നാട്ടുരാജാക്കന്മാരുടെയോ പ്രാദേശികമായി സംഘടിച്ചിരുന്ന പണ്ഡിതസമിതിയുടെയോ കലയുടെയും സാഹിത്യത്തിന്റെയും മേഖലകളിൽ പ്രവർത്തിച്ചിരുന്ന വിശിഷ്ട വ്യക്തിയുടെയോ താത്പര്യത്തിലും മേൽനോട്ടത്തിലുമായിരുന്നു ഇങ്ങനെയുള്ള സമിതികൾ പ്രവർത്തിച്ചുവന്നത്. ബംഗാളിൽ ശാന്തിനികേതനിൽ മഹാകവി രബീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച വിശ്വഭാരതി കലാകേന്ദ്രവും മുംബൈ കേന്ദ്രമാക്കി കെ.എം. മുൻഷി സ്ഥാപിച്ച ഭാരതീയവിദ്യാഭവനും സിംല കേന്ദ്രമാക്കി സ്ഥാപിതമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസും മറ്റും ഭാരതീയ കലയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മറ്റും മേഖലകളിൽ മൌലികമായ സംഭാവന നല്കുന്ന പ്രശസ്ത സ്ഥാപനങ്ങളാണ്. പൗരസ്ത്യ പഠനഗവേഷണകേന്ദ്രം എന്ന നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും പരമ്പരാഗതമായി ഉപരിപഠനകേന്ദ്രങ്ങളായറിയപ്പെടുന്ന അനേകം വിദ്യാപീഠങ്ങളും ആധുനിക കാലത്തും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ പല സ്ഥാപനങ്ങളും പുസ്തകപ്രകാശനരംഗത്തും അനല്പമായ സംഭാവന നല്കിവരുന്നു.

1893-ൽ വാരണാസിയിലാരംഭിച്ച നാഗരിപ്രചാരിണിസഭ, 1910-ൽ പ്രയാഗയിലാരംഭിച്ച ഹിന്ദി സാഹിത്യസമ്മേളൻ, 1927-ൽ സ്ഥാപിതമായ ഹിന്ദുസ്ഥാനി അക്കാദമി, വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന ഉർദു അക്കാദമികൾ, ജമ്മു-കാശ്മീർ അക്കാദമി, അസം സാഹിത്യ സഭ, അസമിലെ തന്നെ ദിഗ്ബൊയ് സാഹിത്യസഭ, ബംഗാളിൽ കൊൽക്കത്തയിൽ ആരംഭിച്ച ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ബംഗാൾ (കൽക്കത്തയിൽ താമസിക്കുമ്പോൾ ഇതിൽ അംഗങ്ങളായിരുന്ന ബ്രിട്ടിഷ് ഉദ്യോഗസ്ഥരിൽ തിരിച്ച് ലണ്ടനിലെത്തിയവർ ചേർന്ന് റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ലണ്ടൻ സ്ഥാപിക്കുകയും അതിന്റെ ശാഖകൾ എന്ന നിലയിൽ മുംബൈയിലും മദ്രാസി(ചെന്നൈ)ലും സൊസൈറ്റികൾ രൂപവത്കരിക്കുകയും ചെയ്തു), ബംഗീയ സാഹിത്യപരിഷത്, ബീഹാർ സംസ്ഥാന ഗവൺമെന്റിന്റെ മേൽനോട്ടത്തിലാരംഭിച്ച മൈഥിലി അക്കാദമി, മണിപ്പുരി സാഹിത്യപരിഷത്, പഞ്ചാബി അക്കാദമി, പഞ്ചാബി സാഹിത്യ ട്രസ്റ്റ്, മഹാരാഷ്ട്രയിലെ ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ബോംബെ (1804), ഡക്കാൺ വെർണാക്കുലർ സൊസൈറ്റി (1894), മഹാരാഷ്ട്ര വാങ്മയ മണ്ഡൽ, മഹാരാഷ്ട്ര സാഹിത്യപരിഷത്, മഹാരാഷ്ട്ര രാജ്യ സാഹിത്യസംസ്കൃതി മണ്ഡൽ, ഒറീസ സാഹിത്യ അക്കാദമി, ഒറീസയിലെ തന്നെ ഉത്കൽ സാഹിത്യസമാജം, കല്ഹൻഡി സാഹിത്യപരിഷത്, ആന്ധ്രാപ്രദേശ് സാഹിത്യ അക്കാദമി (1954), തമിഴ്നാട്ടിലെ മധുരൈ തമിഴ് സംഘം, കലൈമകൾ, കർണാടക വിദ്യാവർധകസംഘം (1890), കന്നഡ സാഹിത്യപരിഷത് (1915) തുടങ്ങിയ സമിതികൾ അതതു ദേശത്തെ സാഹിത്യകലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കു മാർഗനിർദ്ദേശവും പ്രോത്സാഹനവും നല്കി വന്നു.

സാഹിത്യത്തിനും സംഗീതം, നാടകം, ലളിതകലകൾ തുടങ്ങിയവയ്ക്കും ഒരു സ്വതന്ത്ര രാഷ്ട്രത്തിലുള്ള പ്രാധാന്യം മുന്നിൽക്കണ്ടുകൊണ്ട് ഇവയുടെ ഏകീകൃതമായ വികസനം ലക്ഷ്യമാക്കി കേന്ദ്രഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ ഡൽഹി കേന്ദ്രമാക്കി 1953-ൽ സംഗീത നാടക അക്കാദമിയും 1954-ൽ സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി എന്നിവയും സ്ഥാപിതമായി. ഇംഗ്ളീഷ് ഭാഷയിലുള്ള അക്കാദമി (Academy) എന്ന വാക്കിനെ അപേക്ഷിച്ച് ഗ്രീക് ഭാഷയിലുള്ള അക്കാദമിയെ (Akademeia) എന്ന വാക്കിനുള്ള പൗരാണികതയെ അനുസ്മരിക്കുന്നതിന് റോമൻ ലിപിയിലെഴുതുമ്പോൾ (Akademi) എന്ന രൂപമാണ് ഗവൺമെന്റ് സ്വീകരിച്ചത്. സംസ്ഥാന ഗവൺമെന്റുകൾ പ്രാദേശികമായി അക്കാദമികൾ രൂപീകരിച്ചപ്പോഴും റോമൻ ലിപിയിൽ ഈ രൂപം തന്നെ സ്വീകരിച്ചു. ഭാരതത്തിലെ സാഹിത്യകാരന്മാരിലും കലാകാരന്മാരിലും നിന്നു തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രഗല്ഭരായവർക്കും പ്രാദേശിക ഭാഷകളിലെ ഏറ്റവും പ്രഗല്ഭരായ സാഹിത്യകാരന്മാർക്കും വിവിധ കലാരൂപങ്ങളിൽ പ്രാഗല്ഭ്യമുള്ളവർക്കും അവാർഡുകളും സാമ്പത്തിക സഹായവും നല്കുക; ഉത്കൃഷ്ട ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുക; പ്രദർശനങ്ങൾ, ചർച്ചകൾ, സമ്മേളനങ്ങൾ, സാഹിത്യശില്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കുക; ഏറ്റവും മികച്ച നിലവാരത്തിലുള്ള ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കുക തുടങ്ങിയ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഈ അക്കാദമികൾ പ്രാമുഖ്യം നല്കി വരുന്നു.

കേരളത്തിൽ

തിരുത്തുക

10-ാ ശതകത്തിൽ തെക്കൻ കേരളത്തിൽ പ്രവർത്തിച്ചിരുന്ന കാന്തളൂർശാല ഒരു ഉന്നത വിദ്യാപീഠമായിരുന്നതായി കരുതപ്പെടുന്നു. തിരുവനന്തപുരത്തുള്ള വലിയശാലയാണ് ഈ ശാലയുടെ ആസ്ഥാനമായിരുന്നതെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അക്കാദമികളുടെ മാതൃകയിൽ അന്നത്തെ പരിതഃസ്ഥിതിയിൽ രൂപീകൃതമായവയാകാം ഇത്തരം ശാലകൾ. കൊടുങ്ങല്ലൂർ കേന്ദ്രമാക്കി രാജ്യഭരണം നടത്തിയിരുന്ന ചേരരാജാക്കന്മാർ പണ്ഡിതന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിദ്വത് സഭകൾ രൂപവത്കരിച്ചിരുന്നു. കോഴിക്കോടു സാമൂതിരിയും കൊച്ചി രാജാക്കന്മാരും ചില കോവിലകങ്ങളും പ്രശസ്ത ഭവനങ്ങളും പ്രഗല്ഭങ്ങളായ സ്ഥിരം പണ്ഡിതസദസ്സുകൾ നിലനിറുത്തിവന്നു. സാമൂതിരിയുടെ വിദ്വത്സഭയിലെ പതിനെട്ടരക്കവികൾ സാഹിത്യചരിത്രഗ്രന്ഥങ്ങളിൽ പരാമർശ വിധേയമായിട്ടുള്ളത് ഇതിനുദാഹരണമാണ്. സാഹിത്യത്തിലും ശാസ്ത്രവിഷയങ്ങളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന പരീക്ഷിത്തുതമ്പുരാൻ വളരെക്കാലം കൊച്ചിയിലെ വിദ്വത്സഭയുടെ അധ്യക്ഷനായിരുന്നു. അന്നത്തെ രീതിയിലുള്ള അക്കാദമികൾ എന്ന് ഈ വിദ്വത്സഭകളെയും വിശേഷിപ്പിക്കാം.

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പരിപോഷണത്തിനായി 1891-ൽ കോട്ടയത്തുവച്ചു നടന്ന പ്രഥമ സമ്മേളനത്തോടെ ഭാഷാപോഷിണിസഭ രൂപീകൃതമായി. ഭാഷാപോഷിണി എന്ന പേരിൽ പ്രസിദ്ധീകരണമാരംഭിച്ച ത്രൈമാസികം ഇടയ്ക്കു വളരെക്കാലം മുടങ്ങിയെങ്കിലും വീണ്ടും മുടക്കം കൂടാതെ പ്രസിദ്ധീകരിച്ചു വരുന്നു. ഇടപ്പള്ളി സമാജം എന്ന പേരിൽ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ച സാഹിത്യസമാജം സമസ്തകേരള സാഹിത്യ പരിഷത് എന്ന പേരിൽ പുനഃസംഘടിപ്പിക്കുകയും 1927-ൽ ഇതിന്റെ പ്രഥമസമ്മേളനം ഇടപ്പള്ളിയിൽ വച്ചു ചേരുകയുമുണ്ടായി. എറണാകുളത്തുള്ള കാര്യാലയം കേന്ദ്രമാക്കി ഈ പരിഷത് പ്രവർത്തനം തുടർന്നു വരുന്നു.

ഡൽഹിയിലെ അക്കാദമികളുടെ മാതൃകയിൽ കേരളത്തിലും സംസ്ഥാന ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ തൃശൂർ കേന്ദ്രമാക്കി 1956-ൽ സാഹിത്യ അക്കാദമിയും 1958-ൽ സംഗീത നാടക അക്കാദമിയും 1962-ൽ ലളിതകലാ അക്കാദമിയും സ്ഥാപിതമായി. ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഇപ്പോൾ ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. വ്യത്യസ്ത സാഹിത്യ കലാമേഖലകളിലുള്ള തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് അവാർഡുകൾ നല്കുക, ഉത്കൃഷ്ട ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുക, ചർച്ചകളും സമ്മേളനങ്ങളും പ്രദർശനങ്ങളും മറ്റും സംഘടിപ്പിക്കുക, ഉന്നത നിലവാരത്തിലുള്ള ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഈ അക്കാദമികളും പ്രാമുഖ്യം നല്കി വരുന്നു. കേരള ഫോക്ലോർ അക്കാദമി (കണ്ണൂർ), കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി (തിരുവനന്തപുരം) എന്നീ സ്ഥാപനങ്ങളും നിലവിലുണ്ട്.

പുറംകണ്ണികൾ

തിരുത്തുക
  • Indian Academy of Sciences [1]
  • National Judicial Academy, India [2] Archived 2010-08-14 at the Wayback Machine.
  • Chimes Aviation Academy | Pilot Training India | Flying School [3]
  • Indian National Science Academy [4] Archived 2011-04-11 at the Wayback Machine.
  • Chetak Aviation Training Academy Pilot Training School India [5] Archived 2010-08-22 at the Wayback Machine.
  • India Tennis Academies [6]
  • Best Animation Academy / Animation Training India/ Animation [7]
  • Indian Sports Associations - Sports Academies India [8]
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കാദമികൾ ഇന്ത്യയിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്കാദമികൾ_ഇന്ത്യയിൽ&oldid=3772892" എന്ന താളിൽനിന്ന് ശേഖരിച്ചത്