അംശാവതാരം
വിഷ്ണുവിന്റെയും ദേവാസുരയക്ഷകിന്നരഗന്ധർവാദികളുടെയും ചൈതന്യത്തിന്റെ അംശം മനുഷ്യരുടെയും തിര്യക്കുകളുടെയും രൂപത്തിൽ ഭൂമിയിൽ ജന്മംകൊള്ളുന്നു എന്ന സങ്കല്പം. ഭൂമിയിൽ ധർമത്തിനു ഗ്ളാനിയും അധർമത്തിന് അഭ്യുത്ഥാനവും ഉണ്ടാകുമ്പോൾ സാധുക്കളുടെ പരിത്രാണത്തിനും ദുഷ്കൃതികളുടെ വിനാശത്തിനും ധർമസംസ്ഥാപനത്തിനും ആയി താൻ ഭൂമിയിൽ അവതരിക്കാറുണ്ടെന്ന് ഗീതയിൽ കൃഷ്ണൻ അർജുനനെ ഉദ്ബോധിപ്പിക്കുന്നു. ദശാവതാരങ്ങളെന്നറിയപ്പെടുന്നതു മഹാവിഷ്ണുവിന്റെ അവതാരങ്ങളാണ്. അവയിൽ ഒന്നായ ശ്രീകൃഷ്ണനെ പൂർണാവതാരമായും മറ്റുള്ളവയെ അംശാവതാരങ്ങളായും ചിലർ പറഞ്ഞുവരുന്നു.
ധർമസംസ്ഥാപനത്തിനായി പല ദേവന്മാരും ദേവിമാരും ഭൂമിയിൽ ജന്മം കൊള്ളാറുണ്ടെന്നു പുരാണപരാമർശങ്ങളുണ്ട്; ഇവയും അംശാവതാരങ്ങൾ തന്നെ. ശങ്കരാചാര്യർ തുടങ്ങിയവർ ഈശ്വരന്റെ അംശാവതാരങ്ങളാണെന്നാണു് ഹിന്ദുക്കൾ വിശ്വസിക്കുന്നത്. പുരാണേതിഹാസങ്ങളിൽ കാണുന്ന അംശാവതാരങ്ങളുടെ പട്ടികകൾ തമ്മിൽ ഐകരൂപ്യം ഇല്ല. ദൈത്യദാനവപീഡയിൽ നിന്നു രക്ഷിക്കണമെന്ന് ഭൂമീദേവി പ്രാർഥിച്ചതിന്റെ ഫലമായാണു സുരഗന്ധർവാദികളോടു മർത്ത്യരൂപത്തിൽ അംശാവതാരത്തിനു വിരിഞ്ചൻ (ബ്രഹ്മാവ്) കല്പിച്ചതെന്നു മഹാഭാരതത്തിൽ പറയുന്നു.
മഹാവിഷ്ണുവിന്റെ അവതാരോദ്ദേശ്യനിർവഹണത്തിനായി ദേവഗന്ധർവാദികൾ വിവിധ ബ്രാഹ്മണ-രാജവംശങ്ങളിലായി അംശാവതരണം ചെയ്തുവെന്നാണ് മഹാഭാരത പരാമർശത്തിൽ നിന്നും വ്യക്തമാകുന്നതു്.
ദേവീഭാഗവതത്തിൽ (ചതുർഥസ്കന്ധം) അംശാവതരണം നടത്തിയിട്ടുള്ള ദേവാസുരന്മാരുടെ ഒരു പട്ടികതന്നെ കൊടുത്തിട്ടുണ്ട്. ഇതനുസരിച്ചു യുധിഷ്ഠിരൻ യമധർമനും ഭീമസേനൻ വായുവും അർജുനനും കൃഷ്ണനും നരനാരായണന്മാരും നകുല സഹദേവന്മാർ അശ്വിനീദേവകളും വിദുരർ ധർമനും അശ്വത്ഥാമാവ് ശിവനും ദ്രോണർ ബൃഹസ്പതിയും ദ്രുപദൻ വരുണനും ഭീഷ്മർ അഷ്ടവസുക്കളിലൊരാളും പാഞ്ചാലി ശചീദേവിയും ആണു്. അതുപോലെ ദുര്യോധനനും (കലി) ശകുനിയും (ദ്വാപരൻ) ജരാസന്ധനും (വിപ്രചിത്തി) കംസനും (കാലനേമി) മറ്റും അസുരന്മാരുടെ അംശാവതാരങ്ങളും. ബലഭദ്രനെയും ലക്ഷ്മണനെയും ആദിശേഷന്റെയും ഗോപസ്ത്രീകളെ അപ്സരസ്സുകളുടെയും ഭരതശത്രുഘ്നന്മാരെ ശംഖചക്രങ്ങളുടെയും വേദവ്യാസനെ വിഷ്ണുവിന്റെയും അംശാവതാരങ്ങളായി ചിത്രീകരിച്ചുകൊണ്ടുള്ള പരാമർശങ്ങൾ പല ഇതിഹാസങ്ങളിലും കാണുന്നുണ്ടു്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അംശാവതാരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |