വില്യം ജെയിംസ്
മനഃശാസ്ത്രത്തിന്റേയും തത്ത്വചിന്തയുടേയും മേഖലകളിൽ നൽകിയ വിലപ്പെട്ട സംഭാവനകളുടെ പേരിൽ അറിയപ്പെടുന്ന ബഹുമുഖപ്രതിഭയായ ഒരു അമേരിക്കൻ ചിന്തകനാണ് വില്യം ജെയിംസ് (ജീവിതകാലം: ജനുവരി 11, 1842 – ആഗസ്റ്റ് 26, 1910). സാമാന്യ മനഃശാസ്ത്രം, വിദ്യാഭ്യാസത്തിന്റെ മനഃശാസ്ത്രം, മതാനുഭവത്തിന്റെ മനഃശാസ്ത്രം, മിസ്റ്റിസിസം എന്നീ വിഷയങ്ങളിലും, പ്രായോഗികവാദത്തിന്റെ തത്ത്വചിന്തയിലും (Philosophy of Pragmatism) അദ്ദേഹം എണ്ണപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചു. 1200-ഓളം പുറങ്ങളുള്ള "പ്രിൻസിപ്പിൾസ് ഓഫ് സൈക്കോളജി" വില്യം ജെയിംസിന്റെ മുഖ്യരചനകളിൽ ഒന്നാണ്. ഇരുപതാം നൂറ്റാണ്ടിൽ സാഹിത്യത്തിലും നിരൂപണത്തിലും ഏറെ കൈകാര്യം ചെയ്യപ്പെട്ട "പ്രജ്ഞാപ്രവാഹം" (Stream of Consciousness) എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ജെയിംസാണ്. "മതാനുഭവത്തിന്റെ തരഭേദങ്ങൾ" (Varieties of Religious Experience) എന്ന അദ്ദേഹത്തിന്റെ പ്രഖ്യാതരചന, മതത്തെ സംബന്ധിച്ച മനഃശാസ്ത്രത്തിന്റെ(Psychology of Religion) ദിശനിർണ്ണയിച്ച കൃതിയാണ്. മനഃശാസ്ത്രത്തിന്റേയും മതത്തിന്റേയും മേഖലകൾക്കപ്പുറത്ത് സാഹിത്യത്തേയും ആ കൃതി ഗണ്യമായി സ്വാധീനിച്ചു.[2]
ജനനം | ന്യൂ യോർക്ക് നഗരം | ജനുവരി 11, 1842
---|---|
മരണം | ഓഗസ്റ്റ് 26, 1910 കോക്കൊറുവ, ന്യൂ ഹാമ്പ്ഷയർ | (പ്രായം 68)
കാലഘട്ടം | 19-20 നൂറ്റാണ്ടുകൾ |
പ്രദേശം | പാശ്ചാത്യതത്ത്വചിന്തയും മനഃശാസ്ത്രവും |
ചിന്താധാര | പ്രായോഗികതാവാദം(പ്രാഗ്മാറ്റിസം |
പ്രധാന താത്പര്യങ്ങൾ | പ്രായോഗികതാവാദം, മനഃശാസ്ത്രം, മതദർശനം, വിജ്ഞാനശാസ്ത്രം, പൊരുൾ |
ശ്രദ്ധേയമായ ആശയങ്ങൾ | വിശ്വസിക്കാനുള്ള മനസ്സ്, സത്യത്തെ സംബന്ധിച്ച പ്രായോഗികതാവാദം, സമഗ്രാനുഭവവാദം (റാഡിക്കൽ എമ്പിരിസിസം), മനഃശാസ്ത്രജ്ഞന്റെ മതിഭ്രമം |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
|
തന്റെ തലതൊട്ടപ്പനായ റാൽഫ് വാൽഡൊ എമേഴ്സൺ, തലതൊട്ടമകനായ വില്യം ജെയിംസ് സിദിസ്, ചാൾസ് സാൻഡേഴ്സ് പിയേഴ്സ്, ബെർട്രാൻഡ് റസ്സൽ, ജോഷിയാ റോയ്സ്, ഏണസ്റ്റ് മാക്ക്, ജോൺ ഡൂവി, വാൾട്ടർ ലിപ്മാൻ, മാർക് ട്വയിൻ, ഹെൻറി ബേർഗ്‌സൺ, സിഗ്മണ്ട് ഫ്രോയിഡ് എന്നിവരുൾപ്പെട സമകാലീനരായ ഒട്ടേറെ പ്രതിഭകളുമായി വില്യം ജെയിംസ് അടുത്തിടപഴകി. പ്രഖ്യാത അമേരിക്കൻ നോവലിസ്റ്റ് ഹെൻറി ജെയിംസ്[൧], ഡയറി എഴുത്തുകാരി ആലീസ് ജെയിംസ് എന്നിവർ വില്യം ജെയിംസിന്റെ സഹോദരങ്ങളാണ്. ജെയിംസ് കുടുംബത്തിന്റെ ബൗദ്ധിക നേട്ടങ്ങളും, അതിലെ മിക്കവാറും അംഗങ്ങളേയും അനുഗ്രഹിച്ചിരുന്ന സർഗ്ഗവൈഭവവും അവരെ ഇന്നും ചരിത്രകാരന്മാരുടേയും, ജീവചരിത്രകാരന്മാരുടേയും, നിരൂപകന്മാരുടേയും ഇഷ്ടവിഷയങ്ങളായി നിലനിർത്തുന്നു.
ജീവിതരേഖ
തിരുത്തുകതുടക്കം
തിരുത്തുകന്യൂയോർക്ക് നഗരത്തിലെ ആസ്റ്റർ ഹൗസിലാണ് വില്യം ജെയിംസ് ജനിച്ചത്. സ്വീഡൻബർഗ് സഭയിലെ ദൈവശാസ്ത്രജ്ഞനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് മുതിർന്ന ഹെൻറി ജെയിംസ്, അരക്കിറുക്കൻ എന്നു കുപ്രസിദ്ധി നേടിയിരുന്നെങ്കിലും അക്കാലത്തെ സാഹിത്യ-ബൗദ്ധിക മണ്ഡലങ്ങളിലെ പ്രതിഭകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. സഹോദരൻ ഹെൻറി, സഹോദരി ആലീസ് എന്നിവർക്കെന്ന പോലെ വില്യം ജെയിംസിനും യൂറോപ്പിലും അമേരിക്കയിലും നിന്നുമായി സന്തുലിതമായ വിദ്യാഭ്യാസം ലഭിച്ചു. ഇംഗ്ലീഷിനൊപ്പം, ജർമ്മൻ, ഫ്രെഞ്ച് ഭാഷകളും നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവ് ഇതിൽ നിന്ന് അവർക്കു കിട്ടി. ജെയിംസുമാരുടെ കുടുംബത്തിലെ പശ്ചാത്തലം തുറന്ന മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. വില്യം ജെയിംസിന്റെ ബാല്യത്തിൽ തന്നെ കുടുംബം യൂറോപ്പിലേയ്ക്കു രണ്ടു യാത്രകൾ നടത്തി. പിൽക്കാലജീവിതത്തിൽ പതിമൂന്നു യൂറോപ്യൻ പര്യടനങ്ങൾ കൂടി നടത്തിയ അദ്ദേഹത്തിന്റെ ദേശാടനങ്ങളുടെ തുടക്കം അങ്ങനെയായിരുന്നു. കലാപരമായ വാസന കാട്ടിയ അദ്ദേഹത്തെ ആദ്യം റോഡ് ഐലന്റ് സംസ്ഥാനത്തെ, ന്യൂപോർട്ട് എന്ന സ്ഥലത്ത് വില്യം മോറി ഹണ്ടിന്റെ സ്റ്റുഡിയോയിൽ പരിശീലനത്തിനു ചേർത്തു. എങ്കിലും അതുപേക്ഷിച്ച്1861-ൽ അദ്ദേഹം ഹാർവാർഡ് സർവകലാശാലയിലെ ലോറൻസ് ശാസ്ത്രവിദ്യാലയത്തിൽ ചേർന്നു.
യൗവനാരംഭത്തിൽ വില്യം ജെയിംസിനെ നേത്രവ്യാധികളും, പുറം വേദനയും, ഉദരരോഗങ്ങളും, ത്വക്‌രോഗങ്ങളും അലട്ടി. സ്വരഭേദങ്ങളെ വേർതിരിച്ചറിയുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കിയ കേൾവി സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.[3] നീണ്ടു നിൽക്കുന്ന വിഷാദാവസ്ഥ സമ്മാനിച്ച മാനസികപ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടി. 'ന്യൂറാസ്തെനിയ' എന്നു തിരിച്ചറിയപ്പെട്ട ഈ അവസ്തയിൽ അദ്ദേഹം മാസങ്ങളോളം ആത്മഹത്യയെപ്പറ്റി ചിന്തിച്ചു നടക്കുകപോലും ചെയ്തു. വിൽക്കിൻസൺ, റോബർട്ട്സൺ എന്നീ പേരുകളുള്ള അദ്ദേഹത്തിന്റെ രണ്ടു സഹോദരന്മാർ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്തു. എന്നാൽ വില്യമിനും, ഹെൻറിയ്ക്കും ആലീസിനും പല കാലയിളവുകളിൽ ശയ്യാവലംബികളായി കഴിയേണ്ടിവന്നു.
1864-ൽ ജെയിംസ്, ഹാർവാർഡിലെ മെഡിക്കൽ സ്കൂളിൽ വൈദ്യപഠനം തുടങ്ങി. പഠനം ഇടയ്ക്കു മുറിച്ച് 1865-ലെ വസന്തകാലത്ത് അദ്ദേഹം, പ്രകൃതിശാസ്ത്രജ്ഞൻ ലൂയി അഗാസി ആമസോൺ തടത്തിൽ നടത്തിയിരുന്ന ശാസ്ത്രപര്യവേഷണത്തിൽ പങ്കാളിയായി. എന്നാൽ കഠിനമായ കടൽച്ചൊരുക്കും, നേരിയ വസൂരിരോഗവും പിടിപെട്ടതിനെ തുടർന്ന് 8 മാസത്തിനുള്ളിൽ അതുപേക്ഷിച്ച അദ്ദേഹം, താമസിയാതെ വൈദ്യപഠനത്തിലേക്കു മടങ്ങി. 1867 ഏപ്രിൽ മാസത്തിൽ ഒരിക്കൽ കൂടി പഠനം മുടങ്ങി. ചികിത്സതേടി ജർമ്മനിയിലേയ്ക്കു പോയ വില്യം, 1868 നവംബർ വരെ അവിടെ തങ്ങി. ഇക്കാലത്താണ് വില്യം ജെയിംസ് എഴുതാൻ തുടങ്ങിയത്. "ഉത്തര അമേരിക്കൻ സമീക്ഷ" (നോർത്ത് അമേരിക്കൻ റെവ്യു) തുടങ്ങിയ ആനുകാലികങ്ങളിൽ അദ്ദേഹത്തിന്റെ വിമർശനപഠനങ്ങൾ ഇക്കാലത്തു പ്രത്യക്ഷപ്പെട്ടു. ഒടുവിൽ 1869 ജൂൺ മാസത്തിൽ ജെയിംസ് വൈദ്യശാസ്ത്രബിരുദമായ "എം.ഡി." നേടി. എങ്കിലും അദ്ദേഹം ഒരിക്കലും വൈദ്യം തൊഴിലാക്കിയില്ല. "ആത്മാവിന്റെ രോഗം" എന്ന് സ്വയം വിശേഷിപ്പിച്ച ഒരവസ്ഥയിലായിരുന്നു 1872 വരെ അദ്ദേഹം. ദാർശനികമായ അന്വേഷണത്തിന്റെ വഴിപിന്തുടർന്ന് ആ വർഷമാണ് അദ്ദേഹം ആ അവസ്ഥയിൽ നിന്നു മുക്തനായത്. 1878-ൽ ജെയിംസ് ആലീസ് ഗിബ്ബെൺസിനെ വിവാഹം ചെയ്തു.
പഠനത്തിനിടെ ജർമ്മനിയിൽ ചെലവഴിച്ച സമയം ജെയിംസിന്റെ ഭാവിയെ നിർണ്ണയിക്കുന്നതിൽ പ്രധാനമായി. ബുദ്ധിപരമായ നേട്ടങ്ങളുടെ സമ്പന്നത നിറഞ്ഞ അക്കാലത്താണ്, തന്റെ യഥാർത്ഥ അഭിരുചി വൈദ്യത്തിലെന്നതിനു പകരം തത്ത്വചിന്തയിലും മനഃശാസ്ത്രത്തിലുമാണെന്ന് വില്യം ജെയിംസ് തിരിച്ചറിഞ്ഞത് . പിന്നീട്, 1902-ൽ അദ്ദേഹം ഇതേക്കുറിച്ച് ഇങ്ങനെ എഴുതി: "ശരീരചികിത്സകനാകാൻ വേണ്ടി വൈദ്യപഠനം തുടങ്ങിയ ഞാൻ ഏതോ വിധിനിശ്ചയത്താലെന്ന വണ്ണം ദിശമാറി മനഃശാസ്ത്രത്തിലും തത്ത്വചിന്തയിലും എത്തി. എനിക്കു തത്ത്വചിന്തയിൽ ഒരു പരിശീലനവും ലഭിച്ചിരുന്നില്ല. ഞാൻ ആദ്യം കേട്ട മനഃശാസ്ത്ര പ്രഭാഷണം എന്റെ തന്നെ ആദ്യപ്രഭാഷണമായിരുന്നു."[4]
പിൽക്കാലം
തിരുത്തുകദീർഘകാലം അദ്ധ്യാപകനായിരുന്ന വില്യം ജെയിംസിന്റെ കർമ്മവേദി ഹാർവാർഡ് സർവകലാശാലയായിരുന്നു. 1873-ലെ വസന്തകാലത്ത് ശരീരശാസ്ത്രാദ്ധ്യാപകനായുള്ള നിയമനത്തോടു കൂടിയായിരുന്നു ഹാർവാർഡിൽ അദ്ദേഹത്തിന്റെ തുടക്കം. താമസിയാതെ അദ്ദേഹം അനാട്ടമിയും പഠിപ്പിക്കാൻ തുടങ്ങി. 1876-ൽ അദ്ദേഹത്തെ മനഃശാസ്ത്രത്തിൽ സഹായകാദ്ധ്യാപകനായി നിയമിച്ചു. 1881-ൽ തത്ത്വചിന്തയിൽ കൂടി സഹായകാദ്ധ്യാപകനായി നിയമിക്കപ്പെട്ട അദ്ദേഹം 1885-ൽ ആ വിഷയത്തിന്റെ പ്രൊഫസറായി. 1889-ൽ മനഃശാസ്ത്രത്തിന്റെ പ്രൊഫസറായ അദ്ദേഹം 1897-ൽ തത്ത്വചിന്തയിലേക്കു മടങ്ങി. 1907-ൽ അദ്ദേഹം തത്ത്വചിന്തയിലെ എമിരറ്റസ് പ്രൊഫസറായി.
വൈദ്യം, ശരീരശാസ്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളിൽ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ആ വിഷയങ്ങളൊക്കെ പഠിപ്പിച്ചിരുന്നു. എങ്കിലും മനഃശാസ്ത്രം ശൈശവാവസ്ഥയിലായിരുന്ന അക്കാലത്ത് അദ്ദേഹം മനുഷ്യമനസ്സിനെക്കുറിച്ചുള്ള ശാസ്ത്രീയപഠനത്തിൽ കൂടുതൽ ശ്രദ്ധചെലുത്തി. ജർമ്മനിയിൽ ഹെർമൻ ഹെംഹോൾട്ട്സും ഫ്രാൻസിൽ പിയേഴ്സ് ജാനറ്റും നടത്തിയിരുന്ന മനഃശാസ്ത്ര പഠനങ്ങളുമായുണ്ടായിരുന്ന പരിചയം 1875-76-ലെ അദ്ധ്യയനവർഷത്തിൽ ഹാർവാർഡിൽ മനഃശാസ്ത്രത്തിന്റെ പഠനപദ്ധതിൽ ഏർപ്പെടുത്തുന്നതിൽ വില്യം ജെയിംസിനെ സഹായിച്ചു.[5]
ഹാർവാർഡിൽ ചെലവഴിച്ച കാലത്ത് അദ്ദേഹം ചാൾസ് പിയേഴ്സ്, ഒലിവർ വെൻഡൽ ഹോംസ്, ചാൻസി റൈറ്റ് എന്നിവരുമായി നിരന്തരം ആശയസംവാദങ്ങളിൽ ഏർപ്പെട്ടിരുന്നു. അവരുടെ കൂട്ടായ്മ, "തത്ത്വമീമാംസാസംഘം" (The Metaphysical Club) എന്ന പേരിൽ അറിയപ്പെട്ടു. തുടർന്നു വന്ന ദശകങ്ങളിൽ അമേരിക്കൻ ബൗദ്ധികജീവിതത്തിന്റെ അടിത്തറയായിരുന്നത് ഈ സംഘമായിരുന്നെന്ന് ആ സംഘത്തിന്റെ കഥ പറയുന്ന "മെറ്റഫിസിക്കൽ ക്ലബ്" എന്ന കൃതി എഴുതിയ ലൂയി മെനാൻഡ് നിരീക്ഷിക്കുന്നു. ഹാർവാർഡിൽ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ, റഷ്യൻ ചിന്തകനായ ബോറിസ് സിഡിസ്, പിന്നീട് അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രപതിയായ തിയോഡോർ റൂസെവെൽറ്റ്, പ്രഖ്യാതദാർശനിക ജോർജ്ജ് സന്തായന, ചിന്തകനും എഴുത്തുകാരനുമായ വാൾട്ടർ ലിപ്മാൻ എന്നിവർ ഉൾപ്പെടുന്നു.
1907-ൽ ഹാർവാർഡിൽ നിന്നു സേവനനിവൃത്തി നേടിയ ശേഷവും അദ്ദേഹം പ്രഭാഷണങ്ങളും എഴുത്തും തുടർന്നു. "പ്രായോഗികതാവാദം" (Pragmatism), "ബഹുതയുടെ പ്രപഞ്ചം" (A Pluralistic Universe), സത്യസാരസ്യം (The Meaning of Truth) തുടങ്ങിയ കൃതികൾ അദ്ദേഹം എഴുതിയത് ഇക്കാലത്താണ്.
മരണം
തിരുത്തുകഅവസാനവർഷങ്ങളിൽ വില്യം ജെയിംസിനെ ഹൃദ്രോഗം അലട്ടി. അന്തിമരചനയുടെ[൨] പണിപ്പുരയിലായിരിക്കെ, 1909-ൽ അതു വഷളായി. 1909-10-ലെ വസന്തകാലത്ത് അദ്ദേഹം ചികിത്സയ്ക്കായി യൂറോപ്പിലേയ്ക്കു കപ്പൽ കയറിയെങ്കിലും ചികിത്സ ഫലിക്കാതിരുന്നതിനെ തുടർന്ന് ആഗസ്ത് 18-ന് അമേരിക്കയിൽ മടങ്ങിയെത്തി. ആഗസ്ത് 26-ന് അദ്ദേഹം ന്യൂ ഹാമ്പ്ഷയർ സംസ്ഥാനത്തെ സ്വവസതിയിൽ ഹൃദയസ്തംഭനം വന്നു മരിച്ചു. മാസ്സച്യൂസെറ്റ്സ് സംസ്ഥാനത്തെ കേംബ്രിഡ്ജിലുള്ള ശ്മശാനത്തിലെ കുടുംബമൂലയിൽ അദ്ദേഹത്തെ സംസ്കരിച്ചു. മരണശേഷം അദ്ദേഹത്തിന്റെ മേശമേൽ നിന്നു ലഭിച്ച കടലാസു തുണ്ടിൽ എഴുതിയിരുന്ന വിടവാങ്ങൽ സന്ദേശം ഈവിധമായിരുന്നു:-
“ | ഉപസംഹാരമായി ഒന്നുമില്ല. നമുക്ക് ഉപസംഹാരം പറയാനായി എന്താണ് സമാപിച്ചിരിക്കുന്നത്? ഭാവിഭാഗധേയങ്ങളുടെ പ്രവചനമായോ അന്തിമോപദേശമായോ ഒന്നും തരാനില്ല. |
” |
സംഭാവനകൾ
തിരുത്തുകമനഃശാസ്ത്രത്തിൽ വില്യം ജെയിംസ്, സാഹചര്യങ്ങളുമായി ക്രിയാത്മകമായി പൊരുത്തപ്പെടുന്നതിനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ മാനസികജീവിതത്തേയും പെരുമാറ്റത്തേയും വിലയിരുത്തുന്ന ഫങ്ങ്ഷനലിസത്തിന്റെ (functionalism) ശക്തനായ വക്താവായിരുന്നു. തത്ത്വചിന്തയിൽ അദ്ദേഹം പ്രായോഗികതാവാദി (pragmatism) ആയിരുന്നു. വിശ്വസിക്കുന്നയാൾക്ക് ഉപകാരപ്പെടുന്ന വിശ്വാസങ്ങളെ സത്യമായി കരുതുന്ന നിലപാടാണിത്. അമേരിക്കൻ മാനോഗവേഷണ സംഘത്തിന്റെ (American Society for Psychical Research) സ്ഥാപകനായിരുന്ന വില്യം ജെയിംസ്, ചികിത്സാരംഗത്ത് പുതിയ സമീപനങ്ങളെ പ്രോത്സാഹിപ്പിച്ചു. അത്തരം സമീപനങ്ങളെ ഇടുങ്ങിയ നിലപാടിൽ നിന്നു വിലയിരുത്തുന്നതിനെതിരെ അദ്ദേഹം തന്റെ സമകാലീനർക്ക് മുന്നറിയിപ്പു നൽകി.
വിശ്വസിക്കുന്നവർക്കു പ്രയോജനപ്പെടുന്ന വിശ്വാസത്തിനേ വാസ്തവികത കല്പിക്കാനൊക്കൂ എന്നു ജെയിംസ് കരുതി. സത്യത്തെ സംബന്ധിച്ച "പാരസ്പര്യസിദ്ധാന്തം"(correspondence theory), "പൊരുത്തപ്പെടൽ സിദ്ധാന്തം"(coherence theory) എന്നിവയുടെ സംശ്ലേഷണത്തോട് മറ്റൊരു മാനം കൂടി ചേർത്താണ് അദ്ദേഹം പ്രായോഗികതാവാദം(pragmatism) എന്നറിയപ്പെടുന്ന ഈ നിലപാടു രൂപപ്പെടുത്തിയത്. സത്യത്തെ തിരിച്ചറിയാനായി, ചിന്തകളും പ്രസ്താവനകളും വസ്തുതകളുമായി ചേർന്നു പോകുന്നുണ്ടോയെന്നും ഗൂഡപ്രശ്നത്തിലെ കരുക്കളെന്ന പോലെ പരസ്പരപൂരകമായിരിക്കുന്നോയെന്നും നോക്കുകയാണ് ഇവിടെ ചെയ്യുന്നത്; പ്രയോഗത്തിൽ ഒരാശയം എന്തു ഫലം ഉളവാക്കുന്നു എന്നു നോക്കുന്നതും പ്രധാനമാണ്.[7][8]
"ഏറ്റവും പുരാതനമായ സത്യം പോലും.....ഒരിക്കൽ വഴക്കമുള്ളതായിരുന്നു.......മുമ്പേയുള്ള സത്യങ്ങൾക്കും പുതുനിരീക്ഷണങ്ങൾക്കുമിടയിൽ അവ മദ്ധ്യസ്ഥാനം വഹിച്ചു. പഴയ അനുഭവങ്ങളെ പുതിയവയുമായി സംയോജിപ്പിക വഴി മനുഷ്യനു നൽകുന്ന സംതൃപ്തിയെ പരിഗണനയിലെടുക്കാതെ അംഗീകരിക്കപ്പെടുക മൂലം തീർത്തും വസ്തുനിഷ്ഠമെന്നു പറയാവുന്ന സത്യം ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല. നാം എന്തിനെങ്കിലും വാസ്തവികത കല്പിക്കുന്നതിന്റേയും എന്തെങ്കിലും വാസ്തവമായിരിക്കുന്നതിന്റേയും കാരണം ഒന്നു തന്നെയാണ്: വാസ്തവമായിരിക്കുക എന്നാൽ ഈ സംയോജനധർമ്മം നിർവഹിക്കാനാവുകയെന്നാണ്".[9]
ജെയിംസിന്റെ ലോകവീക്ഷണം തന്നെ, അദ്ദേഹത്തിന്റെ തത്ത്വചിന്തയുടെ ആണിക്കല്ലായ പ്രായോഗിതാവാദവുമായി ചേർന്നുപോകുന്നതായിരുന്നു. ഏതു സത്യത്തേയും വിലമതിക്കേണ്ടത് വിശ്വസിക്കുന്നവന് അതു ചെയ്യുന്ന പ്രയോജനത്തെ കണക്കിലെടുത്തായിരിക്കണമെന്നു അദ്ദേഹം വാദിച്ചു. "സമഗ്രാനുഭവമാർഗ്ഗം" (radical empiricism) ഉപയോഗിച്ചുമാത്രം മനസ്സിലാക്കാവുന്ന അനുഭവവൈവിദ്ധ്യങ്ങളുടെ ബഹുവർണ്ണപടമാണ് (mosaic) ലോകം എന്ന നിലപാടാണ് ജെയിംസിന്റെ പ്രായോഗികതാവാദത്തിന്റെ മറ്റൊരു വശം. "സമഗ്രാനുഭവമാർഗ്ഗം" എന്നത് ഭൗതികശാസ്ത്രങ്ങൾ പിന്തുടരുന്ന ശാസ്ത്രീയ അനുഭവമാർഗ്ഗത്തിൽ (empiricism) നിന്നു ഭിന്നമാണ്. വിശകലനത്തിനായി ലോകത്തേയും അനുഭവത്തേയും നിശ്ചലമാക്കി നിർത്തുക സാധ്യമല്ലെന്നും, മറ്റൊന്നുമല്ലെങ്കിൽ നിരീക്ഷകന്റെ മനസ്സും നിരീക്ഷണകർമ്മം തന്നെയും നിരീക്ഷണഫലത്തെ സ്വാധീനിക്കുമെന്നുമുള്ളതിനാൽ തീർത്തും വസ്തുനിഷ്ഠമായ നിരീക്ഷണം അസാദ്ധ്യമാണെന്നുമുള്ള നിലപാടാണിത്. ഹേഗലിന്റേയും മറ്റും സംവാദാത്മകദ്വന്ദ ചിന്തയിൽ നിന്നു ഭിന്നമായി മനുഷ്യാവസ്ഥയുടെ ബഹുതയിൽ ഊന്നിയ ജെയിംസിന്റെ വീക്ഷണം അമേരിക്കൻ സംസ്കാരത്തിൽ, പ്രത്യേകിച്ച് ഉദാരവാദികൾക്കിടയിൽ, ഏറെ സ്വാധീനം പ്രചരിച്ചു. മനസ്സും ലോകവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കാൻ ജെയിംസ് അവതരിപ്പിച്ച "പ്രജ്ഞാപ്രവാഹം" (stream of consciousness) എന്ന ആശയം ഇരുപതാം നൂറ്റാണ്ടിൽ സാഹിത്യത്തേയും കലയേയും ഗണ്യമായി സ്വാധീനിച്ചു.
"പ്രായോഗികതാവാദം എന്താണ്" എന്ന കൃതിയിൽ സത്യത്തെക്കുറിച്ചുള്ള തന്റെ സിദ്ധന്തത്തെ വിശദീകരിക്കവേ ജെയിംസ് ഇങ്ങനെ പറയുന്നു: "വസ്തുതകളിൽ നിന്ന് ഉരുത്തിരിയുന്ന സത്യം വീണ്ടും വസ്തുതകളിലേയ്ക്കു മുൻചായ്‌വു കാട്ടി പുതിയവയെ കൂട്ടിച്ചേർക്കുന്നു; ഈ വസ്തുതകൾ വീണ്ടും പുതിയ സത്യങ്ങളെ സൃഷ്ടിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യുകയും ആ പ്രക്രിയ അന്തമില്ലാതെ തുടരുകയും ചെയ്യുന്നു. ഇതിനിടയിൽ വസ്തകൾ സ്വയം സത്യങ്ങളാകുന്നില്ല. അവ ആയിരിക്കുക മാത്രം ചെയ്യുന്നു. സത്യത്തിനു വിശ്വാസങ്ങളുമായാണ് ബന്ധമുള്ളത്. വിശ്വാസങ്ങളിലാണ് അവയുടെ തുടക്കവും ഒടുക്കവും." ഈ പ്രസ്താവനയിൽ ജെയിംസ് സത്യത്തെക്കുറിച്ച് ഒരു സിദ്ധാന്തം അവതരിപ്പിക്കുന്നതായി കരുതരുതെന്ന് റിച്ചാർഡ് റോർട്രി മുന്നറിയിപ്പു തരുന്നു. എങ്കിലും സൂസൻ ഹാക്കിനേയും ഹോവാർഡ് മൗൺസിനേയും പോലുള്ള മറ്റു പ്രായോഗികതാവാദികൾ റോർട്രിയുടെ ഈ വ്യാഖ്യാനത്തോടു യോജിക്കുന്നില്ല.[10]
"സത്യത്തിന്റെ അർത്ഥം" എന്ന രചനയിൽ ജെയിംസ് സത്യത്തെ ആപേക്ഷികതയുടെ പദാവലി ഉപയോഗിച്ചു ചിത്രീകരിക്കുന്നു: "പ്രായോഗികതാവാദത്തിന്റെ വിമർശകന്മാരുടെ പ്രശ്നം...'സത്യം' എന്ന വാക്കിനെ ആപേക്ഷികമായി സമീപിക്കുന്നതിൽ നിന്നുണ്ടാകുന്നതാണെന്നു തോന്നുന്നു; പ്രായോഗികതാവാദികളുടെ സത്യം ഒരുവന്റെ അനുഭവലോകത്തെ സംബന്ധിച്ചു സത്യമായിരിക്കുന്നതെന്തോ അതാണ്."[11] അതേസമയം ആപേക്ഷികധാർമ്മികതയുടേയും, സന്ദിഗ്ദ്ധതാവാദത്തിന്റേയും, അജ്ഞേയവാദത്തിന്റേയും സത്യത്തിന്റെ ആപേക്ഷികതയുടേയും വക്താവായി തന്നെ ചിത്രീകരിച്ചവരെ ജെയിംസ് എതിർത്തു. തന്റെ നിലപാടിനെ അദ്ദേഹം കണ്ടത്, ജ്ഞാനസിദ്ധാന്തപരമായ യാഥാർത്ഥ്യവാദം (epistemological realism) ആയാണ്.[12]
'കാശുവില'
തിരുത്തുകജെയിംസിന്റെ "പ്രായോഗികതാവാദം" എന്ന കൃതിയ്ക്കെഴുതിയ ആമുഖത്തിൽ(പുറം xiv) ബ്രൂസ് കുക്ലിക്ക് ഇങ്ങനെ പറയുന്നു:
- വിജ്ഞാനശാസ്ത്രത്തിലെ സത്യത്തിന്റെ പ്രശ്നത്തിൽ ജെയിംസ് തന്റെ പ്രായോഗിതാവദം പ്രയോഗിച്ചു. സത്യത്തിന്റെ അർത്ഥം കണ്ടെത്താൻ അദ്ദേഹം തെരഞ്ഞെടുത്ത മാർഗ്ഗം അത് നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നു പരിശോധിക്കുകയായിരുന്നു. നമ്മുടെയെല്ലാം കാര്യത്തിൽ പ്രയോജനകരമായിരിക്കുകയും, അരമനസ്സോടെ മാത്രം ആഥിത്യമരുളുള്ള ഈ ലോകത്തിലൂടെ (semihospitable world) അനായാസം കടന്നുപോകാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നെ വിശ്വാസമാണ് സത്യമായുള്ളത്. 'സത്യമായ' വിശ്വാസങ്ങൾക്ക് മനുഷ്യജീവിതത്തിലുള്ള സ്ഥാനം കണ്ടെത്തുന്നതിലും അവയുടെ കാശുവില-യും (Cash value) പ്രത്യാഘാതങ്ങളും തിരിച്ചറിയുന്നതിലും ജെയിംസ് പ്രത്യേകം താത്പര്യമെടുത്തു. സത്യമായിരിക്കുന്നതുകൊണ്ടുമാത്രം ബാഹ്യയാഥാർത്ഥ്യങ്ങളുമായി നിഗൂഢമായ പൊരുത്തം കാട്ടുന്ന മാനസികസത്തയല്ല വിശ്വാസങ്ങൾ. ചുറ്റുപാറ്റുകളുടെ അനിശ്ചിത്വത്തിൽ, പ്രവർത്തിക്കാൻ നമുക്കുള്ള വഴികാട്ടികളാണവ. നമ്മെ തൃപ്തികരമായി നയിക്കാനാകുമ്പോൾ അവ സത്യമാകുന്നു. ഇങ്ങനെ നോക്കുമ്പോൾ, സത്യാന്വേഷണത്തിൽ "പ്രായോഗികതാവാദം" പിന്തുടരുന്നത് ഡാർവിനിയൻ ദർശനമാണ്; ജൈവലോകത്തിലെപ്പോലെ ബൗദ്ധികലോകത്തിലും അത് അതിജീവനത്തെ അർഹതയുടെ മാനദണ്ഡമാക്കുന്നു. നിലനിൽക്കാനാകുന്നതാണ് സത്യമായിരിക്കുന്നതെങ്കിൽ, സത്യത്തെക്കുറിച്ചുള്ള മതങ്ങളുടെ അവകാശവാദങ്ങളെ പരിശോധിക്കാനും ഈ മാനദണ്ഡം ഉപയോഗിക്കാനാകും. എല്ലാ സംസ്കാരങ്ങളുടേയും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രത്തിലുടനീളം മതവിശ്വാസങ്ങൾ നിലനിർത്തിക്കാണുന്ന നൈരന്തര്യം, അവയുടെ കാര്യക്ഷമതയ്ക്കു പരോക്ഷമായ തെളിവാണ്. അത്തരം വിശ്വാസങ്ങൾ തൃപ്തിതരുന്നുവെന്നും ജെയിംസ് വാദിച്ചു — അവ തികവും ധന്യതയുമുള്ള ജീവിതത്തിന് നമ്മെ സഹായിക്കുകയും, ഇതരമാർഗ്ഗങ്ങളേക്കാൾ സൗകര്യപ്രദമായിരിക്കുകയും ചെയ്യുന്നു. (അതിനാൽ) ശാസ്ത്രസത്യങ്ങളെന്ന പോലെ മതവിശ്വാസങ്ങളും, മനുഷ്യാവസ്ഥയിൽ ഹിതകരമായിരിക്കുന്നു.
സ്വതന്ത്രേച്ഛ
തിരുത്തുക1897-ൽ "വിശ്വസിക്കാനുള്ള മനസ്സ്" (The Will to Believe) എന്ന പേരിൽ നടത്തിയ പ്രഖ്യാതമായൊരു പ്രഭാഷണത്തിൽ ജെയിംസ്, തെളിവുനിബന്ധനയെ (evidentialism) അവഗണിച്ചുള്ള വിശ്വാസത്തെ "പരികല്പനാസാഹസ"-ത്തിനുള്ള (hypothesis venturing) അവകാശത്തിന്റെ പേരിൽ പിന്തുണച്ചു. 20-ആം നൂറ്റാണ്ടിലെ ചിന്തയിൽ തെളിവുനിബന്ധനയുടെ പ്രാമാണികതയ്ക്കു സംഭവിച്ച ക്ഷയം സൂചിപ്പിച്ച ഈ പ്രഭാഷണത്തിൽ ജെയിംസ്, വിശ്വാസത്തെ പ്രായോഗികവാദത്തിൽ ഉറപ്പിച്ചു. പരികല്പനാസാഹസത്തിന്റെ പ്രത്യാഘാതങ്ങളെ ആശ്രയിച്ചു വേണം പരികല്പനയുടെ സത്യാവസ്ഥ അളക്കാൻ എന്നു വാദിച്ച അദ്ദേഹം, പ്രായോഗികാവാദത്തിന്റെ വഴി പിന്തുടർന്ന് മതവിശ്വാസത്തെ പിന്തുണച്ചു. തെളിവുകളുടെ പിന്തുണയില്ലാതെ ആദ്യം ദൈവത്തിൽ വിശ്വസിക്കാനും തുടർന്ന്, ആ വിശ്വാസം തനിക്കു പ്രയോജനകരമായിത്തീർന്നതിനാൽ ദൈവം ഉണ്ടെന്നു തെളിഞ്ഞതായി വാദിക്കാനും ഇത് വിശ്വാസിയെ സഹായിക്കുന്നു.
ഈ കൃതിയിൽ ജെയിംസ് തന്റെ തന്നെ ഇച്ഛ സ്വതന്ത്രമായിരുന്നെന്നു വാദിക്കുന്നു. ആ സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള ആദ്യനടപടികളിലൊന്നായി തന്റെ ഇച്ഛ സ്വതന്ത്രമാണെന്നു വിശ്വസിക്കാൻ താൻ തീരുമാനിച്ചതായി അദ്ദേഹം പറയുന്നു. ഏകശക്തിവിശ്വാത്തിൽ നിന്ന് ബഹുതയിലുള്ള വിശ്വാസത്തിലേക്കു മാറാൻ ജെയിംസിനെ പ്രചോദിപ്പിച്ച ചാൾസ് റെനോവിയറുടെ കൃതിയുടെ വായനയാണ് ഇച്ഛാസ്വാതന്ത്ര്യത്തിലുള്ള വിശ്വാസം തെരഞ്ഞെടുക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 1870 ഏപ്രിൽ 30-ന് തന്റെ ഡയറിയിൽ അദ്ദേഹം ഇങ്ങനെ എഴുതി:-
"ഇന്നലെ എന്റെ ജീവിതത്തിൽ ഒരു പ്രതിസന്ധി ആയിരുന്നെന്ന് എനിക്കു തോന്നുന്നു. റെനോവിയറുടെ രണ്ടാം പ്രബന്ധത്തിന്റെ ആദ്യഭാഗം വായിച്ചു തീർത്തപ്പോൾ സ്വതന്ത്രേച്ഛയ്ക്ക്, മറ്റു ചിന്തകൾ തെരഞ്ഞെടുക്കേണ്ടതെപ്പോഴെന്നു തീരുമാനിക്കാൻ എനിക്കാകുമെന്നതിനാൽ (തൽക്കാലം) ഒരു പ്രത്യേക ചിന്ത പിന്തുടരാനുള്ള എന്റെ തീരുമാനം എന്ന് അദ്ദേഹം നൽകിയിരുന്ന നിർവചനം, അബദ്ധമെന്നു കരുതാൻ ഒരു കാരണവുമില്ലെന്ന് എനിക്കു തോന്നി. എന്തൊക്കെയായാലും, തൽക്കാലത്തേയ്ക്ക് — അടുത്ത വർഷം വരെ — അതു മിഥ്യയല്ലെന്നു കരുതാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ, സ്വതന്ത്രേച്ഛയിൽ വിശ്വസിക്കുകയെന്നതായി സ്വതന്ത്രേച്ഛ ഉപയോഗിച്ചുള്ള എന്റെ ആദ്യത്തെ പ്രവൃത്തി."[13]
"നിശ്ചിതത്ത്വവാദത്തിലെ ധർമ്മസങ്കടം" (The Dilemma of Determinism) എന്ന പേരിൽ 1884-ൽ ഹാർവാർഡ് ദൈവജ്ഞാനവിദ്യാലയത്തിൽ ജെയിംസ് നടത്തിയ ഒരു പ്രഭാഷണം, സ്വതന്ത്രേച്ഛയെക്കുറിച്ചുള്ള പിൽക്കാലചർച്ചകളുടെ ഗതി നിർണ്ണയിക്കുന്നതായി. പരമ്പരാഗതമായ നിശ്ചിതത്ത്വവാദത്തെ ഇതിൽ അദ്ദേഹം, നിശ്ചിതത്ത്വവാദത്തേയും സ്വതന്ത്രേച്ഛാവാദത്തേയും സമരസപ്പെടുത്താൻ യത്നിക്കുന്ന "മൃദുനിശ്ചിതത്ത്വവാദത്തിൽ" നിന്ന് വേർതിരിച്ചു കണ്ടു. "മൃദുനിശ്ചിതത്ത്വവാദം" എന്ന പേരു നൽകി അദ്ദേഹം വിമർശിച്ച ആ നിലപാട് ഇന്ന്, ആനുരൂപ്യതാവാദം (compatibilism) എന്നാണറിയപ്പെടുന്നത്. പരിഹാസം നിറഞ്ഞ അദ്ദേഹത്തിന്റെ വിമർശനം ഈ വിധമായിരുന്നു:-
"പഴഞ്ചൻ നിശ്ചിതത്വവാദത്തെ വേണമെങ്കിൽ നമുക്ക് കഠിനനിശ്ചിതത്വവാദം എന്നു വിളിക്കാം. തലയിലെഴുത്ത്, മനസ്സിന്റെ ബന്ധനം, അനിവാര്യത തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാൻ അതു മടിച്ചില്ല. ഇന്നു നമുക്കുള്ളതാകട്ടെ മൃദുനിശ്ചിതത്ത്വവാദമാണ്. കഠിനപദങ്ങളേയും തലയിലെഴുത്തിനേയും, അനിവാര്യതയേയും, പൂർവവിധിയേയും (pre-determination) മറ്റും അതു ഭയപ്പെടുന്നു. സ്വതന്ത്ര്യം എന്ന പേരിലാണ് അതു സ്വയം പരിചയപ്പെടുത്തുന്നതു തന്നെ; കാരണം സ്വാതന്ത്ര്യം എന്നത് അനിവാര്യതയുടെ തിരിച്ചറിവാണ്; ഉദാത്തമായതിനോടുള്ള ബന്ധനമാകട്ടെ സ്വാതന്ത്ര്യത്തിൽ നിന്നു വ്യത്യസ്തമല്ല."[14]
സ്വതന്ത്രമനസ്സെന്നത് ബാഹ്യസമ്മർദ്ദത്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണെന്ന തോമസ് ഹോബ്സിന്റേയും ഡേവിഡ് ഹ്യൂമിന്റേയും മറ്റും വാദത്തെ "ഹീനമായ ഒഴിഞ്ഞുമാറൽ" എന്നു വിശേഷിപ്പിച്ച ഇമ്മാനുവേൽ കാന്റിനെപ്പോലെ ജെയിംസും ആനുരൂപ്യതാവാദത്തെ, "ഒഴിഞ്ഞുമാറ്റത്തിന്റെ ചെളിക്കുണ്ട്" (quagmire of evasion) എന്നു വിശേഷിപ്പിച്ചു."[15]
പല സാധ്യതകളിൽ (chance) ഏതെങ്കിലും ഒന്ന് സംഭവിക്കാം എന്ന നിലപാടിനേയും അദ്ദേഹം എതിർത്തു. തീവ്രനിശ്ചിതത്ത്വവാദമോ, മൃദുനിശ്ചിതത്ത്വവാദമോ അല്ലാത്ത അതിനെ അദ്ദേഹം "നിശ്ചയിക്കാവാദം" (indeterminism) എന്നു വിളിച്ചു:
"നിശ്ചിതത്ത്വവാദത്തിന്റെ ശക്തികളിലൊന്ന് ആകസ്മികത എന്ന ആശയത്തോടുള്ള എതിർപ്പാണ്....പല സാധ്യതകളിൽ ഏതെങ്കിലും ഒന്നു സംഭവിക്കാം എന്ന ആശയം ആകസ്മികതാവാദത്തിന്റെ വക്രരൂപമാണ്.[16]
പ്രഭാഷണത്തിനു ശേഷം, ലോവൽ പ്രഭാഷണവേദിയിൽ നിന്ന് വീട്ടിലേക്കു നടക്കാൻ തനിക്കുള്ള പലവഴികളേക്കുറിച്ച് ചിന്തിക്കാൻ ജെയിംസ് തന്റെ ശ്രോതാക്കളായ വിദ്യാർത്ഥികളോടാവശ്യപ്പെട്ടു.
"പ്രഭാഷണത്തിനു ശേഷം വീട്ടിലേക്കു പോകാനുള്ള വഴി തെരഞ്ഞെടുക്കുന്നതിൽ എനിക്കുള്ള സ്വാതന്ത്ര്യം അസന്ദിഗ്ദ്ധമാണെന്നോ പല സാധ്യതകളെ ആശ്രയിച്ചിരിക്കുമെന്നോ പറയുന്നതിന്റെ അർത്ഥമെന്താണ്?...ഡിവിനിറ്റി എവന്യൂവും ഓക്സ്ഫോർഡ് തെരുവും ഉണ്ടെങ്കിലും, തെരഞ്ഞെടുപ്പ് അവയിൽ ഒന്നിൽ, ഏതെങ്കിലും ഒന്നിൽ മാത്രം, ഒതുങ്ങും എന്നാണ് അതിനർത്ഥം."[17]
ലളിതമായ ഈ ഉദാഹരണത്തിൽ ജെയിംസ്, ഒന്നിനു മാത്രം അനുമതി നൽകുന്ന തെരഞ്ഞെടുപ്പിലൂടെ, സന്ദിഗ്ദ്ധവും അനിശ്ചിതവുമായ ഭാവി, വർത്തമാനത്തിലെ സാദ്ധ്യതകളുടെ യാദൃച്ഛികതയിൽ, മാറ്റമില്ലാത്തതും തെളിവുള്ളതുമായ ഭൂതമായി മാറുന്നതിന്റെ ചിത്രം അവതരിപ്പിക്കുന്നു. സംഭവങ്ങളുടെ പിന്തുടർച്ചയിൽ അനിശ്ചിതമായ സാധ്യതകൾ നിശ്ചിതമായ തെരഞ്ഞെടുപ്പുകൾക്കു വഴിമാറുകയാണിവിടെ. സാധ്യതകളുടെ അസന്ദിഗ്ദ്ധതയെ തെരഞ്ഞെടുപ്പിന്റെ നിർണായകതയിൽ നിന്ന് വേർതിരിച്ചുകാട്ടുകയാണ് ഈ ഉദാഹരണത്തിൽ ജെയിംസ്.
മതദർശനം
തിരുത്തുകമതത്തെ സംബന്ധിച്ച തത്ത്വചിന്തയിൽ ജെയിംസിന്റെ സംഭാവന ശ്രദ്ധേയമാണ്. ഭൗതികവാദവും എല്ലാം മുന്നേനിശ്ചയിച്ചു നിയന്ത്രിക്കുന്ന സർവശക്തനായ ഏകദൈവത്തിലുള്ള വിശ്വാസവും ഒരുപോലെ അസ്വീകാര്യമായി അദ്ദേഹം കരുതി. ദൈവികബഹുതയുടെ ആസ്തിക്യവാദത്തെയാണ് അദ്ദേഹം പിന്തുണച്ചത്. ജെയിംസിന്റെ ദൈവം അനന്തശക്തിമാനല്ല, പരിധികളുള്ളവനാണ്. നാം ജീവിക്കുന്ന കുഴഞ്ഞുമറിഞ്ഞ ലോകം, ഏകദൈവത്തിന്റെ കേന്ദ്രീകൃതമായ ഇച്ഛയിൽ രൂപമെടുത്തതാണെന്നു വിശ്വസിക്കുക അദ്ദേഹത്തിന് അസാദ്ധ്യമായി തോന്നി. വൈരുദ്ധ്യങ്ങളും വിഭജനങ്ങളും നിറഞ്ഞ ലോകത്തിന് ഏകദൈവവിശ്വാസത്തേക്കാൾ ചേരുന്നത് ബഹുദൈവവിശ്വാസമാണെന്നു തിരിച്ചറിഞ്ഞ നമ്മുടെ പൂർവികർ ഒരു പക്ഷേ നമ്മേക്കാൾ ബുദ്ധിമാന്മാരായിരുന്നു. ഇക്കാര്യത്തിൽ തത്ത്വജ്ഞാനികൾക്ക് തെറ്റുപറ്റിയിരിക്കുന്നു. എല്ലാക്കാലത്തേയും പോലെ ഇന്നും, സാധാരണജനങ്ങളുടെ വിശ്വാസം ദൈവികബഹുതയുടേതാണ്. തത്ത്വജ്ഞാനികളെ വഴിതെറ്റിച്ചത്, അവരുടെ സത്യകാംക്ഷയല്ല, ഇല്ലാത്ത ഏകതയ്ക്കു വേണ്ടിയുള്ള അന്വേഷണമാണ്. ഏകദൈവവിശ്വാസത്തിന്റെ ലോകം, മനുഷ്യനെ സംബന്ധിച്ചടുത്തോളം മൃതലോകമാണ്. ആ ലോകത്തിൽ പൂർവനിശ്ചിതമായ കർമ്മങ്ങൾ ചെയ്തു വയ്ക്കാൻ വിധിക്കപ്പെട്ട കരുക്കൾ മാത്രമാകുന്നു മനുഷ്യർ. അവിടെ നാം എത്രയൊക്കെ കണ്ണീരൊഴുക്കിയാലും, നിത്യലിഖിതത്തിലെ ഒരു വചനം പോലും മാറാൻ പോകുന്നില്ല. ബഹുദൈവവിശ്വാസത്തിന്റെ ലോകത്തിലാകട്ടെ സ്വന്തമായി എന്തൊക്കെയോ എഴുതിച്ചേർക്കാൻ നമുക്കും കഴിയുന്നു. ദൈവികബഹുത്വത്തിനും അതുനൽകുന്ന മനുഷ്യസ്വാതന്ത്ര്യത്തിനും തെളിവുകളില്ല എന്നു വരാം. എന്നാൽ അവയുടെ എതിർ നിലപാടുകളുടെ സ്ഥിതിയും അതുതന്നെയാണ്. തെളിവുകൾ സന്ദിഗ്ദ്ധമാവുമ്പോൾ, നമ്മുടെ നിലനില്പിന്റേയും ധാർമ്മികതയുടേയും പരിഗണനകളാണ് തീരുമാനത്തിന് അടിസ്ഥാനമാകേണ്ടത്.[6]
എഡിൻബറോ സർവകലാശാലയിൽ 1901-02-ൽ ചെയ്ത ഗിഫോർഡ് പ്രഭാഷണ പരമ്പരയിൽ ജെയിംസ്, മതാനുഭവത്തിന്റെ വൈവിദ്ധ്യത്തെ ഒരു കലാകാരന്റെ സംവേദനത്തോടെ വിശകലനം ചെയ്തു. ആ പ്രഭാഷണത്തെ ആശ്രയിച്ച് പിന്നീട് പ്രസിദ്ധീകരിച്ച "മതാനുഭവത്തിന്റെ തരഭേദങ്ങൾ" (The Varieties of Religious Experience) എന്ന ഗ്രന്ഥത്തിൽ അദ്ദേഹം, മതപരമായ അനുഭവങ്ങളെ തന്റെ പ്രായോഗികതാദർശനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി. ഇക്കാര്യത്തിൽ അദ്ദേഹം മുന്നോട്ടു വച്ച പ്രധാന നിർദ്ദേശങ്ങളിൽ ചിലത് താഴെപ്പറയുന്നവയാണ്:
- മതത്തിന്റെ പഠനം വ്യവസ്ഥാപിത മതങ്ങളെയല്ല, മതപരമായ പ്രതിഭയെയാണ് (religious genius) കേന്ദ്രവിഷയമാക്കേണ്ടത്—കാരണം മതപ്രതിഭയുടെ സാമൂഹ്യരംഗത്തെ പിന്തുടർച്ച മാത്രമേ മതസ്ഥാപനങ്ങൾക്ക് അവകാശപ്പെടാനുള്ളു.
- മതപരമോ അല്ലാത്തതോ ആയ തീവ്രാനുഭവങ്ങൾ, അവ രോഗാവസ്ഥയിലെത്തിയവയാണെങ്കിൽ പോലും, മനഃശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയെ പ്രത്യേകം ആകർഷിക്കേണ്ടതാണ്; കാരണം മനസ്സിന്റെ സൂക്ഷ്മദർശിനിക്കു പരിശോധിക്കാൻ കിട്ടുന്ന രഹസ്യനിക്ഷേപങ്ങളായ ആ അവസ്ഥകൾ, കേവലപ്രക്രിയകളുടെ വിപുലീകരിച്ച ചിത്രം കാട്ടിത്തരുന്നു.
- വസ്തുനിഷ്ഠമായി തെളിയിക്കാനാകാത്തവയെങ്കിലും, തികവുറ്റതും ഭേദപ്പെട്ടതുമായ ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന കാര്യങ്ങളിലുള്ള "ഉപരിവിശ്വാസം" (over-belief), പൊതുവായി പങ്കുവയ്ക്കപ്പെടുന്ന അനുഭവങ്ങളുടേയും ചരിത്രത്തിന്റേയും ഫലപ്രദമായ വ്യാഖ്യാനത്തിന് ആവശ്യമാണ്.
ആത്മീയ നിഗൂഢതകളെക്കുറിച്ചുള്ള അന്വേഷണം ജെയിംസ് ജീവിതകാലമത്രയും തുടർന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം, ക്ലോറൽ ഹൈഡ്രേറ്റ്, ആൽക്കൈൽ നൈട്രൈറ്റുകൾ, നൈട്രസ് ഓക്സൈഡ്, ഉത്തര അമേരിക്കയിലെ ഒരു കള്ളിച്ചെടിയിൽ നിന്നെടുക്കുന്ന ഉത്തേജക പദാർത്ഥമായ പെയോട്ടി(Peyote) എന്നിവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിൽ പോലും ഏർപ്പെട്ടു. നൈട്രസ് ഓക്സൈഡിന്റെ സ്വാധീനത്തിലായിരിക്കുമ്പോൾ മാത്രമാണ് തനിക്കു പ്രഖ്യാത ആശയവാദ ചിന്തകനായ ഹേഗലിനെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളതെന്ന് ജെയിംസ് അവകാശപ്പെട്ടിട്ടുണ്ട്.[18] യോഗിയുടെ വെളിപാടുകളെല്ലാം സത്യമാണെന്നും എന്നാൽ അവ സത്യമായിരിക്കുന്നത് യോഗിയ്ക്കു മാത്രമാണെന്നുമായിരുന്നു ഈ അന്വേഷണത്തിനൊടുവിൽ അദ്ദേഹം എത്തിച്ചേർന്ന നിഗമനം; മറ്റുള്ളവരെ സംബന്ധിച്ചടുത്തോളം അവ പരിഗണിക്കപ്പെടേണ്ട ആശയങ്ങളാണെങ്കിലും, വ്യക്തിപരമായ അനുഭവത്തിന്റെ അഭാവത്തിൽ സത്യമാവുന്നില്ല.
സഹജവാസനകൾ
തിരുത്തുകആധുനികമനോവിജ്ഞാനത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയിഡിനെപ്പോലെ ജെയിസും ഡാർവിന്റെ പ്രകൃതിനിർദ്ധാരണ സിദ്ധാന്തത്തിന്റെ പ്രഭാവത്തിൽ വന്നിരുന്നു.[19] "പ്രിൻസിപ്പിൾസ് ഓഫ് സൈക്കോളജി" എന്ന കൃതിയിൽ ജെയിംസ് വിവരിക്കുന്ന മനഃശാസ്ത്ര വീക്ഷണത്തിന്റെ മൂലമായിരുന്നത് സഹജവാസനകളുടെ വ്യവസ്ഥയാണ്.[19] മനുഷ്യരിൽ ഒട്ടേറെ സഹജവാസനകളുണ്ടെന്നും അവയുടെ സംഖ്യ മൃഗങ്ങളുടെ കാര്യത്തിലെന്നതിനേക്കാൾ അധികമാണെന്നും ജെയിംസ് എഴുതി.[19] സഹജവാസനകളിൽ പലതും പരസ്പരം പോരടിക്കുന്നവയായതിനാൽ, അനുഭവങ്ങളുടെ വെളിച്ചത്തിലും ഒന്നിനെ മറ്റൊന്നു കൊണ്ടെന്ന രീതിയിലും അവയെ മറികടക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.[19] എന്നാൽ 1920-കളായപ്പോൾ, മനഃശാസ്ത്രം പരിണാമവാദത്തെ ആശ്രയിച്ചുള്ള ഇത്തരം സിദ്ധാന്തങ്ങളെ കൈവിട്ട്, സമഗ്രചേഷ്ടാസിദ്ധാന്തത്തെ (radical behaviorism) പുണർന്നു.[19]
ആവേഗങ്ങളുടെ സിദ്ധാന്തം
തിരുത്തുകആവേഗങ്ങളെ സംബന്ധിച്ച "ജെയിംസ്-ലാങ്ങ് സിദ്ധാന്തം" (The James-Lange Theory of Emotions) 1880-കളിൽ ജെയിംസും ഡച്ചുകാരനായ കാൾ ലാങ്ങും വെവ്വേറെ കണ്ടെത്തിയതാണ്. ഉദ്ദീപനം (stimulus) ശരീരത്തിലുണ്ടാക്കുന്ന അവസ്ഥയെ മനസ്സ് തിരിച്ചറിയുന്നതാണ് ആവേഗം എന്നാണ് ഈ സിദ്ധാന്തം. ഇതിന് ജെയിംസ് നൽകിയ പ്രസിദ്ധമായ ഉദാഹരണം പിന്തുടർന്നാൽ; നാം കരടിയെ കണ്ടു ഭയപ്പെടുകയും തുടർന്ന് ഓടുകയുമല്ല ചെയ്യുന്നത്. നാം കരടിയെ കണ്ട് ഓടുകയും അതിന്റെ ഫലമായി അതിനെ ഭയപ്പെടുകയും ചെയ്യുന്നു. ഇതനുസരിച്ച്, അഡ്രിനാലിൻ നിരപ്പിന്റേയും ഹൃദയസ്പന്ദനത്തിന്റേയും മറ്റും ഉയർച്ച മനസ്സു തിരിച്ചറിയുന്നതാണ് ആവേഗം.
ആവേഗങ്ങളെ സംബന്ധിച്ച ഈ സിദ്ധാന്തത്തിന് സൗന്ദര്യശാസ്ത്രദർശനത്തിൽ വലിയ പ്രസക്തിയുണ്ട്. ആ പ്രസക്തിയെ ജെയിംസ്, "പ്രിൻസിപ്പിൾസ് ഓഫ് സൈക്കോളജി" എന്ന പ്രസിദ്ധരചനയിൽ ഇങ്ങനെ വിവരിക്കുന്നു:
രേഖകളും ഗണങ്ങളും സ്വര-വർണ്ണച്ചേരുവകളും മറ്റും നൽകുന്ന ആനന്ദമുൾപ്പെടെയുള്ള ശുദ്ധമായ സൗന്ദര്യസംവേദനം അടിസ്ഥാനപരമായി, കാഴ്ചയും കേൾവിയും തന്നെ തരുന്ന തീർത്തും ഐന്ദ്രികമായ അനുഭൂതിയാണെന്നും, ആ ഇന്ദ്രിയാനുഭവങ്ങൾ ഉണർത്തുന്ന ഇതരാനുഭവങ്ങളുടെ ഫലമല്ലെന്നും നമുക്ക് സമ്മതിക്കേണ്ടി വരുന്നു. ലളിതവും ത്വരിതവുമായ ഈ മൗലികാനുഭവങ്ങളുടെ ശുദ്ധവും ലയബദ്ധമായ ചില ചേരുവകളെ പിന്തുടർന്ന്, ചിലപ്പോൾ ദ്വിതീയാനുഭവങ്ങൾ ഉണ്ടായെന്നു വരാം; കലാസൃഷ്ടികളുടെ ജനകീയാസ്വാദനത്തിൽ ഈ ദ്വിതീയാനുഭൂതികൾക്ക് വലിയ പങ്കുണ്ടെന്നും വരാം. എന്നാൽ ആസ്വാദകന്റെ അഭിരുചി ഉദാത്തമാകുന്നതിനനുസരിച്ച്, മൗലികാനുഭൂതികളുമായുള്ള താരതമ്യത്തിൽ ഈ ദ്വിതീയാനുഭവങ്ങളുടെ പ്രാധാന്യം കുറഞ്ഞുവരുന്നു. ക്ലാസിസിസവും കാല്പനികതയും അവരുടെ ഏറ്റുമുട്ടലുകൾ നടത്തിയത് ഈ വിഷയത്തെ കേന്ദ്രീകരിച്ചാണ്. സങ്കീർണ്ണമായ സൂചകസ്വഭാവം, സ്മരണയുടേയും പൂർവബന്ധങ്ങളുടേയും രാജവീധികളിലേയ്ക്കുള്ള തുറവി, ഗൂഡാത്മകതയുടെ ചിത്രപ്പണിയും വിഷാദഭാവവും ചേർന്നുള്ള മാംസത്രാസം, ഇതെല്ലാം ചേരുമ്പോൾ ഒരു കലാസൃഷ്ടി കാല്പനികമാകുന്നു. ഉദാത്തമായ അഭിരുചി, ഈ വിദ്യകളെ പരുക്കൻ പുറംമോടികളായി തള്ളിക്കളയുകയും ചക്ഷു-കർണ്ണാനുഭൂതികളുടെ, ഏച്ചുകെട്ടുകളില്ലാത്ത നഗ്നസൗന്ദര്യത്തെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. കാല്പനികമനസ്സിനാവട്ടെ, അനുഭൂതികളുടെ നേർസൗന്ദര്യം ശുഷ്കവും ദരിദ്രവുമായി അനുഭവപ്പെടുന്നു. ഇവയിൽ ഏതു വീക്ഷണമാണു ശരിയായുള്ളതെന്നു കണ്ടെത്താൻ ശ്രമിക്കാതെ, ഇന്ദ്രിയാനുഭവത്തിന്റെ ശുദ്ധാവസ്ഥ തന്നെയായിരിക്കുന്ന സൗന്ദര്യാനുഭൂതിയുടെ മൗലികതയും, അതിനു മേൽ ഒട്ടിച്ചു ചേർക്കുന്ന ദ്വിതീയാവേഗങ്ങളും തമ്മിലുള്ള തിരിച്ചറിവ് വേണ്ടതു തന്നെയാണെന്നു പറയുക മാത്രമാണ് ഞാൻ ചെയ്യുന്നത്.
മനസ്സ് ചില കാര്യങ്ങളെ തിരിച്ചറിയുമ്പോൾ ആവേഗാവസ്ഥയിലാവുകയും അതിന്റെ ഫലമായി അതുമായി ബന്ധപ്പെട്ട ശാരീരിക പ്രതികരണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു എന്നാണ് സാധാരണ മനസ്സിലാക്കപ്പെടാറുള്ളത്. ഇതിനു വിരുദ്ധമായി, ആവേഗജനകമായി കരുതപ്പെടുന്ന കാര്യത്തിന്റെ തിരിച്ചറിവ് ശാരീരിക പ്രതികരണങ്ങൾ ഉണ്ടാക്കുകയും ആ പ്രതികരണങ്ങളെ മനസ്സ് തിരിച്ചറിയുമ്പോൾ വ്യതിരിക്തമായ ആവേഗങ്ങൾ ജനിക്കുകയും ചെയ്യുന്നു എന്നാണ് ജെയിംസ് വാദിച്ചത്. ഈ വാദമനുസരിച്ച്, ആവേഗങ്ങളുടെ മനഃശാസ്ത്രം അതിന്റെ ശരീരശാസ്ത്രത്തിനു ദാസ്യം വഹിക്കുന്നു, നേരേ മറിച്ചല്ല: നാം ഭയന്നു വിറയ്ക്കുകയല്ല, വിറച്ചു ഭയപ്പെടുകയാണ്; ദുഃഖിച്ചു കരയുകയല്ല, കരഞ്ഞു ദുഃഖിക്കുകയാണ് ചെയ്യുന്നത്.[20]
ചരിത്രദർശനം
തിരുത്തുകസാമൂഹപരിവർത്തനത്തിൽ വ്യക്തിയുടെ സ്ഥാനത്തെക്കുറിച്ചുള്ള, ചരിത്രദർശനത്തിലെ പഴയ തർക്കത്തിൽ ജെയിംസിന്റെ ഇടപെടൽ ശ്രദ്ധേയമായി.
"രണ്ടു നഗരങ്ങളുടെ കഥ" (A Tale of Two Cities) എന്ന നോവലിൽ ചാൾഡ് ഡിക്കൻസും, "ഫ്രെഞ്ചു വിപ്ലവത്തിന്റെ ചരിത്രത്തിൽ" തോമസ് കാർലൈലും ചരിത്രഗതിയിൽ വ്യക്തികൾ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം എടുത്തുകാട്ടി. വ്യക്തികളെ അവർ ചരിത്രസംഭവങ്ങളുടെ ചാലകശക്തികളായും സമൂഹത്തെ, വ്യക്തികൾ അവരുടെ പങ്ക് എഴുതിച്ചേർക്കുന്ന താളുകൾ മാത്രമായും ചിത്രീകരിച്ചു. ചരിത്രഗതി അതിന്റേതായ അജ്ഞാതനിയമങ്ങളെ പിന്തുടരുന്നുവെന്നും വ്യക്തികൾ കേവലം കരുക്കൾ മാത്രമാണെന്നുമുള്ള നേർവിപരീതമായ നിലപാടാണ് "യുദ്ധവും സമാധാനവും" എന്ന നോവലെഴുതിയ ടോൾസ്റ്റോയിയെപ്പോലുള്ളവർ സ്വീകരിച്ചത്. 1880-ൽ അറ്റ്ലാന്റിക് മാസികയിൽ പ്രസിദ്ധീകരിച്ച "വലിയ മനുഷ്യരും അവരുടെ ചുറ്റുപാടുകളും" എന്ന ലേഖനത്തിലൂടെ ഈ തർക്കത്തിൽ ഇടപെട്ട ജെയിംസ്, പൊതുവേ കാർലൈലിന്റേയും മറ്റും നിലപാടിനോടാണ് യോജിപ്പു കാട്ടിയത്. എങ്കിലും, സാമ്രാജ്യങ്ങളുടേയും രാഷ്ട്രങ്ങളുടേയും സ്ഥപകരും വിനാശകരുമെന്ന നിലയിൽ ചരിത്രപുരുഷന്മാരുടെ സ്ഥാനം അംഗീകരിച്ച അദ്ദേഹത്തിന്റെ വിശകലനം, രാജനീതിയുടേയും സൈന്യത്തിന്റേയും മേഖലകൾക്ക് കാർലൈൽ കൽപ്പിച്ചത്ര പ്രാധാന്യം കൊടുത്തില്ല.
പ്രകൃതിനിർദ്ധാരണത്തിലൂടെ (Natural Selection) പുതിയ ജീവിവർഗ്ഗങ്ങൾ ജനിക്കുന്നതിൽ പരിസ്ഥിതിക്ക് ഡാർവിൻ കല്പിച്ച സ്ഥാനം ജെയിംസ് ഇക്കാര്യത്തിൽ മാതൃകയാക്കി. പെട്ടെന്നുള്ള സ്വഭാവവ്യതിയാനങ്ങൾക്ക് ജീവപരിണാമത്തിലുള്ള സ്ഥാനമാണ് ജീനിയസിന് ചരിത്രപുരോഗതിയിലുള്ളതെന്ന് അദ്ദേഹം വാദിച്ചു. വ്യക്തികളുടെ പങ്ക്, സാമൂഹ്യപരിസ്ഥിതി, കാലസന്ധി എന്നിവയുമായി അവർക്കുള്ള അനുയോജ്യതെ ആശ്രയിച്ചിരിക്കും.[21] ഈ വിശകലനത്തിൽ ജെയിംസ്, "കാലസന്ധിയുടെ സ്വീകാര്യസ്ഥിതി"(receptivities of the moment) എന്ന സങ്കല്പം അവതരിപ്പിച്ചു. തലമുറകളിലൂടെ സമൂഹങ്ങളിൽ സംഭവിക്കുന്ന പരിവർത്തനങ്ങളെ നേരിട്ടോ അല്ലാതെയോ നിർണ്ണയിക്കുന്നത് കാലസന്ധിയുടെ സ്വീകാര്യസ്ഥിതിയുമായി ചേർന്നു പോകുന്ന വ്യക്തികളുടെ മാതൃകകളും പ്രവർത്തികളുമാണ്. അവർ ആകസ്മികമായാണെങ്കിലും എത്തിച്ചേർന്ന സ്ഥാനത്തിനു കൈവന്ന പ്രാധാന്യം മൂലം, അത്തരം വ്യക്തികൾ മാറ്റത്തിന്റെ പ്രചോദകരോ, പ്രസ്ഥാനങ്ങളുടെ ഉദ്ഘാടകരോ, വഴക്കങ്ങളും നാട്ടുനടപ്പും നിശ്ചയിക്കുന്നവരോ, അഴിമതിയുടെ കേന്ദ്രങ്ങളോ മറ്റുള്ളവരെ നശിപ്പിക്കുന്നവരോ ഒക്കെ ആയിത്തീരുന്നു. അങ്ങനെ അവരുടെ പ്രതിഭയുടെ സ്വതന്ത്രമായ വിളയാട്ടത്തിന് ലഭിച്ച അവസരം സമൂഹത്തെ പുതിയ ദിശയിലേയ്ക്കു നയിക്കുന്നു.[22]
ചരിത്രത്തിലെ വലിയ മനുഷ്യർ, സമൂഹത്തിന്റെ ചിന്തയെ കൗശലപൂർവം വഴക്കിയെടുക്കുന്നു എന്നു ജെയിംസ് കരുതി. "മനോഭാവം മാറ്റുന്നതു വഴി മനുഷ്യജീവികൾക്ക് അവരുടെ ജീവിതസാഹചര്യങ്ങൾ മാറ്റിയെടുക്കാനാകും" എന്നു അദ്ദേഹം പറഞ്ഞു. "ജീവിതം കൊണ്ടു സാധിക്കാവുന്ന ഏറ്റവും വലിയ കാര്യം, ജീവിതത്തെ അതിജീവിക്കുന്ന എന്തിനെങ്കിലുമായി അതിനെ വിനിയോഗിക്കുന്നതാണ്" എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
കുറിപ്പുകൾ
തിരുത്തുക൧ ^ ഹെൻറി ജെയിംസ് കെട്ടുകഥകൾ മനഃശാസ്ത്രം പോലെയും വില്യം ജെയിംസ് മനഃശാസ്ത്രം കെട്ടുകഥ പോലെയും എഴുതിയെന്നു തത്ത്വചിന്തയുടെ കഥയിൽ വിൽ ഡുറാന്റ് നിരീക്ഷിക്കുന്നു "....one of them...proceeded to write fiction like psychology, while the other wrote psychology like fiction."[6]
൨ ^ പൂർത്തീകരിക്കപ്പെടാതെ അവശേഷിച്ച ആ കൃതി അദ്ദേഹത്തിന്റെ മരണശേഷം, "തത്ത്വചിന്തയിലെ ചില സമസ്യകൾ"(Some Problems in Philosophy) എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
൩ ^ "There is no conclusion. What has concluded that we might conclude in regard to it? There are no fortunes to be told and there is no advice to be given. Farewell."
അവലംബം
തിരുത്തുക- ↑ "William James, of Harvard, was among the first foreigners to take cognizance of Thought and Reality, already in 1873...", Lettres inédites de African Spir au professeur Penjon (Unpublished Letters of African Spir to professor Penjon), Neuchâtel, 1948, p. 231, n. 7.
- ↑ റോളണ്ട് ടേണർ സമാഹരിച്ച ഇരുപതാം നൂറ്റാണ്ടിലെ ചിന്തകന്മാർ എന്ന പുസ്തകത്തിൽ ഗോയിൻ ലോക്ക് എഴുതിയ ലേഖനം(പുറങ്ങൾ 380-83)
- ↑ Sachs, Oliver; Musicophilia: Tales of Music and the Brain, Revised and Expanded Edition; p. xiii; ISBN 1400033535
- ↑ Ralph Barton Perry, The Thought and Character of William James, vol. 1, (1935), 1996 edition: ISBN 0-8265-1279-8, p. 228.
- ↑ Duane P Shultz, A History of Modern Psychology, Wadsworth/Thompson Press, 2004, p. 179.
- ↑ 6.0 6.1 6.2 വിൽ ഡുറാന്റ്, ദ സ്റ്റോറി ഓഫ് ഫിലോസഫി, (പുറം 381-89)
- ↑ James, William, Pragmatism: A New Name for Some Old Ways of Thinking Lect. 6, "Pragmatism's Conception of Truth," (1907)
- ↑ Encyclopedia of Philosophy, Vol.6, "Pragmatic Theory of Truth", p427-428 (Macmillan, 1969)
- ↑ William James. "Pragmatism's Conception of Truth". Lecture 6 in Pragmatism: A New Name for Some Old Ways of Thinking. New York: Longman Green and Co (1907): p. 83. online edition Archived 2007-02-05 at the Wayback Machine.
- ↑ MOUNCE, Howard O.. The Two Pragmatisms. Londres. Routledge. 1997.
- ↑ p. 177, The Meaning of Truth, Longmans, Green, & Co., New York, 1909.
- ↑ See his Defense of a Pragmatic Notion of Truth, written to counter criticisms of his Pragmatism's Conception of Truth 1907 lecture
- ↑ Ralph Barton Perry, The Thought and Character of William James, vol.1, p.323; Letters of William James, vol. I, p.147
- ↑ The Dilemma of Determinism, republished in The Will to Believe, Dover, 1956, p.149
- ↑ ibid, p.149
- ↑ ibid, p.153
- ↑ ibid, p.155
- ↑ William James, "Subjective Effects of Nitrous Oxide" Archived 2011-06-02 at the Wayback Machine.
- ↑ 19.0 19.1 19.2 19.3 19.4 Buss, David M. Evolutionary psychology: the new science of the mind. Pearson. 2008. Chapter 1, p. 2-35.
- ↑ Joseph E. LeDoux, (1996) The Emotional Brain: the Mysterious Underpinnings of Emotional Life, ISBN 0-684-83659-9, p. 43.
- ↑ Grinin L. E. 2010. The Role of an Individual in History: A Reconsideration. Social Evolution & History, Vol. 9 No. 2 (pp. 95–136). – P. 103 [1]
- ↑ James, W. 2005 [1880]. Great Men and Their Environment. Kila, MT: Kessinger Publishing. P. 174.