കവികല്പനപ്രകാരമുള്ള ശിരോലിഖിതം. മനുഷ്യന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും ജനിക്കുന്നതിനു മുൻപു തന്നെ തലയോട്ടിയിൽ എഴുതിവച്ചിട്ടുണ്ടായിരിക്കും എന്ന സങ്കല്പവും വിശ്വാസവും സഹസ്രാബ്ദങ്ങളായി നിലനിന്നുപോരുന്നു. പൂർവ ജന്മങ്ങളിലെ കർമങ്ങൾ അനുസരിച്ചായിരിക്കും ഈ രേഖകളുടെ സ്ഥാനവും സ്വഭാവവും എന്നും കരുതിവരുന്നുണ്ട്. തലേലെഴുത്ത്, തലയെഴുത്ത്, തലവിധി എന്നിങ്ങനെയും ഇതിനെ പറയാറുണ്ട്. വിധി എന്ന സങ്കല്പമാണ് തലയിലെഴുത്തെന്ന വിശ്വാസത്തിനാധാരം.

തലയോട്ടിയിലെ എല്ലുകൾ തമ്മിൽ ബന്ധിച്ചിരിക്കുന്ന ഭാഗം അനേകം മടക്കുകളുള്ള രേഖകളുടെ മാതൃകയിൽ കാണുന്നതു കൊണ്ടാകാം ഇത്തരമൊരു രേഖയെപ്പറ്റി വിഭാവന ചെയ്യാൻ സാധിച്ചത്. തലയിലെഴുത്ത് മാറ്റാനോ തിരുത്താനോ ആർക്കും കഴിയില്ല എന്ന നിലയിലും സന്തോഷകരമോ ദുഃഖകരമോ ആയ സംഭവത്തെ ഒരു വ്യക്തിയുടെ തലയിലെഴുത്ത് എന്നു കരുതുന്ന നിലയിലും ഈ ഭാവനയ്ക്ക് ഭാഗ്യം അഥവാ ദൗർഭാഗ്യം, വിധി തുടങ്ങിയ അർഥങ്ങളും കാണാം.

ശിരോലിഖിതം, ലലാടലിഖിതം എന്നീ പേരുകളിൽ സംസ്കൃത സാഹിത്യത്തിലും ഈ ഭാവന സ്ഥാനം നേടിയിട്ടുണ്ട്. ലലാടം എന്നാൽ നെറ്റിത്തടം എന്നാണർഥം. ശിരോലിഖിതം മാറ്റാൻ കഴിയില്ല എന്നു പ്രസ്താവിക്കുന്ന ഒരു പ്രസിദ്ധ പദ്യം ഉദാഹരണാർഥം ഇവിടെ കൊടുക്കുന്നു.

'ഹരിണാപി ഹരേണാപി

ബ്രഹ്മണാപി കദാചന

ലലാടലിഖിതാരേഖാ

പരിമാർഷ്ടും ന ശക്യതേ'

(മഹാവിഷ്ണുവിനും പരമശിവനും ബ്രഹ്മദേവനും പോലും ഒരിക്കലും തലയിലെഴുത്തു മായ്ക്കുന്നതിനു സാധിക്കുകയില്ല).

ഭർതൃഹരിയുടെ നീതിശതകത്തിലേതെന്നു പ്രസിദ്ധമായ ഒരു പദ്യത്തിൽ ലലാടലിഖിതത്തിന്റെ പ്രഭാവത്തെ പരാമർശിക്കുന്നത് ഇപ്രകാരമാണ്:

'യദ് ധാത്രാനിജഫാലപട്ടലിഖിതം സ്തോകം മഹദ് വാധനം

തത്പ്രാപ്നോതിമരുസ്ഥലേപി നിയതം മേരൌചനാതോധികം

തദ്ധീരോ ഭവ വിത്തവത്സു കൃപണാം വൃത്തിം വൃഥാമാകൃഥാഃ

കൂപേപശ്യപയോനിധാവപിഘടോ ഗൃഹ്ണാതി തുല്യം ജലം'.

(ഫാലം=നെറ്റിത്തടം. പദ്യത്തിന്റെ സാരം - ഒരുവന് എത്രത്തോളം ധനം ലഭിക്കും എന്ന് ബ്രഹ്മാവ് നെറ്റിത്തടത്തിലെഴുതിയിട്ടുണ്ടോ അത്രയും ധനം ആ ആൾക്ക് മരുഭൂമിയിൽ ജീവിക്കേണ്ടി വന്നാലും ലഭിക്കും. സ്വർണമയമായ മേരുപർവതത്തിലാണു നിവസിക്കുന്നതെങ്കിലും അത്രയും ധനം മാത്രമേ ലഭിക്കുകയുമുള്ളൂ. അതിനാൽ എപ്പോഴും മനസാന്നിധ്യത്തോടു കൂടിയും ധനസമ്പാദനത്തിനു വേണ്ടി അന്യായമാർഗ്ഗം സ്വീകരിക്കാതെയും ജീവിക്കണം. ഒരു കുടത്തിൽ ജലം നിറയ്ക്കുമ്പോൾ കിണറ്റിൽ നിന്നും എടുത്താലും സമുദ്രത്തിൽ നിന്നെടുത്താലും ആ കുടം നിറയെ വെള്ളം മാത്രമേ അതിൽ ഒരു തവണ എടുക്കുവാൻ കഴിയുകയുള്ളൂ.

'തലയിലെഴുത്തിനു പിടലിയിൽ ചൊറിഞ്ഞാലോ, തലയിലെഴുത്തു തലോടിയാൽ പോകുമോ' തുടങ്ങിയ ചില ശൈലികളും ഈ വിശ്വാസത്തിൽനിന്നും രൂപംപൂണ്ടു പ്രാചാരത്തിലെത്തിയിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തലയിലെഴുത്ത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തലയിലെഴുത്ത്&oldid=3920733" എന്ന താളിൽനിന്ന് ശേഖരിച്ചത്