വജ്രയാനം
താന്ത്രിക രീതികൾക്ക് പ്രാധാന്യമുള്ള ഒരു ബുദ്ധമതവിഭാഗമാണ് വജ്രയാനം. Vajrayāna (Sanskrit: वज्रयान). ഇത് താന്ത്രികബുദ്ധമതം , തന്ത്രയാനം,മന്ത്രയാനം, രഹസ്യ മന്ത്ര എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു. പല ഭാവങ്ങളുള്ള വജ്രയാന ബുദ്ധമതം ക്രിസ്തുവർഷം അഞ്ചും ഏഴും നൂറ്റാണ്ടുകൾക്കിടയിൽ പൂർവേന്ത്യയിലാണ് രൂപമെടുത്തത്. [1]ഈ ബുദ്ധ മതം കൂടുതൽ പ്രചാരത്തിൽ ഉള്ളത് ടിബറ്റ്,നേപ്പാൾ,മംഗോളിയ പോലുള്ള രാജ്യങ്ങളിൽ ആണ്
മഹായാന ബുദ്ധമതത്തിന്റെ ഒരു ഉപവിഭാഗമായോ സ്വന്തം നിലയിൽതന്നെ ബുദ്ധമതത്തിന്റെ മൂന്നാമതൊരു യാനം (വാച്യാർത്ഥത്തിൽ വാഹനം) ആയോ ഇതിനെ കരുതുന്നവരുണ്ട്. മഹായാനത്തെ അപേക്ഷിച്ച് വജ്രയാനം വ്യതിരിക്തതയുള്ള ദാർശനിക കാഴ്ച്ചപ്പാടുകളൊന്നും അവതരിപ്പിക്കുന്നില്ല. പ്രതിബിംബധ്യാനവും യോഗാഭ്യാസവും പോലെയുള്ള പുതിയ പ്രായോഗിക ഉപാധികൾ ഉപയോഗിക്കുന്നതിലാണ് വജ്രയാനം മഹായാനത്തിൽ നിന്ന് വിഭിന്നമാകുന്നത്. അക്കാര്യം പരിഗണിച്ചാൽ മഹായാനത്തിന്റെ ഉപവിഭാഗമായി വജ്രയാനത്തെ കരുതാവുന്നതാണ്. മന്ത്രോച്ചാരണം,യോഗാഭ്യാസം, ഹോമങ്ങൾ മുതലായ കാര്യങ്ങളിൽ ഹിന്ദുമതത്തിലെ താന്ത്രികവിഭാഗത്തോട് അടുപ്പമുള്ളതാണ് താന്ത്രികബുദ്ധമതം. പദ്‌മസംഭവൻ ആണ് ഈ വിഭാഗത്തിന്റെ ഉപജ്ഞാതാവ്.
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നൊഴിഞ്ഞ് വനവാസികളായ മഹാസിദ്ധർ ആയിരുന്നു വജ്രയാനത്തിന്റെ ആദിമപ്രയോക്താക്കൾ. [1]. എന്നാൽ ക്രിസ്തുവർഷം ഒൻപതാം നൂറ്റാണ്ടോടുകൂടി നളന്ദയും വിക്രമശിലയും പോലെ മഹായാനസന്യാസികൾ നടത്തിവന്ന സർവകലാശാലകളിൽ വജ്രയാനത്തിന് അംഗീകാരം ലഭിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിലെ മുസ്ലീം ആക്രമണത്തിൽ ഇന്ത്യയിലെ മറ്റ് ഭൂരിഭാഗം ബുദ്ധമത വിഭാഗങ്ങളെയും പോലെ വജ്രയാനവിഭാഗവും നാമാവശേഷമായി. എന്നാൽ ഏഴാം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ളകാലത്ത് തിബറ്റിലേക്ക് പൂർണ്ണരൂപത്തിൽതന്നെ വേരുറപ്പിച്ച വജ്രയാനവിഭാഗം ഇപ്പോഴും അവിടുത്തെ ഏറ്റവും ശക്തമായ ബുദ്ധമതവിഭാഗമായി നിലകൊള്ളുന്നു. ജപ്പാനിലും ഭാഗികമായി വേരോട്ടം ലഭിച്ച വജ്രയാനം അവിടെ ഷിൻഗോൺ ബുദ്ധമതമായി രൂപാന്തരം പ്രാപിച്ചു.
അവലംബം
തിരുത്തുക- ↑ 1.0 1.1 Macmillan Publishing 2004, പുറം. 875-876.