ഉദയഗിരി കോട്ട

തമിഴ് നാട്ടിലെ ഒരു കോട്ട
(Udayagiri Fort എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്നത്തെ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ , തിരുവനന്തപുരം-നാഗർകോവിൽ ദേശീയപാതയരികിലെ പുലിയൂർ കുറിച്ചിയിലെ ഒരു കോട്ടയാണു് ഉദയഗിരി കോട്ട. വേളിമലയുടെ ഒരുഭാഗവും കൂടി ഉൾക്കെള്ളുന്ന കോട്ട ഏകദേശം 90 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു വേളിമലയുടെ 260 അടി ഉയരമുള്ള ഭാഗത്തു നിർമിച്ച കെട്ടിടംകൂടി ഉൾപ്പെടുന്നതിനാൽ, വലിയൊരു പ്രദേശം ഇവിടെ നിന്നും കാണാൻ സാധിക്കും. വനംവകുപ്പിനുകീഴിലെ ജൈവവൈവിധ്യ ഉദ്യാനം ഇന്നിവിടെ സ്ഥിതി ചെയ്യുന്നു. വിവിധതരം ചെറിയ പക്ഷിമൃഗാദികൾ ഈ സംരക്ഷിത പ്രദേശത്തു് കാണപ്പെടുന്നു[1].

തിരുവിതാംകൂറിന്റെ ആയുധപ്പുരയും സൈനികപരിശീലനകേന്ദ്രവുമായിരുന്ന ഉദയഗിരിക്കോട്ട. കോട്ടയ്ക്കുള്ളിൽ പലതരം യുദ്ധോപകരണങ്ങളുടെ അവശിഷ്ടങ്ങളുണ്ടു്. കോട്ടയിൽ ഡച്ച് മുദ്രകൾ പേറുന്ന ശവക്കല്ലറ, തിരുവിതാംകൂറിന്റെ സൈനിക ഉപദേഷ്ടാവായിരുന്ന ക്യാപ്റ്റൻ ഡിലിനോയുടേതാണ്.

ചരിത്രം

തിരുത്തുക
 
ഉദയഗിരി കോട്ടയിലെ ഡി ലനോയുടെ ശവകുടീരം

വടുകരും തുലുക്കരും മറവരും ഒക്കെ വേണാടിനെ ആക്രമിച്ച് കൊള്ളയടിച്ചുകൊണ്ടിരുന്ന കാലത്ത് വേണാടു് രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി തിരുവിതാംകൂർ രാജാവു് വീര രവിവർമ്മയുടെ (എ.ഡി. 1595-1607) ഭരണകാലത്ത് നിർമ്മിച്ചതാണ് ഈ കോട്ട. ആദ്യം ചെളി കൊണ്ട് നിർമ്മിച്ചിരുന്ന കോട്ട പിന്നീട് മാർത്താണ്ഡ വർമ്മയുടെ (1729-1758) ഭരണകാലത്താണ് കല്ലുകൾ ഉപയോഗിച്ച് ഇന്നു കാണുന്ന രീതിയിൽ പണിതതു്.

സുഗന്ധദ്രവ്യങ്ങൾ കരസ്ഥമാക്കാൻ, ഇന്ത്യയുടെ തെക്കേ അറ്റത്ത് ഒരു വ്യാപാരതുറമുഖം സ്ഥാപിക്കാൻ ഡച്ച് ഈസ്റ്റ് ഇൻഡ്യാ കമ്പനി തീരുമാനിച്ചു. തോക്കുകളും പീരങ്കികളും സഹിതം 1741ൽ കുളച്ചൽ തുറമുഖത്തു വന്നിറങ്ങിയ, ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ശ്രീലങ്കയിലെ സൈനിക എൻജിനിയറായിരുന്ന യുസ്റ്റേഷ്യസ് ബനഡിക്ട് ഡിലിനോയുടെ സംഘം കുളച്ചലിനും കോട്ടാറിനും ഇടയ്ക്കുള്ള പ്രദേശം കീഴടക്കി അവിടെ വ്യാപാരവും തുടങ്ങി. പിന്നീടു് മാർത്താണ്ഡ വർമ്മയുടെ കാലത്തു് തിരുവിതാംകൂറുമായുള്ള യുദ്ധത്തിൽ ഡിലിനോ പരാജയപ്പെടുകയും ഉദയഗിരിക്കോട്ടയിൽ അദ്ദേഹം തടവുകാരനാക്കപ്പെടുകയും ചെയ്തു.[1] ഡച്ച് സൈന്യത്തിന്റെ എല്ലാ യുദ്ധോപകരണങ്ങളും തിരുവിതാംകൂർ സൈന്യം കരസ്ഥമാക്കി. ഇതോടെ ഇന്ത്യയിലെ ഡച്ച് ആധിപത്യം അവസാനിച്ചു.

തിരുവിതാംകൂർ സൈന്യത്തെ നവീകരിക്കാൻ ഡിലിനോ തയ്യാറായപ്പോൾ മാർത്താണ്ഡ വർമ്മ അദ്ദേഹത്തെ മോചിപ്പിക്കുകയും, അദ്ദേഹത്തിനും കുടും‌ബത്തിനും അനുയായികൾക്കുമായി കോട്ടയ്ക്കുള്ളിൽ തന്നെ ഒരു പള്ളി നിർമ്മിച്ചു കൊടുക്കുകയും ചെയ്തു. മാർത്താണ്ഡവർമ്മ അദ്ദേഹത്തെ തിരുവിതാംകൂറിന്റെ സൈനിക ഉപദേഷ്ടാവാക്കി. തിരുവിതാംകൂർ സൈന്യത്തെ ഡിലനോയ് യൂറോപ്യൻ രീതിയിൽ പരിശീലിപ്പിക്കുകയും ശക്തമാക്കുകയും ചെയ്തു. മാർത്താണ്ഡവർമ്മയുടെ ആവശ്യപ്രകാരം ഡിലനോയ് ഉദയഗിരിക്കോട്ട നവീകരിക്കുകയും അതിനുള്ളിൽ പീരങ്കിനിർമ്മാണകേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. ക്രമേണ ഉദയഗിരിക്കോട്ട ദക്ഷിണേൻഡ്യയിലെ ശക്തമായ ഒരു സൈനികത്താവളമാക്കി മാറി. ഈ അധികബലം ആറ്റിങ്ങൽ, പന്തളം, ഇടപ്പള്ളി, തെക്കുംകൂർ, വടക്കുംകൂർ, കൊല്ലം, അമ്പലപ്പുഴ എന്നീ പ്രദേശങ്ങൾ കൂടി തിരുവിതാംകൂറിന് കീഴിലാക്കാൻ കരുത്തേകി.

"https://ml.wikipedia.org/w/index.php?title=ഉദയഗിരി_കോട്ട&oldid=2396770" എന്ന താളിൽനിന്ന് ശേഖരിച്ചത്