പിൽഗ്രിംസ് പ്രോഗ്രസ്
ജോൺ ബന്യൻ (1628-1688) ഇംഗ്ലീഷിൽ എഴുതിയ ആദ്ധ്യാത്മിക അന്യാപദേശകഥ (allegory)യാണ് പിൽഗ്രിംസ് പ്രോഗ്രസ് (The Pilgrim's Progress; പരദേശി മോക്ഷയാത്ര;തീർത്ഥാടകന്റെ വഴി). ക്രൈസ്തവജീവിതത്തോടുള്ള പ്യൂരിറ്റ്ൻ കാൽവിനിസ്റ്റ് വീക്ഷണത്തെ, ഗ്രാമ്യ ഭാഷയുടെ ശക്തിയിലും മധുരിമയിലും അവതരിപ്പിക്കുന്ന ഈ കൃതി ആത്മീയസാഹിത്യത്തിലെയെന്നല്ല എല്ലാത്തരം സാഹിത്യത്തിലേയും എണ്ണപ്പെട്ട രചനകളിലൊന്നായി കണക്കാക്കപ്പെടുന്നു.[1] രണ്ടുഭാഗങ്ങളുള്ള കൃതിയുടെ ആദ്യഭാഗം 'ക്രിസ്ത്യാനി' യുടെ തീർഥാടനകഥയാണ്. രണ്ടാംഭാഗം ആ യാത്രയിൽ അയാളുടെ വഴി പിന്നീട് പിന്തുടർന്ന ഭാര്യ 'ക്രിസ്റ്റിയാന'യുടേയും മക്കളുടേയും കഥയും.[2]
കർത്താവ് | ജോൺ ബന്യൻ |
---|---|
രാജ്യം | ഇംഗ്ലണ്ട് |
ഭാഷ | ഇംഗ്ലീഷ് |
പ്രസിദ്ധീകരിച്ച തിയതി | 1678 |
ഏടുകൾ | 191 |
ISBN | ലഭ്യമല്ല |
ബന്യൻ
തിരുത്തുകപതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന സുവിശേഷപ്രചാരകനും എഴുത്തുകാരനുമായിരുന്നു ജോൺ ബന്യൻ. പ്രൊട്ടസ്റ്റന്റ് സഭകളിലെ തീക്ഷ്ണതയേറിയ കാൽവിനിസ്റ്റ് വിഭാഗത്തിന്റെ വിശ്വാസപ്രമാണങ്ങളിൽ അടിയുറച്ച് വിശ്വസിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്ത ഇദ്ദേഹം പ്രധാനമായും സ്മരിക്കപ്പെടുന്നത്‍ പിൽഗ്രിംസ് പ്രൊഗ്രസ് അഥവാ തീർഥാടകന്റെ വഴി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് എന്ന നിലയിലാണ്. പാപികളിൽ പ്രധാനിക്ക് അളവില്ലാത്ത കൃപ, ശ്രീമാൻ ദുഷ്ടന്റെ ജീവിതവും മരണവും, വിശുദ്ധയുദ്ധം എന്നിവയാണ് ബന്യന്റെ മറ്റു പ്രധാന കൃതികൾ.
പ്രസക്തി
തിരുത്തുകപത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ് കുടുംബത്തിൽ ഒരു പുസ്തകം മാത്രമാണുണ്ടായിരുന്നതെങ്കിൽ അത് ബൈബിൾ ആകുമായിരുന്നു. എന്നാൽ രണ്ടു പുസ്തകങ്ങൾ ഉണ്ടായിരുന്നപ്പോൾ രണ്ടാമത്തേത് ഷേക്സ്പിയറുടെ നാടകങ്ങളിലൊന്നല്ല, തീർത്ഥാടകന്റെ വഴി ആയിരുന്നു എന്നു പറയാറുണ്ട്.[3] ഇംഗ്ലീഷ് ഭാഷയിലെ മുന്തിയരചനകളിലൊന്നായി ഈ കൃതിയെ കണക്കാക്കുന്നുണ്ട്. അതേസമയം, പ്യൂരിറ്റൻ കാൽവിനസത്തിന്റെ ലോകവീക്ഷണം എഴുതിയ കൃതിയുമാണ്. [1] ഔപചാരിക വിദ്യാഭ്യാസം അക്ഷരാഭ്യാസം നേടുന്നതിൽ അവസാനിച്ച ആളാണ് രചയിതാവെന്ന് കൂടി ഓർക്കുമ്പോൾ തീർഥാടകന്റെ വഴി എന്ന കൃതിയുടെ ചരിത്രം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. പൊങ്ങച്ച മേള (Vanity Fair), മനസ്സിടിവിന്റെ ചളിക്കുണ്ട് (Slough of Despond), നിരാശാരാക്ഷസൻ (Giant Despair), സംശയക്കോട്ട (Doubting Castle), വശ്യസാനു (Delectable Mountains) പോലെയുള്ള പ്രയോഗങ്ങൾ ഇംഗ്ലീഷ് ഭാഷക്കു തീർഥാടകന്റെ വഴിയിൽ നിന്നു കിട്ടിയ സംഭാവനകളാണ്. അതിന്റെ ശൈലി വളരെയധികം എഴുത്തുകാരെ സ്വാധീനിച്ചിട്ടുണ്ട്. താൻ താലോലിക്കുന്ന ബാല്യകാലസ്മരണകളിലൊന്ന് പിതാവിനൊപ്പമിരുന്ന് തീർത്ഥാടകന്റെ വഴി വായിച്ചതാണെന്ന് ഇംഗ്ലീഷ് നാടകകൃത്ത് ബർണാഡ് ഷാ പറഞ്ഞിട്ടുണ്ട്. അഞ്ചാമത്തെ വയസ്സിൽ ആ പുസ്തകം പൂർണ്ണ താത്പര്യത്തോടെ വായിക്കുവാൻ ഷാക്ക് കഴിഞ്ഞിരുന്നത്രെ. എഴുത്തുകാരനെന്ന നിലയിൽ ഷാ ബന്യനെ ഷേക്സ്പിയറിനുപരി വിലമതിച്ചിരുന്നു എന്നും പറയപ്പെടുന്നു.[4]
സംഗ്രഹം
തിരുത്തുകക്രിസ്ത്യാനിയുടെ കഥ
തിരുത്തുകകൃതിയുടെ ഒന്നാം ഭാഗത്ത് ബന്യൻ, തന്റെ വാസസ്ഥലമായിരുന്നതും വിനാശത്തിന് മുദ്രകുത്തപ്പെട്ടതുമായ പട്ടണത്തിൽ നിന്നു രക്ഷപെട്ട്, സ്വർഗ്ഗീയ നഗരത്തിലേക്ക്, ഒട്ടേറെ അപകടങ്ങൾ തരണം ചെയ്ത് യാത്ര ചെയ്യുന്ന ക്രിസ്ത്യാനിയുടെ കഥ പറയുന്നു. തന്നെ കാത്തിരിക്കുന്ന വിധിയുടെ ഭീകരത അയാൾക്കു വെളിപ്പെട്ടത്, വേദപുസ്തകവായനയിൽ നിന്നാണ്. മനശ്ശാന്തി നഷ്ടമായി നെടുവീർപ്പിട്ടിരുന്ന അയാൾക്ക് പട്ടണത്തിന് പുറത്തേക്കുള്ള രക്ഷയുടെ മാർഗ്ഗം കാണിച്ചു കൊടുത്തത്, സുവിശേഷകനാണ്(Evangelist). സ്വന്തം കുടുംബത്തിന്റെ എതിർപ്പിനെ അവഗണിച്ച്, പാപഭാരത്തിന്റെ മാറാപ്പും ചുമന്ന് ഇറങ്ങിത്തിരിച്ച ക്രിസ്ത്യാനിയെ പിന്തിരിപ്പിക്കാൻ അയൽക്കാരായ ചഞ്ചലനും (Pliable) പിടിവാശിയും (Obstinate) ശ്രമിച്ചു നോക്കിയെങ്കിലും അയാൾ വഴങ്ങിയില്ല. തുടർന്നുള്ള യാത്രയിൽ അയാൾ മനസ്സിടിവിന്റെ ചളിക്കുണ്ടിൽ (Slough of Despond) വീണു. അതിൽ നിന്നു ഒരുവിധം കരകയറി യാത്ര തുടർന്ന ക്രിസ്ത്യാനിക്ക് നേരിടേണ്ടി വന്നത് ലോകജ്ഞാനി (Worldly Wiseman)യെയാണ്. രക്ഷക്ക് ക്രിസ്ത്യാനി തെരഞ്ഞെടുത്ത കഷ്ടപ്പാടിന്റെ വഴി ഉപേക്ഷിച്ച്, അടുത്തു തന്നെയുള്ള സദാചാരം (Morality) എന്ന ഗ്രാമത്തിൽ തങ്ങാൻ ലോകജ്ഞാനി ഉപദേശിച്ചു. അയാളിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ട ക്രിസ്ത്യാനി പട്ടണത്തിനു വെളിയിലേക്കുള്ള ഇടുങ്ങിയ വാതിൽക്കൽ എത്തി.
ഇടുങ്ങിയ നേർമാർഗ്ഗം
തിരുത്തുകഅവിടന്നങ്ങോട്ട് സ്വർഗ്ഗീയനഗരത്തിലേക്കുള്ള മാർഗ്ഗമായിരുന്നു. അത് ദുർഗമവും ഇടുങ്ങിയതുമെങ്കിലും നേർമാർഗ്ഗമായിരുന്നു. താമസിയാതെ അയാൾ പരിഭാഷകൻ (Interpreter) എന്നൊരാളെ കണ്ടുമുട്ടി. അയാൾ ക്രിസ്ത്യാനിക്കു പല ദൃശ്യങ്ങളും കാണിച്ച് അർത്ഥം വിശദീകരിച്ചു കൊടുത്തു. പിന്നെ തീർത്ഥാടകൻ ഒരു കുരിശിനും ശവകുടീരത്തിനും മുന്നിലെത്തി. അവിടെ അയാളുടെ പുറത്തെ ഭാരം അത്ഭുതകരമായി നീക്കപ്പെട്ടതു കൂടാതെ, തുടർന്നുള്ള യാത്രക്കുവേണ്ട രേഖകളും സംരക്ഷാകവചവും കിട്ടി. എന്നുവച്ച് അപകടങ്ങൾ ഒഴിവായി എന്നർഥമില്ല. അയാൾക്കു മുന്നിൽ ബദ്ധപ്പാടിന്റെ മല (difficulty hill) ഉണ്ടായിരുന്നു. അതു കടക്കാനൊരുങ്ങിയ ക്രിസ്ത്യാനി ഉപചാരിയേയും (Formalist) കാപട്യത്തേയും (Hypocrasy) കണ്ടുമുട്ടി. കുറുക്കുവഴികൾ മാത്രം നടന്ന് ശീലിച്ചവരായിരുന്നു അവർ. അവരുടെ ഉപദേശം കൈക്കൊള്ളാതെ യാത്ര തുടർന്ന തീർഥാടകൻ ബദ്ധപ്പാടിന്റെ മലക്കു മുകളിലെത്തിയപ്പോൾ ക്ഷീണം കൊണ്ട് തെല്ലു നേരം മയങ്ങി. മയക്കത്തിൽ നിന്നു ഉണർന്ന് യാത്ര തുടർന്ന് കുറേദൂരം ചെന്നപ്പോഴാണ്, തന്റെ യാത്രാരേഖകൾ ഉറങ്ങിയ സ്ഥലത്ത് വെച്ചു മറന്ന കാര്യം അയാൾക്കു ഓർമ്മ വന്നത്. അവ തിരികെയെടുത്ത് തീർഥാടകൻ ബദ്ധപ്പാടിന്റെ മലയുടെ ഉച്ചിയിലെ സുന്ദരമായ കൊട്ടാരത്തിലെത്തി.
മരണത്തിന്റെ താഴ്വര, പൊങ്ങച്ചമേള
തിരുത്തുകകൊട്ടാരത്തിൽ രൂപവതികളായ വകതിരിവ് (Discretion), വിവേകം (Prudence), ഭക്തി(Piety), പരസ്നേഹം(Charity) എന്നിവരുടെ സാന്ത്വനോപദേശങ്ങൾ സ്വീകരിച്ച് വിശ്രമിച്ച ശേഷം യത്ര തുടർന്ന തീർത്ഥാടകന്, അപമാനത്തിന്റെ താഴ്വരയിൽ (Valley of Humiliation) ഒരു സത്വവുമായി (Apollyon) ഏറ്റുമുട്ടേണ്ടി വന്നു. ആ പോരാട്ടത്തിൽ ജയിച്ച് മുന്നോട്ടു ചെന്ന അയാൾ എത്തിയത്, മരണം നിഴൽ വീഴ്ത്തിയ താഴ്വര(Valley of the Shadow of Death)യിലാണ്. ഭയഭീതിതനായ തീർത്ഥാടകന് അവിടെ വിശ്വസ്തൻ(Faithful) എന്നൊരാളെ സഹയാത്രികനായി കിട്ടി. പരസ്പരം സാന്ത്വനം പകർന്ന് യാത്ര തുടർന്ന അവർക്ക് പിന്നെ പൊങ്ങച്ചമേള (Vanity Fair) എന്ന പട്ടണത്തിൽ കൂടിയാണ് പോകേണ്ടിയിരുന്നത്. അവിടത്തെ പ്രലോഭനങ്ങളിൽ വീഴാൻ വിസമ്മതിച്ച അവരോട് അമർഷം കൊണ്ട പട്ടണവാസികൾ അവരെ പിടിച്ച് വിചാരണക്കായി, നന്മവിരോധി (Hate Good) എന്ന ന്യായാധിപന്റെ മുന്നിലെത്തിച്ചു. അയാൾ വിശ്വസ്തനെ മരണശിക്ഷക്കു വിധിച്ചു. ക്രിസ്ത്യാനി കഷ്ടിച്ച രക്ഷപെട്ടു.
നിരാശാരാക്ഷസൻ, വാഗ്ദാനത്തിന്റെ താക്കോൽ
തിരുത്തുകമുന്നോട്ടുള്ള യാത്രയിൽ ക്രിസ്ത്യാനിക്കു കൂട്ടായി പ്രത്യാശി (Hopeful) എന്നൊരാളെ കിട്ടി. അയാളുമൊത്ത് യാത്രതുടർന്നെങ്കിലും താമസിയാതെ അവരിരുവരും നിരാശാരാക്ഷസന്റെ (Giant Despair) പിടിയിൽ പെട്ടു. തന്റെ കൈവശം വാഗ്ദാനത്തിന്റെ താക്കോൽ (Key of Promise) ഉള്ള കാര്യം ഓർമ്മ വന്ന ക്രിസ്ത്യാനി അതുപയോഗിച്ച് ബന്ധനത്തിൽ നിന്നു വിമോചിതനായി. തുടർന്നുള്ള യാത്ര അവരെ വശ്യസാനു (Delectable Mountain) വിലെത്തിച്ചു. നല്ലവരായ അവിടത്തെ ആട്ടിടയന്മാർ അവർക്ക് ദൈവസാമീപ്യം (Immanuel) എന്നുകൂടി അറിയപ്പെടുന്ന ആ സ്ഥലത്തിന്റെ മഹിമകൾ കാണിച്ചു കൊടുത്തു. അവർ സ്വർഗീയ നഗരത്തിനടുത്തെത്താറായിരുന്നു.
മരണനദി കടന്ന്
തിരുത്തുകകുറേദൂരം യാത്രചെയ്തപ്പോൾ അവർക്ക് സ്വർഗ്ഗകവാടം അകലെ കാണാറായി. എന്നാൽ അതിനു മുൻപിലെത്താൻ ഒരു നദി കടക്കണമായിരുന്നു. മറ്റുവഴിയൊന്നും ഇല്ലെന്നു മനസ്സിലായപ്പോൾ അവർ നദി കടക്കാൻ നിശ്ചയിച്ച് അതിലിറങ്ങി. മുന്നോട്ടുചെന്നപ്പോൾ ക്രിസ്ത്യാനിക്ക് മിക്കവാറും ആശയറ്റ മട്ടായെങ്കിലും പ്രത്യാശിയുടെ സാന്ത്വനം അയാളെ നദി കടക്കാൻ സഹായിച്ചു. ക്രിസ്ത്യാനിയും പ്രത്യാശിയും സ്വർഗ്ഗകവാടം കടന്നെങ്കിലും, നേരത്തേ അവർ വഴിയിൽ പരിചയപ്പെട്ടിരുന്ന അജ്ഞത (Ignorance) എന്നു പേരായ ചെറുപ്പക്കാരനെ കാത്തിരുന്നത് മറ്റൊരു വിധിയാണ്. അയാൾ നദി കടന്നത് വ്യർഥമോഹം (Vain Hope) എന്ന കടത്തുകാരന്റെ തോണിയിലാണ്. അങ്ങനെ സ്വർഗ്ഗകവാടത്തിനു മുൻപിൽ ചെന്ന് പ്രവേശനം അർത്ഥിച്ച അയാൾക്കു പ്രവേശനം കിട്ടിയില്ല. പകരം, അധികം ദൂരെയല്ലാതെ കണ്ട മറ്റൊരു വാതിലിലൂടെ അയാൾ ആനയിക്കപ്പെട്ടു. സ്വർഗ്ഗകവാടത്തിനുമുൻപിൽ നിന്നുപോലും നരകത്തിലേക്കു വഴിയുണ്ടായിരുന്നു.
ക്രിസ്ത്യാനിയെ പിന്തുടർന്ന ക്രിസ്റ്റിയാന
തിരുത്തുകക്രിസ്ത്യാനിയുടെ തീർഥാടനത്തിൽ അയാളെ അനുഗമിക്കാൻ ഭാര്യ ക്രിസ്റ്റിയാന വിസമ്മതിച്ചിരുന്നെങ്കിലും പിന്നീട് അയാളുടെ യാത്രയുടെ കഥ കേട്ട അവൾ, മക്കളോടൊപ്പം അയാളുടെ മാർഗ്ഗം പിന്തുടരാൻ നിശ്ചയിച്ചു. തീർഥാടകന്റെ വഴിയുടെ രണ്ടാം പുസ്തകം, ക്രിസ്ത്യാനിയുടെ സഹധർമ്മിണി ക്രിസ്റ്റിയാനയുടേയും അവരുടെ നാലു മക്കൾ മാത്യു, സാമുവൽ, ജോസഫ്, ജെയിംസ് എന്നിവരുടേയും തീർഥാടനത്തിന്റെ കഥയാണ്. ആ യാത്രയിൽ അവർക്കൊപ്പം ദയ (Mercy) എന്നു പേരുള്ള അയൽക്കാരിയും ഉണ്ടായിരുന്നു. ഒന്നാം ഭാഗത്തിന്റെയത്രത്തോളം ഉദ്വേഗജനകമല്ലെങ്കിലും, ക്രിസ്റ്റിയാനയുടെയും മക്കളുടേയും തീർഥാടനത്തിന്റെ കഥയും അതീവ ഹൃദ്യമാണ്.
പിൽഗ്രിംസ് പ്രോഗ്രസിന്റെ മലയാള പരിഭാഷകൾ
തിരുത്തുക- സഞ്ചാരിയുടെ പ്രയാണം (1847) - വിവ: റവ. സി. മുള്ളർ / റവ. പി. ചന്ദ്രൻ.[5][6]
- പരദേശി മോക്ഷയാത്ര (1847) - വിവ: ആർച്ച് ഡീക്കൻ കോശി / റവ. ജോസഫ് പീറ്റ്.[6][7]
- തീർത്ഥാടകന്റെ വഴി
അവലംബം
തിരുത്തുക- ↑ ജോൺ.ഡബ്ല്യൂ.കസിൻ. "A Short Biographical Dictionary of English Literature". എബൗട്ട്.കോം.
Pilgrim's Progress, probably the most widely read book in the English language, and one which has been translated into more tongues than any book except the Bible
{{cite web}}
: Cite has empty unknown parameters:|accessyear=
,|month=
,|accessmonthday=
, and|coauthors=
(help) - ↑ The Pilgrim's Progress(Penguin English Library, 1983-ലെ പതിപ്പ്
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-10-26. Retrieved 2009-10-26.
- ↑ http://links.jstor.org/sici?sici=0030-8129(195706)72%3A3%3C520%3ASBAP%3E2.0.CO%3B2-R
- ↑ എസ്. ഗുപ്തൻനായർ (2001). "ഗുണ്ടർട്ടും (1814-1893) മലയാള ഭാഷയും". ഗദ്യം പിന്നിട്ട വഴികൾ. കോട്ടയം: ഡി. സി. ബുക്സ്. pp. 41, 42.
- ↑ 6.0 6.1 Dr. ജോർജ് ഇരുമ്പയം (1982). "ആദ്യത്തെ മലയാളനോവൽ". ആദ്യകാല മലയാള നോവൽ (2010 ed.). കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘം. pp. 14, 15.
- ↑ വിജയൻ കോടഞ്ചേരി (2007). "അധിനിവേശത്തിന്റെ അരികുവൽക്കരണം". പുല്ലേലിക്കുഞ്ചു (2010 ed.). കോട്ടയം: പാപ്പിറസ് ബുക്സ്. pp. 6, 7.
കുറിപ്പുകൾ
തിരുത്തുക- ^ A seventeenth century Calvinist sat down to write a tract (ലഘുലേഖ, പ്രചാരണകൃതി) and produced a folk-epic of the universal religious imagination. പിൽഗ്രിംസ് പ്രോഗ്രസിന്റെ 1985-ലെ പെൻഗ്വിൻ പതിപ്പിനെഴുതിയ അവതാരികയിൽ റോജർ ഷാരോക്ക്