എസ്. ഗുപ്തൻ നായർ
മലയാള സാഹിത്യത്തിലെ പ്രമുഖവിമർശകനും, പ്രഭാഷകനും, നിഘണ്ടുകാരനും, അദ്ധ്യാപകനും ആയിരുന്നു എസ്. ഗുപ്തൻ നായർ (ഓഗസ്റ്റ് 22 1919 - ഫെബ്രുവരി 7 2006). ദീർഘകാലം കലാശാലാ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം രാഷ്ട്രീയ മേഖലയിലെ അപചയങ്ങൾക്കെതിരെ നില കൊണ്ടു. വിദ്യാലയങ്ങളിലെ രാഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യം മുൻ നിർത്തി രൂപീകരിച്ച വിദ്യാഭ്യാസ സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷനായി പ്രവർത്തിച്ചു. 35-ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്[1]. എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
എസ്. ഗുപ്തൻ നായർ | |
---|---|
ജനനം | 1919 ഓഗസ്റ്റ് 22 |
മരണം | 2006 ഫെബ്രുവരി 6 (വയസ്സ് 86) |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | ഉപന്യാസകൻ |
ജീവിതപങ്കാളി(കൾ) | ഭാഗീരഥിയമ്മ |
കുട്ടികൾ | ലക്ഷ്മി, എം.ജി. ശശിഭൂഷൺ, സുധാ ഹരികുമാർ |
മാതാപിതാക്ക(ൾ) | ഒളശ്ശ ശങ്കരപിള്ള, ശങ്കരിയമ്മ |
ജീവിതരേഖ
തിരുത്തുക1919 ഓഗസ്റ്റ് 22-ന് കൊല്ലം ജില്ലയിലെ ഓച്ചിറയിൽ അപൂർവ്വ വൈദ്യൻ എന്നുവിശേഷിപ്പിക്കപ്പെട്ട ഒളശ്ശ ശങ്കരപിള്ളയുടെയും മേമനയിലെ ചെങ്ങാലപ്പള്ളി വീട്ടിൽ ശങ്കരിയമ്മയുടെയും മകനായി ഗുപ്തൻ നായർ ജനിച്ചു[2]. 1941 തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബി.എ ഓണേഴ്‌സ് രണ്ടാം റാങ്കോടെ ജയിച്ച ഗുപ്തൻ നായർ 1945-ൽ അതേ കലാലയത്തിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു[3]. 1958-ൽ തലശ്ശേരി ബ്രണ്ണൻ കോളേജിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. തുടർന്ന് പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു.കാലിക്കറ്റ് സർവ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ തലവനായി ഔദ്യോഗിക ജീവിതത്തിൽ നിന്നു 1978-ൽ വിരമിക്കുകയും ചെയ്തു. തുടർന്ന് കേരള സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു[2] ശ്രീ ചിത്ര ഗ്രന്ഥശാല, മാർഗി, തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനത്ത് പ്രവർത്തിച്ചു. 'മലയാളി', ഗ്രന്ഥാലോകം, വിജ്ഞാന കൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ ആയിരുന്നു. 1983 മുതൽ 1984 വരെ സാഹിത്യ പ്രവർത്തക സഹകരണ സംഘം , 1984 മുതൽ 1988 വരെ കേരള സാഹിത്യ അക്കാദമി എന്നിവയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്[2][3]. ഭാര്യ: ഭാഗീരഥിയമ്മ, മക്കൾ: ലക്ഷ്മി, ചരിത്രകാരൻ എം.ജി. ശശിഭൂഷൺ, സുധാ ഹരികുമാർ.[2] ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് 2006 ജനുവരി 5-ന് തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗുപ്തൻ നായർ അവിടെ വച്ച് ഫെബ്രുവരി 6-ന് രാവിലെ പത്തുമണിയോടെ 86-ആമത്തെ വയസ്സിൽ അന്തരിച്ചു[4]. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പേരൂർക്കട വിശ്വഭാരതിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
കൃതികൾ
തിരുത്തുകസാഹിത്യവിദ്യാർത്ഥികൾക്ക് പാഠപുസ്തകമായി ആക്കാൻ യോഗ്യമായ വിധത്തിൽ ലളിതവും സുഗ്രഹവുമായവയാണ് അദ്ദേഹതിന്റെ രചനകൾ.
- ആധുനിക സാഹിത്യം
- ക്രാന്ത ദർശികൾ
- ഇസങ്ങൾക്കപ്പുറം
- കാവ്യസ്വരൂപം
- തിരയും ചുഴിയും
- തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ
- സൃഷ്ടിയും സ്രഷ്ടാവും
- അസ്ഥിയുടെ പൂക്കൾ
- ചങ്ങമ്പുഴ -കവിയും മനുഷ്യനും
- കേസരിയുടെ വിമർശനം
- സമാലോചനയും പുനരാലോചനയും
- ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശിൽപികൾ
- തുളുമ്പും നിറകുടം
- കൺസൈസ് ഇംഗ്ലീഷ് - മലയാളം ഡിക്ഷണറി
- വിവേകാനന്ദ സൂക്തങ്ങൾ
- കേരളവും സംഗീതവും
- ഗുപ്തൻ നായരുടെ ലേഖനങ്ങൾ
- അമൃതസ്മൃതി
- മനസാസ്മരാമി (ആത്മകഥ)
- Ramayana samgragam
ലഭിച്ച പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
- കേരള സാഹിത്യ അക്കാഡമി അവാർഡ്
- എഴുത്തച്ഛൻ പുരസ്കാരം
- വള്ളത്തോൾ പുരസ്കാരം
- വയലാർ അവാർഡ്
- ലളിതാംബിക അന്തർജ്ജനം അവാർഡ്
- ശങ്കര നാരായണൻ തമ്പി അവാർഡ്
- സി.വി. രാമൻ പിള്ള അവാർഡ്
- ജി. അവാർഡ്
- പി. എൻ പണിക്കർ അവാർഡ്
ഗുപ്തൻ നായർ അവാർഡ്
തിരുത്തുകഗുപ്തൻ നായർ ഫൗണ്ടേഷൻ അദ്ദേഹത്തിന്റെ പേരിൽ എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. എം. ലീലാവതി, അമ്പലപ്പുഴ രാമവർമ്മ, സുകുമാർ അഴീക്കോട്, ഒ.എൻ.വി. കുറുപ്പ്, എം കെ സാനു, ഹൃദയകുമാരി എന്നിവർ ഈ അവാർഡിനു ഇതിനകം അർഹരായിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ http://medlibrary.org/medwiki/S._Gupthan_Nair[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 2.2 2.3 "മനസാ സ്മരാമി!". ജന്മഭൂമി ഓൺലൈൻ. Archived from the original on 2016-03-04. Retrieved 2009-08-24.
- ↑ 3.0 3.1 "Guptan Nair dead". The Hindu. Archived from the original on 2006-08-27. Retrieved 2009-08-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2010-12-25.