തച്ചമ്പാറ ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Thachampara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമപഞ്ചായത്താണു തച്ചമ്പാറ. 1979-ൽ കരിമ്പ, കാരാകുറിശ്ശി, പൊറ്റശ്ശേരി എന്നീ പഞ്ചായത്തുകളുടെ ഭാഗങ്ങൾ സംയോജിപ്പിച്ചുകൊണ്ട് രൂപവത്കരിച്ച തച്ചമ്പാറ ഗ്രാമ പഞ്ചായത്തിന് 53.57 ച.കി.മീ. വിസ്തീർണമുണ്ട്. തച്ചമ്പാറ പഞ്ചായത്തിൽ 15 വാർഡുകൾ ആണ്. പ്രധാന വിളകളായ റബ്ബർ, കുരുമുളക്, നാളികേരം എന്നിവയ്ക്കു പുറമേ നെല്ല്, കവുങ്ങ്, വാഴ, കശുമാവ് തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കുളങ്ങളും കിണറുകളുമാണ് മുഖ്യ ജലസ്രോതസ്സുകൾ. കാഞ്ഞിരപ്പുഴ ഡാമിന്റെ പ്രധാന ജലസ്രോതസ്സായ പാലക്കയം പുഴ ഈ പഞ്ചായത്തിലാണ്. ചൂരിയോട് പുഴ പാലം മുതൽ മാച്ചാംതോട് തോട്ടു പാലം വരെ ദേശീയപാത 213 (പഴയ കോഴിക്കോട് മദിരാശി ട്രങ്ക് റോഡ്) ഈ പഞ്ചായത്തിലാണ്. ആദ്യകാലം മുതൽക്കുതന്നെ കല, സംസ്കാരം, വിദ്യാഭ്യാസം മുതലായവകളിൽ തത്പരരായിരുന്ന പ്രഗല്ഭർ ഉണ്ടായിരുന്നു. പ്രമുഖ വിദ്യാലയം തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്ക്കൂൾ ആണ്. അതുപോലെ വളരെ പഴക്കമേറിയ ഒരു ആശുപത്രി ദീനബന്ധുവാണ്. ഇപ്പോഴിത് ഇസാഫ് ഹോസ്പിറ്റൽ എന്നറിയപ്പെടുന്നു. കലാ ബന്ധു എന്ന പേരിലൊരു സിനിമാ തീയ്യറ്ററും മുൻപിവിടെ ഉണ്ടായിരുന്നു.പ്രാഥമികാരോഗ്യകേന്ദ്രം, ആയുർവേദ ഡിസ്പെൻസറി, കൃഷിഭവന്, ഫോറസ്റ്റ് ഓഫീസ്, ടെലിഫോൺ എക്സ്ചേയ്ഞ്ച്, വില്ലേജ് ഓഫീസ്, മൃഗാശുപത്രി പോസ്റ്റ് ഓഫീസുകൾ എന്നിവയാണ് പ്രധാന സർക്കാർ സ്ഥാപനങ്ങൾ.

തച്ചമ്പാറ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°58′20″N 76°31′55″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപാലക്കാട് ജില്ല
വാർഡുകൾചൂരിയോട്, കൂറ്റന്പാടം, മുണ്ടന്പലം, പിച്ചളമുണ്ട, വളഞ്ഞപാലം, കോഴിയോട്, ഇരുന്പാമുട്ടി, വാക്കോടൻ, പാലക്കയം, ചീനിക്കപ്പാറ, തച്ചന്പാറ, നെടുമണ്ണ്, ചെന്തെണ്ട്, പൊന്നംങ്കോട്, മാട്ടം
ജനസംഖ്യ
ജനസംഖ്യ17,884 (2001) Edit this on Wikidata
പുരുഷന്മാർ• 8,698 (2001) Edit this on Wikidata
സ്ത്രീകൾ• 9,186 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.99 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221651
LSG• G090508
SEC• G09038
Map
Thachampara School

ഈ പഞ്ചായത്തിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ ഏതാണ്ട് പൂർണമായും സ്വകാര്യമേഖലയെ ആശ്രയിച്ചിരിക്കുന്നു. 3 എൽ.പി. സ്കൂളുകൾ, 2 യു.പി. സ്കൂളുകൾ, 1 ഹൈസ്കൂൾ, ഹയർ സെക്കൻഡറി, 21 അംഗൻവാടികൾ, 3 ഗ്രന്ഥശാലകൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വൻകിട വ്യവസായശാലകളൊന്നുമില്ലാത്ത ഈ പഞ്ചായത്തിൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന പല ചെറുകിട വ്യവസായ യൂണിറ്റുകളും ഉണ്ട്. ജനങ്ങളിൽ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ശേഷിക്കുന്നവരിൽ മുസ്ലീം, ക്രിസ്ത്യൻ മതവിഭാഗക്കാരും ഉൾപ്പെടുന്നു. 1950-ന്റെ മധ്യത്തിൽ ഇവിടേക്ക് വൻതോതിൽ കുടിയേറ്റമുണ്ടായി. പഞ്ചായത്തിനുള്ളിൽ 7 ക്രിസ്ത്യൻ പള്ളികളും 9 മുസ്ലീം പള്ളികളും ഉണ്ട്. മുതുകുറുശ്ശി കിരാതമൂർത്തി ക്ഷേത്രം, അയ്യപ്പൻകാവ്, ശ്രീ കുറുമ്പ കാവ് (കുന്നത്ത് കാവ്) എന്നിവ ഇവിടത്തെ പ്രധാന ഹൈന്ദവ ആരാധനാലയങ്ങളാണ്. തച്ചമ്പാറയിലെ അനുഷ്ഠാനകലാരൂപങ്ങളിൽ പൂതനും തിറയും, കാളവേല, തട്ടിന്മേൽ കൂത്ത് എന്നിവയ്ക്കാണ് പ്രാമുഖ്യം. വിശേഷാവസരങ്ങളിൽ പാഠകം, കഥകളി, ഓട്ടൻതുള്ളൽ എന്നിവയും അവതരിപ്പിക്കപ്പെടാറുണ്ട്. തച്ചമ്പാറ കുന്നത്തുകാവ് കുറുംബ ഭഗവതിക്ഷേത്രത്തിലെ (തച്ചമ്പാറ പൂരം) പ്രധാനമാണ്.

വാർഡുകൾ

തിരുത്തുക

തച്ചമ്പാറ ഗ്രാമ പഞ്ചായത്തിൽ 15 വാർഡുകളുണ്ട്. 1 ചൂരിയോട് 2 കൂറ്റമ്പാടം 3 വളഞ്ഞപ്പാലം 4 മുതുകുറുശ്ശി 5 മുണ്ടമ്പലം 6 പിച്ചളമുണ്ട 7 പാലക്കയം 8 വാക്കോടൻ 9 ഇരുമ്പാമുട്ടി 10 ചീനിക്കപ്പാറ 11 ചെന്തുണ്ട് 12 പൊന്നങ്കോട് 13 തച്ചമ്പാറ 14 നെടുമണ്ണ് 15 മാട്ടം.