ടെക്നോപാർക്ക്, തിരുവനന്തപുരം

(Technopark, Trivandrum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന ടെക്നോപാർക്ക്, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യ രംഗത്ത് ഇൻഡ്യയിലെ തന്നെ ആദ്യത്തെ വ്യാവസായിക പാർക്കാണ്. 1994ൽ പ്രവർത്തനങ്ങൾ തുടങ്ങി. കേരള സർക്കാരിന്റെ വ്യവസായവകുപ്പിനു കീഴിലുള്ള ഇലക്ട്രോണിക്സ് ടെക്നോളജി പാർക്ക്സ് കേരളയാണ് ടെക്നോപാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. നിലവിൽ,350ഓളം ഏക്കർ സ്ഥലത്തായി വ്യാപിച്ചിട്ടുള്ള ടെക്നോപാർക്കിൽ ആറ് ദശലക്ഷം ചതുരശ്രഅടി കെട്ടിട സമുച്ചയങ്ങൾ ഉണ്ട്. 250 -ഓളം വിവര സാങ്കേതിക അനുബന്ധ കമ്പനികൾ ഇവിടെ പ്രവർ‍ത്തിക്കുന്നു. 35000ഓളം പേർക്കാണ് ഇവിടെ തൊഴിലുള്ളത്. 2009-10ലെ വിറ്റുവരവ് 1800 കോടി രൂപയിലേറെയായിരുന്നു. ടെക്നോപാർക്കിൽ മുപ്പത്തയ്യായിരത്തിലധികം പ്രൊഫഷനലുകൾ ജോലി ചെയ്യുന്നു. ടെക്നോ പാർക്കിലെ ആകെ കമ്പനികളിൽ 30 ശതമാനം അമേരിക്കയിൽ നിന്നും,40 ശതമാനം യൂറോപ്പിൽ നിന്നും,അഞ്ചുശതമാനം മധ്യ-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും, 20 ശതമാനം കേരളത്തിൽ നിന്നും, ബാക്കി അഞ്ചു ശതമാനം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളതുമാണ്. ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളാണ് ഒറാക്കിൾ കോർപ്പറേഷൻ, ക്യാപ് ജെമിനി, ടാറ്റാ എലക്സി, ഐ.ടി.സി. ഇൻഫൊടെക്, ഇൻഫോസിസ്, ടാറ്റാ കൺസൾട്ടൻസി സർവീസസ്‌, യു.എസ്.ടെക്നോളജി, ഐ.ബി.എസ്.സോഫ്റ്റ് വെയർ സർവീസസ്, ട്രാവൻകൂർ അനലറ്റിക്സ്, മെക്കിൻസി & കോ, അലയൻസ് കോൺഹിൽ തുടങ്ങിയവ.

ടെക്നോപാർക്ക്, തിരുവനന്തപുരം
സർക്കാർ സ്ഥാപനം
വ്യവസായംവിവര സാങ്കേതിക വ്യവസായ പാർക്ക്
Genreഅടിസ്ഥാന സൗകര്യ ദാതാവ്
സ്ഥാപിതംജൂലൈ 1990
ആസ്ഥാനം,
പ്രധാന വ്യക്തി
കെ. ജി. ഗിരീഷ് ബാബു, സി.ഇ.ഒ
എം. വാസുദേവൻ, സീനിയർ മാനേജർ
ഉടമസ്ഥൻകേരള സർക്കാർ
ജീവനക്കാരുടെ എണ്ണം
35,000
വെബ്സൈറ്റ്www.technopark.org
ടെക്നോപാർക്ക് ഒരു കെട്ടിടം(ഭവാനി)

സ്വയംതൊഴിൽ സംരംഭങ്ങളെ പ്രോൽ‍സാഹിപ്പിക്കുക, കൂടുതൽ തൊഴിൽദാതാക്കളെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ, കേരള സർക്കാർ തുടങ്ങിയതാണ് ടെക്നോപാർക്ക്. 1991ൽ ഭാരത സർക്കാർ തുടങ്ങിവച്ച സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളും, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ ആഗോള സോഫ്റ്റ്‌വേർ രംഗത്ത് പെട്ടെന്നുണ്ടായ വളർച്ചയും, ടെക്നോപാർക്കിന്റെ വളർച്ചയ്ക്കു ചെറുതല്ലാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. കേരളത്തിന്റെ വിവരസാങ്കേതിക വിദ്യാരംഗത്തെ കയറ്റുമതിയുടെ എഴുപതു ശതമാനത്തിലധികം ടെക്നോപാർക്കിൽ നിന്നാണ്. [1] [2]

ചരിത്രവും ലക്ഷ്യവും

തിരുത്തുക

കെ.പി.പി. നമ്പ്യാർ എന്ന ഇലക്ട്രോണിക്സ് വിദഗ്ദ്ധനാണ് ടെക്നോപാർക്ക് എന്ന ആശയം രൂപപ്പെടുത്തുന്നത്. 1990 ജൂലൈ മാസത്തിൽ മുഖ്യമന്ത്രിയായ ഇ. കെ. നായനാരും വ്യവസായമന്ത്രിയായ കെ.ആർ. ഗൗരിയമ്മയും പിന്തുണ നൽകിയതോടെ ടെക്നോപാർക്ക് എന്ന ആശയം കേരള സർക്കാർ നേതൃത്വത്തിൽ മുന്നോട്ട് പോകുകയാണൂണ്ടായത്. [3] വിവര സാങ്കേതിക മന്ത്രാലയത്തിനു കീഴിൽ ഒരു സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കുന്ന കേരള ഇലക്ട്രോണിക്സ് ടെക്നോളജി പാർക്കിന്റെ നേതൃത്വത്തിലാണ് ടെക്നോപാർക്കിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഉന്നത സാങ്കേതിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക, അത്തരം കമ്പനികൾക്ക് വികസിക്കുവാനാവശ്യമായ സഹായ സഹകരണങ്ങൾ നൽകുക എന്നിവയായിരുന്നു പ്രാഥമിക ലക്ഷ്യങ്ങൾ. "സാങ്കേതിക വ്യവസായ സംരംഭങ്ങളെ സ്വാഭാവികമായ രീതിയിൽ മൽസരക്ഷമതയുള്ളവയും വിജയകരവുമാക്കുന്നതിനായി, സാധ്യമായ, ഉത്തമ സാഹചര്യങ്ങളെയും സേവനങ്ങളേയും, സുനിശ്ചിതമായ സേവന ഗുണമേന്മയോടെ നൽകുക, വ്യവസായ മേഖല, ഭരണകൂടം, വിദ്യാഭ്യാസ മേഖല എന്നിവയുടെ പരസ്പരപൂരകമായ ബന്ധങ്ങളിലൂടെ, നിരന്തരമായ മെച്ചപ്പെടുത്തലുകളിലൂടെയും നവീകരിക്കലുകളിലൂടെയും പ്രാദേശിക വികസനം സാധ്യമാക്കുക"[4] എന്നതായിരുന്നു ടെക്നോപാർക്കിന്റെ പ്രഖ്യാപിത ലക്ഷ്യം.

1991 മാർച്ച് 31-ന് വ്യവസായ മന്ത്രി കെ.ആർ. ഗൗരിയമ്മയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഇ.കെ. നായനാർ ടെക്നോപാർക്കിന്റെ തറക്കല്ലിട്ടു.

1991 ജൂലൈ 31 ന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ, ടെക്നോപാർക്കിലെ ആദ്യത്തെ കെട്ടിടത്തിന്റെ തറക്കല്ലിട്ടു. പ്രശസ്തനായ സാങ്കേതികവിദഗ്ദ്ധനായ കെ.പി.പി നമ്പ്യാരായിരുന്നു ആദ്യത്തെ ചെയർമാൻ. ജി. വിജയരാഘവൻ ആയിരുന്നു ആദ്യത്തെ സി ഇ ഒ. 1995 നവംബർ മാസത്തിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹ റാവു ടെക്നോപാർക്കിനെ രാഷ്ട്രത്തിനു സമർപ്പിച്ചു.[5]

ഈ കാലഘട്ടത്തിൽ വ്യവസായിക മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയും ആ സമയത്തെ പ്ലാനിംഗ് കമ്മീഷൻ ചെയർമാനായിരുന്ന കെ. ചന്ദ്രശേഖരനുമാണ് ടെക്നോപാർക്കിനെ ഉന്നതിയിലേത്തിക്കുന്നതിന് കൂടുതൽ സംഭാവനകൾ നൽകിയത്. അന്നുമുതൽ ഇന്നു വരെ ടെക്നോപാർക്ക് വലിപ്പത്തിലും ജീവനക്കാരുടെ എണ്ണത്തിലും അവിരാമമായി വളർന്നു കൊണ്ടിരിക്കുകയാണ്. ആദ്യ കാലത്ത് പാർക്ക് സെന്റർ, പമ്പ, പെരിയാർ എന്നീ കെട്ടിടങ്ങളായിരുന്നു ടെക്നോപാർക്കിൽ ഉണ്ടായിരുന്നത്. പിന്നീട്, നിള, ഗായത്രി, ഭവാനി, തേജസ്വിനി എന്നീ കെട്ടിടങ്ങളും ടെക്നോപാർക്കിന്റെതായി ഉണ്ടായി. രണ്ടാമത്തെ സി ഇ ഒ കെ.ജി സതീഷ് കുമാർ ആയിരുന്നു.

അടിസ്ഥാന സൗകര്യങ്ങൾ

തിരുത്തുക

ടെക്നോപാർക്ക് സി.ഇ.ഓ. യുടേതടക്കമുള്ള ഭരണകാര്യാലയങ്ങൾ പ്രവർത്തിക്കുന്നതു പാർക് സെന്ററിലാണ്. സോഫ്റ്റ്‌വേർ ഉല്പാദനത്തിനു വേണ്ടി റ്റെക്നോപാർക്കിനുള്ളിൽ അനവധി കെട്ടിടങ്ങളുണ്ട്. കേരളത്തിലെ നദികളുടെ പേരിട്ടിരിക്കുന്ന കെട്ടിടങ്ങളായ പമ്പ, പെരിയാർ, നിള, ചന്ദ്രഗിരി, ഗായത്രി, ഭവാനി, തേജസ്വിനി എന്നിവ ടെക്നോപാർക്കിന്റെ അധീനതയിലുള്ളതാണ്. ആറു ലക്ഷം ചതുരശ്ര അടിയിൽ നിർമ്മാണം പൂർത്തിയായ, ഏഴാമത്തെ കെട്ടിടമായ തേജസ്വിനി 2006 ഒക്ടോബറിൽ പ്രവർത്തന സജ്ജമായി. കൂടാതെ ഐ ബി എസ്സ് ക്യാമ്പസ്സ്, പത്മനാഭം എം ടി എഫ്, ആംസ്റ്റർ ഹൗസ്, എം-സ്ക്വയേഡ്, റ്റാറ്റാ എൽക്സൈ നെയ്യാർ, ലീല ഇൻഫോപാർക്ക്, ലീല, ടി സി എസ്സ് പീപൽ പാർക്ക്, സി-ഡാക്, ഇൻഫോസിസ്, ടി സി എസ്സ്, നെസ്റ്റ് എന്നീ കമ്പനികളുടെ സ്വകാര്യ കെട്ടിടങ്ങൾ, ഐ ഐ ഐ ടി എം കെ എന്ന പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്വന്തം കെട്ടിടം, നിർമ്മാണം പുരോഗമിക്കുന്ന ഇൻഫോസിസ്, ടി സി എസ്സ്, യു എസ് ടി ഗ്ലോബൽ എന്നീ കമ്പനികളുടെ പുതിയ കെട്ടിടങ്ങൾ എന്നിവ ടെക്നൊപാർക്ക് ക്യാമ്പസ്സിലുണ്ട് . ടെക്നോപാർക്കിലേയ്ക്കുള്ള വൈദ്യുതി ആവശ്യങ്ങൾക്കായി, ഒരു 30 മെഗാവാട്ട് , 110 KV സബ്സ്റ്റേഷൻ ക്യാമ്പസിനോടു ചേർന്നു പ്രവർത്തിക്കുന്നു. അനുബന്ധ സൗകര്യങ്ങൾക്കായി, ടെക്നൊപാർക്ക് വിഭവ കേന്ദ്രം, ടെക്നോപാർക്ക് ക്ലബ്, ഓജസ്സ് ആരോഗ്യ കേന്ദ്രം, അതിഥി മന്ദിരം, പ്രദർശന ഹാൾ, കൺവെൻഷൻ സൗകര്യങ്ങൾ, കോൺഫെറൻസ് ഹാളുകൾ, ലൈബ്രറി, ആംഭി തീയേറ്റർ, ടെക്നോമാൾ, നിരവധി ബാങ്കുകൾ, ഗതാഗത സൗകര്യങ്ങൾ, ആംബുലൻസ് സൗകര്യം, ഭക്ഷണ കേന്ദ്രങ്ങൾ, ടെക് ഫാർമസി, മൊബൈൽ സേവന ദാതാക്കളുടെ സേവന കേന്ദ്രങ്ങൾ, എ ടി എം സൗകര്യങ്ങൾ, പൗര സേവന (അക്ഷയ)കേന്ദ്രം, നിരവധി വ്യാപാര കേന്ദ്രങ്ങൾ എന്നിവയുണ്ട്.

ടെക്നോപാർക്കിലെ കെട്ടിടങ്ങളുടെ വിശദാംശങ്ങൾ[6]
പേര് നിലകളുടെ എണ്ണം ആകെ വിസ്തീർണ്ണം
(ആയിരം ചതുരശ്ര അടിയിൽ)
ലിഫ്റ്റുകളുടെ എണ്ണം ജനറേറ്റർ സൗകര്യം
പമ്പ 4 60 ഇല്ല 50%
പെരിയാർ 4 60 ഇല്ല 50%
ചന്ദ്രഗിരി 4 57 2 100%
ഗായത്രി 3 129 4 100%
നിള 7 400 6 50%
ഭവാനി 6 480[7] 6 100%
തേജസ്വിനി 12 850[8] 8 100%
ടി സി എസ്സ് പീപ്പൽ പാർക്ക് 4 to 5 325[9] ബാധകമല്ല 100%
ടാറ്റ എൽക്സൈ നെയ്യാർ 4 100 2 100%
ഐ ബി എസ്സ് ക്യാമ്പസ് 4 to 10 450[10] 2 100%
ലീല ഇൻഫോ പാർക്ക് 14 460[11] ബാധകമല്ല 100%
ബാധകമല്ല എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് വിവരങ്ങൾ ലഭ്യമല്ല എന്നാണ്
10 ചതുരശ്ര അടി =~1 ചതുരശ്ര മീറ്റർ.
 
ഭവാനി(ഉൾവശം)

നിലകളുടെ എണ്ണം:6, വിസ്തീർണ്ണം:3,30,000 ചതുരശ്ര അടി(6 X 55,000),ഇരുപതു പേർക്കു വീതം കയറാവുന്ന നാലു ലിഫ്റ്റുകൾ, സാധന സാമഗ്രികൾ കൊണ്ടു പോകുന്നതിനു വേണ്ടിയുള്ള 2 ലിഫ്റ്റുകൾ, 500 കെ വി എ പവറുള്ള 4 ജനറേറ്റർ, 100% കരുതൽ വൈദ്യുതി.

ഈ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെ ടെക്നോപാർക് ഇൻഡ്യയിലെ ഏറ്റവും വലുതും, ഏഷ്യയിലെ മൂന്നാമത്തെ വലിയതുമായ സോഫ്റ്റ്‌വേർ പാർക്കായി.

ഗായത്രി

തിരുത്തുക

നിലകളുടെ എണ്ണം:3, വിസ്തീർണ്ണം:1,29,000 ചതുരശ്ര അടി(43000 X 3), പതിനാറു പേർക്കു വീതം കയറാവുന്ന രണ്ടു ലിഫ്റ്റുകൾ, സാധന സാമഗ്രികൾ കൊണ്ടു പോകുന്നതിനു വേണ്ടിയുള്ള 2 ലിഫ്റ്റുകൾ, 500 കെ വി എ പവറുള്ള 2 ജെനറേറ്റർ, 100% കരുതൽ വൈദ്യുതി.

ചന്ദ്രഗിരി

തിരുത്തുക

വിസ്തീർണ്ണം: 57000 ചതുരശ്ര അടി, പത്തു പേർക്കു കയറാവുന്ന ഒരു ലിഫ്റ്റ്, സാധന സാമഗ്രികൾ കൊണ്ടു പോകുന്നതിനു വേണ്ടിയുള്ള ഒരു ലിഫ്റ്റ്, 100% കരുതൽ വൈദ്യുതി.

 
നിള കെട്ടിടത്തിന്റെ ഒന്നാം നില.

നിലകളുടേ എണ്ണം:7, വിസ്തീർണ്ണം:4,00,000 ചതുരശ്ര അടി, 50% കരുതൽ വൈദ്യുതി. 126 ഓഫീസ് മോഡ്യൂളുകൾ, നാലു ഭക്ഷണ ശാലകൾ (ഒരു ലഘു പാനീയ കേന്ദ്രം ഉൾപ്പെടെ). നിള കെട്ടിടത്തിനു ചുറ്റുമായി മേൽക്കൂരയുള്ളതും അല്ലാത്തതുമായ പാർക്കിങ്ങ് സൗകര്യങ്ങൾ ലഭ്യമാണ്. ജീവനക്കാർക്കായുള്ള നാലു ലിഫ്റ്റുകളും ഒരു കാർഗോ ലിഫ്റ്റും, കേന്ദ്രീകൃത അഗ്നി ശമന സംവിധാനങ്ങളും, പൊതു സംരക്ഷണ സേനാംഗങ്ങളും ഇവിടെ ലഭ്യമാണ്. നിളയിലെ ആകെയുള്ള അഞ്ച്‌ ഭക്ഷണശാലകളിൽ രണ്ടെണ്ണം ഒന്നാം നിലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇതിന്റെ നടുവിലായി പിരമിഡ്‌ ആകൃതിയിലുള്ള ഗ്ലാസ്‌ നിർമ്മിതി; താഴത്തെ നിലയിലേക്ക്‌ സൂര്യപ്രകാശം കടക്കാനായി രൂപകൽപന ചെയ്തതാണ്‌.

പമ്പ & പെരിയാർ

തിരുത്തുക

നിലകളുടെ എണ്ണം:4 വീതം, വിസ്തീർണ്ണം:60,000 ചതുരശ്ര അടി വീതം, 50% കരുതൽ വൈദ്യുതി.

തേജസ്വിനി

തിരുത്തുക

ടെക്നോപാർക്കിൽ നിർമ്മിച്ച ഏഴാമത്തെ കെട്ടിടമാണ് തേജസ്വിനി. 2007 ഫെബ്രുവരി 22 ന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ ആണ് ഈ കെട്ടിടം രാജ്യത്തിന് സമർപ്പിച്ചത്. തേജസ്വിനി, കേരള സംസ്ഥാനത്തിലെ ഏറ്റവും ബൃഹത്തായ ഓഫീസ് സമുച്ചയമാണ്. 12 നിലകൾ ആണ് കെട്ടിടത്തിനുള്ളത്. നാലെണ്ണം ഭൂനിരപ്പിനു താഴെയാണ്. ബേസ്‌മെന്റ് നിലകളിൽ 524 കാറുകൾ പാർക്കു ചെയ്യുവാനുള്ള സൗകര്യമുണ്ട്. പൂർണ്ണമായും ഓഫീസ് സൗകര്യങ്ങളുള്ള ഏഴു നിലകളും (-1, 0 മുതൽ 6 വരെ), ഭാഗികമായി ഓഫീസ് സൗകര്യമുള്ള രണ്ട് നിലകളും (-1 & 7) കെട്ടിടത്തിലുണ്ട്. ഏറ്റവും താഴെയായി നൂറുകണക്കിനു കാറുകൾ പാർക്ക് ചെയ്യാവുന്ന ഒരു മുറ്റവുമുണ്ട്. ഏറ്റവും മുകളിലത്തെ നിലയിൽ ഒരു ഭക്ഷണാങ്കണം(food court) പ്രവർത്തിക്കുന്നുണ്ട്. ചിക്കിങ്ങ്, സബ് വേ, ഡൊമിനോസ് പിസ്സ, അമുൽ ഷോപ്പ്, പാഷൻ ഫ്രൂട്ട്, ബാവർച്ചി, സീറോ ഡിഗ്രി, സെയിന്റ് മൈക്കൽ, ഐ വോണ്ട് ഡയറ്റ് തുടങ്ങി ഒട്ടനവധി ഭക്ഷണശാലകൾ ഇവിടെയുണ്ട്. ജീവനക്കാർക്കുള്ള ആറു ലിഫ്റ്റുകളും രണ്ട് യാത്രിക-ചരക്കു ഗതാഗത ലിഫ്റ്റുകളും ഇവിടെയുണ്ട്. ഭൂനിരപ്പിലെ നിലയിൽ (0), നിരവധി എ ടി എമ്മുകൾ, മൊബൈൽ സേവന കേന്ദ്രങ്ങൾ, ഫാർമസി, മറ്റു കച്ചവട സ്ഥാപനങ്ങൾ എന്നിവയുണ്ട്. മുപ്പത്തി ഒൻപത് കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്[12]

റ്റി സി എസ് പീപ്പൽ പാർക് (TCS Peepul Park)

തിരുത്തുക

ഇൻഡ്യയിലെ ഒന്നാം നിരയിലുള്ള സോഫ്റ്റ്‌വേർ കമ്പനിയായ, റ്റി.സി.എസിന്റെ പരിശീലന വിഭാഗം ഇവിടെ പ്രവർത്തിക്കുന്നു. 1500 ജോലിക്കാരെ ഒരേ സമയം പരിശീലിപ്പിക്കാൻ ഇവിടെ സൗകര്യം ഉണ്ട്.

സാംസ്കാരിക സാമൂഹ്യ മേഖല

തിരുത്തുക

ടെക്നോപാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി സാമൂഹ്യ / സാംസ്കാരിക സംഘടനകളുണ്ട്. ടെക്നോപാർക്കിലെ കമ്പനികളുടെ സംഘടനയായ ജി ടെക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച "നടന"[13] ഇതിൽ പ്രധാനമാണ്. "പ്രതിധ്വനി"[14] എന്ന മറ്റൊരു സംഘടനയും വളരെ സജീവമാണ്. പ്രൊഫഷണൽ കൂട്ടായ്മകളായ പി എം ഐ ചാപ്റ്റർ[15], സ്പിൻ എന്നിവയും, ടെക്നോപാർക്ക് അഡ്വെഞ്ചർ ക്ലബ്ബും സ്ഥിരമായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇതു കൂടാതെ ഓരോ കമ്പനികളുടേതായ സാംസ്കാരിക സംഘടനകളും പ്രവർത്തനങ്ങളും ടെക്നോപാർക്കിനകത്തുണ്ട്. യു എസ്സ് ടി ഗ്ലോബൽ സംഘടിപ്പിക്കുന്ന "ഗ്രന്ഥ", "ബൈലാമോസ്" എന്നീ വാർഷിക പരിപാടികൾ, ഐ ബി എസ്സിന്റെ "റിവൽ", വിവിധ കമ്പനികളുടെ ഓണം-ക്രിസ്തുമസ്സ്-ന്യൂ ഇയർ ആഘോഷ പരിപാടികൾ എന്നിവ പ്രത്യേക പരാമർശം അർഹിക്കുന്നു. ഒട്ടനവധി "രക്തദാന ഗ്രൂപ്പുകളും", അനവധി ചാരിറ്റി സംഘങ്ങളും, തീയേറ്റർ - ഡാൻസ് സംഘങ്ങളും പാർക്കിനുള്ളിൽ പ്രവർത്തിക്കുന്നു. സംഗീത ബാൻഡുകളും ടെക്നോപാർക്കിനകത്തുണ്ട്.

ടെക് എ ബ്രേക്ക്

തിരുത്തുക

വർഷം തോറും ടെക്നോപാർക്കിനുള്ളിൽ നടത്തി വരുന്ന ഒരു ഉൽസവമാണ് ടെക് എ ബ്രേക്ക്[16]. വിവിധ കമ്പനികളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന കലാ കായിക മൽസരങ്ങൾ, പ്രദർശനങ്ങൾ, ഘോഷയാത്ര[17], കലാപരിപാടികൾ എന്നിവ ടെക് എ ബ്രേക്കിലുണ്ടാകും.

ടെക്നോ പാർക്ക് ക്ലബ്ബ്

തിരുത്തുക

ടെക്നോപാർക്ക് ക്ലബ്ബ്, കായിക മേഖലയിൽ വളരെ സജീവമാണ്. വാർഷിക ആഘോഷ പരിപാടികൾ, ഇന്റർ കമ്പനി കായിക മൽസരങ്ങൾ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്. ആധുനിക സൗകര്യങ്ങളുള്ള കളിസ്ഥലങ്ങൾ, നീന്തൽക്കുളം, ഹെൽത്ത് ക്ലബ്ബ്, ഒരു ഭക്ഷണ ശാല എന്നിവ ടെക്നോപാർക്ക് ക്ലബ്ബിനുള്ളിലുണ്ട്.[18]

യാത്രാ സൗകര്യങ്ങൾ

തിരുത്തുക
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (ഏതാണ്ട് 14 കിലോമീറ്റർ അകലെ).
  • ഏറ്റവും അടുത്തുള്ള പട്ടണം : കഴക്കൂട്ടം (2 കിലോമീറ്റർ അകലെ).
    • കഴക്കൂട്ടത്തു നിന്ന് ടെക്നോപാർക്കിലേക്ക് ബസ്സ് / ടാക്സി (കാർ, ഓട്ടോറിക്ഷ) സൗകര്യം ലഭ്യമാണ്.
    • ടെക്നോപാർക്ക് നടത്തുന്ന ടെക് എക്സ്‌പ്രസ്സ് ബസ് സേവനം കഴക്കൂട്ടം - കാര്യവട്ടം വഴി നിശ്ചിത ഇടവേളകളിൽ ലഭ്യമാണ്.
    • തിരുവനന്തപുരത്തു നിന്നും കഴക്കൂട്ടത്തു നിന്നും കെ.എസ്.ആർ.ടി.സി ബസ്സുകൾ (പ്രധാനമായും വോൾവോ ബസ്സുകൾ) ടെക്നോപാർക്കിലേക്ക് സേവനം നടത്തുന്നുണ്ട്.
    • ടെക്നോപാർക്കിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ഓട്ടോറിക്ഷാ സ്റ്റാന്റുകളുണ്ട്.
  • ഏറ്റവും അടുത്തുള്ള പ്രധാന പട്ടണം : തിരുവനന്തപുരം നഗരം (16 കിലോമീറ്റർ അകലെ).
  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ : കഴക്കൂട്ടം (2 കിലോമീറ്റർ അകലെ).
  • മറ്റു പ്രധാന റെയിൽവേ സ്റ്റേഷനുകൾ : കൊച്ചു വേളി (9 കിലോമീറ്റർ അകലെ), തിരുവനന്തപുരം സെൻട്രൽ (16 കിലോമീറ്റർ അകലെ)
  • ഏറ്റവും അടുത്തുള്ള പ്രധാന വിനോദയാത്രാ കേന്ദ്രങ്ങൾ : കോവളം (25 കിലോമീറ്റർ അകലെ), വർക്കല (40 കിലോമീറ്റർ അകലെ), പൊന്മുടി (65 കിലോമീറ്റർ അകലെ)

പുതിയ പദ്ധതികൾ

തിരുത്തുക

ക്യാമ്പസിനോടു ചേർന്നുള്ള 86 ഏക്കർ സ്ഥലംകൂടി പുതുതായി ഏറ്റെടുത്തിട്ടുണ്ട്. ഇതിൽ 50 ഏക്കർ ഇൻഫോസിസിനും ബാക്കിയുള്ള മുപ്പത്താറേക്കർ യൂ എസ് ടെക്നോളജി റിസോഴ്സസിനും നൽകി കഴിഞ്ഞു [19]. ടി.സി.എസ്. പുതുതായി തുടങ്ങുന്ന പരിശീലനകേന്ദ്രത്തിനു വേണ്ടി പതിനാലേക്കർ നൽക്കിയത് കൂടാതെ സോഫ്റ്റ്‌വേർ ഉല്പാദന കേന്ദ്രത്തിനു വേണ്ടി, മറ്റൊരു ഇരുപത്തഞ്ച് ഏക്കറും നൽകി [20]. രണ്ടു ലക്ഷം ചതുരശ്ര അടിയിൽ, ഐ.ബി.എസ്. പുതുതായി നിർമ്മിച്ച ഓഫീസിനു വേണ്ടി അഞ്ചേക്കറും [21], 1400 കോടി അമേരിക്കൻ ഡോളർ വിറ്റുവരവുള്ള റ്റാറ്റാ ഗ്രൂപ്പിന്റെ രൂപകല്പനാ വിഭാഗമായ റ്റാറ്റാ എൽക്സിക്കു വേണ്ടി മൂന്നര ഏക്കറും മാറ്റി വച്ചിരിക്കുന്നു.

എസ് റ്റി പി ഐ (സോഫ്റ്റ്‌വേർ ടെക്നോളജി പാർക് ഓഫ് ഇൻഡ്യ), ലീല ഗ്രൂപ് എന്നിവയ്ക്കും അവരുടെ സ്വന്തം കെട്ടിടങ്ങൾ പണിയാൻ സ്ഥലം ക്യാമ്പസിൽ തന്നെ അനുവദിച്ചിട്ടുണ്ട്. നാലു ലക്ഷം ചതുരശ്ര അടിയിലുള്ള ലീല ഇൻഫോപാർക്ക് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. നൂറു ബിസിനസ് ക്ലാസ് മുറികളുള്ള ഹോട്ടൽ, താജ് ഗ്രൂപ് തുടങ്ങിയതോടെ , ക്യാമ്പസിനുള്ളിൽ തന്നെ നിലവാരമുള്ളതും സൗകര്യപ്രദവുമായ താമസസൗകര്യവും സജ്ജമായി. ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിവര സാങ്കേതിക വിദ്യക്കും ഒപ്പംതന്നെ താമസ സൗകര്യങ്ങൾക്കും വേണ്ടിയുള്ള ഒരു പാർക്ക് തുടങ്ങുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും മൂന്നും ഘട്ട വികസനങ്ങൾ പൂർത്തിയാകുന്നതോടു കൂടി, 35000 ആളുകൾക്കു കൂടി തൊഴിൽ ലഭിക്കുമെന്നാണു കണക്കാക്കുന്നത്.

മൂന്നാംഘട്ട വികസന പദ്ധതി

തിരുത്തുക

92 ഏക്കർ വിസ്തൃതിയിൽ ഷോപ്പിംഗ് മാളുകൾ, കൊമേഴ്‌സ്യൽ കോംപ്ലക്‌സ്, സ്റ്റാർ ഹോട്ടൽ, മൾട്ടിപ്ലക്‌സ് സൗകര്യങ്ങൾ ഒരുക്കുന്ന മൂന്നാം ഘട്ട വികസനപ്രവർത്തനങ്ങൾ ഉടനെ പ്രവർത്തനം ആരംഭിക്കുമെന്ന് 2013 ഏപ്രിൽ മാസം ടെക്‌നോപാർക്ക് അധികൃതർ അറിയിച്ചു. ഇതിൽ ഇന്ത്യാ ഗവണ്മെന്റ് 27.5 ഏക്കർ സ്ഥലത്തിന് സെസ്സ് പദവി നൽകിയിട്ടുണ്ട്. 10 ലക്ഷം ചതുരശ്ര അടി വരുന്ന കെട്ടിടങ്ങൾ പൂർത്തീകരണത്തോട് അടുത്തു കൊണ്ടിരിക്കുന്നു. 110/11 കെ വി സബ്സ്റ്റേഷൻ, ക്യാമ്പസ്സിനുള്ളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ 7.1 ദശലക്ഷം ചതുരശ്ര അടിയിലുള്ള തിരുവനന്തപുരം ടെക്‌നോപാർക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. പാർക്കായി മാറും.[22] [23]

നാലാം ഘട്ട വികസനം (ടെക്നോസിറ്റി)

തിരുത്തുക

ടെക്നോപാർക്ക് ക്യാമ്പസ്സിൽ നിന്ന് 7 കിലോമീറ്റർ അകലെ പള്ളിപ്പുറം സി ആർ പി എഫ് ക്യാമ്പിന് സമീപത്ത് ദേശീയ പാത 66 (പഴയ എൻ എച്ച് 47)[24] ന് ഇരുവശത്തുമായി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച ടെക്നോസിറ്റി, ടെക്നോപാർക്കിന്റെ നാലാം ഘട്ട വികസന പദ്ധതിയാണ്. ഏതാണ്ട് 431 ഏക്കറിലായി വ്യാപിച്ചു കിടക്കുകയും, വ്യവസായ സാമൂഹ്യ മേഖലകളിൽ ഒരു പോലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുകയും ചെയ്യുന്ന ഒരു സംയോജിത നഗര വികസന പദ്ധതിയാണിത്. വിവര സാങ്കേതിക / വിവര സാങ്കേതികാധിഷ്ഠിത സേവന വ്യവസായങ്ങൾക്ക് ലോകോത്തരമായ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക എന്നതാണ് ടെക്നോസിറ്റിയിലൂടെ വിഭാവനം ചെയ്യുന്നത്. ഭവന പദ്ധതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭക്ഷണ ശാലകൾ, ആരോഗ്യ കേന്ദ്രങ്ങൾ, വ്യാപാര സമുച്ചയങ്ങൾ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

അടുത്ത 8-10 കൊല്ലങ്ങൾക്കുള്ളിൽ ഏതാണ്ട് 8000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് ഈ പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ, പ്രത്യേക വ്യാപാര മേഖലയിലും അല്ലാതെയുമാണ് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്.ഒരു ലക്ഷം പേർക്കോളം നേരിട്ട് തൊഴിൽ നൽകുവാൻ കഴിയും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.[25]

ടെക്നോപാർക്ക് - കൊല്ലം

തിരുത്തുക

തിരുവനന്തപുരത്തെ ടെക്നോപാർക്ക് ക്യാമ്പസിൽ നിന്ന് 63 കിലോമീറ്റർ അകലെ കൊല്ലത്തിനടുത്ത് കുണ്ടറ എന്ന സ്ഥലത്ത് ടെക്നോപാർക്കിന്റെ അനുബന്ധ സ്ഥാപനമായാണ് കൊല്ലം ടെക്നോപാർക്ക് നിലനിൽക്കുന്നത്. കാഞ്ഞിരോട് കായലിനടുത്ത് 44.46 ഏക്കർ സ്ഥലത്ത് പ്രത്യേക സാമ്പത്തിക മേഖലയിലാണ് ഈ പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. ഒരു തേർച്ചക്ര മാതൃക (hub and spoke model) യിലാണ് തിരുവനന്തപുരം - കൊല്ലം ടെക്നോപാർക്കുകൾ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത്.[26]

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "2005ൽ ടെക്നോപാർക്കിന്റെ കയറ്റുമതി 600 കോടി". ഹിന്ദു ബിസിനസ്‌ ലൈൻ. 2005-11-16. Retrieved 2006-08-14.
  2. "വിവരസാങ്കേതിക മേഖലയിലെ കയറ്റുമതിയുടെ സിംഹഭാഗവും ടെക്നോപാർക്കിൽനിന്ന്‌". ഹിന്ദു ബിസിനസ്‌ ലൈൻ. 2005-12-06. Retrieved 2006-08-14.
  3. http://news.keralakaumudi.com/beta/news.php?NewsId=TkNSUDAwNTg2OTA=&xP=Q1lC&xDT=MjAxNS0xMC0wNiAwMDowNjoyOQ==&xD=MQ==&cID=Ng==
  4. "ടെക്നോപാർക്കിന്റെ ലക്ഷ്യം". Technopark. Archived from the original on 2007-02-08. Retrieved 2007-03-06.
  5. "മുഖ്യമന്ത്രി 'തേജസ്വിനി' രാഷ്ട്രത്തിനു സമർപ്പിച്ചു". Technopark. Archived from the original on 2007-02-12. Retrieved 2007-03-06.
  6. "അടിസ്ഥാന സൗകര്യങ്ങൾ". ടെക്നോപാർക്ക്. Archived from the original on 2007-02-08. Retrieved 2007-03-06.
  7. "Technopark.org". Archived from the original on 2011-03-05. Retrieved 2013-06-12.
  8. "Technopark.org". Archived from the original on 2011-04-04. Retrieved 2013-06-12.
  9. "Vagroup.com". Archived from the original on 2011-03-26. Retrieved 2013-06-12.
  10. "Ibsplc.com" (PDF). Archived from the original (PDF) on 2011-08-12. Retrieved 2013-06-12.
  11. Siproperty.in
  12. http://www.technopark.org/companies/a-z-listing?start=20 Archived 2013-05-17 at the Wayback Machine. ടെക്നോപാർക്കിലെ കമ്പനികളുടെ പട്ടിക
  13. നടന
  14. പ്രതിധ്വനി
  15. പി എം ഐ കേരള
  16. "ടെക് എ ബ്രേക്ക്". Archived from the original on 2013-05-17. Retrieved 2013-06-12.
  17. "ടെക് എ ബ്രേക്ക് ചിത്രങ്ങൾ". Archived from the original on 2013-06-15. Retrieved 2013-06-12.
  18. "ടെക്നോപാർക്ക് ക്ലബ്". Archived from the original on 2013-05-17. Retrieved 2013-06-12.
  19. "യു. എസ്‌ ടെക്നോളജീസ്‌ ടെക്നോപാർക്കിൽ സ്വന്തമായി പുതിയ കാമ്പസ്‌ പണിയുന്നു". ഹിന്ദു ബിസിനസ്‌ ലൈൻ. 2006-02-28. Retrieved 2006-08-24.
  20. "ടി.സി.എസ്‌ ടെക്നോപാർക്കിൽ സ്വന്തമായി പുതിയ കാമ്പസ്‌ പണിയുന്നു". റീഡിഫ്‌ മണി. 2006-03-08. Retrieved 2006-08-24.
  21. "ഐ.ബി.എസ്‌ ടെക്നോപാർക്കിൽ സ്വന്തമായി പുതിയ കാമ്പസ്‌ തുറക്കുന്നു". ഹിന്ദു. 2006-05-24. Archived from the original on 2007-10-01. Retrieved 2006-08-28.
  22. "മൂന്നാംഘട്ട വികസന പദ്ധതി". Archived from the original on 2013-05-01. Retrieved 2013-04-27.
  23. "ടെക്നോപാർക്ക് മൂന്നാംഘട്ടം". Archived from the original on 2013-05-16. Retrieved 2013-06-11.
  24. "കേരള പൊതുമരാമത്ത് വകുപ്പ്". Archived from the original on 2016-08-16. Retrieved 2013-06-11.
  25. "ടെക്നോസിറ്റി". Archived from the original on 2013-05-17. Retrieved 2013-06-11.
  26. "ടെക്നോപാർക്ക് കൊല്ലം". Archived from the original on 2014-06-25. Retrieved 2013-06-11.