ഒച്ച്

ഒരു കാലുള്ള ഏക ജീവിയാണ് ഒച്ച്.
(Snail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗാസ്ട്രോപ്പോഡ എന്നറിയപ്പെടുന്ന കക്ക വർഗത്തിൽ ഉൾപ്പെടുന്നതും ഈർപ്പമുള്ള ഏതുസാഹചര്യത്തിലും ജീവിക്കുന്നതും അന്തരീക്ഷവായു ശ്വസിക്കുന്നതുമായ വിവിധയിനം മോളസ്കകൾ ഒച്ച് എന്ന പേരിൽ അറിയപ്പെടുന്നു. കരയിലും ശുദ്ധജലത്തിലും കാണപ്പെടാറുണ്ടെങ്കിലും പ്രധാനമായും ഇവ സമുദ്ര ജീവികളാണ്. വേർത്തിരിച്ചു കാണാവുന്ന തലയിൽ ഒന്നോ രണ്ടോ ജോഡി ഗ്രാഹികൾ (tentacles), ഗ്രഹികളിൽ പിന്നറ്റത്തെ ജോഡിയുടെ അഗ്രത്തായി കാണപ്പെടുന്ന കണ്ണുകൾ, പരന്ന് വിസ്തൃതവും പേശീനിർമിതവുമായ പാദം, വർത്തുളമായ പുറംതോട് (shell) എന്നിവ ഒച്ചുകളുടെ തനതായ സ്വഭാവ വിശേഷങ്ങളാകുന്നു 0.5 സെ. മീ. മുതൽ 60 സെ. മീ. വരെ വിവിധതരത്തിലുള്ള ഒച്ചുകൾ ഉണ്ട്. തലയുടെ വശത്തുനിന്ന് അല്പം പിന്നിലേക്കുമാറി പുറംതോടു കാണപ്പെടുന്നു ശരീരാവരണമായ മാന്റിൽ സ്രവിക്കുന്ന ചോക്കു പോലെയുള്ള ഒരു വസ്തുവിൽനിന്നാണ് പുറംതോടു രൂപം കൊള്ളുന്നത്. ആവശ്യമെന്നുതോന്നുമ്പോൾ ശരീരം പൂർണമായി ഇതിനുള്ളിലേക്കു വലിച്ചു കയറ്റാൻ ഒച്ചിനു കഴിയും. മിക്കവാറും എല്ലാ ഒച്ചുകളിലും തോട് വലത്തേക്കു പിരിഞ്ഞിട്ടായിരിക്കും കാണപ്പെടുന്നത്; അപൂർ‌‌വമായി ഇടത്തോട്ടു പിരിഞ്ഞവയും കാണാം.

ഒച്ച്
Temporal range: 511 Ma
അന്തരീക്ഷ വായു ശ്വസിക്കുന്ന ഒച്ച്.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Gastropoda

Cuvier, 1797

ഒച്ചുകൾ പലയിനമുണ്ട്; പൾമനേറ്റ (Pulmonata) ഗോത്രത്തിലെ അധികവും കരയിലും ശുദ്ധജലത്തിലും കഴിയുന്നവയാണ്; പ്രോസോബ്രാങ്കിയേറ്റ ഗോത്രങ്ങളാവട്ടെ മിക്കതും സമുദ്രജീവികളും. കരയിൽ ജീവിക്കുന്ന ഒച്ചുകൾക്ക് ഈർപ്പമുള്ള ചുറ്റുപാടുകൾ കൂടിയേകഴിയൂ. എന്നാൽ മരുഭൂമിയിൽ പോലും വളരെ വിജയകരമായ ജീവിതം നയിക്കുന്ന ഒച്ചുകളും ഇല്ലാതില്ല.[1]

ഒച്ചുകൾ പലവിധം

തിരുത്തുക
 
അന്തരീക്ഷ വയൂ ശ്വസിക്കുന്നയിനം, കരയിൽ ജീവിക്കുന്ന ഒച്ചിന്റെ ശരീര ഭാഗങ്ങൾ

അന്തരീക്ഷവായൂ ശ്വസിക്കുന്ന ഒച്ചുകൾ തോടിന്റെ ഒരുവശത്തായി കാണപ്പെടുന്ന ഒരു ചെറിയ സുഷിരത്തിലൂടെ വായൂ ഉള്ളിലേക്കു വലിച്ചെടുക്കുന്നു. മാന്റിലിനു താഴെയായി സ്ഥിതിചെയ്യുന്ന ശ്വസന-അറ (breathing chamber) യിലേക്കാണ് ഈ വായൂ എത്തുന്നത്. ഈ അറയ്ക്കുള്ളിൽ സ്ഥ്തിചെയ്യുന്ന ഗില്ലുകളുടെ സഹായത്തോടെ ശ്വസനം നടക്കുന്നു.

മുഖ്യമായും സസ്യഭുക്കുകളായ ഒച്ചുകളുടെ വായ്ക്കുള്ളിൽ റാഡുല എന്നു പേരുള്ള നാക്ക് കാണപ്പെടുന്നു. റിബൺപോലെയുള്ള ഈ നാക്കിൽ, കുറുകെ, വരിവരിയായി വളരെ ചെറിയ പല്ലുകൾ ഉണ്ട്. ആഹാരസാധനം ചുരണ്ടിയെടുക്കാൻ അരം‌‌പോലെയുള്ള ഈ നാക്ക് സഹായകമാകുന്നു. വായുടെ പിന്നിലാണ് ഗ്രാഹികളുടെ സ്ഥാനം. മാംസഭുക്കുകളായ ഒച്ചുകളും അപൂർ‌‌വമല്ല.

കരയിലു ശുദ്ധജലത്തിലും ജീവിക്കുന്ന മിക്കവാറും എല്ലാ ഒച്ചുകളും ഉഭയലിങ്ഗികളാകുന്നു. എന്നാൽ കടൽ ഒച്ചുകളിൽ ലിങ്ഗഭേദം ദൃശ്യമാണ്. മുട്ട ഇടുകയാണ് ഭൂരിഭാഗത്തിന്റെയും പ്രജനനമാർഗം. വലിപ്പം കൂടിയ എല്ലാ ഒച്ചുകളുടെയും മുട്ടകൾക്ക് കടുപ്പമേറിയ തോടുണ്ടായിരിക്കും. തറയിൽ കൂട്ടമായാണ് ഈ മുട്ടകൾ നിക്ഷേപിക്കപ്പെടുന്നത്. മുട്ടയ്ക്കുപകരം, കാഴ്ചയിൽ പ്രായമെത്തിയ ഒച്ചുകളെ പോലെ തന്നെയുള്ള ഒച്ചിൻ‌‌കുഞ്ഞുങ്ങൾ ജനിക്കുന്നതും അപൂർ‌‌വമല്ല.

 
ഹെലിക്സ് പൊമേഷ്യ

ഭക്ഷ്യയോഗ്യമായ കരയൊച്ച് (Helix pomatia),[2] തോട്ടങ്ങളിൽ സധാരണമായ ഒച്ച് (Helix aspersa)[3] തുടങ്ങിയവ ഹെലിസിഡേ കുടുംബത്തിൽ ഉൾപ്പെടുന്നവയാണ്. സെലുലോസ്, കൈറ്റിൻ, ഭാഗിക-സെലുലോസ്, അന്നജം, ഗ്ലൈക്കൊജൻ തുടങ്ങി എന്തും ഉപയോഗിച്ച് ഊർജമുണ്ടാക്കാൻ ഇവയ്ക്കു കഴിയും.

ശരത്കാലാരംഭത്തോടെ ചിലയിനം കരയൊച്ചുകൾ ഭക്ഷണം വേണ്ടെന്നുവച്ച്, കൊഴിഞ്ഞുകിടക്കുന്ന ഇലകൾക്കടിയിലായി, തറയിൽ, ചെറുകുഴികൾ ഉണ്ടാക്കി, അവയ്ക്കുള്ളിൽ കടന്നിരിക്കുന്നു. ഒരു പ്രത്യേകരീതിയിൽ സമാധി ഇരിക്കുന്ന ഈ ഒച്ചുകൾ 6 മാസം വരെ ഇപ്രകാരം നിദ്ര തുടരുന്നു. 30 ഡിഗ്രി സെന്റീഗ്രേഡ് ചൂടിൽ മിനിറ്റിൽ 50-60 എന്ന നിരക്കിലുള്ള ഹൃദയമിടിപ്പ് ശിശിരനിദ്രാ വേളയിൽ 4-6 ആയി കുറയുന്നു. ഇതോടൊപ്പം ശ്വാസോച്ഛ്വാസവും മന്ദഗതിയിലാകുന്നതായി കാണാം.

 
കുള‌‌ ഒച്ച്

കുളങ്ങളിലും നദികളിലും ജലസസ്യങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന ഗാസ്ട്രപ്പോഡുകളാണ് ജല-ഒച്ചുകൾ. അഗ്രം കൂർത്ത, വർത്തുളമായ പുറംതോടുള്ള ഒച്ച് (pond snail),[4] പരന്ന്, വർത്തുളമായ പുറംതോടുള്ള ഒച്ച് (ram's horn snail) [5]എന്നിവയാണ് ഇക്കൂട്ടത്തിൽ ഏറ്റവും വലിയവ.

ആർട്ടിക് മുതൽ അന്റാർട്ടിക് വരെയുള്ള സമുദ്രഭാഗങ്ങളിൽ എല്ലായിടത്തും സമൃദ്ധമാണ് കടലൊച്ചുകൾ. എങ്കിലും ഉഷ്ണസമുദ്രങ്ങളാണ് ഇവയ്ക്കേറെ പറ്റിയത്. ന്യൂഡിബ്രാങ്കിയ വിഭാഗത്തിൽ ഉൾപ്പെടുന്ന കക്ക ഇല്ലാത്തയിനം ഒച്ചുകളാണ് ഇക്കൂട്ടത്തിൽ പ്രധാനം. ശാഖോപശാഖകളായി പ്രിരിഞ്ഞിരിക്കുന്ന ഗില്ലുകൾ ഇവയുടെ ശരീരത്തിനു, ഒരു ചെടിയുടെ ആകൃതിയിൽ, കാണപ്പെടുന്നു. ഈ ജീവികൾ കാഴ്ച്ചയിൽ അതിമനോഹരങ്ങളാണ്.[6]

വേലിയേറ്റനിരയ്ക്കും താഴെയാണ് കടലൊച്ചുകൾ ജീവിക്കുന്നത്. ഇവയ്ക്ക് സാധാരണയായി 5 സെ. മിറ്ററിൽ കുറവായേ വലിപ്പമുണ്ടാവാറുള്ളു. അപൂർ‌‌വമായി 13 സെ. മീറ്ററിലേറെ നീളമുള്ളവയെയും കണ്ടെത്താം മിക്കവറും എല്ലാ അംഗങ്ങളും മാംസഭുക്കുക്കളാകുന്നു. ഹൈഡ്രോയിഡുകൾ പോലെയുള്ള ചെറു ജീവികളാണ് ഇവയുടെ ആഹാരം.

സ്വാഭാവിക വാസസ്ഥാനം (Habitat)

തിരുത്തുക
 
കടൽ ഒച്ച്

പാറകൾക്കു മുകളിലും താഴെയും പവിഴപുറ്റുകളിലും മാണ് കൂടുതൽ ഒച്ചുകളും കഴിയുന്നത്. മണലോ ചെളിയോ നിറഞ്ഞ അടിത്തട്ടുകളിൽ ആഹാരം തേടി അലഞ്ഞു നടക്കുന്ന ഒച്ചുകളും കുറവല്ല. പൂർണമായും കക്ക (Clams) കളെ മാത്രം ഭക്ഷിച്ചു കഴിയുന്ന ടൈഗർ-ഐ ഒച്ചുകൾ ഇതിനുദാഹരണമാണ്.[7][8]

കടൽ ഒച്ചുകൾ ഏറിയപങ്കും സമുദ്രത്തിൽ സ്വതന്ത്രമായി നീന്തി നടക്കുന്നു. ഉപരിതലത്തിനടുത്തോ, ഏതാനും മീറ്ററുകളോളം ആഴത്തിലോ കഴിയുന്ന ഇവയെ അപൂർ‌‌വമായി തിരകൾ കരയിലെത്തിക്കാറുണ്ട്. അപൂർ‌‌വം ചിലയിനം ഒച്ചുകൾ ആഴക്കടലിൽ കഴിയുന്നു.

 
കര ഒച്ച്

പല കടലൊച്ചുകളും ലോകത്തിന്റെ നാനാഭാഗത്തുമുള്ള സമുദ്രങ്ങളിൽ കാണപ്പെടുന്നവയാണെങ്കിലും, ലോകത്തെല്ലായിടത്തും ഒരുപോലെ കാണപ്പെടുന്ന ഒരു സ്പീഷീസിനെ കുറിച്ചും ഇതുവരെ അറിവയിട്ടില്ല. ഭൂരിപക്ഷം അംഗങ്ങളും ചില പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നവയാണ്. അപൂർ‌‌വം ചിലതാകട്ടെ ഒരു പ്രദേശത്തു മാത്രം കാണപ്പെടുന്നു. ബർമ്യൂദാദ്വീപുകളിലെ ഒച്ചുകൾ ഇതിനുദാഹരണമാണ്.[9]

ഊഷ്മാവ് ഒച്ചിന്റെ വിതരണത്തെ സാരമായി ബാധിക്കുന്ന ഒരു ഘടകമായി ഗണിക്കപ്പെടുന്നു. ഒച്ചുകളുടെ ഇണചേരൽ സമയത്ത് ചുറ്റുപാടിലെ താപനില അനുയോജ്യമല്ലാത്ത പക്ഷം പലയിനങ്ങളുടെയും വർഗോത്പാതനം തകരാറിലാവുന്നതായി മനസ്സിലായിട്ടുണ്ട്. ചില ഒച്ചുകൾക്ക് വേനൽക്കാലത്ത് വെള്ളത്തിന്റെ ചൂട് താങ്ങാവുന്നതിലേറെയാവുന്നു. മഞ്ഞുകാലത്തെ തണുപ്പിനെ അതിജീവിക്കാൻ ബുദ്ധിമുട്ടുള്ളവയും ഉണ്ട്.

സാമ്പത്തിക പ്രാധാന്യം

തിരുത്തുക
 
കരയൊച്ച്

ഒരു നല്ലവിഭാഗം ഒച്ചുകളും മനുഷ്യന്റെ ഭക്ഷണമാണ്. കക്കയുള്ള ഒച്ചുകളിൽ അപൂർ‌‌വം ചിലതിന്റെ കക്ക ഉരച്ചെടുത്ത് ബട്ടനും മറ്റുചില ആഭരണങ്ങളും ഉണ്ടാക്കുന്നു. കാലിഫോർണിയ തീരതിലെ അബലോൺ എന്നയിനം, പടിഞ്ഞാറൻ പെസഫിക്കിലെ പമ്പരം എന്നറിയപ്പെടുന്ന ട്രോക്കസ് എന്നിവ ഇതിന് ഉദാഹരണങ്ങളാകുന്നു; ട്രോക്കസ് കേരളത്തിലെ കടൽത്തിരങ്ങളിലും സുലഭമാണ്. അസാധാരണ തിളക്കമുള്ള ചില ഒച്ചിൻ കക്കകൾ മുത്തുച്ചിപ്പിക്കു പകരമായും പലപ്പോഴും ഉപയോഗിക്കാറുണ്ട്. മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന രണ്ടിനം ഒച്ചുകളെ തുണിമുക്കുന്ന ചായം ഉണ്ടാക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നു. ഫിനീഷ്യർ, ഗ്രീക്കുകാർ, റോമാക്കാർ എന്നിവർ ഉപയോഗിച്ചിരുന്ന റ്റൈറിയൻ പർപ്പിൾ എന്നയിനം ചായം ഒച്ചിൽനിന്നാണ് ഉണ്ടാക്കപ്പെട്ടിരുന്നത്.

കോൺകുടുബാംഗങ്ങളായ ഒച്ചുകൾ വളരെയധികം വിഷമുള്ളവയാകുന്നു. ഇവയുടെ കടിയേറ്റ മനുഷ്യർക്ക് മരണം തന്നെ സംഭവിച്ചിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഷിസ്റ്റോസോമിയാസിസ് (swimmer's itch) എന്നറിയപ്പെടുന്ന രോഗത്തിനു കാരണമായ ബ്ലഡ് ഫ്ലൂക്കു കൾ കടലിലെയും ശുദ്ധജലത്തിലെയും ചില ഒച്ചുകളിലാണ് കഴിയുന്നത്.

മനുഷ്യന്റെ ഭക്ഷണമായിത്തീരുന്ന സമുദ്രജീവികളുടെ ആഹാര ശൃഖലയിൽ സുപ്രധാനമായ ഒരു സ്ഥാനം കടലൊച്ചുകൾക്കുണ്ട്. പല മത്സ്യങ്ങളുടെയും ഭക്ഷണം ഒച്ചുകളും മറ്റു മൊളസ്കുകളും മാത്രമാകുന്നു.[10]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒച്ച്&oldid=4098282" എന്ന താളിൽനിന്ന് ശേഖരിച്ചത്