അസ്ഥികൂടം

(Skeletal System എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജന്തുക്കളുടെ ശരീരത്തിന് המקובלים השווים ആകൃതിയും സംരക്ഷണവും നൽകുന്ന ചട്ടക്കൂടാണ് അസ്ഥികൂടം. കോർഡാറ്റ ഫൈലത്തിലും എക്ഡിസൊസോവ സൂപ്പർഫൈലത്തിലുമുള്ള ജന്തുക്കളിലാണ് ഈ സംവിധാനം കൂടുതലായും കാണപ്പെടുന്നത്. ജീവികളിൽ രണ്ടു തരത്തിലുള്ള അസ്ഥികൂടങ്ങൾ കണ്ടുവരുന്നു - ബാഹ്യാസ്ഥികൂടവും ആന്തരികാസ്ഥികൂടവും. ബാഹ്യാസ്ഥികൂടം ശരീരത്തിന് പുറത്താണ് കാണപ്പെടുന്നത്. മിക്ക അകശേരുകികൾക്കും ബാഹ്യാസ്ഥികൂടമാണുള്ളത്. ബാഹ്യാസ്ഥികൂടം കാലക്രമേണ പൊഴിച്ചുകളയപ്പെട്ടേക്കാം. ആന്തരികാസ്ഥികൂടം ശരീരത്തിനകത്തുള്ളതാണ്. കശേരുകികൾക്ക് പൊതുവെ ഇത്തരം അസ്ഥികൂടമാണുള്ളത്. മാംസപേശികളും ത്വക്കും ഇവയെ പൊതിഞ്ഞിരിക്കും. പ്രധാനപ്പെട്ട ആന്തരികാവയവങ്ങൾ അസ്ഥികൂടത്താൽ ചുറ്റപ്പെട്ടിരിക്കും. മാംസപേശികൾ ഘടിപ്പിച്ചിരിക്കുന്ന അസ്ഥികൾ ശരീരചലനത്തിനുള്ള ഉത്തോലകങ്ങളായി പ്രവർത്തിക്കുന്നു. മിക്ക ജന്തുക്കളിലും രക്തകോശങ്ങൾ നിർമ്മിക്കുന്ന മജ്ജ അസ്ഥികൾക്കുള്ളിലായാണുള്ളത്.

ഒട്ടകത്തിന്റെ അസ്ഥികൂടം
പ്രാണിയുടെ ബാഹ്യാസ്ഥികൂടം

അസ്ഥികൾ ജീവനുള്ള കോശങ്ങളാണ്. അസ്തികളെ പൊതിയുന്ന ത്വക്കിലുള്ള രക്തക്കുഴലുകളാണ് അവയ്ക്കുവേണ്ടാ ആഹാരം എത്തിയ്ക്കുന്നത്.[1]


ഒരു കുഞ്ഞ് ജനിക്കുമ്പോൾ 300 അസ്ഥികളാണ് ഉണ്ടാവുക[1]. എന്നാൽ ഒരു മുതിർന്ന സാധാരണ മനുഷ്യന്റെ അസ്ഥികൂടത്തിൽ 206 അസ്ഥികളുണ്ടാകുക. അസ്ഥികൾ സന്ധികളിൽ വച്ച് പരസ്പരം കൂട്ടിമുട്ടുന്നു. മിക്ക സന്ധികളും സ്വതന്ത്രമായി ചലിപ്പിക്കാൻ കഴിയുന്നവയാണ്. ഇലാസ്തികതയുള്ള തരുണാസ്ഥികളും അസ്ഥികൂടത്തിലുണ്ട്. അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാര് രൂപത്തിലുള്ള സംയുക്തകോശങ്ങളാണ് അസ്ഥിബന്ധങ്ങൾ.

മനുഷ്യശരീരത്തിൽ ഉള്ള ആകെ 206 അസ്ഥികളിൽ ഓരോ ചെവിയിലും മൂന്നുവീതം ആറ് ശ്രവണാസ്ഥികകൾ (auditory ossicles) ഉണ്ട്. കർണപടഹ (ear drum)ത്തിൽ പതിക്കുന്ന സ്വരതരംഗങ്ങളെ ആഭ്യന്തര കർണത്തിൽ എത്തിക്കുന്നത് ശ്രവണാസ്ഥികകളാണ്. ഈ ആറ് അസ്ഥികളൊഴിച്ചുള്ള ബാക്കി 200 അസ്ഥികളെ താഴെ പറയുംവിധം മനുഷ്യശരീരത്തിൽ വിന്യസിച്ചിരിക്കുന്നു.

 
മനുഷ്യ തലയോട്ടി ഒരുവശത്തുനിന്നുള്ള അസ്ഥികൾ

ശിരസ്സിലെ കംകാളം (skeleton) ആണ് തലയോട്.[2] ഇതിന് രണ്ടുഭാഗങ്ങളുണ്ട്: മുഖഭാഗവും (facial) കപാലഭാഗവും (cranial). കപാലഭാഗത്തിൽ ഗോളരൂപത്തിലുള്ള ഒരു ദ്വാര(കോടര)മുണ്ട്. കണ്ണ്, ചെവി, മൂക്ക് എന്നീ പ്രത്യേക സംവേദനാംഗങ്ങളും മസ്തിഷ്കവും ഇതിനുള്ളിലാണു സ്ഥിതിചെയ്യുന്നത്. കപാലഭാഗം നിരവധി അസ്ഥികളാൽ നിർമിതമാണ്. ഈ അസ്ഥികളെല്ലാം ഈ കോടരത്തിന്റെ ആധാരഭാഗത്തായും ഗോളകാകൃതിയിലുള്ള കമാനഭാഗത്തായും വിന്യസിക്കപ്പെട്ടിരിക്കുന്നു. ആധാരഭാഗത്ത് ലലാടാസ്ഥി (frontal bone)യുടെ[3] ഒരു ഭാഗവും എത്മോയ്ഡ് (ethmoid),[4] സ്ഫീനോയ്ഡ് (sphenoid)[5] എന്നീ രണ്ടു അസ്ഥികളും അനുകപാല(occipital)[6] - ശംഖാസ്ഥി (temporal)[7] കളുടെ ഭാഗങ്ങളും കാണപ്പെടുന്നു. കോടരത്തിന്റെ കമാനഭാഗത്ത് മുൻവശത്തായി ലലാടാസ്ഥിയും പിൻഭാഗത്തായി അനുകപാലാസ്ഥിയും ഇവയ്ക്കിടയിലായി ഭിത്തികാസ്ഥി(parietal)യും[8] ശംഖാസ്ഥിയും സ്ഫീനോയ്ഡ് അസ്ഥിയും കാണപ്പെടുന്നു.ചലിപ്പിക്കാൻ കഴിയാത്ത 8 പരന്ന അസ്ഥികൾ കൊണ്ട് പേടാകം പോലെയാണ് കപാലം ഉണ്ടായിരിക്കുന്നത്.[9]

 
ഗണ്ഡാസ്ഥി (zygomatic bone)

തലയോടിന്റെ മുഖഭാഗത്തെ അസ്ഥികൾ പ്രധാനമായും നേത്രകോടര(eye socket)ത്തിന്റെ അസ്ഥികളും കീഴ്ത്താടിയുടെയും മേൽത്താടിയുടെയും അസ്ഥികളും ഉൾ പ്പെടുന്നതാണ്. ഊർധ്വഹന്വസ്ഥി (maxillae), ഗണ്ഡാസ്ഥി (zygomatic),[10] ലാക്രിമൽ (lacrimal), എത്മോയ്ഡ്, പാലറ്റൈൻ (palatine), ലലാടാസ്ഥി എന്നിവയുടെ ഭാഗങ്ങൾ ചേർന്നാണ് നേത്രകോടരം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. മേൽത്താടി (upper jaw) ഊർധ്വഹന്വസ്ഥിയാൽ നിർമിതമാണ്; കീഴ്ത്താടി (lower jaw) ചിബുകാസ്ഥി (mandible)യാലും. തലയോടിലെ ചലനക്ഷമതയുള്ള ഏകഭാഗം ചിബുകാസ്ഥിയാണ്.മുഖാസ്ഥികൾ 14 എണ്ണമാണ്.[9]

മുഖഭാഗത്തിന്റെ മുൻവശത്ത് മധ്യത്തിലായി, നേത്രകോടരങ്ങളുടെ മധ്യത്തിൽ അല്പം താഴേക്കു മാറി ഒരു ചെറിയ ദ്വാരമുണ്ട്; ഈ ദ്വാരം നാസാഗഹ്വര (nasal cavity)ത്തിലേക്കു തുറക്കുന്നു. നാസാഗഹ്വരത്തെ ഒരു മധ്യഭിത്തി ഇടത്തും വലത്തുമായി രണ്ടു ഭാഗങ്ങളായി തിരിക്കുന്നു. ഈ മധ്യഭിത്തി അസ്ഥികളാലും തരുണാസ്ഥി (cartilage)കളാലും നിർമിതമാണ്. മധ്യഭിത്തിയിൽ ഊർധ്വഹന്വസ്ഥിയുടെയും പാലറ്റൈൻ - സ്ഫീനോയ്ഡ് അസ്ഥികളുടെയും ഭാഗങ്ങളും മുക്കോണാകൃതിയിലുള്ള വോമർ (vomer) എന്ന അസ്ഥിയും കാണപ്പെടുന്നു. നാസാഗഹ്വരത്തിന്റെ പാർശ്വഭിത്തിയിൽ അനുപ്രസ്ഥ(horizontal)മായി നിമ്നനാസാശുക്തിക (inferior nasal concha) എന്നൊരു അസ്ഥിയുണ്ട്. ഇതിന് ഒരു ചുരുളിന്റെ (scroll) ആകൃതിയാണുള്ളത്. ഈ അസ്ഥിയും എത്മോയ്ഡ് അസ്ഥിയുടെ ഇതേ ആകൃതിയിലുള്ള ഭാഗവും ചേർന്ന് നാസാദ്വാരത്തിൽ ഒരു ചാൽ (passage) ഉണ്ടാക്കിയെടുക്കുന്നു. ഈ അസ്ഥിഭാഗത്തെ പ്രത്യേകാകൃതിയിലുള്ള ശ്ലേഷ്മസ്തരം പൊതിഞ്ഞിരിക്കുന്നു. ഈ ശ്ലേഷ്മസ്തരത്തിൽ അനവധി നാരക്തക്കുഴലുകളുണ്ട്. നാസാദ്വാരത്തിലൂടെ ഉള്ളിലേക്കു വലിച്ചെടുക്കുന്ന വായുവിനെ ശരീര താപനിലയുമായി പൊരുത്തപ്പെടുത്തിയെടുക്കുന്നത് ഈ ശ്ലേഷ്മസ്തരമാണ്.

അക്ഷീയാസ്ഥിവ്യൂഹം

തിരുത്തുക
 
കശേരുകദണ്ഡ് (vertibral column)

നട്ടെല്ല് എന്ന് സാധാരണ അറിയപ്പെടുന്ന കശേരുകദണ്ഡ് (vertebral column)[11] അഥവാ സുഷുമ്നാ-ദണ്ഡ് (spinal column)[12] മുപ്പത്തിമൂന്ന്[9] കശേരുക ഖണ്ഡങ്ങളാലാണു നിർമിച്ചിരിക്കുന്നത്. ഈ ഖണ്ഡങ്ങളെത്തമ്മിൽ കട്ടിയുള്ളതും ഇലാസ്തിക സ്വഭാവമുള്ളതുമായ ഡിസ്കുകളാൽ വേർതിരിച്ചിരിക്കുന്നു. ഇവയെ അന്തരാകശേരുക ഡിസ്കുകൾ ( inter vertebral discs)[13] എന്നു വിളിക്കുന്നു. കശേരുക്കൾ (verte-brae)[14] ഉറപ്പുള്ള ഒരു കേന്ദ്രാക്ഷമായി വർത്തിക്കുന്നതോടൊപ്പം സുഷുമ്നയെ (spinal cord)[15] പരിരക്ഷിക്കുകകൂടി ചെയ്യുന്നുണ്ട്. മനുഷ്യന്റെ നട്ടെല്ല് ഇതിനുമപ്പുറം ശരീരത്തിന്റെ ഭാരത്തെ താങ്ങുകയും ഈ ഭാരത്തെ കാലുകളിലേക്കു പ്രസരിപ്പിക്കുകയും ചെയ്യുന്നു. കശേരുകദണ്ഡിന്റെ സഖണ്ഡസ്വഭാവം (segmental nature)[16] അരയ്ക്കും കഴുത്തിനും ഇടയ്ക്കുള്ള ശരീരഭാഗത്തിനും ചലനക്ഷമത നൽകുന്നുണ്ട്.

ഓരോ കശേരുകഖണ്ഡവും താഴെ പറയുന്ന ഭാഗങ്ങൾ ചേർന്നതാണ്: ഒരു അധര (ventral) ഭാഗവും ഒരു പൃഷ്ഠ (dorsal) ഭാഗവും; അധരഭാഗത്തെ മുൻഭാഗമെന്നും പറയാം. ഇതിനെ കശേരുകയുടെ പിണ്ഡഭാഗമായി കണക്കാക്കാം. പൃഷ്ഠഭാഗം (പിൻഭാഗം) കശേരുകചാപ(arch)മായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇവയ്ക്കു രണ്ടിനും മധ്യത്തിലായി കശേരുകരന്ധ്രം (vertebral foramen) കാണപ്പെടുന്നു. ഇതിലൂടെയാണ് സുഷുമ്ന നാഡി കടന്നുപോകുന്നത്. കശേരുകചാപം രണ്ടു ഫലകങ്ങളും (laminae) രണ്ടു വൃന്തകങ്ങളും (pedicles) ചേർന്നതാണ്. ഫലകങ്ങൾ പിൻഭാഗത്തായി കൂടിച്ചേർന്ന് ശൂലമയ പ്രവർധം (spinous process) ആയിത്തീരുന്നു. ഇതു പിൻഭാഗത്തായി താഴോട്ടു തള്ളിനില്ക്കുന്നു. വ്യന്തകങ്ങൾ ഫലകങ്ങളെ കശേരുകയുടെ പിണ്ഡവുമായി ബന്ധിപ്പിക്കുന്നു. ശൂലമയപ്രവർധങ്ങളെക്കൂടാതെ കശേരുകചാപത്തിൽ മറ്റ് ആറ് പ്രവർധങ്ങൾകൂടി കാണപ്പെടുന്നു: രണ്ട് അനുപ്രസ്ഥപ്രവർധങ്ങളും, രണ്ട് ഊർധ്വസന്ധി (superiour articular) പ്രവർധങ്ങളും, രണ്ട് അധഃസ്ഥിതസന്ധി പ്രവർധങ്ങളും. ഫലകങ്ങളുടെയും വൃന്തകങ്ങളുടെയും സന്ധിസ്ഥാനത്തുനിന്നും ഈ പ്രവർധങ്ങൾ അവയുടെ പേര് ദ്യോതിപ്പിക്കുന്ന ഭാഗങ്ങളിലേക്കു തള്ളി നില്ക്കുന്നു. നട്ടെല്ല്

മനുഷ്യരിൽ ശൈശവദശയിൽ 33 കശേരുക്കൾ വെവ്വേറെയായി കാണപ്പെടുന്നുണ്ടെങ്കിലും പ്രായപൂർത്തിയാകുന്നതോടെ ഇവയിൽ ചില കശേരുക്കൾ തമ്മിൽ ചേരുന്നതിനാൽ 26 ഖണ്ഡങ്ങളായി ചുരുങ്ങുന്നു. ഇവയെ സെർവൈക്കൽ (cervical),[17] തൊറാസിക് (thoracic), ലുംബാർ (lumbar), സേക്രൽ (sacral), കോക്സീജിയൽ (coccygeal) എന്നിങ്ങനെ വർഗീകരിച്ചിരിക്കുന്നു.

ഗ്രൈവകശേരുക

തിരുത്തുക

(cervical vertebra)

 
ഗ്രൈവകശേരുക ചുവപ്പുനിറത്തിൽ കാണിച്ചിരിക്കുന്നു
 
ഒരു മനുഷ്യ ഗ്രൈവകശേരുക

മനുഷ്യരിൽ ഏഴ് ഗ്രൈവകശേരുകകളുണ്ട്.[18] അനുപ്രസ്ഥ പ്രവർധത്തിൽ കാണപ്പെടുന്ന രന്ധ്രം ഇവയുടെ പ്രത്യേകതയാണ്. ഏഴാമത്തെ ഗ്രൈവകശേരുകയിലൊഴികെ മറ്റെല്ലാറ്റിലെയും രന്ധ്രം വഴി കശേരുക-ധമനി കടന്നു പോകുന്നു. ശൂലമയപ്രവർധങ്ങളും ഏഴാമത്തെ ഗ്രൈവകശേരുകയിലൊഴികെ മറ്റെല്ലാറ്റിലും ദ്വിശാഖി (bifid)കളാണ്.

ഒന്നാമത്തെ ഗ്രൈവകശേരുകയെ ശീർഷധരം (atlas) എന്നു വിളിക്കുന്നു. ഇതിന് പിണ്ഡമോ ശൂലമയപ്രവർധങ്ങളോ ഇല്ല. ഒരു വളയത്തിന്റെ ആകൃതിയാണ് ഇതിനുളളത്. ഇരുവശങ്ങളിലും പാർശ്വപിണ്ഡമെന്ന പേരിൽ ഒരു അസ്ഥിപിണ്ഡം വീതം കാണപ്പെടുന്നു. ഇതിന് മുകൾ ഭാഗത്തും അടിഭാഗത്തും ആയി ഓരോ സന്ധി മുഖികകൾ (articular facets) ഉണ്ട്. മുകൾഭാഗത്തെ സന്ധിമുഖിക വഴി അനുകപാലാസ്ഥിയുമായും അടിഭാഗത്തേതു വഴി അക്ഷകശേരുകം (axis) എന്നറിയപ്പെടുന്ന രണ്ടാമത്തെ ഗ്രൈവകശേരുകയുമായും സന്ധിക്കുന്നു. അക്ഷകശേരുകയ്ക്ക് ഒരു പ്രത്യേക ദന്തസമാന പ്രവർധമുണ്ട്. ഇതിനെ ദന്താഭപ്രവർധം (odontoid process) എന്നു വിളിക്കുന്നു. ഇത് ഇതിന്റെ പിണ്ഡത്തിൽ നിന്നും മുകളിലേക്കു തള്ളിനിൽക്കുന്നു. ഈ പ്രവർധം തലയോടും ശീർഷധരകശേരുകയും ചേർന്നു തിരിയത്തക്ക ഒരു തിരികുറ്റി (pivot) ആയി വർത്തിക്കുന്നു. ഏഴാമത്തെ ഗ്രൈവകശേരുകയുടെ ശൂലമയപ്രവർധം ദ്വിശാഖിയല്ല. മുകളിൽ പറഞ്ഞിരിക്കുന്ന സവിശേഷതകളാൽ ശീർഷധരകശേരുകയെയും അക്ഷകശേരുകയെയും ഏഴാമത്തെ ഗ്രൈവകശേരുകയെയും പ്രാരൂപിക(typical) കശേരുക്കളായി കണക്കാക്കുന്നില്ല. ബാക്കിയുള്ളവ പ്രാരൂപിക ഗ്രൈവകശേരുകകളായി വിവക്ഷിക്കപ്പെടുന്നു.

വക്ഷീയകശേരുക

തിരുത്തുക

(Thoracic Vertebra)

 
വക്ഷീയകശേരുക ചുവപ്പിൽ കാണിച്ചിരിക്കുന്നു
 
ഒരു വക്ഷീയകശേരുക

വക്ഷീയകശേരുകകൾ 12 എണ്ണമുണ്ട്. ഇവയിൽ ഒന്നുമുതൽ ഒൻപതുവരെയുള്ളവയെ പ്രാരൂപികങ്ങളായി കണക്കാക്കുന്നു. ഇവയുടെ ഇരുവശങ്ങളിലും വാരിയെല്ലുമായി സന്ധിക്കത്തക്കവണ്ണമുളള സന്ധി-മുഖികകളുണ്ട്. അനുപ്രസ്ഥപ്രവർധങ്ങളുടെ മുന്നഗ്രങ്ങളിലായി വാരിയെല്ലിന്റെ ഉരുണ്ട അഗ്രങ്ങളുമായി (tubercle) സന്ധിക്കാനായുള്ള സന്ധി-മുഖികളുമുണ്ട്. പത്താമത്തെ കശേരുകയ്ക്ക് പാർശ്വവശങ്ങളിലായി ഓരോ സന്ധി-മുഖികളേ കാണപ്പെടുന്നുള്ളൂ. പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും കശേരുക്കളുടെ അനുപ്രസ്ഥപ്രവർധങ്ങളിൽ സന്ധി-മുഖികകൾ കാണുന്നില്ല. [19]

നൈതംബ കശേരുക

തിരുത്തുക

(Lumbar Vertebra)

അഞ്ച് നൈതംബ കശേരുകകളുണ്ട്. ഇവയ്ക്ക് സ്ഥൂലപിണ്ഡങ്ങളാണുള്ളത്. ഇവയുടെ പിണ്ഡത്തിൽ സന്ധി-മുഖികകൾ കാണപ്പെടുന്നില്ല; അനുപ്രസ്ഥപ്രവർധങ്ങളിൽ സന്ധി-മുഖികളോ രന്ധ്രങ്ങളോ ഇല്ലതാനും.[20]

(Sacrum)

 
ത്രികം
 
പുരുഷ ത്രികം

ശിശുക്കളിൽ കാണപ്പെടുന്ന അഞ്ചു ത്രൈകശകലങ്ങൾ പ്രായമാകുന്നതോടെ ഒന്നുചേരുകയും ഒരു വലിയ ത്രികോണാകൃതിയിലുളള അസ്ഥിയായി രൂപപ്പെടുകയും ചെയ്യുന്നു.[21] ത്രികത്തിന്റെ വശങ്ങളിലായി കർണസദൃശങ്ങളായ രണ്ട് സന്ധി-മുഖികകളുണ്ട്; അരക്കെട്ടിലെ അസ്ഥികളുമായി സന്ധിക്കുവാനാണിത്. ഈ മൂന്നുഭാഗങ്ങളും ചേർന്ന് ശ്രോണി (pelvis) എന്നു പേരുള്ള അസ്ഥിഗുഹാഭിത്തിയായിത്തീരുന്നു. ഈ ത്രികോണത്തിന്റെ വീതിയേറിയ ആധാരം അഞ്ചാം നൈതംബകശേരുകയുടെ പിണ്ഡവുമായി സന്ധിക്കുന്നു. ശിഖാഗ്രം താഴേക്കു വളഞ്ഞ് അനുത്രിക (coccyx)യുമായും സന്ധിക്കുന്നു. ത്രികത്തിന്റെ അധരവശത്ത് നാല് അനുപ്രസ്ഥരേഖകളുണ്ട്. ഈ രേഖകൾ ത്രികത്തിന്റെ അഞ്ചുശകലങ്ങൾ തമ്മിലുള്ള കൂടിച്ചേരലിനെ സൂചിപ്പിക്കുന്നു. ത്രികത്തിന്റെ വശങ്ങളിലായി നാല് രന്ധ്രങ്ങൾ കാണപ്പെടുന്നു. ത്രൈകനാഡികളിലെ നാല് ഉപരിനാഡികളുടെ രന്ധ്രങ്ങളാണിവ. പൃഷ്ഠഭാഗത്തായി മുകളിലെ മൂന്നോ നാലോ ചെറിയ ശൂലമയപ്രവർധങ്ങൾ തമ്മിൽ കൂടിച്ചേർന്ന് ഒരു ത്രികവരമ്പ് (sacral ridge) ആയിത്തീരുന്നു. നാലാമത്തെ ശൂലമയ പ്രവർധത്തിനു താഴെയായി 'റ' ആകൃതിയിലുള്ള ഒരു വിടവുണ്ട്. ഇതിനെ ത്രികായനം (sacral hiatus) എന്നു പറയുന്നു. അഞ്ചാമത്തെ ത്രിക-കശേരുകയുടെ ഫലകങ്ങൾ തമ്മിൽ കൂടിച്ചേരാതിരിക്കുന്നതിനാലാണ് ഈ വിടവുണ്ടാകുന്നത്. ത്രൈകശീർഷത്തിന്റെ പാർശ്വത്തിലായി ഫലകങ്ങൾ കൂടിച്ചേർന്ന് ത്രികത്തിന്റെ പിൻഭാഗമായിത്തീരുന്നു. ഇതിന്റെ വശങ്ങളിൽ നാല് പശ്ച(posterior) ത്രൈകരന്ധ്രങ്ങളുണ്ട്. ഇതിലൂടെയാണ് ഉപരിത്രികനാഡികളിലെ പശ്ചവിഭാഗം വെളിയിലേക്കു കടക്കുന്നത്.

മനുഷ്യരിലെ ത്രികത്തിന് ഉയരത്തെക്കാൾ കൂടുതൽ വീതിയുണ്ട്. കശേരുകദണ്ഡിന്റെ അടിഭാഗത്തിനു ദൃഢത നൽകുന്നത് ഈ പ്രത്യേകതയാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ത്രികം വിസ്താരമേറിയതാണ്. ഇതിനാൽ സ്ത്രീകളുടെ ശ്രോണീപ്രദേശം കൂടുതൽ വിസ്തൃതമായിരിക്കുന്നു.

അനുത്രിക

തിരുത്തുക

(Coccyx)

അനുത്രിക അല്പവർധിത (rudimentary)ങ്ങളായ നാല് അസ്ഥിശകലങ്ങൾ കൂടിച്ചേർന്നതാണ്. ഇത് സാധാരണയായി സേക്രവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ചിലപ്പോൾ മൂന്നോ അഞ്ചോ അസ്ഥിശകലങ്ങൾ കണ്ടെന്നുവരാം. ആദ്യശകലം പ്രത്യേകമായിത്തന്നെ നിലക്കൊള്ളുന്നു. [22]

ഊർധ്വപാദം

തിരുത്തുക

(Upper limb).

 
അനുബന്ധാസ്ഥികൂടം
 
തോൾ

അനുബന്ധാസ്ഥികൂട (appendicular skeleton)ത്തിൽ[23] കൈയിലെയും കാലിലെയും അസ്ഥികൾ ഉൾ​പ്പെടുന്നു. ഇവയുടെ പൊതുഘടന സമാനരൂപത്തിലുള്ളതാണെങ്കിലും വിശദാംശങ്ങളിലും ശരീരവുമായുളള ബന്ധത്തിലും ഇവ വ്യത്യസ്തങ്ങളാണ്.

എഴുന്നേറ്റുനിൽക്കുവാനുള്ള ശക്തി മനുഷ്യർ ആർജിച്ചിരിക്കുന്നതിനാൽ ഊർധ്വപാദത്തിലെ അസ്ഥികൾക്കു ശരീരത്തിന്റെ ഭാരം ചുമക്കേണ്ടതായിവരുന്നില്ല. ഇതിനുപകരം ഇവ പരിഗ്രാഹകാവയവം (prehensile organ) ആയിത്തീർന്നിരിക്കുന്നു. സ്വതന്ത്ര ചലനക്ഷമതയും കൂടുതലായിട്ടുണ്ട്. കൈയിലെ അസ്ഥികൾ തോൾ (shoulder),[24] ഭുജം (arm), മുൻകൈ (forearm), കൈപ്പടം (hand) എന്നീ ഭാഗങ്ങളായി ക്രമപ്പെടുത്തിയിരിക്കുന്നു.

 
ഉരോസ്ഥിമുഷ്ടി

തോൾഭാഗത്ത് അംസഫലകം (scapula), അക്ഷകം (clavicle) എന്നീ അസ്ഥികൾ കാണപ്പെടുന്നു. ഇവ രണ്ടും ചേർത്ത് അംസമേഖല (shoulder girdle) എന്നുപറയുന്നു.

പോലെ വളഞ്ഞ ഒരു നീണ്ട അസ്ഥിയാണ് അക്ഷകം. വക്ഷോഭാഗത്തിന്റെ മുകളിൽ മുൻവശത്തായി, കുറുകെ (horizontal) ആയിട്ടാണ് ഇത് കാണപ്പെടുക. ഇതിനു വലിയ ഒരു ഉരോസ്ഥി (sternal) അഗ്രമുണ്ട്. ഒന്നാമത്തെ വാരിയെല്ലിലെ ഉപാസ്ഥിയുമായും ഉരോസ്ഥിമുഷ്ടി (manubrium sterni)യുമായും ഇതു സന്ധിക്കുന്നു.[25] പാർശ്വഭാഗത്തിന്റെ ബാഹ്യവശം മുകളിൽനിന്നു താഴേക്കു പരന്നതാണ്. അംസകൂട(acromion)വുമായി സന്ധിക്കാനുള്ള സന്ധി-മുഖിക ഇതിൽ കാണപ്പെടുന്നു. അക്ഷകത്തെ പാർശ്വഭാഗത്തായി അംസഫലകവുമായും മധ്യഭാഗത്തായി ഉരോസ്ഥിയുമായും സംയോജകസ്നായുക്കളാൽ ബന്ധിച്ചിരിക്കുന്നു.

 
കോറക്കോയ്ഡ്

തോൾപടലം എന്നുകൂടി പേരുള്ള അംസഫലകം വക്ഷസ്സിന്റെ പുറകുഭാഗത്തിനു മുകളിലായി സ്ഥിതിചെയ്യുന്നു. ത്രികോണാകൃതിയിലുളള ഇതിന്റെ ആധാരവശം മുകളിലും ശിഖാഗ്രം താഴെയും ആയിട്ടാണു കാണപ്പെടുന്നത്. ഇത് കനം കുറഞ്ഞ് പരന്നിരിക്കുന്നു. പാർശ്വഭാഗം കുറുകി തടിച്ചതാണ്. ഉപരിതലത്തിനു വാരിയെല്ലുകളുമായി സമ്പർക്കമുണ്ട്. ഈ ഉപരിതലം കൃശമധ്യവും (concave) പേശിയാൽ ആവൃതവുമാണ്. ബാഹ്യോ പരിതലത്തിൽ തിരശ്ചീനമായി തള്ളിനിൽക്കുന്ന ഒരു ശൂലമയപ്രവർധമുണ്ട്. ഇതു പൃഷ്ഠതലത്തെ രണ്ട് ഊർധ്വ-അധോനിമ്നികകളാ(fossa)യി തിരിച്ചിരിക്കുന്നു. ശൂലത്തിന്റെ പാർശ്വവശം കട്ടികൂടി മുൻവശത്തേക്ക് വളഞ്ഞിരിക്കുകയും അംസകൂടപ്രവർധത്തിലവസാനിക്കുകയും ചെയ്യുന്നു. അംസഫലകത്തിന്റെ മൂന്നുകോണുകളിൽ ബാഹ്യ(പാർശ്വ) കോണം കട്ടികൂടിയതും ഒരു അണ്ഡാകാരസന്ധി-മുഖിക (ഗ്ലീനോയ്ഡ് ഫോസ: Glenoid fossa) ഉൾ​ക്കൊള്ളുന്നതുമാണ്. ഭുജാസ്ഥിയായ ഹ്യൂമറസിന്റെ അഗ്രം ഗ്ലീനോയ്ഡ് ഫോസയുമായി സന്ധിക്കുന്നു. ഗ്ലീനോയ്ഡ് ഫോസയ്ക്കു മുകളിലായി കുറുകെ മുമ്പോട്ടു തള്ളിനിൽക്കുന്ന ഒരു അസ്ഥിയുണ്ട്; ഇതിനെ കോറക്കോയ്ഡ് (corocoid) പ്രവർധം എന്നു പറയുന്നു.[26]

 
ഹ്യൂമറസ് (പ്രഗണ്ഡാസ്ഥി)
 
ഇടത്തേ ഭുജം

ഹ്യൂമറസ് (പ്രഗണ്ഡാസ്ഥി) നീണ്ട ഒരു പ്രാരൂപികാസ്ഥിയാണ്. ഇതിനു കനംകുറഞ്ഞ ഒരു കാണ്ഡം (shaft) ഉണ്ട്. ഈ കാണ്ഡത്തിന്റെ മുകളിലത്തെയും താഴത്തെയും അഗ്രങ്ങൾ വികസിതങ്ങളാണ്. മുകളറ്റത്ത് അർധഗോളാകൃതിയിലുളള ഒരു ശീർഷമുണ്ട്. ഇതും കാണ്ഡവും തമ്മിൽ ആഴം കുറഞ്ഞ ഒരു ഉപസങ്കോചനംവഴി വ്യതിരിക്തമാക്കപ്പെട്ടിരിക്കുന്നു. ഈ സങ്കോചനത്തെ നെക്ക് ഒഫ് ഹ്യൂമെറസ് (Neck of humerus) എന്നു വിളിക്കുന്നു.[27] മുകളറ്റത്തിന്റെ പാർശ്വഭാഗത്ത് അസമാനങ്ങളായ രണ്ടു മുഴകളുണ്ട്. ഇവയെ വലുതും ചെറുതുമായ അസ്ഥി-പ്രോത്ഥങ്ങൾ (tuberocities) എന്നു പറയുന്നു. ഈ അസ്ഥി-പ്രോത്ഥങ്ങൾക്കിടയിലായി ദ്വിശിരസ്ക-പ്രണാളി (bicipital groove) എന്ന പേരിൽ ഒരു ചാലുണ്ട്. അംസഫലകത്തിൽനിന്നുള്ള ഘൂർണക (rotator) പേശികൾ ഈ അസ്ഥി-പ്രോത്ഥങ്ങളോടാണു ബന്ധപ്പെടുന്നത്. ദ്വിശിരസ്കപേശി (biceps)യുടെ കണ്ഡരം (tendon) ഈ ചാലിൽ സ്ഥിതിചെയ്യുന്നു.

പരിച്ഛേദത്തിൽ കാണ്ഡത്തിനു ത്രികോണാകൃതിയാണുള്ളത്; താഴേക്കു വീതി കൂടിവരുന്നു. വീതി ഏറിയതും ആഴമില്ലാത്തതുമായ ഒരു ചാല് കാണ്ഡത്തിന്റെ പുറകിലൂടെ താഴേക്കു നീണ്ടുകിടക്കുന്നു. ഇതിനെ സർപില(spiral) ചാല് എന്നു വിളിക്കാം. റേഡിയൽ നാഡിയും അതോടു ചേർന്ന ബഹുധമനിയും ഈ ചാലിലാണ് കാണപ്പെടുന്നത്. താഴത്തെ അറ്റത്ത് കപ്പി (pulley)യുടെ ആകൃതിയിലുള്ള ചക്രകാസ്ഥി (trochlea)യുണ്ട്. ഇത് അൾന(ulna)യുമായി[28] സന്ധിക്കുന്നു. പാർശ്വത്തായി ചെറുതായി ഉരുണ്ട മുണ്ഡമഞ്ജരി (capitulum) എന്നൊരു സന്ധി-മുഖികയുമുണ്ട്. ഇത് റേഡിയസ് അസ്ഥിയുടെ ശീർഷവുമായി സന്ധിക്കുന്നു.

 
മുൻകൈയിലെ എല്ലുകൾ

മുൻകൈയുടെ രണ്ട് അസ്ഥികളിൽ പാർശ്വഭാഗത്തായുള്ള അസ്ഥിയാണ് റേഡിയസ്. നീണ്ട ഈ അസ്ഥിക്ക് ഒരു കാണ്ഡഭാഗവും മുകൾ-താഴറ്റങ്ങളുമുണ്ട്. ഡിസ്കിന്റെ ആകൃതിയിലുള്ള മുകളറ്റം ഹ്യൂമറസിന്റെ മുണ്ഡമഞ്ജരിയുമായി സന്ധിക്കുന്നു; ഡിസ്കിന്റെ സീമാന്തം അൾനയിലുളള ഒരു വെട്ടിലും. ശീർഷത്തിനു തൊട്ടുതാഴെയായുള്ള ഉപസങ്കോചനത്തെ കഴുത്ത് എന്നു പറയുന്നു. ഇതിനുതാഴെ ഒരു പരുപരുത്ത മുഴയുണ്ട്. റേഡിയസിന്റെ അസ്ഥി-പ്രോത്ഥമായ ഇത് ദ്വിശിരസ്കപേശിയെ ബന്ധിക്കുന്നു. കാണ്ഡം അതിന്റെ അധരഭാഗത്തു പരന്നിരിക്കുന്നെങ്കിലും മധ്യഭാഗത്തായി ഒരു അന്തരാസ്ഥിവരമ്പിലാണ് അവസാനിക്കുന്നത്. ഈ വരമ്പിൽ റേഡിയസിനെ അൾനയുമായി ബന്ധിക്കുന്ന ഒരു അന്തരാസ്ഥിസ്തരം ഉണ്ട്. ഇത് മുൻകൈയുടെ മുൻ-പിൻഭാഗങ്ങളെ തമ്മിൽ വേർതിരിക്കുന്നു. റേഡിയസിന്റെ മുൻതലവും അന്തരാസ്ഥിസ്തരവും കൈത്തണ്ടിനെയും വിരലുകളെയും ചലിപ്പിക്കുന്ന പേശികൾ ഉറപ്പിക്കുന്നതിന് ഉതകുന്നു. കാണ്ഡം പാർശ്വഭാഗത്തായി അല്പം മധ്യോന്നതത്വം (convexity) പ്രദർശിപ്പിക്കുന്നു. ഇതിന്റെ അഗ്രത്തിലുള്ള പരുപരുത്ത തലത്തിലാണ് അവതാനിനി (pronator) പേശി ഘടിപ്പിച്ചിരിക്കുന്നത്. താഴേ അഗ്രം മുകളറ്റത്തെക്കാൾ വീതിയേറിയതാണ്. ഇതിന്റെ പിൻഭാഗത്തായി ചില ചാലുകളുണ്ട്. ഈ ചാലുകളിലാണ് പ്രസാരിണി (extensor) പേശികളുടെ കണ്ഡരങ്ങൾ കാണപ്പെടുന്നത്. പാർശ്വസീമാന്തം താഴേക്കു വീതികുറഞ്ഞുവന്ന് വർത്തികാഭ(styloid) പ്രവർധമായിത്തീരുന്നു. മധ്യസീമാന്തം കൃശമധ്യസ്വഭാവമുള്ളതും അൾനയുടെ താഴേ അഗ്രവുമായി സന്ധിക്കുന്നതുമാണ്. കീഴറ്റത്തിന്റെ താഴ്വശം കൃശമധ്യമായി കൈത്തണ്ടിന്റെ സ്കാഫോയ്ഡ്, ലൂണേറ്റ് അസ്ഥികളുമായി സന്ധിക്കുന്നു.

മുൻകൈയിലെ രണ്ട് അസ്ഥികളിലെ പാർശ്വാസ്ഥിയാണ് അൾന. നീളമുളളതും വണ്ണംകുറഞ്ഞതുമായ ഒരസ്ഥിയാണിത്. ഇതിന്റെ മുകളറ്റം താഴത്തെ അറ്റത്തെക്കാൾ വീതി കൂടിയതാണ്. ഇവിടെ രണ്ടു പ്രവർധങ്ങൾ കാണപ്പെടുന്നു. ഹ്യൂമറസിന്റെ ചക്രകാസ്ഥിയുമായി സന്ധിക്കുന്ന ഒരു ചക്രക (trochlear) വിടവിന് ഈ പ്രവർധങ്ങൾ ഇടനൽകുന്നു. ഈ പ്രവർധങ്ങളിൽ മുകളിലത്തേതിനെ കഫോണി (olecranon) പ്രവർധം എന്നു പറയുന്നു. ഭുജത്തിലെ ദ്വിശിരസ്കപേശിയുമായി ബന്ധിക്കുന്നതിന് ഇതിന്റെ ഉപരിതലം പരുപരുത്തതായിരിക്കുന്നു. താഴത്തെ പ്രവർധം ചുണ്ടുപോലെയുളള ഒരു അസ്ഥ്യുത്സേധമാണ് (Bone shelf). മുൻഭാഗത്തേക്കു തള്ളിനിൽക്കുന്ന ഈ പ്രവർധത്തെ കോറക്കോയ്ഡ് (coracoid) പ്രവർധം എന്നു വിളിക്കുന്നു. ഭുജത്തിലെ ബ്രാക്കിയാലിസ് (brachialis) പേശി ഇതുമായി സംഗലിക്കുന്നു. ചക്രകവിടവിനു തൊട്ടു താഴെ പുറകിൽ പാർശ്വഭാഗത്തായി റേഡിയസ് അസ്ഥിയുടെ ശീർഷവുമായി സന്ധിക്കുന്ന ഒരു അവതല സന്ധി-മുഖികയുണ്ട്. മൂന്നു വശങ്ങളുള്ള കാണ്ഡത്തിൽ കൈത്തണ്ടും വിരലുകളും വളയ്ക്കുവാനുതകുന്ന പേശികൾ സന്ധിച്ചിരിക്കുന്നു. കീഴറ്റത്ത് ഉരുണ്ട ഒരു സന്ധിശീർഷമുണ്ട്. ഇതിന്റെ പാർശ്വവശത്ത് റേഡിയസിന്റെ താഴത്തെ അറ്റം സന്ധിക്കുന്നു. ശീർഷത്തിന്റെ താഴ്വശം ഒരു തന്തുതരുണാസ്ഥിവടികയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഡിസ്ക് അൾനയെ കൈത്തണ്ടിലെ അസ്ഥികളുമായി വേർതിരിക്കുന്നു. പിൻഭാഗത്തു മധ്യത്തിലായി കൂർത്ത വർത്തികാഭപ്രവർധം കാണപ്പെടുന്നു. അൾനയുടെ മുകളറ്റം ഹ്യൂമറസുമായി ചേർന്ന് വിജാഗിരിപോലെയുള്ള കൈമുട്ട് സന്ധിയായി വർത്തിക്കുന്നു. റേഡിയസിന്റെ താഴത്തേയറ്റം മാത്രമാണ് മണിബന്ധത്തിന്റെ (wrist) സന്ധിയെ രൂപപ്പെടുത്താൻ സഹായിക്കുന്നത്. കൈത്തണ്ട്, കരതലം (palm), അഞ്ചു വിരലുകൾ എന്നിവ ഉൾ​പ്പെട്ട മൂന്നു ഖണ്ഡങ്ങൾ ചേർന്നാണ് കൈ രൂപപ്പെട്ടിരിക്കുന്നത്.

കൈപ്പടം

തിരുത്തുക
 
കൈപ്പടത്തിലെ അസ്ഥികൾ

കൈത്തണ്ടിൽ എട്ട് അസ്ഥികളുണ്ട്. ഇവ രണ്ടുവരിയായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. സമീപസ്ഥ (proximal) നിരയിൽ സ്കാഫോയ്ഡ് (scaphoid), ലൂണേറ്റ് (lunate), ട്രൈക്വീട്രൽ (triquetral), പിസിഫോം (pisiform) എന്നീ അസ്ഥിഖണ്ഡങ്ങൾ കാണപ്പെടുന്നു; ദൂരസ്ഥ (distal) നിരയിൽ ട്രപ്പീസ്യം (trapezium),ട്രപ്പിസോയ്ഡ് (trapezoid), കാപ്പിറ്റേറ്റ് (capitate), ഹാമേറ്റ് (hamate) എന്നീ അസ്ഥികളാണുള്ളത്. ഇവ ചെറിയ അനിയതാകൃതിയിലുള്ളവയാണ്. പിസിഫോം ഒരു യഥാർഥമണിബന്ധ(carpal) അസ്ഥിയല്ല; ഒരു സെസമോയ്ഡ് (വർത്തുളിക) അസ്ഥിയാണ്. പാണിശലാക (metacarpal) അസ്ഥികൾ ആകെ അഞ്ചെണ്ണമുണ്ട്. ഇവയിൽ പെരുവിരലിലേതാണ് ഏറ്റവും തടിച്ചതും കുറുകിയതും. പാണിശലാകാസ്ഥികൾ ദീർഘാകൃതിയിലുളള ചെറിയ അസ്ഥികളാണ്. ഓരോന്നിനും മേൽ-കീഴറ്റങ്ങളും കാണ്ഡവുമുണ്ട്. മുകളറ്റം ആധാരഭാഗമായും താഴത്തെയറ്റം ശീർഷമായും വർത്തിക്കുന്നു. ഒന്നാം പാണിശലാകാസ്ഥിയുടെ ആധാരം ജീനിയുടെ (saddle) ആകൃതിയുള്ളതാണ്. ട്രപ്പീസ്യവുമായി സന്ധിക്കുവാനുള്ള ഒരു ക്രമീകരണമാണിത്. മറ്റു നാല് പാണിശലാകാസ്ഥികയുടെയും ആധാരവശം ട്രപ്പിസോയ്ഡ്, കാപ്പിറ്റേറ്റ്, ഹ്യൂമേറ്റ് അസ്ഥികളുമായി സന്ധിക്കുന്നു. ഇവയുടെ അഞ്ചെണ്ണത്തിന്റെയും ശീർഷങ്ങൾ ഓരോ വിരലിന്റെയും അംഗുല്യസ്ഥി (phalanx)കളുമായി സന്ധിക്കുന്നു. പെരുവിരലിൽ ആകെ രണ്ട് അംഗുല്യസ്ഥികളേ ഉള്ളൂ. ബാക്കി വിരലുകളിലെല്ലാം മൂന്നെണ്ണം വീതമുണ്ട്. വിരലുകളെയെല്ലാം പാർശ്വഭാഗത്തുനിന്നു തുടങ്ങിയാണ് പേരിട്ടിരിക്കുന്നത്. ഇവ പെരുവിരൽ (thumb), ചൂണ്ടാണിവിരൽ (index), മധ്യവിരൽ (medius), മോതിരവിരൽ (ring or anutarsus), ചെറുവിരൽ (little finger or minimus) എന്നീ പേരുകളിൽ അറിയപ്പെടുന്നു. കൈയിലെ അസ്ഥികൾ പരിഗ്രാഹക പ്രവർത്തനങ്ങൾക്ക് ഉതകും വിധമാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഇവയിൽ പെരുവിരലിനാണ് കൂടുതൽ ചലനക്ഷമതയുള്ളത്. ഇത് മനുഷ്യരിൽ കാണുന്ന ഒരു പ്രത്യേകതയുമാണ്.

അധരപാദം

തിരുത്തുക

(Lower limb).

 
അധരപാദം
 
ശ്രോണിയിലെ അസ്ഥി

കാലിലെ അസ്ഥികളും നാലു ഖണ്ഡങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്: ശ്രോണി (hip), ഊരു (thigh), കണങ്കാല് (leg), പാദം (foot) എന്നിവയാണവ. [29]

   
Extracapsular ligaments. Anterior (left) and posterior (right) aspects of right hip.


   
Intracapsular ligament. Left hip joint from within pelvis with acetabular floor removed (left); right hip joint with capsule removed, anterior aspect (right).

ശ്രോണിയിലെ അസ്ഥി അനിയമിതാകാരമുള്ളതാണ്. വളർച്ചയുടെ ആദ്യഘട്ടത്തിൽ ഇലിയം (ileum), ആസനാസ്ഥി (ischium), ജഘനാസ്ഥി (pubis) എന്നീ മൂന്നുഭാഗങ്ങൾ ഇതിനു കാണപ്പെടുന്നു. ഇലിയത്തിന് ഒരു വികസിത മുകൾഭാഗവും ഇലിയശീർഷം എന്നറിയപ്പെടുന്ന തടിച്ചതും സ്വതന്ത്രവുമായ ഒരു സീമാന്തവുമുണ്ട്. ആമാശയത്തിന്റെ മുൻഭിത്തിയിലെ പേശികൾ ഈ ഇലിയ ശീർഷത്തിലാണ് ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. ഇലിയത്തിന്റെ ഇടുങ്ങിയഭാഗം ശ്രോണീ - ഉലൂഖല(acetabulum)ത്തിന്റെ നിർമ്മാണത്തിൽ പങ്കു ചേരുന്നു. ഇലിയത്തിന്റെ പിൻഭാഗത്ത് ത്രികത്തിന്റെ വശവുമായി സന്ധിക്കുവാനുളള ഒരു സന്ധീമുഖിക കാണപ്പെടുന്നു.

ആസനാസ്ഥിക്ക് 'V' യുടെ ആകൃതിയാണുള്ളത്. ഇതിനു കുറുകിത്തടിച്ച ഒരു പിൻകാലും നീണ്ടുപരന്ന ഒരു മുൻകാലുമുണ്ട്; പിൻകാലിനെ ആസനാസ്ഥിയുടെ പിണ്ഡമെന്നും പറയുന്നു. ഇതിനു പുറകിലേക്കു നീണ്ടുനിൽക്കുന്ന ഒരു ചെറിയ കൂർത്ത പ്രവർധമുണ്ട്; ഇതിനും പുറമേ അടിവശത്തായി ഒരു പരുപരുത്ത മുഴയുമുണ്ട്. ഇതിനെ ആസനാസ്ഥിയുടെ അസ്ഥി-പ്രോത്ഥമെന്നു പറയുന്നു. ഊരുവിന്റെ പിൻഭാഗത്തെ പേശികളെ ഇവിടെയാണ് ഉറപ്പിക്കുക. ആസനാസ്ഥിയുടെ മുൻകാൽ ജഘനാസ്ഥിയുടെ സദൃശഭാഗവുമായി കൂടിച്ചേരുന്നു. ഇവിടെയാണ് ഊരുവിനെ മുൻപോട്ടു വലിക്കുന്ന പേശികളെ (abductor muscle) ഉറപ്പിക്കുന്നത്. ആസനാസ്ഥിയുടെ പിണ്ഡം ശ്രോണീ-ഉലൂഖലത്തിന്റെ നിർമ്മാണത്തിൽ പങ്കുചേരുന്നു.

ജഘനാസ്ഥിക്ക് ഒരു പിണ്ഡവും തള്ളിനിൽക്കുന്ന രണ്ടുകാലുകളുമുണ്ട്. ഇതിലെ ഉപരിശാഖ തടിച്ചതും ത്രികോണാകൃതിയിലുള്ളതുമാണ്. ശ്രോണീ-ഉലൂഖലത്തിന്റെ പൊള്ളയായ കപ്പിനെ പൂർണമാക്കുന്നത് ഈ ഉപരിശാഖയാണ്. അധഃശാഖ ആസനാസ്ഥിയുടെ ശാഖയുമായി കൂടിച്ചേർന്ന് ഈ രണ്ട് അസ്ഥികൾക്കുമിടയിലുള്ള ഓബ്ചുറേറ്റർ (obturator) രന്ധ്രം സൃഷ്ടിക്കുന്നു. ഈ രന്ധ്രം പുരുഷൻമാരിൽ അണ്ഡാകൃതിയിലും സ്ത്രീകളിൽ മുക്കോണാകൃതിയിലുമാണ് കാണപ്പെടുന്നത്.

ശ്രോണിയിലെ മുന്നസ്ഥിഭാഗങ്ങൾ പതിനാലു വയസ്സാകുന്നതോടെ ശ്രോണീ-ഉലൂഖല മേഖലയിൽവച്ച് തമ്മിൽ യോജിക്കുന്നു; പതിനെട്ടു വയസ്സാകുന്നതോടെ ഈ മിശ്രാസ്ഥി പൂർണമാവുന്നു. മുൻഭാഗത്തായി രണ്ട് ഊരു-അസ്ഥികളും അവയുടെ ജഘനാസ്ഥിഭാഗങ്ങളുമായി യോജിച്ച് ജഘന-സന്ധാനം (pubic symphysis) ആയിത്തീരുന്നു. ഇലിയഭാഗങ്ങൾ സേക്രത്തിന്റെ വശങ്ങളുമായി സന്ധിക്കുന്നു. ഇപ്രകാരം സന്ധിക്കപ്പെട്ട മൂന്ന് അസ്ഥികളും കൂടിച്ചേർന്ന് അസ്ഥിമയശ്രോണി ഉടലെടുക്കുന്നു.

രണ്ട് ശ്രോണ്യസ്ഥികളും തമ്മിൽ മുൻഭാഗത്ത് ജഘന-സന്ധാനവുമായും, പിൻഭാഗത്തു ത്രികത്തിന്റെ വശങ്ങളുമായും സന്ധിച്ച് ശ്രോണീ-മേഖല (girdle) ഉണ്ടാകുന്നു. നിവർന്നുനിൽക്കുമ്പോഴുള്ള ശരീരത്തിന്റെ ഭാരം ത്രികംവഴി ശ്രോണ്യസ്ഥികളിലേക്കും അവിടെനിന്നും ഊർവസ്ഥി (femur) വഴി കാലിന്റെ കീഴ്ഭാഗത്തേക്കും വ്യാപിക്കുന്നു.

ശ്രോണി മുൻഭാഗത്തേക്ക് അല്പം ചരിഞ്ഞി(tilted)രിക്കുന്നു. കോടരത്തെ ഉപരിതല കപടശ്രോണി (false pelvis)യായും നിമ്നതല വാസ്തവിക (true) ശ്രോണിയായും തിരിച്ചിരിക്കുന്നു. ശ്രോണ്യസ്ഥികളുടെ ഇലിയശിഖരങ്ങൾവഴി കപടശ്രോണി പാർശ്വഭാഗത്തായി സങ്കോചിച്ചിരിക്കുന്നു. വാസ്തവികശ്രോണിക്ക് ഒരു ഇടുങ്ങിയ ചാൽ ഉണ്ട്. ഇതിനു മുകൾഭാഗത്ത് ഉള്ളിലേക്കും താഴെ വെളിയിലേക്കും ദ്വാരങ്ങളുണ്ട്. മൂത്രസഞ്ചി, മലാശയം, ഗുദനാളി എന്നിവ പുരുഷൻമാരിലും സ്ത്രീകളിലും വാസ്തവികശ്രോണിയിലാണു സ്ഥിതിചെയ്യുന്നത്. അതുപോലെതന്നെ സ്ത്രീകളിൽ ഗർഭാശയവും, പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി, ശുക്ലാശയം എന്നിവയും ഇവിടെത്തന്നെ സ്ഥിതിചെയ്യുന്നു. സ്ത്രീകളുടെ ശ്രോണി വിസ്താരമേറിയതാണ്. ആസനാസ്ഥിയുടെയും ജഘനാസ്ഥിയുടെയും ശാഖകൾ തമ്മിൽ കൂടിച്ചേർന്നുണ്ടാവുന്ന ചാപം സ്ത്രീകളിൽ 900 യിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. അതുപോലെതന്നെ ശ്രോണീ-ഉലൂഖലകോടരം സ്ത്രീകളിൽ ചെറുതായിരിക്കും. സ്ത്രീകളിൽ ആസനാസ്ഥിയുടെ അസ്ഥി-പ്രോത്ഥം ബഹിർഗമനദ്വാരത്തിനടുത്ത് വിസ്താരമേറിയിരിക്കുന്നു. ഈ സംവിധാനങ്ങളെല്ലാംതന്നെ സ്ത്രീകളുടെ ശ്രോണി വിസ്തൃതമാകാനും പ്രസവസമയത്ത് വേണ്ടത്ര വികാസം ഉണ്ടാകുവാനും ഉപകരിക്കും.

ഊർവസ്ഥി

തിരുത്തുക

(Femur).

 
ഊർവസ്ഥി

ശരീരത്തിലെ ഏറ്റവും നീളംകൂടിയ അസ്ഥിയാണിത്.[30] അനുപ്രസ്ഥപരിച്ഛേദത്തിൽ കാണ്ഡം ത്രികോണാകൃതിയിലുള്ളതാണ്. പിൻഭാഗത്തായി ലീനിയ ആസ്പെര(linea aspera) എന്ന പേരിൽ ഒരു ഊർധ്വാധരവരമ്പുണ്ട്. കാണ്ഡത്തിന്റെ മുൻഭാഗത്തു നിന്നാണ് ഊരുവിന്റെ പ്രസാരിണീപേശികൾ ആരംഭിക്കുന്നത്. ഊർവികാസ്ഥിയുടെ അടിഭാഗം ടിബിയാസ്ഥിയുമായി സന്ധിക്കാനുതകുംവിധം ക്രമപ്പെടുത്തിയിരിക്കുന്നു. കീഴറ്റത്തിന്റെ മുൻഭാഗം മുട്ടുചിരട്ട(patella)യുമായി സന്ധിക്കുവാനായി ഒരു കപ്പിയുടെ ആകൃതിയിലായിരിക്കുന്നു. പിൻഭാഗത്തായി ഒരു വലിയ വിടവുണ്ട്. ഈ വിടവ് ടിബിയ (tibia)യുടെ മുകളറ്റവുമായി സന്ധിക്കുവാനായുള്ള ഊർവികാസ്ഥിയിലുളള രണ്ട് അസ്ഥികന്ദങ്ങളെതമ്മിൽ വേർതിരിക്കുന്നു. അസ്ഥികന്ദങ്ങൾക്കിടയിലെ ആഴമേറിയ വിടവിൽ ഒരു ജോടി സ്നായുക്കളുണ്ട്. മുട്ടിലെ സന്ധിയുടെ ചലനത്തെ നിയന്ത്രിക്കുന്നത് ഇവയാണ്. കാണ്ഡം മുൻഭാഗത്തേക്ക് അല്പം മധ്യോന്നതമാണ്. കാണ്ഡത്തിന്റെ മുകൾഭാഗത്തായി ഒരു കഴുത്തുണ്ട്. ഇത് അർധഗോളാകൃതിയിലുളള ശീർഷത്തെ താങ്ങിനിർത്തുന്നു. ഈ ശീർഷം ശ്രോണ്യസ്ഥിയിലെ ശ്രോണീ-ഉലൂഖലവുമായി സന്ധിക്കുന്നു. കഴുത്തും കാണ്ഡവുമായി ചേരുന്നിടത്ത് രണ്ട് ഉത്സേധങ്ങൾ (prominences) ഉണ്ട്.

മുട്ടുചിരട്ട ഒരു വിത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന, ഏതാണ്ട് മുക്കോണാകൃതിയിലുളള, ഉഭയതലമധ്യോന്നത (biconvex) അസ്ഥിയാണ്. കാലിലെ പ്രസാരിണി കണ്ഡര(extensor tendon) കളിൽ രൂപപ്പെട്ട ഒരു സെസമോയ്ഡ് അസ്ഥിയാണിത്. ഇതിന്റെ മുൻഭാഗം പേശീതന്തുക്കളെ ഉറപ്പിക്കാനായി പരുപരുത്തിരിക്കുന്നു. മിനുസമുളള പിൻഭാഗം മുട്ടിലെ സന്ധിയുമായി ചേരുന്നു.

 
ടിബിയ

കാലിലെ രണ്ട് അസ്ഥികളിൽ മധ്യത്തിലേതാണ് ടിബിയ.[31] നിവർന്നു നിൽക്കുമ്പോൾ ശരീരഭാരം ഉപ്പൂറ്റി(heel) യിലേക്കു പ്രസരിക്കുന്നത് ടിബിയയിലൂടെയാണ്. മുകളറ്റം വികസിച്ചതും പരന്ന ഒരു സന്ധി-പ്രതലത്തോടുകൂടിയതുമാണ്. ഈ പ്രതലത്തെ അസ്ഥികന്ദങ്ങൾക്കിടയിലുള്ള ഒരു ഉയർന്നഭാഗം രണ്ടായി തിരിക്കുന്നു. കാണ്ഡം അനുപ്രസ്ഥപരിച്ഛേദത്തിൽ ത്രികോണാകൃതി കാണിക്കുന്നു. ഇതിനു പരന്ന ഒരു മധ്യപ്രതലമുണ്ട്. കാണ്ഡത്തിന്റെ പാർശ്വ-പിൻ പ്രതലങ്ങളിൽ പാദത്തിന്റെ പേശികളെ ഉറപ്പിച്ചിരിക്കുന്നു. പാർശ്വഭാഗത്തെ സീമാന്തത്തിൽ ഒരു ബലമേറിയ അസ്ഥ്യന്തരസ്തരം ഉറപ്പിക്കപ്പെട്ടിരിക്കുന്നു. താഴ്വശം ഇടുങ്ങിവരികയും അതിന്റെ മധ്യഭാഗം താഴേക്ക് തള്ളിവരികയും ചെയ്യുന്നു. ഇതു കാൽവണ്ണയുടെ (ankle) മധ്യഭാഗത്തായി ഒരു ഉത്സേധ (prominence)മായിത്തീരുന്നു. ഇതിനെ മധ്യഗുൽഫവർധം (malleolus) എന്നു പറയുന്നു. മിനുസമുളള കീഴറ്റം കണങ്കാലസ്ഥി(talus)യുമായി സന്ധിക്കുന്നു.

കാൽവണ്ണയെല്ല്‌[32] (Fibula)

തിരുത്തുക
 
ഫിബുല

കാലിന്റെ പാർശ്വഭാഗത്തായുള്ള ഒരു കനം കുറഞ്ഞ അസ്ഥിയാണ് ഫിബുല(fibula).[33] പാർശ്വഭാഗത്തുള്ള ഒരു പേശി ഇതിനെ പൂർണമായിത്തന്നെ ആവരണം ചെയ്യുന്നു. ഫിബുലയുടെ മുകളറ്റം ഘനാസ്ഥിയുടെ ആകൃതിയിലുള്ള ഒരു ശീർഷമായി വികസിച്ചിരിക്കുന്നു. ഇതിന്റെ പാർശ്വഭാഗം ഒരു വർത്തികാഭപ്രവർധമായി മുകളിലേക്ക് അല്പം തള്ളിനിൽക്കുന്നു. ശീർഷത്തിന്റെ ഉപരിതലം ടിബിയയുടെ പാർശ്വാസ്ഥികന്ദത്തിന്റെ കീഴറ്റത്തുളള സന്ധി-മുഖികയുമായി സന്ധിക്കുന്നു. കാണ്ഡം കനം കുറഞ്ഞതാണ്; ഇതിനു നാലു വശങ്ങളുണ്ട്. പാദത്തിന്റെ ചലനത്തെ സഹായിക്കുന്ന പേശികൾ ഇവിടെ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. കീഴറ്റം ഒരു പരുപരുത്ത ഉത്സേധമായി പരിണമിച്ചിരിക്കുന്നു. ഇതിനെ പാർശ്വഗുൽഫവർധം എന്നു വിളിക്കുന്നു. ഇതിന്റെ മധ്യപ്രതലം കണങ്കാലസ്ഥിയുമായി സന്ധിക്കുന്നു. സന്ധിപ്രതലത്തിനു പിന്നിലായി ഒരു പരുപരുത്ത തലമുണ്ട്. ടിബിയോ-ഫിബുലാർ സ്നായുക്കൾ ഇവിടെ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ സ്നായുക്കൾ ടിബിയയെ ഫിബുലയുമായി ബലമായി ബന്ധിച്ചിരിക്കുന്നു. ഫിബുലയുടെ കീഴ്ഭാഗമാണ് ഈ അസ്ഥിയുടെ പ്രധാനഭാഗം; കണങ്കാലിന്റെ സന്ധിയെ ഉറപ്പിച്ചു നിർത്തുന്ന ഭാഗം ഇതാണ്.

(Foot).

 
പാദം

ടാർസസ് (tarsus), മെറ്റാടാർസസ് (meta-tarsus), അഞ്ച് വിരലുകൾ എന്നിവ ഒരു പരന്ന ആധാരത്തിൽ കാലിന് 900 കോണത്തിൽ ക്രമീകരിച്ചിരിക്കുന്നു.[34] ടാർസസിൽ ഏഴ് അസ്ഥികൾ മൂന്നു നിരയിലായി കാണപ്പെടുന്നു. സമീപസ്ഥമായ അസ്ഥിയാണ് കാൽകേനിയം (calcaneum). മധ്യത്തിലായി രണ്ട് അസ്ഥികളുണ്ട്: പാർശ്വഭാഗത്തുള്ളതും കാൽകേനിയവുമായി സന്ധിക്കുന്നതുമായ ക്യൂബോയ്ഡ് അസ്ഥിയും, മധ്യത്തിലായുള്ളതും കണങ്കാലസ്ഥിയുമായി സന്ധിക്കുന്നതുമായ നാവിക്കുലാറും (navicular). ദൂരസ്ഥനിരയിൽ മൂന്നു കീലാകാരസ്ഥികളാണുള്ളത്. കണങ്കാലസ്ഥിയൊഴികെ ടാർസസിലെ മറ്റെല്ലാ അസ്ഥികൾക്കും പേശികളുടെ ഉറപ്പിക്കലിനായി പരുപരുത്ത പ്രതലങ്ങളാണുളളത്. കണങ്കാലസ്ഥിക്കു മുകളിലും താഴെയും മുൻപിലും വശങ്ങളിലും സന്ധി-മുഖികകളുണ്ട്. കാൽകേനിയം കണങ്കാലസ്ഥിക്കും പുറകിലേക്കു തള്ളിനിൽക്കുകയും ഉപ്പൂറ്റിയുടെ മുഴപ്പിനെ സഹായിക്കുകയും ചെയ്യുന്നു.

മെറ്റാടാർസസിന്റെയും വിരലുകളുടെയും അസ്ഥികൾ കൈയിലെ മെറ്റാകാർപൽ സംവിധാനത്തിന് സദൃശമാണ്. കൈയിലെ പെരുവിരലിന്റെ സ്ഥാനത്ത് പാദത്തിലെ പെരുവിരൽ ഉണ്ട്; പക്ഷേ, കൈവിരലിന്റെ അത്ര ചലനക്ഷമത പാദത്തിലെ പെരുവിരൽ പ്രദർശിപ്പിക്കുന്നില്ല.

വക്ഷീയ ചട്ടക്കൂട്

തിരുത്തുക

(Thoracic cage).

കശേരുകദണ്ഡിന്റെ വക്ഷീയഭാഗവും പാർശുകകളും (വാരിയെല്ല് - ribs) അവയുടെ പാർശുക-തരുണാസ്ഥികളും (costal cartilages) ഉരോസ്ഥിയും (sternum) ചേർന്നതാണ് വക്ഷീയ ചട്ടക്കൂടിന്റെ ഘടന.

ഉരോസ്ഥി

തിരുത്തുക

ഉരോസ്ഥിക്ക് മൂന്നു ഭാഗങ്ങളുണ്ട്: മുകൾഭാഗത്തു കാണുന്ന ഉരോസ്ഥിമുഷ്ടി (manubrium)യും, മധ്യത്തിലായുള്ള പിണ്ഡവും, താഴ്വശത്തായുള്ള സിഫോയ്ഡ് (xiphoid) പ്രവർധവും. പിണ്ഡത്തിന്റെ മുൻ-പിൻഭാഗങ്ങളിൽ അനുപ്രസ്ഥരേഖകളുണ്ട്. നേരത്തെ ഉണ്ടായിരുന്ന നാല് വ്യത്യസ്ത ഖണ്ഡങ്ങളെ ഇവ സൂചിപ്പിക്കുന്നു. ഉരോസ്ഥിയുടെ ഓരോ പാർശ്വസീമാന്തത്തിലും പാർശുകോപാസ്ഥികളുമായി സന്ധിക്കാനുള്ള ഏഴ് കൊതകൾ കാണാം. ഉരോസ്ഥിമുഷ്ടിയുടെ ഉപരിതല സീമാന്തത്തിൽ അക്ഷകാസ്ഥി(clavicle)യുമായി ചേരുവാനായുളള ഒരു കുഴിവ് കാണപ്പെടുന്നു. സിഫോയ്ഡ് പ്രവർധം പ്രായമായാലും ഉപാസ്ഥിയായിത്തന്നെ നിലക്കൊള്ളുന്നു.

 
മനുഷ്യന്റെ അസ്ഥികൂടം

പാർശുകകൾ പന്ത്രണ്ടു ജോടിയുണ്ട്. കശേരുകദണ്ഡിന്റെ വക്ഷഭാഗത്തു പുറകിലായി ഇവ സന്ധിക്കുന്നു. കശേരുകദണ്ഡിൽനിന്നും വാരിയെല്ലുകൾ (പാർശുകകൾ) ആദ്യം പുറകോട്ടും പിന്നീട് താഴേക്കുവന്നു മുമ്പോട്ടായും തള്ളിനില്ക്കുന്നു. അവസാനം അല്പം താഴെയായി ഇവ പാർശുക-ഉപാസ്ഥിയിൽ അവസാനിക്കുന്നു. മുകളിലുള്ള ഏഴ് പാർശുകകൾ ഉരോസ്ഥിയുമായി പാർശുക-ഉപാസ്ഥിവഴി ബന്ധപ്പെട്ടിരിക്കുന്നു. ഇവയെ മുഖ്യപാർശുകകൾ (true ribs) എന്നു വിളിക്കുന്നു. താഴെയുള്ള അഞ്ചെണ്ണം ഗൗണ (false) പാർശുകകളാണ്. 8,9,10 എന്നീ പാർശുകകളുടെ ഉപാസ്ഥികൾ ഉരോസ്ഥിവരെ എത്തുന്നില്ല. ഇവ തൊട്ടുമുകളിലുള്ള പാർശുകയുടെ തരുണാസ്ഥിയുമായി യോജിക്കുന്നു. 11-ഉം 12-ഉം പാർശുകകൾ മുൻഭാഗത്ത് ബന്ധപ്പെടുന്നില്ല. ഇവയെ ഡോളാപാർശുകകൾ (floating ribs) എന്നു പറയാം. മനുഷ്യാസ്ഥിപഞ്ജരം

ഒരു പ്രാരൂപിക (typical) പാർശുകയ്ക്കു (3 മുതൽ 9 വരെയുള്ളവ) ശീർഷവും കഴുത്തും കാണ്ഡവും (shaft) ഉണ്ട്. ശീർഷം രണ്ടു സമീപസ്ഥ കശേരുകപിണ്ഡങ്ങളുമായി സന്ധിക്കുന്നു. ഒരു ചെറിയ കഴുത്ത് ശീർഷത്തെ മുഴ (tubercle)യിൽനിന്നു വേർതിരിക്കുന്നു. ഈ മുഴ ഒരു അനുപ്രസ്ഥപ്രവർധവുമായി സന്ധിക്കുന്നു. ഇതിനുമപ്പുറം കാണ്ഡം വക്ഷസ്സിന്റെ ചുറ്റുമായി വളഞ്ഞ് പാർശുകതരുണാസ്ഥിവരെ എത്തുന്നു. വാരിയെല്ലുകളെ കശേരുകകളോടും ഉരോസ്ഥിയോടും തന്തുരൂപ തരുണാസ്ഥികളാൽ യോജിപ്പിച്ചിരിക്കുന്നതിനാൽ നെഞ്ചിനെ വികസിപ്പിക്കുവാൻ സാധിക്കുന്നു. മറ്റ് അസ്ഥിഭാഗങ്ങളെക്കാളും വേഗം ഒടിയാനുള്ള പ്രവണത വാരിയെല്ലുകൾക്കുണ്ട്.

കാണ്ഡരാസ്ഥികൾ

തിരുത്തുക

(Sesamoid bones).

അസ്ഥിമുഴപ്പുകൾക്കു മുകളിലൂടെ പേശീകന്ദങ്ങൾക്കു തെന്നിമാറേണ്ട ആവശ്യമുള്ളിടത്തെല്ലാം പേശീകന്ദത്തിന്റെ ഒരു ഭാഗം ഒരു വിത്തിന്റെ ആകൃതിയിലുള്ള അസ്ഥിയായി രൂപാന്തരപ്പെടാറുണ്ട്. പേശീകന്ദത്തിന്റെ ചലനദിശയിലേക്കുള്ള വലിവിൽ ഒരു ഉത്തോലകപ്രവർത്തനം സാധ്യമാക്കാനുള്ള സംവിധാനമാണിത്. ഇപ്രകാരം രൂപാന്തരപ്പെടുന്ന അസ്ഥികളെ കാണ്ഡരാസ്ഥികൾ എന്നു പറയുന്നു. മുട്ടുചിരട്ട ഇവയ്ക്കൊരു ഉദാഹരണമാണ്.

  1. 1.0 1.1 പേജ്71, All About Human Body - Addone Publishing group
  2. http://www.nytimes.com/2012/10/02/science/skulls-engineered-to-take-hard-knocks.html?_r=0 Skulls Engineered for Hard Knocks
  3. http://education.yahoo.com/reference/gray/subjects/subject/33 Archived 2013-02-27 at the Wayback Machine. The Frontal Bone
  4. http://www.innerbody.com/image_skel03/skel45.html ethmoid bone
  5. http://education.yahoo.com/reference/gray/subjects/subject/35 Archived 2011-10-17 at the Wayback Machine. The Sphenoid Bone
  6. http://dictionary.reference.com/browse/occipital Occipital Bones
  7. http://www.innerbody.com/image_skel03/skel43.html The temporal bone
  8. http://www.merriam-webster.com/dictionary/parietal parietal
  9. 9.0 9.1 9.2 പേജ് 323, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
  10. http://education.yahoo.com/reference/gray/subjects/subject/40 Archived 2011-01-25 at the Wayback Machine. The Zygomatic Bone
  11. http://www.emory.edu/ANATOMY/AnatomyManual/back.html The Vertebral Column and Spinal Cord
  12. http://www.knowyourback.org/Pages/Definitions/AnatomySpine/Bones/SpinalColumn.aspx Archived 2012-12-18 at the Wayback Machine. The Spinal Column
  13. http://www.spineuniverse.com/anatomy/intervertebral-discs Intervertebral Discs
  14. http://www.cedars-sinai.edu/Patients/Programs-and-Services/Spine-Center/Anatomy-of-the-Spine/Vertebrae-of-the-Spine.aspx Archived 2013-01-06 at the Wayback Machine. Vertebrae of the Spine
  15. http://www.apparelyzed.com/spinalcord.html[പ്രവർത്തിക്കാത്ത കണ്ണി] Spinal Cord Anatomy
  16. http://www.ncbi.nlm.nih.gov/pmc/articles/PMC1017426/ Segmental nature of the choroidal vasculature.
  17. http://www.spine-health.com/conditions/spine-anatomy/cervical-spine-anatomy-and-neck-pain Cervical Spine Anatomy and Neck Pain
  18. http://www.spine-health.com/conditions/spine-anatomy/cervical-vertebrae Cervical Vertebrae
  19. http://www.gwc.maricopa.edu/class/bio201/vert/thorc1.htm Archived 2012-12-28 at the Wayback Machine. Superior View of Thoracic Vertebra
  20. http://www.eskeletons.org/taxon/human/boneviewer/vertebrae/lumbar_vertebra_5.html#Anterior Archived 2012-12-27 at the Wayback Machine. Human: Lumbar Vertebra 5
  21. http://www.spine-health.com/conditions/spine-anatomy/sacrum-sacral-region Sacrum (Sacral Region)
  22. http://www.spine-health.com/conditions/spine-anatomy/anatomy-coccyx-tailboneAnatomy of the Coccyx (Tailbone)
  23. http://www.botany.uwc.ac.za/sci_ed/grade10/manphys/appendicular.htm Archived 2013-12-31 at the Wayback Machine. THE APPENDICULAR SKELETON
  24. http://www.webmd.com/pain-management/picture-of-the-shoulder Picture of the Shoulder
  25. http://www.ncbi.nlm.nih.gov/pubmed/2387495 The ontogenesis of the manubrium sterni in Tupaia belangeri
  26. http://www.cabdirect.org/abstracts/20093308757.html;jsessionid=F5238C4EC3A25873AA467747770115D7?gitCommit=4.13.11-15-g9672536 Archived 2015-06-03 at the Wayback Machine. Document details
  27. http://www.sportsinjuryclinic.net/sport-injuries/shoulder-pain/fracture-of-the-neck-of-the-humerus Fracture of the Neck of the Humerus
  28. http://education.yahoo.com/reference/gray/subjects/subject/52 Archived 2012-10-30 at the Wayback Machine. The Ulna (Elbow Bone) 56
  29. http://home.comcast.net/~wnor/llbones.htm The lower limb is subdivided by the hip joint, knee joint, and ankle joint into the regions:
  30. http://orthoinfo.aaos.org/topic.cfm?topic=A00521 Femur Shaft Fractures (Broken Thighbone)
  31. http://orthopedics.about.com/od/brokenbones/a/tibia.htm Archived 2013-01-20 at the Wayback Machine. Tibia Fracture
  32. http://olam.in/Dictionary/en_ml/fibula
  33. http://orthopedics.about.com/od/footanklefractures/qt/Fibula-Fractures.htm Archived 2013-01-16 at the Wayback Machine. Fibula Fractures
  34. http://www.webmd.com/pain-management/picture-of-the-feet Picture of the Feet

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അസ്ഥിപഞ്ജരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

(Skull)

"https://ml.wikipedia.org/w/index.php?title=അസ്ഥികൂടം&oldid=4142491" എന്ന താളിൽനിന്ന് ശേഖരിച്ചത്