ടി. മാധവറാവു

(Sir T. Madhava Rao എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇൻഡ്യൻ സിവിൽ സർവീസിലെ ഒരു ഉദ്യോഗസ്ഥനും ഭരണകർത്താവും പൊതുപ്രവർത്തകനുമായിരുന്നു രാജ സർ തഞ്ചാവൂർ മാധവ റാവു, കെ.സി.എസ്.ഐ. (ജനനം. 1828 - മരണം. 1891 ഏപ്രിൽ 4). സർ മാധവ റാവു തഞ്ചാവൂർക്കർ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ഇദ്ദേഹം 1857 മുതൽ 1872 വരെ തിരുവിതാംകൂറിന്റെ ദിവാനായിരുന്നു. ഇതുകൂടാതെ ഇദ്ദേഹം 1873 മുതൽ 1875 വരെ ഇൻഡോറിന്റെയും 1875 മുതൽ 1882 വരെ ബറോഡയുടെയും ദിവാൻ സ്ഥാനം വഹിച്ചിട്ടുണ്ട്. ഇദ്ദേഹം പണ്ട് തിരുവിതാംകൂർ ദിവാനായിരുന്ന ടി. വെങ്കട്ട റാവുവിന്റെ സഹോദരന്റെ പുത്രനാണ്. ഇദ്ദേഹത്തിന്റെ അച്ഛന്റെ പേരും രങ്ക റാവു എന്നാണ്.

രാജ, സർ
തഞ്ചാവൂർ മാധവ റാവു
സർ ടി. മാധവ റാവുവിന്റെ രേഖാചിത്രം
ബറോഡയുടെ ദിവാൻ
ഓഫീസിൽ
1875 മേയ് 10 – 1882
Monarchമഹാരാജ സായാജിറാവു ഗെയ്ക്ക്‌വാദ് മൂന്നാമൻ
മുൻഗാമിദാദാഭായി നവറോജി
പിൻഗാമികാസി ഷഹാബുദ്ദീൻ
ഇൻഡോറിന്റെ ദിവാൻ
ഓഫീസിൽ
1873–1875
Monarchതൂക്കോജിറാവു ഹോൾക്കർ രണ്ടാമൻ
പിൻഗാമിആർ രഘുനാഥ റാവു
തിരുവിതാംകൂർ ദിവാൻ
ഓഫീസിൽ
1857 – 1872 മേയ്
Monarchsഉത്രം തിരുനാൾ,
ആയില്യം തിരുനാൾ
മുൻഗാമികൃഷ്ണ റാവു
പിൻഗാമിഎ. ശേഷയ്യ ശാസ്ത്രി
വ്യക്തിഗത വിവരങ്ങൾ
ജനനം1828
കുംഭകോണം,
മദ്രാസ് പ്രസിഡൻസി,
ബ്രിട്ടീഷ് ഇൻഡ്യ
മരണം1891 ഏപ്രിൽ 4
മൈലാപ്പൂർ,
മദ്രാസ്,
ബ്രിട്ടീഷ് ഇൻഡ്യ
Relationsടി. രങ്ക റാവു (അച്ഛൻ)
കുട്ടികൾടി. അനന്ത റാവു
അൽമ മേറ്റർമദ്രാസ് സർവ്വകലാശാല
ജോലിഅഭിഭാഷകൻ, ഭരണകർത്താവ്
തൊഴിൽപൊതുപ്രവർത്തകൻ

1828-ൽ കുംഭകോണത്തെ ഒരു തഞ്ചാവൂർ മറാഠി കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. മദ്രാസിലായിരുന്നു ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്. മദ്രാസ് സിവിൽ സർവീസി‌ൽ രണ്ടു വർഷം ജോലി ചെയ്ത ശേഷം മാധവറാവുവിനെ തിരുവിതാംകൂറിലെ രാജകുമാരന്മാരുടെ അദ്ധ്യാപകനായി നിയമിച്ചു. ഇദ്ദേഹത്തിന്റെ കഴിവിൽ തൃപ്തരായ രാജകുടുംബം റെവന്യൂ ഡിപ്പാർട്ട്മെന്റിൽ മാധവ റാവുവിനെ നിയമിച്ചു. ഇവിടെ പടിപടിയായി ഉയർന്നാണ് ഇദ്ദേഹം 1857-ൽ ദിവാനായത്.

1857 മുതൽ 1872 വരെ ഇദ്ദേഹം തിരുവിതാംകൂറിന്റെ ദിവാനായിരുന്നു. വിദ്യാഭ്യാസം, നിയമനിർമ്മാണം, പൊതുമരാമത്ത്, വൈദ്യശാസ്ത്രം, പ്രതിരോധക്കുത്തിവയ്പ്പുകൾ, പൊതുജനാരോഗ്യം, കൃഷി എന്നീ രംഗങ്ങളിൽ അദ്ദേഹം കാര്യമായ പുരോഗതി കൊണ്ടുവന്നു. തിരുവിതാംകൂറിന്റെ പൊതു കടം ഇല്ലാതാക്കിയത് ഇദ്ദേഹത്തിന്റെ കീഴിലായിരുന്നു. 1872-ൽ ദിവാൻ പദവി രാജിവച്ച് ഇദ്ദേഹം മദ്രാസിലേയ്ക്ക് മടങ്ങി. പിൽക്കാലത്ത് ഇദ്ദേഹം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുകയും ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിലൊരാളായി തീരുകയും ചെയ്തു. 1891-ൽ മദ്രാസിലെ മൈലാപ്പൂരിൽ 63 വയസ്സു പ്രായത്തിലാണ് ഇദ്ദേഹം മരിച്ചത്.

ഇദ്ദേഹത്തിന്റെ ഭരണപരമായ കഴിവുകൾ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകർത്താവായ ഹെൻട്രി ഫോസെറ്റ് ഇദ്ദേഹത്തെ ഇൻഡ്യയുടെ ടർഗോട്ട് എന്ന് വിളിച്ചിട്ടുണ്ട്. 1866-ൽ ഇദ്ദേഹത്തിന് നൈറ്റ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇൻഡ്യ എന്ന ബഹുമതി ലഭിച്ചിരുന്നു.

ആദ്യകാല ജീവിതവും ഔദ്യോഗിക ജീവിതത്തിന്റെ തുടക്കവും

തിരുത്തുക

1828-ൽ ഒരു പ്രധാന തഞ്ചാവൂർ മറാഠി കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. തൻഞ്ചാവൂർക്കർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബപ്പേര്. ഇദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ ഗോപാൽ പന്തും മുത്തച്ഛനായ ഗുണ്ടു പന്തും ബ്രിട്ടീഷ് ഭരണത്തിൻ കീഴിലും വിവിധ രാജാക്കന്മാർക്കുവേണ്ടിയും വിശ്വസ്തർക്കുനൽകുന്ന ഉദ്യോഗങ്ങൾ വഹിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പിതൃസഹോദരനായ റായി രായ റായി വെങ്കട്ട റാവു തിരുവിതാംകൂറിന്റെ ദിവാനായിരുന്നു. ഇദ്ദേഹത്തിന്റെ അച്ഛനായി രങ്കറാവുവും ചെറിയ കാലയളവിൽ തിരുവിതാംകൂറിലെ ദിവാനായിരുന്നു. മാധവറാവുവിന് രണ്ട് മൂത്ത സഹോദരന്മാരുണ്ടായിരുന്നു.

ആദ്യകാലം ഇദ്ദേഹം മദ്രാസ് നഗരത്തിലായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹം ഗവണ്മെന്റ് ഹൈ സ്കൂളിലാണ് (പിന്നീട് പ്രസിഡൻസി കോളേജ്, മദ്രാസ്) വിദ്യാഭ്യാസം നടത്തിയത്. ഇദ്ദേഹം സൂക്ഷ്മതയുള്ള വിദ്യാർത്ഥിയായിരുന്നു. കണക്കിലും ശാസ്ത്രത്തിലും ഇദ്ദേഹം സാമർത്ഥ്യം കാണിച്ചിരുന്നു. 1846-ൽ ഇദ്ദേഹം പ്രശസ്തനിലയിൽ പ്രൊഫിഷ്യന്റ്സ് ഡിഗ്രി കരസ്ഥമാക്കി. അടുത്തുതന്നെ പവൽ ഇദ്ദേഹത്തെ ഹൈസ്കൂളിൽ കണക്കും ഫിസിക്സും പഠിപ്പിക്കുവാൻ നിയമിച്ചു. പക്ഷേ മാധവ റാവു പെട്ടെന്നുതന്നെ ജോലി ഉപേക്ഷിക്കുകയും അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ ഉദ്യോഗം സ്വീകരിക്കുകയും ചെയ്തു. 1848-ൽ ഇദ്ദേഹത്തെ തിരുവിതാംകൂറിലെ രാജകുമാരന്മാരെ പഠിപ്പിക്കുവാനായി നിയമിച്ചു. ഇംഗ്ലീഷ് റസിഡന്റിന്റെ ശുപാർശയിലാണ് ഈ ജോലി ഇദ്ദേഹത്തിനു ലഭിച്ചത്. നാലു വർഷം ഇദ്ദേഹം ഈ ജോലിയിൽ തുടർന്നു. ഇദ്ദേഹത്തിന്റെ പ്രാഗല്ഭ്യത്തിൽ ആകൃഷ്ടരായ അധികൃതർ റെവന്യൂ വിഭാഗത്തിൽ ഇദ്ദേഹത്തിന് ജോലി നൽകി. വളരെച്ചുരുങ്ങിയ കാലം കൊണ്ട് ഇദ്ദെഹം തിരുവിതാംകൂറിലെ തെക്കൻ ഡിവിഷനിലെ ദിവാൻ പേഷ്കാരായി മാറി.

ഈ സമയത്ത് തിരുവിതാംകൂർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. ഖജനാവ് കാലിയായിരുന്നു. മദ്രാസ് സർക്കാരിന് വലിയ തുക സബ്സിഡിയായി കൊടുത്തു തീർക്കാനുണ്ടായിരുന്നു. ഡോക്ട്രിൻ ഓഫ് ലാപ്സ് കൊണ്ടുവന്നശേഷം, ഡൽഹൗസി പ്രഭു തിരുവിതാംകൂറിനെ ബ്രിട്ടീഷ് ഇൻഡ്യയോട് ലയിപ്പിക്കാൻ തക്കം പാർത്തിരിക്കുകയായിരുന്നു. തിരുവിതാംകൂർ രാജാവായിരുന്ന ഉത്രം തിരുന്നാൾ മാധവ റാവുവിനെ ബ്രിട്ടീഷുകാരുമായി ചർച്ച ചെയ്ത് ഒരു കരാറുണ്ടാക്കാൻ നിയോഗിച്ചു. ഇദ്ദേഹം ഈ ജോലി ഭംഗിയായി നിർവഹിച്ചതിനാൽ അടുത്ത ദിവാനായി ഇദ്ദേഹത്തെ നിയമിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

തിരുവിതാംകൂർ ദിവാൻ

തിരുത്തുക
 
മാധവ റാവു (ഇടത്തു നിന്ന്) രാജ്യാവകാശി വിശാഖം തിരുനാൾ തിരുവിതാംകൂർ മഹാരാജാവ് ആയില്യം തിരുനാൾ എന്നിവർക്കൊപ്പം

1857 മുതൽ 1872 മേയ് മാസം വരെയുള്ള പതിനഞ്ചു വർഷമാണ് ഇദ്ദേഹം തിരുവിതാംകൂർ ദിവാനായിരുന്നത്. തിരുവിതാംകൂറിനെ അടിമുടി മാറ്റിയ ഭരണകാലമായിരുന്നു ഇത്[1] .

പ്രശ്നങ്ങൾ

തിരുത്തുക

ഇദ്ദേഹം ദിവാനായി ജോലിയിൽ പ്രവേശിച്ച സമയത്ത് രാജ്യഭരണം താറുമാറായി കിടക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ശമ്പളമായും മറ്റും വലിയൊരു തുക സർക്കാരിന് ബാദ്ധ്യതയുണ്ടായിരുന്നു. ദീർഘനാളായി ശമ്പളം കൊടുത്തിരുന്നില്ല. മഹാരാജാവ് തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പണം കടം വാങ്ങിയിട്ടുണ്ടായിരുന്നു. ബ്രിട്ടീഷ് സർക്കാരിനു നൽകാനുള്ള തുകയും കൂട്ടിയാൽ ഭരണകൂടം കടക്കെണിയിലായിരുന്നു. ആരും ഈ സമയത്ത് തിരുവിതാംകൂറിന്റെ ദിവാൻ സ്ഥാനം സ്വമനസാലെ ഏറ്റെടുക്കുമായിരുന്നില്ല. മാധവറാവുവിന്റെ നിയമനത്തിനു തൊട്ടു പിന്നാലെ തിരുവിതാംകൂറിൽ ചാന്നാർ ലഹളയും പൊട്ടിപ്പുറപ്പെട്ടു. ഇതും രാജ്യത്തിന്റെ പ്രശ്നങ്ങളിലൊന്നായി മാറി.

ധനകാര്യ രംഗത്തെ പരിഷ്കാരങ്ങൾ

തിരുത്തുക

1860-ൽ പാരമ്പര്യവാദിയായിരുന്ന മഹാരാജാവ് മരിക്കുകയും അദ്ദേഹത്തിന്റെ അനന്തരവനും മാധവറാവുവിന്റെ ശിഷ്യനുമായിരുന്ന ആയില്യം തിരുനാൾ അധികാരമേൽക്കുകയും ചെയ്തു. യാധാസ്ഥിതികത്വം കുറവായിരുന്ന പുതിയ മഹാരാജാവിന്റെ കീഴിൽ മാധവറാവുവിന്റെ ഭരണം ഫലം കാണാൻ തുടങ്ങി. കുത്തകകളും ചെറിയ ചെറിയ നികുതികളും സെസ്സുകളും നിർത്തലാക്കുകയും ഭൂനികുതി കുറയ്ക്കുകയും ചെയ്തു. 1863ഓടെ തിരുവിതാംകൂറിന്റെ കടം തുടച്ചുനീക്കപ്പെട്ടു. "തിരുവിതാംകൂറിന് ഇപ്പോൾ പൊതുകടമില്ല" എന്ന് ദിവാൻ അഭിമാനത്തോടെ പ്രസ്താവിക്കുകയുമുണ്ടായി. ഉദ്യോഗസ്ഥരുടെ ശമ്പളം 50 ശതമാനത്തിലധികം വർദ്ധിപ്പിക്കുകയും ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമത കൂട്ടുകയും ചെയ്തു. ഇദ്ദേഹം സ്ഥാനമേറ്റപ്പോൾ തിരുവിതാംകൂറിന്റെ ഖജനാവ് ശൂന്യവും രാജ്യം കടക്കെണിയിലുമായിരുന്നുവെങ്കിൽ ഇദ്ദേഹം സ്ഥാനമൊഴിയുമ്പോൾ ഖജനാവിൽ നാൽപ്പതു ലക്ഷം രൂപ നീക്കിയിരിപ്പുണ്ടായിരുന്നു.

ഇദ്ദേഹം 1865ൽ കൊണ്ടുവന്ന പണ്ടാരപ്പാട്ട വിളംബരത്തിലൂടെ, സർക്കാർ വക പാട്ടഭൂമി കുടിയാന് ഒരു നിശ്ചിതതുക ഈടാക്കി ഉടമസ്ഥാവകാശം നൽകാൻ വ്യവസ്ഥ ചെയ്തു. ഇതോടെ ഭൂമി ഭാഗിക്കാനും വിൽക്കാനും സാധിക്കുന്ന നില വന്നു. വലിയ തോതിൽ നായർ യുവാക്കൾ ഭാഗിച്ച് കിട്ടിയ ഭൂമി വിറ്റ് പഠിക്കാൻ തുടങ്ങിയത്രേ. ഇത് തിരുവിതാംകൂറിൽ വിദ്യാഭ്യാസരംഗത്ത് വൻ മുന്നേറ്റമുണ്ടാക്കുകയും വർഷങ്ങൾക്കുള്ളിൽ നൂറുകണക്കിന് ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും ഉണ്ടാകുകയും ചെയ്യാൻ കാരണമായി[2] .

മറ്റു പരിഷ്കാരങ്ങൾ

തിരുത്തുക

വിദ്യാഭ്യാസം, നിയമനിർമ്മാണം, പൊതുമരാമത്ത്, വൈദ്യശാസ്ത്രം, പ്രതിരോധക്കുത്തിവയ്പ്പുകൾ, പൊതുജനാരോഗ്യം എന്നീ രംഗങ്ങളിലും ഇദ്ദേഹത്തിന്റെ ഭരണകാലത്ത് നേട്ടമുണ്ടായി.

1863-ൽ ബാർട്ടൺ സായിപ്പ് ചീഫ് എഞ്ചിനീയറായി ചുമതലയേറ്റെടുക്കുകയും സർക്കാർ മന്ദിരങ്ങളുടെ നിർമ്മാണ പ്രക്രിയകളുമായി ബന്ധപ്പെടുന്ന ശാസ്ത്രീയജ്ഞാനം ആവശ്യമുളള പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പിന് നൽകപ്പെടുകയും ചെയ്തു[3]. 1869-ലാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് മന്ദിരം നിലവിൽ വന്നത്[4] .

ആദ്യമായി രാജകീയ ഉദ്യോഗങ്ങൾക്ക് യോഗ്യത വേണമെന്ന് നിശ്ചയിച്ചത് ഇദ്ദേഹമാണത്രേ. തിരുവിതാംകൂർ രാജകീയ സർവീസിനെ കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കംകുറിച്ചത് ഇദ്ദേഹമാണ്. 1860-ൽ മുപ്പത് രൂപയിൽ കൂടുതൽ ശമ്പളമുള്ള നിയമവകുപ്പ് ഉദ്യോഗസ്ഥന്മാർക്ക് നിയമപരീക്ഷ നിർബന്ധമാക്കി. 1864-ൽ എൻജിനീയറിങ് വകുപ്പ് ജോലിക്ക് മത്സര പരീക്ഷ ഏർപ്പെടുത്തി. 1872 ലെ റെഗുലേഷനിൽ ഉദ്യോഗങ്ങൾക്കുള്ള പരീക്ഷായോഗ്യതകൾ വ്യവസ്ഥചെയ്തു[5] .

എല്ലാ വർഷവും ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മദ്രാസ് ഭരണകൂടം ശ്ലാഘിക്കുക പതിവായിരുന്നു. അതിർത്തി തർക്കം, വ്യാപാര റിപ്പോർട്ടുകൾ എന്നിവയെപ്പറ്റി ഇദ്ദേഹം സ്റ്റേറ്റ് പേപ്പറുകൾ തയ്യാറാക്കുകയുണ്ടായി. എല്ലാ വകുപ്പുകളിലും രേഖകൾ സൂക്ഷിക്കാൻ ആരംഭിച്ചു. ജനറൽ ആശുപത്രി, ഹജൂർക്കച്ചേരിയുടെ പൂർവ്വരൂപം, ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്[6] എന്നിവ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.

ഇദ്ദേഹത്തിന്റെ സേവനങ്ങൾക്ക് പ്രത്യുപകാരമായി ജനങ്ങളുടെ പണമുപയോഗിച്ച് തിരുവനന്തപുരത്ത് മാധവറാവുവിന്റെ ഓട്ടു പ്രതിമ സ്ഥാപിക്കുകയുണ്ടായി. പൊതുജന പങ്കാളിത്തത്തോടെ തിരുവനന്തപുരത്ത് നിർമിച്ചട ആദ്യ പ്രതിമ ഇതായിരുന്നു. ശ്രീമൂലം തിരുനാളിന്റെ കാലത്ത് 1894-ൽ കേരള വർമ്മ വലിയകോയിത്തമ്പുരാനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്[6].

ജോലി ഉപേക്ഷിക്കൽ

തിരുത്തുക

ദിവാനും മഹാരാജാവും തമ്മിലുണ്ടായ തെറ്റിദ്ധാരണയെയും അഭിപ്രായവ്യത്യാസങ്ങളെയും തുടർന്ന് 1872 ഫെബ്രുവരിയിൽ ഇദ്ദേഹം ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. മഹാരാജാവ് ഇദ്ദേഹത്തിന് 1000 രൂപ പെൻഷനായി അനുവദിക്കുകയുണ്ടായി. ഇത് ആ സമയത്ത് വലിയ തുകയായിരുന്നു. മദ്രാസിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു ഇദ്ദേഹം ആദ്യം ഉദ്ദേശിച്ചതെങ്കിലും നാട്ടുരാജ്യങ്ങൾക്കിടയിൽ ഇദ്ദേഹത്തിന്റെ സേവനത്തിന് ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. തിരുവിതാംകൂറിന് "മാതൃകാ നാട്ടു രാജ്യം" എന്ന പ്രശംസ ബ്രിട്ടിഷുകാരിൽ നിന്നു ലഭിച്ചതായിരുന്നു ഇതിനു കാരണം. ഇദ്ദേഹം വിരമിച്ചതു കേട്ടപ്പോൾ ഹെൻട്രി ഫോസെറ്റ് മാധവറാവുവിനെപ്പറ്റി ഇപ്രകാരം പറയുകയുണ്ടായി:

ചട്ടമ്പി സ്വാമികളെ കണ്ടെത്തുകയും അദ്ദേഹത്തെ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ നിയമിക്കുകയും ചെയ്തത് ഇദ്ദേഹമാണ്.

ഇൻഡോറും ബറോഡയും

തിരുത്തുക
 
മാധവറാവുവും ബറോഡയിലെ മന്ത്രിമാരും (1880)
 
തഞ്ചാവൂർ മാധവ റാവു (1880)

1872-ൽ ഇൻഡോറിലെ തൂക്കോജിറാവു ഹോൾക്കർ രണ്ടാമന്റെ അഭ്യർത്ഥനപ്രകാരം ഇൻഡ്യൻ ഭരണകൂടം മാധവറാവുവിനെ വിശ്രമജീവിതമുപേക്ഷിക്കാനും ഇൻഡോറിൽ ദിവാൻ ജോലി സ്വീകരിക്കാനും നിർബന്ധിച്ചു. 1873 മുതൽ 1875 വരെ ഇദ്ദേഹം ഇൻഡോറിന്റെ ദിവാനായി ജോലി ചെയ്തു. ഈ സമയത്ത് ഇദ്ദേഹം ഇൻഡ്യൻ പീനൽ കോഡിന്റെ കരട് തയ്യാറാക്കുന്ന ജോലിയിൽ ഏർപ്പെട്ടു. റെയിൽവേ ഇൻഡോറിലേയ്ക്ക് നീക്കുന്നതുസംബന്ധിച്ചും കറുപ്പു വ്യാപാരം സംബന്ധിച്ചും ഇദ്ദേഹം കുറിപ്പുകൾ തയ്യാറാക്കുകയുണ്ടായി. ഇതിനു ശേഷം ഇൻഡ്യൻ ഭരണകൂടം മാധവറാവുവിനോട് ബറോഡയിലെ ദിവാൻ റീജന്റ് സ്ഥാനം ഏറ്റെടുക്കാനാവശ്യപ്പെട്ടു. അവിടുത്തെ ഭരണാധികാരിയായിരുന്ന മൽഹർ റാവു ഗൈക്ക്‌വാദിനെ ദുർഭരണം കാരണം സ്ഥാനഭൃഷ്ടനാക്കിയിരുന്നു.

മാധവ റാവു ബറോഡയിലെ റെവന്യൂ വിഭാഗത്തെ ഉടച്ചു വാർത്തു. സിർദാർ എന്നു വിളിച്ചിരുന്ന റെവന്യൂ ഉദ്യോഗസ്ഥരുടെ അധികാരം ഇദ്ദേഹം വെട്ടിക്കുറച്ചു. സിർദാർമാരുടെ ഭൂമിയിന്മേലുള്ള അധികാരം ഇല്ലാതാക്കുകയും ഇവരുടെ ഭൂമി ഭരണകൂടം പിടിച്ചെടുക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് സൈന്യം, സ്കൂൾ, കോടതികൾ, ലൈബ്രറികൾ എന്നിവ പരിഷ്കരിക്കുകയുണ്ടായി. നഗരാസൂത്രണപരിപാടികളും ഇദ്ദേഹം നടപ്പിൽ വരുത്തി.

1880-ൽ തിരുവനന്തപുരം സന്ദർശിച്ചപ്പോൾ ഇദ്ദേഹം തന്റെ പരിചയക്കാരനായിരുന്ന രാജാ രവി വർമയുടെ ചില ചിത്രങ്ങൾ ബറോഡയ്ക്കായി വാങ്ങുകയുണ്ടായി[7]

1882-ൽ പുതിയ മഹാരാജാവായ സായാജിറാവു ഗേക്ക്‌വാദ് മൂന്നാമനോടുള്ള അഭിപ്രായവ്യത്യാസം മൂലം ഇദ്ദേഹം ജോലിയിൽ നിന്നു വിരമിച്ചു. പെൻഷൻ പറ്റി ഇദ്ദേഹം മൈലാപ്പൂരിൽ താമസമാരംഭിച്ചു.

ഇൻഡ്യൻ നാഷണൽ കോൺഗ്രസ്

തിരുത്തുക

പിൽക്കാല ജീവിതത്തിൽ ഇദ്ദേഹം പൊതുരംഗത്ത് പ്രവർത്തിക്കാൻ തുടങ്ങി. 1887-ൽ ഇദ്ദേഹം ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു. കോൺഗ്രസ് രൂപീകരിച്ചിട്ട് അപ്പോൾ രണ്ടു വർഷമേ ആയിട്ടുണ്ടായിരുന്നു‌ള്ളൂ. 1887-ലെ മദ്രാസ് സെഷനിൽ ഇദ്ദേഹം റിസപ്ഷൻ കമ്മിറ്റിയുടെ ഭാഗമായിരുന്നു. 1888-ൽ അന്നത്തെ വൈസ്രോയി ആയിരുന്ന ലോഡ് ഡഫറിൻ ഇദ്ദേഹത്തിന് ഇമ്പീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗത്വം വാഗ്ദാനം ചെയ്തുവെങ്കിലും ആരോഗ്യകാരണങ്ങളാൽ മാധവറാവു ഇത് നിരസിച്ചു.

1887-ലെ സെഷന്റെ ഉദ്ഘാടനസമയത്ത് മാധവറാവു ഇൻഡ്യൻ നാഷണൽ കോൺഗ്രസിനെ ഇപ്രകാരം വിവരിക്കുകയുണ്ടായി.

..ബ്രിട്ടീഷ് ഭരണത്തിന്റെ ഏറ്റവും മികച്ച വിജയവും ബ്രിട്ടീഷ് രാജ്യത്തിന്റെ ശോഭയുൾക്കൊള്ളുന്ന കിരീടവും.

അതേ സമയം തന്നെ അദ്ദേഹം ഈ താക്കീതും നൽകുകയുണ്ടായി

ജനപ്രാതിനിദ്ധ്യ ഭരണത്തിന് ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് യൂറോപ്പിലെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഇൻഡ്യയിൽ ഇത് കൊണ്ടുവരുന്നതിനു മുൻപ് ബ്രിട്ടീഷ് ഭരണകർത്താക്കൾ നല്ലതുപോലെ ശ്രദ്ധ ചെലുത്തുകയും ചിന്തിക്കുകയും ചെയ്യേണ്ടതുണ്ട്. നല്ലതിനെ കൊണ്ടുവരാനും ചീത്ത ഉപേക്ഷിക്കാനും സാധിക്കണം. കോൺഗ്രസ് ആവശ്യപ്പെടുന്നു എന്നതുകൊണ്ടുമാത്രം ഒറ്റയടിക്ക് ഈ സമയത്ത് ഇൻഡ്യയിൽ ജനാധിപത്യം കൊണ്ടുവരുന്നത് തെറ്റായിരിക്കും. പതിയെപ്പതിയെയാണ് ഈ വിഷയം കൈകാര്യം ചെയ്യേണ്ടത് എന്നത് അത്യാവശ്യമാണ്.

1889-ൽ പരിഷ്കരിച്ച ലെജിസ്ലേറ്റീവ് കൗൺസിലിനെ സംബന്ധിച്ച് പാസാക്കിയ പ്രമേയത്തെ സംബന്ധിച്ച് മറ്റംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മാധവറാവു സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നിന്ന് രാജി വച്ചു.

പിൽക്കാല ജീവിതം

തിരുത്തുക

അവസാന കാലത്ത് മാധവറാവു വിദ്യാഭ്യാസ സമ്പ്രദായം ഉടച്ചുവാർക്കുവാൻ ശ്രമിച്ചു. ബറോഡയിലെ ദിവാനായി ജോലി ചെയ്യുമ്പോൾ തന്നെ മാധവറാവുവിനെ മദ്രാസ് യൂണിവേഴ്സിറ്റിയിലെ ഫെലോ ആയി നിയമിക്കുകയുണ്ടായി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ഇദ്ദേഹം പ്രചാരണം നടത്തുകയും ശൈശവ വിവാഹത്തെ എതിർക്കുകയും ചെയ്തു. ഹിന്ദു ശാസ്ത്രങ്ങളെ വാച്യാർത്ഥത്തിൽ എടുക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. എങ്കിലും ഇദ്ദേഹം സാമൂഹിക പരിഷ്കരണത്തിന്റെ കാര്യത്തിൽ ഒരിക്കലും തീവ്രനിലപാടുകൾ എടുത്തിട്ടില്ല.

1885-ൽ മദ്രാസ് ഗവർണറായിരുന്ന, എം.ഇ. ഗ്രാന്റ് ഡഫിന്റെ നിർബന്ധത്തെത്തുടർന്ന് മാധവറാവു മലബാർ ലാന്റ് റെന്യർ കമ്മീഷന്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. 1887-ൽ ഇദ്ദേഹം മദ്രാസ് സർവ്വകലാശാലയുടെ കൺവക്കേഷൻ പരിപാടിയുടെ അദ്ധ്യക്ഷനായിരുന്നു.

ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ ബ്രിട്ടീഷ് സോഷ്യോളജിസ്റ്റും രാഷ്ട്രീയ ചിന്തകനുമായ ഹെർബർട്ട് സ്പെൻസറിന്റെ കൃതികളിൽ ആകൃഷ്ടനാവുകയും അവയുടെ പഠനത്തിനായി സമയം ചിലവഴിക്കുകയും ചെയ്യുമായിരുന്നു. വിവിധ പത്രങ്ങളിൽ രാഷ്ട്രീയം, മതം, ജ്യോതിഷം മുതലായ വിഷയങ്ങളെ അധികരിച്ച് ഇദ്ദേഹം ലേഖനങ്ങളെഴുതുമായിരുന്നു. "നേറ്റീവ് തിങ്കർ" "നേറ്റീവ് ഒബ്സർവർ" എന്നീ കള്ളപ്പേരുകളായിരുന്നു ഇദ്ദേഹം ഉപയോഗിച്ചിരുന്നത്. ജർമനി ആഫ്രിക്കൻ പ്രദേശങ്ങൾ കയ്യടക്കുന്നതിനെപ്പറ്റിയും ഹിന്ദു സ്ത്രീകളുടെ വസ്ത്രധാരണ‌ത്തെപ്പറ്റിയും ഇദ്ദേഹം പത്രങ്ങളിൽ അഭിപ്രായങ്ങളെഴുതിയിട്ടുണ്ട്. ജർമനിയുടെ ആഫ്രിക്കൻ അധീശത്വത്തെപ്പറ്റി ഇദ്ദേഹം എഴുതിയ ലേഖനം ജർമനിയുടെ ചാൻസലറായിരുന്ന ബിസ്മാർക്കിന് ഇദ്ദേഹം അയച്ചുകൊടുക്കുകയും ബിസ്മാർക്ക് അനുമോദനമറിയിച്ചുകൊണ്ട് മറുപടി അയയ്ക്കുകയും ചെയ്യുകയുണ്ടായി. 1889-ൽ "ഹിന്റ്സ് ഓൺ ദി ട്രെയിനിംഗ് ഓഫ് നേറ്റീവ് ചിൽഡ്രൺ ബൈ എ നേറ്റീവ് തിങ്കർ" എന്ന പേരിൽ എഴുതിയ ലഘുലേഖ ഗുജറാത്തി, മറാ‌ഠി, മലയാളം മുത‌ലായ പല ഇന്ത്യൻ ഭാഷകളിലേയ്ക്കും മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. തമിഴിൽ ചെറു കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

ജീവിതാന്ത്യത്തോടടുത്ത് ആരോഗ്യപ്രശ്നങ്ങൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു. 1890 ഡിസംബർ 22-ന് ഇദ്ദേഹത്തിന് മൈലാപ്പൂരിലെ സ്വവസതിയിൽ വച്ച് മസ്തിഷ്കാഘാതം ബാധിച്ചു. മൂന്നു മാസങ്ങൾക്കുശേഷം 1891 ഏപ്രിൽ 4-ന് അറുപത്തിമൂന്നാം വയസിൽ ഇദ്ദേഹം മരണമടഞ്ഞു.

കുടുംബം

തിരുത്തുക

മാധവറാവുവിന്റെ മൂത്ത മകനായിരുന്ന ടി. ആനന്ദ റാവു 1909 മുതൽ 1912 വരെ മൈസൂറിന്റെ ദിവാനായി ജോലി ചെയ്തിട്ടുണ്ട്. മാധവറാവുവിന്റെ ബന്ധുവായ ആർ. രഘുനാ‌ഥ റാവു ബറോഡയിലെ ദിവാനായി ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹം ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യകാല നേതാക്കന്മാരിലൊരാളുമായിരുന്നു.

സ്ഥാനമാനങ്ങൾ

തിരുത്തുക
  1. "ആധുനിക കേരളം". കേരള ടൂറിസം.ഓർഗ്. Archived from the original on 2013-01-28. Retrieved 3 മാർച്ച് 2013.
  2. "പണ്ടാരപ്പാട്ട വിളംബരവും വിദ്യാഭ്യാസരംഗവും". ഡച്ച് ഇൻ കേരള.കോം. Archived from the original on 2012-06-06. Retrieved 3 മാർച്ച് 2013.
  3. "പൊതുമരാമത്ത് വകുപ്പ്". പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്മെന്റ്. Archived from the original on 2013-01-09. Retrieved 3 മാർച്ച് 2013.
  4. "മന്ദിരങ്ങൾ". തിരുവനന്തപുരം കോർപറേഷൻ. Archived from the original on 2012-09-29. Retrieved 3 മാർച്ച് 2013.
  5. "സർക്കാർജോലിക്ക് എഴുത്തുപരീക്ഷ നിർബന്ധമാക്കിയത് സർ ടി.മാധവറാവു". മാതൃഭൂമി. 14 ജനുവരി 2012. Archived from the original on 2012-01-30. Retrieved 3 മാർച്ച് 2013.
  6. 6.0 6.1 "നഗരത്തിലെ പ്രതിമകൾ". ദിവാൻ മാധവറാവു പ്രതിമ. തിരുവനന്തപുരം കോർപ്പറേഷൻ. Archived from the original on 2013-09-01. Retrieved 3 മാർച്ച് 2013.
  7. "ആധുനിക ചിത്രകല". കേരള ടൂറിസം. Archived from the original on 2013-05-10. Retrieved 3 മാർച്ച് 2013.
  • Travancore State Manual by V. Nagam Aiya, Vol II, pages 559-568
  • Govinda Parameswaran Pillai (1897). Representative Indians. Routledge. pp. 101–113.
  • The Indian Nation Builders, Part II. Madras: Ganesh & Co. pp. 332–358.
  • [1]ChattampiSwamikal. KristumataChedanam,. p. 165.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടി._മാധവറാവു&oldid=4109672" എന്ന താളിൽനിന്ന് ശേഖരിച്ചത്