ഇന്ത്യൻ ശിക്ഷാനിയമം (1860)
ഇന്ത്യയിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് നൽകപ്പെടുന്ന ശിക്ഷകളെപ്പറ്റി പ്രതിപാദിക്കുന്ന നിയമസംഹിത. ഇന്ത്യയ്ക്ക് പൊതുവായി ഒരു ശിക്ഷാനിയമം ആവശ്യമായതിനാൽ നിയമമാക്കപ്പെട്ട ഒരുകൂട്ടം നിയമങ്ങൾ അടങ്ങിയതാണ് ഇന്ത്യൻ ശിക്ഷാനിയമം 1860 (ഹിന്ദി: भारतीय दण्ड संहिता) (Indian Penal Code).
ഇന്ത്യൻ ശിക്ഷാനിയമം (1860) | |
---|---|
സൈറ്റേഷൻ | Act No. 45 of 1860 |
ബാധകമായ പ്രദേശം | ഇന്ത്യ മുഴുവൻ; ജമ്മു കശ്മീർ ഉൾപ്പെടെ |
നിയമം നിർമിച്ചത് | ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ |
തീയതി | 6 ഒക്ടോബർ 1860 |
അംഗീകരിക്കപ്പെട്ട തീയതി | 6 ഒക്ടോബർ 1860 |
നിലവിൽ വന്നത് | 1 ജനുവരി 1862 |
ഈ നിയമത്തെ ഇന്ത്യൻ ശിക്ഷാനിയമം എന്നറിയപ്പെടുന്നു. ഇന്ത്യ മുഴുവനും ഇത് ബാധകമാണ്. [1] [2]
ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായോ വീഴ്ചവരുത്തിയോ ഇന്ത്യയ്ക്കുള്ളിൽ പ്രവർത്തിച്ച് കുറ്റക്കാരനാകുന്ന ഏതൊരു വ്യക്തിയേയും ഈ നിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് ശിക്ഷാർഹനായി തീരും. ഒരു വിദേശി ഇന്ത്യയിൽ വെച്ചു കുറ്റകൃത്യങ്ങൾ നടത്തിയാലും ഇന്ത്യൻ പൗരൻ വിദേശത്ത് വച്ച് കുറ്റകൃത്യം ചെയ്താലും ഈ നിയമം ബാധകമാണ്.
ഇന്ത്യൻ ശിക്ഷാനിയമത്തിൽ (Indian Penal Code) ആകെ 511 വകുപ്പുകളുണ്ട്. ഈ വകുപ്പുകളിലായി ക്രിമിനൽ കുറ്റങ്ങളെ യുക്തിപൂർവം തരംതിരിച്ച് അവയ്ക്കു നൽകപ്പെടേണ്ട ശിക്ഷകൾ ക്രമപ്പെടുത്തിയിരിക്കുന്നു.
ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ എന്നീരാജ്യങ്ങളിലും ഇതുപോലെ പീനൽകോഡുകൾ നിലവിലുണ്ട്. ഇഗ്ലണ്ടിൽ ലിഖിത നിയമസംഹിതയില്ല. കീഴ് നടപ്പുകളുടെയും ആചാരാനുഷ്ടാനങ്ങളുടെയും അടിസ്ഥാനത്തിൽ ശിക്ഷാർഹങ്ങളായി കണക്കാക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളെ (Common Law Offences) ആണ് ക്രിമിനൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുള്ളത്. അത്തരം ഓരോ കുറ്റകൃത്യത്തിനും ആധാരമായി ഓരോ പാർലമെന്ററി നിയമം (Act of Parliament) ഉണ്ടായിരിക്കും. ഉദാഹരണത്തിന് മോഷണത്തിന് ലാർസെനി ആക്ട് (Larceny Act), കള്ളപ്രമാണം സൃഷ്ടിക്കലിന് ഫോർജറി ആക്ട് (Forgery Act), കള്ളമൊഴി പറയുന്നതിനും കള്ളസത്യം ചെയ്യുന്നതിനും പെർജുറി ആക്ട് (Perjury Act), പുനർവിവാഹം തുടങ്ങിയ സാമൂഹ്യ അനാചാരങ്ങൾക്ക് ഒഫൻസസ് എഗൻസ്റ്റ് ദി പേഴ്സൺ ആക്ട് (Offences Against the Person Act) ശിശുഹത്യയ്ക്ക് ഇൻഫെന്റിസൈഡ് ആക്ട് (Infanticide Act) ദി ഇൻഫന്റ് ലൈഫ് പ്രിസർവേഷൻ ആക്ട് (The Infant Life Preservation Act), പുരയ്ക്കു തീവയ്ക്കൽ തുടങ്ങിയ ദ്രോഹപ്രവർത്തികൾക്ക് ദി മലീഷ്യസ് ഡാമേജ് ആക്ട് (The Malicious Damage Act) എന്നിവ.
ഇന്ത്യൻ പീനൽകോഡ് 1860-ൽ നടപ്പിൽ വന്നു. 1834-ൽ രൂപംകൊണ്ട ഇന്ത്യൻ ലാ കമ്മീഷൻ (മെക്കാളെ കമ്മീഷൻ) ആണ് പീനൽ കോഡിന്റെ ഉപജ്ഞാതാക്കൾ. കമ്മിഷനിലെ അംഗങ്ങൾ മെക്കാളെ, മക്ളിയോട്, അൻഡേഴ്സൺ, മില്ലെ എന്നീ നാലുപേരായിരുന്നു; എങ്കിലും ഇതിന്റെ പ്രധാന ശില്പി മെക്കാളെ പ്രഭു തന്നെയായിരുന്നു. മെക്കാളെയും കൂട്ടരും ഇതിൽ കുറ്റകൃത്യങ്ങൾ സസൂക്ഷ്മം നിർവചിക്കുകയും തുല്യസ്വഭാവമുള്ള കുറ്റങ്ങൾ പരസ്പരം വേർതിരിച്ചു കാണിക്കുകയും ചെയ്തു. സമഗ്രമായ ഒരു നിയമസംവിധാനമെന്നതിനു പുറമേ, മികച്ച ഒരു സാഹിത്യ സൃഷ്ടി എന്ന നിലയിലും പീനൽ കോഡ് സ്വീകാര്യമായിതന്നെ നിലകൊള്ളുന്നു.
രൂപപെടുന്നതിന് മുമ്പ്
തിരുത്തുകശിക്ഷാനിയമസംഹിത നടപ്പിൽ വരുന്നതിനുമുമ്പ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെന്നല്ല, ബ്രിട്ടീഷ് ഇന്ത്യയിലെ പ്രസിഡൻസികളിൽ പോലും പരസ്പരവിരുദ്ധമായ ശിക്ഷാനിയമങ്ങളാണ് നിലനിന്നിരുന്നത്. ബംഗാൾ പ്രസിഡൻസിയിൽ കള്ളസാക്ഷ്യം പറയുന്ന കുറ്റത്തിന് (Perjury) നൽകുന്ന തടവുശിക്ഷയുടെ ഇരട്ടിക്കാലത്തേക്കുള്ള തടവാണ് വ്യാജ നിർമ്മാണക്കുറ്റത്തിന് (Forgery) ശിക്ഷയായി നൽകിയിരുന്നത്. നേരെ തിരിച്ചായിരുന്നു ബോംബെ പ്രസിഡൻസിയിൽ. അവിടെ കള്ളസാക്ഷ്യം പറയുന്ന കുറ്റത്തിനുള്ള ശിക്ഷ, വ്യാജനിർമ്മാണക്കുറ്റത്തിനു നൽകുന്ന തടവുശിക്ഷയുടെ ഇരട്ടിക്കാലത്തേക്കുള്ള തടവായിരുന്നു. മദ്രാസ് പ്രസിഡൻസിയിൽ കള്ളസാക്ഷ്യം പറയുന്ന കുറ്റത്തിനും, വ്യാജ നിർമ്മാണ കുറ്റത്തിനും തുല്യശിക്ഷയാണ് നൽകിയിരുന്നത്.
ശിക്ഷാനിയമസംഹിത നിലവിൽവന്നപ്പോൾ അതിനുമുമ്പ് ഇന്ത്യയിലുണ്ടായിരുന്ന ക്രിമിനൽകുറ്റത്തോടു ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും, റെഗുലേഷനകളും റദ്ദാക്കപ്പെട്ടു. ജാതിമതഭേദമില്ലാതെ ഏകീക്യത ക്രിമനൽ നിയമം ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പിലായി.
പുരാതന ഭാരതത്തിൽ
തിരുത്തുകപീനൽ കോഡിന്റെ ആവിർഭാവത്തിനുമുമ്പ് ഭാരതത്തിൽ ന്യായം നടത്തലിനും ക്രമസമാധാന പാലത്തിനും ആലംബമായിരുന്നത് മനു, യാജ്ഞവൽക്യൻ, ബൃഹസ്പതി, സുമതി ഭാർഗവൻ തുടങ്ങിയ സ്മൃതികാരന്മാരുടെ ദണ്ഡവിധികളായിരുന്നു. സ്മൃതികാരന്മാരുടെ വിവക്ഷയിൽ നിയമങ്ങളുടെയെല്ലാം ഉറവിടം ഭരണാധിപനായ രാജാവായിരുന്നു. നീതി നിർവഹണം രാജധർമത്തിന്റെ അതിപ്രധാന ഘടകമായി കണക്കാക്കിയിരുന്നു. നീതിയുടെ മുമ്പിൽ എല്ലാ ജനങ്ങളും സമൻമാരാണെന്ന സർവാദരണീയ തത്ത്വം അതിപ്രാചീന കാലം മുതൽക്കേ ഭാരതം അംഗീകരിച്ചിരുന്നു. മയൂരധർമം എന്നാണ് ഈ സമഭാവനയെ ചിത്രീകരിച്ചു പോന്നിരുന്നത്. മയൂരം അതിന്റെ ശബളമായ പീലിവലയം അന്തരീക്ഷത്തിൽ വിടർത്തി നൃത്തം ചെയ്യുന്നതുപോലെ, നീതി അതിന്റെ സംരക്ഷണഛത്രം എല്ലാ ജനങ്ങളെയും ഉൾകൊള്ളതക്കവണ്ണം വിടർത്തി വിസ്തൃതമായി നിലകൊള്ളുന്നു എന്നാണ് ഈ സങ്കല്പത്തിന്റെ സാരം. പക്ഷേ, പ്രയോഗത്തിൽ ഈ സങ്കല്പം അവഗണിക്കപ്പെടുകയോ അവമതിക്കപ്പെടുകയോ ചെയ്തതായിട്ടാണു കാണുന്നത്. കാരണം കുറ്റവാളികളുടെ ശിക്ഷ നിർണയിച്ചിരുന്നത് അയാളുടെ ജാതിയെ അടിസ്ഥാനമാക്കി ആയിരുന്നു. കീഴ്ജാതിക്കാരനായ കുറ്റവാളിക്കു കഠിനശിക്ഷയും അതേകുറ്റത്തിന് മേൽജാതിക്കാരനു ലഘുവായ ശിക്ഷയും നൽകിവന്നു. കുറ്റവാളി ബ്രാഹ്മണനാണെങ്കിൽ ശിക്ഷതന്നെ ഇല്ല. ആദ്യത്തെ രണ്ട് കൊലപാതകങ്ങൾക്ക് പോലും ശിക്ഷയില്ലായിരുന്നു. മൂന്നാമതും കൊലചെയ്താൽ ബ്രാഹ്മണനായ കുറ്റവാളിയുടെ തല മുണ്ഡനം ചെയ്ത് കഴുതപ്പുറത്തു കയ്യറ്റി തന്റെ മുഖം കഴുതയുടെ വാലിനുനേരെ ആക്കി ഇരുത്തി ഒരു പട്ടണ പ്രദക്ഷിണം നടത്തും. ഈ വിവേചനം കാലാന്തരത്തിൽ ദോഷഫലങ്ങൾക്കു വഴിതെളിച്ചതായും നീതിന്യായ പാലനം തന്നെ അത്തരം കുൽസിതവൃത്തികൾ മൂലം അപഹാസ്യഭാവം കൈക്കൊണ്ടതായും രേഖകളുണ്ട്. ശത്രു സംഹാരത്തിന് അബ്രാംഹ്മണർ ബ്രാഹ്മണരെ പിണിയാളുകൾ ആക്കിപ്പോന്നു.[3]
കൊലപാതകത്തിന് ക്ഷത്രിയനാണെങ്കിൽ പിഴശിക്ഷയും വൈശ്യനാണെങ്കിൽ തടവുശിക്ഷയും ശൂദ്രനാണെങ്കിൽ വധശിക്ഷയും എന്നായിരുന്നു ക്രമം. ദണ്ഡവിവേക, ദണ്ഡതത്വപ്രകാശിക, ദണ്ഡഭേദവ്യവസ്ഥ തുടങ്ങിയ ചില പ്രാചീന നിയമഗ്രന്ഥങ്ങളിൽ ഈ ദണ്ഡവിവേചന പ്രക്രിയയെപ്പറ്റി സവിസ്തരം പ്രതിപാതിച്ചിട്ടുണ്ട്. കൗഡില്യന്റെ കാലമായപ്പോഴേക്കും ഈ സ്ഥിതിക്ക് അല്പമൊരു മാറ്റം വന്നു. നിയമത്തിന് ഭാരതത്തിൽ ആദ്യമായി ഒരു അടുക്കും ചിട്ടയും വരുത്തിയത് അദ്ദേഹമായിരുന്നു. നിയമങ്ങളെ ക്രോഡീകരിക്കുകയാണ് അർത്ഥശാസ്ത്രത്തിൽ അദ്ദേഹം ചെയ്തത്.
ബ്രാഹ്മണൻ അനുഭവിച്ചുവന്ന ശിക്ഷയിളവുകളും സൗജന്യങ്ങളും രാജദ്രോഹം തുടങ്ങിയ ചില പ്രത്യേക കുറ്റങ്ങൾക്കു ബാധകമാവുകയില്ല എന്ന ഭേദഗതി കൗഡില്യൻ നടപ്പിൽ വരുത്തി. രാജസ്ഥാനത്തെ അപഹസിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന ബ്രാഹ്മണനെ ജലാശയത്തിൽ മുക്കി ശ്വാസം മുട്ടിച്ചു കൊല്ലണമെന്നായിരുന്നു അർധശാത്ര വ്യവസ്ഥ ഭരണാധിപനെ അധിക്ഷേപിക്കുകയോ അദ്ദേഹത്തെ പരാമർശിക്കുന്ന രഹസ്യങ്ങൾ പുറത്തുപറയുകയോ ചെയ്യുന്നതും ഹീനമായ കുറ്റമായി കണക്കാക്കിയിരുന്നു. അപഹാസകന്റെ നാക്കു പിഴുതു കളയുക എന്നതായിരുന്നു അതിന്റെ ശിക്ഷ. അപഹാസകൻ ബ്രാഹ്മണനായാലും ശിക്ഷയ്ക്കു മാറ്റമില്ല.
ഇന്നത്തെ പീനൽകോടിൽ പ്രതിപദിക്ക പെട്ടിട്ടുള്ള മിക്ക കുറ്റകൃത്യങ്ങളും അർത്ഥശാസ്ത്രത്തിൽ സമഗ്രമായും സമർഥമായും പ്രതിപദിച്ചിട്ടുണ്ട്. ഭക്ഷണ പദാർഥങ്ങളിൽ മായംചേർക്കൽ തുടങ്ങി ആധുനിക ഛായയുള്ള കുറ്റകൃത്യങ്ങൾ പോലും അർത്ഥശസ്ത്രത്തിൽ വിവരിച്ചിട്ടുണ്ട്. അത്തരം സാമൂഹ്യ വിരുദ്ധ നടപടികൾക്ക് കഠിനമായ ശിക്ഷ നിർദ്ദേശിച്ചുകൊണ്ടുള്ള വകുപ്പുകൾ അർത്ഥശസ്ത്രത്തിൽ ഉണ്ട്. അർത്ഥശാത്രത്തിൽ വിവരിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുള്ള രാജ്യദ്രോഹകുറ്റം ഇംഗ്ലീഷ് നിയമത്തിലെ കടുത്ത രാജ്യദ്രോഹ (high treason) ത്തിനോട് പലതുകൊണ്ടും സാദൃശ്യം വഹിക്കുന്നതാണ്. ഭരണാധിപന്റെ ദേഹരക്ഷയെ ലക്ഷ്യമാക്കിയുള്ള ഒന്നായിരുന്നു ഇത്. രാജാവിനെതിരേ സമരത്തിനിറങ്ങുക; രാജാവിനെയോ രാജ്ഞിയേയോ അവരുടെ സീമന്തപുത്രനെയോ കൊലപ്പെടുത്താനായി ഗൂഢാലോചന നടത്തുക; രാജ്ഞിയെയോ അവരുടെ മൂത്ത പുത്രിയെയോ, മൂത്തപുത്രന്റെ പത്നിയെയോ ബലാല്കാരം ചെയ്യുക; കള്ളനാണയങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക; ചാൻസലറെയോ, ന്യായാധിപനെയോ ഊദ്യോഗിക കൃത്യനിർവഹണ വേളയിൽ കൊലചെയ്യുക എന്നിവയായിരുന്നു രാജദ്രോഹകുറ്റത്തിന്റെ പ്രധാന ഘടകങ്ങൾ. ഇവയെല്ലാം അർത്ഥശാസ്ത്രത്തിലെ രാജ്യദ്രോഹകുറ്റത്തിന്റെ ഘടകങ്ങൾ തന്നെയാണ്. രാജാവിന്റെ ഭൂസ്വത്തിൽ അതിമോഹം കൊള്ളുക; രാജാവിനെ ആക്രമിക്കാൻ ശത്രുക്കളെ പ്രേരിപ്പിക്കുക; ശത്രുഭാഗം ചേരുക; പ്രക്ഷോഭങ്ങൾക്കു കൂട്ടു നിൽക്കുക; രാജ്ഞിയെയോ അഃന്തപുരത്തിലെ മറ്റു സ്ത്രീകളെയോ മാനഭംങ്ങപ്പെടുത്തുകയോ അവിഹിതവേഴ്ചയ്ക്കു പ്രേരിപ്പിക്കുകയോ ചെയ്യുക എന്നിവ അർത്ഥശാത്രമനുസരിച്ച് രാജദ്രോഹകുറ്റത്തിന്റെ സീമയിൽപ്പെടുന്ന പ്രവർത്തികളാണ്. രാജദ്രോഹകുറ്റം ഇംഗ്ലണ്ടിൽ വ്യക്തമായ രൂപം പ്രാപിക്കുന്നതിന് എത്രയോ നൂറ്റാണ്ടുകൾക്കു മുൻപുതന്നെ അർത്ഥശാത്രത്തിൽ അതുസ്ഥാനം പിടിച്ചുകഴിഞ്ഞിരുന്നു.[3]
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ ഭരണം തുടങ്ങിയ ഘട്ടത്തിൽ, സ്മൃതികാരന്മാരുടെയും കൗഡില്ല്യന്റെയും നിയമ ശാസനകൾ ആയിരുന്നു നീതിന്യായ ഭരണത്തിനു സഹായകമായി സ്വീകരിക്കപ്പെട്ടിരുന്നത്. ഭരണീയരുടെ മതവിശ്വാസങ്ങളെയും ജാതീയമായ ഉച്ചനീചത്വങ്ങളെയും ആദരിച്ചും പരിഗണിച്ചുമാണ് കമ്പനിക്കാർ ക്രിമിനൽ കുറ്റങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഹിന്ദു മതതത്വങ്ങൾ കോടതിക്കു വിശദീകരിച്ചുകൊടുക്കാൻ ഹിന്ദു പണ്ഡിറ്റുകളും, ഇസ്ലാമിക തത്ത്വവങ്ങൾ വിശദീകരിക്കാൻ മുള്ളാമാരും ഓരോ ക്രിമിനൽ കേസു വിസ്തരിക്കുമ്പോഴും കോടതിൽ ഹാജരുണ്ടായിരിക്കും. ഇവർക്കു പ്രത്യേകം ഇരിപ്പിടങ്ങൾ കോടതിയിൽ സജ്ജമാക്കിയിരുന്നു. കേസിന്റെ വിസ്താരം കഴിഞ്ഞാൽ, ജഡ്ജി അവരുടെ അഭിപ്രായം ആരായുകയും അതിനനുസരിച്ച് ശിക്ഷ ക്രമപ്പെടുത്തി വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ പീനൽകോഡ് നടപ്പിൽ വന്നതോടെ സ്ഥിതി ആകെ മാറി. കുറ്റവാളികളുടെ ജാതിയോ മതമോ ന്യായം നടത്തലിനു ഇന്ന് പ്രതിബന്ധമായി നിൽക്കുന്നില്ല. എങ്കിലും അബലാത്വം വധശിക്ഷയിൽ നിന്നും വഴുതി ജീവപര്യന്തം തടവിൽ ഒതുങ്ങി നിൽക്കാൻ കൊലപാതകി ആയസ്ത്രീയെ ചിലപ്പോൾ സഹായിച്ചെന്നുവരാം. വധശിക്ഷയും ജിവപര്യന്തം തടവും നിയമത്തിന്റെ കണ്ണിൽ സമാന്തര ശിക്ഷകളാണ്. കൊലപാതകം തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ കോടതിയുടെ യുക്തംപോലെ വധശിക്ഷയോ ജീവപര്യന്തം തടവു ശിക്ഷയോ നൽകാം. അബലത്വം അപരാധഭാരം ലഘൂകരിക്കുന്ന ഒരു ഉപാധിയായി കോടതിക്കു തോന്നിയാൽ വധശിക്ഷയ്ക്കു പകരം ജീവപര്യന്തം തടവുശിക്ഷ നൽകാവുന്നതാണ്.[3]
പീനൽകോഡ് ഇന്ന് അംഗീകരിച്ചിട്ടുള്ള ശിക്ഷകളെ പ്രധാനമായി നാലായി തരംതിരിക്കാം
- വധശിക്ഷ അല്ലെങ്കിൽ ജീവപര്യന്തം തടവ് (കഠിനതടവാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്).
- തടവുശിക്ഷ - ജീവപര്യന്തം തടവുമാകാം; അതിൽ കുറഞ്ഞ കാലത്തേക്കുമാകാം. തടവുശിക്ഷതന്നെ കഠിനതടവോ വെറുംതടവോ ഏകാന്തതടവോ ആകാം.
- വസ്തുവകകൾ കണ്ടുകെട്ടൽ.
- പിഴശിക്ഷ.
ഇവകൂടാതെ മുക്കാലിയിൽ കെട്ടി അടി അല്ലെങ്കിൽ ചമ്മട്ടിപ്രഹരം (whipping) എന്നൊരു ശിക്ഷകൂടി ആദ്യകാലത്തുണ്ടായിരുന്നു. മനുഷ്യോചിത മല്ലാത്ത ഈ ശിക്ഷയുടെ നേരേ ശക്തമായ പൊതുജനാഭിപ്രായം ഉയർന്നതിനെതുടർന്ന് അതുപേക്ഷിക്കുകയുണ്ടായി. 1864-ലാണ് ചമ്മട്ടിപ്രഹര നിയമം പാസാക്കിയത്. 1909 - ലെ നിയമമനുസരിച്ച് ചമ്മട്ടിപ്രഹരം ബാലാപരാധികൾക്കും നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ചു തഴമ്പിച്ച കുറ്റവാളികൾക്കും മാത്രം നൽകിയാൽ മതി എന്നു വ്യവസ്ഥപ്പെടുത്തി. ഈ ശിക്ഷ പരസ്യമായി നടത്താൻ പാടില്ലെന്നും കർശനമായി നിഷ്കർഷിച്ചിരുന്നു. അടി നടത്തുന്ന സമയം മെഡിക്കൽ ആഫീസർ കൂടി സന്നിഹിതനായിരിക്കണം. കുറ്റവാളിയുടെ പൃഷ്ഠഭാഗത്തു മാത്രമേ അടിക്കാൻ പാടുള്ളു. പ്രഹരം നടക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങി ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ പ്രഹരം ഏൽക്കാതിരിക്കാൻ കുറ്റവാളിയെ ഒരു മുക്കാലികൊണ്ട് ബന്തവസ് ചെയ്തിരിക്കും. ഒരു നേർത്ത വസ്ത്രം മെർക്കുറി പെർക്ലോറൈഡ് ലായനിയിൽ മുക്കി പൃഷ്ഠ ഭാഗത്തു ചുറ്റിയിട്ടു വേണം പ്രഹരം ഏൽപ്പിക്കാൻ. പ്രഹരിക്കാൻ ഉപയോഗിക്കുന്ന ചൂരൽ അര ഇഞ്ചു ചുറ്റളവിൽ കവിഞ്ഞതാകാൻ പാടില്ല. കുറ്റവാളി 16 വയസിൽ താഴെ പ്രായമുള്ള ആളാണെങ്കിൽ വടി ഇതിലും കനം കുറഞ്ഞതായിരിക്കണം. ബാലകുറ്റവാളികൾക്ക് 15 പ്രഹരത്തിൽ കൂടുതൽ നൽകാൻ പാടില്ല. മുതിർന്ന കുറ്റവാളിയാണെങ്കിൽ 30 പ്രഹരം വരെ ആകാം. 1955 - ലെ ഒരു നിയമം മുഖേന ചമ്മട്ടിപ്രഹരം ഉപേക്ഷിക്കപ്പെട്ടു.[3]
നാടുകടത്തൽ
തിരുത്തുകജീവപര്യന്തം നാടുകടത്തൽ കൊലപാതകത്തിനുള്ള ഒരു സമാന്തര ശിക്ഷയായി പീനൽകോഡ് അംഗീകരിച്ചിരുന്നു നാടുകടത്തൽ എന്ന പദം കൊണ്ട് അർത്ഥമാക്കിയിരുന്നത് കടലിനക്കരെ കടത്തുക എന്നായിയിരുന്നു. ആൻഡമാൻ ദ്വീപിലേക്കാണ് നാടുകടത്തപ്പെട്ടവരെ അയച്ചിരുന്നത്. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം കടലിനപ്പുറത്തേക്കുള്ള നാടുകടത്തൽ 1854 - ൽ നിറുത്തലാക്കി, എന്നാൽ ഇന്ത്യയിൽ അതൊരു അംഗീകൃത ശിക്ഷയായി തുടർന്നുകൊണ്ടിരുന്നു. പക്ഷേ, കടലിനപ്പുറത്തേക്കുള്ള നാടുകടത്തൽ പിന്നീട് മാറ്റുകയുണ്ടായി. ക്രിമിനൽ നടപടിനിയമം 368 (2) അനുസരിച്ച് നാടുകടത്തൽ ശിക്ഷ വിധിക്കുമ്പോൾ ഇന്ന സ്ഥലത്തേക്കാണെന്ന് കോടതി തന്നെ സ്പഷ്ടമാക്കണം. പ്രിസണേഴ്സ് ആക്റ്റിലെ 29 മുതൽ 32 വരെ വകുപ്പുകൾ അനുശാസിക്കുന്നത് നാടുകടത്തൽ സമുദ്രത്തിനപ്പുറത്തേക്ക് ആയിരിക്കണമെന്ന് നിർബന്ധമില്ലെന്നാണ്. കടലിനപ്പുറത്തുള്ള ഒരുസ്ഥലം നിർദ്ദേശിക്കുന്നതിനുള്ള ചുമതല ഗവണ്മെന്റിന് ഉണ്ടായിരുന്നുമില്ല. പ്രസ്തുത നിയമം 32-ാം വകുപ്പനുസരിച്ച് രാജ്യത്തിനു പുറത്തുള്ള ഏതെങ്കിലും ഒരു സ്ഥലത്തേക്ക് കുറ്റവാളികളെ നാടുകടത്താവുന്നതാണ്. ജീവപര്യന്തം നാടുകടത്തൽ എന്ന പദംകൊണ്ട് അർത്ഥമാക്കേണ്ടത് ശിക്ഷിക്കപ്പെട്ട പ്രതിയുടെ ജീവാവസാനം വരെ പീനൽ കോളനിയിൽ കഴിച്ചുകൂട്ടണം എന്നാണ്. സൽസ്വഭാവത്തിനും മാതൃകാപരമായ പെരുമാറ്റത്തിനും ഈ കലാവധിയിൽ കുറെ ഇളവുകിട്ടും. മൊത്തം കാലാവധി 20 കൊല്ലമായി കണക്കാക്കാം. 1955 - ലെ ഭേദഗതി നിയമത്തോടെ നാടുകടത്തൽ നിറുത്തലാക്കി. അതിനുപകരം ജീവപര്യന്തം തടവ് മതിയായ ശിക്ഷയായി പരിഗണിച്ചുവരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത്, നാട്ടുരാജ്യങ്ങളിൽ പ്രത്യേകം ശിക്ഷാനിയമങ്ങൾ നടപ്പിലിരുന്നു. നാടുകടത്തൽ ഒരു ശിക്ഷവിധിയായി അംഗീകരിച്ചിരുന്നില്ല. കൊലക്കുറ്റത്തിന് നൽകപ്പെട്ടിരുന്നത് വധശിക്ഷയോ ജീവപര്യന്തം തടവോ ആയിരുന്നു. എന്നാൽ രാജാക്കന്മാരിൽ നിക്ഷിപ്തമായ പരമാധികാരം ഉപയോഗിച്ച് കടുത്ത വിപ്ലവകാരികളേയും തീവ്രവാതികളേയും നാടുകടത്താൻ അവർക്കു സാധിച്ചിരുന്നു. ഈ അധികാരം ഉപയോഗിച്ചാണ് തിരുവിതാംകൂർ മഹാരാജാവ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്.
പീനൽ കോഡിന്റെ സംവിധായകർ നാടുകടത്തൽ പീനൽ കോഡിൽ തിരുകികയറ്റുവാൻ പറഞ്ഞ പ്രധാന ന്യായം അത് ജീവപര്യന്തം തടവിനെക്കാൾ കുറ്റവാളിയിൽ ഭീതിയും നടുക്കവും ഉളവാക്കുന്നു എന്നതാണ്. ഇന്ത്യൻ പൗരാവലി, പ്രത്യേകിച്ച്, സമുദ്രതീരത്തുനിന്ന് വളരെ അകന്നു നാട്ടിൻപുറത്തു ജീവിക്കുന്നവർ സമുദ്രത്തെ അത്യന്തം ഭീതിയോടെയാണ് വീക്ഷിച്ചിരുന്നത്. ഈ കരിജലഭീതി കൊലചെയ്യലിൽ നിന്നും അവരെ ഫലപ്രദമാംവണ്ണം പിന്തിരിപ്പിച്ചിരുന്നു എന്നാണ് മെക്കാളെയും കൂട്ടരും വിശ്വസിച്ചിരുന്നത്.
വധശിക്ഷ
തിരുത്തുകപ്രാചീന ഭാരതത്തിൽ, ശിക്ഷ നിശ്ചയിക്കുന്ന കാര്യത്തിൽ, പ്രത്യേകിച്ച് കൊലപാതകത്തിന്, ഭരണാധിപന് ഉണ്ടായിരുന്ന അധികാരം അനിയന്ത്രിതവും അഭേദ്യവുമായിരുന്നു. കൊലപാതകിയുടെ ജീവൻ നശിപ്പിക്കുന്നതിനുള്ള ആജ്ഞ നൽകൽ മാത്രമല്ല, ഏതു പ്രകാരത്തിൽ ആയിരിക്കണം ജീവൻ നശിപ്പിക്കേണ്ടതെന്നു കൂടി തീരുമാനിക്കാനുള്ള അധികാരവും രാജാവിൽ നിക്ഷിപ്തമായിരുന്നു. അംഗവിച്ഛേദമാണ് നൽകപ്പെടുന്ന ശിക്ഷയെങ്കിൽ ഏതവയവമാണു ഛേദിക്കേണ്ടതെന്നും രാജാവുതന്നെ തീരുമാനിക്കും. വധ ശിക്ഷ നടപ്പിൽ വരുത്തിയിരുന്നത്, തീയിലേക്കു വലിച്ചെറിഞ്ഞും കഴുത്തുവെട്ടിയും തൂക്കിലിട്ടും വലിച്ചിഴച്ച് അവയവങ്ങൾ വേർപ്പെടുത്തിയും വണ്ടിചക്രത്തിൽ ശിരസ്സു കയറ്റിവച്ചു ഞെരുക്കിയും വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ചും കല്ലെറിഞ്ഞും ജീവനോടെ തൊലിയുരിച്ചും കൈവാൾകൊണ്ട് അറുത്തു മുറിച്ചും ആനയെ കൊണ്ടു ചവുട്ടിയും നിർബന്ധിത ദ്വന്ദ്വയുദ്ധത്തിൽ പെടുത്തിയും ക്രൂരമൃഗങ്ങളുടെ മുമ്പിലേക്കെറിഞ്ഞും തിളക്കുന്ന വെള്ളത്തിൽ മുക്കിയും ചുറ്റുപാടും കുറ്റിയടിച്ചു കെട്ടിനിറുത്തി ശൂലമോ കുന്തമോകൊണ്ടു കുത്തിയും കുരിശിൽ തറച്ചും കഴുത്തു ഞെക്കിയും അമ്പെയ്തും പട്ടിണികിടത്തിയും വിഷം കൊടുത്തും ഒക്കെ ആയിരുന്നു. ശിക്ഷ നൽകുന്ന ഭരണാധികാരിയുടെ മനോധർമം പോലെ നൂതന സമ്പ്രദായങ്ങൾ അപ്പഴപ്പോൾ കണ്ടുപിടിച്ച് നടപ്പിൽ വരുത്തിയിരുന്നു.
ഇക്കാലത്ത് വധശിക്ഷ നടപ്പിലാക്കുന്നതിന് ഇത്തരം മൃഗീയവും അപരിഷ്കൃതവുമായ സമ്പ്രദായങ്ങൾ സ്വീകരിക്കാറില്ല. തൂക്കിലിട്ടാണ് ഇന്ത്യയിൽ വധശിക്ഷ നടപ്പിലാക്കുന്നത്.. യു. എസ്സിൽ വൈദ്യുതാഘാതംകൊണ്ടും (Electric Chair) സോവിയറ്റ് റഷ്യയിൽ കരിങ്കൽ ഭിത്തിയിൽ ചാരിനിറുത്തി വെടിവച്ചും ആണ് വധശിക്ഷ നടപ്പിലാക്കുന്നത്. 16 വയസ്സിനു താഴെയുള്ള കൊലപാതകിയെ വധശിക്ഷ നൽകാതെ ദുർഗുണപരിഹാര പാഠശാലയിലേക്ക് അയക്കുകയാണു പതിവ്. കൊലപ്പുള്ളി ഗർഭിണി ആണെങ്കിൽ പ്രസവം കഴിഞ്ഞ് 6 മാസക്കാലം കാത്തതിനു ശേഷം ശിക്ഷ നടപ്പിൽ വരുത്തും.
സുപ്രീംകോടതി വധശിക്ഷ ശരിവച്ചശേഷം പ്രസിഡന്റിന്റെ മുമ്പിൽ ദയാഹർജി സമർപ്പിക്കാൻ പ്രതിക്കവകാശമുണ്ട്. ദയാഹർജി തള്ളിയതായി വിവരം കിട്ടിയാൽ പ്രതിയെ തൂക്കിക്കൊല്ലാനുള്ള തിയതിയും സമയവും നിശ്ചയിച്ച് സെഷൻസ് ജഡ്ജി ജയിൽ സൂപ്രണ്ടിന്റെപേർക്ക് മരണവാറണ്ട് (Death warrant) അയയ്ക്കും. മൂന്നാഴ്ചയിൽ കുറയാത്ത കാലയളവു വച്ചുള്ള ഒരു തിയതിയായിരിക്കും നിശ്ചയിക്കുന്നത്. പ്രതിയുടെ മതാനുഷ്ഠാനങ്ങൾക്ക് അനുസരിച്ചുള്ള വിശേഷദിവസങ്ങൾ ഇക്കാര്യത്തിൽ വർജ്ജിക്കേണ്ടതാണെന്നു വ്യവസ്ഥയുണ്ട്. കാലത്ത് അഞ്ചുമണിക്കാണ് സാധാരണ തൂക്കികൊല നിർവഹിക്കുന്നത്, സ്ഥലത്തെ ഒന്നാംക്ലാസ് മജിസ്ട്രേട്ടും ജില്ലാമെഡിക്കൽ ആഫീസറും ഈ ക്രിയക്കു സാക്ഷ്യം വഹിക്കുന്നു. ഒരു പ്രയോഗം കൊണ്ടു പുള്ളി മരിച്ചില്ലങ്കിൽ പിന്നെയും തൂക്കിലിടണം. മരിക്കും വരെ തൂക്കിലിടണം. മരിച്ചു എന്ന് മെഡിക്കൽ ആഫീസർ സാക്ഷ്യപ്പെടുത്തിയ വാറണ്ട് മടങ്ങി സെഷൻസ് ജഡ്ജിക്കു കിട്ടണമെന്നാണു വ്യവസ്ഥ. മുൻകാലങ്ങളിൽ തുറസ്സായ മൈതാനത്തു വച്ചാണ് തൂക്കിലിടൽ കർമ്മം നിർവഹിച്ചിരുന്നത്. കൃത്യം കഴിഞ്ഞാലും മൃതദേഹം അങ്ങനെതന്നെ കുറെ മണിക്കൂർ നിറുത്തിയേക്കുമായിരുന്നു. ആ കാഴ്ച കാണാൻ ഇടയാകുന്നവർ കൊലചെയ്യാൻ മടിക്കും എന്ന ഉദ്ദേശ്യത്തിലാണ് അങ്ങനെ ചെയ്തിരുന്നത്.[3]
ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും വധശിക്ഷ അതിപ്രാചീന കാലം മുതലേ നിലവിലിരുന്നിരുന്നു. ജീവകാരുണ്യ പ്രസ്ഥാനക്കാർ വധശിക്ഷക്കെതിരായി ചിലപ്പോഴൊക്കെ ശബ്ദമുയർത്തിയിട്ടുണ്ടെങ്കിലും പരമാവധി ശിക്ഷ എന്ന നിലയ്ക്ക് വധശിക്ഷയ്ക്ക് അമിത പ്രാധാന്യം എല്ലാ ശിക്ഷാക്രമ സംവിധായകരും കല്പിച്ചു പോന്നിരുന്നു. ശ്രീബുദ്ധന്റെ കാലത്ത് വധശിക്ഷക്കെതിരായി ഭാരതത്തിൽ ശക്തമായ ഒരു കൊടുങ്കാറ്റു വീശി; പക്ഷേ ഫലമൊന്നും ഉണ്ടായില്ല. അഹിംസാ ധർമം ഉത്തമമായ അനുഷ്ഠാനമെന്ന നിലയിൽ സ്വീകാര്യവും ആകർഷകവും ആണെന്നിരുന്നാലും, അതിനെ നിയമമണ്ഡലത്തിലേക്കു കടത്തിവിടുന്നത് ഉചിതമായിരിക്കുകയില്ല എന്നായിരുന്നു അന്നത്തെ ഭരണാധിപൻമാരുടെ അഭിപ്രായം. ബുദ്ധമതാനുയായികളായ ഭരണാധികാരികളിൽ പ്രമുഖനായിരുന്ന അശോകചക്രവർത്തി പോലും ഈ അഭിപ്രായക്കാരനായിരുന്നു. വധശിക്ഷ നടപ്പിൽ വരുത്തുന്ന കാര്യത്തിൽ അദ്ദേഹം യാതൊരു വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല. വധശിക്ഷക്കു വിധിക്കപ്പെട്ട കൊലപുള്ളിക്ക് സ്വന്തം സുഹൃത്തുക്കളെയും ബന്ധുജനങ്ങളെയും കണ്ടു യാത്രപറയാൻ മൂന്നു ദിവസം അനുവദിച്ചിരുന്നു എന്നത് അശോകന്റെ നാലാം ശിലാസ്തംഭത്തിൽ കൊത്തിവച്ചിരുന്നതായി ചരിത്രകരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തും അതിനുമുമ്പും ഒരു കൂട്ടം മനുഷ്യസ്നേഹികൾ വധശിക്ഷയെ എതിർത്തിരുന്നു. വധശിക്ഷ അത്യന്തം പൈശാചികവും പ്രാകൃതവും അപഹസ്യവും പരിഷ്കൃത ലോകത്തിനു വച്ചുപൊറുപ്പിക്കാൻ കഴിയാത്ത ഒരു ശിക്ഷാ സമ്പ്രദായമാണെന്നു ആധുനിക ദണ്ഡതത്വ വിശാരദന്മാരിൽ ഒരു കൂട്ടർ വാദിക്കുമ്പോൾ പരമാവധി ദണ്ഡനക്രിയ എന്ന നിലയിൽ വധശിക്ഷ നിലനിറുത്തേണ്ടത് ആവശ്യമാണെന്നും കൊലചെയ്യാനുള്ള പ്രവണതയിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാൻ വധശിക്ഷയ്ക്കു മാത്രമേ കഴിയൂവെന്നും മറുപക്ഷക്കാരും വാദിക്കുന്നു. പൊതുജനാഭിപ്രായത്തെ ആദരിച്ച് ചില രാജ്യങ്ങൾ വധശിക്ഷ നിറുത്തൽ ചെയ്തുവെങ്കിലും കൊലപാതകങ്ങൾ ക്രമാതീതമഅയി വർദ്ധിച്ചു എന്ന് സ്ഥിതിവിവര കണക്കുകളിൽ നിന്നും ബോധ്യമാവുകയാൽ വീണ്ടും അത് ഏർപ്പെടുത്തുകയാണുണ്ടായത്.
വധശിക്ഷ നിറുത്തലാക്കണമെന്ന പക്ഷക്കാർ പ്രാചീന ഭാരതത്തിലുമുണ്ടായിരുന്നു. ഒരു ജീവനെ നശിപ്പിക്കുന്നതിനോടൊപ്പം അയാളെ ആശ്രയിച്ചു ജീവിക്കുന്ന ഭാര്യാപുത്രാദികളുടെ ജീവനെയും ഫലത്തിൽ നശിപ്പിക്കുകയാണ് യഥാർദ്ധത്തിൽ ചെയ്യുന്നതെന്നും ക്രൂരനായ ഒരു മനുഷനിൽ നിന്നും ചിലപ്പോൾ ഉത്തമരായ സന്താനങ്ങൾ ജനിച്ചുകൂടെന്നില്ലെന്നും അതുകൊണ്ട് വധശിക്ഷ സ്വീകാര്യമായ ഒരുശിക്ഷാവിധി അല്ലെന്നും ഋഷീശ്വരന്മാർ വാദിച്ചിരുന്നതായി കാണുന്നു. എതിർ പക്ഷക്കാർ അക്കാലത്തും ഉണ്ടായിരുന്നു. ശുക്രാചാര്യർ ഇക്കൂട്ടത്തിൽ പെടുന്നു. ദുഷ്ടന്മാരെയും കൊലപാതകികളെയും വധിക്കുന്നത് ശ്രുതിവചനപ്രകാരം യഥാർഥ അഹിംസ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മതം.[3]
ക്രൂരസ്വഭാവികളായ കുറ്റവാളികൾക്കു ചിലപ്പോൾ ഏകാന്തത്തടവും നൽകാറുണ്ട് (പീനൽ കോഡ് 73 - 74 വകുപ്പുകൾ). കഠിനതടവിനു വിധിക്കപ്പെട്ട കുറ്റവാളിയുടെ ശിക്ഷയിൽ മൊത്തം 3 മാസത്തിൽ കവിയാത്ത ഒരു കാലയളവ് ഏകാന്തത്തടവായി അനുഭവിക്കണം എന്ന് നിർദ്ദേശിക്കാൻ കോടതിക്ക് അവകാശമുണ്ട്. ഓരോപ്രാവശ്യവും നൽകപ്പെടുന്ന ഏകന്തത്തടവ് 14 ദിവസത്തിൽ കൂടാൻ പാടില്ല. ചെയ്ത കുറ്റത്തെപറ്റി പശ്ചാത്തപിച്ച്, തന്നിൽ മാനസിക പരിവർത്തനം വളർത്താൻ ഏകാന്തത്തടവ് ഉപരിക്കും എന്നാണു കരുതപ്പെടുന്നതെങ്കിലും ഫലത്തിൽ മറിച്ചാണ് കാണുന്നത്. ഈ ശിക്ഷയുടെ ഫലമായി ഏകാന്തതയിലിരുന്ന് ചിന്തിച്ച് ചിന്തിച്ച് മനസു മുരടിക്കുവാനും മനസ്സിക രോഗിയാകുവാനും ഇടയക്കുന്നുവെന്ന് ഈ ശിക്ഷാസമ്പ്രദായത്തെപ്പറ്റി വിശേഷ ജ്ഞാനം നേടിയിട്ടുള്ള ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു.
സ്വത്തു കണ്ടുകെട്ടൽ (Forfeiture of Property) ഒരു ക്രിമിനൽ ശിക്ഷ എന്ന നിലയിൽ ഇംഗ്ലണ്ട് അംഗീകരിച്ചിട്ടില്ല. ക്രിമിനൽ കുറ്റത്തിനു നൽകാവുന്ന ശിക്ഷ എന്ന നിലയ്ക്ക് കണ്ടുകെട്ടലിന് നിയമസാധുതയില്ല. നിയമനിഷേധി (outlaw) കളുടെ കാര്യത്തിൽ മാത്രമേ ഇംഗ്ലണ്ടിൽ ഇന്ന് സ്വത്തു കണ്ടുകെട്ടൽ പ്രയോഗത്തിൽ വരുത്തുന്നുള്ളു. ഇന്ത്യയിലെ ഇന്നത്തെ നിയമമനുസരിച്ച്, നമ്മുടെ രാജ്യവുമായി രമ്യതയിലിരിക്കുന്ന ഒരു രാജ്യത്ത് കടന്നുചെന്ന് കൊള്ളയടിക്കുക (പീനൽ കോഡ് 126-ാം വകുപ്പ്), അങ്ങനെ ലഭ്യമാകുന്ന സാധനങ്ങൾ വാങ്ങുക (127), ഗവൺണ്മെന്റ് ഉദ്യോഗത്തിലിരിക്കെ ക്രമരഹിതമായി സ്വത്തുകൾ വിലയ്ക്കു വാങ്ങുകയോ ലേലത്തിൽ പിടിക്കുകയോ ചെയ്യുക (169) മുതലായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ മേൽവിവരിച്ച വിധം സമ്പാതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടാം. ക്രിമിനൽ നടപടി നിയമം 517 - ം വകുപ്പനുസരിച്ച് കോടതിയുടെ കൈവശം വന്നുചേരുന്ന സാധനങ്ങൾ കേസിന്റെ അവസാനം കണ്ടുകെട്ടാം. കൂടതെ അഴിമതി നിരോധനനിയമം തുടങ്ങിയ പ്രത്യേക സ്റ്റാറ്റ്യൂട്ടുകൾ അനുസരിച്ച് ചില പ്രത്യേക പരിസ്ഥികളിലും കണ്ടുകെട്ടൽ ആകാം.
പിഴശിക്ഷയും ഒരു തരം കണ്ടുകെട്ടൽ തന്നെയാണ്. കുറ്റവാളിയുടെ സാമ്പത്തിക ശേഷി അനുസരിച്ചു വേണം പിഴശിക്ഷ ചുമത്തേണ്ടത്. തടവുശിക്ഷ വിധിച്ചുകഴിഞ്ഞാൽ അതിനുമീതെ പിഴയും കൂടി വിധിക്കുന്നത് നിയമവിധേയം ആണെങ്കിലും ആശാസ്യമല്ല. തടവുശിക്ഷയോടുകൂടി പിഴയും വിധിക്കാവുന്ന സന്ദർഭങ്ങൾ പ്രധാനമായും മൂന്നാണ്:-
- പ്രായാധിക്യം കൊണ്ടോ അനാരോഗ്യം ഹേതുവായോ നീണ്ട ജയിൽ ശിക്ഷയ്ക്കു വിധേയനാകാൻ പ്രതി അപ്രാപ്തനാണെന്നു കാണുക;
- ആവലാതിക്കാരനു നഷ്ടപരിഹാരം നൽകേണ്ടതായ അവസരം വരുക.
- ആരോപിതമായ കുറ്റം തന്നെ പണാപഹരണ ആയിത്തീരുക.
മറ്റു ശിക്ഷകൾ
തിരുത്തുകപീനൽ കോഡിൽ പ്രതിപാദിച്ചിട്ടുള്ള പ്രധാന ശിക്ഷകളാണ് മുകളിൽ സൂചിപ്പിച്ചത്. ഇവകൂടാതെ മറ്റുചില ശിക്ഷകളും പ്രതിപാദിച്ചിട്ടുണ്ട്. ബോഴ്സ്റ്റൺ സ്കൂളിലും ദുർഗ്ഗുണപരിഹാര പാഠശാലയിലും റിമാണ്ട് ഹോമിലും മറ്റും അയക്കുന്നതും താക്കീതുകോടുത്തു വിട്ടയക്കുന്നതും മറ്റും ഇക്കൂട്ടത്തിൽ പെടുന്നു. ബാലാപരാധികളെയും സദാചാരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകളെയും മറ്റുമാണ് ആദ്യം പറഞ്ഞ സ്ഥാപനങ്ങളിലേക്ക് അയക്കുന്നത്. കോടതി പിരിയുന്നതുവരെ തടവു ശിക്ഷ വിധിക്കാറുമുണ്ട്. ഒരു ദിവസത്തെ തടവു ശിക്ഷയായി ഇതിനെ കണക്കാക്കുന്നു. കോടതിയെ അവഹേളിക്കുക; കോർട്ടലക്ഷ്യപരമായി പ്രവർത്തിക്കുക തുടങ്ങിയ പ്രത്യേകതരം കുറ്റങ്ങൾക്ക് ഈ ശിക്ഷ നൽകാറുണ്ട്. പ്രതി ഒരു രോഗിയോ വൃദ്ധനോ ആണെങ്കിലും കുറ്റം വളരെ ലഘുവായതാണെങ്കിലും ഈ ശിക്ഷ നൽകാറുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമ പദ്ധതി പീനൽ കോഡിന്റെ നാലതിരുകക്കുള്ളിൽ ഒതുങ്ങി നിൽക്കുകയാണെന്നു പറഞ്ഞുകൂടാ. സമൂഹത്തിന്റെ നിലനിൽപ്പിന് അനിവാര്യമെന്നു തോന്നുന്ന ചുറ്റുപാടുകളിൽ പുതിയ പീനൽ സ്റ്റാട്യൂട്ടുകൾ പാസ്സാക്കേണ്ടതായി വരും. മായംചേർക്കൽ തടയൽ നിയമം (Prevention of Food Adulteration Act), സിറ്റി പോലീസ് നിയമം (City Police Act), മുനിസിപാലിറ്റീസ് നിയം (Municipalities Act) തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു. ഇവയിലെ പീനൽ വകുപ്പുകൾ ലംഘിക്കുന്നവരുടെ മേൽ പ്രൊസിക്യൂഷൻ നടപടി എടുത്ത് ക്രിമിനൽ കോടതികൾക്ക് യുക്തമെന്നു തോന്നുന്ന ശിക്ഷകൾ നൽകാം. ക്രിമിനൽ നടപടി നിയമത്തിലും ഇത്തരം പീനൽ വകുപ്പുകൾ ഉണ്ട്[3]
ശിശുക്കളും കുറ്റങ്ങളും
തിരുത്തുകഏഴുവയസിനു താഴെ പ്രായമുള്ള ഒരു ശിശു ചെയ്യുന്ന യാതൊരു പ്രവൃത്തിയും ക്രിമിനൽ കുറ്റത്തിൽ പെടുകയില്ല. പീനൽ കോഡുമാത്രമല്ല എല്ലാ ലിഖിത നിയമങ്ങളും ഈ തത്ത്വത്തിനു വിധേയമാണ്. ഏഴിനും പന്ത്രണ്ടിനും ഇടയ്ക്കാണങ്കിൽ ചാർജ് ചെയ്യപ്പെട്ട കൃത്യം കുറ്റകൃത്യമാണെന്നുള്ള അറിവോടുകൂടി ചെയ്യുന്നതിനുള്ള ബുദ്ധിവികാസവും ഉത്തരവദിത്വ ബോധവും കൈവന്നിട്ടില്ല എന്ന കാരണത്താൽ പ്രതിയെ വിട്ടയക്കും. ആ ഭാഗം തെളിയിക്കേണ്ടതു പ്രതിതന്നെയാണ്. 12 വയസ്സ് ആയെങ്കിലും തന്റെ പ്രവൃത്തി കുറ്റകരമാണെന്നു തെളിയിക്കത്തക്ക ബുദ്ധിവികാസമോ വിവേകമോ ഇല്ലാത്ത ആളാണെന്ന് കോടതിക്ക് ബോധ്യപ്പെടണം. ചെയ്യുന്ന പ്രവൃത്തിയുടെ സ്വഭാവം ആശ്രയിച്ചാണ് പ്രതി വെറും ശിശുവാണോ അതോ പക്വത വന്ന ആളാണോ എന്നു തീരുമാനിക്കുന്നത്. ഉദാ. മോഷണം, ഭവനഭേദനം, തുടങ്ങിയ കുറ്റകൃത്യങ്ങൾ ശിക്ഷാർഹമാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് 12 വയസ്സുള്ള കുട്ടിക്കില്ലായിരുന്നു എന്നു പറയാൻ പറ്റുകയില്ല. നേരേമറിച്ച്, പുനർവിവാഹം തുടങ്ങിയ പ്രത്യേകതരം കുറ്റങ്ങൾ ശിക്ഷാർഹമാണെന്ന് മൻസ്സിലാക്കത്തക്ക ധീഷണാശക്തി 12 വയസ്സു കാരനിൽ വളർന്നിട്ടില്ല എന്നു പറഞ്ഞാൽ മനസ്സിലാക്കാൻ കഴിയും; കോടതി അതിനെ കണക്കിലെടുക്കുകയും ചെയ്യും. ഇംഗ്ലണ്ടിലാണെങ്കിൽ ഏഴിനുമേൽ 14 വയസ്സിനകം പ്രായമുള്ള കുട്ടികൾ ക്രിമിനൽ കുറ്റങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ളവരല്ല എന്നാണ് നിയമ സങ്കൽപ്പം. ഈ പ്രായപരിധിക്കകത്തുള്ള ഒരു പ്രതി ചാർജിനാസ്പതമായ കുറ്റം ചെയ്തു എന്നു കണ്ടുകഴിഞ്ഞാൽ അയാൾക്ക് ആ കുറ്റകൃത്യം ചെയ്യുന്ന സന്ദർഭത്തിൽ അതു ശിക്ഷാർഹമായ പ്രവൃത്തിയാണെന്നു ബോദ്ധ്യമുണ്ടായിരുന്നു എന്നുകൂടി വാദിഭാഗം തെളിയിക്കണം. അങ്ങനെ ബോധ്യമായിക്കഴിഞ്ഞാൽ പ്രായപരിധി വകവൈക്കാതെ, കോടതി പ്രതിക്ക് ന്യായമായ ശിക്ഷ നൽകും.
ബാലാപരാധികളെ വിസ്തരിക്കാൻ പ്രത്യേക കോടതികളുണ്ട്. അവയെ ശിശുകോടതികൾ (Juvenile Courts) എന്നു പറയുന്നു. ബാലകുറ്റവാളികളെ ജീവകാരുണ്യപരമായ രീതിയിൽ വേണം നേരിടേണ്ടത് എന്നുള്ള തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രത്യേക കോടതികൾ സ്ഥാപിച്ചിരിക്കുന്നത്. ഒരു ശിശുകോടതിയിലെ അന്തരീക്ഷം സാധാരണ ക്രിമിനൽ കോടതിയുടേതായിരിക്കുകയില്ല. കേസ് വിസ്തരിക്കുന്ന കോടതിമുറി കണ്ടാൽ ഒരു ഗൃഹത്തിന്റെ പ്രതീതിയാണ് കാണികളിൽ ഉളവാക്കുന്നത്. അതു സാധാരണ രീതിയിൽ ലളിതമായി സംവിധാനം ചെയ്യപ്പെട്ട ഒരു ഔപചാരിക മുറിയായിരിക്കും. പുറത്തുനിന്നുള്ള ആർക്കും അവിടെ പ്രവേശനം ഉണ്ടായിരിക്കുകയില്ല. പോലീസ് ഉദ്യോഗസ്ഥർ തന്നെ യൂണീഫോറം ധരിക്കാതെവേണം അവിടെ കടക്കേണ്ടത്. കുറ്റക്കാരനാണെന്നു കണ്ടു കഴിഞ്ഞാൽ പ്രതിയെ സർട്ടിഫൈഡ് സ്കൂളിലേക്കോ ബോഴ്സ്റ്റൽ സ്കൂളിലേക്കോ, പ്രൊബേഷൻ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലും ഉത്തരവാദിത്തത്തിലും സ്വന്തം വിട്ടിലേക്കോ അയയ്ക്കും. അവിടെനിന്നും മിക്കവാറും സർട്ടിഫൈഡ് സ്കൂളിലേക്കായിരിക്കും കുറ്റവളിയായ ബാലനെ പിന്നീട് അയക്കുന്നത്. 16 വയസ്സിനുമേൽ പ്രായമുള്ള കുറ്റവാളി ആണെങ്കിൽ ബോഴ്സ്റ്റൽ സ്കൂളിലേക്കായിരിക്കും അയയ്ക്കുന്നത്. സർട്ടിഫൈഡ് സ്കൂളിലെ ശിക്ഷണം മതിയാകുന്നില്ലന്നു തോന്നിയാൽ 16 വയസിനു താഴെ പ്രായമ്മുള്ള ആളായാലും ബോഴ്സ്റ്റൽ സ്കൂളിലേക്കയക്കാം. ബോഴ്സ്റ്റൽ സ്കൂൾ സർട്ടിഫൈഡ് സ്കൂളിന്റെയും സാധാരണ ജയിലിന്റെയും ഇടനില അവലംബിക്കുന്ന ഒരു സ്ഥാപനമാണ്. ബോഴ്സ്റ്റൽ ജീവിതം അങ്ങേയറ്റം മൂന്നുവർഷത്തേക്കാണ്. സർട്ടിഫൈഡ് സ്കൂളിൽ ഉള്ളതിനേക്കാൾ ആയാസവും യാതനാപരവുമായ സമ്പ്രദായങ്ങളാണ് ബോഴ്സ്റ്റൽ സ്കൂളിൽ ഉള്ളത്.[3]
റിമാണ്ട് ഹോമിൽ വിദഗ്ദ്ധരായ മനഃശാസ്ത്ര പണ്ഡിതന്മാരും ഡോക്ടർമാരും ശാന്തസ്വഭാവികളായ പ്രൊബേഷൻ ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. അവിടെ എത്തിച്ചേരുന്ന കുട്ടികൾക്ക് ശാരീരികവും മാനസികവും സാംസ്കാരികവും ആയ വളർച്ചക്കൂം നിലനിൽപ്പിനും ആവശ്യമായ എല്ലാത്തരം ശിക്ഷണങ്ങളും നൽകുന്നുണ്ട്. കുട്ടികളുടെ വാസനയ്ക്ക് അനുരൂപമായ തൊഴിലുകളും അഭ്യസിപ്പിക്കുന്നുണ്ട്. കളികൾക്കും വിനോദങ്ങൾക്കും പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. സർട്ടിഫൈഡ് സ്കൂളുകളിലും ഇതുപോലെ സൗകര്യങ്ങൾ അനുവദിച്ചിട്ടുണ്ട്. അവിടെ 18 വയസ്സു വരെ മാത്രമേ കുട്ടികൾക്കു കഴിയുവാൻ പറ്റുകയുള്ളു. ചിലപ്പോൾ അതിനു മുൻപുതന്നെ വിടുതൽ കിട്ടിയെന്നും വരാം
പ്രൊബേഷൻ
തിരുത്തുകഒരു നൂതന ശിക്ഷാസമ്പ്രദായം എന്ന നിലയിൽ പ്രൊബേഷൻ ഇന്ന് പരിഷ്കൃത രാജ്യങ്ങളുടെയെല്ലാം ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുന്നു. പ്രൊബേഷൻ ഒരു ശിക്ഷാസമ്പ്രദായമായി കണക്കാക്കുവാൻ തന്നെ പ്രയാസമുണ്ട്. കുറ്റവാളിയെ നല്ലവനാക്കി സമൂഹത്തിലേക്കു വീണ്ടെടുക്കുവാനുള്ള ഒരു പരിഷ്കരണ നടപടിയായിട്ടേ പ്രൊബേഷനെ വീക്ഷിക്കുവാൻ പറ്റുകയുള്ളു. കുറ്റവാളിയോടും കുറ്റകൃത്യത്തോടുമുള്ള സമൂഹത്തിന്റെ സമീപനം ദയയും അനുകമ്പയും സമസൃഷ്ടി സ്നേഹവും നിറഞ്ഞതായിരിക്കണം എന്ന ചിന്താഗതിയിൽ നിന്നാണ് പ്രൊബേഷൻ ഉടലെടുത്തിട്ടുള്ളത്. പ്രാചീനകാലത്ത് കുറ്റവാളിയുടെ വ്യക്തിത്വമോ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ച ചുറ്റുപാടുകളോ അയാളുടെ മാനസിക പശ്ചാത്തലമോ നോക്കാതെ യാന്ത്രികമായി ശിക്ഷ നൽകിപ്പോന്നു. ഈ നീതി നടത്തൽ അധികാലം നീണ്ടുനിന്നില്ല. മനുഷ്യരിൽ വിവേകവും വിവേചനവും ഉദിച്ചതോടുക്കൂടി ഈ സമ്പ്രദായത്തിനു മാറ്റം വന്നു തുടങ്ങി. ശിക്ഷ നിശ്ചയിക്കുന്നതിനു മുമ്പായി കുറ്റവാളി ഏതു തരക്കാരനാണെന്നും (വിഡ്ഢിയോ, പ്രജ്ഞയറ്റവനോ, ചിത്തഭ്രമം ഭവിച്ചവനോ) ആക്രമണത്തിനു വിധേയനായ ആളിൽ നിന്നും പ്രകോപനപരമായ എന്തെങ്കിലും പ്രവർത്തനം ഉണ്ടായിരുന്നോ എന്നും മറ്റും ചിന്തിക്കേണ്ടതാണെന്നും അതിന്റെ അടിസ്ഥാനത്തിൽ വേണം ശിക്ഷ നിശ്ചയിക്കേണ്ടതെന്നുമുള്ള അഭിപ്രായം പ്രബലപ്പെടാൻ തുടങ്ങി. ഇതിൽ നിന്നുമാണ് പ്രൊബേഷൻ എന്ന ആശയം ഉടലെടുത്തത്. ഈ സമ്പ്രദായമനുസരിച്ച് വിധിക്കപ്പെട്ട ശിക്ഷ പ്രയോഗത്തിൽ വരുത്താതെ പ്രതിയെ ഉടൻതന്നെ സ്വന്തം ജാമ്യത്തിലോ ആൾജാമ്യത്തിലോ കുറഞ്ഞത് രണ്ടു വർഷക്കാലത്തേക്ക് സ്വതന്ത്രനാക്കി വിടുന്നു. ഈ കാലത്ത് അയാളുടെ നടപടികൾ പ്രൊബേഷൻ ഉദ്യോഗസ്ഥന്മാർ സൂക്ഷിച്ചു കൊണ്ടിരിക്കും. മര്യാദക്കാരനായി, നിയമവിധേയനായി, കുറ്റകൃത്യങ്ങളിൽ വ്യാപൃതനാകാതെയും ദുർമാർഗങ്ങളിലേക്കു വഴുതിപ്പോകാതെയും ഉത്തമ പൗരനായി ആക്കാലയളവു മുഴുവൻ ജീവിച്ചു എന്നു കണ്ടുകഴിഞ്ഞാൽ ശിക്ഷയ്ൽനിന്നു വിമുക്തനായതായി കോടതി പ്രഖ്യാപിക്കും. നേരേമറിച്ച്, ജാമ്യവ്യവസ്ഥയിൽ നിന്നും അയാൾ വഴുതി, ചെയ്യരുതാത്ത ഏതെങ്കിലും പ്രവൃത്തി ചെയ്തു എന്ന് പ്രോബേഷൻ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൽനിന്നോ മറ്റുപ്രകാരത്തിലോ കോടതിക്കു ബോധ്യം വന്നാൽ അയാളെ തിരികെ കോടതിയിൽ കൊണ്ടുവരികയും നേരത്തേ സസ്പെൻഷനിൽ വച്ചിരുന്ന ശിക്ഷക്ക് അയാളെ വിധേയനാക്കുകയും ചെയ്യും. വ്യതിചലനം നിസ്സാരമാണെങ്കിൽ തത്കാലം ഒരു പിഴ നൽകിയിട്ട് വീണ്ടും പഴയപടി ജാമ്യത്തിൽ വിട്ടയയ്ക്കുകയും കാലാവധി കഴിഞ്ഞ് വിമുക്തനാക്കുകയും ചെയ്യും.
യു. എസ്സിലെ മസാച്ചുസൈറ്റ്സ് സംസ്ഥാനത്താണ് ഔദ്യോഗികമായി പ്രൊബേഷൻ അംഗീകരിക്കപ്പെട്ടതെങ്കിലും അതിനു വളരെ മുൻപുതന്നെ ജീവകാരുണ്യപരമായ ഈ നവീന ശിക്ഷാസമ്പ്രദായം ചെറിയ തോതിൽ പ്രചാരത്തിലിരുന്നു. ബോസ്റ്റണിലെ ഒരു ചെരുപ്പുകുത്തി ആയിരുന്ന ജോൺ അഗസ്റ്റസ് 1849 - ൽ പോലീസ് കോടതിയിൽ നിന്നും ഒരു കടുത്ത മദ്യപാനിയെ ശിക്ഷയ്ക്കു വിധേയനാക്കാതെ തന്റെ ജാമ്യത്തിൽ വിടുവിച്ച് സ്വന്തം മേൽനോട്ടത്തിൽ മാന്യമായ തൊഴിൽ ചെയ്തു ജീവിക്കാൻ പ്രേരിപ്പിച്ചു. ഏഴുകൊല്ലത്തിനിടയിൽ കുറ്റവാളികളായ 253 പുരുഷന്മാരെയും 149 സ്ത്രീകളെയും ജയിലേയ്ക്കയയ്ക്കാതെ ജാമ്യത്തിൽ വിടുവിക്കുവാൻ അഗസ്റ്റസ്സിനു കഴിഞ്ഞു.
ഇന്ത്യൻ ജയിൽ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പ്രൊബേഷന്റെ ആശാസ്യതയേയും സ്വീകാര്യതയേയും പറ്റിപ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ക്രിമിനൽ നടപടി നിയമത്തിലെ 562 - ം വകുപ്പിലും പ്രൊബേഷന്റെ നിഴലാട്ടം നാം കാണുന്നുണ്ട്. ചില പ്രഥമ കുറ്റവാളികൾക്കും 21 വയസ്സിനു താഴെ പ്രായമുള്ള കുറ്റവാളികൾക്കും മാത്രമേ ഈ വകുപ്പുകൾ ബാധകമാക്കിയിരുന്നുള്ളു. പ്രഥമ കുറ്റവാളികൾ ഏതു പ്രായക്കാരുമാകാം. പക്ഷേ അവരുടെമേൽ തെളിയിക്കപ്പെട്ടിട്ടുള്ള കുറ്റം ഏഴു കൊല്ല്ലത്തിനു മേൽ തടവുശിക്ഷ വിധിക്കപ്പെടാവുന്ന തരത്തിലുള്ളതാവാൻ പാടില്ല. ഈ വ്യവസ്ഥകൾക്കുള്ളിൽ വരുന്നവരെ ശിക്ഷയ്ക്കു വിധേയരാക്കാതെ രണ്ടോമൂന്നോ കൊല്ലത്തേക്കു ജ്യാമ്യത്തിൽ വിടും. ആ കാലമത്രയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതെ ജീവിച്ചാൽ അവരുടെ ശിക്ഷ കോടതി ഇളവുചെയ്തു കൊടുക്കും. ചില പ്രത്യേകതരം കുറ്റങ്ങൾക്ക് വെറും താക്കീതു മാത്രം കൊടുത്തു വിടുവാനും കോടതിക്കധികാരമുണ്ട്. കുറ്റവാളിയുടെ സ്വഭാവവും കുറ്റത്തിന്റെ കാഠിന്യവും മറ്റും പരിഗണിച്ചിട്ടേ 562 - ം വകുപ്പ് കോടതി പ്രയോഗിക്കുകയുള്ളു.[3]
പരോൾ
തിരുത്തുകപ്രൊബേഷനോടു ബന്ധപ്പെട്ട മറ്റൊരു പരിഷ്കരണ സമ്പ്രദായമാണ് പരോൾ. നൽകപ്പെട്ട ശിക്ഷയുടെ ഒരു ചെറിയ ഭാഗം അനുഭവിച്ച ശേഷം കുറ്റവാളിയെ നല്ലനടപ്പു ജാമ്യത്തിൽ വിട്ടയക്കുകയാണ് പതിവ്. നല്ലവനായി ജീവിക്കുന്നു എന്നു കണ്ടാൽ ബാക്കി ശിക്ഷ ഇളവുചെയ്യും.
മദ്രാസ് പ്രസിഡൻസിയിലാണ് പ്രൊബേഷന് ആദ്യമായി അംഗീകാരം ലഭിച്ചത്. ഗോപതീനാരായണസ്വാമി ചെട്ടിയാർ നിരവധി കുറ്റവാളികളെ സ്വന്തം ജ്യാമ്യത്തിലിറക്കി സ്വന്തം ധനം വ്യയം ചെയ്ത് നല്ലവരാക്കി അയച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പുത്രൻ ഗോപതി ജാനകിറാം ചെട്ടി കുറേക്കാലം മദ്രാസ് പ്രൊബേഷൻ അഡ്വൈസറി കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്നു.
സോവിയറ്റ് പീനൽ കോഡിലെ 53 - ം വകുപ്പിലും ഇറ്റാലിയൻ പീനൽകോഡിലെ 163 മുതൽ 167 വരെ വകുപ്പുകളിലും പ്രൊബേഷൻ എന്ന സോപാധിക വിടുതൽ സമ്പ്രദായം പ്രതിപാദിച്ചിട്ടുണ്ട്. ജാപ്പനീസ് പീനൽ കോഡിലും ഇതിന് മതിയായ പ്രാധാന്യം കൽപ്പിച്ചു കാണുന്നു.
മനുവിന്റെ ശിക്ഷാനുക്രമണികയിൽ ഇതേ രീതിയിലല്ലെങ്കിലും വ്യക്തികളുടെ സ്വഭാവവും അവരിൽ കുടികൊള്ളുന്ന കുറ്റവാസനയുടെ ആഴവും അനുസരിച്ച് ശിക്ഷയിൽ വിവേചനം കാണിക്കണമെന്ന് അനുശാസിച്ചിരിക്കുന്നു. ബൃഹസ്പതിയുടെ ദണ്ഡഭേദവ്യവസ്ഥയിൽ ഈഭാഗം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശരീരശക്തി ക്ഷയിച്ചവനോ, മദ്യപാനിയോ, ഉത്കടമായ രോഗപീഡകൊണ്ടു വലയുന്നവനോ, അടക്കാനാവാത്ത കോപാവേശത്തിനു കീഴ്പ്പെട്ടു കുറ്റകൃത്യം ചെയ്തു പോയവനോ ആണെങ്കിൽ അയാൾ ശിക്ഷയുടെ കാര്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്നു. കടുത്തശിക്ഷയെ ദണ്ഡോത്കർഷ എന്നും കാഠിന്യം കുറഞ്ഞശിക്ഷയെ ദണ്ഡാപകർഷ എന്നും തുല്യശിക്ഷയെ ദണ്ഡസാമ്യ എന്നുമാണ് ബൃഹസ്പതി വിവക്ഷിച്ചിരിക്കുന്നത്. കുറ്റവാളിയെ ആസ്പതമാക്കിയുള്ള ദണ്ഡവിവേചനം പാശ്ചാത്യ ദണ്ഡശാത്രജ്ഞന്മാരുടെ ചിന്തയ്ക്കു വിഷയീഭവിച്ചു തുടങ്ങിയതു തന്നെ 19 - ം നൂറ്റാണ്ടിലാണ്. ഭാരതത്തിൽ ഈ സമീപനരീതി ബി. സി. 2000 - നു മുൻപുതന്നെ നിലവിലിരുന്നു.
ഇന്ത്യൻ പീനൽകോഡിലെ 511 വകുപ്പുകൾ 23 ഭാഗങ്ങളിലായി ഉൾക്കൊള്ളിച്ചിരിക്കുന്നു. ആദ്യ ഭാഗത്തിൽ (1 മുതൽ 5 വരെ വകുപുകൾ) കോഡിന്റെ വ്യാപ്തിയും (Jurisdiction), പ്രയോഗക്ഷമത (applicability) യുമാണ് പ്രതിപാദിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിൽ (6 മുതൽ 52 A വരെ വകുപ്പുകൾ) പദങ്ങളുടെയും പ്രയോഗങ്ങളുടെയും വിശദീകരണവും മൂന്നാം ഭാഗത്തിൽ (53 മുതൽ 75 വരെ വകുപ്പുകൾ) ശിക്ഷാക്രമങ്ങളും നാലാം ഭാഗത്ത് (76 മുതൽ 106 വരെ വകുപ്പുകൾ) ശിക്ഷിക്കപ്പെടാത്ത കുറ്റങ്ങളും (ഒഴിവുകൾ - General Exception) അവസാന ഭാഗത്ത് ഓരോവിധ കുറ്റങ്ങളുടെ നിർവചനവും നിർദ്ദിഷ്ട്ട ശിക്ഷകളും പ്രതിപാദിച്ചിരിക്കുന്നു.[3] നൂറ്റി ഏഴാം വകുപ്പ് മുതൽ കുറ്റകൃത്യ ങ്ങളെപ്പറ്റി പ്രതിപാദിച്ചു തുടങ്ങുന്നു . ചില കുറ്റക്രുത്യങ്ങൾക്കുള്ള ശിക്ഷ അതതു വകുപ്പുകളിൽ ത്തന്നെപരാമർശിച്ചിരിക്കുന്നു, ഉദാ:153എ, 153ബി കുറ്റ ത്തിന്റെ സ്വഭാവം അനുസരിച്ച് വിവിധ വിഭാഗങ്ങ ളാ യാണ് തരം തിരിവ് നടത്തിയിടുള്ളത് . ഉദാ: ശരീരത്തിനെതിരായവ, പൊതുജന സമാധാനത്തിനെതിരായവ, വിവാഹവുമായി ബന്ധപ്പെട്ടവ, വസ്തുവഹകളുമായി ബന്ധപ്പെട്ടവ.
നിലവിൽ
തിരുത്തുകപത്തൊമ്പതാം നൂറ്റാണ്ടിൽ രൂപംകൊണ്ട ശിക്ഷാനിയമസംഹിതയുടെ വകുപ്പുകൾക്ക് ഈ കാലയളവുവരെ കാര്യമായ ഭേദഗതികൾ വേണ്ടിവന്നിട്ടില്ല. നിയമസംഹിത രൂപംകൊണ്ട കാലത്ത് 23 അദ്ധ്യായങ്ങളും 511 വകുപ്പുകളുമാണ് ഉണ്ടായിരുന്നത്. പിന്നീട് പലകാലത്തായി 3 അദ്ധ്യായങ്ങളും 49 വകുപ്പുകളും കൂട്ടിചേർക്കപ്പെട്ടു. 21 വകുപ്പുകൾ നീക്കം ചെയ്യപ്പെട്ടു.
ഇന്ത്യൻ ശിക്ഷാനിയമസംഹിത മറ്റുപലരാജ്യങ്ങളിലേയും ശിക്ഷാനിയമവ്യവസ്ഥയ്ക്ക് മാത്യകയായിത്തീർന്നിട്ടുണ്ട്. സിംഗപ്പൂർ, മ്യാൻമർ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ, പശ്ചിമ ആഫ്രിക്ക, നൈജീരിയ, സുഡാൻ, കെനിയ, താൻസാനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങൾ ഉദാഹരണം.
ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വിവിധ അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതും ഓരോ അദ്ധ്യായത്തെ വിവിധ വകുപ്പുകളാക്കി തിരിച്ചിട്ടുള്ളതും ആണ്.
- അദ്ധ്യായം-1 : അവതാരിക
- അദ്ധ്യായം -2 : നിർവ്വചനങ്ങൾ
- അദ്ധ്യായം -3 : ശിക്ഷകൾ
- അദ്ധ്യായം -4 : പൊതു അപവാദങ്ങൾ
- അദ്ധ്യായം -5 : പ്രേരണ
- അദ്ധ്യായം -5 എ : കുറ്റകരമായ ഗൂഢാലോചന
- അദ്ധ്യായം -6 : ഗവണ്മെന്റിനെതിരായ കുറ്റകൃത്യങ്ങൾ
- അദ്ധ്യായം -7 : കര, നാവിക, വ്യോമസേനകളെ സംബന്ധിച്ച കുറ്റങ്ങൾ
- അദ്ധ്യായം -8 : പൊതു സ്വാസ്ഥ്യത്തിനെതിരായ കുറ്റങ്ങൾ
- അദ്ധ്യായം -9 : പൊതുജന സേവകർ ചെയ്യുന്നതോ അവരെ സംബന്ധിച്ചുള്ളതോ ആയ കുറ്റകൃത്യങ്ങൾ
- അദ്ധ്യായം -9 എ : തിരഞ്ഞെടുപ്പ് കുറ്റങ്ങൾ
- അദ്ധ്യായം -10 : പൊതുജന സേവകരുടെ നിയമാനുസൃതമായ ആജ്ഞാലംഘനം
- [[ഇന്ത്യൻ ശിക്ഷാനിയമത്തിലെ വ്യാജ തെളിവ്, വ്യാജ പ്രസ്താവന മുതലായ പൊതുനീതിയെ ബാധിക്കുന്ന കുറ്റങ്ങൾ|അദ്ധ്യായം -11 : വ്യാജ തെളിവ്, വ്യാജ പ്രസ്താവന മുതലായ പൊതുനീതിയെ ബാധിക്കുന്ന കുറ്റങ്ങൾ]]
- അദ്ധ്യായം -12 : നാണയം, സ്റ്റാമ്പ് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ
- അദ്ധ്യായം -13 : തൂക്കങ്ങളും അളവുകളും സംബന്ധിച്ച കുറ്റ കൃത്യങ്ങൾ
- [[ഇന്ത്യൻ ശിക്ഷാനിയമത്തിലെ പൊതു ആരോഗ്യ രക്ഷ, മാന്യത, സദാചാരനിഷ്ഠ എന്നിവയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ|അദ്ധ്യായം -14 : പൊതുജന അരോഗ്യം,രക്ഷ, സൗകര്യം, സഭ്യത,സദാചാരം എന്നിവയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ]]
- അദ്ധ്യായം -15 : മതത്തെ സംബന്ധിച്ച കുറ്റകൃത്യങ്ങൾ
- അദ്ധ്യായം -16 : മനുഷ്യ ശരീരത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ
- അദ്ധ്യായം -17 : വസ്തുവഹകളെ സംബന്ധിക്കുന്ന കുറ്റകൃത്യങ്ങൾ
- അദ്ധ്യായം -18 : രേഖകളും വസ്തുചിഹ്നങ്ങളും സംബന്ധിക്കുന്ന കുറ്റകൃത്യങ്ങൾ
- അദ്ധ്യായം -19: സർവീസ് കരാറിന്റെ കുറ്റകരമായ ലംഘനത്തെ സംബന്ധിച്ച്
- അദ്ധ്യായം -20 : വിവാഹം സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങൾ
- അദ്ധ്യായം -20-എ: ഭർത്താവിന്റെയോ ഭർതൃ ബന്ധുക്കളുടെയോ ക്രൂരതയെക്കുറിച്ചുള്ളത്
- അദ്ധ്യായം -21അപകീർത്തിപ്പെടുത്തലിനെ സംബന്ധിച്ച്
- [[ഇന്ത്യൻ ശിക്ഷാനിയമത്തിലെ കുറ്റകരമായ ഭീഷണി,അപമാനിക്കൽ,അസഹ്യപ്പെടുത്തൽ എന്നിവ സംബന്ധിച്ച കുറ്റങ്ങൾ|അദ്ധ്യായം -22 : കുറ്റകരമായ ഭീഷണി,അപമാനിക്കൽ, അസഹ്യപ്പെടുത്തൽ എന്നിവയെ സംബന്ധിച്ച്]]
- അദ്ധ്യായം -23 : കുറ്റങ്ങൾ ചെയ്യുവാനുള്ള ശ്രമത്തെ സംബന്ധിച്ച്
വിമർശനം
തിരുത്തുകകാലോചിതമായി പരിഷ്ക്കരിക്കപ്പെടേണ്ട ഒട്ടേറെ വകുപ്പുകൾ ഇന്ത്യൻ പീനൽ കോഡിൽ ഉണ്ട് എന്നും ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായ ഒന്നല്ല ഈ നിയമസംഹിത എന്നും തങ്ങളുടെ ഭരണനേട്ടങ്ങൾക്കായി വളരെ പണ്ട് ബ്രിട്ടീഷുകാർ സൗകര്യപൂർവം എഴുതിയുണ്ടാക്കിയ ഈ നിയമം അപ്പാടെ പൊളിച്ചെഴുതപ്പെ ടേണ്ടിയിരിക്കുന്നു എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. [4]
കൂടുതൽ അറിവിന്
തിരുത്തുക- www.commonlii.org, ഇന്ത്യൻ ശിക്ഷാനിയമം 1860 Archived 2008-06-22 at the Wayback Machine.
- www.vakilno1.com, ഇന്ത്യൻ ശിക്ഷാനിയമം 1860 Archived 2011-10-10 at the Wayback Machine.
- www.netlawmaman.co.in, ഇന്ത്യൻ ശിക്ഷാനിയമം
- Indian Penal Code(PDF) Archived 2009-04-19 at the Wayback Machine.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-22. Retrieved 2008-07-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-11-26. Retrieved 2008-07-13.
- ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 Ml Encyclopedia vol - 4 page 106 - 110
- ↑ http://www.janmabhumidaily.com/jnb/News/119069[പ്രവർത്തിക്കാത്ത കണ്ണി] ജന്മ ഭൂമി 22-2-2014