എസ്. ഗുപ്തൻ നായർ

ഇന്ത്യന്‍ രചയിതാവ്‌
(S. Guptan Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള സാഹിത്യത്തിലെ പ്രമുഖവിമർശകനും, പ്രഭാഷകനും, നിഘണ്ടുകാരനും, അദ്ധ്യാപകനും ആയിരുന്നു എസ്. ഗുപ്തൻ നായർ (ഓഗസ്റ്റ് 22 1919 - ഫെബ്രുവരി 7 2006). ദീർഘകാലം കലാശാലാ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം രാഷ്ട്രീയ മേഖലയിലെ അപചയങ്ങൾക്കെതിരെ നില കൊണ്ടു. വിദ്യാലയങ്ങളിലെ രാക്ഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യം മുൻ നിർത്തി രൂപീകരിച്ച വിദ്യാഭ്യാസ സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷനായി പ്രവർത്തിച്ചു. 35-ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്[1]. എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

എസ്. ഗുപ്തൻ നായർ
ജനനം1919 ഓഗസ്റ്റ് 22
മരണം2006 ഫെബ്രുവരി 6 (വയസ്സ് 86)
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്ഉപന്യാസകൻ
ജീവിതപങ്കാളി(കൾ)ഭാഗീരഥിയമ്മ
കുട്ടികൾലക്ഷ്മി, എം.ജി. ശശിഭൂഷൺ, സുധാ ഹരികുമാർ
മാതാപിതാക്ക(ൾ)ഒളശ്ശ ശങ്കരപിള്ള, ശങ്കരിയമ്മ

ജീവിതരേഖ

തിരുത്തുക

1919 ഓഗസ്റ്റ് 22-ന് കൊല്ലം ജില്ലയിലെ ഓച്ചിറയിൽ അപൂർവ്വ വൈദ്യൻ എന്നുവിശേഷിപ്പിക്കപ്പെട്ട ഒളശ്ശ ശങ്കരപിള്ളയുടെയും മേമനയിലെ ചെങ്ങാലപ്പള്ളി വീട്ടിൽ ശങ്കരിയമ്മയുടെയും മകനായി ഗുപ്തൻ നായർ ജനിച്ചു[2]. 1941 തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബി.എ ഓണേഴ്‌സ് രണ്ടാം റാങ്കോടെ ജയിച്ച ഗുപ്തൻ നായർ 1945-ൽ അതേ കലാലയത്തിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു[3]. 1958-ൽ തലശ്ശേരി ബ്രണ്ണൻ കോളേജിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. തുടർന്ന് പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു.കാലിക്കറ്റ് സർ‌വ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ തലവനായി ഔദ്യോഗിക ജീവിതത്തിൽ നിന്നു 1978-ൽ വിരമിക്കുകയും ചെയ്തു. തുടർന്ന് കേരള സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു[2] ശ്രീ ചിത്ര ഗ്രന്ഥശാല, മാർഗി, തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനത്ത് പ്രവർത്തിച്ചു. 'മലയാളി', ഗ്രന്ഥാലോകം, വിജ്ഞാന കൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ ആയിരുന്നു. 1983-ൽ 1984 വരെ കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും , 1984 മുതൽ 1988 വരെ കേരള സാഹിത്യ അക്കാദമിയുടെയും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്[2][3]. ഭാര്യ: ഭാഗീരഥിയമ്മ, മക്കൾ: ലക്ഷ്മി, ചരിത്രകാരൻ എം.ജി. ശശിഭൂഷൺ, സുധാ ഹരികുമാർ.[2] ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് 2006 ജനുവരി 5-ന് തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗുപ്തൻ നായർ അവിടെ വച്ച് ഫെബ്രുവരി 6-ന് രാവിലെ പത്തുമണിയോടെ 86-ആമത്തെ വയസ്സിൽ അന്തരിച്ചു[4]. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പേരൂർക്കട വിശ്വഭാരതിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

സാഹിത്യവിദ്യാർത്ഥികൾക്ക് പാഠപുസ്തകമായി ആക്കാൻ യോഗ്യമായ വിധത്തിൽ ലളിതവും സുഗ്രഹവുമായവയാണ് അദ്ദേഹതിന്റെ രചനകൾ.

  • ആധുനിക സാഹിത്യം
  • ക്രാന്ത ദർശികൾ
  • ഇസങ്ങൾക്കപ്പുറം
  • കാവ്യസ്വരൂപം
  • തിരയും ചുഴിയും
  • തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ
  • സൃഷ്ടിയും സ്രഷ്ടാവും
  • അസ്ഥിയുടെ പൂക്കൾ
  • ചങ്ങമ്പുഴ -കവിയും മനുഷ്യനും
  • കേസരിയുടെ വിമർശനം
  • സമാലോചനയും പുനരാലോചനയും
  • ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശിൽപികൾ
  • തുളുമ്പും നിറകുടം
  • കൺസൈസ്‌ ഇംഗ്ലീഷ്‌ - മലയാളം ഡിക്ഷണറി
  • വിവേകാനന്ദ സൂക്തങ്ങൾ
  • കേരളവും സംഗീതവും
  • ഗുപ്തൻ നായരുടെ ലേഖനങ്ങൾ

ലഭിച്ച പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
  • കേരള സാഹിത്യ അക്കാഡമി അവാർഡ്
  • എഴുത്തച്ഛൻ പുരസ്കാരം
  • വള്ളത്തോൾ പുരസ്കാരം
  • വയലാർ അവാർഡ്
  • ലളിതാംബിക അന്തർജ്ജനം അവാർഡ്
  • ശങ്കര നാരായണൻ തമ്പി അവാർഡ്
  • സി.വി. രാമൻ പിള്ള അവാർഡ്
  • ജി. അവാർഡ്
  • പി. എൻ പണിക്കർ അവാർഡ്

ഗുപ്തൻ നായർ അവാർഡ്

തിരുത്തുക

ഗുപ്തൻ നായർ ഫൗൺടേഷൻ അദ്ദേഹത്തിന്റെ പേരിൽ എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. എം. ലീലാവതി, അമ്പലപ്പുഴ രാമവർമ്മ, സുകുമാർ അഴീക്കോട്, ഒ.എൻ.വി. കുറുപ്പ്, എം കെ സാനു, ഹൃദയകുമാരി എന്നിവർ ഈ അവാർഡിനു ഇതിനകം അർഹരായിട്ടുണ്ട്.

  1. http://medlibrary.org/medwiki/S._Gupthan_Nair[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 2.2 2.3 "മനസാ സ്മരാമി!". ജന്മഭൂമി ഓൺലൈൻ. Archived from the original on 2016-03-04. Retrieved 2009-08-24.
  3. 3.0 3.1 "Guptan Nair dead". The Hindu. Archived from the original on 2006-08-27. Retrieved 2009-08-24.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2010-12-25.
"https://ml.wikipedia.org/w/index.php?title=എസ്._ഗുപ്തൻ_നായർ&oldid=3953502" എന്ന താളിൽനിന്ന് ശേഖരിച്ചത്