റുഡോൾഫ് ഡീസൽ

(Rudolf Diesel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡീസൽ എഞ്ചിന്റെ കണ്ടുപിടിത്തം കൊണ്ടും നിഗൂഢമായ തന്റെ മരണം കൊണ്ടും പ്രസിദ്ധനായ ഒരു ജർമ്മൻ സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനീയറും സംരംഭകനുമായിരുന്നു റുഡോൾഫ് ക്രിസ്ത്യൻ ഡീസൽ (Rudolf Christian Karl Diesel) (German: [ˈʁuːdɔlf ˈkʁɪstjan ˈkaʁl ˈdiːzəl]; (ജനനം18 മാർച്ച് 1858- മരണം 29 സെപ്റ്റംബർ1913). 1942 -ൽ ഇറങ്ങിയ ഡീസൽ എന്ന ചലച്ചിത്രം ഇദ്ദേഹത്തെക്കുറിച്ചുള്ളതാണ്.[1]

റുഡോൾഫ് ഡീസൽ
1900 -ത്തിനടുത്ത്
ജനനം
റുഡോൾഫ് ക്രിസ്ത്യൻ കാൾ ഡീസൽ

1858 മാർച്ച് 18
മരണം29 സെപ്റ്റംബർ 1913(1913-09-29) (പ്രായം 55)
മരണ കാരണംഅറിയില്ല, ആത്മഹത്യയെന്ന് ചരിത്രകാരന്മാർ പറയുന്നു.
അന്ത്യ വിശ്രമംവടക്കൻ കടൽ
ദേശീയതജർമൻ
തൊഴിൽഎഞ്ചിനീയർ, കണ്ടുപിടിത്തക്കാരൻ, സംരംഭകൻ
തൊഴിലുടമസൾസർ, ലിൻഡെ, മാൻ സി, ഡ്യൂറ്റ്‌സ്
അറിയപ്പെടുന്നത്ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത്
ജീവിതപങ്കാളി(കൾ)മാർത്ത ഡീസൽ
കുട്ടികൾറുഡോൾഫ്, ഹെഡി, യൂജീൻ
മാതാപിതാക്ക(ൾ)എലീസ് ഡീസൽ, തിയോഡർ ഡീസൽ
പുരസ്കാരങ്ങൾഎലിയട്ട് ക്രെസ്സൺ മെഡൽ (1901)
ഒപ്പ്

ബാവേറിയയിൽ നിന്നും പാരീസിലേക്ക് കുടിയേറിയ തിയോഡോറിന്റെയും എലീസിന്റെയും മൂന്നു മക്കളിൽ രണ്ടാമനായി റുഡോൽഫ് 1858 -ൽ പാരീസിൽ ജനിച്ചു.[2][3] ചെറുപ്പകാലം പാരീസിൽ ചെലവഴിച്ച റുഡോൾഫ് 1870 -ലെ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധസമയത്ത് മറ്റു പല ജർമ്മൻകാരെയും പോലെ ജർമ്മനി വിടുകയും ലണ്ടനിൽ താമസമാക്കുകയും ചെയ്തു. എന്നാൽ യുദ്ധം തീരും മുൻപ് തന്നെ തന്റെ അമ്മാവൻ ഗണിതം പഠിപ്പിക്കുന്ന ഓഗ്‌സ്‌ബർഗിലേക്ക് ജർമൻ നന്നായി പഠിക്കാനായി അമ്മ 12 വയസ്സുള്ള റുഡോൾഫിനെ അയച്ചു. 14 വയസ്സിൽ തനിക്കൊരു എഞ്ചിനീയർ ആവണമെന്ന് മാതാപിതാക്കൾക്ക് കത്തയച്ച റുഡോൾഫ് 1873 -ൽ ക്ലാസിൽ ഒന്നാമനാവുകയും എഞ്ചിനീയറിങ്ങ് പഠിക്കാൻ ചേരുകയും ചെയ്തു. പഠിക്കാൻ പോകാതെ എന്തെങ്കിലും ജോലിക്ക് അവൻ പോകണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം.

ജീവിതം, ജോലി

തിരുത്തുക

1879 -ജൂലൈയിൽ ടൈഫോയ്‌ഡ് ബാധിച്ച് പരീക്ഷയെഴുതാൻ കഴിയാത്ത റുഡോൾഫ് അടുത്ത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള ഇടവേളയിൽ സ്വിസ്സർലാന്റിൻ പ്രായോഗികമായ അറിവ് ലഭിക്കാനായി സൾസർ ബ്രതേഴ്സ് മെഷീൻ വർക്സിൽ ചേർന്നു. 1880 -ൽ ഏറ്റവും ഉന്നതനിലയിൽ പഠനം കഴിഞ്ഞിറങ്ങിയ ഡീസൽ പാരീസിലേക്ക് തിരിച്ചുപോവുകയും മ്യൂനിക്കിൽ തന്റെ ഗുരുവായിരുന്ന കാൾ വൺ ലിൻഡെയെ ഒരു ആധുനിക റഫ്രിജറേഷനും ഐസ് പ്ലാന്റും ഉണ്ടാക്കുന്നതിൽ സഹായിക്കുകയും ചെയ്തു. ഒരു വർഷത്തിനു ശേഷം ഡിസൽ അതിന്റെ ഡിറക്ടർ ആയി. 1883-ൽ മാർത്തയെ വിവാഹം കഴിച്ചതിനുശേഷവും അവിടെത്തന്നെ ജോലി തുടർന്ന ഡീസൽ ജർമനിയിലും ഫ്രാൻസിലും അനവധി പേറ്റന്റുകൾ സ്വന്തമാക്കി.[4]

1890 -ന്റെ തുടക്കത്തിൽ കുടുംബവുമായി ഡീസൽ ബെർലിനിലേക്ക് താമസം മാറ്റുകയും താപകാര്യക്ഷമതയെക്കുറിച്ചും ഇന്ധന കാര്യക്ഷമതയെക്കുറിച്ചും കൂടുതൽ പഠനങ്ങൾ നടത്തുകയും ചെയ്തു. അമോണിയ വാതകം ഉപയോഗിച്ച് ആവിയന്ത്രം ഉണ്ടാക്കാന്നുള്ള ശ്രമത്തിനിടയിൽ അതുപൊട്ടിത്തെറിക്കുകയും ഗുരുതരമായ പരിക്കേറ്റ് മാസങ്ങളോളം ആശുപത്രിയിൽ കിടക്കേണ്ടിവരികയും തൽഫലമായി ആരോഗ്യത്തിനും കാഴ്ചയ്ക്കും കുറവ് ഉണ്ടാവുകയും ചെയ്തു.

കാർനട്ട് സൈക്കിൾ തത്ത്വമുപയോഗിച്ച് ഒരു യന്ത്രം രൂപകൽപ്പന ചെയ്യാനുള്ള പണികൾ അദ്ദേഹം ആരഭിക്കുകയും 1886 -ൽ മോട്ടോർ വാഹനം ഉണ്ടാക്കിയ കാൾ ബെൻസിന് 1893 -ൽ ഇതിന്റെ പേറ്റന്റ് നൽകുകയും ചെയ്തു. ആവിയന്ത്രത്തിനു പകരമായി പുതിയൊരു യന്ത്രം ഉണ്ടാക്കുന്നതിനെപ്പറ്റി ഒരു ഗവേഷണപ്രബന്ധം ഡീസൽ പുറത്തിറക്കുകയും പിന്നീട് ഡീസൽയന്ത്രം വികസിപ്പിച്ചെടുക്കുകയും ചെയ്തു. ആവിയന്ത്രങ്ങളിൽ ഇന്ധനത്തിന്റെ 90% ശേഷിയും നഷ്ടമാകുമെന്ന് അറിയുന്ന ഡീസലിന് താപഗതികത്തെക്കുറിച്ചും പ്രായോഗികമായി ഇന്ധനക്ഷമത ഉപയോഗപ്പെടുത്തുന്നതിന്റെ പരിമിതികളെപ്പറ്റിയും നല്ല അറിവുണ്ടായിരുന്നു. കൂടുതൽ കാര്യക്ഷമതയുണ്ടാക്കാനായാണ് ഡീസൽ പരീക്ഷണങ്ങൾ നടത്തിയത്. 1893 മുതൽ 1897 വരെ പരീക്ഷണങ്ങൾ നടത്താൻ മാൻ ഏജിയിൽ അദ്ദേഹത്തിന് അവസരം ലഭിച്ചു.[2] അമേരിക്കയിലും ജർമ്മനിയിലും അടക്കം പലരാജ്യങ്ങളിലും ഡീസലിനു പേറ്റന്റ് ലഭിച്ചു. (യു.എസ്. പേറ്റന്റ് 5,42,846 and യു.എസ്. പേറ്റന്റ് 6,08,845).

അപ്രത്യക്ഷമാവലും മരണവും

തിരുത്തുക

1913 സെപ്റ്റംബർ 29 വൈകുന്നേരം ആന്റ്‌വാർപിൽ നിന്നും ലണ്ടനിലേക്കുള്ള പോസ്റ്റ് ഓഫീസ് ബോട്ടിൽ കയറിയ ഡീസൽ അത്താഴത്തിനുശേഷം രാത്രി 10 മണിയോടെ, പിറ്റേന്നു രാവിലെ 6.15 നു വിളിക്കണമെന്ന് നിർദ്ദേശം നൽകിയശേഷം ബോട്ടിലെ തന്റെ മുറിയിലേക്കു പോയി. അതാണ് അദ്ദേഹത്തെ അവസാനമായി ജീവനോടെ കണ്ട സന്ദർഭം. കിടന്നകിടപ്പിൽത്തന്നെ കാണാവുന്ന പോലെ വച്ചിരുന്ന വാച്ചും ആരും കിടക്കാത്തതു പോലെ വിരിച്ചിട്ട കിടക്കയും ആണ് പിറ്റേന്നു രാവിലെ കണ്ടത്.[5] പത്തു ദിവസങ്ങൾക്കു ശേഷം നോർവെക്കടുത്തുള്ള വടക്കൻ കടലിൽ നിന്നും ഒരു ഡച്ച് ബോട്ടിന് ഒരു മൃതദേഹം കിട്ടുകയും, വല്ലാതെ അഴുകിയ അതിൽ നിന്നും കിട്ടിയ വസ്തുക്കൾ എടുത്ത് ആ ദേഹം വീണ്ടും കടലിൽ ഉപേക്ഷിക്കുകയുമാണ് അവർ ചെയ്തത്. ഒക്ടോബർ 13 -ന് ആ കിട്ടിയ ഗുളികപ്പാത്രവും, കൊച്ചുപിച്ചാത്തിയും പേഴ്സും, ഐഡന്റിറ്റി കാർഡും വച്ച് ഡിസലിന്റെ മകൻ അതു തന്റെ പിതാവിന്റേത് തന്നെയാണെന്നു സ്ഥിരീകരിച്ചു. ആ മരണത്തെപ്പറ്റി പല നിഗമനങ്ങളും ഉണ്ടായെങ്കിലും അദ്ദേഹത്തിന്റെ ജീവ ചരിത്രകാരന്മാർ അതൊരു ആത്മഹത്യ തന്നെയാണെന്ന് ഉറച്ചുപറയുന്നു. പലകമ്പനികളുടെ ബിസിനസ് താത്പര്യങ്ങളും സൈനിക താത്പര്യങ്ങളുമെല്ലാം മരണത്തിനു പിന്നിലുണ്ടാകാമെന്ന് നിഗമനങ്ങൾ ഉണ്ടെങ്കിലും അതിനൊന്നും നിരത്താൻ വേണ്ടത്ര തെളിവുകൾ ഉണ്ടായിരുന്നില്ല.

പിന്നത്തെ ആഴ്ചയേ തുറക്കാവൂ എന്നും പറഞ്ഞ് പോവുന്നതിനു മുൻപ് ഡീസൽ നൽകിയ ബാഗ് ഭാര്യ തുറന്നുനോക്കി. പണമായി രണ്ടു ലക്ഷം ജർമൻ മാർക്കും കാശൊന്നും ബാക്കിയില്ലെന്നു കാണിക്കുന്ന ഏതാനും ബാങ്ക് സ്റ്റേറ്റുമെന്റുകളും മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ. കപ്പലിലേക്ക് കൂടെക്കൊണ്ടുപോയ ഡയറിയിൽ 1913 സെപ്റ്റംബർ 29 -ന്റെ ദിവസം മരണത്തെ സൂചിപ്പിക്കുന്ന ഒരു കുരിശുചിഹ്നം വരച്ചിരുന്നു.[5]

പിന്നീട്

തിരുത്തുക

ഡിസലിന്റെ കാലശേഷം ഡിസൽ എഞ്ചിനിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുകയും ആവിയന്ത്രങ്ങൾക്ക് പകരക്കാരനാവുകയും ചെയ്തു. പെട്രോൾ എഞ്ചിനേക്കാൾ ഭാരവും ബലവും വേണ്ട നിർമ്മിതി ആയതിനാൽ വിമാനങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നില്ല (എന്നാൽ ഇതും കാണുക വിമാനങ്ങളുടെ ഡിസൽ എഞ്ചിൻ). എന്നാൽ സ്ഥിരമായി ഇരിക്കുന്ന യന്ത്രങ്ങളിലും, അന്തർവാഹിനികളിലും, കപ്പലുകളിലും, വാഹനങ്ങളിലും, ലോറികളിലും ആധുനികവണ്ടികളിലുമെല്ലാം ഡീസൽ യന്ത്രം ഉപയോഗിച്ചു തുടങ്ങി. വേഗതയെക്കാൾ കരുത്ത് വേണ്ടിടത്താണ് ഡിസൽ യന്ത്രങ്ങൾ കാര്യമായി ഉപയോഗിക്കുന്നത്. കരുത്തും ശക്തിയും ഉള്ളതിനാൽ വലിയ ട്രക്കുകളിൽ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. പുതിയ രൂപകൽപ്പനപ്രകാരം വന്ന മാറ്റങ്ങളിൽ വിമാനങ്ങളിലും ഇത്തരം യന്ത്രങ്ങൾ ഉപയോഗിക്കുന്നു. അവയിൽ ഡീസലോ ജറ്റ് ഇന്ധനമോ ഉപയോഗിക്കുന്നു. പെട്രോളിനേക്കാൾ ഇന്ധനക്ഷമത ഡിസലിനാണ്. കൽക്കരിപ്പൊടിയോ[6] സസ്യഎണ്ണയോ ഉപയോഗിക്കാനായിരുന്നു ഡീസലിനു താത്പര്യം. ശരിക്കും അദ്ദേഹത്തിന്റെ യന്ത്രം പ്രവർത്തിച്ചത് നിലക്കടല എണ്ണയിലാണ്. [7]

പെട്രോളിയത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള പേടി ഉയർന്ന 2008- -ൽ വീണ്ടും സസ്യഎണ്ണയാൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ ചർച്ചയിൽ നിറഞ്ഞു. ഇന്നും പെട്രോളിനേക്കാൾ സുരക്ഷയുള്ളതിനാൽ ഡിസൽ തന്നെയാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇന്ധനം.

  1. Herring, Peter (2000). Ultimate Train (2000 ed.). London: Dorling Kindersley. ISBN 0-7513-0698-3., p 148.
  2. 2.0 2.1 Moon 1974.
  3. Grosser 1978.
  4. James, Ioan (2010). Remarkable Engineers: From Riquet to Shannon. Cambridge University Press. p. 129.
  5. 5.0 5.1 Greg Pahl, "Biodiesel: Growing a New Energy Economy", Chelsea Green Publishing, 2008. ISBN 978-1-933392-96-7
  6. DE 67207  Rudolf Diesel: "Arbeitsverfahren und Ausführungsart für Verbrennungskraftmaschinen" p. 4.
  7. "20011101_gen-346.pdf (application/pdf Object)" (PDF). www.biodiesel.org. Retrieved 29 June 2009.

പുസ്തകങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റുഡോൾഫ്_ഡീസൽ&oldid=3928125" എന്ന താളിൽനിന്ന് ശേഖരിച്ചത്