തകരമരം
ലെഗുമിനോസെ (Leguminosae) സസ്യകുടുംബത്തിൽപ്പെടുന്ന ഇലകൊഴിയും വൃക്ഷമാണ് തകരമരം. ശാസ്ത്രീയ നാമം ടീറോകാർപസ് ഇൻഡിക്കസ് (Pterocarpus indicus). ചിറകുള്ള ഫലം എന്നർഥം വരുന്ന 'ടീറോകാർപ്പസ്' എന്ന ഗ്രീക്കുപദത്തിൽ നിന്നാണ് ഈ പേരു നിഷ്പന്നമായിട്ടുള്ളത്. വിത്തിനുചുറ്റിലും കാണപ്പെടുന്ന ചിറകുകളാണ് ഇതിന് ആധാരം.
തകരമരം | |
---|---|
തകരമരത്തിന്റെ ഇല | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Pterocarpus
|
Species: | P. indicus
|
Binomial name | |
Pterocarpus indicus |
മലയയോ അതിനോടടുത്തുള്ള ഉപദ്വീപു പ്രദേശങ്ങളോ ആയിരിക്കാം ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു. ഈ പ്രദേശങ്ങളിൽനിന്നു കൊണ്ടുവന്നാണ് ഇന്ത്യയിലും മ്യാന്മാറിലും തകരമരം നട്ടുവളർത്തിയിട്ടുള്ളത്.
തകരമരം 15 മീറ്ററിലധികം ഉയരത്തിൽ വളരുന്നു. ഇലകൾക്ക് 20-25 സെ.മീ. നീളമുണ്ട്. ഇലത്തണ്ടിൽ (rachis) 5-9 പർണകങ്ങൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. പർണകങ്ങൾ 7.5-10 സെ.മീ. നീളവും 0.5-6.25 സെ.മീ. വീതിയും കടും പച്ചനിറവും ഉള്ളവയാണ്. ഇവ അണ്ഡാകാരമോ വർത്തുളമോ ആയിരിക്കും. പർണകങ്ങളുടെ അഗ്രഭാഗം നിശിതമോ വിഭജിക്കപ്പെട്ടതോ ആയിരിക്കും; ആധാരഭാഗം ഉരുണ്ടിരിക്കുന്നു.
മെയ്-ആഗസ്റ്റ് മാസങ്ങളാണ് തകരമരത്തിന്റെ പുഷ്പകാലം. ഇലകളുടെ കക്ഷ്യങ്ങളിൽ നിന്ന് സ്തൂപ (racem) പുഷ്പമഞ്ജരിയായിട്ടാണു പുഷ്പങ്ങളുണ്ടാകുന്നത്. ഓരോ കക്ഷ്യത്തിൽ നിന്നും 15 സെ.മീറ്ററോളം നീളമുള്ള ഒന്നോ രണ്ടോ പുഷ്പമഞ്ജരികളുണ്ടാകുന്നു. ഓരോ പുഷ്പമഞ്ജരിയിലും സ്വർണ്ണനിറവും സുഗന്ധവുമുള്ള നിരവധി പുഷ്പങ്ങളുണ്ടായിരിക്കും. ബാഹ്യദളപുഞ്ജം ആറു മി.മീ. നീളമുള്ളതും അഞ്ചുപാളികളോടു കൂടിയതുമാണ്. ദളപുടത്തിൽ ചുളിവുകളോടുകൂടിയ പതാക ദളവും കീൽ ദളവുമാണുള്ളത്. 10 കേസരങ്ങളുണ്ട്; അതിൽ ഒമ്പതുകേസരങ്ങളുടേയും കേസരതന്തുക്കൾ യോജിച്ചിരിക്കും; ഒരെണ്ണം സ്വതന്ത്രവും. 2.5-5 സെ.മീ വ്യാസമുള്ള ശിംബ(pod)മാണ് ഫലം. മൂപ്പെത്താത്ത ഫലങ്ങളിൽ സിൽക്കുപോലുള്ള രോമങ്ങളുണ്ടായിരിക്കും. വിത്തുകൾക്കു ചുറ്റിലുമായി പാരച്യൂട്ടുപോലെയുള്ള ചിറകുകൾ കാണപ്പെടുന്നു. വിത്തുകൾ കാറ്റിൽ പറക്കുമ്പോൾ വായുവിൽ തങ്ങിനില്ക്കാൻ സഹായിക്കുന്നത് ഈ ചിറകുകളാണ്.
വിത്തും കാണ്ഡവും ഉപയോഗിച്ച് പ്രജനനം നടത്തുന്നു. മഴക്കാലാരംഭത്തോടെയാണ് തൈകൾ പറിച്ചുനടേണ്ടത്.
തകരമരത്തിൽ നിന്നു സ്രവിക്കുന്ന ഒരിനം പശ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. തടിക്ക് ചുവപ്പു കലർന്ന തവിട്ടുനിറമാണുള്ളത്. തടി കടുപ്പമുള്ളതും ചിതൽ പിടിക്കാത്തവിധം ദൃഢവുമായതിനാൽ ഗൃഹോപകരണങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. തകരമരം അലങ്കാരവൃക്ഷമായി നട്ടുവളർത്തുന്നു.
അവലംബം
തിരുത്തുക- ടീറോകാർപസ് ഇൻഡിക്കസ്
- ടീറോകാർപസ് Archived 2013-05-27 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തകരമരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |