കപടശാസ്ത്രം

(Pseudoscience എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശാസ്ത്രം എന്ന പേരിൽ വിശ്വസിക്കപ്പെടുകയോ പ്രചരിക്കപ്പെടുകയോ ചെയ്യുന്ന വിശ്വാസങ്ങളോ, സമ്പ്രദായങ്ങളോ, അവകാശവാദങ്ങളോ ആണ് കപടശാസ്ത്രം (Pseudo science) എന്ന് സാമാന്യേന വിശേഷിപ്പിക്കപ്പെടുന്നത്. ഇവകൾക്ക് ഉപോൽബലകമായ തെളിവുകളോ വിശ്വാസ്യതയോ ഉണ്ടാവുകയില്ല.[1] ഇവ പലപ്പോഴും അംഗീകൃതമായ അടിസ്ഥാനശാസ്ത്ര സിദ്ധാന്തങ്ങൾക്ക് നിരക്കാത്തതും ശാസ്ത്രീയ മാർഗങ്ങളിലൂടെ പരീക്ഷിച്ച് ബോധ്യപ്പെടാൻ കഴിയാത്തവയും ആയിരിക്കും.

അവ്യക്തവും പരസ്പരവിരുദ്ധവുമായ ആശയങ്ങൾ, വ്യക്ത്യനുഭവങ്ങളിൽ അടിസ്ഥാനപ്പെടുത്തിയുള്ളതും പരീക്ഷണങ്ങളിലൂടെ ആവർത്തിക്കാൻ ശേഷിയില്ലാത്തവയുമായ അവകാശവാദങ്ങൾ, വിദഗ്ദ്ധപരിശോധനയോട് തുറന്ന സമീപനം കാണിക്കുന്നതിനുള്ള വൈമുഖ്യം എന്നിവയാണ് കപടശാസ്ത്രങ്ങളുടെ പൊതുവായ സ്വഭാവങ്ങൾ.[2]

പൊതുജനങ്ങളുടെ ശാസ്ത്രീയ അറിവിന്റെ അഭാവം, പരിമിതമായ അല്ലെങ്കിൽ അവ്യക്തമായ അറിവ് എന്നിവ മുതലെടുത്ത് സാമ്പത്തിക ചൂഷണം, പ്രശസ്തി, അധികാരം കെട്ടിപ്പടുക്കൽ എന്നിവയുടെ നൈപുണ്യമുള്ള മാർഗമായി പല കപട ശാസ്ത്രങ്ങളും നിലനിൽക്കുന്നു.

ശാസ്ത്രവും കപടശാസ്ത്രവും തമ്മിലുള്ള അതിർത്തി നിർണയത്തിന് ശാസ്ത്രീയവും തത്വശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളുണ്ട്.[3] തത്ത്വചിന്തകർ ശാസ്ത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും ശാസ്ത്രീയസിദ്ധാന്തങ്ങൾക്കും കപട ശാസ്ത്ര വിശ്വാസങ്ങൾക്കും ഇടയിലുള്ള അതി‍ർത്തി നിശ്ചയിക്കുന്നതിനുമുള്ള പൊതുമാനദണ്ഡങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു. എന്നാൽ പുരാതന ബഹിരാകാശയാത്രികർ, കാലാവസ്ഥാവ്യതിയാനനിഷേധം, ഭൂമിക്കടിയിലുള്ള ജലം ലക്ഷണം ഉപയോഗിച്ച് കണ്ടുപിടിക്കൽ, പരിണാമനിഷേധം, ജ്യോതിഷം, ബദൽചികിത്സ, പറക്കും തളികകളെക്കുറിച്ചുള്ള പഠനം, സൃഷ്ടിവാദം തുടങ്ങിയ ഉദാഹരണങ്ങൾ കപടശാസ്ത്രമാണെന്നതിനെക്കുറിച്ച് പൊതുവായ ധാരണയുണ്ട്.[4]

ആരോഗ്യപരിപാലനം, വിദഗ്ധസാക്ഷ്യത്തിന്റെ ഉപയോഗം, പാരിസ്ഥിതികനയങ്ങൾ എന്നിവയ്ക്ക് പ്രത്യാഘാതങ്ങളുണ്ട്.[5] കപടശാസ്ത്രത്തെ അഭിസംബോധന ചെയ്യുന്നത് ശാസ്ത്രവിദ്യാഭ്യാസത്തിന്റെയും ശാസ്ത്രസാക്ഷരത വികസിപ്പിക്കുന്നതിന്റെയും ഭാഗമാണ്.[6][7] കപടശാസ്ത്രത്തിന് അപകടകരമായ ഫലങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന് കപടശാസ്ത്രപരമായ വാക്സിൻ വിരുദ്ധ ആക്ടിവിസവും ബദൽ രോഗചികിത്സകളായി ഹോമിയോപ്പതി പ്രതിവിധി പ്രോത്സാഹിപ്പിക്കുന്നതും ആളുകൾ തെളിവുകൊണ്ട് ബോധ്യപ്പെട്ട പ്രധാനപ്പെട്ട മെഡിക്കൽ ചികിത്സകൾ ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത് മരണത്തിലേക്കും അനാരോഗ്യത്തിലേക്കും നയിക്കുന്നു.[8][9][10] കൂടാതെ പകർച്ചവ്യാധികൾക്കുള്ള നിയമാനുസൃത മെഡിക്കൽ ചികിത്സകൾ നിരസിക്കുന്ന ആളുകൾ മറ്റുള്ളവരെ അപകടത്തിലാക്കിയേക്കാം.

ശാസ്ത്രവുമായുള്ള ബന്ധം

തിരുത്തുക

കപടശാസ്ത്രത്തെ ശാസ്ത്രത്തിൽ നിന്ന് വ്യക്തമായി വേർതിരിക്കാം. കാരണം ശാസ്ത്രമാണെന്ന് പൊതുവെ അവകാശപ്പെടുന്നുണ്ടെങ്കിലും, കപടശാസ്ത്രം ശാസ്ത്രീയമായ രീതി, അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിയിക്കാനുള്ള യുക്ത്യനുസൃതമായ സമ്പ്രദായം, മെർട്ടോണിയൻ മാനദണ്ഡങ്ങൾ എന്നിവ പോലുള്ള ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല.

ശാസ്ത്രീയരീതി

തിരുത്തുക

ഒരു വിജ്ഞാനം, ഒരു പദ്ധതി അല്ലെങ്കിൽ ഒരു പ്രയോഗം ശാസ്ത്രീയമാണോ എന്ന് നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളായി ശാസ്ത്രജ്ഞർ നിരവധി അടിസ്ഥാന തത്ത്വങ്ങളെ അംഗീകരിക്കുന്നു. പരീക്ഷണ ഫലങ്ങൾ പുനർനിർമ്മിക്കാവുന്നതും മറ്റ് ഗവേഷകരാൽ പരിശോധിച്ചുറപ്പിക്കുന്നതുമായിരിക്കണം.[11] ഈ അടിസ്ഥാനതത്ത്വങ്ങൾ, അതേ അവസ്ഥയിലും, നിബന്ധനയിലും വ്യവസ്ഥയിലും പരീക്ഷണങ്ങൾ പുനരാവിഷ്ക്കരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഈ രീതി കൂടുതൽ പരിശോധനകൾ വഴി ഒരു പ്രതിഭാസവുമായി ബന്ധപ്പെട്ട സിദ്ധാന്തം സാധുതയുള്ളതും വിശ്വസനീയവുമാണോ എന്നു ഉറപ്പുവരുത്തുന്നു.

കപടശാസ്ത്രത്തിന്റെ ലക്ഷണങ്ങൾ

തിരുത്തുക

കപടശാസ്ത്രങ്ങളെ തിരിച്ചറിയുവാൻ പൊതുവേ ശാസ്ത്രീയ രീതിശാസ്ത്രത്തിനെയാണ് ഉപയോഗപ്പെടുത്തുന്നത്. രീതിശാസ്ത്രങ്ങൾ അവ പ്രയോഗിക്കപ്പെടുന്ന ശാസ്ത്രശാഖയ്ക്കനുസരിച്ച് മാറാറുണ്ട് എങ്കിലും പരക്കെ അംഗീകരിക്കപ്പെട്ട ചില അടിസ്ഥാനസത്യങ്ങൾ സാമാന്യമായി ശാസ്ത്രജ്ഞർ ഉപയോഗിക്കാറുണ്ട്. അവകാശപ്പെടുന്ന ഫലങ്ങൾ എല്ലാവർക്കും സ്വയം ബോധ്യപ്പെടുന്ന വിധത്തിലുള്ളതാണോ എന്ന് പരീക്ഷിക്കുകയാണ് ഒരു രീതി. മറ്റൊന്ന് സമാനമായ സാഹചര്യങ്ങളിൽ ഇതേ ഫലം കൃത്യമായി പുനഃസൃഷ്ടിക്കാനും അംഗീകൃതശാസ്ത്രസിദ്ധാന്തങ്ങളിലൂടെയോ, അവകളുടെ സമ്മിശ്രണങ്ങളിലൂടെയോ ആ ഫലം വിശദീകരിക്കാനും കഴിയുമോ എന്ന് പരീക്ഷിക്കലാണ്. തെറ്റാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് മറ്റൊരു മാർഗം.

ജർമൻകാരനായ കാൾ പോപ്പർ ആണ് ശാസ്ത്രത്തെയും കപടശാസ്ത്രത്തെയും വേർതിരിച്ചറിയാൻ ഈ രീതി മുന്നോട്ട് വെച്ചത്. ഉദാഹരണത്തിന് ''മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ്'' എന്ന പ്രസ്താവന ശരിയെന്നോ തെറ്റെന്നോ തെളിയിക്കാൻ കഴിയാത്തതാണ് എന്നതിനാൽ ഇത് ശാസ്ത്രീയഅന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ഒന്നല്ല.

അവ്യക്തവും പർവതീകരിക്കപ്പെട്ടതുമായ ഭാഷാപ്രയോഗങ്ങളും അംഗീകൃത ശാസ്ത്രങ്ങളിലെ സാങ്കേതികപദങ്ങളുടെ ദുരൂഹമായ മിശ്രണങ്ങളുമാണ് കപടശാസ്ത്രങ്ങളുടെ മറ്റൊരു പ്രകടമായ ലക്ഷണം. ഉദാഹരണത്തിന്, "ഭൂമിയിലെ ജൈവിക ഊർജ്ജത്തിന്റെ വിതാനം കാരണം കാന്തികബലരേഖകൾക്ക് മാറ്റം വരുത്തുകയും ന്യൂട്രോൺ കണങ്ങളെ ഉത്തരധ്രുവത്തിൽ നിന്നും ഭൂവൽക്കശിലകളിലൂടെ മധ്യരേഖാപ്രദേശങ്ങളിലേക്ക് നീക്കുകയും ചെയ്യുന്നു" എന്ന പ്രസ്താവന അടിസ്ഥാനശാസ്ത്രം അറിയാത്തവർക്ക് വളരെ ആധികാരികമായ ഒന്നായി തോന്നിയേക്കാം. അതിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികപദങ്ങളാണ് അതിനു കാരണം.

ചില കപടശാസ്ത്രങ്ങൾ

തിരുത്തുക

ജ്യോതിഷം

തിരുത്തുക

ഗ്രഹങ്ങളും നക്ഷത്രങ്ങളും പോലുള്ള ആകാശഗോളങ്ങളുടെ സ്ഥാനങ്ങളും ചലനങ്ങളും മനുഷ്യന്റെ പെരുമാറ്റത്തെയും വ്യക്തിത്വത്തെയും സ്വാധീനിക്കുമെന്ന് ജ്യോതിഷം അവകാശപ്പെടുന്നു. എന്നിരുന്നാലും ജ്യോതിഷത്തിന്റെ അവകാശവാദങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങളുടെ പിന്തുണയൊന്നും കിട്ടിയിട്ടില്ല.[12]

ഹോമിയോപ്പതി

തിരുത്തുക

ഹോമിയോപ്പതി എന്നത് വളരെ നേർപ്പിച്ച പദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള ഒരു ബദൽ ചികിത്സ സമ്പ്രദായമാണ്. പലപ്പോഴും ഹോമിയോ മരുന്നുകളിൽ യഥാർത്ഥ പദാർത്ഥത്തിന്റെ തന്മാത്രകൾ അവശേഷിക്കുന്നില്ല. ഹോമിയോപ്പതി ഒരു പ്ലാസിബോ പ്രതിഭാസം മാത്രമാണെന്ന് ശാസ്ത്രീയ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ബദൽചികിത്സ, ഗൗളിശാസ്ത്രം, കൈനോട്ടം, മഷിനോട്ടം, വാസ്തുശാസ്ത്രം, പ്രകൃതിചികിത്സ (നാച്ചുറോപ്പതി), ദൈവശാസ്ത്രം എന്നിവ മറ്റ് കപടശാസ്ത്രങ്ങളാണ്.

ഇത് കൂടി കാണൂ

തിരുത്തുക
  1. ശാസ്ത്രവും കപടശാസ്ത്രവും, ഒരു സംഘം ലേഖകർ, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
  2. http://www.quackwatch.com/01QuackeryRelatedTopics/pseudo.html
  3. Lakatos I (1973). "Science and Pseudoscience". The London School of Economics and Political Science, Dept of Philosophy, Logic and Scientific Method. Archived from the original (mp3) on 25 July 2011. "Science and Pseudoscience (transcript)". Archived from the original on 2011-07-28.
  4. Hansson, Sven Ove (3 September 2008). "Science and Pseudo-Science, Section 1: The purpose of demarcations". Stanford Encyclopedia of Philosophy. Stanford University. Archived from the original on 5 September 2015. Retrieved 16 April 2011. From a practical point of view, the distinction is important for decision guidance in both private and public life. Since science is our most reliable source of knowledge in a wide variety of areas, we need to distinguish scientific knowledge from its look-alikes. Due to the high status of science in present-day society, attempts to exaggerate the scientific status of various claims, teachings, and products are common enough to make the demarcation issue pressing in many areas.
  5. Hansson, Sven Ove (3 September 2008). "Science and Pseudo-Science, Section 1: The purpose of demarcations". Stanford Encyclopedia of Philosophy. Stanford University. Archived from the original on 5 September 2015. Retrieved 16 April 2011. From a practical point of view, the distinction is important for decision guidance in both private and public life. Since science is our most reliable source of knowledge in a wide variety of areas, we need to distinguish scientific knowledge from its look-alikes. Due to the high status of science in present-day society, attempts to exaggerate the scientific status of various claims, teachings, and products are common enough to make the demarcation issue pressing in many areas.
  6. Hurd PD (1998). "Scientific literacy: New minds for a changing world". Science Education. 82 (3): 407–16. Bibcode:1998SciEd..82..407H. doi:10.1002/(SICI)1098-237X(199806)82:3<407::AID-SCE6>3.0.CO;2-G.(subscription required)
  7. Gropp, Robert E. (1 August 2003). "Evolution Activists Organize to Combat Pseudoscience in Public Schools". BioScience. 53 (8): 700. doi:10.1641/0006-3568(2003)053[0700:EAOTCP]2.0.CO;2. ISSN 0006-3568. S2CID 84435133.
  8. Vyse, Stuart (10 July 2019). "What Should Become of a Monument to Pseudoscience?". Skeptical Inquirer. Center for Inquiry. Archived from the original on 9 December 2019. Retrieved 1 December 2019.
  9. "How anti-vax pseudoscience seeps into public discourse". Salon. 13 January 2019. Archived from the original on 15 December 2020. Retrieved 16 December 2020.
  10. "Anti-vaccination websites use 'science' and stories to support claims, study finds". Johns Hopkins. Science Daily. Archived from the original on 16 July 2021. Retrieved 16 December 2020.
  11. Gauch (2003), പുറങ്ങൾ. 3–5 ff.
  12. Paul R. Thagard. "Why Astrology is a Pseudoscience".

പുസ്തകസൂചിക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കപടശാസ്ത്രം&oldid=4114465" എന്ന താളിൽനിന്ന് ശേഖരിച്ചത്