വാസ്തുശാസ്ത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രയോഗിക്കപ്പെടുന്ന പൗരാണിക സമ്പ്രദായങ്ങളെയാണ് വാസ്തുശാസ്ത്രം എന്ന വാക്കു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിന്റെ പ്രയോഗത്തെ സ്ഥാനം നോക്കൽ എന്ന പേരിലും അറിയപ്പെടുന്നു. കെട്ടിടത്തിന്റേയും അതിലെ വിവിധ മുറികളുടേയും സ്ഥാനവും ദിശയുമാണ് വാസ്തുശാസ്ത്രം അനുസരിച്ച് ഗണിച്ചെടുക്കുന്നത്.
ഐതിഹ്യം
തിരുത്തുകഎല്ലാ ഭൗതിക വസ്തുക്കളും പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണെന്ന് ഹൈന്ദവ പുരാണങ്ങളിൽ പറയുന്നു. ഹൈന്ദവാചാര പ്രകാരം സൃഷ്ടിയുടെ അധിപനായ ബ്രഹ്മാവിനാൽ നിർമ്മിക്കപ്പെട്ടതും, പരമശിവന്റെ തൃക്കണ്ണിൽ നിന്നും; പൂണൂൽ, ഗ്രന്ഥം, കുട, ദണ്ഡ്, അഷ്ടഗന്ധം, കലശം, മുഴക്കോൽ, ചിത്ര പുല്ല് എന്നിവയോടുകൂടി ജനിച്ച വിശ്വകർമ്മാവിന് ബ്രഹ്മാവ് ഉപദേശിച്ചു കൊടുത്തതാണ് വാസ്തുശാസ്ത്രം അഥവാ തച്ചുശാസ്ത്രം എന്ന് അറിയപ്പെടുന്നത്[1]
ത്രേതായുഗത്തിൽ സർവ്വലോക വ്യാപിയായി പ്രത്യക്ഷപ്പെട്ട ഭൂതമാണ് വാസ്തുപുരുഷൻ എന്നാണ് ഹൈന്ദവ വിശ്വാസം. ശിവനും അന്ധകാരൻ എന്നു പേരായ രാക്ഷസനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ, ശിവന്റെ ശരിരത്തിൽ നിന്നും ഉതിർന്നു വീണ വിയർപ്പു തുള്ളിയിൽ നിന്നുമാണ് വാസ്തു പുരുഷന്റെ ജനനം. ഇങ്ങനെ ജനിച്ച ഭൂതത്തിന്റെ പരാക്രമങ്ങൾ സഹിക്കാനാവാതെ ദേവന്മാർ ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തുകയും; അദ്ദേഹത്തിന്റെ ആജ്ഞാനുസരണം ഭൂതത്തിനെ യുദ്ധത്തിൽ തോല്പിച്ച് ഭൂമിയിൽ എടുത്ത് എറിയുകയും ചെയ്തു[1].
ഭൂമിയിൽ വാസ്തുപുരുഷന്റെ സ്ഥാനം
തിരുത്തുകഭൂമിയിലേക്ക് എടുത്തെറിയപ്പെട്ട വാസ്തുപുരുഷൻ വടക്ക്-കിഴക്ക് ദിക്കിൽ (ഈശ കോൺ) ശിരസ്സും, തെക്ക്-പടിഞ്ഞാറ് ദിക്കിൽ (നിരൃതി കോൺ) കാലുകളും, കൈകൾ തെക്ക്-കിഴക്ക് (അഗ്നികോൺ) ദിക്കിലും വടക്ക്-പടിഞ്ഞാറ്(വായു കോൺ) ദിക്കിലുമായി സ്ഥിതി ചെയ്യുന്നു[1]. ഇങ്ങനെ സ്ഥിതി ചെയ്ത വാസ്തുപുരുഷൻ ഭൂനിവാസികളെ ശല്യം ചെയ്യുകയും, ഭൂനിവാസികൾ ബ്രഹ്മാവിനെ പ്രാർത്ഥിക്കുകയും ചെയ്തു. അതിന്റെ ഫലമായി ബ്രഹ്മാവിന്റെ നിർദ്ദേശ പ്രകാരം അൻപത്തി മൂന്ന് ദേവന്മാരോടും ഭൂതത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നതിനായി വാസ്തുപുരുഷന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തു[1]. തത്ഫലമായി ശക്തി ക്ഷയിച്ച വാസ്തുപുരുഷൻ ബ്രഹ്മാവിനെ പ്രാർത്ഥിക്കുകയും; ബ്രഹ്മാവ്, ശിലാന്യാസം (കല്ലിടീൽ)', കട്ടള വെയ്പ്പ് , ഗൃഹപ്രവേശം എന്നീ മൂന്ന് ഘട്ടങ്ങളിലും മനുഷ്യർ നിന്നെ പൂജിക്കും. ഇത്തരം പൂജകളെ വാസ്തുപൂജ എന്ന് വിളിക്കുന്നു. വസ്തുപൂജ ചെയ്യാതെ ഗൃഹ നിർമ്മാണം നടത്തിയാൽ അത്തരം ഗൃഹങ്ങളിൽ പലവിധ അനർത്ഥങ്ങളും സംഭവിക്കും എന്നും അനുഗ്രഹിച്ചു[1].
ഉൽപ്പത്തി
തിരുത്തുകവാസ്തു എന്ന സംസ്‌കൃത പദത്തിന് പാർപ്പിടം എന്നാണ് അർത്ഥം. 'അപൗരുഷേയം' (മനുഷ്യനിർമ്മിതമല്ലാത്തത്) എന്നു പറയപ്പെടുന്ന വേദങ്ങളുടെ ഭാഗമാണ് വാസ്‌തു എന്നാണ് ഹൈന്ദവ വിശ്വാസം. അഥർവ വേദത്തിന്റെ ഒരു ഉപവേദമാണ് വാസ്‌തു എന്നും പറയപ്പെടുന്നുണ്ട്. പൗരാണിക ശില്‌പ വിദ്യയെ സംബന്ധിക്കുന്ന ഒരു ഗ്രന്ഥമായ മാനസാരം വാസ്‌തുവിനെ ധര (ഭൂമി) ഹർമ്മ്യം (കെട്ടിടം) യാനം (വാഹനം) പര്യങ്കം (കിടക്ക) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
എന്നാൽ ബുദ്ധമതക്കാരാണ് വാസ്തുവിദ്യയുടെ ആചാര്യന്മാരെന്നും കപിലവസ്തുവിൽ നിന്നാണ് വാസ്തുവിദ്യ രൂപം കൊണ്ടത് എന്നും കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്].
രാമായണ മഹാഭാരത കാലഘട്ടങ്ങൾക്കു മുൻപു തന്നെ വാസ്‌തു പ്രാബല്യത്തിൽ ഉണ്ടായിരുന്നു എന്ന് ഈ ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ചറിയാൻ സാധിക്കും. വാസ്‌തുവിന്റെ അടിസ്ഥാനത്തിൽ പണികഴിപ്പിച്ച കെട്ടിടങ്ങളെക്കുറിച്ച് ബുദ്ധമത ഗ്രന്ഥങ്ങളിലും പരാമർശമുണ്ട്.
അളവുകൾ
തിരുത്തുകവാസ്തുശാസ്ത്രത്തിലെ അളവുകളിൽ ദൂരമാനങ്ങൾക്കാണ് (ദൈർഘ്യം) പ്രാധാന്യം. പ്രകൃതിയിലെ ധാന്യങ്ങളെ ആടിസ്ഥാനമാക്കി നിർവ്വചിച്ചിരിക്കുന്ന അളവുകളെ യവമാനം എന്നും മനുഷ്യന്റെ ശരീരാവയവങ്ങളെ അടിസ്ഥാനമാക്കിയുള്ളവയെ അംഗുലമാനം എന്നും പറയുന്നു.[1]
യവമാനം
തിരുത്തുകപരമാണുവിൽ നിന്നുമാണ് വാസ്തുശാസ്ത്രത്തിലെ അളവുകൾ ആരംഭിക്കുന്നത്. സൂര്യപ്രകാശത്തിന്റെ പാതയിൽ കാണപ്പെടുന്ന പൊടിപടലങ്ങളിൽ നിന്നുമുള്ള ഒരെണ്ണത്തിന്റെ മുപ്പതായി ഭാഗിച്ച് കിട്ടുന്നതിൽ ഒരു ഭാഗത്തിന്റെ അളവാണ് പരമാണു.[1]. പരമാണുവിനെ അടിസ്ഥാനപ്പെടുത്തിയാണ് മുഴക്കോൽ പോലുള്ള മറ്റു മാത്രകൾ നിർമ്മിച്ചിരിക്കുന്നത്.
8 പരമാണു | ഒരു ത്രസരേണു |
8 ത്രസരേണു(64 പരമാണു) | രോമാഗ്രം |
8 രോമാഗ്രം (512 പരമാണു) | ഒരു ലിക്ഷ |
8 ലിക്ഷ (4096 പരമാണു) | ഒരു യൂകം |
8 യൂകം (32768 പരമാണു) | ഒരു തിലം |
8 തിലം (262144 പരമാണു) | ഒരു യവം (3.75 മില്ലീ മീറ്റർ) |
8 യവം (2097152 പരമാണു) | ഒരു അംഗുലം (30 മില്ലീ മീറ്റർ) |
അംഗുലമാനം
തിരുത്തുകഅംഗുലമാനം മുതൽ അളവുകൾ മനുഷ്യാധിഷ്ഠിതമാകുന്നു. അംഗുലമാനം മനുഷ്യന്റെ നടുവിരലിലെ മദ്ധ്യസന്ധിയുടെ അളവിനെയാണ് കുറിക്കുന്നത്[1].
3 അംഗുലം | ഒരു പർവ്വം |
8 അംഗുലം | ഒരു പദം (240 മില്ലീ മീറ്റർ) |
12 അംഗുലം | ഒരു വിതസ്തി (ചാൺ) |
2 വിതസ്തി (24 അംഗുലം) | ഒരു ഹസ്തം / ഒരു മുഴം |
24 അംഗുലം | ഒരു കോൽ |
8 പദം (64 അംഗുലം) | ഒരു വ്യാമം |
മുഴക്കോൽ
തിരുത്തുകവാസ്തുശാസ്ത്രത്തിൽ പ്രധാനമായും പരക്കെയും ഉപയോഗിക്കുന്ന ഏകകമാണ് മുഴക്കോൽ. 8 യവം ( 2,62,144 പരമാണു) ചേർന്നാൽ ഒരു അംഗുലം. അങ്ങനെയുള്ള 12 അംഗുലം ചേർന്നാൽ ഒരു വിതസ്തി. 2 വിതസ്തി അഥവാ ഒരു കോൽ ആണ് മുഴക്കോലിന്റെ അളവ്.[1]. മദ്ധ്യതിരുവിതാംകൂർ ഭാഗങ്ങളിൽ ഒരു മുഴക്കോൽ നീളം 73.6 cm ആയിട്ടാണ് കണക്കാക്കുന്നത്. ഇവിടെങ്ങളിലെ ക്ഷേത്രങ്ങളെല്ലാം ഈ മുഴക്കോൽ അളവിനെ അടിസ്ഥാഥാനപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്.
വിവിധതരം കോലുകൾ
തിരുത്തുകവാസ്തുശാസ്ത്രത്തിൽ അളവുകൾക്കായി വിവിധ തരം കോലുകൾ ഉപയോഗിക്കുന്നുണ്ട്. "കിഷ്കു", "പ്രാജാപത്യ,","ധനുർമുഷ്ടി", "ധനുർഗ്രഹം", "പ്രാച്യം", "വൈദേഹം", "വൈപുല്യം", "പ്രകീർണ്ണം" എന്നിങ്ങനെ പല അളവുകളിലും പേരിലും അറിയപ്പെടുന്നു. ഓരോ കോലും ചില പ്രത്യേക കെട്ടിടങ്ങൾക്കും ചില ജാതികൾക്കുമായും വിധിച്ചിട്ടുള്ളതാകുന്നു.
കിഷ്കു
തിരുത്തുക24 മാത്രാംഗുലം മാത്രം അളവ് ഉള്ള കോലിനെ കിഷ്കു എന്നു പറയുന്നു. കരം, അരത്നി, ഭുജം, ദോസ്സ്, മുഷ്ടി എന്നിങ്ങനെ പല പേരുകളിലും കിഷ്കു അറിയപ്പെടൂന്നു. ഈ കോൽ വീട്, മുറ്റം എന്നിവ അളക്കുന്നതിനായി ഉപയോഗിയ്ക്കുന്നു. ഇത് കൂടുതലായും ശൂദ്രജാതിയിൽപ്പെട്ടവരുടെ ഗൃഹ നിർമ്മാണത്തിന്റെ അളവ് കോലാണ്.
പ്രാജാപത്യം
തിരുത്തുക25 മാത്രാംഗുലം നീളമുള്ള കോലുകൾ പ്രാജാപത്യം എന്നറിയപ്പെടുന്നു. ചില സ്ഥലങ്ങളിൽ ക്ഷേത്രങ്ങളുടെ അളവിന് ഈ കോൽ ഉപയോഗപ്പെടുത്തി വരുന്നു. ഈ കോൽ ഉപയോഗിച്ച് വൈശ്യന്മാരുടേ ഗൃഹം അളക്കുന്നു.
ധനുർമുഷ്ടി
തിരുത്തുക26 മാത്രാംഗുലം നീളമുള്ള കോൽ ധനുർമുഷ്ടി എന്ന പേരിലറിയപ്പെടുന്നു. ചില സ്ഥലങ്ങളിൽ ഈ കോൽ ഉപയോഗിച്ച് എല്ലാത്തര, കെട്ടിടങ്ങളും അളക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ക്ഷത്രിയരുടെ ഗൃഹങ്ങൾ അളക്കുന്നതിനും ഈ കോൽ ഉപയോഗിക്കുന്നു.
വാസ്തുശാസ്ത്രം പരിഗണിക്കുന്ന ഘടകങ്ങൾ
തിരുത്തുകഅടിസ്ഥാനപരമായി വടക്കു കിഴക്ക് തെക്കു പടിഞ്ഞാറ് എന്നീ നാലു ദിശകളിൽ നിന്നു പ്രസരിക്കുന്ന ഊർജ്ജത്തെയും വാസ്‌തുശാസ്‌ത്രം പരിഗണിക്കുന്നു. പ്രപഞ്ചത്തിലെ വിവിധങ്ങളായ ഊർജ്ജങ്ങളെയും മനുഷ്യനിലും അവന്റെ ചുറ്റുപാടുകളിൽ നിന്നും പുറപ്പെടുന്ന ഊർജ്ജത്തെയും തമ്മിൽ ബന്ധപ്പെടുത്തിയാണ് വാസ്‌തു ചിട്ടപ്പെടുത്തിയിരിക്കുന്നത്. സൗരോർജ്ജം, വൈദ്യുതി, കാന്തികം, ഗുരുത്വാകർഷണം തുടങ്ങിയ ഘടകങ്ങളേയും വാസ്‌തു പരിഗണിക്കുന്നുണ്ട്. [2] വടക്ക് കിഴക്ക് നിന്ന് പുറപ്പെടുന്ന ഊർജ്ജം തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവസാാനിക്കുന്നു, അത് കൊണ്ട് വടക്ക് കിഴക്ക് ഭാഗം വിശാലമായിരിക്കുകയും താഴ്ന്നുമിരിക്കണം എതിർ ഭാഗമായ തെക്ക് പടിഞ്ഞാറ് ദിക്ക് ഇടുങ്ങിയതായിരിക്കുകയും മറ്റ് ദിക്കുകളെ അപേക്ഷിച്ച് ഉയർന്നതായിക്കുകയും വേണം അത് വഴി വടക്ക് കിഴക്ക് ഭാഗത്ത് നിന്ന് പുറപ്പെടുന്ന ഊർജ്ജം നഷ്ടപ്പെടാതെ നിലനിർത്താം.
ഗ്രന്ഥങ്ങൾ
തിരുത്തുകകാലാവസ്ഥാപ്രവചനം, ഭൂകമ്പപ്രവചനം, ഗ്രഹപ്പകർച്ച, ശില്‌പവിദ്യ, വാൽനക്ഷത്രങ്ങൾ തുടങ്ങി പ്രകൃതിയിലെ പല പ്രതിഭാസങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു മഹദ്ഗ്രന്ഥമാണ് 'ബൃഹദ്സംഹിത' എ.ഡി, ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജ്യോതി ശാസ്‌ത്രജ്ഞനും ഗണിത ശാസ്‌ത്രജ്ഞനുമായ വരാഹമിഹിരനാണ് ഇതിന്റെ രചയിതാവ്. പാർപ്പിടങ്ങളുടെയും ക്ഷേത്രങ്ങളുടെയും ശില്‌പവിദ്യയെ പ്രതിപാദിക്കുന്ന ചില അദ്ധ്യായങ്ങൾ ഇതിലുണ്ട്. വേദങ്ങൾക്കു പുറമേ പല ആഗമങ്ങളിലും ശില്‌പവിദ്യാപരമായ വിവരങ്ങൾ ഉണ്ട്. കാമികാഗമം, കർണാഗമം, സുപ്രഭേദാഗമം, വൈഖാനസാഗമം, അംശുമദ്ഭേദാഗമം എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. കിരണതന്ത്രം, ഹയശ്ശീർഷതന്ത്രം മുതലായ ചില താന്ത്രിക ഗ്രന്ഥങ്ങളിലും കൗടല്യന്റെ അർത്ഥശാസ്‌ത്രം, ശുക്രനീതി എന്നീ കൃതികളിലും ശില്‌പകലയെ കുറിച്ചുള്ള വിവരങ്ങളുണ്ട്. പാർപ്പിട നിർമ്മാണവുമായി ബന്ധപ്പെട്ട സുപ്രധാന കൃതികളാണ് മാനസാരം, മയൻ രചിച്ച മയമതം, ഭോജ രാജാവ് രചിച്ച സമരാങ്കണ സൂത്രധാര, വരാഹമിഹരന്റെ ബൃഹത്സംഹിത, വിശ്വകർമ്മാവ് രചിച്ച വിശ്വകർമ്മപ്രകാശം, ശ്രീകുമാരന്റെ ശില്‌പരത്നം, അപരാജിതപ്രച്ഛ, മനുഷ്യാലയചന്ദ്രിക എന്നിവ. ഇതിൽ മാനസാരത്തിൽ വീടുകൾ പണിയുന്നതിനെ കുറിച്ചും വിഗ്രഹങ്ങൾ നിർമ്മിക്കുന്നതിനെ കുറിച്ചും വിശദമായി പറയുന്നുണ്ട്.
മാനസാരം
തിരുത്തുകവാസ്തു ശാസ്‌ത്രമെന്നാൽ മാനസാരമാണ് എന്നു തന്നെ പറയാം. ഇതിന്റെ രചനാകാലം, ക്രിസ്‌തുവിനും ഏതാനും നൂറ്റാണ്ടുകൾ മുൻപാണെന്ന് കണക്കാക്കിയിരിക്കുന്നു. അറിയപ്പെടാത്ത കാലത്തെ അജ്ഞാതനായ ഗ്രന്ഥകാരൻ, മാനങ്ങളുടെ - അളവുകളുടെ- സാരം കൈകാര്യം ചെയ്യുന്ന ഋഷിമാരുടെ വിഭാഗം ശില്‌പവിദ്യയെയും വിഗ്രഹ നിർമ്മാണത്തെയും സംബന്ധിച്ച രീതികളും നിയമാവലികളും എന്നിങ്ങനെ മൂന്നു രീതിയിൽ 'മാനസാരം' എന്ന പദത്തിന് അർത്ഥം കൽപിച്ചിരിക്കുന്നു. 83 അധ്യായങ്ങളാണ് ഈ കൃതിയിലുള്ളത്. അളവുകൾക്ക് മുഖ്യമായും രണ്ട് ഏകകങ്ങളാണ് മാനസാരം ഉപയോഗിച്ചിരിക്കുന്നത്. ശില്‌പവിദ്യയിലെ അളവുകൾക്ക് അംഗുലവും (ഏകദേശം 3 സെന്റീമീറ്റർ) ഹസ്‌തവും (24 അംഗുലം) വിഗ്രഹനിർമ്മാണത്തിന് താലം (നിവർത്തിപ്പിടിച്ച പെരുവിരലിന്റെ അറ്റം മുതൽ നടുവിരലിന്റെ അറ്റം വരെയുള്ള നീളം). വാസ്‌തുശില്‌പികളെ നാലായി തരം തിരിച്ചിട്ടുണ്ട്. മുഖ്യവാസ്‌തു ശില്‌പിയെ സ്ഥപതി എന്നു വിളിക്കുന്നു. രൂപകല്‌പന ചെയ്യുന്ന ആൾക്ക് സൂത്രഗ്രാഹി എന്നും പെയിന്റർക്ക് വർദ്ധാന്തി എന്നും ആശാരിക്ക് സൂത്രധാരൻ എന്നുമാണ് പേര്. മാനസാരത്തിൽ വാസ്‌തുശില്‌പിയുടെ ചില യോഗ്യതകളെ കുറിച്ച് പറയുന്നുണ്ട്.
- നൂതനമായ ആശയങ്ങൾ ഉണ്ടായിരിക്കണം.
- വിജ്ഞാനം നേടാനുള്ള കഴിവു വേണം
- നല്ലൊരു എഴുത്തുകാരൻ ആയിരിക്കണം
- രേഖാനിർമ്മാണകൗശലം വേണം (ഡ്രാഫ്റ്റ്മാൻഷിപ്പ്)
- പ്രകൃതിയുടെ തത്ത്വങ്ങളും ധർമ്മ നീതിയും അറിഞ്ഞിരിക്കണം
- നിയമശാസ്‌ത്രവും ഭൗതികശാസ്‌ത്രവും അറിഞ്ഞിരിക്കണം
- ജ്യോതിഷത്തിലും ഗണിതത്തിലും പരിജ്ഞാനം വേണം
ആയം
തിരുത്തുകമേൽപ്പറഞ്ഞ കൃതികളിൽ പരാമർശിക്കുന്ന ഒന്നാണ് 'ആയം' ഏതൊരു പുരയിടത്തിനും കെട്ടിടത്തിനും ജീവനുണ്ടെന്നാണ് ആയം എന്ന സങ്കല്‌പം. അതുകൊണ്ട് നിശ്ചിത മാനദണ്ഡം ഉപയോഗിച്ചു വേണം കെട്ടിടങ്ങൾ നിർമ്മിക്കുവാൻ. ആയാദി ഷഡ്‌വർഗ്ഗം എന്നറിയപ്പെടുന്ന ഈ മാനദണ്ഡങ്ങളിൽ
- ആയം - വർദ്ധനവ് അഥവാ ലാഭം
- വ്യയം - കുറവ് അഥവാ നഷ്ടം
- ഋഷ അഥവാ നക്ഷത്രം
- യോനി അഥവാ കെട്ടിടത്തിന്റ് ദിശ
- വാരം അഥവാ സൗരദിനം
- തിഥി അഥവാ ചന്ദ്രദിനം എന്നിവ ഉൾപ്പെടുന്നു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 പ്രൊഫസർ ജി. ഗണപതി മൂർത്തിയുടെ വാസ്തുശാസ്ത്രവും ഗൃഹനിർമ്മാണകലയും, Sunco Publishing Division,Thiruvananthapuram. May 2005 Edition.
- ↑ vasthu in flats