പരീശന്മാർ

(Pharisees എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിസ്തുമതത്തിന്റെ ആരംഭത്തിനടുത്ത കാലത്ത് യഹൂദമതത്തിൽ പ്രബലമായിരുന്ന വിഭാഗങ്ങളിലൊന്നാണ് പരീശന്മാർ അഥവാ ഫരിസേയർ (Pharisees). "വേർതിരിക്കപ്പെട്ടവർ" എന്നാണ് ഈ വാക്കിന്റെ അർത്ഥം. ക്രി.മു. രണ്ടാം നൂറ്റാണ്ടിലെ മക്കബായ യുഗത്തിൽ യഹൂദമതത്തിന്റെ യവനീകരണത്തിനെതിരെ പൊരുതിയ തീക്ഷ്ണധാർമ്മികരിലാണ് ഇവരുടെ തുടക്കം എന്ന വിശ്വാസം പ്രബലമാണ്.[1] മറ്റുള്ളവരേക്കാളധികം ധാർമ്മികരായിരിക്കാനും മതനിയമത്തെ കൂടുതൽ കൃത്യതയോടെ വ്യാഖ്യാനിക്കാനും ശ്രമിച്ച ഒരു യഹൂദവിഭാഗമെന്ന്, ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരനും സ്വയം ഫരീസേയനുമായിരുന്ന ജോസെഫസ് ഇവരെ നിർവചിക്കുന്നു.[2] മോശയുടെ അനുശാസനങ്ങളിൽ അചഞ്ചലമായി വിശ്വസിച്ചിരുന്ന ഇവർ ന്യായപ്രമാണത്തിന്റെ കാവൽഭടന്മാരായി തങ്ങളെ കണക്കാക്കി. എങ്കിലും മോശെയുടെ പുസ്തകങ്ങളായ പഞ്ചഗ്രന്ഥിയിലുള്ള ലിഖിതനിയമങ്ങൾക്കു പുറമേ പരമ്പരാഗതമായി കിട്ടിയ വാചികനിയമത്തിലും(Oral Torah) അവർ വിശ്വസിച്ചിരുന്നു. ആത്മാവിന്റെ അമർത്ത്യതയിലും പുനരുത്ഥാനത്തിലും, ശിക്ഷാസമ്മാനങ്ങൾ ചേർന്ന മരണാനന്തരജീവിതത്തിലും, മാലാഖമാരിലും മറ്റുമുള്ള വിശ്വാസം വാചികനിയമത്തിന്റെ ഭാഗമായി അവർ സ്വീകരിച്ചു. അലിഖിതപാരമ്പര്യത്തിലുള്ള ഈ വിശ്വാസം, മറ്റൊരു യഹൂദവിഭാഗമായ സദൂക്യരിൽ നിന്ന് ഇവരെ വേർതിരിക്കുന്നു.

ചരിത്രം

തിരുത്തുക

ക്രി.മു. ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ മക്കബായ യുഗത്തിൽ യവനസംസ്കാരത്തിന്റെ സ്വാധീനത്തിൽ നിന്നു യഹൂദമതത്തെ സംരക്ഷിച്ചു നിർത്തുവാൻ ശ്രമിച്ച തീക്ഷ്ണധാർമ്മികരുടെ ഹാസിദീയ(Hasideans) പ്രസ്ഥാനത്തിൽ നിന്നാണ് പരീശവിഭാഗത്തിന്റെ ഉത്ഭവമെന്നു കരുതപ്പെടുന്നു.[1] എങ്കിലും മക്കബായ യുഗത്തിലെ ആദിമപരീശന്മാരെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. മക്കബായയുഗത്തിനും, ക്രി.വ. 200-നടുത്തു നടന്ന റബൈനികലിഖിതങ്ങളുടെ ക്രോഡീകരണത്തിനും ഇടയ്ക്കുള്ള കാലദൈർഘ്യം പരിഗണിക്കുമ്പോൾ, റബൈനികസാഹിത്യത്തിൽ പരീശന്മാരെക്കുറിച്ചുള്ള പരാമർശങ്ങൾ ആദിമപരീശന്മാരെക്കുറിച്ചല്ല എന്നാണു കരുതപ്പെടുന്നത്. അവരുടെ ഉല്പത്തിയുടെ സാമൂഹ്യപശ്ചാത്തലത്തെക്കുറിച്ച് പണ്ഡിതന്മാർ പല അഭിപ്രായക്കാരാണ്. ആരംഭകാലത്തെ പരീശർ നഗരങ്ങളിലെ തൊഴിൽക്കൂട്ടങ്ങളിൽ പെട്ടവരായിരുന്നെന്നും, ഭക്തരായ ഗ്രാമീണരായിരുന്നെന്നും കരുതുന്നവരുണ്ട്. [3]

ലിഖിതനിയമത്തിനൊപ്പം അലിഖിതമായ പാരമ്പര്യങ്ങളുടേയും കൂടി പ്രാമാണികമായി കരുതിയ പരീശന്മാർ, ആത്മാവിന്റെ അമർത്ത്യതയിലും പുനരുദ്ധാനത്തിലും, മരണാനന്തരവിധിയെ തുടർന്നുള്ള ശിക്ഷാസമ്മാനങ്ങളിലും മാലാഖമാരിലും വിശ്വസിച്ചു. പൗരോഹിത്യത്തിലും, നയതന്ത്രത്തിലും, സൈന്യത്തിലും മറ്റും ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്ന സദൂക്യരെപ്പോലെ ഔപചാരികമായ പദവികൾ ഒന്നുമില്ലാതിരുന്നിട്ടും ഇവർ ജനസാമാന്യത്തിന്റെ, പ്രത്യേകിച്ച്, മദ്ധ്യവർഗ്ഗത്തിന്റെ പിന്തുണ നേടി. ഇവരുടെ വിശ്വാസങ്ങളിൽ പലതും ആരംഭത്തിൽ വിവാദപരമായിരുന്നെങ്കിലും ഒടുവിൽ അംഗീകരിക്കപ്പെട്ടു. സീനായ് മലയിൽ ദൈവം മോശയ്ക്ക് ലിഖിതനിയമമായ തോറയ്ക്കൊപ്പം അലിഖിതമായ മറ്റൊരു തോറ കൂടി കൊടുത്തിരുന്നെന്ന് അവർ പഠിപ്പിച്ചു.

യഹൂദമതവിശ്വാസത്തിന്റെ ധാർമ്മികശക്തിയെ പ്രതിനിധാനം ചെയ്ത പരീശന്മാരുടെ ആശയങ്ങൾ, റോമിനെതിരെയുള്ള ക്രി.വ.66-ലേയും 135-ലേയും ദേശീയകലാപങ്ങളെ തുടർന്നുള്ള തീവ്രനിരാശയുടെ നാളുകളിൽ യഹൂദസമൂഹത്തെ സമ്പൂർണ്ണനാശത്തിൽ നിന്നു രക്ഷിച്ചു. റബൈമാരായി പുനരവതരിച്ച അവർ, "ചിതറിപ്പോയിട്ടും പരാജിതരാകാതിരുന്ന ജനങ്ങൾക്ക് ഗുരുക്കന്മാരും ഇടയന്മാരുമായി."[2] കാലക്രമേണ 'പരീശത' യഹൂദതയുടെ പര്യായം തന്നെയായി.[4] കലാപത്തെ തുടർന്ന് യെരുശലേമിലെ വേദപാഠശാലകൾ പ്രവർത്തിക്കാതായപ്പോൾ മെഡിറ്ററേനിയൻ തീരത്തെ യാംനിയയിൽ (Jamnia) ആരംഭിച്ച പുതിയ വേദവിദ്യാലയത്തിൽ പ്രമുഖനായിരുന്നത് പരീശപരമ്പരയിൽ പെട്ട യോനാഥൻ ബെൻ സക്കായ് ആയിരുന്നു. റബൈനിക യഹൂദതയുടെ തുടക്കമായിരുന്നു അത്. പരീശന്മാർ പ്രാധാന്യം കല്പിച്ചിരുന്ന അലിഖിതപാരമ്പര്യത്തിന്റെ ക്രോഡീകരണത്തിനും അതു വഴിയൊരുക്കി. ആ പാരമ്പര്യം പിൽക്കാലത്ത് മിഷ്ന, താൽമുദ് എന്നീ ലിഖിതസഞ്ചയങ്ങളിൽ ക്രോഡീകരിക്കപ്പെട്ടു.[1]

ക്രിസ്തീയവീക്ഷണം

തിരുത്തുക

വിട്ടുവീഴ്ചയില്ലാത്ത ശുദ്ധിനിഷ്ഠയ്ക്കും മറ്റും പ്രാധാന്യം നൽകിയ ഔപചാരിക ധാർമ്മികതയുടെ വക്താക്കളായാണ് ക്രിസ്തീയ ലിഖിതങ്ങളിൽ ഇവർ പ്രത്യക്ഷപ്പെടുന്നത്. ക്രിസ്തുവിന്റെ ഉപദേശങ്ങൾക്കും സിദ്ധാന്തങ്ങൾക്കും പ്രചാരം സിദ്ധിച്ചതോടെ പരീശന്മാരും അദ്ദേഹവുമായി പലപ്പോഴും നടന്ന ഏറ്റുമുട്ടലുകലുടെ വിവരണം പുതിയനിയമത്തിൽ കാണാം. ക്രിസ്തുവും അദ്ദേഹത്തിന്റെ ശിഷ്യന്മാരും സാധാരണക്കാരോടും പാപികളോടും സഹവർത്തിക്കുന്നതിൽ ഇവർ കുറ്റം കണ്ടതായി സുവിശേഷങ്ങൾ പറയുന്നു. പരീശന്മാരെ പൊതുവേ കപടഭക്തരായിട്ടാണ് യേശുക്രിസ്തു വിശേഷിപ്പിച്ചത്. ആത്മപ്രശംസയും പരനിന്ദയും നിറഞ്ഞ പ്രാർത്ഥനയ്ക്കു ശേഷം ദൈവപ്രീതി നേടാതെ ദേവാലയത്തിൽ നിന്നു മടങ്ങുന്ന പരീശൻ, യേശുവിന്റെ പ്രസിദ്ധമായ അന്യാപദേശങ്ങളിലൊന്നിലെ കഥാപാത്രമാണ്.[5] എങ്കിലും നിക്കോദേമോസിനെപ്പോലെയുള്ള പരീശന്മാർ യേശുവിന്റെ പ്രബോധനങ്ങളോട് ചായ്‌വ് പ്രകടിപ്പിച്ചിരുന്നു.[6] ഒരു പ്രമാണിയും യഹൂദപരമാധികാരസമിതിയിലെ അംഗവും ആയിരുന്ന നിക്കോദേമോസ് രഹസ്യമായി യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ഇതിനു പുറമേ ആദിമക്രിസ്തീയസഭയുടെ പേരെടുത്ത പ്രചാരകനും താത്ത്വികനും നേതാവുമായിരുന്ന പൗലോസ് അപ്പസ്തോലനും പരീശപാരമ്പര്യത്തിൽ പെട്ടവനായിരുന്നു.[1][7]

പരീശന്മാരെ തർക്കവ്യഗ്രതയോടെ നോക്കിക്കാണുന്ന പുതിയനിയമവും അവരെ ഒരു വിഭാഗം ദാർശനികരായി ചിത്രീകരിക്കുന്ന ജോസെഫസിന്റെ രചനകളും, ഈ യഹൂദവിഭാഗത്തിന്റെ യാഥാർത്ഥ സ്വഭാവം മനസ്സിലാക്കാൻ സഹായകമല്ലെന്നു യഹൂദവിജ്ഞാനകോശം ചൂണ്ടിക്കാട്ടുന്നു.[8]

യവനസ്വാധീനം

തിരുത്തുക

യഹൂദജനതയുടെ യവനീകരണത്തെ സംബന്ധിച്ചുള്ള തർക്കത്തിൽ നിന്നുണ്ടായ ആഭ്യന്തരകലഹമായിരുന്നു മക്കബായരുടെ കലാപമെന്ന് ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ റബൈ സ്റ്റീഫൻ എം വൈലൻ നിരീക്ഷിക്കുന്നു. ആ കലഹത്തിൽ സമ്പൂർണ്ണയവനീകരണത്തിനും തീവ്രശുദ്ധിവാദത്തിനും ഇടയിൽ മദ്ധ്യമാർഗ്ഗം പിന്തുടർന്നവരായിരുന്നു പരീശന്മാരെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. യവനസംസ്കാരത്തിന്റെ വെല്ലുവിളിയോടുള്ള യഹൂദതയുടെ തനതുപ്രതികരണമായ പരീശേയത ആ സംസ്കാരത്തിന്റെ സ്വഭാവങ്ങൾ പലതും സ്വാംശീകരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പരീശേയരുടെ പാഠശാലകളായ 'യേശിവാ'-കൾ യവനലോകത്തെ അക്കാദമികളെ അനുസ്മരിപ്പിക്കുന്നു. തോറാപണ്ഡിതന്മാരായ റബൈമാർ അക്കാദമികളിലെ ദാർശനികഗുരുക്കന്മാരുടെ മാതൃകയിലുള്ളവരാണ്. ദൈവദത്തമായ വാചികനിയമം എന്ന പരീശേയസങ്കല്പം, വിശുദ്ധഗ്രന്ഥങ്ങളെ സാഹിത്യദൃഷ്ടിയിൽ വ്യാഖ്യാനിക്കുന്ന യവനരീതി പിന്തുടരുന്നു. യവനസംസ്കാരവുയി ഇത്തരം സമാനതകൾ പങ്കിട്ടെങ്കിലും പരീശേയത യഹൂദപൗരാണികതയിൽ വേരൂന്നി നിന്നു എന്നും അദ്ദേഹം പറയുന്നു. ഒന്നാം നൂറ്റാണ്ടിലെ യഹൂദനെ സ്വന്തം പാരമ്പര്യങ്ങൾ നഷ്ടമാക്കാതെ സമകാലീനലോകത്തെ നേരിടാൻ ഒരുക്കുകയാണ് പരീശേയത ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.[9]

  1. 1.0 1.1 1.2 1.3 പരീശന്മാർ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 588-90)
  2. 2.0 2.1 വിൽ ഡുറാന്റ്, സീസറും ക്രിസ്തുവും, സംസ്കരത്തിന്റെ കഥ, മൂന്നാം ഭാഗം (പുറങ്ങൾ 536-37)
  3. പുരാതന ഇസ്രായേൽ, അബ്രാഹം മുതൽ റോമാക്കാർ ദേവാലയം നശിപ്പിക്കുന്നതു വരെയുള്ള കാലത്തിന്റെ ഒരു ലഘുചരിത്രം, സംശോധനം ഹെർഷൽ ഷാങ്ക്സ്(പുറങ്ങൾ 200-202)
  4. കത്തോലിക്കാവിജ്ഞാനകോശം പരീശന്മാർ
  5. ലൂക്കാ എഴുതിയ സുവിശേഷം 18:9-14
  6. യോഹന്നാൻ3:1-21, യോഹന്നാൻ7:45-51, യോഹന്നാൻ19:38-42
  7. ഫിലിപ്പിയർക്ക് എഴുതിയ ലേഖനം 3:5; അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 23:6, 26:5
  8. യഹൂദവിജ്ഞാനകോശം പരീശന്മാർ
  9. Stephen M. Wylen, "Settings of Silver - An Introduction to Judaism" (പുറങ്ങൾ 165-66)

ഇവയും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പരീശന്മാർ&oldid=2927406" എന്ന താളിൽനിന്ന് ശേഖരിച്ചത്