ബി.സി രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി 70 വരെയുള്ള കാലഘട്ടത്തിൽ യഹൂദമതത്തിൽ നിലനിന്നിരുന്ന ഒരു വിഭാഗമാണ് സദൂക്യർ അഥവാ സദുക്കായർ (ഇംഗ്ലീഷ്: Sadducees ,ഹീബ്രു: צדוקים‎‎ Tzedukim). സദൂക്യർ എന്ന വാക്കുണ്ടായത് ബി.സി പത്താം നൂറ്റാണ്ടിൽ ദാവീദിന്റെയും സോളമന്റെയും ഭരണകാലയളവിൽ മഹാപുരോഹിതനായിരുന്ന സാദോക്കുമായി ബന്ധപ്പെട്ടാണ് എന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നുണ്ട്. പരീശന്മാരെപ്പോലെ തന്നെ സദൂക്യരും യേശുവുമായി വിശ്വാസവിഷയങ്ങളിൽ തർക്കത്തിലേർപ്പെടുന്നത് സുവിശേഷങ്ങളിൽ കാണാമെങ്കിലും[1] ഈ വിഭാഗങ്ങൾ പരസ്പരം ആശയപരമായ ശത്രുത പുലർത്തിയിരുന്നു.

പരീശന്മാരിൽ നിന്നും വ്യത്യസ്തമായി സദൂക്യർ ആത്മാവിന്റെ അനശ്വരതയിലും പുനരുത്ഥാനത്തിലും വിശ്വസിച്ചിരുന്നില്ല. മോശയുടെ പുസ്തകങ്ങളിൽ (അഥവാ തോറയിൽ) എഴുതപ്പെട്ടിരിക്കുന്ന നിയമങ്ങൾ അതേപടി പാലിക്കണമെന്ന യാഥാസ്ഥിതിക മനോഭാവവും ലിഖിതനിയമങ്ങൾക്കപ്പുറമുള്ള പാരമ്പര്യങ്ങളുടെ തിരസ്കാരവും ഇവരുടെ പ്രത്യേകതകളായിരുന്നു. മോശയുടെ കാലഘട്ടത്തിൽ നൽകപ്പെട്ടിരുന്ന നിയമങ്ങൾക്ക് കാലാനുസൃതമെന്ന നിലയിലുള്ള നിർവചനങ്ങൾ പരീശഗുരുക്കന്മാരായിരുന്ന റബ്ബിമാർ നൽകിയിരുന്നതിനെ സദൂക്യർ എതിർക്കുകയും ദൈവദൂഷണമായി കരുതുകയും ചെയ്തിരുന്നു. സാമൂഹ്യമായി പരീശന്മാർ സാധാരണ യഹൂദരുടെ ഇടയിൽ സ്വാധീനം ഉറപ്പിച്ചിരുന്നെങ്കിൽ ധനികർ ഏറെയും സദൂക്യരോ സദൂക്യപക്ഷ ചായ്‌വ് ഉള്ളവരോ ആയിരുന്നു.[2]

പൗരോഹിത്യം

തിരുത്തുക

മോശെയുടെ നിയമത്തിനും ദേവാലയാരാധനയ്ക്കും പരമപ്രാധാന്യം കല്പിച്ച ഇവർ പൗരോഹിത്യത്തിലെ മേൽസ്ഥാനങ്ങൾ കൈയ്യടക്കി വച്ചിരുന്നു. അതിനൊപ്പം റോമൻ മേൽക്കോയ്മയുടെ പരിമിതികൾക്കുള്ളിൽ യഹൂദർക്കു ലഭിച്ചിരുന്ന സിവിൽ അധികാരങ്ങളും ഇവരുടെ നിയന്ത്രണത്തിൽ ആയിരുന്നു.[3] യേശുവിന്റെ വിചാരണയിലും ശിക്ഷാവിധിയിലേക്കും നയിച്ച സംഭവങ്ങളിൽ മുഖ്യപങ്കുവഹിച്ചതായി പുതിയനിയമത്തിൽ പറയുന്ന മഹാപുരോഹിതൻ കയ്യഫായും അയാളുടെ അമ്മായിയപ്പനും പുരോഹിതപ്രമുഖനും ആയിരുന്ന ഹനാനും സദൂക്യരായിരുന്നു.[4][൧] ഇഹലോകത്തിനപ്പുറത്തുള്ള ശിക്ഷാസമ്മാനങ്ങളിൽ ആശവയ്ക്കാതിരിക്കുകയും ദേവാലയാരാധനയിലും നിയമനിഷ്ഠയിലുമൂന്നിയ ധാർമ്മികത സുസ്ഥിതിക്കു വഴിതെളിക്കുമെന്നു വിശ്വസിക്കുകയും ചെയ്ത സദൂക്യർ, ക്രി.വ.70-ൽ റോമാക്കാർക്കെതിരെയുള്ള യഹൂദകലാപത്തോടനുബന്ധിച്ച് യഹൂദദേശീയതയ്ക്കു നേരിടേണ്ടി വന്ന തിരിച്ചടിയേയും യെരുശലേമിലെ രണ്ടാം ദേവാലയത്തിന്റെ നാശത്തെയും തുടർന്ന് ക്ഷയിച്ച് തിരോഭവിച്ചു.

ഈ വിഭാഗത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഇന്ന് മുഖ്യമായും ആശ്രയിക്കാനുള്ളത്, താഴെപ്പറയുന്ന നാലു വിഭാഗം രേഖകളാണ്:-

ഈ നാലു സ്രോതസ്സുകളും പ്രതിഫലിപ്പിക്കുന്നത് സദൂക്യരുടെ എതിർപക്ഷത്തു നിന്നുള്ള വീക്ഷണമാണ്.[5] ഉദാഹരണത്തിന് ജോസെഫസ്, ദൈവവിധിക്കു വിധേയമായല്ലാതെ മനുഷ്യർ സ്വന്തം ഭാഗധേയങ്ങൾ സ്വയം നിർമ്മിക്കുന്നു എന്ന വിശ്വാസം സദൂക്യരുടേതും, ദൈവത്തിന്റേയും മനുഷ്യന്റേയും പങ്കാളിത്തത്തെക്കുറിച്ചുള്ള കൂടുതൽ സന്തുലിതമായ വീക്ഷണം ഫരീസേയരുടേതുമായി അവതരിപ്പിച്ചു. ഫരീസേയരെ അദ്ദേഹം ഉല്ലാസവന്മാരും സംസ്കാരസമ്പന്നരുമായും സദൂക്യരെ പരുക്കന്മാരും അപരിഷ്കൃതരുമായും ചിത്രീകരിച്ചു. സദൂക്യരേക്കുറിച്ച് അവർ തന്നെ അവശേഷിപ്പിച്ച രേഖകളൊന്നും നിലവിലില്ലാത്തതിനാൽ, അവരുടെ വിശ്വാസത്തെ അവർ സ്വയം എങ്ങനെ കണ്ടിരുന്നു എന്നറിയാൻ വഴിയൊന്നുമില്ല.[6][7]

കുറിപ്പുകൾ

തിരുത്തുക

^ "ദേവാലയവുമായി ബന്ധപ്പെട്ട എല്ലാ ഉന്നതന്മാരേയും പോലെ അയാളും ഒരു സദൂക്യനായിരുന്നു. കർക്കശമായ വിധികൾക്കു പേരുകേട്ടവരെന്ന് ഈ വിഭാഗത്തെ ജോസെഫസ് വിശേഷിപ്പിക്കുന്നു."[4]

^ സദൂക്യരുടെ എതിരാളികളായ പരീശന്മാരുടെ വിഭാഗത്തിൽ പെട്ട ആളായിരുന്നു ജോസെഫസ്.[8]

  1. മത്തായി 22:23-33, മർക്കൊസ് 12:18-27, ലൂക്കൊസ് 20:27-40
  2. "സദൂക്യർ, livius.orgയിൽ നിന്ന്". Archived from the original on 2011-08-04. Retrieved 2011-03-05.
  3. Jack Miles, "Christ: A Crisis in the Life of God"(പുറം 61) "Sadducees....who administer the Temple and exercise, in addition, as much civil authority as the Romans allow the Jews..."
  4. 4.0 4.1 "യേശുവിന്റെ ജീവിതം", ഏണസ്റ്റ് റെനാൻ (അദ്ധ്യായം XXII)
  5. പുരാതന ഇസ്രായേൽ, അബ്രാഹം മുതൽ, റോമാക്കാർ ദേവാലയം നശിപ്പിക്കുന്നതു വരെയുള്ള കാലത്തെ ഒരു ലഘുചരിത്രം, സംശോധനം ഹെർഷൽ ഷാങ്കസ് (പുറങ്ങൾ 198-200)
  6. കേംബ്രിഡ്ജ് ബൈബിൾ സഹകാരി(പുറങ്ങൾ 346-47)
  7. ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 667-68)
  8. വിൽ ഡുറാന്റ്, സീസറും ക്രിസ്തുവും, സംസ്കരത്തിന്റെ കഥ, മൂന്നാം ഭാഗം (പുറങ്ങൾ 536-37)
"https://ml.wikipedia.org/w/index.php?title=സദൂക്യർ&oldid=3755145" എന്ന താളിൽനിന്ന് ശേഖരിച്ചത്