പി.വി. കുര്യൻ
ഡോ.റാം മനോഹർ ലോഹിയയുടെ ജീവചരിത്ര ഗ്രന്ഥകാരനും കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകനുമായിരുന്നു പി.വി. കുര്യൻ (കുര്യച്ചൻ) (1921 - 1993).
ജീവിതപശ്ചാത്തലം
തിരുത്തുകകോട്ടയം പട്ടണത്തിന്റെ അടുത്ത പ്രദേശമായ പാത്താമുട്ടത്തുകാരനായിരുന്ന കുര്യൻ, പഴയാറ്റിങ്കൽ (പൊടിമറ്റത്തിൽ) വറുഗീസിന്റെ രണ്ടാമത്തെ മകനായി 1921 ഡിസംബർ 25 - ന് ജനിച്ചു. എസ്.ബി കോളേജിൽ നിന്ന് ബി.എ. ബിരുദം നേടിയ ശേഷം നാഷണൽ ക്വയിലോൺ ബാങ്കിലും പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലും ഉദ്യോഗസ്‌ഥനായി ജോലി നോക്കി.
ഭാര്യ മേരിക്കുട്ടി പി.വി. കുര്യന്റെ മരണത്തിന്റെ തലേ വർഷം (1992 ഒക്‌ടോബർ 14) മരിച്ചു. മക്കൾ മേഴ്‌സി, സെലിൻ, ലൈല, അശോക് എന്നിവരാണു്.
രാഷ്ട്രീയജീവിതം
തിരുത്തുകവിദ്യാർത്ഥിയായിരിയ്ക്കവെ 1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കാങ്‌ഗ്രസ്സിലൂടെ ദേശീയപ്രസ്ഥാനത്തിലേയ്‌ക്കു് വന്നു. സുഭാസ് ചന്ദ്ര ബസു സ്ഥാപിച്ച ഫോർവേഡ് ബ്ലോക്കിന്റെ തിരുവിതാംകൂർ ഘടകത്തിന്റെ ജോയിന്റ് സെക്രട്ടറിയായി. സുഭാസ് ചന്ദ്രബസുവിന്റെ കാലശേഷം കാങ്‌ഗ്രസ്സ് സോഷ്യലിസ്റ്റ്‌പാർട്ടിയുടെ (സി.എസ്.പി) പ്രവർത്തകനായി.
ശ്രീകണ്‌ഠൻ നായരും മത്തായി മാഞ്ഞൂരാനും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി വിട്ട് കേരള സോഷ്യലിസ്റ്റ് പാർട്ടി രൂപവൽക്കരിച്ചപ്പോൾ കെ. പ്രഭാകരനോടുംഡോ. പി. പി. എൻ. നമ്പൂതിരിയോടുമൊപ്പം തിരുവിതാംകൂറിന്റെ വടക്കൻ താലൂക്കുകളിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ശക്തിപ്പെടുത്തുന്നതിൽ വ്യാപൃതനായി. സോഷ്യലിസ്റ്റ് പാർട്ടിയിൽ വിവിധ പ്രവണതകൾ വളർന്നുവന്നപ്പോൾ എല്ലാ ഘട്ടങ്ങളിലും ഡോ.റാം മനോഹർ ലോഹിയയോടൊപ്പമാണ് അദ്ദേഹം നിലയുറപ്പിച്ചിരുന്നത്.
ലോഹിയാ വിചാര വേദി
തിരുത്തുക1967- ൽ ഡോ.ലോഹിയ അന്തരിച്ചതിനെത്തുടർന്ന് തിരുവന്തപുരത്ത് ലോഹിയാ സ്റ്റഡി സെന്റർ ആരംഭിക്കുന്നതിലും ലോഹിയാവിചാര വേദിക്ക് രൂപം കൊടുക്കുന്നതിലും അദ്ദേഹം മുൻകയ്യെടുത്തു. 1984-87, 1989-92 കാലത്ത് ലോഹിയാ വിചാര വേദിയുടെ പ്രസിഡന്റായിരുന്നു. അക്കാലത്ത് തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന അന്തർധാരയുടെ പത്രാധിപരായിരുന്നു.
സ്വതന്ത്രഭാരതം, കേരളനാട്, പോരാട്ടം, മാറ്റം, സമാജവാദി തുടങ്ങിയ സോഷ്യലിസ്റ്റ് പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം തുടർച്ചയായി എഴുതിയിരുന്നു.
ഗ്രന്ഥകാരൻ
തിരുത്തുക1991 ൽ പ്രസിദ്ധീകരിച്ച ഡോ.റാം മനോഹർ ലോഹിയ എന്ന സർവദേശീയ വിപ്ലവകാരി എന്ന ബൃഹദ് ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ പ്രധാന കൃതി. 8 പോയിന്റിൽ അച്ചടിച്ചതും 1/4ക്രൗൺ സൈസിൽ 1211 പുറങ്ങളുള്ള ഈ മഹാഗ്രന്ഥം ലോഹിയയെപ്പറ്റി ഏതെങ്കിലും ഭാഷയിൽ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ കൃതിയാണ്[1]. ഈ കൃതിയുടെ മുഖവുരയായി സ.പി.വി. കുര്യൻ ഇപ്രകാരം എഴുതി : ആയുധം അണിയാത്ത സത്യത്തിന്റെ രക്തസാക്ഷികളായ സോക്രട്ടീസും യേശുവും ഗാന്ധിജിയും ആയിരിക്കും മനുഷ്യന്റെ അന്തരാത്മാവിന്റെ നിത്യമായ പ്രകാശമെന്ന് ഞാൻ വിശ്വസിക്കുന്നു. രക്തസാക്ഷികളായ വിപ്ലവകാരികളുടെ മറ്റോരു ത്രിത്വം കൂടി എന്റെ മനസ്സിലുണ്ട്. റോസാ ലക്‌സംബർഗൂം ലിയോൺ ട്രോട്‌സ്‌കിയും രാമ മനോഹര ലോഹിയയും. വിഷം നിറച്ച ചഷകവും മരക്കുരിശും വെടിയുണ്ടയും കോടാലിക്കൈയും സർജന്റെ കത്തിയും ആണോ, സത്യത്തിന് നിത്യമായി വിധിയ്‌ക്കപ്പെട്ടിരിക്കുന്നത്? എങ്കിലും സത്യം മരിക്കുന്നില്ല. വീണ്ടും വീണ്ടും ഉയർത്തെഴുന്നേല്‌ക്കുന്നു.
കൃതികൾ
തിരുത്തുകപി.വി. കുര്യന്റെ കൃതികൾ ഇവയാണു് :
- നേതാജി സുഭാസ് ചന്ദ്രബസു (1943)
- . ഐ എൻ എ വിചാരണയും വിധിയും (1944)
- ഐക്യകേരളം (1946)
- കേരളം ഇന്ന്, ഇന്നലെ, നാളെ (1954)
- സോഷ്യലിസത്തെപ്പറ്റി (1956)
- മനുഷ്യന്റെ വളർച്ച അവന്റെ ഭാഷയിലൂടെ ( പി.വി. കുര്യനും കെ.കെ. അബുവും ചേർന്ന് എഴുതിയത്-1974)
- ഡോ. റാംമനോഹർ ലോഹിയ എന്ന മനുഷ്യൻ കുറെ സ്‌മരണകൾ (വിവർത്തനം -1974)
- മണ്‌ഡൽ കമ്മീഷൻ റിപ്പോർട്ട് സോഷ്യലിസ്റ്റ് വീക്ഷണത്തിൽ (1983)
- ഡോ.റാം മനോഹർ ലോഹിയ എന്ന സർവദേശീയ വിപ്ലവകാരി (1991)
- ദി ക്രൈസിസ് ഓഫ് മോഡേൺ സിവിലൈനേഷൻ (ഇങ്‌ഗ്ലീഷ്- 1993 മാർച്ച്)
മരണം
തിരുത്തുകപൂർത്തിയാക്കാൻ കഴിയാത്ത വിപ്ലവ റഷ്യ എന്ന അവസാനത്തെ ഗ്രന്ഥം എഴുതിക്കൊണ്ടിരിക്കവെ 1993 ജൂലയ് 14-ആം തീയതി പി.വി. കുര്യൻ അന്തരിച്ചു. പാത്താമുട്ടം ഓർത്തഡോക്‌സ് പള്ളിയിൽ ബന്ധുമിത്രാദികളുടേയും സോഷ്യലിസ്റ്റു പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ പിറ്റേന്ന് സംസ്‌ക്കരിച്ചു.
കേരളത്തിലെ ഇപ്പോഴത്തെ സോഷ്യലിസ്റ്റ് നേതാക്കളായ അഡ്വ. ജോഷി ജേക്കബ്, വിനോദ് പയ്യട, സുരേഷ് നരിക്കുനി തുടങ്ങിയവർ പി.വി. കുര്യന്റെ ശിഷ്യഗണത്തിൽ പെട്ടവരാണു്.
അവലംബം
തിരുത്തുക- ↑ ഹിന്ദിയിൽ പോലും ലോഹിയയുടെ ജീവിതഗ്രന്ഥം ബൃഹദ്‍രൂപത്തിൽ ആരും എവുതിയിട്ടില്ലെന്നറിയുമ്പോഴാണു്...-സമകാലിക മലയാളം വാരികയുടെ 2008 നവം 28 ലക്കത്തിൽ റോസാദലങ്ങൾ എന്ന പംക്തിയിൽ എസ് ജയചന്ദ്രൻ നായർ ഈ മഹാഗ്രന്ഥത്തെയും പി.വി. കുര്യനെയും കുറിച്ചെഴുതിയ വിവരണത്തിൽ നിന്നു്.