ഒഡേസ

(Odesa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്ത സംവിധായകനായിരുന്ന ജോൺ എബ്രഹാമിന്റെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രമായി സ്ഥാപിക്കപ്പെട്ട[എന്ന്?] സമാന്തര സിനിമാപ്രവർത്തകരുടെ കൂട്ടായ്മയായിരുന്നു ഒഡേസ. സേതു, കെ.പി. കുമാരൻ, സത്യൻ തുടങ്ങി പ്രമുഖരായ ധാരാളം പേരും ജോൺ എബ്രഹാമിനെക്കൂടാതെ ഒഡേസയുടെ സംഘാടകരായി ഉണ്ടായിരുന്നു. പിൽക്കാലത്ത് ഇതിന്റെ ആസ്ഥാനം വടകരയിലേയ്ക്ക് മാറ്റപ്പെട്ടു. ജനകീയസിനിമാ പ്രവർത്തനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടാറുള്ള 'അമ്മ അറിയാൻ' എന്ന ചലച്ചിത്രമാണ് ഒഡേസയുടെ ആദ്യ സംരംഭം. കച്ചവടതാൽപര്യങ്ങൾ നിയന്ത്രിയ്ക്കുന്ന സിനിമാലോകത്തെ വെല്ലുവിളിച്ചു കൊണ്ട് പൊതുജനങ്ങളിൽ നിന്നും പണം പിരിച്ചെടുത്തായിരുന്നു ഒഡേസയുടെ സിനിമകൾ നിർമിച്ചത്. സ്വന്തമായി നിർമിച്ച സിനിമകൾ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പൊതുവേദികളിൽ ഒഡേസ പ്രവർത്തകർ പ്രദർശിപ്പിച്ചു. ഇത് കൂടാതെ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രങ്ങളും ഒഡേസ മുൻകൈയെടുത്ത് പ്രദർശിപ്പിച്ചു. സിനിമാ പ്രദർശനങ്ങൾ, ശിൽപ്പശാല പരമ്പരകൾ, സിനിമാ സംവിധായകരുമായുള്ള മുഖാമുഖങ്ങൾ എന്നിവ നടത്തി നവസിനിമയെക്കുറിച്ച് മലയാളികൾക്ക് അവബോധം നൽകുന്നതിൽ ഒഡേസ വലിയ പങ്കുവഹിച്ചു. ജോൺ എബ്രഹാമിന്റെ മരണത്തെത്തുടർന്ന് 'ഒഡേസ സത്യൻ' എന്നറിയപ്പെടുന്ന സത്യൻ ഇതിന്റെ സാരഥ്യം ഏറ്റെടുത്തു. പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം കൊണ്ട് അദ്ദേഹം അഞ്ചോളം ഡോക്യുമെൻററികൾ നിർമിച്ചു. സിനിമയുടെ ആരംഭത്തിലുള്ള ഒഡേസയുടെ പ്രസ്താവനയിൽ അവർ സ്വയം നിർവചിയ്ക്കുന്നത് ഇങ്ങനെയാണ്: നല്ല സിനിമക്കു വേണ്ടിയുള്ള കൂട്ടായ സാഹോദര്യം, എങ്ങനെ സിനിമയിലൂടെ ജനങ്ങളുമായി സംവേദിക്കണമെന്ന യാഥാർത്ഥ്യ ബോധം, അതിന്റെ പ്രകാശനമാണ് ഒഡേസ.[1] [2][3]

നിർമ്മിച്ച ചിത്രങ്ങൾ

തിരുത്തുക
  • അമ്മ അറിയാൻ
  • അഗ്നിരേഖ (കേരളത്തിലെ നക്സലൈറ്റ് മുന്നേറ്റത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി)
  • ഇത്രയും യാതഭാഗം (കവി എ. അയ്യപ്പനെക്കുറിച്ചുള്ള ഡോക്യുമെന്ററി)
  • വേട്ടയാടപ്പെട്ട മനസ്സ് (വർഗ്ഗീസ് വധക്കേസ് പ്രതി കോൺസ്റ്റബിൾ രാമചന്ദ്രൻ നായരെ ക്കുറിച്ചുള്ള ഡോക്യുമെന്ററി)
  • മോർച്ചറി ഓഫ് ലൗ[4]
  1. http://www.madhyamam.com/weekly/1339
  2. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201305112160839185[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-22. Retrieved 2013-06-15.
  4. "Odessa films the 'blazing course' of a 'Naxalite martyr'". The Hindu. Friday, Jun 24, 2011. Archived from the original on 2011-08-28. Retrieved 2013 ജൂൺ 16. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ഒഡേസ&oldid=3802435" എന്ന താളിൽനിന്ന് ശേഖരിച്ചത്