എ. വർഗ്ഗീസ്

(നക്സൽ വർഗ്ഗീസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ വയനാട്ടിൽ പോലീസ് പിടിയിൽ വെടിവെച്ചു കൊല്ലപ്പെട്ട നക്സ‌ലൈറ്റു് നേതാവാണു് അരീക്കൽ വർഗ്ഗീസ് എന്ന എ. വർഗ്ഗീസ്[1] (ജൂൺ 14, 1938 - ഫെബ്രുവരി 18, 1970).

എ. വർഗ്ഗീസ്
.
ജനനംജൂൺ 14, 1938
മരണംഫെബ്രുവരി 18, 1970

മുൻപ് സി.പി.ഐ.എം പ്രവർത്തകനായിരുന്ന വർഗ്ഗീസ്, വയനാട്ടിലെ ആദിവസികൾക്കിടയിലെ പ്രവർത്തന കാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറുകയും. പോലീസ് പിടിയിലായി കൊല്ലപ്പെടുകയും ചെയ്തു. വർഗ്ഗീസ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നാണ് ആദ്യം ഔദ്യോഗികവിശദീകരണം വന്നത്. എന്നാൽ മരിച്ച് 29 വർഷങ്ങൾക്കു ശേഷം വർഗ്ഗീസിനെ കൊലപ്പെടുത്തിയ രാമചന്ദ്രൻ നായർ എന്ന പോലീസുകാരന്റെ വെളിപ്പെടുത്തലോടെയാണ് ശരിയായ മരണകാരണം വെളിച്ചത്തുവന്നത്. ഈ വെളിപ്പെടുത്തൽ മൂലം കുറ്റക്കാർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്തു.

ചരിത്രം

തിരുത്തുക

സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന വർഗ്ഗീസിനെ വയനാട്ടിൽ ആദിവാസികളെ സംഘടിപ്പിക്കുവാൻ പാർട്ടി നിയോഗിച്ചതായിരുന്നു. പക്ഷേ വയനാട്ടിൽ എത്തിയപ്പോൾ പല ജന്മിമാരും ആദിവാസികളെ ചൂഷണം ചെയ്യുന്നത് നേരിൽ കണ്ടു[അവലംബം ആവശ്യമാണ്] ഇതിൽ ക്ഷുബ്ധനായ വർഗ്ഗീസ്, നക്സൽബാരി കലാപത്തിന്റെ രാഷ്ട്രീയസ്വാധീനത്താൽ സി.പി.ഐ(എം.എൽ) പ്രവർത്തകനാവുകയായിരുന്നു. ആദിവാസി നേതാവായ ചോമൻ മൂപ്പനുമൊത്ത് അദ്ദേഹം പ്രക്ഷോഭങ്ങൾ നടത്തി.

ആദിവാസികളുടെ വയനാട്ടിലെ സ്ഥിതി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ശോചനീയമായിരുന്നു. വള്ളിയൂർകാവ് ക്ഷേത്രത്തിൽ എല്ലാp വർഷവും അടിമവ്യാപാരം നടന്നിരുന്നു. ഇവിടെ തമ്പ്രാൻമാർ നെല്ലും കുറച്ചു പണവും കൊടുത്ത് ആദിവാസികളെ ഒരു വർഷത്തേയ്ക്ക് സ്വന്തമാക്കിയിരുന്നു. ആദിവാസികളുടെ ദിവസക്കൂലി പുരുഷന്മാർക്ക് 3 വാരം (ഒരു വാരം - ഏകദേശം ഒരു ലിറ്റർ) നെല്ലും 75 പൈസയുമായിരുന്നു. സ്ത്രീകൾക്ക് ഇത് രണ്ടു വാരം നെല്ലും 50 പൈസയുമായിരുന്നു. പുരുഷന്മാർ മുട്ടിനു താഴെ മറച്ച് മുണ്ടുടുത്താൽ തമ്പ്രാന്റെ ആളുകൾ അവരെ തല്ലി ഒതുക്കുമായിരുന്നു. തമ്പ്രാന്റെ മുമ്പിൽ വെച്ച് ആദിവാസികൾക്ക് മലയാളം സംസാരിക്കുവാനുള്ള അനുവാദമില്ലായിരുന്നു. ആദിവാസി ഭാഷ മാത്രമേ അവർക്ക് സംസാരിക്കാൻ പറ്റുമായിരുന്നുള്ളൂ. തമ്പ്രാനെ പൊതുവഴിയിൽ കണ്ടാൽ പോലും ആദിവാസികൾ വഴിമാറി നടക്കണമായിരുന്നു. രാവിലെ മുതൽ രാത്രിവരെ ഈ കൂലിക്ക് തമ്പ്രാന്മാരുടെ പാടത്ത് ആദിവാസികൾക്ക് പണിയേണ്ടിയും വന്നു. ആദിവാസി പെൺകുട്ടികളെ തമ്പ്രാന്മാർ ബലാത്സംഗം ചെയ്യുന്നതും പതിവായിരുന്നു[അവലംബം ആവശ്യമാണ്]

പല ആദിവാസി പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് വർഗ്ഗീസ് ആദിവാസികളുടെ ദിവസക്കൂലി ആണുങ്ങൾക്ക് മൂന്നുപറ നെല്ലും 75 പൈസയുമായും സ്ത്രീകൾക്ക് രണ്ടുപറ നെല്ലും 50 പൈസയുമായും ഉയർത്തി. ഇത് എല്ലാ ജന്മിമാരും കമ്യൂണിസ്റ്റ് - കമ്യൂണിസ്റ്റ് ഇതര പ്രവർത്തകരും വർഗ്ഗീസിന് എതിരാകുവാൻ കാരണമായി. വർഗ്ഗീസിന്റെ പ്രവർത്തനങ്ങളിലൂടെ അടിമപ്പണി വയനാട്ടിൽ പൂർണ്ണമായും നിർത്തലാക്കപ്പെട്ടു.

പല അവസരങ്ങളിലും രാത്രികളിൽ വർഗ്ഗീസും സുഹൃത്തുക്കളും ജന്മിമാരുടെ വയലുകളിൽ കയറി കുടിലുകൾ കുത്തുന്നത് പതിവായിരുന്നു. രാവിലെ ജന്മിയുടെ ആളുകൾ എത്തി ഇത് നശിപ്പിക്കുകയും ചെയ്യും. വർഗ്ഗീസ് ആദിവാസികൾക്ക് പഠന ക്ലാസുകളും എടുത്തു. ചോമൻ മൂപ്പൻ, എം.പി. കാളൻ തുടങ്ങിയ ആദിവാസി നേതാക്കൾ വായിക്കുവാനും എഴുതുവാനും പഠിച്ചത് ഇങ്ങനെയാണ്.

നക്സൽ ആക്ഷനുകളിലൂടെ വർഗ്ഗീസും സുഹൃത്തുക്കളും വയനാടു് ത്രിശ്ശില്ലേരിയിലെ വസുദേവ അഡിഗ, ചേക്കു എന്നീ സ്ഥലം ഉടമകളെ കൊലപ്പെടുത്തി. വർഗ്ഗീസിന്റെ അക്രമ മാർഗ്ഗങ്ങൾ വയനാട്ടിലെ ആദിവാസികളല്ലാത്ത ജനങ്ങളുടെയിടയിൽ ഒരു തീവ്രവാദി എന്ന പ്രതിച്ഛായ സൃഷ്ടിച്ചു.

വയനാട്ടിലെ തിരുനെല്ലിക്കാടുകളിൽ വെച്ചായിരുന്നു വർഗ്ഗീസിന്റെ അന്ത്യം. പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാൽ വയനാട്ടിൽ തിരുനെല്ലിയിലെ ഒരു കുടിലിൽ നിന്ന് രാവിലെ പിടികൂടിയ വർഗ്ഗീസിനെ, മേലുദ്യോഗസ്ഥരുടെ (അന്നത്തെ ഡെപ്യൂട്ടി എസ്.പി ആയ കെ. ലക്ഷ്മണ, ഡി.ഐ.ജി ആയ പി. വിജയൻ എന്നിവരുടെ) നിർദ്ദേശ പ്രകാരം 1970 ഫെബ്രുവരി 18-നു വൈകിട്ട്, താൻ തന്നെ നേരിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് രാമചന്ദ്രൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ 1998-ൽ വെളിപ്പെടുത്തി.

നക്സലൈറ്റുകളുടെ ആശ്രിതയായ ഇട്ടിച്ചിരി മനയമ്മ എന്ന വിധവയുടെ വീട്ടിൽ വർഗ്ഗീസും കൂട്ടരും ഒളിച്ചു താമസിക്കുന്ന വിവരം ശിവരാമൻ നായർ എന്ന ഒറ്റുകാരൻ മുഖേന, സമീപത്തുള്ള അമ്പലത്തിനടുത്ത് തമ്പടിച്ചിരിക്കുന്ന സി. ആർ. പി. എഫ് സേനയറിഞ്ഞു. അവിടെ ഒറ്റയ്ക്കും നിരായുധനുമായിരുന്ന വർഗ്ഗീസിനെ അധികം എതിർപ്പില്ലാതെ തന്നെ പോലീസ് കീഴടക്കി അറസ്റ്റ് ചെയ്തു. അന്ന് വൈകിട്ടായിരുന്നു വർഗ്ഗീസിന്റെ കൊലപാതകം നടന്നത്[2].

"വിപ്ലവം ജയിക്കട്ടെ" എന്നു പറഞ്ഞ് ചിരിച്ചുകൊണ്ടാണ് വർഗ്ഗീസ് മരിച്ചത് എന്നാണ് രാമചന്ദ്രൻ നായർ പറയുന്നത്. വർഗ്ഗീസിന് മരണത്തിനു മുൻപ് ചോറുവാരി കൊടുത്തു എന്നും കത്തിച്ച ബീഡി കൊടുത്തു എന്നും പറയുന്നു.

വർഗ്ഗീസിനെ വെടിവെച്ചു കൊന്ന സ്ഥലം എന്ന് കരുതുന്ന തിരുനെല്ലിയിലെ കാട്ടാനകൾ മേയുന്ന വനത്തിനു നടുവിലെ വർഗ്ഗീസ് പാറ ഇന്ന് ആദിവാസി യുവാക്കൾ പരിശുദ്ധമായി കരുതുന്നു.[അവലംബം ആവശ്യമാണ്] എല്ലാ ചരമ വാർഷികത്തിനും ധാരാളം ആദിവാസികൾ ഇവിടെ ഒത്തുചേർന്ന് ചെങ്കൊടി ഉയർത്തുന്നു.

രാമചന്ദ്രൻ നായർ ഈ വെളിപ്പെടുത്തലിനു പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ടു. കേസ് സി.ബി.ഐയുടെ അന്വേഷണത്തിലാണ്. ജാമ്യം ലഭിച്ച രാമചന്ദ്രൻ നായർ 2006 നവംബർ മാസത്തിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളാൽ മരിച്ചു. അദ്ദേഹം ഒരു ആത്മകഥയും എഴുതിയിട്ടുണ്ട്.

വിവാദങ്ങൾ

തിരുത്തുക

വർഗ്ഗീസിന്റെ മരണം നടന്ന് 28 വർഷത്തിന് ശേഷം രാമചന്ദ്രൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമം വാരികയിലൂടെ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വിവാദത്തിന് വഴി തെളിച്ചു. നക്സൽ വർഗ്ഗീസ് ഏറ്റുമുട്ടലിനിടയിൽ കൊല്ലപ്പെട്ടതെന്ന ഔദ്യോഗിക ഭാഷ്യം, രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലുകളോടെ പൊളിയുകയായിരുന്നു.

രാമചന്ദ്രൻ നായർ മുഴുവൻ കഥയും പറഞ്ഞില്ല എന്നും വർഗ്ഗീസിനെ ക്രൂരമായി പീഡിപ്പിച്ചാണ് കൊന്നതെന്നും പഴയ നക്സൽ പ്രവർത്തകയും ഇന്ന് സാമൂഹിക പ്രവർത്തകയുമായ അജിത ആരോപിക്കുന്നു.

കോടതിവിധി

തിരുത്തുക

2010 ഒക്ടോബർ 27-ന് വർഗീസ് വധക്കേസിൽ മുൻ പോലീസ് ഐ.ജി. ലക്ഷ്മണ കുറ്റക്കാരനാണന്ന് സി.ബി.ഐ. പ്രത്യേക കോടതി വിധിക്കുകയുണ്ടായി. കൂട്ടുപ്രതിയായ മുൻ ഡി.ജി.പി. വിജയനെ വെറുതെ വിടുകയും ചെയ്തു.[3] എന്നാൽ വർഗ്ഗീസ് വധം നിയമത്തിന്റെ മുന്നിൽക്കൊണ്ടുവന്ന കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തൽ കോടതി കണക്കിലെടുത്തിരുന്നില്ല. ഹനീഫ എന്ന പോലീസുകാരന്റെ മൊഴിയാണ് ശിക്ഷ വിധിക്കാൻ പ്രധാന തെളിവായി കോടതി അംഗീകരിച്ചത്.[4]. ഒരു കൊലപാതകത്തിന് 40 വർഷത്തിനുശേഷം വിധിവരുന്ന അപൂർവ്വതയും ഈ കേസിലുണ്ടായി.[5] തുടർന്ന് 2011 ഫെബ്രുവരി 4-ന് ഐ.ജി. ലക്ഷ്മണയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ലക്ഷ്മണയ്ക്ക് 2010 ഒക്ടോബറിൽ പ്രത്യേക സി.ബി.ഐ. കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെയ്ക്കുകയും ശിക്ഷ ഇളവ് ചെയ്യണമെന്ന ഹർജി തള്ളുകയും ചെയ്തു[6]

ചലച്ചിത്രം

തിരുത്തുക

വർഗ്ഗീസിന്റെ കൊലപാതകത്തെ ആസ്പദമാക്കി മധുപാൽ സംവിധാനം ചെയ്ത ചിത്രമാണ് തലപ്പാവ്[7]. ജോസഫ് എന്ന പേരിൽ പൃഥ്വിരാജ് വർഗ്ഗീസനെയും രവീന്ദ്രൻ പിള്ളയെന്ന പേരിൽ ലാൽ രാമചന്ദ്രൻ നായരെയും അവതരിപ്പിച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


  1. http://www.rediff.com/news/2001/apr/30iype.htm
  2. http://www.rediff.com/news/1998/nov/13keral1.htm
  3. "വർഗീസ് വധം: മുൻ ഐ.ജി ലക്ഷ്മണയ്ക്ക് ജീവപര്യന്തം തടവ്‌" (in Malayalam). മാതൃഭൂമി. Archived from the original on 2010-10-31. Retrieved ഒക്ടോബർ 28, 2010.{{cite web}}: CS1 maint: unrecognized language (link)
  4. "നക്സൽ വർഗീസ് വധക്കേസ്: ലക്ഷ്മണയ്ക്ക് ജീവപര്യന്തം" (in Malayalam). മംഗളം. Retrieved ഒക്ടോബർ 28, 2010.{{cite web}}: CS1 maint: unrecognized language (link)
  5. "വർഗീസ്‌ വധം: ലക്ഷ്‌മണയ്‌ക്ക് ജീവപര്യന്തം തടവ്" (in Malayalam). ദീപിക. Retrieved ഒക്ടോബർ 28, 2010.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  6. "വർഗീസ് വധം: ഐ.ജി ലക്ഷ്മണയുടെ ശിക്ഷ ശരിവെച്ചു". Archived from the original on 2011-06-18. Retrieved 2011-06-14.
  7. ചിത്രവിശേഷം: തലപ്പാവ് (Thalappavu)[പ്രവർത്തിക്കാത്ത കണ്ണി], വർഗ്ഗീസിന്റെ ജീവിതം സിനിമയിൽ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എ._വർഗ്ഗീസ്&oldid=3825271" എന്ന താളിൽനിന്ന് ശേഖരിച്ചത്