നിരണംകവികൾ

(Niranam poets എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ എന്നിവരാണ് നിരണം കവികൾ എന്നറിയപ്പെട്ടു പോരുന്നത്. നിരണത്തുകാരായത് കൊണ്ടാണ് ഇവർക്ക് ഇങ്ങനെ പേര് ലഭിച്ചതെന്ന് കരുതുന്നു. എന്നാൽ ചില പണ്ഡിതന്മാരുടെ വിലയിരുത്തൽ പ്രകാരം നിരണവൃത്തത്തിന്റെ പേരിൽ മാത്രമാണ് ഇവരെ ഇപ്രകാരം വിളിക്കുന്നത്. രാമപ്പണിക്കർ മാത്രമാണ് നിരണത്തുകാരൻ എന്നാണിപ്പോഴത്തെ നിഗമനം. കണ്ണശ്ശകവികൾ എന്ന പേരിലും ഇവർ അറിയപ്പെടുന്നു. മലയൻകീഴുകാരനായ മാധവപ്പണിക്കരും, വെള്ളാങ്ങല്ലൂർകാരനായ ശങ്കരപ്പണിക്കരും നിരണത്തു കണ്ണശപ്പണിക്കരുടെ പൂർവികരായി വിലയിരുത്തപ്പെടുന്നു.

കാലഘട്ടം

തിരുത്തുക

ഇവർ നിരണംകുടുംബത്തിലെ നാലുപേരാണെന്നും അതല്ല മൂന്നുപേരെ യുള്ളു എന്നുമുള്ള വാദപ്രതിവാദങ്ങളാൽ വളരെക്കാലം മലയാള സാഹിത്യമണ്ഡലം മുഖരിതമായിരുന്നു. ഭക്തി പ്രസ്ഥാനത്തിനു തുടക്കം കുറിച്ച നിരണം കവികൾ മൂന്നുപേരാണെന്നും, അവർ ഒരേ കുടുംബത്തിൽപ്പെട്ടവരെന്നു പറയുന്നതു ശരിയല്ലെന്നും, ഒരേ പ്രസ്ഥാനത്തിൽ കവിതകൾ ഉൾപ്പെട്ടതാണു ബന്ധമെന്നും ഗവേഷകർ കണ്ടെത്തി. "അദ്വൈതചിന്താപദ്ധതിയെ മുൻനിർത്തി നിരണത്തു നിന്നും അക്കാലത്ത് ആരംഭിക്കപ്പെട്ട മഹായജ്ഞത്തിന്റെ മധുരഫലങ്ങളാണ് ഭാഷയിലുണ്ടായ ആദ്യത്തെ രാമായണം, ഭാരതം, ഭാഗവതം, ഭഗവദ്ഗീത തുടങ്ങിയ കൃതികൾ" എന്ന് കണ്ണശ്ശ രാമായണം ഭാഷയെക്കുറിച്ച് ഗവേഷണം നടത്തിയ ഡോക്ടർ പുതുശ്ശേരി രാമചന്ദ്രൻ കുറിച്ചിട്ടു. ത്രൈവർണിക ബാഹ്യരായ 'ഉഭയകവീശ്വരന്മാരാ'ണ് നിരണം കവികൾ. കേരള ഭാഷയിലും സംസ്കൃതത്തിലും ഒരുപോലെ പാണ്ഡിത്യം ഉള്ളവർക്കു മാത്രമേ, ഭാഷാഭഗവദ്ഗീതയും ശിവരാത്രിമാഹാത്മ്യവും ഭാരതമാലയുമൊക്കെ രചിക്കാനാവുകയുള്ളു.

12-ാം ശതകത്തിലെയും 13-ാം ശതകത്തിലെയും മലയാളം സാഹിത്യത്തിൽ പാട്ട് എന്ന രൂപത്തിൽ എഴുതിയ കൃതികളിൽ പ്രധാനമായിരുന്നു ചീരാമൻ എഴുതിയ രാമചരിതം. വേണാട് രാജാവായിരുന്നു ചീരാമൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്. തമിഴ്, മലയാളം എന്നീ ഭാഷകൾ കലർന്നതാണ് ഈ കൃതി. വാല്മീകീ രാമായണത്തിനെ അനുസരിച്ച് എഴുതിയ ഈ കൃതി മലയാളത്തിൽ ചിട്ടപ്പെടുത്തുന്നതിൽ നിരണം കവികൾ പ്രധാന പങ്കുവഹിച്ചു. അതുവരെ നിലനിന്നിരുന്ന ചില കവനരീതികളെ മറികടന്നു സംസ്കൃതപദങ്ങൾ സ്വീകരിച്ച് കാവ്യരചന നടത്തി എന്നുള്ളതാണു നിരണം കവികളുടെ പ്രത്യേകത.

1350-നും 1450-നും ഇടയ്ക്കാണ് ഇവർ ജീവിച്ചിരുന്നത്. നിരണം കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവർ. മാധവപ്പണിക്കരുടെ പ്രധാന സംഭാവന ഭഗവദ് ഗീതയുടെ വിവർത്തനമായിരുന്നു. ശങ്കരപ്പണിക്കർ ഭാരതമാലയും രാമപ്പണിക്കർ രാമായണ ഭാരതവും ഭാഗവതവും വിവർത്തനം ചെയ്തു ചിട്ടപ്പെടുത്തി. പുരാണ കഥകളെ ആസ്പദമാക്കിയായിരുന്നു ഈ കൃതികൾ രചിച്ചത്.

എഴുത്തച്ഛനു മാർഗദർശികളായിരുന്നു നിരണംകവികൾ. രാമചരിതത്തിൽ കണ്ട പാട്ടിന്റെ "ദ്രമിഡസംഘാതാക്ഷരത്വമെന്ന കൃത്രിമരൂപം ഉപേക്ഷിച്ച് സംസ്കൃതദ്രാവിഡങ്ങളുടെ സങ്കലനമാണ് നിരണംകൃതികളിൽ ആവിഷ്കരിച്ചത്.

എന്നു തുടങ്ങുന്ന ഭാഷാഭഗവദ്ഗീതയിൽ, വ്യാസഗീതയിലെ തത്ത്വങ്ങൾ പുതിയൊരു ദ്രാവിഡവൃത്തത്തിൽ എഴുതി. പതിനാറു മാത്രകൾ വീതമുള്ള രണ്ടു ഖണ്ഡങ്ങളോടു കൂടിയ നാലു പദങ്ങൾ അടങ്ങിയ വൃത്തമാണ് പ്രധാനം. ചില പാട്ടുകളിൽ മുപ്പത്തെട്ടു മാത്രവീതമാണ് ഒരു പാദത്തിന്. മറ്റു ചിലതിൽ ഒരു പാദത്തിൽ മാത്ര അൻപതാണ്. നാല്പതുമാത്രകൾ വീതമുള്ള പാദങ്ങളോടുകൂടിയപാട്ടുകളും കാണുന്നുണ്ട്. രാമായണത്തിലും ഭാരതമാലയിലും എല്ലാം ഇത്തരം മാത്രാ പ്രധാനങ്ങളായ വൃത്തങ്ങൾ സ്വീകരിച്ചിരിക്കുന്നു. ഇവയെല്ലാം ചേർന്ന് നിരണംവൃത്തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.

മാധവപ്പണിക്കർ

തിരുത്തുക

ഭാഷ, വൃത്തം, കൃതികളുടെ തുടക്കത്തിലെ പരമാത്മവന്ദനം എന്നിവ നിരണംകവികളുടെ സമാനത കാട്ടിത്തരുന്നു. ഭാഷാ ഭഗവദ്ഗീതയാണ് കാലഗണനയിൽ പ്രാചീനമെന്നു കരുതിവരുന്നത്. 14-ാം ശതകത്തിന്റെ ഉത്തരാർധമാകാം മാധവകവിയുടെ കാലം

സാക്ഷാൽവേദവ്യാസൻ ചൊല്ലിയ ഗീത ആദരവോടെ "ഭാഷാ കവിയിൽ ചൊല്ലുന്നു എന്നു കവിവാക്യം.

മലയിൻകീഴുകാരനായ മാധവൻ നിരണംകവികളിൽ പ്രഥമഗണനീയനായത് ഇതിലെ ഗാനരീതി നിരണത്തിനു ദീപമായവതരിച്ച കരുണേശദേശികന്റെ പിൻഗാമി രാമനും വെള്ളാങ്ങല്ലൂർ ശങ്കരനും അവരുടെ കൃതികളിൽ സ്വീകരിച്ചതുകൊണ്ടല്ലേ എന്നു സംശയം. പരമാത്മവന്ദനവും വൃത്തവും ഭാഷയും രാമന്റെ കൃതികളിൽ കാണുന്നതും ഭഗവദ്ഗീതയിലേതും ഒന്നു തന്നെ. "വെള്ളാങ്ങല്ലൂർ ശങ്കരവിരചിതമെന്ന് ഒരു താളിയോലയിൽ രേഖപ്പെടുത്തിയിട്ടുള്ള ഭാരതമാലയും ഇതേ സവിശേഷതകളാൽ നിരണംകൃതികളിൽ ഉൾപ്പെടുന്നു.

ഭാഷാഭഗവദ്ഗീത രചിച്ച മലയിൻകീഴ് മാധവൻ, തിരുവല്ലാക്ഷേത്രവും മലയിൻകീഴ് ക്ഷേത്രവും പത്തില്ലത്തിൽ പോറ്റിമാരുടെ വകയായിരുന്നതിനാൽ നിരണത്ത് എത്തിയിരിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ തിരുവല്ലയിൽ നിന്നു മലയിൻകീഴ് വന്ന് ക്ഷേത്രഭരണത്തിൽ ഏർപ്പെട്ടതാകാം. അപ്പോഴും തിരുവല്ലായ്ക്കടുത്തള്ള നിരണംതന്നെ മാധവന്റെ സ്വദേശമായി പുകൾപെറ്റു.

ശങ്കരപ്പണിക്കർ

തിരുത്തുക

ഇരിങ്ങാലക്കുടയ്ക്കടുത്താണ് വെള്ളാങ്ങല്ലൂർ. അവിടെ നിന്ന് സമ്പന്നമായ തിരുവല്ലാ ഗ്രാമത്തിലേക്കു കുടിയേറ്റം നടന്നതായി തിരുഐരാണിക്കുളം ശിലാരേഖകളിലൊന്നിൽക്കാണുന്നു. അക്കൂട്ടത്തിൽ നിരണത്തെ കാവ്യപാരമ്പര്യം സ്വീകരിച്ച് ഭാരതമാല എഴുതുകയായിരുന്നു ശങ്കരകവിയെന്നു കരുതിവരുന്നു. ഭാഗവതം ദശമസകന്ധത്തിലെ ശ്രീകൃഷ്ണകഥയും മഹാഭാരതകഥയും സംക്ഷേപിച്ചുചേർത്തതാണ് ഭാരതമാല.

രാമപ്പണിക്കർ

തിരുത്തുക

നിരണം കവികളിൽ ഏറ്റവും പ്രസിദ്ധൻ രാമപ്പണിക്കരാണ്. കേരളത്തിലെ സംപൂജ്യരായ കവികളിൽ ഒരുസ്ഥാനത്തിന് അർഹനാണ് അദ്ദേഹം. മാധവപ്പണിക്കരുടെയും ശങ്കരപ്പണിക്കരുടെയും മൂന്നു സഹോദരിമാരിൽ ഏറ്റവും ഇളയവളാണ് രാപ്പണിക്കരുടെ അമ്മ എന്നു കരുതപ്പെടുന്നു. രാമായണം, ഭാരതം, ഭാഗവതം, ശിവരാത്രിമാഹാത്മ്യം എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികൾ. എഴുത്തച്ഛൻ ഈ കൃതികൾ കണ്ടിരുന്നു എന്നതിന് ആഭ്യന്തരമായ തെളിവുകൾ ലഭ്യമാണ്. പ്രസിദ്ധമായ സീതാസ്വയംവരസന്ദർഭത്തിൽ വില്ലുമുറിഞ്ഞ ഒച്ച "നിർഘാതസമനിസ്വനം എന്നു വാല്മീകി വിശേഷിപ്പിച്ചു. 'നിർഘാതം' മേഘഗർജനമാണല്ലോ. അതുകേട്ട് ജനകനും വിശ്വാമിത്രനും രാഘവന്മാരും ഒഴികെ എല്ലാവരും ബോധംകെട്ട് വീണു.

എന്ന് കണ്ണശ്ശൻ.

എന്ന് എഴുത്തച്ഛനും.

15-ാം ശതകത്തിലെ കണ്ണശ്ശനിൽ നിന്ന് 16-ാം ശതകത്തിലെ എഴുത്തച്ഛനിൽ എത്തിയപ്പോൾ ഭാഷയിൽ വന്ന മാറ്റമേ ശ്രദ്ധിക്കേണ്ടതായുള്ളു. നിരണംകവിയുടെ കല്പന തുഞ്ചത്താചാര്യനു സ്വീകാര്യമായിരുന്നു. കണ്ണശ്ശ ഭാരതവും കണ്ണശ്ശഭാഗവതവും എഴുത്തച്ഛനുമാർഗദർശകങ്ങളായിട്ടുണ്ട്. എന്നാലും എഴുത്തച്ഛനു ലഭിച്ച അംഗീകാരത്തിന്റെയും പ്രചാരത്തിന്റെയും ഒരംശം പോലും അടുത്തകാലം വരെ നിരണം കവികൾക്കു കിട്ടിയില്ല. എഴുത്തച്ഛന്റെ കാലത്തുതന്നെ ഭാഷയിൽ വന്ന മാറ്റം ഒരു മുഖ്യഘടകമാണ്. ഭക്തിപ്രസ്ഥാനം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നതിനാൽ എഴുത്തച്ഛന്റെ കൃതികൾ മലയാളനാട്ടിലെങ്ങും പ്രചരിച്ചു.

നിരണംകവികൾ രചിച്ച കൃതികൾക്ക് ഭഗവത്ഗീത,ഭാരതമാല, കണ്ണശ്ശരാമായണം എന്നൊക്കെയാണു പ്രശസ്തി. നിരണത്തിനു ദീപമായ കരുണേശന്റെ പേര് കണ്ണശ്ശൻ എന്നു രൂപാന്തരപ്പെടുകയും അത് കൃതികൾക്കും ഒരു പ്രസ്ഥാനത്തിനുതന്നെയും മുദ്രയാവുകയും ചെയ്തു. നിരണത്തു പണിക്കർ അല്ലെങ്കിൽ കണ്ണശ്ശപ്പണിക്കർ എന്ന പ്രയോഗത്തിലെ പണിക്കർ എന്ന സ്ഥാനം എങ്ങനെ വന്നു എന്നതിനു തെളിവു നൽകുന്ന രേഖകളില്ല. നിരണംദേശത്ത് ഇന്ന് കണ്ണശ്ശൻ പറമ്പും നിരണം കവികൾക്കു സ്മാരകവും ഉണ്ട്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിരണംകവികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

ഇതും കാണുക

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നിരണംകവികൾ&oldid=3701197" എന്ന താളിൽനിന്ന് ശേഖരിച്ചത്