സംഗീതമുദ്രകൾ
കർണ്ണാടക സംഗീതത്തിലെ സാഹിത്യരചനകളായ കീർത്തനങ്ങളിൽ വാഗേയകാരന്മാരും രചയിതാക്കളും അവരുടേതായ ചില മുദ്രകൾ അവശേഷിപ്പിച്ചിട്ടുണ്ട്. ഈ മുദ്രകളെയാണ് സംഗീതമുദ്രകൾ അല്ലെങ്കിൽ കീർത്തനമുദ്രകൾ എന്നുപറയുന്നത്. ഈ മുദ്രകളിൽ ഏറ്റവും പ്രധാനം വാഗ്ഗേയകാര മുദ്രയാണ്. ഈ മുദ്രകൾ കൃതികളെ അവയുടെ രചയിതാവിനോടു ബന്ധിപ്പിക്കുന്നതിനും രചനയുടേയും രചയിതാവിന്റേയും ചരിത്രം സൂചിപ്പിക്കുന്നതിനും സഹായിക്കുന്നു.[1][2]
വിവിധമുദ്രകൾ
തിരുത്തുകസാധാരണയായി ഉപയോഗത്തിലിരിക്കുന്ന സംഗീത മുദ്രകൾ ഇവയാണ്.[1]
വാഗ്ഗേയകാരമുദ്ര
തിരുത്തുകരചയിതാവിന്റെ മുദ്ര. ഇതു രണ്ടൂ രീതിയിൽ കണ്ടുവരുന്നു.
സ്വനാമമുദ്ര
തിരുത്തുകതിരുജ്ഞാനസംബന്ധർ, ജയദേവ, നാരായണതീർഥ, ത്യാഗരാജ, ചെങ്കൽ വരായശാസ്ത്രി, രാമനാട് ശ്രീനിവാസ അയ്യങ്കാർ തുടങ്ങിയവർ വാഗ്ഗേയകാരന്റെ തന്നെ പേര് മുദ്രയായി സ്വീകരിച്ചിരിക്കുന്നു.
ഇതരനാമമുദ്ര
തിരുത്തുകവാഗ്ഗേയകാരന്മാർ ഭജിക്കുന്ന ദൈവത്തിന്റെയോ ജനിച്ച സ്ഥലത്തിന്റെയോ പേരുകളാകാം. ഉദാ: ഗർഭപുരി, ധർമപുരീശ മുതലായവ. പട്ടം സുബ്രഹ്മണ്യയ്യർ (വെങ്കിടേശ), സുബ്ബരായശാസ്ത്രി (കുമാര), മുത്തുസ്വാമിദീക്ഷിതർ (ഗുരുഗുഹ), അനയ്യ (ഉദാദാസ) തുടങ്ങിയവർ ഈ രീതി പിന്തുടർന്നവരാണ്.
രാഗമുദ്ര
തിരുത്തുകലക്ഷണഗീതങ്ങളിലും രാഗമാലികകളിലും താളമാലികകളിലും സാധാരണയായി കണ്ടുവരുന്ന ഒന്നാണ് രാഗമുദ്ര. ഒരു സംഗീതരചനയുടെ ഏതെങ്കിലും ഒരു വരിയിൽ ഇതു കാണപ്പെടുന്നു. സാഹിത്യത്തിന്റെ അർഥത്തിനു പൊരുത്തപ്പെട്ടോ സാധാരണഗതിയിലോ മുദ്രകൾ ഉപയോഗിച്ചിട്ടുള്ളതായി കാണാം. കോടീശ്വര അയ്യരുടെ 72 മേളകർത്താ കൃതികളിലും രാഗമുദ്ര ഉപയോഗിച്ചിട്ടുള്ളതായി കാണാം. രാഗമുദ്ര അർഥത്തിനോടൊപ്പം ഉപയോഗിച്ച മഹാനാണ് ദീക്ഷിതർ . അദ്ദേഹത്തിന്റെ ഒട്ടുമിക്ക കൃതികളിലും ഇതു ദൃശ്യമാണ്. ഉദാഹരണമായി ആരഭി രാഗത്തിൽ രചിച്ചിട്ടുള്ള "ശ്രീസരസ്വതീ നമോസ്തുതേ". സമഷ്ഠിചരണത്തിൽ "സംസാരഭീത്യാപഹേ" എന്ന ഭാഗത്ത് ആരഭിയെന്നും അതിനോടൊപ്പം സംസാരഭീതിയെ ഇല്ലാതാക്കുന്നവൾ എന്ന അർഥവും വരുന്നു. ഇതുപോലെ അനേകം ഉദാഹരണങ്ങൾ എടുത്തു കാണിക്കുവാൻ കഴിയും.
രാഗമുദ്രകൾ രണ്ടുവിധത്തിൽ കാണാം. ശുദ്ധമെന്നും സൂചിതമെന്നും.
ശുദ്ധം
തിരുത്തുകഒരു രാഗനാമം വളരെ വ്യക്തമായും സ്വതന്ത്രമായുമായാണ് നിൽക്കുന്നതെങ്കിൽ അതിനെ ശുദ്ധമെന്നു പറയാം. ഉദാഹരണം: മഹാവൈദ്യനാഥയ്യരുടെ രചനയായ "പാഹിമാം ശ്രീ രാജരാജേശ്വരി"യിൽ "ജനരഞ്ജനി" എന്ന രാഗനാമം വ്യക്തമാണ്.
സുചിതം
തിരുത്തുകനിർദ്ദേശരൂപത്തിലും രാഗനാമങ്ങൾ കാണപ്പെടാറുണ്ട്. "സാനന്ദം" എന്ന ഒരു രാഗമാലിക സ്വാതിതിരുനാൾ രചിച്ചിട്ടുണ്ട്. അതിൽ ശുദ്ധ തരംഗിണി എന്ന രാഗത്തെ സൂചിപ്പിക്കാൻ അദ്ദേഹം നൽകിയിരിക്കുന്നത് ക്ഷീരതരംഗിണി എന്നാണ്.
താളമുദ്ര
തിരുത്തുകഉപയോഗപ്പെടുത്തിയിട്ടുള്ള താളത്തിന്റെ പേര് ഒരു കൃതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിൽ അത് താളമുദ്ര. താളമാലികയിൽ ഇതൊരു അനിവാര്യഘടകമാണ്. രാഗതാളമാലികയിൽ രാഗനാമവും താളനാമവും ചേർത്തിട്ടുള്ളതായി കാണാം. രാമസ്വാമിദീക്ഷിതർ രചിച്ചിട്ടുള്ള 108 രാഗതാളമാലികയിൽ ആദ്യത്തെ ഖണ്ഡത്തിൽത്തന്നെ നാട്ട (രാഗം) ധ്രുവം (താളം) എന്നിങ്ങനെ രാഗനാമവും താളനാമവും ചേർത്തിരിക്കുന്നു.
ആചാര്യമുദ്ര
തിരുത്തുകചില വാഗ്ഗേയകാരന്മാർ ഗുരുവിന്റെ നാമം സ്വന്തം രചനകളിൽ ചേർത്തിരിക്കുന്നതായി കാണാം. ഉദാഹരണമായി പൈദാല ഗുരുമൂർത്തിശാസ്ത്രിയുടെ നാട്ടരാഗത്തിലുള്ള സപ്തതാളഗീതത്തിൽ "ഗാനവിദ്യാധുരന്തര വെങ്കടസുബ്ബയ്യഗുരോ" എന്നു ചേർത്തിരിക്കുന്നു. പൊന്നയ്യാപിള്ളയുടെ മായാമാളവഗൗള കൃതിയായ "മായാതീത സ്വരൂപിണി"യിൽ അദ്ദേഹം തന്റെ ഗുരു, മുത്തുസ്വാമിദീക്ഷിതരെ പരാമർശിച്ചിരിക്കുന്നു. ആറുമുതൽ 102 വരെയുള്ള പദ്യസംഹിതയിൽ ഭദ്രാചലം രാമദാസ് തന്റെ ഗുരുനാഥനായ രഘുനാഥ ഭട്ടാചാര്യയെക്കുറിച്ച് പറഞ്ഞിരിക്കുന്നു. "ദേവദേവം ക്വേതിതം" എന്ന കൃഷ്ണലീലാതരംഗിണിയിലെ ദരുവിൽ നാരായണതീർഥർ തന്റെ ഗുരുവായ ശിവരാമതീർഥരെ പ്രകീർത്തിച്ചിരിക്കുന്നു.
രാജമുദ്ര
തിരുത്തുകഒരുകാലത്ത് കലയെ കാത്തുസൂക്ഷിച്ചിരുന്ന അനേകം രക്ഷാധികാരികൾ ഉണ്ടായിരുന്നു. അവരുടെ പേരുകൾ തങ്ങളുടെ രചനകളിൽ ചേർത്തിട്ടുള്ള വാഗ്ഗേയകാരന്മാരുമുണ്ട്.
- ഘനം കൃഷ്ണയ്യർ : "പേരെങ്കും പാർത്താലും" എന്ന തന്റെ കല്യാണിരാഗപദത്തിൽ ഉദയർപാളയത്തുള്ള കലാസംരക്ഷകനായ "കാഞ്ചി കല്യാണരംഗയെ" പരാമർശിച്ചിരിക്കുന്നു.
- മുത്തുസ്വാമിദീക്ഷിതരുടെ ചതുർദശരാഗമാലികയിൽ വൈദ്യലിംഗമുതലിയാരെക്കുറിച്ച് പറഞ്ഞിരിക്കുന്നു.
- തോടിരാഗ അടതാളവർണമായ കനകാംഗിയിൽ പല്ലവി ഗോപാലയ്യയുടെ കൃതിയിൽ ശരഭോജി മഹാരാജാവിനെപ്പറ്റി പറഞ്ഞിട്ടുണ്ട്.
- വിഴിനഗർ ചക്രവർത്തിയായ പ്രൗഢപ്രതാപദേവരായർ രണ്ടാമനെക്കുറിച്ച് (1422-1449) അരുണഗിരിനാഥർ "അതല ചേദ നാരദ" എന്ന ഗാനത്തിൽ പറഞ്ഞിരിക്കുന്നു.
വംശമുദ്ര
തിരുത്തുകതങ്ങൾ ഏതു വംശത്തിലും ഗോത്രത്തിലുമാണ് ഭൂജാതനായത് എന്നു പരാമർശിക്കുന്ന മുദ്രകളുമുണ്ട്. ത്യാഗരാജസ്വാമികളുടെ ശിഷ്യനാണ് വലജപത് വെങ്കിടരമണ ഭാഗവതർ . ഗുരുവായ ത്യാഗരാജസ്വാമികളെ സ്തുതിച്ചുകൊണ്ട് അദ്ദേഹം "മംഗളശതകം" രചിച്ചിട്ടുണ്ട്. അതിൽ തന്റെ ഗുരു "കകർല" വംശജനാണെന്നു പറഞ്ഞിരിക്കുന്നു. "ദൊരഗുണ ഇടുവണ്ടി സേവ" എന്ന കൃതിയിൽ ത്യാഗരാജസ്വാമികൾ താൻ രാമബ്രഹ്മത്തിന്റെ മകനാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെതന്നെ വസന്തരാഗത്തിൽ രചിച്ചിട്ടുള്ള "സീതമ്മ മായമ്മ" കൃതിയിൽ പല്ലവിയിൽത്തന്നെ തന്റെ മാതാപിതാക്കളുടെ പേരുകൾ പറഞ്ഞിരിക്കുന്നു.ദാശരഥി ശതകത്തിലെ 103-ാം പദ്യത്തിൽ ഭദ്രാചലം രാമദാസ് തന്റെ ഗോത്രത്തെയും കുലത്തെയുംകുറിച്ച് പറഞ്ഞിട്ടുണ്ട്.
പ്രബന്ധമുദ്ര
തിരുത്തുകഏതു പ്രബന്ധമാണോ എഴുതിയിട്ടുള്ളത്, അതിന്റെ നാമത്തെ കുറിക്കുന്ന മുദ്ര അടങ്ങിയിട്ടുണ്ടെങ്കിൽ അത് പ്രബന്ധമുദ്ര. മധ്യകാലഘട്ടത്തിൽ ധാരാളം രചനകളിൽ പ്രബന്ധമുദ്ര ദൃശ്യമാണ്. അരുണഗിരിനാഥർ "തിരുപ്പുഗഴിൽ" സിനട്ടവർ , ഭക്തിയാൽ ഉന്നെ എന്ന ഭാഗത്ത് പ്രബന്ധമുദ്ര ഉപയോഗിച്ചിട്ടുണ്ട്. വെങ്കിട്ടരാമശാസ്ത്രി തന്റെ കൈവാര പ്രബന്ധത്തിൽ തൊട്ഗിഡം ധിമി എന്ന ഭാഗത്തും ത്യാഗരാജ തന്റെ ശതരാഗരത്നമാലികയിൽ രാഗരത്നമാലികചേ എന്ന ഭാഗത്തും ഇത്തരത്തിൽ പ്രബന്ധമുദ്ര ഉപയോഗിച്ചിട്ടുള്ളതായി കാണാം.
നായകമുദ്ര
തിരുത്തുകപദങ്ങളിൽ സാധാരണയായി കണ്ടുവരുന്ന മുദ്രയാണിത്. പദരചയിതാവ് അവർക്കിഷ്ടപ്പെട്ട നായകനെ തെരഞ്ഞെടുത്ത് അത് സ്വന്തം രചനയിൽ പ്രയോഗിക്കുന്നു. നായകൻ രചയിതാവ് മൂവഗോപാല ക്ഷേത്രജ്ഞർ രാജഗോപാല മൂവലൂർ സഭാപതി അയ്യർ വേണുഗോപാല ശാരങ്ഗപാണി മന്നരുരംഗ ഘനം ശീനയ്യ മുത്തുക്കുമാര വൈദീശ്വരംകോവിൽ സുബ്ബരാമഅയ്യർ
സ്ഥലമുദ്ര
തിരുത്തുകസ്ഥലമുദ്ര (ക്ഷേത്രമുദ്ര): ചില കൃതികളുടെ സാഹിത്യത്തിൽ ഏതെങ്കിലും ക്ഷേത്രത്തിലെ ദേവനെ പ്രകീർത്തിക്കുന്നതിനൊപ്പം ആ ക്ഷേത്രത്തിന്റെ നാമംകൂടി ചേർത്തിരിക്കുന്നതായി കാണാം. തേവാരത്തിലും തിരുപ്പുകഴിലും തിരുവാചകത്തിലും ഇത്തരം മുദ്രകൾ കാണുന്നു. ത്യാഗരാജസ്വാമികൾ സന്ദർശിച്ചിട്ടുള്ള ക്ഷേത്രങ്ങളിലെ ദേവതകളെ പ്രകീർത്തിക്കുന്ന ചില പഞ്ചരത്ന കൃതികളിൽ അദ്ദേഹം ദേവതാമുദ്രയോ സ്ഥലമുദ്രയോ ഉപയോഗിച്ചിട്ടുള്ളതായി കാണാം. ഉദാഹരണം: കോവൂർ പഞ്ചരത്നം, തിരുവൊട്ടിയൂർ പഞ്ചരത്നം തുടങ്ങിയവ. മുത്തുസ്വാമിദീക്ഷിതരുടെ പഞ്ചലിംഗ സ്ഥലകൃതികളിലും ശ്യാമാശാസ്ത്രിയുടെ നവരത്നമാലികയിലും വീണകുപ്പയ്യരുടെ കാളഹസ്തീശ പഞ്ചരത്നത്തിലും ഇതുപോലുള്ള മുദ്രകൾ കാണുവാൻ കഴിയും.
ബിരുദമുദ്ര
തിരുത്തുകവാഗ്ഗേയകാരന് ലഭിച്ച ബിരുദങ്ങൾ ചിലപ്പോൾ സാഹിത്യത്തിൽ ചേർത്തിരിക്കുന്നതായി കാണാം. മുമ്പു നൽകിയ സപ്തതാളഗീതത്തിലുള്ള ഗാനവിദ്യാധുരന്തര ഇതിനുദാഹരണമായി വർത്തിക്കുന്നു.
ലക്ഷണഗ്രന്ഥമുദ്ര
തിരുത്തുകരചയിതാവിനു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ള ലക്ഷണഗ്രന്ഥത്തെക്കുറിച്ച് അദ്ദേഹം പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന മുദ്രയാണിത്. ത്യാഗരാജസ്വാമികൾ രചിച്ചിട്ടുള്ള ശങ്കരാഭരണരാഗത്തിലുള്ള സ്വരരാഗസുധ എന്ന കൃതിയിൽനിന്നും അദ്ദേഹത്തിന് സ്വരാർണവം എന്ന ലക്ഷണഗ്രന്ഥത്തെപ്പറ്റി അറിവുള്ളതായി നാം മനസ്സിലാക്കുന്നു.
ഛന്ദസ് മുദ്ര
തിരുത്തുകചില തെലുങ്കുപദങ്ങളിൽ ഏതു ഛന്ദസ്/തോത്/മീറ്ററിലാണോ അതെഴുതിയിട്ടുള്ളത് അതിന്റെ പേര് ഉപയോഗിച്ചിരിക്കുന്നതായി കാണാം. ജയദേവ അഷ്ടപദിയിലും ഇതുപോലുള്ള ഛന്ദസ് മുദ്രകൾ ദൃശ്യമാണ്.
ഭക്തിമുദ്ര
തിരുത്തുകഭഗവാനെ നവവിധഭക്തിയെന്നറിയപ്പെടുന്ന - ശ്രവണം, കീർത്തനം, സ്മരണം, പാദസേവനം, അർച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നീ ഒമ്പതുമാർഗങ്ങളിൽ കൂടി സേവിക്കാൻ കഴിയും. പ്രത്യക്ഷമായോ പരോക്ഷമായോ ഈ മുദ്രകൾ കൃതികളിൽ ദർശിക്കാം. സ്വാതിതിരുനാളിന്റെ നവരത്നമാലിക കീർത്തനങ്ങൾ ഇവയ്ക്കുദാഹരണങ്ങളാണ്.
ചക്രമുദ്ര
തിരുത്തുകദേവിയെ ഉപാസിക്കുമ്പോൾ ദേവിയുടെ വിവിധ രൂപങ്ങളെക്കുറിച്ചു പ്രകീർത്തിക്കാറുണ്ട്. വിവിധ ചക്രങ്ങളെ ഇവയിൽ പ്രതിപാദിക്കാറുമുണ്ട്. മുത്തുസ്വാമിദീക്ഷിതരുടെ കമലാംബ നവാവരണത്തിൽ ചക്രമുദ്രകൾ കാണപ്പെടുന്നു. രണ്ടാമത്തെ ആവരണകൃതിയായ കമലാംബാം ഭജരേയിൽ സർവസപരിപൂരക ചക്ര എന്നെടുത്തു പറഞ്ഞിരിക്കുന്നു.
ഗ്രഹമുദ്ര
തിരുത്തുകഗ്രഹങ്ങളെ പ്രതിപാദിച്ചുകൊണ്ടുള്ള മുത്തുസ്വാമിദീക്ഷിതരുടെ നവഗ്രഹകൃതികളിൽ ഈ മുദ്രകൾ കാണാം.
ലിംഗമുദ്ര
തിരുത്തുകപൃഥ്വി, അപ്പ്, തേയു, വായു, ആകാശം ഈ അഞ്ചു ലിംഗങ്ങളെക്കുറിക്കുന്ന കൃതികളാണ് ദീക്ഷിതരുടെ പഞ്ചലിംഗസ്ഥലകൃതികൾ .
രസമുദ്ര
തിരുത്തുകചില ഗാനങ്ങളിൽ അവ ഉദ്യോതിപ്പിക്കുന്ന രസങ്ങളുടെ പേരുകൾ മുദ്രയായി ഉപയോഗിച്ചിരിക്കുന്നതായി കാണാം. ത്യാഗരാജസ്വാമികളുടെ ശാന്തമുലേക എന്ന കൃതി ശ്യാമരാഗത്തിലാണ്. ശാന്തരസപ്രധാനമാണീ കൃതി. ദേവഗാന്ധാരി രാഗത്തിലെ കൃതിയായ ക്ഷീരസാഗരയിലെ ധീരുഡൗ എന്ന ഭാഗം ധീരരസത്തെ കാണിക്കുന്നു.
സംവത്സര മുദ്ര
തിരുത്തുകതമിഴ്നാടകമായ "ശരഭേദ്ര ഭൂപാല കുറവഞ്ചി നാടക"ത്തിലെ മൂന്നാംരംഗത്തിലെ ഒരു ഗാനം ഇതിനുദാഹരണമാണ്.
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 ഡോ. കെ ഓമനക്കുട്ടി. "കീർത്തനമുദ്രകൾ". ദേശാഭിമാനി വാരിക. Archived from the original on 2014-07-03. Retrieved 3 ജൂലൈ 2014.
{{cite web}}
: Cite has empty unknown parameter:|8=
(help) - ↑ "Carnatic Glossary M" (കർണ്ണാടക സംഗീത ശബ്ദ നിഘണ്ടു) (in ഇംഗ്ലീഷ്). karnatik.com. Archived from the original on 2014-07-07. Retrieved 7 ജൂലൈ 2014.