മേശ ശിലാലിഖിതം

(Mesha Stele എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രി.മു. ഒൻപതാം നൂറ്റാണ്ടിൽ മൊവാബിലെ രാജാവായിരുന്ന മേശ, ഇസ്രായേൽക്കാർക്കെതിരെ നേടിയ വിജയം വിളംബരം ചെയ്യുന്ന കൃഷ്ണശിലാലിഖിതമാണ് മേശ ശിലാലിഖിതം. ഇത് മൊവാബിയ ശില എന്ന പേരിലും അറിയപ്പെടുന്നു. ‍

മേശ ശിലാലിഖിതം: യഹൂദരുടെ ദൈവത്തിന്റെ "യഹോവ" എന്ന വിശുദ്ധനാമം അടങ്ങുന്ന ഏറ്റവും പുരാതനലിഖിതവും, പുരാതന ഇസ്രായേലിനെ പരാമർശിക്കുന്ന ശിലാലിഖിതങ്ങളിൽ ഏറ്റവും വിശദമായതും ഇതാണ്.

മൊവാബിനെ "പീഡിപ്പിച്ചുകൊണ്ടിരുന്ന" ഇസ്രായേലിലെ "ഓമ്രിവംശരാജാവിനും" ആയാളുടെ പുത്രനും എതിരെ മേശ നേടിയ വിജയത്തിന്റെ അനുസ്മരണമായി ക്രി.മു. 830-നടുത്തെങ്ങോ ആണ് ഈ ലിഖിതം സ്ഥാപിച്ചത്.[1] യഹൂദരുടെ ദൈവത്തിന്റെ "യഹോവ" എന്ന വിശുദ്ധനാമം അടങ്ങുന്ന ഏറ്റവും പുരാതനലിഖിതവും, പുരാതന ഇസ്രായേലിനെ പരാമർശിക്കുന്ന പുരാലിഖിതങ്ങളിൽ ഏറ്റവും വിശദമായതും മേശ ശിലാലിഖിതമാണ്. ലിഖിതത്തിന്റെ അവ്യക്തമായ മുപ്പത്തി ഒന്നാം വരിയുടെ പുന:സൃഷ്ടി "ദാവീദിന്റെ വംശം" എന്ന വായന നൽകുന്നതായി ഫ്രഞ്ച് പണ്ഡിതൻ ആന്ദ്രേ ലെമേയർ അവകാശപ്പെട്ടിട്ടുണ്ട്. [2] 34 വരികളിൽ ആയിരത്തോളം അക്ഷരങ്ങൾ ചേർന്ന 260 വാക്കുകൾ ഉൾക്കൊള്ളുന്ന ഈ ലിഖിതം, എബ്രായബൈബിളിൽ രാജാക്കന്മാരുടെ രണ്ടാം പുസ്തകം‍ മൂന്നാമദ്ധ്യായത്തിൽ വിവരിക്കുന്ന സംഭവങ്ങളുടെ വ്യത്യസ്തവീക്ഷണകോണിൽ നിന്നുള്ള ആഖ്യാനം കൂടിയാണ്.

ലിഖിതം അടങ്ങുന്ന ശിലയ്ക്ക് 124 സെന്റിമീറ്റർ ഉയരവും 71 സെന്റിമീറ്റർ വീതിയും ഉണ്ട്. അതിന്റെ മേൽഭാഗം വർത്തുളമാണ്. പുരാതന ദിബോൺ നഗരത്തിന്റെ സ്ഥാനത്ത് ഇപ്പോൾ ജോർദാനിലുള്ള ദിബാൻ പ്രദേശത്ത് 1868 ആഗസ്ത് മാസം ജർമ്മൻ വേദപ്രചാരകൻ എഫ്. ഏ. ക്ലീൻ ആണ് ഈ ലിഖിതം കണ്ടെത്തിയത്. ശിലയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള തർക്കങ്ങൾക്കിടെ നാട്ടുകാരായ ഗ്രാമീണർ ശില തകർത്തു. പക്ഷേ അതിനു മുൻപ് ഫ്രഞ്ച് പൗരസ്ത്യവിജ്ഞാനി ചാൾസ് സൈമൺ ക്ലെർമോണ്ട് ഗെന്നി, ലിഖിതത്തിന്റെ ഒരു പകർപ്പ് അതിന്മേൽ നനഞ്ഞ കടലാസ് അമർത്തിവച്ച് എടുപ്പിച്ചിരുന്നു. തകർക്കപ്പെട്ട ശിലയുടെ മിക്കവാറും കഷണങ്ങൾ പിന്നീട് വീണ്ടെടുക്കപ്പെടുകയും ചെയ്തു. അതേ തുടർന്ന്, കടലാസിലെ പകർപ്പിനെ ആശ്രയിച്ച് ക്ലെർമോണ്ട് ഗെന്നി തന്നെ, ശകലങ്ങൾ കൂട്ടിച്ചേർത്ത്, ശിലയുടെ പുനനിർമ്മിതിയും നടത്തി.[3] ലിഖിതത്തിന്റെ കടലാസിലെ പകർപ്പും പുനർനിമ്മിക്കപ്പെട്ട ശിലാലിഖിതവും ഇപ്പോൾ പാരിസിലെ ലൂവർ മ്യൂസിയത്തിലാണ്.

കണ്ടെത്തൽ

തിരുത്തുക
 
മേശ ശിലാലിഖിതത്തിൽ വ്യഞ്ജനമാത്രമായ ചതുരക്ഷരിയായി രേഖപ്പെടുത്തിയിരിക്കുന്ന "യഹോവ" എന്ന ദൈവനാമം - (YHWH - വലത്തു നിന്ന് ഇടത്തോട്ടുള്ള വായന; വാക്കുകളെ വേർതിരിക്കാൻ ഉപയോഗിച്ചിരുന്ന ബിന്ദുവാണ് ഇടത്തേയറ്റത്ത്)

യെരുശലേം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മെഡിക്കൽ മിഷനറി എഫ്.എ. ക്ലീൻ അതിനെ കണ്ടെത്തുന്നതോടെയാണ് മേശ ശിലാലിഖിതത്തിന്റെ ആധുനികകാലത്തെ ചരിത്രം ആരംഭിക്കുന്നത്. യോർദ്ദാനിലെ യാത്രക്കിടെ അർനോൻ നദിയിൽ നിന്ന് മൂന്നു മൈൽ അകലെ ബൈബിളിൽ പരാമർശിക്കപ്പെടുന്ന ദിബോൺ നഗരത്തിന്റെ സ്ഥാനത്തുള്ള ബെദുവിൻ അറബികളുടെ താവളത്തിനടുത്തായിരുന്നു അത്. ശിലയിലെ ലിഖിതങ്ങൾ വായിക്കാനായില്ലെങ്കിലും ബെർലിനിലെ മ്യൂസിയത്തിനു അത് ഉപകരിച്ചേക്കുമെന്ന് കരുതിയ ക്ലീൻ[4] 400 ഡോളറിനു തുല്യമായ വിലയ്ക്ക് അത് വാങ്ങാൻ വാക്കാൽ സമ്മതം കൊടുത്തിട്ടാണ് മടങ്ങിയത്. പോരുമ്പോൾ ശിലയിലെ എഴുത്തിന്റെ മാതൃക, തന്റെ നോട്ടുപുസ്തകത്തിൽ അദ്ദേഹം കുറിച്ചിരുന്നു. യെരുശലേമിൽ മടങ്ങിയെത്തിയ ക്ലീൻ അവിടത്തെ പ്രഷ്യൻ സർക്കാർ സ്ഥനപതിയോട് പറഞ്ഞ്, ശിലാലിഖിതം വാങ്ങാനുള്ള അനുമതി ബെർലിൻ മ്യൂസിയത്തിൽ നിന്ന് വരുത്തിച്ച ശേഷം നേരത്തേ സമ്മതിച്ച വിലയ്ക്ക് ശില വാങ്ങാൻ ഒരുങ്ങി. എന്നാൽ അപ്പോഴേയ്ക്ക് ശിലയുടെ പ്രാധാന്യത്തെക്കുറിച്ച് ഗ്രഹിച്ച പ്രാദേശികഗോത്രങ്ങൾ അതിന് 4000 ഡൊളറിനു തുല്യമായ പുതിയ വില പറഞ്ഞു. അത് വളരെ അധികമാണെന്ന് കരുതിയ ജർമ്മൻ അധികാരികൾ, ശില കൈക്കലാക്കാൻ മറ്റു വഴികൾ അന്വേഷിക്കാൻ തുടങ്ങി.


അതേസമയം, യെരുശലേമിലെ ഫ്രഞ്ച് കാര്യാലയത്തിൽ പരിഭാഷകനായി ജോലിനോക്കിയിരുന്ന 22 വയസ്സുള്ള പൗരസ്ത്യവിജ്ഞാനി ചാൾസ് സൈമൺ ക്ലെർമോണ്ട് ഗെന്നി ലിഖിതത്തെക്കുറിച്ച് കേട്ട്, വിശ്വസ്തനായ ഒരു അറബിയെ അതിനെക്കുറിച്ച് അന്വേഷിക്കാൻ അയച്ചു. ലിഖിതത്തിലെ ഏഴുവരികളുടെ പകർപ്പുമായാണ് അയാൾ മടങ്ങിയെത്തിയത്. അതു കണ്ട ക്ലെർമോണ്ട് ഗെന്നിയ്ക്ക് ലിഖിതത്തിന്റെ പ്രാധാന്യം ബോദ്ധ്യമായി. തുടർന്ന് അദ്ദേഹം യാക്കൂബ് കരവാച എന്ന അറബിയെ ലിഖിതത്തിന്റെ സമ്പൂർണ്ണപകർപ്പ് അതിന്മേൽ നനഞ്ഞ കടലാസ് അമർത്തി വച്ച് എടുക്കാൻ അയച്ചു. അമർത്തിവച്ച കടലാസ് ഉണങ്ങിക്കഴിഞ്ഞ് പറിച്ചെടുക്കുകയാണ് വേണ്ടിയിരുന്നത്. കടലാസ് ഉണങ്ങാൻ കരവാച കാത്തിരിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഗ്രാമീണർക്കിടയിൽ കലഹം ഉണ്ടായി. അപകടം മണത്ത കരവാച മുഴുവൻ ഉണങ്ങാത്ത കടലാസ് ശിലയിൽ നിന്ന് തിടുക്കത്തിൽ പറിച്ചെടുത്ത് തന്റെ കുതിരപ്പുറത്ത് രക്ഷപെട്ടു. ഏഴു കഷണങ്ങളായാണ് അത് ശിലയിൽ നിന്ന് പറിഞ്ഞുപോന്നത്. അതിനു മുൻപ് അയാളുടെ കാലിൽ കുന്തം കൊണ്ടുള്ള മുറിവേറ്റിരുന്നു.[5][6]


അതിനിടെ, സമീപഗോത്രങ്ങളെ അനുനയിപ്പിച്ച് ലിഖിതം വാങ്ങാനുള്ള ശ്രമം വിജയിക്കുന്നില്ലെന്നു കണ്ട യെരുശലേമിലെ ജർമ്മൻ സ്ഥാനപതി, ജോർദ്ദാൻ ഉൾപ്പെട്ടിരുന്ന തുർക്കി സാമ്രാജ്യാധികാരികളുടെ സഹായം തേടി. ബലം പ്രയോഗിച്ച് ശില കൊണ്ടുപോകാൻ അധികാരികൾ ഉദ്ദേശിക്കുന്നെന്നറിഞ്ഞ നാട്ടുകാർ അതിനെ തീയിൽ ചുട്ട ശേഷം തണുത്തവെള്ളം ഒഴിച്ച് തകർത്തു. തകർന്ന ശിലയുടെ ശകലങ്ങൾ നാട്ടുകാർ പങ്കിട്ടെടുത്ത് സൂക്ഷിച്ചു. ശില ശിഥിലമാക്കപ്പെട്ടതോടെ ജർമ്മൻ അധികാരികൾക്ക് അതിൽ താത്പര്യമില്ലാതായി. എന്നാൽ വിതരണം ചെയ്യപ്പെട്ട ശകലങ്ങൾ കിട്ടാവുന്നവരിൽ നിന്നൊക്കെ വാങ്ങാൻ ക്ലെർമോണ്ട് ഗെന്നി പരിശ്രമിച്ചു. മൊത്തമുള്ള 1000 അക്ഷരങ്ങളിൽ 613 എണ്ണം അടങ്ങിയ 38 ശകലങ്ങൾ അദ്ദേഹം വാങ്ങി. പത്തൊൻപതു ശകലങ്ങൾ മറ്റു ചിലരും വാങ്ങി. അങ്ങനെ കിട്ടിയ 57 ശകലങ്ങൾ, നേരത്തേ ലഭിച്ച കടലാസ് പകർപ്പിന്റെ സഹായത്തോടെ യോജിപ്പിച്ച് ക്ലെർമോണ്ട് ഗെന്നി ശിലയുടെ പുനസൃഷ്ടി നടത്തി. മൊത്തം ലിഖിതത്തിന്റെ മൂന്നിൽ രണ്ടു ഭാഗമേ ആ പുനസൃഷ്ടിയിൽ ഉണ്ടായിരുന്നുള്ളു.[6] വിട്ടുപോയ ലിഖിതഭാഗങ്ങൾ കടലാസ് പകർപ്പിന്റെ സഹായത്തോടെ ചേർത്തു. മേശ ശിലാലിഖിതത്തിന്റെ ആ പുന:സൃഷ്ടി ഇപ്പോൾ പാരിസിലെ ലൂവർ മ്യൂസിയത്തിലാണ് ‍.

ഉള്ളടക്കം

തിരുത്തുക
 
മേശ ലിഖിതത്തിന്റെ മൊവാബിയ ശില പാരിസിലെ ലൂവർ മ്യൂസിയത്തിൽ

പുരാത എബ്രായലിപി എന്നും പേരുള്ള ഫിനീഷ്യൻ ലിപിയിലാണ് മൊവാബിയ ശിലയിലെ എഴുത്ത്. ഇസ്രായേൽക്കാർ അവരുടെ ഭാഷ എഴുതുന്നതിന് ഉപയോഗിച്ചിരുന്ന ലിപി തന്നെയാണിത്. ശിലയിൽ പ്രകടമാകുന്ന മൊവാബിയരുടെ ഭാഷയും എബ്രായ ഭാഷയോട് ഏറെ അടുപ്പം കാട്ടുന്നതാണ്.[6] വാക്കുകളെ തമ്മിൽ വേർതിരിക്കാൻ അവയ്ക്കിടയിൽ ബിന്ദു(.) ഉപയോഗിച്ചിരിക്കുന്നു.[7] ലിപിയിലും പദസഞ്ചയത്തിലും വ്യാകരണത്തിലും പുരാതന എബ്രായഭാഷയുമായി ഏറെ സമാനതകൾ കാട്ടുന്ന മൊവാബിയ ഭാഷയെക്കുറിച്ച് ഇന്നുള്ള അറിവ് മുഴുവൻ തന്നെ ഈ ശിലാലിഖിതത്തിൽ നിന്ന് കിട്ടിയതാണ്. [1]

പശ്ചാത്തലം

തിരുത്തുക

ഇസ്രായേലിലെ ഓമ്രിവംശരാജാക്കന്മാരായ ആഹാബിന്റേയും മറ്റും കാലത്ത് കിഴക്കു ഭാഗത്തെ അയൽരാജ്യമായ മൊവാബ് ഇസ്രായേലിന്റെ മേൽക്കോയ്മയിലായിരുന്നതായി മേശ ശിലാലിഖിതത്തിലും എബ്രായബൈബിളിലെ രാജാക്കന്മാരുടെ രണ്ടാം പുസ്തകം മൂന്നാമദ്ധ്യായത്തിലും നിന്ന് മനസ്സിലാക്കാം. അട്ടിടയമാരായിരുന്ന മൊവാബകാർ ഇസ്രായേലിന് ആണ്ടുതോറും ഒരു ലക്ഷം കുഞ്ഞാടുകളും ഒരു ലക്ഷം ആണാടുകളുടെ രോമവും കപ്പമായി കൊടുത്തിരുന്നു. ആഹാബിന്റെ പുത്രൻ യെഹോറാമിന്റെ കാലത്ത് മൊവാബിലെ രാജാവായിരുന്ന മേശ, ഇസ്രായേലിന്റെ ആധിപത്യത്തിൽ നിന്ന് മോചനം നേടാൻ ആഗ്രഹിച്ച്, കപ്പം കൊടുക്കുന്നത് നിർത്തി. ഈ ലിഖിതങ്ങളിൻ മേൽ ആധികാരികമായ ചിന്തനം പിൽക്കാലത്തുണ്ടായി.

രണ്ട് ആഖ്യാനങ്ങൾ

തിരുത്തുക

മേശയുടെ കലാപത്തിന്റെ വ്യത്യസ്തവീക്ഷണകോണുകളിൽ നിന്നുള്ള ചിത്രങ്ങളാണ് മേശ ശിലാലിഖിതവും ബൈബിളിലെ രാജാക്കാന്മാരുടെ രണ്ടാം പുസ്തകം മൂന്നാം അദ്ധ്യായവും.[8] ഈ ബലപരീക്ഷണത്തിൽ മേശ മൊവാബിയരുടെ ദൈവമായ കെമോശിന്റേയും ഇസ്രായേൽ അവരുടെ ദൈവമായ യഹോവയുടേയും സഹായം തേടുന്നു. കെമോശിന്റെ കോപം മൂലമാണ് മേശയുടെ മുൻഗാമികളുടെ കാലത്ത് മോവാബ് ഇസ്രായേലിന്റെ ആധിപത്യത്തിലായതെന്നും കെമോശിന്റെ പ്രീതിമൂലം സ്വാതന്ത്ര്യം പുനസ്ഥാപിക്കാനും ഇസ്രായേലിനെ പാഠം പഠിപ്പിക്കാനും മേശയ്ക്ക് കഴിഞ്ഞെന്നും ശിലാലിഖിതം പറയുന്നു. മേശയ്ക്കെതിരെയുള്ള സൈനികനീക്കത്തിൽ യഹോവയുടെ സഹായത്തോടെ ആദ്യം ഇസ്രായേലിന് വിജയം ലഭിച്ചെന്ന് അവകാശപ്പെടുന്ന ബൈബിൾ ഭാഷ്യം, മേശ തലസ്ഥാനനഗരിയുടെ മതിലിനു മുകളിൽ കിരീടാവകാശിയായ സീമന്തപുത്രനെ പരസ്യമായി ബലികഴിച്ചതോടെ "ഇസ്രായേലിന്മേൽ ഉഗ്രകോപം" ഉണ്ടായതിനാൽ അവർക്ക് മൊവാബ് തലസ്ഥാനത്തിന്മേലുള്ള ഉപരോധം അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു എന്നു പറഞ്ഞ് പെട്ടെന്ന് സമാപിക്കുന്നു.

മേശശിലാലിഖിതം രാജാക്കന്മാരുടെ രണ്ടാം പുസ്തകം(ബൈബിൾ)

"മൊവാബിലെ രാജാവ് ദിബോൻകാരൻ മേശയാണ് ഞാൻ. എന്റെ പിതാവ് മൊവാബിൽ മുപ്പതുവർഷം ഭരണം നടത്തി. അദ്ദേഹത്തിനുശേഷം ഞാൻ രാജാവായി. ശത്രുക്കളിൽ നിന്നെല്ലാം എന്നെ രക്ഷിക്കുകയും അവർക്കെതിരെയുള്ള എന്റെ മോഹങ്ങളെല്ലാം സാധിച്ചുതരുകയും ചെയ്ത കെമോശിനായി, വിമോചനസ്ഥാനമായ ദിബോനിൽ ഈ പൂജാഗിരി ഞാൻ നിർമ്മിച്ചു. കെമോശ് തന്റെ ദേശത്തോട് കോപിച്ചിരുന്നതിനാൽ ഇസ്രായേൽ രാജാവായ ഓമ്രി ഏറെക്കാലം മൊവാബിനെ പീഡിപ്പിച്ചു. അയാളെ തുടർന്ന് രാജാവായ പുത്രനും, "ഞാൻ മൊവാബിനെ പീഡിപ്പിക്കും" എന്നു പറഞ്ഞു. എന്റെ കാലത്താണ് അയാൾ ഇതു പറഞ്ഞത്. എന്നാൽ എനിക്ക് അയാൾക്കുമേൽ എന്റെ ഇച്ഛ സ്ഥാപിക്കാനും ഇസ്രായേലിനെ നിത്യമായ അപാമാനം കൊണ്ട് മൂടാനും കഴിഞ്ഞു. ഓമ്രി പിടിച്ചെടുത്ത് നാല്പതുവർഷക്കാലം ഇസ്രായേൽക്കാരുടെ കൈവശമായിരുന്ന മെദേബ, കെമോശ് എന്റെ കാലത്ത് തിരികെ തന്നു. ഗാദിലെ(ഇസ്രായേൽക്കാരായ) ജനങ്ങൾ പിടിച്ചെടുത്ത് ഇസ്രായേൽ രാജാവ് പണികഴിപ്പിച്ചിരുന്ന അതാരോത്തും ഞാൻ പിടിച്ചെടുത്തു. അവിടെയുള്ളവരെയല്ലാം ഞാൻ കൊന്നു. കെമോശിന്റേയും മൊവാബിന്റേയും കണ്ണുകൾക്ക് നല്ല് കാഴ്ചയായിരുന്നു അത്. നീബോ ഇസ്രായേലിൽ നിന്ന് പിടിച്ചെടുക്കാൻ കെമോശ് എന്നോടു പറഞ്ഞു. രാത്രിയിൽ അതിനെതിരെ മുന്നേറി ഉച്ചവരെ പൊരുതി അതും ഞാൻ പിടിച്ചെടുത്തു. പുരുഷന്മാരും, കുട്ടികളും, സ്ത്രീകളും വേലക്കാരികളുമായി അവിടെയുണ്ടായിരുന്ന ഏഴായിരം പേരെ വകവരുത്തി ഞാൻ അതിനെ അഷ്ടോർ-കെമൊശിന് സമർപ്പിച്ചു. അവിടെയുണ്ടായിരുന്ന യഹോവയുടെ പാത്രങ്ങൾ ഞാൻ കെമോശിന്റെ മുൻപിലെത്തിച്ചു. എന്നോടുള്ള യുദ്ധത്തിൽ ഇസ്രായേൽ രാജാവ് പിടിച്ചെടുത്ത് കോട്ടകെട്ടിയിരുന്ന ജഹാസിൽ നിന്നും കെമോശ് ഇസ്രായേൽക്കാരെ തുരത്തി. മൊവാബിൽ നിന്നുള്ള ഇരുനൂറു വീരന്മാരുമായി ആക്രമിച്ച് അതിനെ ഞാൻ ദിബോനോടു ചേർത്തു."[3]

മേശയെ വരുതിയിൽ കൊണ്ടുവരാനായി ഇസ്രായേൽ, തെക്കുഭാഗത്തെ സഹോദരരാജ്യമായ യൂദയായോടും സുഹൃദ്‌രാജ്യമായ ഏദോമിനോടും ചേർന്ന് യുദ്ധത്തിനിറങ്ങി. മൊവാബിലേയ്ക്ക് മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടെ സം‌യുക്തസേന വെള്ളം കിട്ടാതെ വിഷമിച്ചെങ്കിലും പ്രവാചകനായ ഏലീശാ പറഞ്ഞതനുസരിച്ച്, അത്ഭുതകരമായി മരുഭൂമിയിൽ വെള്ളം കിട്ടിയതോടെ അവർക്ക് മുന്നേറ്റം തുടരാനായി. മരുഭൂമിയിലെ ചുവപ്പുനിറം കലർന്ന വെള്ളം കണ്ട മൊവാബിയർ, സം‌യുക്തസേന പരസ്പരം പോരടിച്ച് നശിച്ചെന്നു കരുതി അനവസരത്തിൽ മുന്നേറി വന്നു. ആ മൂന്നേറ്റം തുരത്തപ്പെട്ടതോടെ അവർ തിരിഞ്ഞോടി. ശത്രുനഗരങ്ങൾ നശിപ്പിച്ച് മുന്നേറിയ ഇസ്രായേൽക്കാർ തലസ്ഥാനനഗരിയിൽ മൊവാബിനെ ഉപരോധിക്കാൻ തുടങ്ങി. ഉപരോധം മുറിച്ച് കടക്കാനുള്ള മേശയുടെ ശ്രമം പരാജയപ്പെട്ടു. "ഉടനേ മൊവാബുരാജാവ് തനിക്കുശേഷം ഭരണം നടത്തേണ്ടിയിരുന്ന സീമന്തപുത്രനെ പിടിച്ച്, മതിലിന്മേൽ ഹോമബലിയായി അർപ്പിച്ചു. അപ്പോൾ ഇസ്രായേലിനുമേൽ ഉഗ്രകോപം ഉണ്ടായി. അവർ അയാളുടെ അടുക്കൽ നിന്ന് പിൻവാങ്ങി തങ്ങളുടെ നാട്ടിലേയ്ക്കു മടങ്ങിപ്പോയി".[9]

  1. 1.0 1.1 മൊവാബിയ ശില, ഓക്സ്ഫൊർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 522-23)
  2. ബൈബിൾ പുരാവിജ്ഞാനീയ റിവ്യൂ [മേയ്/ജൂൺ 1994], പുറങ്ങൾ 30–37
  3. 3.0 3.1 യഹൂദ വിജ്ഞാനകോശംമൊവാബിയ ശില
  4. Records of the Past, 2nd series, Vol. II, ed. by A. H. Sayce, [1888], at sacred-texts.com മൊവാബിയ ശില
  5. മൊവാബിയ ശില, ഫ്ലിൻഡേഴ്സ് പെട്രി, വിക്ടോറിയ ഇൻസ്റ്റിട്യൂട്ട് നടപടികളുടെ പത്രിക 6 (1872) 125-128
  6. 6.0 6.1 6.2 COJS.org, The Centre for Online Judaic StudiesWhy the Moabite Stone Was Blown to Pieces Archived 2012-01-13 at the Wayback Machine.
  7. ബൈബിൾ ഹിസ്റ്ററി.കോം, മൊവാബിയ ശില [1]
  8. കേംബ്രിഡ്ജ് ബൈബിൾ സഹകാരി(പുറം 135)
  9. ബൈബിൾ, 2 രാജാക്കന്മാർ മൂന്നാം അദ്ധ്യായം 4-27(സംഗ്രഹം)
"https://ml.wikipedia.org/w/index.php?title=മേശ_ശിലാലിഖിതം&oldid=3801020" എന്ന താളിൽനിന്ന് ശേഖരിച്ചത്