മെജുഗോറിയ

(Medjugorje എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പടിഞ്ഞാറൻ ബോസ്നിയ ഹെർസെഗോവിനായിലെ മോസ്റ്റാർ പ്രവിശ്യയിൽ ക്രൊയേഷ്യൻ അതിർത്തിക്കടുത്തുള്ള ഒരു പട്ടണമാണ് മെജുഗോറിയ (Medjugorje). പ്രാദേശികരായ ആറു കത്തോലിക്കാ വിശ്വാസികൾക്ക് വിശുദ്ധമാതാവിന്റെ ദർശനം കിട്ടിയെന്ന വാർത്തയെ തുടർന്ന് 1981 മുതൽ ഈ നഗരം തിരക്കേറിയ ഒരു ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായി മാറിയിരിക്കുന്നു.[1]

മെജുഗോറിയയിലെ കത്തോലിക്കാ ദേവാലയം

'മെജുഗോറിയ' എന്ന പേരിനർത്ഥം മലകൾക്കിടയിലുള്ള പ്രദേശം എന്നാണ്. മദ്ധ്യധരണിക്കാലാവസ്ഥയുള്ള മലമ്പ്രദേശമാണിവിടം. 4000-ത്തോളം പേർ വരുന്ന ഒരു ക്രൊയേഷ്യൻ കത്തോലിക്കാസമൂഹം ഇവിടെയുണ്ട്. ഇവിടത്തെ കത്തോലിക്കാ ഇടവക മെജുഗോറിയയും, ബിജാക്കോവിസി, വിയോനിക്ക, മിലേത്തിന, സുർമാൻസി എന്നീ അയൽ ഗ്രാമങ്ങളും ചേർന്നതാണ്.

ദൈവമാതൃപ്രത്യക്ഷത്തെക്കുറിച്ചുള്ള അവകാശവാദങ്ങളുടെ പരമാർത്ഥത കത്തോലിക്കാ സഭയ്ക്കുള്ളിൽ തന്നെ തർക്കവിഷയമാണ്. ഹാൻസ് ഉർസ് വോൺ ബാൽത്തസർ, റെനെ ലൗറന്റിൻ തുടങ്ങിയ ദൈവശാസ്ത്രജ്ഞന്മാർ ഈ പ്രത്യക്ഷസാക്ഷ്യങ്ങളെ വിശ്വസനീയമായി കരുതുന്നു. "മെജുഗോറിയയുടെ ദൈവശാസ്ത്രത്തിൽ സത്യത്തിന്റെ മണിമുഴക്കമുണ്ട്. അതിന്റെ പരമാർത്ഥതയിൽ എനിക്കു വിശ്വാസമാണ്. കത്തോലിക്കാ വീക്ഷണത്തിൽ നിന്നു നോക്കുമ്പോൾ മെജുഗോറിയയെ സംബന്ധിക്കുന്നതൊക്കെ ആധികാരികമാണ്. അവിടെ സംഭവിക്കുന്ന കാര്യങ്ങൾ തെളിവുള്ളതും ബോദ്ധ്യം തരുന്നതുമാണ്" എന്നു ബാൽത്തസർ അഭിപ്രായപ്പെട്ടു. [2][3]

എന്നാൽ കാലാകാലങ്ങളിലെ മോസ്റ്റാർ രൂപതാധ്യക്ഷന്മാർ മെജുഗോറിയയിലെ ദർശനങ്ങളെപറ്റിയുള്ള അവകാശവാദങ്ങളിൽ അടിസ്ഥാനമില്ലെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. എങ്കിലും വിശ്വാസികൾ തുടർച്ചയായി പ്രകടിപ്പിച്ച താല്പര്യം പരിഗണിച്ച് 2010 മാർച്ചു മാസത്തിൽ വത്തിക്കാന്റെ കീഴിലുള്ള സത്യവിശ്വാസസമിതി, റോം രൂപതയുടെ മുൻവികാരി ജനറാൽ കർദ്ദിനാൾ കാമില്ലോ റൂയിനിയുടെ കീഴിൽ മെത്രാന്മാരും, ദൈവശാസ്ത്രജ്ഞന്മാരും വിദഗ്‌ദ്ധന്മാരും ചേർന്ന ഒരു സംഘത്തെ അതിനെക്കുറിച്ചന്വേഷിക്കാൻ നിയോഗിച്ചു.

  1. Medjugorje.org – Overview of Medjugorje
  2. Daniel Klimek, MinistryValues.com, "മെജുഗോറിയ, വിശുദ്ധിയുടെ നാടകവേദി: വോൺ ബാൽത്തസർ" Archived 2016-03-05 at the Wayback Machine.
  3. Michael O'Carroll "Medjugorje: Facts, Documents, Theology" 1989 p55
"https://ml.wikipedia.org/w/index.php?title=മെജുഗോറിയ&oldid=3674179" എന്ന താളിൽനിന്ന് ശേഖരിച്ചത്