കുന്ദലത

(Kundalatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളനോവലിന്റെ പൂർവ്വരൂപങ്ങളിൽ സുപ്രധാനസ്ഥാനം വഹിക്കുന്ന കൃതിയാണ് അപ്പു നെടുങ്ങാടിയുടെ കുന്ദലത. 1887 [1]ഒക്ടോബറിൽ കോഴിക്കോട്ടെ വിദ്യാവിലാസം അച്ചുകൂടത്തിൽനിന്നാണ് കുന്ദലത പ്രസിദ്ധീകരിക്കുന്നത്. ‘ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങൾക്കും പ്രത്യേകിച്ച് പിടിപ്പതു പണിയില്ലാത്തതിനാൽ നേരം പോകാതെ ബുദ്ധിമുട്ടുന്നവരായ സ്ത്രീകൾക്കും ദോഷരഹിതമായ ഒരു വിനോദത്തിന്നു ഹേതുവായിത്തീരുക’ എന്നതാണ് ഗ്രന്ഥത്തിന്റെ ഉദ്ദേശ്യമെന്ന് മുഖവുരയിൽ പറയുന്നു.

കുന്ദലത
കുന്ദലതാ (1887), പുറം ചട്ട
പ്രഥമപതിപ്പിന്റെ പുറം ചട്ട
കർത്താവ്അപ്പു നെടുങ്ങാടി
യഥാർത്ഥ പേര്കുന്ദലതാ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഗ്രന്ഥകർത്താ.
പ്രസിദ്ധീകരിച്ച തിയതി
1887
മാധ്യമംഅച്ചടി (പേപ്പർബാക്ക്)
ഏടുകൾ125
പാഠംകുന്ദലത at Wikisource

ഇതിവൃത്തം

തിരുത്തുക

മലയാളഭാഷയിൽ രചിക്കപ്പെട്ടതാണെങ്കിലും കേരളീയജീവിതത്തിന്റെ സവിശേഷതകളോ സമാഗ്രാനുഭൂതി നല്കുന്ന കഥാപാത്രങ്ങളോ ഈ നോവലിലില്ല.കലിംഗരാജാവിന്റെ അനിഷ്ടത്തിന് പാത്രമായിത്തീർന്ന കപിലനാഥൻ എന്ന സചിവോത്തമൻ രാജപുത്രിയായ കുന്ദലതയെയും അപഹരിച്ചുകൊണ്ട് നാടുവിടുന്നു. എങ്കിലും യുവരാജാവായ പ്രതാപചന്ദ്രൻ വിവാഹം ചെയ്യുന്നത് കപിലനാഥന്റെ പുത്രിയായ സ്വർണ്ണമയിയെയാണ്. കപിലനാഥപുത്രനായ താരാനാഥനിൽ കുന്ദലതയും അനുരക്തയാവുന്നു. കുന്ദളേശനുമായുള്ള യുദ്ധത്തിൽ ജയിച്ച കലിംഗരാജൻ താരനാഥനും കുന്ദലതയുമായുള്ള വിവാഹം നടത്തിക്കൊടുക്കുന്നതോടെ നോവൽ സമംഗളം അവസാനിക്കുന്നു.[2]

പ്രമേയം, ശൈലി

തിരുത്തുക

റൊമാൻസ് എന്ന കഥാ‍ശാഖയിൽപ്പെടുന്ന കൃതിയാണ് കുന്ദലത. നോവലിന്റെ അടിസ്ഥാനസവിശേഷതയായ കാലദേശാധിഷ്ഠിതമായ ജീവിതചിത്രീകരണം കുന്ദലതയിലില്ല. ഏതുകാലം, ഏതു ദേശം എന്ന ചോദ്യം കുന്ദലതയെ സംബന്ധിച്ച് അപ്രസക്തമാണ്. കഥയിലെ കലിംഗം, കുന്തളം എന്നീ ദേശനാമങ്ങൾക്ക് പഴയ രാജ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. നിശ്ചിതസ്ഥലകാലങ്ങളെ കുറിക്കുന്നില്ലെങ്കിലും പഴമയുടെ ഗന്ധം ഉണ്ടായിരിക്കുക എന്നത് റൊമാൻസുകളുടെ പ്രത്യേകതയാണ്. ഇതിവൃത്തം, പാത്രസൃഷ്ടി, സംഭവങ്ങൾ, പശ്ചാത്തലം, വർണ്ണന, സംഭാഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാംറൊമാൻസിന്റെ സ്വഭാവമാണ് കുന്ദലത പിന്തുടരുന്നത്. മൃഗയ, യുദ്ധം, ഉന്നതകുലജാതരുടെ പ്രണയം എന്നിവയാണ് കുന്ദലതയിൽ പരാമർശിക്കുന്നത്. ശ്ലോകങ്ങളും സംസ്കൃതപദങ്ങളും ഇടകലർത്തിയ ലളിതമായ മണിപ്രവാളഭാഷയിലാണ് കുന്ദലത എഴുതിയിട്ടുള്ളത്. കൃത്രിമമായ ഭാഷയും നിർജ്ജീവമായ സംഭാഷണങ്ങളും കൃതിയെ റൊമാൻസിനോട് ബന്ധിപ്പിക്കുന്നു. കുന്ദലത യുക്തിബദ്ധത, പ്രമേയവൈപുല്യം ഇവയിൽ ഏറെക്കുറേ വിജയിക്കുന്ന കൃതിയാണ്. കാര്യകാരണബദ്ധമായ ഇതിവൃത്തവും പരിണാമഗുപ്തിയും കുന്ദലതയുടെ സവിശേഷതയാണ്.

സ്വീകരണം

തിരുത്തുക

നിരൂപകപ്രതികരണം

തിരുത്തുക

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ള, മൂർക്കോത്ത് കുമാരൻ, എം.പി. പോൾ, ഉള്ളൂർ തുടങ്ങിയവർ മലയാളത്തിലെ ആദ്യത്തെ നോവലായി കുന്ദലതയെ പരിഗണിക്കുന്നു. പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം കേരളവർമ്മ കേരളപത്രികയിൽ കുന്ദലതയെ പ്രശംസിച്ച് എഴുതുകയുണ്ടായി. തുടർന്ന് നിരവധി പേരുടെ പ്രശംസകൾ കുന്ദലതയ്ക്കുണ്ടായി. വിദ്യാവിനോദിനിയിൽ സി.പി. അച്യുതമേനോൻ കുന്ദലതയെക്കുറിച്ച് മണ്ഡനനിരൂപണം എഴുതി. തിരു-കൊച്ചി മലബാർ ഭാഗങ്ങളിലെ സ്കൂളുകളിൽ കുന്ദലത പാഠപുസ്തകമായി. എന്നാൽ ‘പരിണാമഗുപ്തി’ ഒഴികെ നോവലിനെ വ്യാവർത്തിപ്പിക്കുന്ന ഗുണങ്ങളൊന്നും കുന്ദലതയിലില്ലെന്ന് എം.പി. പോൾ പ്രസ്താവിക്കുന്നു. ഷേക്സ്പിയറുടെ സിംബലിൻ നാടകത്തോടും വാൾട്ടർ സ്കോട്ടിന്റെ ഐവാൻ‌ഹോയോടും കുന്ദലതയ്ക്കുള്ള കടപ്പാട് എം.പി. പോൾ ചൂണ്ടിക്കാണിക്കുന്നു.[3] [4] ഇതിവൃത്തത്തിലും കഥാപാത്രങ്ങളിലും സിംബലിനോടുള്ള സാമ്യം, കുന്ദലതയുടെ ആത്മഗതം ഐവാൻ‌‌ഹോയുടെ റബേക്കയുടേതിനോടുള്ള ബന്ധം എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രഘുവംശത്തിലെ ദിലീപവർണ്ണനയോട് ഇതിലെ യോഗീശ്വരവർണ്ണനയ്ക്കുള്ള ബന്ധവും ശ്രദ്ധേയമാണ്[5].

ഇത് കൂടി കാണുക

തിരുത്തുക
  1. എം. ടി. വാസുദേവൻ നായർ
  2. ആധുനിക മലയാള സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ. ഡി. സി. ബുക്സ്. 2011. ISBN 81-713-0819-8. {{cite book}}: |first= missing |last= (help)
  3. എം.പി. പോൾ (1958). നോവൽസാഹിത്യം.
  4. ജോർജ്ജ് ഇരുമ്പയം (1981). ഉപാസിക്കുന്നു ദുഃഖത്തെ ഞാൻ. സാഹിത്യപ്രവർത്തക സഹകരണസംഘം. p. 81-85. താരതമ്യപഠനം കാണുക
  5. ജോർജ്ജ് ഇരുമ്പയം (1984). മലയാളനോവൽ പത്തൊമ്പതാം നൂറ്റാണ്ടിൽ. സാഹിത്യ പ്രവർത്തക സഹകരണ സംഘം. p. 63-68.
"https://ml.wikipedia.org/w/index.php?title=കുന്ദലത&oldid=4080398" എന്ന താളിൽനിന്ന് ശേഖരിച്ചത്