കബ്ബല്ല
യഹൂദപശ്ചാത്തലത്തിൽ ഉദ്ഭവിച്ച ഒരു ഗൂഢജ്ഞാനമാർഗ്ഗവും, അനുഷ്ഠാനസഞ്ചയവും, ചിന്താപദ്ധതിയുമാണ് കബ്ബല്ല. യഹൂദപാരമ്പര്യത്തിന്റെ അവിഭക്തഘടകമെന്ന നിലയിൽ മതപരമായി തുടങ്ങിയ കബ്ബല്ല, ക്രമേണ ക്രിസ്തീയ, നവയുഗ (New Age), താന്ത്രിക (occultist), ധർമ്മസമന്വയ (Syncretic) പാരമ്പര്യങ്ങളിലേക്കു സംക്രമിച്ചു. കബ്ബല്ലയുടെ നിർവചനം, വിവിധ ശ്രേണികളിൽ പെട്ട അനുയായികളുടെ പാരമ്പര്യങ്ങളേയും ലക്ഷ്യങ്ങളേയും ആശ്രയിച്ച് വ്യത്യസ്തമായിരിക്കുമെങ്കിലും[1] എല്ലാറ്റിനും ആധാരമായിരിക്കുന്ന അനന്ത-സനാതന-നിഗൂഢതയും അതിന്റെ സൃഷ്ടിയായ നശ്വരലോകവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കാൻ ശ്രമിക്കുന്ന ഒരു നിഗൂഢജ്ഞാനസഞ്ചയമെന്ന് അതിനെ വിശേഷിപ്പിക്കാം. പ്രപഞ്ചസ്വഭാവം, മനുഷ്യാവസ്ഥ, ഉണ്മയുടെ സ്വഭാവ-ലക്ഷ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സത്താ-സമസ്യകളെ നിർവചിക്കാനാണ് 'കബ്ബല്ല'-യുടെ ശ്രമം. ഈ സങ്കല്പങ്ങളുടെ ഗ്രഹണത്തിനു സഹായകമായ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചുകൊണ്ട്, ആത്മസാക്ഷാത്കാരത്തെ സഹായിക്കാനും അതു ശ്രമിക്കുന്നു. കബ്ബാല്ലിസ്റ്റ് പാരമ്പര്യത്തിലെ മുഖ്യരചനയായ 'സൊഹാർ', പ്രാർത്ഥനാനിരതമായ ആത്മീയതയ്ക്കു പ്രാധാന്യം കല്പിക്കുകയും പ്രാർത്ഥനയുടെ ഫലക്ഷമതയെക്കുറിച്ച് പ്രബോധിപ്പിക്കുകയും ചെയ്യുന്നു.[2]
ചില മതശാഖകളുമായി, പ്രത്യേകിച്ച് യഹൂദമതവുമായി ഗാഢബന്ധം പുലർത്തുന്നെങ്കിലും, ഒരു മതമോ, മതശാഖയോ ആയി കബ്ബല്ലയെ പരിഗണിക്കുക വയ്യ. വ്യവസ്ഥാപിത യഹൂദപാരമ്പര്യത്തിനുള്ളിൽ അത്, യോഗാത്മധാർമ്മികതയുടെ (Mystical reliegion) അടിത്തറയായിരിക്കുന്നു. തങ്ങളുടെ നിഗൂഢപ്രബോധനങ്ങളുടെ വിശദീകരണത്തിന് കബ്ബാലിസ്റ്റുകൾ മിക്കവാറും ആശ്രയിക്കുന്നത് ക്ലാസ്സിക്കൽ യഹൂദസ്രോതസ്സുകളെയാണ് ഈ പ്രബോധനങ്ങൾ, എബ്രായബൈബിളിലേയും റബൈനികസാഹിത്യത്തിലേയും ഗോപ്യസത്യങ്ങളെ വെളിപ്പെടുത്തുകയും യഹൂദധർമ്മത്തിലെ അനുഷ്ഠാനങ്ങളുടെ പ്രസക്തി വിശദീകരിക്കുകയും ചെയ്യുന്നതായി, യഹൂദപാരമ്പര്യത്തിൽ പെട്ട ചില കബ്ബാലിസ്റ്റുകൾ അവകാശപ്പെടുന്നു.[3] കബ്ബല്ല വഴി മരിച്ച് പോയവരുടെ ആത്മതേജസ്സുമായി ബന്ധപ്പെടാമെന്നാണ് പറയപ്പെടുന്നത്. യഹൂദധാർമ്മികതയിലെ ലിഖിതസഞ്ചയങ്ങൾക്കു പുറത്ത് വായിക്കപ്പെടുന്നു.
ചരിത്രം
തിരുത്തുകപരമ്പരാഗതപ്രയോക്താക്കളുടെ വിശ്വാസമനുസരിച്ച്, എല്ലാ ലോകമതങ്ങൾക്കും മുൻപാണ് കബ്ബല്ലയുടെ ഉൽപ്പത്തി. യഹൂദനിയമമായ തോറ ലോകസൃഷ്ടിക്കും മുൻപേ ഉണ്ടായിരുന്നു എന്നു കരുതിയ കബ്ബാലിസ്റ്റുകൾ[4] കബ്ബല്ലയെ സൃഷ്ടിയിലെ സകലവിധ ദർശനങ്ങളുടേയും, മതങ്ങളുടേയും, ശാസ്ത്രങ്ങളുടേയും, കലകളുടേയും, രാജനീതിയുടേയും ആദിമാതൃകയായെന്നു വിശേഷിപ്പിച്ചു.[5] എങ്കിലും കബ്ബല്ലയുടെ മൂലരൂപത്തിന്റെ ഉൽപ്പത്തിയുടെ പശ്ചാത്തലം, പൂർണ്ണമായും യഹൂദചിന്തയുടെ അതിരുകൾക്കുള്ളിലായിരുന്നു. അതിന്റെ ചരിത്രപരമായ പിറവി, 12-13 നൂറ്റാണ്ടുകളിൽ ദക്ഷിണഫ്രാൻസിലും സ്പെയിനിലും പ്രചരിച്ച യോഗാത്മയഹൂദതയിലായിരുന്നു.
കബ്ബാലിസ്റ്റ് യോഗികൾ എബ്രായബൈബിളിന്റെ ഭാഗമായ തോറയ്ക്കും ഇതര വേദഖണ്ഡങ്ങൾക്കും വ്യാഖ്യാനങ്ങൾ എഴുതി. കബ്ബല്ല പാരമ്പര്യത്തിന്റെ വേരുകൾ അതിന്റെ ചരിത്രപരമായ പിറവിക്കു മുൻപ് പൊതുവർഷം ഒന്നാം നൂറ്റാണ്ടിൽ ബാബിലോണിൽ എഴുതപ്പെട്ട സെഫർ യെഷീര (സൃഷ്ടിയുടെ പുസ്തകം) എന്ന കൃതിവരെ ചെന്നെത്തുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട സെഫർ-ഹ-ബഹിർ (പ്രകാശത്തിന്റെ പുസ്തകം) എന്ന കൃതിയും കബ്ബല്ലാ പാരമ്പര്യത്തിൽ പെടുന്നതാണ്. എങ്കിലും കബ്ബല്ലയിലെ ഏറ്റവും പേരെടുത്ത രചന പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട സൊഹാർ ആണ്. അതിന്റെ ഉല്പത്തിയെക്കുറിച്ച് പല സിദ്ധാന്തങ്ങളും ഉണ്ടെങ്കിലും 1285-നടുത്ത് മോസസ് ബെൻ ലിയോൺ സ്പെയിനിൽ എഴുതിയതാണ് അതെന്നു കരുതപ്പെടുന്നു. എങ്കിലും കബ്ബല്ല പാരമ്പര്യത്തിൽ പെടുന്നവർ അതിപുരാതനമായ ഒരു രചനയായി അതിനെ കരുതുന്നു. പൊതുവർഷം രണ്ടാം നൂറ്റാണ്ടിലെ യഹൂദമനീഷി റബൈ ശിമയോൻ ബാർ യോഹായുടെ പേരിലാണ് അത് എഴുതപ്പെട്ടിരിക്കുന്നത്. അതിനു നേടാൻ കഴിഞ്ഞ പ്രചാരം ഏറെക്കാലം പല യഹൂദസമൂഹങ്ങളിലും താൽമുദ് പഠനത്തെ തന്നെ ഇല്ലാതാക്കി.[6]
16-ആം നൂറ്റാണ്ടിൽ ഓട്ടൊമൻ പലസ്തീനയിലുണ്ടായ യഹൂദമിസ്റ്റിക്കൽ നവീകരണത്തിൽ കബ്ബല്ല പാരമ്പര്യം പുനർനിർവചിക്കപ്പെട്ടു. റബ്ബൈ ഐസക്ക് ലൂറിയ (1534-1572) എന്ന യഹൂദമിസ്റ്റിക്കായിരുന്നു ഈ നവീകരണത്തിനു മുൻകൈയ്യെടുത്തത്. കബ്ബല്ലയുടെ ഈ പുത്തൻഭാഷ്യം ലൂറിയാനിക് കബ്ബല്ല എന്നറിയപ്പെട്ടു.[7] 18-ആം നൂറ്റാണ്ടു മുതൽ അത് ഹാസിദീയയഹൂദതയുടെ രൂപത്തിൽ ജനപ്രീയമായി. 20-ആം നൂറ്റാണ്ടിൽ കബ്ബല്ലയിലുണ്ടായ പുതിയ താത്പര്യം, വിഭാഗീയതകളെ അതിലംഘിച്ചു നിന്ന ഒരു യഹൂദനവീകരണത്തെ പ്രചോദിപ്പിച്ചതിനൊപ്പം യഹൂദേതരമായ നവയുഗ ആത്മീയതയെ വളർത്തുകയും ചെയ്തു. ഈ താത്പര്യത്തിന്റെ പ്രചോദനത്തിൽ ആരംഭിച്ച അക്കാദമിക അന്വേഷങ്ങൾ, കബ്ബല്ലയുടെ തന്നെ വർദ്ധിതവീര്യത്തോടെയുള്ള ഉയിർത്തെഴുന്നേൽപ്പിന് അവസരമൊരിക്കുകയും അതിന്റെ ചരിത്രപ്രസക്തി എടുത്തുകാട്ടുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബൊഹീമിയയിൽ ജീവിച്ചിരുന്ന വിഖ്യാതസാഹിത്യകാരൻ ഫ്രാൻസ് കാഫ്കയുടെ ചിന്തയേയും രചനകളേയും കബ്ബല്ല ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ജീവചരിത്രകാരൻ റോണാൾഡ് ഹെയ്മാൻ, ജൂതവംശജനായിരുന്ന കാഫ്കയെ "മോഡേൺ കബ്ബാലിസ്റ്റ്" എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.[8]
വിശ്വാസങ്ങൾ
തിരുത്തുകബൈബിൾ പോലുള്ള വിശുദ്ധലിഖിതങ്ങൾക്ക് അവയുടെ തെളിവായ അർത്ഥത്തിനു പുറമേ നിഗൂഢമായ അർത്ഥതലങ്ങളുമുണ്ട് എന്ന വിശ്വാസമാണ് കബ്ബല്ല വ്യാഖ്യാനങ്ങളുടെ അടിത്തറ. നിഗൂഢാർത്ഥങ്ങളുടെ അനാവരണത്തിന് കബ്ബാലിസ്റ്റുകൾ പല മാർഗ്ഗങ്ങളും അവലംബിച്ചു. എബ്രായ ലിപിവ്യവസ്ഥയിലെ 10 അക്കങ്ങൾ വർണ്ണമാലയിലെ അക്ഷരങ്ങൾ തന്നെ ആയതിനാൽ വിശുദ്ധലിഖിതങ്ങളിലെ സംജ്ഞാനാമങ്ങളെ അവയിലെ വർണ്ണങ്ങളുടെ സംഖ്യാമൂല്യത്തെ ആശ്രയിച്ച് സംഖ്യകളായി പരിവർത്തനം ചെയ്യുകയായിരുന്നു ഒരു മാർഗ്ഗം. അങ്ങനെ രൂപപ്പെടുത്തിയ 'സംഖ്യായോഗാത്മകത' (number mysticism) കബ്ബാലിസ്റ്റുകളെ സവിശേഷമായൊരു ദൈവപ്രത്യക്ഷസങ്കല്പത്തിൽ എത്തിച്ചു. എകനായിരിക്കെ പൂർണ്ണതയുടെ വ്യത്യസ്തശ്രേണികളിൽ സ്വയം പ്രകടമാകുന്നവനായിരുന്നു ഈ സങ്കല്പത്തിലെ ദൈവം.
ദൈവത്തെ എല്ലാവിധ വിശേഷണങ്ങൾക്കും ഗുണങ്ങൾക്കും ഉപരി നിൽക്കുന്നവനായി കണ്ട അവർ, ദൈവത്തിനും പ്രപഞ്ചത്തിനുമിടയിൽ 'ദൈവികനിർഗ്ഗളനങ്ങളുടെ'(emanations) ഒരു പരമ്പര സങ്കല്പിച്ചു. ഈ പരമ്പരയിൽ നിർഗ്ഗളനങ്ങളുടെ എണ്ണം പത്താണ്. ദൈവികഅപാരതയുടെ പ്രകടനങ്ങൾ മാത്രമായ ഈ നിർഗ്ഗളനങ്ങൾക്ക് ദൈവികതയോടു ചേർന്നല്ലാതെ അവയിൽ തന്നെ അസ്തിത്വമില്ല. ഈ നിർഗ്ഗളനങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ ത്രിലോകങ്ങളും ഉരുവെടുക്കുന്നു. എല്ലാ സൃഷ്ടിയുടെയും അന്തിമലക്ഷ്യം സ്രഷ്ടാവിലേക്കുള്ള മടക്കമാണ്. പരമ്പരയുടെ ഇങ്ങേയറ്റത്തുള്ളവനും, ബ്രഹ്മാണ്ഡത്തെ തന്നെ പ്രതിഫലിപ്പിക്കുന്ന സൂക്ഷ്മജഗത്തുമായി കബ്ബല്ല മനുഷ്യനെ സങ്കല്പിച്ചു. മനുഷ്യാത്മാക്കൾ പൂർണ്ണതയിലെത്തിയ ശേഷം മാത്രം ദൈവികസത്തയിൽ മടങ്ങിയെത്തുന്നു. പൂർണ്ണതയുടെ പ്രാപ്തിക്ക് ചിലപ്പോൾ ജന്മാന്തരങ്ങൾ വേണ്ടി വരാം. [9] കബ്ബാലിസ്റ്റുകളുടെ ആശയങ്ങളിൽ പലതും ജ്ഞാനവാദ, നവപ്ലേറ്റോണിക സ്രോതസ്സുകളിൽ നിന്നു കടംകൊണ്ടവ ആയിരുന്നു. [10]
വിലയിരുത്തൽ
തിരുത്തുകയോഗാത്മധാർമ്മികതയുടെ ഒരു ധാര യഹൂദമതത്തിൽ ഒരു നൂറ്റാണ്ടിലും ഇല്ലാതിരുന്നിട്ടില്ല. കബ്ബല്ലയെപ്പോലുള്ള മിസ്റ്റിക്കൽ മുന്നേറ്റങ്ങൾ, റബൈനികയഹൂദതയുടെ ഖനീഭവിച്ച ശുഷ്കപാണ്ഡിത്യത്തെ എതിർക്കുകയും സാധാരണവിശ്വാസികളുടെ ദൈവസംയോഗവാഞ്ചയുമായി സംവദിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിൽ ഹാസിദീയതയുടെ രൂപത്തിൽ കബ്ബാലിസ്റ്റ് യോഗാത്മയഹൂദത കിഴക്കൻ യൂറോപ്പിലെ 'അസ്കനാസി' സമൂഹങ്ങളിൽ പ്രചരിച്ചപ്പോൾ വ്യവസ്ഥാപിത യഹൂദനേതൃത്വം അതിനു ഭ്രഷ്ടു കല്പിച്ചു. തുടർന്ന് നിലനിൽപിനായി ഹാസിദീയർക്ക് സ്വന്തം സിനഗോഗുകൾ സ്ഥാപിച്ച് മറ്റൊരു വിഭാഗമായി സംഘടിക്കേണ്ടി വന്നു.[10]
കബ്ബല്ലയിലെ നിർഗ്ഗളനസിദ്ധാന്തം ഇല്ലായ്മയിൽനിന്നുള്ള സൃഷ്ടിയെ സംബന്ധിച്ച് യഹൂദ-ക്രിസ്തീയ വിശ്വാസവുമായി ചേർന്നു പോകുന്നതല്ല. ഇതിനുപുറമേ ബ്രാഹ്മാണ്ഡ-സൂക്ഷ്മജഗത്തുക്കളുടെ പാരസ്പര്യം, അക്ഷരങ്ങൾക്കുള്ളതായി കല്പിക്കപ്പെടുന്ന ശക്തി, മന്ത്രങ്ങളിലും തകിടുകളിലും ഉള്ള ആശ്രയം എന്നിങ്ങനെ കബ്ബല്ലയിലെ പല വിശ്വാസങ്ങളും വ്യവസ്ഥാപിതയഹൂദതയുടെ പ്രബോധനങ്ങൾക്ക് ഇണങ്ങാത്തവയാണെന്നും ഉപനിഷത്തുകളിലേയും താന്ത്രികധർമ്മത്തിലേയും വിശ്വാസങ്ങളെയാണ് അവ അനുസ്മരിപ്പിക്കുന്നതെന്നും എസ്. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[9]
കബ്ബല്ലയിലെ ദൈവികവെളിപാടുകളിലുള്ള അതിരറ്റ വിശ്വാസം, യഹൂദസമൂഹങ്ങളിൽ ശാസ്ത്രത്തിലും തത്ത്വചിന്തയിലുമുള്ള താത്പര്യത്തെ ക്ഷയിപ്പിച്ചുവെന്ന് വിൽ ഡുറാന്റ് ചൂണ്ടിക്കാട്ടുന്നു. 12-13 നൂറ്റാണ്ടുകളിലെ മൈമോനിഡിയൻ യുക്തിയുടെ 'സുവർണ്ണയുഗം' സൊഹാറിലെ "കണ്ണഞ്ചിപ്പിക്കുന്ന അസംബന്ധങ്ങൾക്കു" (brillinant nonsesne) വഴിമാറിയപ്പോൾ ക്രിസ്തീയചിന്തകന്മാരെപ്പോലും അതു സ്വാധീനിച്ചു. നിഗൂഢവെളിപാടുകളുടെ മാർഗ്ഗം ക്രിസ്ത്യാനികളേയും മുസ്ലിങ്ങളേയുകാൾ അധികം യഹൂദരെ സ്വാധീനിച്ചത്, ഈലോകം അവർക്ക് കൂടുതൽ ദുരിതപൂർണ്ണം ആയിരുന്നതുകൊണ്ടാണെന്ന വിശദീകരണവും ഡുറാന്റ് നൽകുന്നുണ്ട്.[6]
ആധുനികകാലത്തെ യഹൂദനവീകരണവാദികൾ യോഗാത്മധാർമ്മികതയെ (Mysticism), മദ്ധ്യയുഗത്തിന്റെ അവശിഷ്ടവും യഹൂദജനതയുടെ പുരോഗതിക്ക് തടസ്സവുമായി കരുതി. കബ്ബല്ലയുടേയും കബ്ബാലികളുടെ വിശുദ്ധഗ്രന്ഥമായ സൊഹറിന്റേയും അവർ പ്രാധാന്യം കുറച്ചുകാട്ടി. ആധികാരികമായ യഹൂദവിശ്വാസവുമായി ബന്ധമില്ലാത്തതും ഒറ്റപ്പെട്ട വിഭാഗങ്ങൾക്കിടയിൽ മാത്രം പ്രചരിച്ചതുമായ ഒരു അപഭ്രംശമായി അവർ അതിനെ ചിത്രീകരിച്ചു. എങ്കിലും നൂറ്റാണ്ടുകളോളം യഹൂദമതത്തിലെ കേന്ദ്രവിശ്വാസമായിരുന്നു കബ്ബല്ല എന്ന് ഇരുപതാം നൂറ്റാണ്ടിലെ യഹൂദ-ദാർശനികനും ചരിത്രകാരനുമായ ഗെർഷം ഷോലം (Gershon Scholem) ചൂണ്ടികാണിച്ചിട്ടുണ്ട്. മനുഷ്യവർഗ്ഗത്തിന്റെ ആത്മീയാന്വേഷണത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ പ്രസ്ഥാനങ്ങളിൽ ഒന്നുതന്നെയായിരുന്നു അത്. 1950-ൽ, ഇസ്രായേലിലേയ്ക്ക് കുടിയേറാനായി മലമ്പ്രദേശങ്ങളിൽ നിന്ന് തിരക്കിട്ട് എല്ലാം ഉപേക്ഷിച്ച് ഇറങ്ങിവന്ന യെമനിലെ യഹൂദരുടെ കൈയ്യിൽ ആകെ ഉണ്ടായിരുന്നത് കബ്ബല്ല വിശുദ്ധഗ്രന്ഥമായ സൊഹാറിന്റെ പ്രതികൾ മാത്രമായിരുന്നു.[7]
അവലംബം
തിരുത്തുക- ↑ Kabbalah: A very short introduction, Joseph Dan, Oxford University Press, Chapter 1 "The term and its uses"
- ↑ എസ്. രാധാകൃഷ്ണൻ, "റിക്കവറി ഓഫ് ഫെയ്ത്ത്" (പുറം 117)
- ↑ "Imbued with Holiness" Archived 2010-10-12 at the Wayback Machine. - The relationship of the esoteric to the exoteric in the fourfold Pardes interpretation of Torah and existence. From www.kabbalaonline.org
- ↑ റോണാൾ ഹെയ്മാൻ എഴുതിയ ഫ്രാൻസ് കാഫ്കയുടെ ജീവചരിത്രം 'K' A Biography of Kafka(പുറം 192)
- ↑ "The Freedom" by Yehuda Ashlag, "Baal HaSulam"
- ↑ 6.0 6.1 വിൽ ഡുറാന്റ്, "വിശ്വാസത്തിന്റെ യുഗം"സംസ്കാരത്തിന്റെ കഥ (നാലാം ഭാഗം - പുറങ്ങൾ 416-19)
- ↑ 7.0 7.1 റബ്ബൈ സ്റ്റീഫൻ എം.വൈലൻ : Settins of Silver, An Introduction to Judaism (പുറങ്ങൾ 229-239)
- ↑ റൊണാൾഡ് ഹെയ്മാൻ, പുറങ്ങൾ 218, 220, 231 & 271
- ↑ 9.0 9.1 എസ്. രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും (പുറങ്ങൾ 197-98)
- ↑ 10.0 10.1 John A Hutchison, Paths of Faith (പുറങ്ങൾ 389-91)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Cabala - 1906 Jewish Encyclopedia's scholarship view
- Kabbalah Red Bracelets - Information about Kabbalah Bracelets, history and meaining
- Don Karr's Bibliographic Surveys of contemporary academic scholarship on all traditions of Kabbalah
- Kabbalah and Jewish Mysticism - Kabbalah article at JewFaq.org
- Kabbalah.com - Official site of the Kabbalah Centre
- Kabbalaonline.org Archived 2007-12-13 at the Wayback Machine. - Orthodox kabbalah reference portal