യോഹന്നാൻ കാസിയൻ

(John Cassian എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ദൈവശാസ്ത്രജ്ഞനും സന്യാസിയും വിശുദ്ധനുമാണ് ജോൺ കാസിയൻ (സു. ക്രി.വ. 360–435) (John Cassian - ജൊആനൂസ് കാസിയാനൂസ്'). ഏറെ വിലമതിക്കപ്പെടുന്ന ഒരുപറ്റം യോഗാത്മരചനകളുടെ (mystical writings) പേരിൽ പാശ്ചാത്യ-പൗരസ്ത്യ ക്രിസ്തീയസഭകളിൽ ഇദ്ദേഹം ബഹുമാനിക്കപ്പെടുന്നു. പലസ്തീനയിലും, ഈജിപ്തിലും വികസിച്ചുവന്ന ക്രിസ്തീയസന്യാസത്തിന്റെ മുറകളേയും ആശയങ്ങളേയും ഭേദഗതികളോടെ പാശ്ചാത്യലോകത്ത് പ്രചരിപ്പിച്ചത് അദ്ദേഹമാണ്‌. ഭിക്ഷുവായ യോഹന്നാൻ, റോമാക്കാരൻ യോഹന്നാൻ, എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. സിത്തിയയിലെ സന്യാസിമാരിലും (Scythian monks) മരുഭൂമിയിലെ പിതാക്കന്മാരിലും (Desert Fathers) പെടുന്നവനായും അദ്ദേഹത്തെ കണക്കാക്കാറുണ്ട്.

വിശുദ്ധ യോഹന്നാൻ കാസിയൻ
Saint John Cassian
Confessor
ജനനംc. 360[1]
Scythia Minor (now Dobrogea, Romania)
മരണംc. 435
Marseille, France
വണങ്ങുന്നത്Eastern Orthodox Church, Roman Catholic Church, Anglican Communion, Eastern Catholic Churches
പ്രധാന തീർത്ഥാടനകേന്ദ്രംMonastery of St Victor, Marseille
ഓർമ്മത്തിരുന്നാൾEast:February 29th (28th non-leap years), Episcopal Church (USA); West:July 23

ജീവിതരേഖ

തിരുത്തുക

ആദ്യകാലം

തിരുത്തുക

ക്രി.വ. 360-നടുത്ത്, ചെറിയ സിത്തിയായിൽ(സിത്തിയ മൈനർ) ഇന്നത്തെ റൊമാനിയായിലെ കോൺസ്റ്റന്റ്സാ നഗരത്തിനടുത്താണ്‌ യോഹന്നാൻ കാസിയൻ ജനിച്ചത്.[2] എന്നാൽ ഇന്നത്തെ ഫ്രാൻസ്, ബെൽജിയം പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്ന പെടുന്ന പുരാത ഗോളിൽ (Gaul) ആണ്‌ അദ്ദേഹം ജനിച്ചതെന്നും വാദമുണ്ട്. [3] യൗവനാരംഭത്തിൽ അദ്ദേഹവും ജെർമാനൂസ് എന്ന ജ്യേഷ്ഠസുഹൃത്തും പലസ്തീനയിലെത്തി ബെത്‌ലഹേമിനടുത്ത് ഒരു സന്യാസാശ്രമത്തിൽ പ്രവേശിച്ചു. അവിടെ മൂന്നു വർഷം ചെലവഴിച്ച ശേഷം അവർ, സന്യാസജീവിതത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ, കടുത്ത തപസ്ചര്യകൾക്കു പേരുകേട്ട ക്രിസ്തീയസന്യാസികളുടെ നാടായിരുന്ന ഈജിപ്തിലേയ്ക്കു പോയി. അവിടെ വിവിധസന്യാസസമൂഹങ്ങളിൽ അവർ പതിനഞ്ചു വർഷം കഴിഞ്ഞു. എന്നാൽ ക്രി.വ. 399-ൽ അലക്സാണ്ഡ്രിയയിലെ പാത്രിയർക്കീസായിരുന്ന തിയോഫിലസ്, ഈശ്വരനിൽ മനുഷ്യരൂപം ആരോപിക്കുന്നതിനെ സംബന്ധിച്ച് തുടങ്ങിവച്ച തർക്കം (Anthropomorphic controversy) സഭാപിതാവായ ഒരിജന്റെ സിദ്ധാന്തങ്ങളുടെ തിരസ്കാരത്തിൽ കലാശിച്ചപ്പോൾ, കാസിയനും, ജെർമ്മാനൂസും, ഒരിജൻ-വാദികളായിരുന്ന വേറെ മുന്നൂറോളം സന്യാസികളും ഈജിപ്ത് വിട്ട്, കോൺസ്റ്റാന്റിനോപ്പിളിലെത്തി. അവിടെ അവർ പാത്രിയർക്കീസായിരുന്ന പ്രശസ്ത പ്രഭാഷകൻ യോഹന്നാൻ ക്രിസോസ്തമസിന്റെ സം‌രക്ഷണം തേടി. ക്രിസോസ്തമസ് കാസിയന്‌ ശെമ്മാശൻ പട്ടം കൊടുക്കുകയും തന്റെ അനുചരന്മാരായിരുന്ന പുരോഹിതരുടെ സംഘത്തിൽ ചേർക്കുകയും ചെയ്തു. കോൺസ്റ്റാന്റിനോപ്പിളിലെ രാജഭവനവുമായുള്ള ക്രിസോസ്തമസിന്റെ സംഘർഷത്തിന്റെ ആരംഭകാലമായിരുന്നു അത്. ആ സംഘർഷത്തിന്റെ ഫലമായി ക്രി.വ. 404-ൽ ക്രിസോസ്തമസ് നാടുകടത്തപ്പെട്ടപ്പോൾ, അദ്ദേഹത്തിനു വേണ്ടി റോമിൽ ഇന്നസന്റ് ഒന്നാമൻ മാർപ്പാപ്പയുടെ മുൻപാകെ നിവേദനം കൊടുക്കാൻ നിയോഗിക്കപ്പെട്ടത്, ലത്തീൻ ഭാഷ അറിയാമായിരുന്ന കാസിയനാണ്‌. റോമിലെത്തിയപ്പോൾ കാസിയൻ ശെമ്മാശൻ മാത്രമായിരുന്നതു കൊണ്ട് അവിടെ വച്ചാണ്‌ അദ്ദേഹം പൗരോഹിത്യത്തിലേയ്ക്ക് ഉയർത്തപ്പെട്ടതെന്ന് കരുതപ്പെടുന്നു.[3]

ആശ്രമാധിപൻ

തിരുത്തുക

ക്രി.വ. 410-ൽ അലാറിക്കിന്റെ വിസിഗോത്ത് സൈന്യം റോം കൊള്ളയടിച്ചതിനെ തുടർന്ന്, പരമ്പരാഗതസമൂഹത്തിൽ ശാന്തിയും സുരക്ഷിതത്ത്വവും അന്വേഷിക്കുന്നതിന്റെ വ്യർത്ഥത കാസിയന്‌ ബോദ്ധ്യമായെന്ന് പറയപ്പെടുന്നു.[4] ഏതായാലും റോമിലായിരിക്കെ കാസിയന്‌ തെക്കൻ ഫ്രാൻസിൽ മാർസേയ്ക്ക് (Marseille) സമീപം ഈജിപ്തിലേതുപോലെ പോലെയുള്ള ഒരു സന്യാസാശ്രമം തുടങ്ങാൻ ക്ഷണം കിട്ടി. ക്രി.വ. 404-നും 415-നും ഇടയ്ക്ക് അദ്ദേഹം അന്ത്യോഖ്യായിൽ പുരോഹിതവൃത്തിയിൽ കുറേക്കാലം ചെലവഴിച്ചിരിക്കാനും സാധ്യതയുണ്ട്. ഏതായാലും 415-നടുത്തെങ്ങോ ആണ്‌ അദ്ദേഹം മാർസേയിൽ എത്തിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ആശ്രമങ്ങളുടെ സമുച്ചയമായി അദ്ദേഹം സ്ഥാപിച്ച വിശുദ്ധ വിക്ടോറിയസിന്റെ ആശ്രമം, അത്തരത്തിൽ പാശ്ചാത്യലോകത്തുണ്ടായ ആദ്യത്തെ സ്ഥാപനങ്ങളിൽ പെടുന്നു. പിൽക്കാലത്തെ ആശ്രമങ്ങൾക്ക് അത് മാതൃകയായിത്തീർന്നു. പാശ്ചാത്യ ക്രൈസ്തവസന്യാസത്തിലെ നിർണ്ണായകവ്യക്തിത്വമായ നർസിയായിലെ ബെനഡിക്ടിനെ കാസിയന്റെ രചനകൾ കാര്യമായി സ്വാധീനിച്ചു. "ബെനഡിക്ടിന്റെ നിയമം" എന്നറിയപ്പെടുന്ന" സന്യാസനിയമസംഹിതയിൽ കാസിയന്റെ തത്ത്വങ്ങൾ പലതും ഉൾപ്പെടുത്തിയ ബെനഡിക്ട്, കാസിയന്റെ രചനകൾ വായിക്കാൻ തന്റെ സന്യാസികളെ ഉപദേശിക്കുകയും ചെയ്തു. ബെനഡിക്ടൻ, സിസ്റ്റേഴ്സിയൻ, ട്രാപ്പിസ്റ്റ് സന്യാസസമൂഹങ്ങൾ "ബെനഡിക്ടിന്റെ നിയമം" ഇപ്പോഴും പിന്തുടരുന്നതിനാൽ, അതിലൂടെ പാശ്ചാത്യസഭയിലെ ആയിരക്കണക്കിന്‌ സന്യാസിനീ-സന്യാസികളെ കാസിയൻ സ്വാധീനിക്കുന്നുവെന്ന് പറയാം.

മരണം, വിശുദ്ധപദവി

തിരുത്തുക

ക്രി.വ. 435-ൽ യോഹന്നാൻ കാസിയൻ മാർസേയിൽ മരിച്ചു. പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ അദ്ദേഹത്തെ വിശുദ്ധനായി വണങ്ങുന്നു‌. കാസിയന്റെ തിരുനാൾ ദിനമായി കണക്കാക്കപ്പെടുന്നത് ഫെബ്രുവരി 29 ആണ്‌. എന്നാൽ ഈ തിയതി നാലുവർഷത്തിലൊരിക്കൽ മാത്രം വരുന്നതിനാൽ, ഈ സഭകൾ അദ്ദേഹത്തിന്റെ തിരുനാൾ, ഒരു ദിവസം മുൻപ്, ഫെബ്രുവരി 28-നു ആഘോഷിക്കുന്നതും പതിവാണ്‌. അമേരിക്കയിലെ എപ്പിസ്കോപ്പൽ സഭകളുടെ കലണ്ടറിലും കാസിയന്റെ തിരുനാൾദിനം ഫെബ്രുവരി 29 ആണ്‌‌. റോമൻ കത്തോലിക്കാ സഭയ്ക്കു പൊതുവായ പുണ്യവാന്മാരുടെ കലണ്ടറിൽ കാസിയന്‌ സ്ഥാനം നൽകിയിട്ടിലെങ്കിലും ആ സഭയുടെ പുണ്യവാന്മാരുടെ പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി ജൂലൈ 23 അദ്ദേഹത്തിന്റെ തിരുനാൾ ദിനമായി നിശ്ചയിച്ചിട്ടുണ്ട്.[5] കാസിയൻ ആശ്രമാധിപനായിരുന്ന മാർസേയിലെ രൂപതയും ചില സന്യാസസമൂഹങ്ങളുമാണ്‌ ആ ദിവസം അദ്ദേഹത്തിന്റെ തിരുനാൽ ആഘോഷിക്കുന്നത്.

മാർസേയിലെ വിശുദ്ധ വിക്ടോറിയസിന്റെ ആശ്രമത്തിൽ, സ്ഥലനിരപ്പിനു താഴെയുള്ള ഒരു ചാപ്പലിലാണ്‌ കാസിയന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ശിരസും വലം കൈയ്യും അവിടത്തെ പ്രധാന ദേവാലയത്തിലാണ്‌.

ഗ്രന്ഥരചനയുടെ ലോകത്തിലേയ്ക്ക് യോഹന്നാൻ കാസിയൻ കടന്നത് വളരെ വൈകിയാണ്‌. പ്രധാനപ്പെട്ട ഏതെങ്കിലും വ്യക്തിയുടേയോ വ്യക്തികളുടേയോ അഭ്യർത്ഥനയെ മാനിച്ചു മാത്രമേ അദ്ദേഹം എഴുതിയിട്ടുള്ളു. മറ്റുള്ളവരിൽ സ്വാംശീകരിച്ചവയും കാസിയന്റെ തന്നെ ചിന്തയിൽ ഉദിച്ചവയും ആയ ആശയങ്ങളുടെ രേഖകളാണ്‌ ഈ രചനകൾ.


സ്ഥാപനങ്ങൾ(Institutions), സമ്മേളനങ്ങൾ(Conferences) എന്നിങ്ങനെ രണ്ട് ആധ്യാത്മരചനകളാണ്‌ കാസിയൻ പ്രധാനമായും നിർ‌വഹിച്ചിട്ടുള്ളത്. ഇവവഴി അദ്ദേഹം ഈജിപ്തിൽ ജീവിച്ചിരുന്ന മരുഭൂമിയിലെ പിതാക്കന്മാരുടെ ജ്ഞാനത്തെ ചിട്ടപ്പെടുത്തുകയും പിൽക്കാലതലമുറകൾക്ക് പകർന്നുകൊടുക്കുകയും ചെയ്തു. ഈ കൃതികൾ അദ്ദേഹം എഴുതിയത് ആപ്റ്റിലെ മെത്രാൻ കാസ്റ്റർ, ഒന്നാം ലിയോ മാർപ്പാപ്പ തുടങ്ങിയവരുടേയും ഗോളിലെ ഒട്ടേറെ മെത്രാന്മാരുടേയും സന്യാസികളുടേയും നിർബ്ബന്ധത്തിനു വഴങ്ങിയാണ്‌. ഇവയിൽ, ആദ്യത്തേതായ സ്ഥാപനങ്ങൾ സന്യാസസമൂഹങ്ങളുടെ ബാഹ്യമായ സംഘടനാക്രമത്തെക്കുറിച്ചാണ്‌‌. ഇതിന്റെ ആദ്യത്തെ നാലു ഭാഗങ്ങളിൽ അദ്ദേഹം സന്യാസികളുടെ വസ്ത്രധാരണരീതിയേയും പ്രാർത്ഥനകളേയും സന്യാസനിഷ്ഠകളേയും പരിഗണിക്കുന്നു. 5 മുതൽ 12 വരെ ഭാഗങ്ങൾ സന്യാസജീവിതത്തിന്റെ സദാചാരവശത്തെക്കുറിച്ചാണ്‌. എട്ടു മുഖ്യ തിന്മകളായ ഭക്ഷണപ്രിയം, ആഡംബരം, ദുര, കോപം, മടി, ഉപേക്ഷ, നിഗളം, അഹങ്കാരം എന്നിവയെ സന്യാസികൾ എങ്ങനെ ചെറുക്കണമെന്ന് ഈ ഭാഗത്ത് കാസിയൻ ഉപദേശിക്കുന്നു. സമ്മേളനങ്ങളിൽ വിഷയമായിരിക്കുന്നത് ആന്തരമനുഷ്യന്റെ പരിശീലനവും ഹൃദയപരിപൂർണ്ണതയും ആണ്‌. ഈജിപ്തിലെ പുരാതന തപോഭൂമിയായ സെറ്റിസിലെ(Scetis) താപസപിതാക്കന്മാരുമായി ആധ്യാത്മികജീവിതത്തിന്റെ തത്ത്വങ്ങളെക്കുറിച്ച് കാസിയൻ നടത്തിയ സംഭാഷണങ്ങളുടെ സംഗ്രഹമാണ്‌ ഈ കൃതി. ആദ്ധ്യാത്മദൈവശാസ്ത്രത്തിലേയും താപസജീവിതത്തിലേയും പ്രശ്നങ്ങളെ അദ്ദേഹം ഈ കൃതിയിൽ ഇനം തിരിച്ച് പരിഗണിക്കുന്നു. ബെനഡിക്ടൻ സന്യാസാശ്രമംങ്ങളിൽ ഈ കൃതി ലഘുഭക്ഷണാവസരങ്ങളിൽ വായിക്കുക പതിവായി. അതിനാൽ, ലത്തീനിൽ ഈ കൃതിയുടെ പേരിലുള്ള കോളേഷൻസ്(Collationes) എന്ന പദം കാലക്രമത്തിൽ ലഘുഭക്ഷണത്തിന്റെ പര്യായപദം തന്നെയായി.[6][7]


കർത്താവിന്റെ മനുഷ്യാവതാരത്തെക്കുറിച്ച് (On the Incarnation of the Lord) എന്ന പേരിൽ മൂന്നാമതൊരു കൃതിയും കാസിയൻ രചിച്ചിട്ടുണ്ട്. നെസ്തോറിയൻ "പാഷണ്ഡതയെ" വിമർശിക്കുന്ന ഈ കൃതി, റോമിലെ മെത്രാനായിരുന്ന ലിയോ ഒന്നാമൻ മാർപ്പാപ്പയുടെ അഭ്യർത്ഥന അനുസരിച്ച്, എഴുതിയതാണ്‌.


ലത്തീൻ ഭാഷയിൽ, നേർക്കുനേരായ ലളിത ശൈലിയിൽ എഴുതപ്പെട്ട കാസിയന്റെ കൃതികൾ, പൗരസ്ത്യദേശത്തെ സന്യാസികളുടെ ഉപയോഗത്തിനായി ഉടനേ ഗ്രീക്ക് ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. അക്കാലത്ത് ലത്തിനിലുള്ള ക്രിസ്തീയരചനകളുടെ ത്വരിതമായ ഗ്രീക്ക് പരിഭാഷ അത്ര സാധാരണമല്ലായിരുന്നു. ആ നിലയ്ക്ക്, പാശ്ചാത്യപൗരസ്ത്യസഭകൾ തമ്മിൽ അകലം വർദ്ധിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ, ഇരു സഭകൾക്കും സ്വീകാര്യനായി അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായി കാസിയൻ നിലകൊണ്ടു.[2]

കാസിയന്റെ യോഗമാർഗ്ഗം

തിരുത്തുക
 
ആദ്ധ്യാത്മിക പുരോഗതിയുടെ ഉന്നതശൃഗത്തിൽ എത്തിച്ചേർന്ന സന്യാസികൾ ധരിച്ചിരുന്ന മാർപ്പട്ട(Schema)

പരിത്യാഗജീവിതത്തിന്റെ മേന്മ അംഗീകരിച്ചതിനൊപ്പം തീവ്രവൈരാഗ്യത്തിന്റെ വഴി പിന്തുടരാതിരുന്നതാണ്‌ കാസിയനെ ശ്രദ്ധേയനാക്കുന്നത്. സന്യാസജീവിതത്തിന്റെ ലക്ഷ്യമായി കാസിയൻ കണ്ടത് ഹൃദയവിശുദ്ധിയാണ്‌. ആ ലക്ഷ്യം പ്രാപിക്കാനായി പരിത്യജിക്കേണ്ട തിന്മകളേയും ആർജ്ജിക്കേണ്ട ഗുണങ്ങളേയും അദ്ദേഹം അന്വേഷിച്ചു. കാസിയൻ നിർദ്ദേശിച്ച ആശ്രമജീവിതചര്യ, നിരന്തരമായ പ്രാർത്ഥനയും, വിശുദ്ധഗ്രന്ഥപാരായണവും, സക്രിയമായ ധ്യാനവും അടങ്ങിയതായിരുന്നു. സന്യാസികൾ നിർ‌വ്വചിതമായ ഒരു ചട്ടക്കൂടിൽ ചിട്ടയോടെ ജീവിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം എടുത്തു പറഞ്ഞു. സന്യാസവഴിയിൽ, മാസ്മരികതയുള്ള ഒരു നേതാവിനെ ആവേശത്തോടെ പിന്തുടരുക മാത്രം ചെയ്യുന്നതിലെ അപകടം കാസിയന്‌ അറിയാമായിരുന്നു. കടുത്ത വൈരാഗ്യത്തിന്റെ വഴി അദ്ദേഹം തള്ളിപ്പറഞ്ഞു. ഭക്ഷണം ലഭ്യമാണെന്നിരിക്കെ സന്യാസി അതിനെ നിരസിക്കേണ്ടതില്ല. ഭക്ഷണത്തോടോ പണത്തോടോ വസ്തുവകകളോടോ ഉള്ള മമത അതിരുവിടുമ്പോൾ മാത്രമാണ്‌ സന്യാസി വഴിതെറ്റുന്നത്. ആശ്രമത്തിനു പുറത്തുള്ള സമൂഹത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞ് അവരുമായി സഹകരിച്ച് അവർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ജീവിക്കാൻ സന്യാസികൾ ശ്രമിക്കണം എന്നും കാസിയൻ കരുതി.[8]

ഈജിപ്തിലെ മരുഭൂമികളിൽ വസിച്ചിരുന്ന സന്യാസികൾ യോഗാത്മകതയിലേയ്ക്ക് പിന്തുടർന്നിരുന്ന മൂന്നു ഘട്ടങ്ങളുള്ള വഴിയാണ്‌ കാസിയൻ തന്റെ മാതൃകയാക്കിയത്‌. ലത്തീനിൽ "പർഗേഷ്യോ"(Purgatio) എന്നും ഗ്രീക്കിൽ "കത്താർസിസ്"(Catharsis) എന്നും അറിയപ്പെട്ടിരുന്ന ആദ്യഘട്ടം ശുദ്ധീകരണത്തിന്റേതായിരുന്നു. പ്രാർത്ഥനയും പരിത്യാഗപ്രവർത്തികളും വഴി മാംസമായ ശരീരത്തിന്റെ ദുർ‌വാസനകളിന്മേൽ നിയന്ത്രണം പ്രാപിക്കുകയാണ്‌ ഈ ഘട്ടത്തിൽ സന്യാസികൾ ചെയ്തിരുന്നത്. ഭക്ഷണപ്രിയം, വിഷയാസക്തി, ദുര തുടങ്ങിയ തിന്മകളെയാണ്‌ അവർ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിച്ചിരുന്നത്. ഈവക വാസനകളെ ചെറുക്കാൻ തങ്ങൾക്ക് ലഭിക്കുന്ന ശക്തിയും ദൈവകൃപയും പരിശുദ്ധാത്മാവിന്റെ ദാനമാണെന്ന് സന്യാസികൾ മനസ്സിലാക്കേണ്ടിയിരുന്നു. ഏറെ വർഷങ്ങൾ ദീർഘിച്ചേക്കാവുന്ന ഈ ഘട്ടത്തിനൊടുവിൽ, തന്റെ എല്ലാ ആവശ്യങ്ങൾക്കും ദൈവത്തിൽ ശരണപ്പെടാൻ സന്യാസി പഠിക്കുന്നു.


വിശുദ്ധീകരണത്തിന്റെ ഈ ഘട്ടത്തിനൊടുവിൽ, പരസ്യജീവിതത്തിന്റെ തുടക്കത്തിൽ മരുഭൂമിയിൽ യേശു നേരിട്ട പ്രലോഭനങ്ങളുമായി ബന്ധപ്പെടുത്തി തന്റെ അനുഭവങ്ങളെ മനസ്സിലാക്കാൻ സന്യാസിയ്ക്ക് കഴിയുമെന്നാകുമ്പോൾ യാത്രയുടെ അടുത്ത ഘട്ടം തുടങ്ങുന്നു. ലത്തീനിൽ "ഇല്ല്യൂമിനേഷ്യോ"(Illuminatio) എന്നും ഗ്രീക്കിൽ "തിയോറിയാ"(Theorea) എന്നുമാണ്‌ ബോധജ്ഞാനത്തിന്റെ ഈ രണ്ടാം ഘട്ടം അറിയപ്പെടുന്നത്. ഈ ഘട്ടത്തിൽ, സുവിശേഷങ്ങൾ വെളിപ്പെടുത്തുന്ന വിശുദ്ധിമാർഗ്ഗങ്ങൾ സന്യാസി കണ്ടെത്തുന്നു. ഇക്കാലത്ത് സന്യാസികൾ സന്ദർശകരേയും ശിഷ്യന്മാരേയും സ്വീകരിക്കുകയും തങ്ങളുടെ കഴിവനുസരിച്ചുള്ള പരോപകാരപ്രവൃത്തികളിൽ ദരിദ്രരെ സഹായിക്കുകയും ചെയ്യുകയും ചെയ്യുന്നു. മത്തായിയുടെ സുവിശേഷം അഞ്ചു മുതൽ ഏഴുവരെ അദ്ധ്യായങ്ങളിൽ വിവരിക്കുന്ന ഗിരിപ്രഭാഷണത്തിന്റെ സന്ദേശം സന്യാസികൾ ഇക്കാലത്ത് സ്വാംശീകരിക്കുന്നു. ദൈവോന്മുഖമായ മനോഭാവത്തോടെ വിനയപൂർ‌വമായ ജീവിതം സന്യാസി തുടരുന്നു; സഹനത്തെ മമതാരഹിതമായ സ്വീകരിക്കാനുള്ള കഴിവു മൂലം പലപ്പോഴും ചുറ്റുപാടുമുള്ള ക്രിസ്ത്യാനികളുടെ ക്ഷേമത്തിനായി ധൈര്യവും സാഹസവും ആവശ്യപ്പെടുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സന്യാസി തയ്യാറാവുന്നു. പല സന്യാസികളും ജീവിതാന്ത്യമാകുമ്പോഴും ഈ ഘട്ടം വരെ മാത്രമേ എത്തിയിരുന്നുള്ളൂ.


ലത്തീനിൽ "യുണീഷ്യോ"(Unitio) എന്നും ഗ്രീക്കിൽ "തിയോസിസ്" (Theosis) എന്നും അറിയപ്പെടുന്ന അന്തിമഘട്ടം ദൈവസം‌യോഗത്തിന്റേതാണ്‌. സന്യാസി ദൈവാത്മാവുമായി ഒന്നാകുന്ന ഈ ഘട്ടം പഴയനിയമത്തിലെ ഉത്തമഗീതത്തിൽ വിവരിക്കുന്നതായി കരുതപ്പെടുന്ന പരമമായ ദൈവാനുഭവത്തെ അനുസ്മരിപ്പിക്കുന്നു‌. ദൈവജ്ഞാനത്തിന്റെ ഈ തലം ആവശ്യപ്പെടുന്ന ഏകാന്തതയ്ക്കും ശാന്തിയ്ക്കുമായി വൃദ്ധസന്യാസികൾ മരുഭൂമിയുടെ വിദൂരമായ ആഴങ്ങളിലേയ്ക്ക് പോവുക പതിവായിരുന്നു. ഈ ഘട്ടത്തെ സന്യാസികൾ യേശുവിന്റെ രൂപാന്തരീകരണത്തിന്റെയും ഉയിർത്തെഴുന്നേല്പിനുശേഷം ശിഷ്യന്മാരിൽ നിന്ന് മിക്കവാറും മറഞ്ഞുകഴിഞ്ഞ കാലത്തിന്റേയും പശ്ചാത്തലത്തിൽ മനസ്സിലാക്കുന്നു. യോഗത്തികവിന്റെ ഈ തലത്തിലെത്തിയ സന്യാസിയ്ക്ക് ഓർത്തഡോക്സ് സഭയിൽ സ്കീമാ(Schema) എന്നായിരുന്നു പേര്‌.

അർദ്ധ പെലേജിയനിസം

തിരുത്തുക

പിൽക്കാലത്ത് അർദ്ധപെലേജിയനിസം(Semi-pelagianism) എന്നറിയപ്പെട്ട ദൈവശാസ്ത്രനിലപാടിന്റെ ഉപജ്ഞാതാവായി കാസിയൻ കരുതപ്പെടുന്നു. രക്ഷയിലേയ്ക്കുള്ള ആദ്യത്തെ ചുവടുവയ്പ് ദൈവകൃപയെ ആശ്രയിക്കാതെ സ്വതന്ത്രമനസ്സുപയോഗിച്ച് വ്യക്തികൾ നടത്തുന്നതാണെന്ന വാദമാണ്‌ അർദ്ധപെലാജിയനിസം. ആത്മരക്ഷ പ്രാപിക്കുന്നതിൽ സ്വതന്ത്രമനസ്സുപയോഗിച്ച് ഓരോരുത്തരും നടത്തുന്ന തെരഞ്ഞെടുപ്പിന്‌ പ്രാധാന്യം കൊടുത്ത പെലേജിയൂസിന്റെ സിദ്ധാന്തത്തിനും ജന്മപാപത്തിന്റെ ഭാരം പേറി ജനിക്കുന്ന മനുഷ്യന്റെ രക്ഷ, ദൈവത്തിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന കൃപയെ മാത്രം ആശ്രയിച്ചാണെന്ന ഹിപ്പോയിലെ അഗസ്തീനോസിന്റെ നിലപാടിനും ഇടയ്ക്കുള്ള മദ്ധ്യമാർഗ്ഗമായിരുന്നു അർദ്ധപെലേജിയയിസം. അർദ്ധപെലാജിയനിസവുമായി ബന്ധപ്പെട്ട് തന്റെ ജീവിതകാലത്ത് നടന്ന വിവാദങ്ങളിൽ കാസിയൻ പങ്കെടുത്തതേയില്ല; ഈ വിഷയത്തിൽ കാസിയന്റെ എതിർചേരിയിലായിരുന്ന അക്വിറ്റേനിലെ പ്രോസ്പർ, കാസിയന്റെ ജീവിതവിശുദ്ധിയെ ഏറെ മാനിക്കുകയും ഈ തർക്കത്തിലേയ്ക്ക് അദ്ദേഹത്തെ വലിച്ചിഴക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. പിന്നീട്, ക്രി.വ. 529-ൽ ഓറഞ്ചിൽ നടന്ന പ്രാദേശിക സഭാസമ്മേളനത്തിൽ പാശ്ചാത്യസഭ അർദ്ധപെലേജിയനിസത്തെ ശപിച്ചു. എന്നാൽ, അർദ്ധപെലേജിയനിസത്തെ പൗരസ്ത്യസഭയിലെ സൂനഹദോസുകൾ ഒരിക്കലും തിരസ്കരിച്ചിട്ടില്ലാത്തതിനാൽ, ജന്മപാപത്തെ സംബന്ധിച്ച കാസിയന്റെ നിലപാട്, പൗരസ്ത്യസഭയുടെ വിശ്വാസവുമായി ഇണങ്ങിപ്പോകുന്നതാണെന്ന് പല ഓർത്തഡോക്സ് ദൈവശാസ്ത്രജ്ഞന്മാരും കരുതുന്നു.[9]

കാസിയന്റെ രചനകളിൽ അർദ്ധപെലേജിയനിസം എന്നാരോപിക്കപ്പെട്ടവ അദ്ദേഹത്തിന്റെ "സമ്മേളനങ്ങൾ" എന്ന കൃതിയുടെ മൂന്നും അഞ്ചും പതിമൂന്നും ഭാഗങ്ങളിലാണുള്ളത്.

കാസിയന്റെ സ്വാധീനം

തിരുത്തുക

യോഹന്നാൻ കാസിയന്റെ ആദ്ധ്യാത്മികപൈതൃകം ക്രൈസ്തവലോകത്തെ ആഴത്തിൽ സ്വാധീനിച്ചു. പാശ്ചാത്യസന്യാസത്തിന്റെ ചരിത്രത്തിലെ കേന്ദ്രവ്യക്തിത്വമായ നർസിയായിലെ വിശുദ്ധ ബെനഡിക്ട് മുതൽ ഈശോസഭാ സ്ഥാപകനായ ഇഗ്നേഷ്യസ് ലയോള വരെയുള്ളവർ തങ്ങളുടെ അടിസ്ഥാനസിദ്ധാന്തങ്ങൾ കാസിയനിൽ നിന്നു സ്വീകരിച്ചു. ബെനഡിക്ടിന്റെ നിയമത്തിൽ സന്യാസാശ്രമങ്ങളുടെ സം‌വിധാനത്തെക്കുറിച്ചുള്ള ഭാഗം കാസിയന്റെ "സ്ഥാപനങ്ങൾ"(Institutions) എന്ന കൃതിയെ ആശ്രയിക്കുന്നു; തന്റെ നിയമം പിന്തുടരുന്ന സന്യാസികൾ, കാസിയന്റെ "സമ്മേളനങ്ങൾ"(Conferences) എന്ന ഇതരകൃതിയിൽ നിന്ന് തെരഞ്ഞെടുത്ത് ചിട്ടപ്പെടുത്തിയ ഭാഗങ്ങൾ വായിക്കണമെന്നും ബെനഡിക്ട് നിർദ്ദേശിച്ചിരുന്നു. കാസിയൻ തുടക്കമിട്ട സന്യാസാശ്രമങ്ങളായിരുന്നു ആദിമമദ്ധ്യയുഗത്തിലെ യൂറോപ്പിൽ വിജ്ഞാനത്തേയും സംസ്കാരത്തേയും അണയാതെ നിർത്തിയത്. അക്കാലത്ത് രോഗികളുടേയും ദരിദ്രരുടേയും കാര്യത്തിൽ ശ്രദ്ധവച്ച സ്ഥാപനങ്ങൾ അവ മാത്രമായിരുന്നു. പൗരസ്ത്യസഭയിലെ യോഗാത്മപ്രാർത്ഥനകളുടെ സമാഹാരമായ "ഫിലോകാലിയ" (Philokalia - സുന്ദരമായതിനോടുള്ള സ്നേഹം) എന്ന ഗ്രന്ഥം കാസിയന്റെ രചനകളിൽ നിന്നുള്ള തെരഞ്ഞെടുപ്പുകൾ ഉൾക്കൊള്ളുന്നു.


കാസിയൻ ഇഷ്ടപ്പെടുമായിരുന്ന വിധത്തിലല്ലെങ്കിലും ആധുനികചിന്തകന്മാർ പോലും അദ്ദേഹത്തിന്റെ ചിന്തകളുടെ പ്രഭാവത്തിൽ വന്നിട്ടുണ്ട്. മാംസത്തിന്റെ മോഹങ്ങൾക്കെതിരായുള്ള മനുഷ്യന്റെ സമരത്തെ കണിശമായി വിവരിക്കുന്നതിൽ കാസിയൻ കാണിച്ച സാമർത്ഥ്യം, ഫ്രഞ്ച് ദാർശനികനും സാമൂഹ്യശാസ്ത്രജ്ഞനും ചരിത്രകാരനുമായ മൈക്കേൽ ഫുക്കോയെ (Michel Foucault) പ്രത്യേകം ആകർഷിച്ചു.[10] ഇത്തരം അന്വേഷണങ്ങളുടെ ഫലമായി, കാസിയന്റെ ചിന്തകളുടേയും രചനകളുടേയും സ്വാധീനം അടുത്തകാലത്ത് മതേതര വൃത്തങ്ങളിൽ പോലും വർദ്ധിച്ചിട്ടുണ്ട്.

  1. Lake, Stephen. "Knowledge of the Writings of John Cassian in Early Anglo-Saxon England." Anglo-Saxon England 32 (2003): pp 27–41.
  2. 2.0 2.1 Dictionary of African Christian Biography http://www.dacb.org/stories/egypt/cassian_john.html Archived 2009-06-10 at the Wayback Machine. John Cassian (Saint)]
  3. 3.0 3.1 കത്തോലിക്കാ വിജ്ഞാനകോശം, John Cassian
  4. Biography of John Cassian, Christian Classics Ethereal Library [1]
  5. Martyrologium Romanum (Libreria Editrice Vaticana 2001 ISBN 88-209-7210-7)
  6. Charles Earle Funk, Thereby Hangs a Tale: Stories of Curious Word Origins (Read Books, 2007: ISBN 1406773190), pp. 78-79.
  7. The New Oxford American Dictionary, 2nd ed. (Oxford University Press, 2005: ISBN 0-19-517077-6), p. 333.
  8. The Closing of the Western Mind, Charles Freeman, "The Ascetic Odyssey"(പുറങ്ങൾ 246-48)‌
  9. Ancestral versus original sin [2]
  10. പീറ്റർ ബ്രൗൺ, ഹിപ്പോയിലെ അഗസ്തീനോസ്, ഒരു ജീവചരിത്രം(പുറം 511) "..the combat of chastity which bulked so large in the writings of John Cassian, so large indeed as to attract the alert eye of none other than Michael Foucault...."

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യോഹന്നാൻ_കാസിയൻ&oldid=3899248" എന്ന താളിൽനിന്ന് ശേഖരിച്ചത്