ഗ്രിഗോറി റാസ്പ്യൂട്ടിൻ

റഷ്യൻ നിഗൂഢവാദി
(Grigori Rasputin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റഷ്യയിലെ റൊമാനോവ് രാജവംശത്തിന്റെ അന്തിമവർഷങ്ങളിൽ ജീവിച്ചിരുന്ന (ജനനം 22 ജനുവരി 1869; മരണം: 29 ഡിസംബർ, 1916) ഒരു നിഗൂഢവാദിയായിരുന്നു ഗ്രിഗോറി യെഫിമോവിച്ച് റാസ്പ്യൂട്ടിൻ. ഒടുവിലത്തെ റഷ്യൻ ചക്രവർത്തി നിക്കോളസ് രണ്ടാമന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ രാജാവിനേയും രാജകുടുംബാംഗങ്ങളേയും ഏറെ സ്വാധീനിച്ചതായി വിശ്വസിക്കപ്പെടുന്ന റാസ്പ്യൂട്ടിൻ, ഭ്രാന്തൻ സന്യാസി എന്നും അറിയപ്പെട്ടിരുന്നു.[1] എങ്കിലും മാനസികസിദ്ധികളാലും രോഗശാന്തി നൽകാനുള്ള കഴിവ് ഉൾപ്പെടെയുള്ള ആത്മീയവരങ്ങളാലും അനുഗൃഹീതനായ ഒരു ധാർമ്മിക പരിവ്രാജകനും മതശ്രേഷ്ഠനുമെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1]

സഭറഷ്യൻ ഓർത്തഡോക്സ് ചർച്ച്
വ്യക്തി വിവരങ്ങൾ
ജനന നാമംGrigori Yefimovich Rasputin
ജനനം21 January [O.S. 9 January] 1869
Pokrovskoye, Tyumensky Uyezd, Tobolsk Governorate (Siberia), Russian Empire
മരണം30 December [O.S. 17 December] 1916 (aged 47)
സെന്റ് പീറ്റേഴ്സ്ബർഗ്, റഷ്യൻ സാമ്രാജ്യം
ദേശീയതRussian
മാതാപിതാക്കൾ
  • യെഫിം റാസ്പുട്ടിൻ
  • അന്ന പാർഷുക്കോവ
പങ്കാളി
Praskovya Fedorovna Dubrovina
(m. 1887)
കുട്ടികൾ
  • Dmitri (1895–1937)
  • Maria (1898–1977)
  • Varvara (1900–1925)
ഗ്രിഗോറി റാസ്പ്യൂട്ടിൻ

തുടക്കം

തിരുത്തുക

സൈബീരിയയിലെ പോക്രോവ്സ്കോയെ ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിൽ ജനിച്ച റാസ്പ്യൂട്ടിൻ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയെങ്കിലും എഴുത്തും വായനയും പഠിക്കുന്നതിൽ പരാജയപ്പെട്ടു. പിന്നീട് റഷ്യൻ ഓർത്തഡോക്സ് സഭയിൽ സന്യാസിയാകാൻ ശ്രമിച്ചെങ്കിലും 19-ആം വയസ്സിൽ സന്യാസഭവനം ഉപേക്ഷിച്ച് വീട്ടിലെത്തി വിവാഹിതനായി. തുടർന്ന് വിവാഹത്തിൽ മൂന്നു മക്കളും വിവാഹേതരമായി ഒരു കുട്ടിയും അയാൾക്കു ജനിച്ചു. കുറേക്കാലം കഴിഞ്ഞ് വീടു വിട്ടുപോയ റാസ്പ്യൂട്ടിൻ ഗ്രീസിലും മദ്ധ്യപൂർവദേശത്തും ചുറ്റിക്കറങ്ങി. വിവിധതരം ആത്മീയവരങ്ങൾ അവകാശപ്പെട്ട അയാൾ അവയുടെ പ്രയോഗത്തിലൂടെ ലഭിച്ച സംഭാവനകൾ കൊണ്ട് ജീവിച്ചു. ഒരു ഭവിഷ്യവാണിക്കാരനായും റാസ്പ്യൂട്ടിൻ വേഷം കെട്ടി.[2]

പീറ്റേഴ്സ്ബർഗ്

തിരുത്തുക
 
റാസ്പുട്ടിൻ 1914-ൽ ആരാധകർക്കൊപ്പം

1903-ൽ സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിൽ എത്തിയ അയാൾ നിക്കോളാസ് രണ്ടാമൻ രാജാവിന്റെ പത്നി അലക്സാന്ദ്ര ഫെദോറോവ്നയെ പരിചയപ്പെട്ടു. ഹീമോഫീലിയ രോഗിയായിരുന്ന കിരീടാവകാശി അലക്സിസ് രാജകുമാരൻ 1908-ൽ ഗുരുതരാവസ്ഥയിൽ എത്തിയപ്പോൾ രക്തശ്രാവം നിർത്തുന്നതിൽ റാസ്പ്യൂട്ടിൻ വിജയിച്ചുവെന്നു വിശ്വസിക്കപ്പെട്ടതോടെ അയാൾ രാജപരിവാരത്തിലെ അംഗമായി മാറി. ചക്രവർത്തി റാസ്പ്യൂട്ടിനെ നമ്മുടെ സുഹൃത്ത്, വിശുദ്ധപുരുഷൻ എന്നൊക്കെ വിശേഷിപ്പിച്ചിരുന്നത് രാജകുടുംബത്തിന്റെ വിശ്വാസം ആർജ്ജിക്കുന്നതിൽ അയാൾ നേടിയ വിജയം സൂചിപ്പിക്കുന്നു. അലക്സാന്ദ്രാ രാജ്ഞിയെ റാസ്പ്യൂട്ടിൻ വ്യക്തിപരവും രാഷ്ട്രീയവുമായ തലങ്ങളിൽ സ്വാധീനിച്ചിരുന്നു.[3] ചക്രവർത്തിയും പത്നിയും അയാളെ ദൈവപുരുഷനും പ്രവാചകനുമായി കണ്ടു. റാസ്പ്യൂട്ടിൻ വഴി ദൈവം തന്നോടു സംസാരിക്കുന്നുവെന്നു പോലും രാജ്ഞി വിശ്വസിച്ചിരുന്നു. റഷ്യയിലെ ഭരണനേതൃത്വവും ഓർത്തഡോക്സ് സഭയും തമ്മിൽ പരമ്പരാഗതമായി നിലവിലിരുന്ന ദൃഢബന്ധത്തിന്റെ പശ്ചാത്തലത്തിലും ഈ മൈത്രിയെ വിശദീകരിക്കാവുന്നതാണ്.

ഒന്നാം ലോകമഹായുദ്ധത്തിന്റെ നടുവിൽ സൈനികനേതൃത്വം സ്വയം ഏറ്റെടുത്ത ചക്രവർത്തി യുദ്ധമുന്നണിയിലായിരിക്കെ, രാജ്ഞി വഴി റാസ്പ്യൂട്ടിൻ ഭരണത്തെ ഗണ്യമായി സ്വാധീനിക്കുകയും അങ്ങനെ ഒട്ടേറെ ഉന്നതന്മാരുടെ വിരോധം സമ്പാദിക്കുകയും ചെയ്തു.[2]

 
പോസ്റ്റ്മോർട്ടം ചിത്രം

റാസ്പ്യൂട്ടിന്റെ ജീവിതകഥയും മരണത്തിന്റെ പശ്ചാത്തലവും ദുരൂഹതകൾ നിറഞ്ഞതാണ്. അയാൾ കൊലചെയ്യപ്പെടുകയായിരുന്നു. രാജ്ഞി അലക്സാന്ദ്രയുടെ മേലുള്ള സന്യാസിയുടെ സ്വാധീനം രാഷ്ട്രത്തിന് അപകടകരമാകും വിധം വളർന്നുവെന്നു കരുതിയ റഷ്യൻ സമൂഹത്തിലെ ഒരു പറ്റം ഉന്നതന്മാർ, ഫെലിക്സ് യൂസാപ്പോവ് എന്നയാളുടെ നേതൃത്വത്തിൽ പീറ്റേഴ്സ്ബർഗ്ഗിലെ യൂസാപ്പോവിന്റെ മോയിക്കാ മാളികയിൽ കൊല നടത്തിയെന്നാണു കരുതപ്പെടുന്നത്. റാസ്പ്യൂട്ടിനെ തന്ത്രത്തിൽ വീട്ടിൽ വിരുന്നിനു വിളിച്ചു വരുത്തി വിഷം കലർത്തിയ കേക്കും മദ്യവും കൊടുത്തെങ്കിലും അവ ഫലം ചെയ്യാൻ വൈകിയപ്പോൾ വെടിവച്ചു കൊല്ലുകയും, മൃതദേഹം നേവാ നദിയിൽ എറിയുകയുമാണു ചെയ്തത്. മൂന്നു ദിവസത്തിനു ശേഷം മഞ്ഞുറച്ച നദിക്കു മുകളിൽ നടന്ന ഒരു പോലീസുകാരൻ ശവശരീരം കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ കുറ്റവാളികൾക്കെതിരെ കൊലപാതകം ആരോപിച്ചില്ലെങ്കിലും അവരെ നഗരത്തിൽ നിന്നു പുറത്താക്കാൻ ചക്രവർത്തി ഉത്തരവിട്ടു. ദേശസ്നേഹത്തിന്റെ പ്രേരണയായിരുന്നു റാസ്പ്യൂട്ടിന്റെ വധത്തിനു പിന്നിലെന്നു പറയപ്പെട്ടെങ്കിലും, സ്വകാര്യവ്യക്തികൾ സ്വന്തം വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നിയമം കയ്യിലെടുത്തു നീതി നടപ്പാക്കിയ ഈ സംഭവം ചക്രവർത്തിയുടെ അധികാരത്തോടുള്ള മതിപ്പിനെ ഗണ്യമായി കുറച്ചു.[2]

വിലയിരുത്തൽ

തിരുത്തുക
പ്രമാണം:Григорий Распутин (1914-1916)b.jpg
മറ്റൊരു ചിത്രം

റാസ്പ്യൂട്ടിന്റെ അവിഹിതസ്വാധീനവും അതുളവാക്കിയ രോഷത്തിന്റെ ഫലമായി നടന്ന അയാളുടെ കൊലയും, റൊമാനോവ് രാജവംശത്തിനു ദുഷ്കീർത്തിയുണ്ടാക്കി 1917-ലെ ബോൾഷെവിക് വിപ്ലവത്തിനു വഴിതെളിച്ചു എന്നു ചിലർ കരുതുന്നു.[4] റാസ്പ്യൂട്ടിനെക്കുറിച്ചുള്ള സമകാലീനരുടെ അഭിപ്രായങ്ങൾ വൈവിദ്ധ്യം നിറഞ്ഞതാണ്: ചിലർ റാസ്പ്യൂട്ടിനെ യോഗിയും, ദർശകനും, രോഗശാന്തിവരമുള്ളവനും പ്രവചാകനുമായി കണ്ടപ്പോൾ മറ്റൊരു പക്ഷം ദുർവൃത്തനായൊരു കപടധാർമ്മികനായി അയാളെ ചിത്രീകരിച്ചു. റാസ്പ്യൂട്ടിനെക്കുറിച്ചു ലഭ്യമായ വിവരണങ്ങൾ വിശ്വസനീയത കുറഞ്ഞ സ്മരണകളേയും കേട്ടുകേൾവികളേയും കെട്ടുകഥകളേയും ആശ്രയിച്ചുള്ളവയായതിനാൽ, അയാളുടെ ജീവിതത്തിന്റേയും സ്വാധീനത്തിന്റേയും യഥാർത്ഥചിത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്.[1] റാസ്പ്യൂട്ടിൻ രോഗശാന്തിവരമുപയോഗിച്ച് മറ്റുള്ളവരെ സഹായിച്ചപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട വിശുദ്ധപുരുഷനോ, മറ്റുള്ളവരുടെ വേദനകളിൽ നിന്നു മുതലെടുത്ത സൂത്രശാലിയായ പാപിയോ എന്ന കാര്യത്തിൽ തീരുമാനം അസാദ്ധ്യമായിരിക്കുന്നു.[5]

രാ രാ റാസ്പുട്ടിൻ

തിരുത്തുക

ബോണി എം എന്ന സംഗീതഗ്രൂപ്പ് പാടി പ്രശസ്തമാക്കിയ ഒരു ഗാനമാണ് റാ റാ റാസ്പുട്ടിൻ എന്നത്. അത് ഇന്നും റാസ്പുട്ടിന്റെ വീരഗാഥയായി കണക്കാക്കുന്നു. റഷ്യയിലെ രാജ്ഞിയുടെ കാമുകനായ, സാറിന്റെ വകവെക്കാത്ത റാസ്പുട്ടിൻ എന്ന യാളെ അത് വാഴ്തുന്നു.[6]

  1. 1.0 1.1 1.2 Rasputin: The Mad Monk [DVD]. USA: A&E Home Video. 2005.
  2. 2.0 2.1 2.2 സ്പാർട്ടാക്കസ് എഡ്യൂക്കേഷനൽ, ഗ്രിഗറി റാസ്പ്യൂട്ടിന്റെ ജീവചരിത്രം Archived 2012-06-08 at the Wayback Machine.
  3. George King, The Last Empress: The Life and Times of Alexandra Feodorovna, Tsarina of Russia. Replica Books, 2001. ISBN 978-0-7351-0104-3
  4. C. L. Sulzberger, The Fall of Eagles, pp.263-278, Crown Publishers, New York, 1977
  5. Alexanderplace Time Machine Biographies, ഗ്രിഗറി എഫിമോവിച്ച് റാസ്പ്യൂട്ടിൻ
  6. https://www.google.com/search?q=ra+ra+rasputin+lyrics&rlz=1C1CHBF_enIN922IN922&sxsrf=ALeKk00qYx2lzI70srQyFkWuauchuZxUCg%3A1618397343565&ei=n8h2YPeEIrbfz7sPreWo6A4&oq=ra+ra+rasputin+lyrics&gs_lcp=Cgdnd3Mtd2l6EAwyBwgAEEcQsAMyBwgAEEcQsAMyBwgAEEcQsAMyBwgAEEcQsAMyBwgAEEcQsAMyBwgAEEcQsAMyBwgAEEcQsAMyBwgAEEcQsAMyBwgAELADEEMyDQguELADEMgDEEMQkwIyCgguELADEMgDEEMyCgguELADEMgDEEMyCgguELADEMgDEEMyCgguELADEMgDEEMyCgguELADEMgDEENKBQg4EgExUABYAGDQwBNoAXACeACAAcYBiAHGAZIBAzAuMZgBAKoBB2d3cy13aXrIAQ_AAQE&sclient=gws-wiz&ved=0ahUKEwi30JL2x_3vAhW273MBHa0yCu0Q4dUDCA4