ഹരിതവിപ്ലവം

(Green Revolution (Agriculture) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1940 മുതൽ 1970 വരെ കാർഷിക മേഖലയിൽ ഉൽപാദനം വർധിപ്പിക്കാനായി ആഗോളതലത്തിൽ വ്യാപകമായി നടപ്പാക്കിയ ഗവേഷണ, വികസന, സാങ്കേതികവിദ്യാകൈമാറ്റമാണ് ഹരിതവിപ്ലവം (Green Revolution). 1940കളിൽ മെക്സിക്കോയിൽ ഡോ. നോർമൻ ഇ. ബോർലാഗിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഈ പദ്ധതിയുടെ സമ്പൂർണ്ണവിജയം ക്രമേണ ലോകമാകെ വ്യാപിക്കുകയായിരുന്നു. ഹരിതവിപ്ലവത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തിന് അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങളായ സൊണോറ-64, ലെർമാ റോജോ-64 എന്നീ വിത്തിനങ്ങൾ ഉത്പാദിപ്പിച്ചതിന് 1970 ൽ നോബൽ സമ്മാനം ലഭിച്ചു.. യുണൈറ്റഡ് സ്റ്റേറ്റ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ് (USAID) ഡയറക്ടറായിരുന്ന വില്ല്യം ഗാഡ് 1968 ൽ ഉപയോഗിച്ച വാക്കാണ് ഹരിതവിപ്ലവം.

After the Second World War, increased deployment of technologies including pesticides and fertilizers as well as new breeds of high yield crops greatly increased global food production.

ചരിത്രം

തിരുത്തുക

കാർഷികഗവേഷണപ്രവർത്തനങ്ങളിൽ അതീവതത്പരനായിരുന്ന നോർമൻ ഇ. ബോർലാഗ് 1940 കളിൽ മെക്സിക്കോയിൽ അത്യുൽപ്പാദനശേഷിയുള്ളതും രോഗപ്രതിരോധശേഷിയുള്ളതുമായ വിത്തിനങ്ങളെ ഉപയോഗിച്ച് ഗോതമ്പുത്പാദനത്തിൽ വലിയ പരിവർത്തനങ്ങളുണ്ടാക്കി. ഈ മാറ്റങ്ങളും കാർഷികപ്രവർത്തനങ്ങളുടെ യന്ത്രവൽക്കരണവും 1960 ഓടെ ഗോതമ്പ് കയറ്റുമതിചെയ്യുന്ന രാജ്യങ്ങളുടെ മുൻപന്തിയിൽ മെക്സിക്കോയെ എത്തിച്ചു. ക്രമേണ റോക്ക്ഫെല്ലർ ഫൗണ്ടേഷനും ഫോർഡ് ഫൗണ്ടേഷനും ഉൾപ്പെടെയുള്ള നിരവധി സംഘടനകളും ഗവൺമെന്റ് സ്ഥാപനങ്ങളും വൻതോതിൽ ഗവേഷണപ്രവർത്തനങ്ങൾക്ക് പണം നൽകി.[1]ഇതിന്റെ ഫലമായി മെക്സിക്കോയിൽ The International Maize and Wheat Improvement Center (CIMMYT) എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു. ഇന്ത്യയിൽ അന്ന് ഉണ്ടായിരുന്ന അതിഭീമമായ ക്ഷാമത്തെ തരണം ചെയ്യുവാൻ അന്നത്തെ കാർഷികമന്ത്രിയുടെ ഉപദേശകനായിരുന്ന ശ്രീ.എം.എസ്.സ്വാമിനാഥൻ ബോർലാഗിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചു. ഇത്തരത്തിൽ ഭക്ഷ്യസുരക്ഷയ്ക്കും ദാരിദ്ര്യനിർമ്മാർജ്ജനത്തിലും അക്ഷീണം പ്രയത്നിച്ചതിന്റെ ഫലമായി ഡോ. എം.എസ്. സ്വാമിനാഥൻ " ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നു. നിരവധി എതിർപ്പുകളുണ്ടായിട്ടും പഞ്ചാബ് കേന്ദ്രീകരിച്ച് IMMYT യിൽ നിന്നും ഫോർഡ് ഫൗണ്ടേഷന്റെ സഹായത്തോടെ വിത്തുകൾ വാങ്ങി കൃഷിചെയ്യാൻ തുടങ്ങി. ഇന്റർനാഷണൽ റൈസ് റിസേർച്ച് ഇൻസ്റ്റിട്യൂട്ടിൽ നിന്നും IR8 എന്ന പൊക്കം കുറഞ്ഞതും ഓരോ ചെടിയിലും ധാരാളം നെൻമണികൾ ലഭിക്കുന്നതുമായ നെല്ലിനങ്ങളെ വ്യാപകമായി വളർത്താൻ തുടങ്ങി. പാരമ്പര്യരീതികളിലുപയോഗത്തിലുണ്ടായിരുന്ന നെല്ലിനങ്ങളെക്കാൾ പത്തിരട്ടിയോളം ഉത്പാദനം ഈ വിത്തിനങ്ങൾ നൽകി. 1960 കളിൽ ഒരു ഹെക്ടർ സ്ഥലത്ത് 2 ടൺ മാത്രം നെല്ലുൽപാദനമുണ്ടായിരുന്ന സ്ഥാനത്ത് 1990 ഓടെ ഹെക്ടറിന് ആറുടൺ എന്നകണക്കിൽ ഉത്പാദനമുന്നേറ്റമുണ്ടായി. 2006 ഓടെ 4.5 ദശലക്ഷം ടൺ നെല്ലുൽപാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറി.

സങ്കരയിനങ്ങളും ഭക്ഷ്യസുരക്ഷയും .

തിരുത്തുക

കാർഷികോത്പാദനവർദ്ധനവിന് ഏറ്റവും സഹായിച്ചത് ഹരിതവിപ്ലവത്തിലുപയോഗിച്ച അതിനൂതനസാങ്കേതികമാർഗ്ഗങ്ങളായിരുന്നു. മെച്ചപ്പെട്ട ജലസേചനമാർഗ്ഗങ്ങൾ, ഫലപ്രദമായ കീടനിയന്ത്രണമാർഗ്ഗങ്ങൾ, കൃത്രിമ നൈട്രജൻ വളങ്ങൾ എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്. അത്യുൽപാദനശേഷിയുള്ള ഗോതമ്പ്, നെല്ല്, ചോളം വിത്തിനങ്ങളുടെ ഉപയോഗമാണ് ഏറെ സവിശേഷമായ വസ്തുത.

സങ്കരയിനങ്ങൾ

തിരുത്തുക

ഇന്തോനേഷ്യൻ വന്യയിനമായ പെറ്റായോട് (Peta)ചൈനീസ് ഇനമായ ഡീ-ജീ-വൂ-ജൻ കൂട്ടിച്ചേർത്ത് ഇന്റർനാഷണൽ റൈസ് റിസേർച്ച് ഇൻസ്റ്റിട്യൂട്ടിൽ നിർമ്മിച്ച സങ്കരയിനമാണ് ഐ.ആർ. എട്ട്. ജപ്പാനിലെ Iwate Prefecture ൽ വികസിപ്പിച്ചെടുത്ത അർദ്ധകായ ഗോതമ്പിനമാണ് നോറിൻ 10. കല്യാൺ സോന, സോണാലിക എന്നിവ തെരഞ്ഞെടുത്ത് ഉൽപ്പരിവർത്തനപ്രക്രിയകളിലൂടെ പുസാ ലെർമ്മയേയും ഷർബതി സൊണോറയെയും രൂപപ്പെടുത്തി. ഡോ.ഗുരുദേവ് എസ്.ഖുഷിന്റെ നേതൃത്വത്തിൽ IRRI യിൽ വികസിപ്പിച്ചെടുത്തതാണ് IR-36.[2]

ഭക്ഷ്യസുരക്ഷ

തിരുത്തുക

കാലക്രമേണ ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വരരാജ്യങ്ങളിൽ ഹരിതവിപ്ലവം ഏറെ കാർഷികോൽപാദനവർദ്ധനവിന് കാരണമായി. 1960 കളിൽ 10 ദശലക്ഷം ടൺ മാത്രം ഉൽപാദനമുണ്ടായിരുന്ന ഗോതമ്പിന്റെ 2006 ലെ ഉത്പാദനം 73 ദശലക്ഷം ടൺ ആയി ഉയർന്നു.[3]ലോകധാന്യോത്പാദനം 1950 നും 1984 നുമിടയ്ക്ക് 250 ഇരട്ടിയായി വർദ്ധിച്ചു. കാലക്രമേണ ഇത് ഭക്ഷ്യസുരക്ഷയ്ക്ക് വഴിയൊരുക്കി. [4]

വിമർശനങ്ങൾ

തിരുത്തുക

ജനസംഖ്യാകുതിപ്പും ഭക്ഷ്യസുരക്ഷയും

തിരുത്തുക

ജനസംഖ്യാവിസ്ഫോടനത്തിലൂടെ രൂപപ്പെടുന്ന ജനതതിയ്ക്ക് ആവശ്യമായ ഭക്ഷ്യസുരക്ഷ ഒരുക്കാൻ ഇന്നത്തെ സംവിധാനങ്ങൾ പര്യാപ്തമല്ല. ആധുനിക കാർഷികവൃത്തിയ്ക്ക് അത്യാവശ്യമായ ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യത കുറയുന്നതും കൃഷിയ്ക്കാവശ്യമായ സ്ഥലത്തിന്റെ പരിമിതിയും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു.

ഭക്ഷ്യവസ്തുവിന്റെ ഗുണപരത

തിരുത്തുക

ധാന്യവിളകളുടെ മോണോകൾച്ചർ രീതി പരമ്പരാഗതമായ സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായതിനാൽ ഇരുമ്പിന്റേയും ജീവകം ഏ യുടേയും അഭാവം ബാധിക്കുന്ന ആൾക്കാരുടെ എണ്ണം കാലക്രമേണ കൂടിവരുന്നു. അഞ്ചുവയസ്സിൽ താഴെയുള്ള 60 ശതമാനം കുട്ടികളുടേയും മരണം പോഷണവൈകല്യം മൂലമാണെന്ന് ബയോഡൈവേഴ്സിറ്റി ഇന്റർനാഷണലിലെ എമിലി ഫ്രൈസൺ പ്രസ്താവിക്കുന്നു.<

പരിസ്ഥിതി ആഘാതം

തിരുത്തുക

ഹരിതവിപ്ലവത്തിനു വ്യപകമായി ഉപയോഗിച്ച രാസകീടനാശിനികളും രാസവളങ്ങളും പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കൃഷിയ്ക്കായി കണ്ടെത്തുന്ന വനപ്രദേശങ്ങൾ ജൈവവൈവിധ്യത്തിനുതന്നെ ഭീഷണിയായി.[5]

ആരോഗ്യപ്രശ്നങ്ങൾ

തിരുത്തുക

ഓർഗനോക്ലോറിൻ, ക്രിയോസോട്ട്, സൾഫേറ്റ് എന്നീ കീടനാശിനികളും വളങ്ങളും അർബുദം ഉൾപ്പെടെയുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.[6]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-13. Retrieved 2012-05-01.
  2. Objctive Biology, Arihant Publications, 2009 Ed., Page-433.
  3. "The end of India's green revolution?". BBC News. 29 May 2006. Retrieved 20 March 2011
  4. Kindall, Henery W & Pimentel, David (May 1994). "Constraints on the Expansion of the Global Food Supply". Ambio. 23 (3)
  5. Shiva, Vandana (March–April 1991). "The Green Revolution in the Punjab". The Ecologist 21 (2): 57–60.
  6. Dich J, Zahm SH, Hanberg A, Adami HO (May 1997). "Pesticides and cancer". Cancer Causes Control 8 (3): 420–43. doi:10.1023/A:1018413522959. PMID 9498903
"https://ml.wikipedia.org/w/index.php?title=ഹരിതവിപ്ലവം&oldid=3992348" എന്ന താളിൽനിന്ന് ശേഖരിച്ചത്