അന്താരാഷ്ട്ര വികസന ഏജൻസി

(USAID എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിദേശരാഷ്ട്രങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നതിന് യു.എസ്. ഏർപ്പെടുത്തിയ ഏജൻസിയാണ് അന്താരാഷ്ട്ര വികസന ഏജൻസി (Agency for International Development). യു.എസ്സിലെ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ നിയന്ത്രണത്തിലാണ് ഈ ഏജൻസി പ്രവർത്തിക്കുന്നത്.

അന്താരാഷ്ട്ര വികസന ഏജൻസി
അന്താരാഷ്ട്ര വികസന ഏജൻസി
ഏജൻസി അവലോകനം
രൂപപ്പെട്ടത് നവംബർ 3, 1961
മുമ്പത്തെ ഏജൻസി അന്താരാഷ്ട്ര സഹകരണം അഡ്മിനിസ്ട്രേഷൻ
ആസ്ഥാനം വഷിങ്ടൺ, ഡി.സി.
ജീവനക്കാർ 1,759 (2006)
മേധാവി/തലവൻമാർ രാജീവ് ഷാ, അഡ്മിനിസ്ട്രേറ്റർ
 
ഡൊണാൾഡ് സ്റ്റെയിൻബെർഗ്, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ
 
സീൻ കനോൾ, ചീഫ് ഓപറേറ്റിഗ് ഓഫീസർ
വെബ്‌സൈറ്റ്
usaid.gov
കുറിപ്പുകൾ
[1][2]

യു.എസ്. സഹായം

തിരുത്തുക

യു.എസ്. സഹായം പ്രധാനമായും നൽകിവന്നിരുന്ന അന്താരാഷ്ട്ര സഹകരണ അഡ്മിനിസ്ട്രേഷൻ (International Co-operation Agency ); വികസനവായ്പാഫണ്ട് (Development Loan Fund ); യു.എസ്. കയറ്റുമതി-ഇറക്കുമതി ബാങ്ക് (Expport-Import Bank of Washington) എന്നീ സംഘടനകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി സംയോജിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന 1961 സെപ്റ്റമ്പറിലെ വിദേശസഹായനിയമം അനുസരിച്ച് 1961 നവംബർ 3-ന് വാഷിങ്ടൺ നഗരം ആസ്ഥാനമാക്കി അന്താരാഷ്ട്ര വികസന ഏജൻസി സ്ഥാപിച്ചു. യു.എസ്. നൽകുന്ന സൈനികേതരമായ വായ്പയും സഹായധനവും ഉൾപ്പെട്ട സാമ്പത്തികസഹായത്തിന്റെ ഭൂരിഭാഗവും ഈ ഏജൻസിയാണ് കൈകാര്യം ചെയ്യുന്നത്. പതിനായിരത്തിലേറെയാളുകൾ പണിയെടുക്കുന്ന ഈ ഏജൻസി നൂറിൽപ്പരം രാഷ്ട്രങ്ങൾക്കായി വികസനസഹായം വിതരണം ചെയ്യുന്നു.

ഏജൻസിയുടെ ഭരണം ഒരു പ്രധാന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കുന്നു. വികസന വായ്പാസമിതി, വികസന ഗവേഷണവിഭാഗം, ചരക്ക്-സഹായഓഫീസ്, പ്രോഗ്രാം പുനഃപരിശോധന സമീകരണവിഭാഗം, അന്താരാഷ്ട്ര വികസന സംഘടനാവിഭാഗം, വാർത്തയ്ക്കും പ്രതിനിധിസഭയ്ക്കും വേണ്ടിയുളള സമ്പർക്കസമിതി എന്നിവ ഏജൻസിയുടെ പ്രധാന ഘടകങ്ങളാണ്.

ഏജൻസി സഹായം നൽകുന്ന രാജ്യങ്ങളിൽ പ്രത്യേകം മിഷൻ ഓഫീസുകളുണ്ട്. യു.എസ്. സ്ഥാനപതിയും മിഷൻ ഡയറക്ടറും ഏജൻസി പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നു. ഈ ഏജൻസി ഇന്ത്യയ്ക്ക് വായ്പയും സഹായധനവും നൽകുന്നുണ്ട്.

ഇന്ത്യയിലെ പ്രവർത്തനങ്ങൾ

തിരുത്തുക

ഈ ഏജൻസിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ താഴെപ്പറയുന്നവയാണ്.

  1. ഉയർന്നതരം വിത്തുകളുടെ ഉത്പാദനം, വളത്തിന്റെ ഉത്പാദനം, കാർഷികവിളകളുടെ സംരക്ഷണം, മണ്ണ്-ജലസേചനവികസനം, കാർഷികയന്ത്രങ്ങളുടെ വിതരണം, കാർഷിക സർവകലാശാലകളുടെ വികസനവും ഗവേഷണവും, ഗ്രാമവൈദ്യുതീകരണം എന്നിവയ്ക്കു സഹായങ്ങൾ നൽകി കൃഷിവികസനത്തിനു സഹായിക്കുന്നു;
  2. വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന പദ്ധതികൾക്ക് സഹായം നൽകിവരുന്നു.
  3. പകർച്ചവ്യാധിനിയന്ത്രണം, ആരോഗ്യവിദ്യാഭ്യാസ വികസനം, കുടുംബാസൂത്രണം, പോഷകാഹാരപരിപാടി, ഔഷധങ്ങൾ, ആശുപത്രി ഉപകരണങ്ങൾ മുതലായവയുടെ വിതരണം എന്നിവയ്ക്കു സഹായം നൽകുന്നു; ടൈറ്റിൽ II (Title II) എന്ന പദ്ധതിയിൽ ഒരു ലക്ഷത്തോളം ഗ്രാമങ്ങളിലായി 7 ദശലക്ഷത്തിൽപ്പരം സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാരലഭ്യത ഉറപ്പുവരുത്തുന്നു. എയ്ഡ്സ് ബാധിതർക്ക് സാന്ത്വനമേകുവാനും അന്താരാഷ്ട്രവികസന ഏജൻസി ധനസഹായം നൽകുന്നു.
  4. ഊർജ-വിഭവസംരക്ഷണം ഉറപ്പുവരുത്തിയും പുനരുദ്ധാരണക്ഷമവും മാലിന്യമുക്തവുമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചും ശുദ്ധമായ ജലവും ഊർജവും എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഏജൻസി ധനസഹായം നൽകുന്നു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യൻ വ്യവസായങ്ങൾക്ക് ISO 14000-ത്തിന്റെ നിയമങ്ങൾക്ക് വിധേയമായി ഒരു ഹരിതവ്യവസായ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുവാനുള്ള നടപടികൾ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. മാലിന്യമുക്തഊർജ സ്രോതസ്സെന്ന നിലയ്ക്ക് ഹൈഡ്രജൻ ഇന്ധനത്തിന്റെ സാധ്യതകൾ തുറന്നുകാട്ടുന്നതിനായി ഒരു യു.എസ്.-ഇന്ത്യൻ സംരംഭം ഹൈഡ്രജൻകൊണ്ട് ഓടുന്ന ത്രിചക്ര സ്കൂട്ടർ മാതൃക വികസിപ്പിച്ചത് ഈ രംഗത്തെ ഒരു നാഴികകല്ലായി പരിഗണിക്കാം.
  5. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനും, ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമുള്ള അന്താരാഷ്ട്ര വികസന ഏജൻസിയും ഇന്ത്യാ ഗവൺമെന്റും സന്നദ്ധസംഘടനകളും ഒരുമിച്ച് പ്രവർത്തിക്കുന്നു. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ കെടുതികൾ പ്രവചിക്കാൻ ദേശീയതലത്തിൽ ഒരു പ്രവർത്തന പദ്ധതി രൂപീകരിക്കുകയുണ്ടായി. 2004 ഡിസമ്പറിലെ സുനാമി ദുരന്തത്തെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഏജൻസി 4.3 ദശലക്ഷത്തിലേറെ ഡോളർ സഹായധനം നൽകി.
  1. Best Places to Work in the Federal Government
  2. USAID: USAID History

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര വികസന ഏജൻസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.