യൂറിപ്പിഡിസ്

(Euripides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതന ഗ്രീസിലെ മൂന്നു പ്രമുഖ ദുരന്തനാടകകൃത്തുക്കളിൽ ഒടുവിലത്തെ ആളായിരുന്നു യൂറിപ്പിഡിസ് (ജനനം: ക്രി.മു. 480-നടുത്ത്; മരണം: 406-നടുത്ത്). മറ്റു രണ്ടു നാടകകൃത്തുക്കൾ എസ്കിലസും സോഫക്കിൾസും ആയിരുന്നു. 90-നടുത്ത് നാടകങ്ങൾ യൂറിപ്പിഡിസ് എഴുതിയിട്ടുണ്ട്. അവയിൽ 18 എണ്ണം സമ്പൂർണ്ണരൂപത്തിൽ ലഭ്യമാണ്. ഇതിനു പുറമേ അദ്ദേഹത്തിന്റേതായി കരുതപ്പെട്ടിരുന്ന "റീസസ്" എന്ന നാടകത്തിന്റെ കർതൃത്വത്തെ സംബന്ധിച്ച് ശൈലീസംബന്ധമായ പരിഗണനകൾ വച്ച് തർക്കങ്ങൾ ഉണ്ടെങ്കിലും പുരാതനരേഖകൾ ഈ കൃതിയും അദ്ദേഹത്തിന്റേതാണെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.[1] യൂറിപ്പിഡിസിന്റെ മറ്റു പല നാടകങ്ങളുടേയും ചെറുതും വലുതുമായ ശകലങ്ങൾ ലഭ്യമാണ്. അദ്ദേഹത്തിന്റെ ലഭ്യമായ രചനകൾ, എസ്കിലസിന്റേയും സോഫക്കിൾസിന്റേയും നിലവിലുള്ള രചനകൾ ചേർന്നാലുള്ളതിലധികം വരും. യൂറിപ്പിഡിയൻ പാഠപാരമ്പര്യത്തിന്റെ സവിശേഷതയാണ് ആ രചനകളുടെ ഭേദപ്പെട്ട പരിരക്ഷയ്ക് വഴിയൊരുക്കിയത്.

യൂറിപ്പിഡിസ്
യൂറിപ്പിഡിസിന്റെ അർത്ഥകായശില്പം:
ക്രി.മു. നാലാം നൂറ്റാണ്ടിലെ യവനശില്പത്തിന്റെ റോമിലെ പിയോ ക്ലെമെന്റീനോ മ്യൂസിയത്തിലുള്ള വെണ്ണക്കൽ പകർപ്പ്
ജനനംക്രി. മു. 480-നടുത്ത്
സലാമിസ് ദ്വീപ്
മരണംക്രി.മു. 406-നടുത്ത്
മാസിഡോണിയ
തൊഴിൽനാടകകൃത്ത്

അംഗീകൃതവിശ്വാസങ്ങളിൽ പലതിനേയും ചോദ്യം ചെയ്യുന്ന വികാരപ്രക്ഷുബ്ധവും സന്ദേഹഭരിതവും ആയ രചനകൾ നിർവഹിച്ച യൂറിപ്പിഡിസ്, ജീവിതകാലത്തും പിന്നീടും വിവാദപുരുഷനായിരുന്നു. നാടകരംഗത്തെന്ന പോലെ പൊതുജീവിതത്തിലെ ഇതരമേഖലകളിലും സക്രിയരായിരുന്ന എസ്കിലസിൽ നിന്നും സോഫക്കിൾസിൽ നിന്നും ഭിന്നമായി, താരതമ്യേന ഒറ്റപ്പെട്ട ജീവിതം നയിച്ച അദ്ദേഹം ഒടുവിൽ ആഥൻസിൽ നിന്നു ബഹിഷ്കൃതനായി മാസിഡോണിയയിൽ പ്രാവാസജീവിതം നയിക്കുമ്പോഴാണ് ചരമമടഞ്ഞത്.

യൂറിപ്പിഡിസിന്റെ ജീവിതത്തെക്കുറിച്ച് ആധികാരികമായ വിവരങ്ങൾ തീരെയില്ല. കിട്ടാവുന്ന രേഖകൾ മിക്കവയും കെട്ടുകഥകളേയും കേട്ടുകേൾവിയേയും ആശ്രയിച്ചുള്ളവയാണ്. കഥയനുസരിച്ച്, പേർഷ്യക്കെതിരെയുള്ള യുദ്ധത്തിൽ യവനസഖ്യത്തിന്റെ ഏറ്റവും പ്രസിദ്ധമായ വിജയത്തിനു വേദിയായ സലാമിസ് ദ്വീപിൽ, ആ യുദ്ധം നടന്ന വർഷമായ ക്രി.മു. 480-ലാണ് യൂറിപ്പിഡിസ് ജനിച്ചത്. യുദ്ധദിനമായ സെപ്തംബർ 23-നു തന്നെയായിരുന്നു ജനനം എന്നും പറയപ്പെടുന്നു. മറ്റു ചില രേഖകൾ പിന്തുടർന്നാൽ, സലാമിസിലെ യുദ്ധത്തിനു വളരെ മുൻപ്, ക്രി.മു. 485-ലോ മറ്റോ ആണ് അദ്ദേഹം ജനിച്ചത്.

യൂറിപ്പിഡിസിന്റെ പിതാവിന്റെ പേര് നെസാർക്കസ് എന്നോ നെസാർക്കൈഡ്‌സ് എന്നോ ആയിരുന്നു. അമ്മ ക്ലീറ്റോയും.[2] അമ്മ പലവ്യഞ്ജനക്കച്ചവടക്കാരിയും വഴിവാണിഭക്കാരിയും ആയിരുന്നെന്ന്, യൂറിപ്പിഡിസിനെ നിശിതവിമർശകനായ ഹാസ്യനാടകകൃത്ത് അരിസ്റ്റോഫെനീസ് പറയുന്നുണ്ടെങ്കിലും അവർ ഒരു കുലീനകുടുംബത്തിലെ അംഗമായിരുന്നു എന്നും യൂറിപ്പിഡിസിന്റെ കുടുംബം ധനികവും പ്രാമാണികവും ആയിരുന്നു എന്നും സൂചനയുണ്ട്. ചെറുപ്പത്തിൽ അപ്പൊളോ ദേവനു മുൻപിൽ നൃത്തം ചെയ്തിരുന്നവരുടെ പാനപാത്രവാഹകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ വളർച്ചയെത്തിയതോടെ താൻ വളർന്നുവന്ന മതത്തിന്റെ വിശ്വാസങ്ങളെ അദ്ദേഹം ചോദ്യം ചെയ്യാൻ തുടങ്ങി. പ്രൊട്ടഗോറസ്, സോക്രട്ടീസ്, അനക്സഗോറസ് തുടങ്ങിയ ചിന്തകന്മാർ ഇക്കാര്യത്തിൽ അദ്ദേഹത്തെ സ്വാധീനിച്ചു.

 
പാരിസിലെ ലൂവർ മ്യൂസിയത്തിലുള്ള യൂറിപ്പിഡിസിന്റെ പ്രതിമ

യൂറിപ്പിഡിസ് രണ്ടു വട്ടം വിവാഹം കഴിച്ചിരുന്നു. ഖോറൈൽ, മെലീറ്റോ എന്നിവരായിരുന്നു ഭാര്യമാർ എന്നു പറയുന്നുണ്ടെങ്കിലും ഇവരിൽ ആരെയാണ് ആദ്യം വിവാഹം കഴിച്ചതെന്നു വ്യക്തമല്ല.[3] അദ്ദേഹത്തിനു മൂന്നു ആണ്മക്കളുണ്ടായിരുന്നു. ഒരു മകൾ ഉണ്ടായിരുന്നെന്നും അവൾ പേപ്പട്ടി കടിയേറ്റു മരിച്ചു എന്നുമൊക്കെയുള്ള കിംവദന്തി അരിസ്റ്റോഫെനിസ് പരത്തിയതാണെന്നു കരുതുന്നവരുണ്ട്. നാടകത്തിനു പുറമേയുള്ള പൊതുവേദികളിലെ യൂറിപ്പിഡിസിന്റെ പ്രവർത്തനത്തെക്കുറിച്ച് രേഖകളില്ല. അദ്ദേഹം സിസിലിയിലെ സൈറാക്കൂസ് സന്ദർശിച്ചെന്നും, സലാമിസ് ദ്വീപിൽ ഇപ്പോഴുള്ള "യൂറിപ്പിഡിസിന്റെ ഗുഹ"-യാണ്[4] നാടകങ്ങൾക്ക് രചനാവേദി ആയതെന്നും പറയപ്പെടുന്നു.

ഗ്രീസിന്റെ ആദിമചരിത്രത്തിലെ പുരാവൃത്തങ്ങളെ ആശ്രയിച്ചാണ് യൂറിപ്പിഡിസ് നാടകങ്ങൾ എഴുതിയത്. എന്നാൽ ദൈവങ്ങളുടെ അനീതിക്കെതിരെ സന്ദേഹഭരിതമായ പ്രതിക്ഷേധത്തിന്റെ മൃദുസ്വരം വരികളിലും, ആക്രോശം വരികൾക്കിടയിലും സംവഹിച്ചവയായിരുന്നു ആ രചനകൾ. പലപ്പോഴും അദ്ദേഹത്തിന്റെ അവതരണത്തിൽ ഇതിഹാസകഥകളിലെ കഥാപാത്രങ്ങൾക്കും കഥാസന്ദർഭങ്ങൾക്കും പരിഹാസ്യസ്വഭാവം വന്നു. നുണപറയുന്ന ദൈവങ്ങളേയും, നിർഗുണസുഖലോലുപന്മാരായ ദൈവപുത്രന്മാരേയും തുറന്നുകാട്ടുന്ന മുഹൂർത്തങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽ കണാം.[5] യുദ്ധത്തിന്റെ ഭീകരതയിലേക്കും മനുഷ്യത്വഹീനതയിലേക്കും ശ്രദ്ധക്ഷണിക്കുന്നവയായിരുന്നു യൂറിപ്പിഡിസിന്റെ പല നാടകങ്ങളും.


ഹിപ്പോളിറ്റസ്

തിരുത്തുക

ഈ നാടകത്തിലെ നായകൻ നായാട്ടിന്റെ ദേവിയും നിത്യകന്യകയുമായ ആർട്ടെമിസിനോട് വിശ്വസ്തതയും ബ്രഹ്മചര്യവും പറഞ്ഞൊത്ത സുന്ദരനായ ഒരു വേട്ടക്കാരൻ യുവാവാണ്. തെസ്യൂസ് രാജാവിന് ആന്റിയൊപ്പ് എന്ന ആമസോൺ സ്ത്രീയിൽ പിറന്ന മകനായിരുന്നു അയാൾ. ആർട്ടെമിസിനോടുള്ള ഹിപ്പോളിറ്റസിന്റെ പറഞ്ഞൊപ്പ്, പ്രേമത്തിന്റേയും സൗന്ദര്യത്തിന്റേയും ലൈംഗികതയുടേയും മൂർത്തിയായ അഫ്രോഡൈറ്റ് ദേവിയെ അരിശപ്പെടുത്തി. തെസ്യൂസിന്റെ ഭാര്യ 'ഭേദ്ര'-യുടെ മനസ്സിൽ അഫ്രോഡൈറ്റ്, ഹിപ്പോളിറ്റസിനൊട് അഗാധപ്രേമം അങ്കുരിപ്പിച്ചു. തെസ്യൂസിന്റെ മകനാണ് താനെന്നറിയാമായിരുന്ന ഹിപ്പോളിറ്റസിനെ ഭേദ്രയുടെ പ്രേമാഭ്യർത്ഥന ഞെട്ടിപ്പിച്ചു. അയാളുടെ തിരസ്കാരം സഹിക്കാനാവാതെ ഭേദ്ര മരിക്കുന്നു. ഹിപ്പോളിറ്റസ് തന്നെ മാനഭംഗപ്പെടുത്തി എന്നെഴുതിയ ഒരു കുറിപ്പ് കയ്യിലേന്തിയ നിലയിലാണ് ഭർത്താവ് അവളെ കണ്ടെത്തുന്നത്. താൻ നിർദ്ദോഷിയാണെന്ന ഹിപ്പോളിറ്റസിന്റെ അവകാശവാദം രാജാവ് ചെവിക്കൊണ്ടില്ല. കാറ്റിന്റേയും സമുദ്രത്തിന്റേയും മൂർത്തിയായ പോസിഡോണിനോട് ഹിപ്പോളിറ്റസിനെ കൊല്ലാൻ തെസ്യൂസ് ആവശ്യപ്പെടുന്നു. രാജ്യത്തു നിന്ന് ബഹിഷ്കൃതനാകുന്ന അയാൾ രഥത്തിൽ കടൽ തീരത്തുകൂടെ സഞ്ചരിക്കുമ്പോൾ ഒരു കടൽ സിംഹം അയാളെ പിന്തുടരുന്നു. അതു കണ്ടു സമനിലതെറ്റിയ കുതിരകൾ രഥം മറിച്ചിട്ട് അയാളെ അതിനടിയിലിട്ടു വലിച്ചു കൊണ്ടോടുമ്പോൾ പാറകളിൽ തട്ടി ശരീരം ചിതറി അയാൾ മരിക്കുന്നു.[6] നാടകത്തിന്റെ ആ സമാപ്തിയിൽ ഈ പല്ലവി കേൾക്കാം:-

ഇതിലെ നായിക, സ്വർണ്ണരോമം(golden fleece) തേടി കരിങ്കടൽ തീരത്തെ കോൾക്കിസിലെത്തിയ അർഗോനാട്ടുകളുടെ നേതാവ് ജെയ്‌സണെ പ്രേമിച്ച കോൾക്കിസിലെ രാജകുമാരിയും മാന്ത്രികയുമായ മെഡിയാ ആണ്. തന്റെ ദൗത്യം സഫലമാക്കാൻ എല്ലാത്തരത്തിലും സഹായിച്ച മെഡിയായോട് ജെയ്‌സൺ നിത്യവിശ്വസ്തത വാഗ്ദാനം ചെയ്യുന്നു. ഗ്രീസിലെ സ്വദേശമായ തെസല്ലിയിലേക്ക് അയാൾ അവളെ തന്നോടൊപ്പം കൊണ്ടുപോയെങ്കിലും അവിടത്തെ നിയമം വിദേശിയുമായുള്ള വിവാഹം അനുവദിക്കാതിരുന്നതിനാൽ അയാൾ അവളെ വിവാഹം കഴിക്കാതെ അവൾക്കൊപ്പം ജീവിക്കുകയും അവർക്ക് രണ്ടു കുട്ടികൾ ജനിക്കുകയും ചെയ്യുന്നു. എന്നാൽ ഒടുവിൽ അവളുടെ കാടൻ മട്ടുകൾ മടുത്ത ജെയ്‌സൺ കോറിന്തിലെ രാജാവ് ക്രെയന്റെ മകളെ വിവാഹം കഴിക്കുന്നു. ഈ തിരസ്കാരത്തിനു പ്രതികാരം ചെയ്യാൻ തീരുമാനിച്ച മെഡിയാ, ജാസന്റെ കോറീന്തുകാരി വധുവിനോട് അനുനയം ഭാവിച്ച്, അവൾക്ക് വിലകൂടിയ ഒരു വസ്ത്രം കൊടുത്തയക്കുന്നു. ആ മാന്ത്രികവസ്ത്രം ധരിച്ച അവളും അവളെ രക്ഷിക്കാൻ ഒരുങ്ങിയ പിതാവും തീപിടിച്ചു മരിക്കുന്നു. സ്വന്തം മക്കളെ കൊന്ന് അവരുടെ ശവങ്ങളുമായി ജെയ്‌സന്റെ മുൻപിൽ ഓടിപ്പോകുന്ന മെഡിയായെ നാടകത്തിനൊടുവിൽ കാണാം. ദൈവങ്ങളോടുള്ള പ്രതിക്ഷേധത്തിന്റെ പല്ലവിയിലാണ് ഈ നാടകവും സമാപിക്കുന്നത്.[7]

ട്രോജൻ യുദ്ധത്തിൽ ഗ്രീസിന്റെ ശത്രുരാജ്യമായിരുന്ന ട്രോയിയുമായി ബന്ധപ്പെട്ട കഥകളാണ് പല നാടകങ്ങളുടേയും ഇതിവൃത്തം. ഹോമറിന്റെ ഇതിഹാസങ്ങൾ അനുസരിച്ച്, സ്പാർട്ടയിലെ രാജാവ് മെനലേയസിന്റെ രാജ്ഞി ഹെലൻ, ട്രോയിയിലെ രാജകുമാരൻ പാരിസിനെ പ്രേമിച്ച് അയാൾക്കൊപ്പം അയാളുടെ നാട്ടിലേക്ക് ഒളിച്ചോടിയതാണ് ട്രോജൻ യുദ്ധത്തിനു കാരണാമായത്. എന്നാൽ ഹെലൻ എന്ന പേരിൽ യൂറിപ്പിഡിസ് എഴുതിയ നാടകത്തിൽ നായികയെ കൊണ്ടുപോയത് ട്രോയിയിലേയ്ക്കല്ല ഈജിപ്തിലേക്കാണ്. അവളുടെ ഇഷ്ടത്തിനെതിരായി കൊണ്ടുപോകപ്പെട്ട അവൾ അവിടെ ഭർത്താവിനെ വിശ്വസ്തതയോടെ കാത്തിരുന്നു.[8] പരക്കെ പ്രചാരത്തിലിരുന്ന ഹെലന്റെ കഥ, മുഴുവൻ ഗ്രീസിനെയും കബളിപ്പിച്ചു എന്നാണ് യൂറിപ്പിഡിസ് സൂചിപ്പിക്കുന്നത്.[5]

ഇഫിജെനിയ ഓളിസിൽ

തിരുത്തുക

ട്രോജൻ യുദ്ധത്തിനു പുറപ്പെട്ട യവനസഖ്യത്തിന്റെ കപ്പലുകൾ ബോയെത്തിയായിലെ ഓളിസ് തുറമുഖത്ത് കാറ്റു ലഭിക്കാതെ നിശ്ചലമായപ്പോൾ, ദൈവപ്രീതിക്കായി ബലി ചെയ്യപ്പെട്ട രാജകുമാരി ഇഫിജെനിയയുടെ കഥ എസ്കിലസും സോഫക്കിൾസും വിഷയമാക്കിയിട്ടുള്ളതാണ്. യവനസൈന്യത്തിന്റെ തലവൻ ആഗമെമ്നന്റെ മകളായിരുന്നു ഇഫെജെനിയ. പുരാതന മതം മനുഷ്യനെക്കൊണ്ടു ചെയ്യിക്കുന്ന പാതകങ്ങളെ ഉദാഹരിക്കാൻ ഇഫിജെനിയയുടെ ദുരന്തത്തിന്റെ സാദ്ധ്യതകൾ മുഴുവൻ ഉപയോഗിച്ച യൂറിപ്പിഡിസിന്റെ നാടകം, ഈ വിഷയത്തെ അധികരിച്ചുള്ള പഴയ രചനകളെ വിസ്മൃതമാക്കി.

യവനവീരനായ അക്കിലിസ് അവളെ വിവാഹം ചെയ്യാൻ പോകുന്നു എന്ന വ്യാജം പറഞ്ഞാണ് ഇഫെജെനിയയെ ഓളിസിൽ വരുത്തിയത്. അമ്മ ക്ലൈറ്റംനെസ്ട്രായ്ക്കും, അപ്പോൾ ശിശുവായിരുന്ന സഹോദരൻ ഓറെസ്റ്റസിനും ഒപ്പം എത്തിയ അവൾ പിതാവിനെ നിഷ്കളങ്കമായ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നതായി യൂറിപ്പിഡിസ് ചിത്രീകരിക്കുന്നു. ഒടുവിൽ യാഥാർത്ഥ്യം അറിഞ്ഞ അവൾ പിതാവിനോടു തന്റെ ജീവനു വേണ്ടി ആർദ്രമായി യാചിച്ചു. മകളെ കൊലചെയ്യാനുള്ള ഭർത്താവിന്റെ നിശ്ചയത്തെ എതിർത്ത ക്ലൈറ്റംനേസ്ട്ര, അവളെ രക്ഷപെടുത്താനൊരുങ്ങിയ അക്കിലിസിനെ പിന്തുണച്ചു. എന്നാൽ പിതാവിനെ ധിക്കരിച്ചു രക്ഷപെട്ടുപോകാൻ ഇഫിജെനിയ തയ്യാറായില്ല. ഗ്രീസിന്റെ മഹത്ത്വത്തിനു വേണ്ടി മരിക്കാൻ തീരുമാനിച്ച അവൾ ബലിത്തീയിലേയ്ക്കു സ്വയം നടന്നു കയറുന്നു.[9]

ഹെക്യൂബാ

തിരുത്തുക

ഈ നാടകത്തിന്റെ പശ്ചാത്തലം ട്രോജൻ യുദ്ധത്തിന്റെ സമാപ്തിക്കുശേഷമാണ്. യുദ്ധത്തിൽ കൊല്ലപ്പെട്ട ട്രോയിയിലെ രാജാവ് പ്രയമിന്റെ വിധവയാണ് ഹെക്യൂബാ. ട്രോയിയുടെ ഒരു സ്വർണ്ണനിധി പ്രയാമിന്റെ സുഹൃത്തും ത്രേസിലെ രാജാവുമായ പോളിംനെസ്റ്ററുടെ സൂക്ഷത്തിന് ഏല്പിക്കാനായി, തന്റെ ഏറ്റവും ഇളയ മകൻ പോളിഡോറസിനെ അയാളുടെ അടുത്തേയ്ക്ക് ഹെക്യൂബാ അയക്കുന്നു. നിധി സ്വന്തമാക്കാനാഗ്രഹിച്ച പോളിംനെസ്റ്റർ പോളിഡോറസിനെ കൊന്ന് അവന്റെ ജഡം കടലിൽ എറിയുന്നു. തീരത്തു വന്നടിഞ്ഞ ജഡം ഹെക്യൂബയുടെ അടുത്തു കൊണ്ടുവരപ്പെടുന്നു. അതേസമയം തന്നെ, യുദ്ധത്തിൽ മരിച്ച യവനവീരനായ അക്കിലിസിന്റെ പ്രേതം, വിജയികളായ യവനരുടെ കപ്പലുകൾക്ക് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കു വേണ്ടിയിരുന്ന കാറ്റു തടയുന്നു. പ്രയാമിന്റെ പെണ്മക്കളിൽ ഏറ്റവും അഴകുള്ളവളായ പോളിക്സേനയെ തനിക്കു ബലിയായി കിട്ടണം എന്നായിരുന്നു അക്കിലിന്റെ ആവശ്യം. ഹെക്യൂബയുടെ പക്കൽ നിന്ന് പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോകാൻ ഗ്രീക്കുകാരുടെ സന്ദേശവാഹകൻ താൽത്തിബിയസ് എത്തുന്നു. അടുത്തദിവസം വരെ ട്രോയിയിലെ രാജ്ഞിയായിരുന്ന ഹെക്യൂബായുടെ പരിതാപാവസ്ഥ കണ്ട സന്ദേശവാഹകൻ, പരമ്പരാഗതമായ ദൈവവിശ്വാസത്തെ ഇങ്ങനെ ചോദ്യം ചെയ്യുന്നു:-

ട്രോയിയിലെ സ്ത്രീകൾ

തിരുത്തുക
 
ട്രോയിയിലെ സ്ത്രീകൾ എന്ന നാടകത്തിലെ ഒരു രംഗം - അസ്ട്യാനക്സിന്റെ കൊല

ഗ്രീസിന്റെ വിനാശത്തിനു വഴിതെളിച്ച പെലൊപ്പോന്നേഷ്യൻ യുദ്ധത്തിൽ ക്രി.മു. 416-ൽ കീഴടക്കപ്പെട്ട മീലോസ് ദ്വീപിനെതിരെ ആഥൻസിന്റെ സൈന്യം നടത്തിയ കൊടുംക്രൂരതയ്ക്കു തൊട്ടുപിന്നാലെയാണ്, യൂറിപ്പിഡിസ് ഈ നാടകം രചിച്ചത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിൽ, സിസിലിയിലെ സൈറാക്കൂസ് ആക്രമിക്കാനുള്ള ആഥൻസിന്റെ സന്നാഹം നടന്നുകൊണ്ടിരിക്കുന്ന സന്ദർഭവും ആയിരുന്നു അത്. "മീലോസിനെതിരെ നടന്ന പാതകങ്ങളും, സൈറാക്കൂസിനെതിരെയുള്ള സൈനികസംരംഭത്തിൽ പ്രകടമായ സാമ്രാജ്യമോഹവും കണ്ടു ഞെട്ടിയ യൂറിപ്പിഡിസ്, യുദ്ധവിജയത്തെ പരാജിതരുടെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ഈ രചനയിൽ, സമാധാനത്തിനു വേണ്ടിയുള്ള ശക്തമായ നിലപാടെടുക്കുകയായിരുന്നു." "പൗരാണികസാഹിത്യത്തിൽ യുദ്ധത്തിനെതിരെയുള്ള ഏറ്റവും നിശിതമായ വിമർശനം" എന്നു ഈ കൃതി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[5]

ട്രോയിയിലെ രാജവനിതകൾ, യുദ്ധത്തിൽ കൊല്ലപ്പെട്ട ഉറ്റവരുടെ ജഡങ്ങൾക്കിടയിലൂടെ വിജയികളുടെ വെപ്പാട്ടികളാകാനുള്ള വിധിയിലേക്കു നീങ്ങുന്നതാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ട്രോയിയിലെ പ്രയാം രാജാവിന്റെ വിധവ ഹെക്യൂബ, മകൾ കസാന്ദ്ര, പ്രയാമിന്റെ മകൻ ഹെക്ടറുടെ വിധവ അൻഡ്രോമക്ക്, എന്നിവരെല്ലാം കരുണാർദ്രമായ ഈ കഥയിൽ പ്രത്യക്ഷപ്പെടുന്നു. നാടകത്തിന്റെ തുടക്കത്തിൽ ഹെക്ടറുടെ മകൻ അസ്ട്യാനക്സിനെ അമ്മയുടെ കയ്യിൽ കാണാം. ആ ശിശു വളർന്ന് തങ്ങളോട് പ്രതികാരം ചെയ്യുമെന്നു ഭയന്ന ഗ്രീക്കുകർ, കഥ പുരോഗമിക്കുമ്പോൾ അവനെ കൊല്ലുന്നു. അതിനകം അവന്റെ അമ്മയെ കയറ്റിയ കപ്പൽ വിട്ടുപോയിരുന്നതിനാൽ, അച്ഛന്റെ പടച്ചട്ടയിൽ പൊതിഞ്ഞുകിട്ടിയ കൊച്ചുമകന്റെ മൃതദേഹം സംസ്കരിക്കുന്നതു മുത്തച്ഛി ഹെക്യൂബായുടെ ചുമതലയായി.[11]

ഇലക്ട്രാ

തിരുത്തുക

ആഗമെമ്നന്റെ മകൾ ഇലക്ട്രായും അവളുടെ സഹോദരൻ ഓറെസ്റ്റസും, അവരുടെ പിതാവിന്റെ കൊലയ്ക്ക് ഉത്തരവാദിയായ അമ്മ ക്ലൈറ്റംനേസ്ട്രയേയും കാമുകൻ ഏജിസ്തസിനേയും വധിക്കുന്നതാണ് ഇതിലെ കഥ. ഇലക്ട്രായെ അമ്മ ഒരു ഗ്രാമീണനു വിവാഹം ചെയ്തു കൊടുത്തിരിക്കുന്നതായാണ് യൂറിപ്പിഡിസ് ചിത്രീകരിക്കുന്നത്. അമ്മയെ വധിക്കാൻ സഹോദരനെ പ്രേരിപ്പിക്കുന്ന ഇലക്ട്രായുടെ കഥ മറ്റു നാടകകൃത്തുക്കളും കൈകാര്യം ചെയ്തിട്ടുള്ളതാണെങ്കിലും അമ്മയോടുള്ള അവളുടെ മനോഭാവത്തെ മനശാസ്ത്രദൃഷ്ട്യാ അപഗ്രഥിക്കുന്നത് യൂറിപ്പിഡിസാണ്. മാതൃഹത്യയുടെ കുറ്റബോധത്തിൽ ഞെട്ടി നിൽക്കുന്ന ഓറെസ്റ്റസിനെ അവതരിപ്പിച്ചാണ് നാടകം സമാപിക്കുന്നത്.[12]

ഇഫിജെനിയ തൗറിസിൽ

തിരുത്തുക

ട്രോജൻ യുദ്ധത്തിനു മുൻപ് ആർട്ടെമിസ് ദേവിയ്ക്കു ബലികൊടുക്കപ്പെട്ടതായി പറയപ്പെട്ട രാജകുമാരി ഇഫിജെനിയായുടെ കഥയുടെ മറ്റൊരു ഭാഷ്യമാണ് ഈ നാടകം. ബലിയുടെ അഗ്നിയിൽ നിന്ന് ദേവി അവളെ രക്ഷപെടുത്തിയിരുന്നെന്ന സങ്കല്പത്തിലാണ് ഈ കഥയുടെ അടിസ്ഥാനം. അവൾക്കു പകരം ഒരു മാനിനെ ബലിയായി സ്വീകരിച്ച ദേവി അവളെ, ക്രീമിയയിലെ തൗറി ജനതകൾക്കിടയിലുള്ള തന്റെ ക്ഷേത്രത്തിലെ പൂജാരിണിയാക്കി. തങ്ങൾക്കിടയിൽ എത്തിച്ചേരുന്ന വിദേശികളെ ദേവിക്കു ബലിയർപ്പിക്കുക തൗറികളുടെ പതിവായിരുന്നു. ആ ചടങ്ങിന്റെ ചുമതല വഹിച്ച് അവൾ 18 വർഷം ചെലവിട്ടു കഴിഞ്ഞപ്പോൾ, അവളുടെ സഹോദരൻ ഓറസ്റ്റസ് അവിടെയെത്തുന്നു. ക്രീമിയയിലുള്ള ആർട്ടെമിസിന്റെ വിശുദ്ധവിഗ്രഹം ഗ്രീസിലെത്തിച്ചാൽ മാതൃഹത്യയിൽ നിന്നുള്ള മനസ്താപം മാറി ശാന്തി കിട്ടുമെന്ന അപ്പോളോ ദേവന്റെ വാക്കു കേട്ട് എത്തിയതായിരുന്നു അവൻ. അവിടെ തൗറികൾ ബലിക്കായി പിടികൂടിയ സഹോദരനെ ഇഫിജെനിയ രക്ഷപെടുത്തുകയും അവരൊരുമിച്ച് ദേവീവിഗ്രഹവുമായി ഗ്രീസിലേക്കു മടങ്ങുകയും ചെയ്യുന്നു.[13]

പ്രവാസം, മരണം

തിരുത്തുക

ഡയോണിഷ്യയിലെ നാടകമത്സരങ്ങളിൽ പലവട്ടം പങ്കെടുത്ത യൂറിപ്പിഡിസ് ജീവിതകാലത്ത് സമ്മാനിതനായത് നാലുവട്ടം മാത്രമായിരുന്നു. ദൈവദൂഷണങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ സൃഷ്ടികൾക്ക് സമ്മാനം നൽകുക വിധികർത്താക്കൾക്ക് എളുപ്പമായിരുന്നില്ല. താരതമ്യേന ഏകാന്തപഥികനായിരുന്ന അദ്ദേഹത്തിന് ധാരാളം ശത്രുക്കളുമുണ്ടായിരുന്നു. ഹാസ്യനാടകകൃത്തായ അരിസ്റ്റോഫെനസ് തന്റെ നാടകങ്ങളിൽ അദ്ദേഹത്തെ നിരന്തരം ആക്രമിച്ചു. യൂറിപ്പിഡിസിനെ ശിക്ഷിക്കാനായി എതിരാളികൾ നിയമനടപടിക്കൊരുങ്ങിയെങ്കിലും അവ പരാജയപ്പെട്ടു. പെലൊപ്പൊന്നേഷ്യൻ യുദ്ധത്തിന്റെ നടുവിൽ, "ട്രോയിയിലെ സ്ത്രീകൾ" എന്ന യുദ്ധവിരുദ്ധനാടകം പ്രസിദ്ധീകരിച്ചതോടെ ആഥൻസിൽ അദ്ദേഹത്തിനു ശത്രുക്കൾ മാത്രമായി. നഗരത്തിൽ നിറഞ്ഞിരുന്ന യുദ്ധഭ്രാന്തിൽ പങ്കുചേരാതിരുന്നതിന് ഭാര്യ പോലും അദ്ദേഹത്തെ എതിർത്തു എന്നു പറയപ്പെടുന്നു.[5] ഒടുവിൽ ക്രി.മു. 408-ൽ 72 വയസ്സുള്ളപ്പോൾ, ഏറെ വ്യക്തമല്ലാത്ത സാഹചര്യങ്ങളിൽ യൂറിപ്പിഡിസിനു ആഥൻസ് വിട്ടുപോകേണ്ടി വന്നു. മാസിഡോണിയയിലെ അർക്കലാവോസ് രാജാവ് അദ്ദേഹത്തെ തന്റെ രാജ്യത്തേയ്ക്കു ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് മാസിഡോണിയയിൽ താമസിക്കുമ്പോൾ എഴുതിയവയാണ് അദ്ദേഹത്തിന്റെ "ഇഫിജെനിയ ഓളിസിൽ", "ബാക്കേ"-(The Bacchae) എന്നീ നാടകങ്ങൾ. വീഞ്ഞിന്റെ ദേവനായ ഡയോനിഷ്യസിനെ ലക്ഷ്യമാക്കിയുള്ള ഉന്മാത്താരാധനയുമായി ബന്ധപ്പെട്ട കഥയാണ് "ബാക്കേ". ഈ നാടകങ്ങൾ യൂറിപ്പിഡിസിന്റെ മരണശേഷം അദ്ദേഹത്തിന്റെ മക്കളിലൊരാൾ ഡയോണിഷ്യയിലെ മത്സരത്തിൽ അവതരിപ്പിക്കുകയും സമ്മാനിതമാവുകയും ചെയ്തു.

മാസിഡോണിയയിലെത്തി പതിനെട്ടു മാസത്തിനകം യൂറിപ്പിഡിസ് മരിച്ചു. വനത്തിൽ ഉലാത്താൻ പോയ അദ്ദേഹത്തെ അർക്കലാവോസിന്റെ വേട്ടനായ്ക്കൾ അബദ്ധത്തിൽ ആക്രമിച്ചതിനെ തുടർന്നാണ് മരണം നടന്നതെന്ന് പറയപ്പെടുന്നു.

വിലയിരുത്തൽ

തിരുത്തുക

ജീവിതകാലത്ത് നിശിതമായ എതിർപ്പുകൾ നേരിട്ട യൂറിപ്പിഡിസ് മരണശേഷം ആഥൻസുകാർക്ക് സ്വീകാര്യനായി. പിൽക്കാലനൂറ്റണ്ടുകളിൽ അവർ അദ്ദേഹത്തിന്റെ നിലപാടുകളെ അംഗീകരിച്ചു. യൂറിപ്പിഡിസിന്റെ എതിർപ്പിനെ അവഗണിച്ച് സിസിലിയിലെ സൈറാക്കൂസ് ആക്രമിക്കാൻ പോയ ആഥൻസിന്റെ നാവിക ദൗത്യത്തിന്റെ പരാജയത്തിൽ തടവിലായ സൈനികർക്ക് സിസിലിയിലെ ഖനികളിൽ അടിമവേല ചെയ്യേണ്ടി വന്നെങ്കിലും, യൂറിപ്പിഡിസിന്റെ നാടകഭാഗങ്ങൾ ഓർമ്മയിൽ നിന്നു ചൊല്ലാൻ കഴിഞ്ഞവർ മോചിപ്പിക്കപ്പെട്ടെന്ന് പ്ലൂട്ടാർക്ക് പറയുന്നു. യൂറിപ്പിഡിസിനു ശേഷം ലോകത്തൊരിടത്തും അദ്ദേഹത്തിന്റെ ചെരുപ്പെടുക്കാൻ അർഹതയുള്ളൊരു നാടകകൃത്ത് ഉണ്ടായിട്ടില്ലെന്ന് 18-19 നൂറ്റണ്ടുകളിലെ ജർമ്മൻ സാഹിത്യകാരൻ ഗൈഥേ അഭിപ്രായപ്പെട്ടിട്ടുണ്ട്.[5] ഇറ്റാലിയൻ കവി ഡാന്റെയുടെ ഡിവൈൻ കോമഡിയിൽ യൂറിപ്പിഡിസ് പരാമർശിക്കപ്പെടുന്നുണ്ട്. മൂന്നു ഗ്രീക്കു ദുരന്തനാടകകൃത്തുക്കളിൽ യൂറിപ്പിഡിസ് മാത്രമാണ് 'കോമഡി'-യിൽ പ്രത്യക്ഷപ്പെടുന്നത്.[14]

  1. Walton (1997, viii, xix).
  2. Halsall, Paul. "Ancient History Sourcebook: 11th Britannica: Euripides". Archived from the original on 2012-02-08. Retrieved 2010-11-09.
  3. See Queensu.ca Archived 2008-10-04 at the Wayback Machine. and TheatreHistory.com.
  4. "Important Archaeological Sites, Aristotles' Lyceum And Cave Of Euripides, Found in Greece Archaeologists Say". Archived from the original on 2007-09-27. Retrieved 2010-11-10.
  5. 5.0 5.1 5.2 5.3 5.4 ഗ്രീസിന്റെ ജീവിതം, സംസ്കാരത്തിന്റെ കഥ, രണ്ടാം ഭാഗം(പുറങ്ങൾ 400-419), വിൽ ഡുറാന്റ്
  6. Internet Classic Archive, Works by Euripedes, ഹിപ്പോളിറ്റസ് Archived 2018-11-06 at the Wayback Machine.
  7. Internet classics Archive, Works by Euripides മെഡിയാ Archived 2016-01-29 at the Wayback Machine.
  8. Internet Classic Archive, Works by Euripedes ഹെലൻ Archived 2018-10-18 at the Wayback Machine.
  9. Internet Classic Archive, Works by Euripedes, ഇഫിജെനിയ ഓളിസിൽ Archived 2006-10-05 at the Wayback Machine.
  10. Internet Classic Archive, Works by Euripedes ഹെക്യൂബാ
  11. Internet Classic Archive, Works by Euripedes, ട്രോയിയിലെ സ്ത്രീകൾ Archived 2012-08-20 at the Wayback Machine.
  12. Internet Classic Archive, Works by Euripedes, ഇലക്ട്രാ Archived 2010-10-07 at the Wayback Machine.
  13. Internet Classic Archive, Works by Euripedes, ഇഫിജെനിയ തൗറിസിൽ
  14. ഡിവൈൻ കോമഡി, ശുദ്ധീകരണസ്ഥലം, കാന്റോ XXII

ഗ്രന്ഥസൂചി

തിരുത്തുക
  • Barrett, William Spencer, ed. 1964. Hippolytos. By Euripides. Oxford: Clarendon P. and Toronto: Oxford UP.
  • ---. 2007. Greek Lyric, Tragedy, and Textual Criticism: Collected Papers. Ed. M. L. West. Oxford and New York: Oxford UP. ISBN 0199203571.
  • Croally, N. T. 1994. Euripidean Polemic: The Trojan Women and the Function of Tragedy. Cambridge: Cambridge UP. ISBN 0521041120.
  • Ippolito, P. 1999. La vita di Euripide. Napoli: Dipartimento di Filologia Classica dell'Universit'a degli Studi di Napoli Federico II.
  • Kovacs, David. 1993 Euripidea. Leiden: Brill. ISBN 9004099263.
  • Lefkowitz, Mary R. 1981. The Lives of the Greek Poets. New edition. London: Duckworth, 1998. ISBN 0715617214.
  • Rutherford, Richard. 1996. Introduction. Medea and Other Plays. By Euripides. Rev ed. London: Penguin, 2003. ISBN 0140449299.
  • Scullion, S. 2003. "Euripides and Macedon, or the silence of the Frogs." The Classical Quarterly 53.2: 389-400.
  • Sommerstein, Alan H. 2002. Greek Drama and Dramatists. London: Routledge. ISBN 0415260280.
  • Walton, J. Michael. 1997. Introduction. In Plays VI. By Euripides. Methuen Classical Greek Dramatists ser. London: Methuen. vii-xxii. ISBN 0413716503.
  • Webster, T. B. L. 1967. The Tragedies of Euripides. London: Methuen.
  • Multispectral imaging. Oxyrhynchos online. Retrieved on 28 October 2007.
"https://ml.wikipedia.org/w/index.php?title=യൂറിപ്പിഡിസ്&oldid=3987536" എന്ന താളിൽനിന്ന് ശേഖരിച്ചത്