എട്ടും പൊടിയും

(Chowka bhara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ നാട്ടിൻപുറങ്ങളിൽ നിലനിൽക്കുന്ന കക്കയോ കവടിയോ ഉപയോഗിച്ചുള്ള ഒരു കളിയാണ് എട്ടും പൊടിയും. കവടിയും കക്കയും ഉപയോഗിച്ചു കളിക്കുന്നതിനാൽ, കവടികളി, കക്കകളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കുറഞ്ഞത്‌ രണ്ടുപേർക്കും പരമാവധി നാലു പേർക്കും ഈ കളിയിൽ പങ്കെടുക്കാം. നാലു പേർ കളിക്കുമ്പോൾ ഈരണ്ടു പേരുടെ രണ്ടു സംഘങ്ങളായോ, നാലു പേരും ഒറ്റതിരിഞ്ഞോ കളിക്കാൻ സാധിക്കും. കക്ക/കവടി എറിയുന്നതൊഴിച്ചാൽ പ്രത്യേകിച്ച് കായികാദ്ധ്വാനം ആവശ്യമില്ലാത്ത കളിയാണിത്.

ഒരു 7x7 എട്ടും പൊടിയും കളിക്കളത്തിന്റെ മാതൃക

കളിക്കളം

തിരുത്തുക

നെടുകയും കുറുകയും വരച്ച എട്ട് വരകളാ‍ൽ തയ്യാറാക്കുന്ന സുമാർ ഒന്നേകാൽ അടി വശമുള്ള ഒരു 7x7 സമചതുരമാണ് ഇതിനുവേണ്ടത്. ചിലപ്പോൾ 5x5 സമചതുരമുള്ള കളത്തിലും കളിക്കാറുണ്ട്. വശങളുടെ മദ്ധ്യഭാഗത്തും കളത്തിന്റെ നടുക്കും ഉള്ള കളങ്ങളിൽ “ X " ചിഹ്നം കൊണ്ട് അടയാളപ്പെടുത്തുന്നു. ഇതിനെ ചോല അല്ലെങ്കിൽ അമ്പലം എന്നാണ് വിളിക്കുന്നത്.

കരുക്കൾ

തിരുത്തുക

ഒരാൾക്ക് നാലുകരുക്കൾ വീതം ഉപയോഗിക്കാം. വളപ്പൊട്ടുകൾ, പയറുമണികൾ, മഞ്ചാടിക്കുരു, ഈർക്കിൽ കഷണങ്ങൾ, ചെറിയ കല്ലുകൾ എന്നിവയാണ് സാധാരണയായി കരുക്കളായി ഉപയോഗിക്കുന്നത്. കക്ക, കരുക്കളായി ഉപയോഗിക്കാറില്ല. വെള്ളാരങ്കല്ല് കരുവായി ഉപയോഗിച്ചാൽ വാഴില്ല എന്ന രസകരമായ ഒരു വിശ്വാസവും നിലവിലുണ്ട്.

 
കവടികൾ
 
കക്ക - കവടി, ലഭ്യമല്ലാത്തപ്പോൾ കക്കയുടെ തോടൂം കളിക്കാനുപയോഗിക്കാറുണ്ട്. എന്നാൽ കക്കത്തോട് എളുപ്പത്തിൽ പൊട്ടിപ്പോകാനുള്ള സാധ്യതയുള്ളതിനാൽ, കവടിയോളം പ്രിയങ്കരമല്ല

നാലു കക്കകളാണ് കളിക്കുപയോഗിക്കുന്നത്. ഇത് പകിട കളിയിൽ പകിട ഉപയോഗിക്കുന്നതു പോലെ എണ്ണം വീഴ്ത്താൻ ഉപയോഗിക്കുന്നു. കവടിയും കക്കയും ലഭ്യമല്ലാതെ വരുന്ന അവസരങ്ങളിൽ ചൂണ്ടപ്പനയുടെ കുരുക്കളും, ചക്കക്കുരു പൊളിച്ചും, കവടിക്കു പകരം ഉപയോഗിക്കാറുണ്ട്. കക്ക ഉള്ളം കയ്യിൽ വച്ച് പ്രത്യേക താളത്തിൽ കുലുക്കി എറിയുന്നു. പുഴകക്കയാണ് സാധാരണ ഉപയോഗിക്കുന്നത്.പൊടി (ഒന്ന്), രണ്ട്, മൂന്ന്, നാല്, എട്ട് എന്നിവയാണ് കക്കകൾ കൊണ്ട് വീഴ്ത്താവുന്ന എണ്ണങ്ങൾ. ഇതിൽ നാലും എട്ടും വീണാൽ കളിക്കാരന് വീണ്ടും കളിക്കാൻ അവകാശമുണ്ട്. എന്നാൽ തുടർച്ചയായി മൂന്നു വട്ടം എട്ടോ നാലോ വീഴ്ത്തിയാൽ കളി അസാധുവാകുകയും, ആ നീക്കം നഷ്ടപ്പെടുകയും ചെയ്യും.

ഇതിനു പുറമേ, എതിരാളിയുടെ കരുവിനെ വെട്ടിയാലും ഒരു കളി കൂടി കളിക്കാനുള്ള അവസരം ലഭിക്കും. ഇതിനെ വെട്ടുകളി എന്നു പറയും.

കമിഴ്ന്ന് കിടക്കുന്ന
കക്കകളുടെ എണ്ണം
മലർന്ന് കിടക്കുന്ന
കക്കകളുടെ എണ്ണം
കളിക്കാരന്‌
ലഭിക്കുന്ന എണ്ണം
മറ്റു പേരുകൾ
3 1 1 പൊടി, തുള്ളി
2 2 2 രണ്ട്
1 3 3 മുക്ക, മൂന്ന്
0 4 4 നാല്‌
4 0 8 എട്ട്

കളിരീതി

തിരുത്തുക
 
7x7 കളത്തിൽ ഒന്നാമത്തെ കളിക്കാരന്റെ കരുനീക്കം. എതിരാളിയുടെ ഒരു കരുവിനെയെങ്കിലും വെട്ടിയാൽ മാത്രമേ അകത്തെ കളങ്ങളിലേക്ക് പ്രവേശനമുള്ളൂ. അല്ലാത്തപക്ഷം ഏറ്റവും പുറത്തെ പാതയിൽ ചുറ്റി സഞ്ചരിച്ചുകൊണ്ടേയിരിക്കണം.

ഒരു കളിക്കാരന്റെ നാലു കരുക്കളും മദ്ധ്യഭാഗത്തെ അമ്പലത്തിലെത്തിക്കുക എന്നതാണ്‌ ഈ കളിയുടെ ആത്യന്തികലക്ഷ്യം. കരു മദ്ധ്യഭാഗത്തെ അമ്പലത്തിലെത്തിയാൽ അത് 'പഴുത്ത'തായി കണക്കാക്കുന്നു. പൊടി വീണാൽ ഒരു കരു കളത്തിലിരക്കാവുന്നാതാണ്. കളിക്കാരൻ ഇരിക്കുന്ന വശത്തുള കളത്തിന്റെ ചോലയിലൂടെയാണ് കരുക്കൾ കളത്തിലേക്ക് പ്രവേശിക്കുന്നത്. രണ്ടു സംഘങ്ങളായി കളിക്കുമ്പോൾ പരസ്പരം എതിർവശങ്ങളിലുള്ള ചോലകളാണ് കരുവിനെ അകത്തുകയറ്റാൻ ഉപയോഗിക്കുക.

ചിലയിടങ്ങളിൽ നാല്‌, എട്ട് എന്നിവ വീണാലാണ്‌ കരു കളത്തിലിറക്കാനുള്ള അനുവാദമുള്ളത്. നാലു വീണാൽ ഒരു കരുവും എട്ട് വീണാൽ രണ്ടു കരുവും കളത്തിലിറക്കാവുന്നതാണ്‌. ഒരു കരു മാത്രം പുറത്തിരിക്കുന്ന അവസരത്തിൽ എട്ടു വീണാൽ, ആ കരു അകത്തുകയറ്റുന്നതിനൊപ്പം, നാലു കളം മുന്നോട്ടു പോകാനും സാധിക്കും.

കളത്തിലെത്തുന്ന കരുക്കളെ, കവടിയെറിഞ്ഞ് കിട്ടുന്ന എണ്ണമനുസരിച്ച് അത്രയും കളം മുന്നോട്ട് നീക്കിയാണ് പഴുപ്പിച്ചെടുക്കുന്നത്. നാലു കരുക്കളുണ്ടെന്നതിനാൽ, ഓരോ എണ്ണത്തിനനുസരിച്ചും, തനിക്കിഷ്ടമുള്ള കരുവിനെ മുന്നോട്ടു നീക്കാൻ കളിക്കാരന് അവകാശമുണ്ട്. കളി തുടങ്ങുന്ന വേളയിൽ കളത്തിൽ കയറുന്ന കരുക്കൾക്ക്, എടവും പുറത്തെ പാതയിലൂടെ കറങ്ങാനുള്ള അവകാശം മാത്രമേയുള്ളൂ. എതിരാളിയുടെ ഒരു കരുവിനെയെങ്കിലും വെട്ടിപ്പുറത്താക്കിയാൽ പുറത്തെ പാതയിൽ നിന്നും കരുക്കൾക്ക് അകത്തേക്ക് കടക്കാനും പഴുക്കാനും സ്വാതന്ത്ര്യം ലഭിക്കുന്നു.

ഒരു കളിക്കാരൻ, കക്കയെറിഞ്ഞ് വീഴുന്ന എണ്ണമനുസരിച്ച് സ്വന്തം കരു നീക്കി, എതിരാളിയുടെ ഒരു കരുവിരിക്കുന്ന കളത്തിലേക്ക് എത്തിക്കാൻ സാധിച്ചാൽ എതിരാളിയുടെ ആ കരു കളത്തിൽ നിന്നും പുറത്താകുന്നു. ഇതിനെയാണ് വെട്ട് എന്നു പറയുന്നത്. എല്ലായിടചോലയിലും അമ്പലത്തിലും ഇരിക്കുന്ന കരുക്കളെ വെട്ടാൻ പാടുള്ളതല്ല. അതുകൊണ്ട് അമ്പലങ്ങളിൽ/ചോലകളിൽ ഒരേസമയം ഒന്നിലധികം കരുക്കൾക്ക് നിലയുറപ്പിക്കാം, മറ്റു കളങ്ങളിൽ ഒരു സമയം ഒരു കരുവിന് മാത്രമേ നിൽക്കാൻ സാധിക്കുകയുള്ളൂ.

ചിലയിടങ്ങളിൽ ഒരു കളിക്കാരൻ തന്റെ എല്ലാ കരുക്കളും (4 കരുക്കളും) കളത്തിൽ കയറ്റിയാൽ മാത്രമേ വെട്ടാനുള്ള അവകാശം സിദ്ധിക്കുകയുള്ളൂ. എന്നാൽ ഈ നിയമം എല്ലാ പ്രദേശങ്ങളിലും പാലിക്കപ്പെടുന്നില്ല.

എതിരാളിയുടെ കരുവിനെ ഒരുതവണയെങ്കിലും വെട്ടിയാൽ മാത്രമേ, കരുക്കൾക്ക്, കളത്തിന്റെ ഏറ്റവും പുറത്തുള്ള പാതയിൽ നിന്നും അകത്തേക്ക് കയറാനും തുടർന്ന് വിജയിക്കാനുമുള്ള അവകാശം ലഭിക്കുകയുള്ളൂ. അതുകൊണ്ട് വെട്ടുക എന്നത് ഈ കളിയിൽ ഏറ്റവും പ്രാധ്യാന്യമുള്ള ഒന്നാണ്. മാത്രമല്ല വെട്ടുന്ന കളിക്കാരന് ഒരു കളി അധികമായി കളിക്കാനുള്ള (ഒരു തവണ കൂടി കവടിയെറിഞ്ഞ് കരുനീക്കാനുള്ള) അവസരം കൂടിയുണ്ട്.

വെട്ടാനുള്ള അവസരം ലഭിച്ചിട്ടും വെട്ടാതിരിക്കുക എന്നത് ഈ കളിയിൽ ഒരു കുറ്റമാണ്. ഇങ്ങനെ സംഭവിക്കുന്ന പക്ഷം ആ കളിക്കാരന്റെ കളത്തിനകത്തുള്ള എല്ലാ കരുക്കളേയും പുറത്താക്കുക എന്നതാണ് ശിക്ഷ. പലപ്പോഴും അശ്രദ്ധ മൂലമോ, ലഭിക്കുന്ന എണ്ണങ്ങളെ ശരിയായ രീതിയിൽ യോജിപ്പിക്കാത്തതിനാലോ വെട്ട് നഷ്ടമാകാറുണ്ട്.

രണ്ടു രീതിയിൽ ഈ കളിയിൽ വിജയം നേടാം.

  1. ഒരു കളിക്കാരന്റെ എല്ലാ കരുക്കളും പഴുക്കുന്നതോടെ അയാൾ വിജയിയാവുന്നു.
  2. രണ്ടു പേർ അല്ലെങ്കിൽ രണ്ടു സംഘങ്ങൾ കളിക്കുമ്പോൾ ഒരാൾക്ക് മാത്രം വെട്ടാനവസരം കിട്ടുകയും അതുമൂലം അയാളുടെ കരുക്കളെല്ലാം കളത്തിനു പുറത്തെ പാതയിൽ നിന്നും അകത്തേക്കു കയറുകയും ചെയ്താൽ, എതിരാളിയുടെ കരുക്കൾക്ക് പിന്തുടരാനോ പഴുക്കാനോ സാധ്യമല്ലെന്ന അവസ്ഥ സുനിശ്ചിതമാകും. ഇങ്ങനെ എതിരാളിക്ക് വെട്ടുനൽകാതെ നാലു കരുക്കളെ അകത്തേക്കു കടത്തിയാലും വിജയിയാകാം.

ചൊല്ലുകൾ

തിരുത്തുക
  • ഒറ്റക്കരു ചുറ്റക്കരു - ഒരു കളിക്കാരന്റെ ഒരു കരു മാത്രം കളത്തിലിരിക്കുന്ന അവസ്ഥയിൽ, ഏത് എണ്ണം വീണാലും ആ കരു തന്നെ നീക്കേണ്ടുന്ന അവസ്ഥ സംജാതമാകുന്നു. വെട്ട് കിട്ടാൻ സാധ്യതയുള്ള ഇടങ്ങളിലേക്കും മറ്റും ഈയൊരു കരു തന്നെ നീക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥയെ കുറിക്കുന്നതിന് ഉപയോഗിക്കുന്ന ചൊല്ലാണിത്.
  • നടുക്കൽ ചാട്ടം - പൊടി വീണാൽ മാത്രം പഴുക്കുന്ന അവസ്ഥയിൽ ഒരു കരു ഇരിക്കുന്നതിനെ നടുക്കൽ ചാടുക എന്നു പറയുന്നു.നടുക്കൽ ചാടിയ കരുവിൻ വെട്ടു കിട്ടാനുള്ള സാധ്യത കൂടുതലാൺ.നടുക്കൽ ചാടിയത് ഒറ്റ കരുവാണെങ്കിൽ പൊടിയല്ലാതെ വീഴുന്ന എണ്ണങ്ങൾ പാഴായി പോകുകയും ചെയ്യും.

ഇതും കാണുക

തിരുത്തുക

കൂടുതൽ അറിവിന്

തിരുത്തുക

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എട്ടും_പൊടിയും&oldid=3651845" എന്ന താളിൽനിന്ന് ശേഖരിച്ചത്