കാറ്റ്

വിക്കിപീഡിയ വിവക്ഷ താൾ
(Chinook wind എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൗമോപരിതലത്തിലുള്ള അന്തരീക്ഷവായുവിന്റെ തിരശ്ചീനചലനമാണ് കാറ്റ് എന്നറിയപ്പെടുന്നത്. മർദ്ദം കൂടിയ മേഖലയിൽ‌നിന്നും മർ‌ദ്ദം കുറഞ്ഞ മേഖലയിലേയ്ക്കാണ് കാറ്റിന്റെ പ്രവാഹം. വായുവിന്റെയോ മറ്റ് വാതകങ്ങളുടെയോ ഒഴുക്കിനെയാണ് കാറ്റ് എന്ന് പറയുന്നത്. സൂര്യനിൽ നിന്നുള്ള ചൂട് കാരണം വായുവിന് ചൂട് പിടിക്കുന്നു ഇങ്ങനെ ചൂട് പിടിച്ച വായു ഉയർന്ന് പൊങ്ങുകയും ആ സ്ഥാനത്തേക്ക് തണുത്ത വായു ഒഴുകിയെത്തുകയും ചെയ്യുന്നതാണ് കാറ്റിന്റെ അടിസ്ഥാനം. കൃത്രിമമായി പങ്കകൾ ഉപയോഗിച്ചും കാറ്റുണ്ടാക്കാം, ഇതിന്‌ മറ്റ് രീതികളിലുള്ള ഊർജ്ജം ആവശ്യമാണ്‌. )

ഭൗമോപരിതലത്തിലെ വായു വ്യത്യസ്തമായ രീതിയിൽ ചൂടാവുകയും തണുക്കുകയും ചെയ്യുമ്പോഴാണ് കാറ്റ് ഉണ്ടാകുന്നത്. സാന്ദ്രതയേറിയ ചൂടുവായു മുകളിലേയ്ക്ക് പൊങ്ങുകയും തൽസ്ഥാനത്ത് തണുത്ത വായു പ്രവേശിക്കുകയും ചെയ്യുന്നു. )ഇപ്രകാരം കാറ്റ് ഉണ്ടാകുന്നു. കാറ്റിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങൾ താഴേപറയുന്നവയാണ്.

  • ദൈനംദിന താപനിലയിലുള്ള വ്യത്യാസം
  • കുറഞ്ഞനിരക്കിലുള്ള മഴ(200-250മിമീ)
  • കൂടുതൽ ബാഷ്പീകരണം
  • സസ്യലതാദികളുടെ അഭാവം
  • അവസാദ വസ്തുക്കളുടെ ലഭ്യത

കാറ്റ്, മഴ, വായു, ഭക്ഷണം

കാറ്റിന്റെ പ്രവർത്തനങ്ങൾ

തിരുത്തുക

കാറ്റ് മുന്നോട്ടാണ് ചലിയ്ക്കുന്നത്. മുകളിലേക്കും താഴേയ്ക്കുമുള്ള കാറ്റിന്റെ ചലനം നിമിത്തം ചുഴലി രൂപപ്പെടുന്നു. ഭൗമോപരിതലത്തിനുതൊട്ടുമുകളിലുള്ള നിശ്ചലമായ വായു കണപ്പെടുന്ന മേഖലയെ സോൺ ഓഫ് ഡെഡ് എയർ എന്ന് വിളിക്കുന്നു. ഈ മേഖലയുടെ ഘനത്തെ നിർണ്ണയിക്കുന്ന ഘടകങ്ങൾ അവസാദകണികകളുടെ ഭാരവും ഭൗമോപരിതലത്തിന്റെ സവിശേഷതയുമാണ്‌. അവസാദകണികകളെ ചലിപ്പിക്കാൻ ഏകദേശം 11മൈൽസ്/മണിക്കൂറിലുള്ള കാറ്റിന് സാധിക്കുന്നു എന്ന കാരണത്താൽ മരുഭൂമിയിൽ കാറ്റിന്റെ ചലനം ശക്തവും സജീവവും ആണ്.

ദ്രവിയ്ക്കൽ പ്രക്രിയ

തിരുത്തുക

പ്രധാനമായും രണ്ട് പ്രവർത്തനങ്ങളിലൂടേയാണ്‌ ഈ പ്രക്രിയ നടക്കുന്നത്.

ഡിഫ്ലാഷൻ

തിരുത്തുക

വരണ്ട അവസാദകണികകൾ മാറ്റം ചെയ്യപ്പെടുന്ന ഈ പ്രക്രിയയിൽ മണൽത്തരികളേയും മറ്റ് പദാർത്ഥങ്ങളേയും വഹിച്ചുപോകുന്നു. ഈ കാറ്റാണ് മണൽ‌കാറ്റ്. അവസാദകണികകൾ മാറ്റപ്പെടുന്നകാരണം വലിയ പാറക്കഷ്ണങ്ങൾ ഒരിടത്ത് കൂടുന്നു. ഇപ്രകാരം രൂപം കൊള്ളുന്ന പ്രദേശത്തെ ഡസേർട്ട് പേവ്മെന്റ്സ് എന്ന് പറയുന്നു. ഈ പ്രവർത്തനഫലമായി തടാകങ്ങളും രൂപപ്പെടുന്നുണ്ട്.

അബ്‌രാഷൻ

തിരുത്തുക

അബ്‌രാഷൻ എന്ന പ്രതിഭാസത്തിൽ കാറ്റ് വഹിച്ചുകൊണ്ടുപോകുന്ന അവസാദകണങ്ങൾ പരസ്പരം കൂട്ടിമുട്ടുകയും അങ്ങനെ ദ്രവീകരണപ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഭൗമോപരിതലത്തിൽ നിന്നും ഏകദേശം 30-60സെ.മീ ഉയരത്തിലാണ് ഇത് കാര്യക്ഷമമായി നടക്കുന്നത്.ഈ പ്രവർത്തനഫലമായി രൂപപ്പെടുന്ന ഭൂവിഭാഗങ്ങൾ താഴേ പറയും പ്രകാരമാണ്.

  • കൂൺ പാറ അഥവാ ഗാര
  • സൂജെൻസ്
  • യാർഡങ്ങ്സ്

വഹിച്ചുകൊണ്ടുപോകൽ

തിരുത്തുക

കാറ്റ് അവസാദകണികകളെ മൂന്ന് പ്രവർത്തനങ്ങൾ വഴിയാണ് വഹിച്ചുകൊണ്ടുപോകുന്നത്.

സസ്പെൻഷൻ

തിരുത്തുക

വ്യാസം 0.03മി.മീൽ കുറവായ കണികകളേയാണ് ഈ പ്രവർത്തനം വഴി വഹിച്ചുകൊണ്ടുപോകുന്നത്.കാറ്റിന്റെ വേഗതയനുസരിച്ച് ഈ പ്രവർത്തനഗതിയ്ക്കും മാറ്റം വരുന്നു. സിൽറ്റ് ആന്റ് ക്ലേ എന്നറിയപ്പെടുന്ന കണികകളാണ് ഇപ്രകാരം വഹിയ്ക്കപ്പെടുന്നത്.

സാൾട്ടേഷൻ

തിരുത്തുക

കണികകളെ രണ്ട് പാളികളിലായി വഹിച്ചുകൊണ്ടുപോകുന്ന കാറ്റാണ് ഈ പ്രക്രിയ നടത്തുന്നത്.0.03മി.മീൽ കൂടുതൽ വ്യാസമുള്ള കണികകളാണ് ഇപ്രകാരം വഹിയ്ക്കപ്പെടുന്നത്. മണൽത്തരികൾ മുന്നോട്ടുപൊങ്ങുകയും വൃത്താകൃതിയിലുള്ള പാത സൃഷ്ടിയ്ക്കപ്പെടുകയും ചെയ്യുന്നു. മണൽത്തരികൾ താഴേയ്ക്ക് വന്ന് മറ്റൊരു മണൽത്തരിയുമായി ഇടിയ്ക്കുകയും മുകളിലേയ്ക്ക് പൊങ്ങുകയും ചെയ്യുന്നു. ഏകദേശം 75%ത്തോളം തരികൾ ഇപ്രകാരമാണ് സഞ്ചരിയ്ക്കുന്നത്.

ഏറ്റവും വേഗത കുറഞ്ഞ വഹിച്ചുകൊണ്ടുപോകൽ പ്രക്രിയയാണ് ഇത്. വലിയ അവസാദകണികളേയാണ് ഇതിൽ പ്രധാനമായും സഞ്ചരിയ്ക്കപ്പെടുന്നത്.

നിക്ഷേപം

തിരുത്തുക

കാറ്റിന്റെ പ്രവർത്തനഫലമായി ഉണ്ടാകുന്ന നിക്ഷേപങ്ങളെ എയോളിയൻ നിക്ഷേപങ്ങൾ എന്നാണ് പറയുന്നത്. കാറ്റിന്റെ വേഗതയ്ക്കനുസരിച്ച് നിക്ഷേപത്തിന്റെ തോതും വ്യത്യാസപ്പെടുന്നു. കാറ്റിന്റെ ശക്തി കുറയുമ്പോൾ ഭാരമേറിയ കണികകളാണ് നിക്ഷേപിയ്ക്കപ്പെടുന്നത്. കാറ്റിന്റെ നിക്ഷേപം ഒരു വേർതിരിയ്ക്കൽ പ്രക്രിയ കൂടിയാണ്. നിക്ഷേപത്തെ പ്രധാനമായും ലയസ്, മണൽകുന്നുകൾ എന്നിങ്ങനെ രണ്ടായി തിരിയ്ക്കാം.

ലയസ് നിക്ഷേപങ്ങൾ

തിരുത്തുക

കാറ്റ് വഹിച്ചുകൊണ്ടുപോകുന്ന പൊടിപടലങ്ങൾ കിലോമീറ്ററുകൾക്കുശേഷം നിക്ഷേപിയ്ക്കപ്പെടുന്നു. ഇതിൽ പ്രധാനമായും കളിമൺപൊടിയും സിൽറ്റും കാണാം. ഓറഞ്ച് അഥവാ തവിട്ടുനിറത്തിലാണ് നിക്ഷേപങ്ങൾ കാണപ്പെടുന്നത്.ഈ നിക്ഷേപങ്ങൾ ഫലഭൂയിഷ്ഠമാണ്.

മണൽക്കുന്നുകൾ

തിരുത്തുക

കാറ്റിന്റെ വിശേഷപ്പെട്ട നിക്ഷേപമാണിത്. വരണ്ടപ്രദേശങ്ങളിലും നദീതടങ്ങളിലും സമുദ്രതീരത്തും ഇവ വ്യാപിച്ച് കിടക്കുന്നു. ഏതുപ്രകാരമുള്ള തടസ്സത്തിനുമുന്നിലും പിന്നിലും കാറ്റിന്റെ വേഗത കുറവായിരിയ്ക്കും. ഈ ഭാഗമാണ് കാറ്റിന്റെ നിഴൽ പ്രദേശം. ഇപ്രകാരം തടസ്സങ്ങൾ നിമിത്തം മണൽക്കുന്നുകൾ രൂപപ്പെടുന്നു. മണൽക്കുന്നുകളുടെ രൂപവത്കരണം 3ഘടകങ്ങളെ ആശ്രയിച്ച്ചിരിയ്ക്കുന്നു.

  • കാറ്റിന്റെ ശക്തി
  • മണലിന്റെ ലഭ്യത
  • തടസ്സത്തിന്റെ പ്രകൃതി

മണൽക്കുന്നുകളുടെ പ്രവർത്തനം അനുസരിച്ച് സജീവമായവ എന്നും നിർജീവമായവ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. സജീവമായവ സമയം മാറുന്നതിനനുസരിച്ച് ആകൃതിയ്ക്കും പ്രകൃതിയ്ക്കും വ്യത്യാസം വരുത്തുന്നു. എന്നാൽ നിർജീവമായവ ഒരിയ്ക്കൽ രൂപപ്പെട്ടുകഴിഞ്ഞാൽ യാതൊരു പ്രവർത്തനത്തിലും ഏർപ്പെടാതെ യാതൊരു മാറ്റവും ഇല്ലാതെ സ്ഥിതിചെയ്യുന്നു. മണൽക്കുന്നുകളെ വീണ്ടും ബാർക്കൻസ്, ലോൻജിറ്റ്യൂഡിനൽ ഡ്യൂൺ‌സ്, പരാബൊളിക് ഡ്യൂൺസ് എന്നിങ്ങനേയും തിരിച്ചിരിയ്ക്കുന്നു.

വ്യത്യസ്തതരം കാറ്റുകൾ

തിരുത്തുക

ഭൂഭ്രമണം,ഭൂപ്രകൃതി എന്നിവയ്ക്കനുസരിച്ച് കാറ്റിന്റെ ഗതിയിലും ദിശയിലും വ്യതിയാനമുണ്ടാകുന്നു. കാറ്റുകളെ സ്ഥിര വാതങ്ങൾ, കാലികവാതങ്ങൾ, അസ്ഥിരവാതങ്ങൾ, ചക്രവാതങ്ങൾ, പ്രാദേശികവാതങ്ങൾ എന്നിങ്ങനെ തരം‌തിരിയ്ക്കാറുണ്ട്.

സ്ഥിരവാതങ്ങൾ

തിരുത്തുക

ഒരു നിശ്ചിതദിശയിലേയ്ക്ക് മാത്രം വർഷം മുഴുവനും തുടർച്ചയായി വീശുന്നവയാണ് സ്ഥിരവാതങ്ങൾ. ഇവയെ വീണ്ടും പശ്ചിമവാതങ്ങൾ, വാണിജ്യവാതങ്ങൾ, ധ്രുവീയവാതങ്ങൾ എന്നിങ്ങനെ തിരിയ്ക്കാം. ഏറ്റവും അധികം സ്ഥിരതയോടെ വീശുന്നവയാണ് വാണിജ്യവാതങ്ങൾ. കിഴക്കുദിശയിൽ ധ്രുവങ്ങളിൽനിന്നും വീശുന്ന അതിശക്തമായ കാറ്റുകളാണ് ധ്രുവീയവാതങ്ങൾ. ഉത്തരാർദ്ധഗോളത്തിൽ തെക്കുപടിഞ്ഞാറുനിന്നും ദക്ഷിണാർദ്ധഗോളത്തിൽ വടക്കുപടിഞ്ഞാറുനിന്നുമാണ് പശ്ചിമവാതങ്ങൾ വീശുന്നത്.

പശ്ചിമവാതങ്ങൾ

തിരുത്തുക

ദക്ഷിണ അക്ഷാംശം40ഡിഗ്രിയ്ക്കും 65ഡിഗ്രിയ്ക്കും ഇടയിൽ ഈ കാറ്റ് വീശുന്നത് ശക്തമാണ്. തന്മൂലം നാവികർ ദക്ഷിണ അക്ഷാംശം 35-45ഡിഗ്രിയ്ക്ക് ഇടയിൽ വീശുന്ന കാറ്റിന് അലറുന്ന നാല്പതുകൾ എന്ന് പറയുന്നു. 45-55ഡിഗ്രിയ്ക്ക് ഇടയിൽ ഉള്ള കാറ്റിനെ ആർത്തലയ്ക്കുന്ന അൻപതുകൾ എന്നും55-65ഡിഗ്രിയ്ക്ക് ഇടയിൽ ഉള്ളതിനെ അലമുറയിടുന്ന അറുപതുകൾ എന്നും പറയുന്നു.

കാലികവാതങ്ങൾ

തിരുത്തുക

ൠതുഭേദങ്ങൾ‌ക്കനുസരിച്ച് ദിശയ്ക്ക് മാറ്റം സംഭവിയ്ക്കുന്നവയാണ് കാലികവാതങ്ങൾ, മൺ‌സൂൺ കാറ്റുകൾ, കരക്കാറ്റ്, കടൽ‌ക്കാറ്റ്, പർ‌വ്വതക്കാറ്റുകൾ, താഴ്‌വരകാറ്റുകൾ ഇവയെല്ലാം കാലികവാതങ്ങളാണ്. പകൽ‌സമയത്ത് കടലിൽ‌നിന്നും കരയിലേയ്ക്ക് വീശുന്നവയാണ് കടൽ‌ക്കാറ്റ്. കരക്കാറ്റാവട്ടെ രാത്രിയിൽ കരയിൽ‌നിന്നും കടലിലേയ്ക്ക് വീശുന്നവയാണ്. പകൽ‌സമയത്ത് പർ‌വതച്ചെരുവുകളിലൂടെ മുകളിലേയ്ക്ക് വീശുന്നതാണ് താഴ്‌വരക്കാറ്റ്. രാത്രിയിൽ പർ‌വ്വത്ച്ചെരുവുകളിലൂടെ താഴേയ്ക്ക് വീശുന്നവയാണ് പർ‌വ്വതക്കാറ്റ്.

പ്രാദേശികവാതങ്ങൾ

തിരുത്തുക

വളരേ ചെറിയ പ്രദേശത്തെ മാത്രം ബാധിക്കുന്നവയാണ് പ്രാദേശികവാതങ്ങൾ.പ്രാദേശികമായുണ്ടാവുന്ന താപ-മർ‌ദ്ദ വ്യതിയാനങ്ങളഅണ് ഇതിനു നിദാനം. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന പ്രധാന പ്രാദേശികവാതങ്ങൾ താഴെ പറയുന്നവയാണ്

അസ്ഥിരവാതങ്ങൾ

തിരുത്തുക

സ്ഥലകാലക്രമങ്ങളില്ലാതെ രൂപം കൊള്ളുന്നവയാണ് അസ്ഥിരവാതങ്ങൾ.ഇത്തരം കാറ്റുകൾ‌ക്ക് ചക്രവാതം, പ്രതിചക്രവാതം ഇവ ഉദാഹരണങ്ങളാണ്.

അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറവ് മർ‌ദ്ദവും അതിനു ചുറ്റും ഉയർ‌ന്ന മർ‌ദ്ദവും അനുഭവപ്പെടുമ്പോഴാണ് ചക്രവാതം രൂപം കൊള്ളുന്നത്. തത്‌ഫലമായി കുറഞ്ഞ മർ‌ദ്ദം അനുഭവപ്പെടുന്ന സ്ഥലത്തുനിന്നും ചുറ്റുപാടിലേയ്ക്ക് വീശിയടിയ്ക്കുന്നു. ഇവ ഉത്തരാർ‌ദ്ധഗോളത്തിൽ എതിർ‌ഘടികാരദിശയിലും ദക്ഷിണാർ‌ദ്ധഗോളത്തിൽ ഘടികാരദിശയിലും വീശുന്നു.

പ്രാദേശിക ചക്രവാതങ്ങൾ‌
തിരുത്തുക

ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സമുദ്രങ്ങളിൽ പ്രാദേശികമായി ചക്രവാതങ്ങൾ ഉടലെടുക്കാറുണ്ട്. മെക്സിക്കോയിലും വെസ്റ്റിന്റീസിലും ഉണ്ടാകുന്ന ചക്രവാതം ഹറികെയിൻ എന്നറിയപ്പെടുന്നു. ദക്ഷിണ ചൈനാക്കടലിൽ രൂപം കൊള്ളുന്നവയെ ടൈഫൂൺ എന്നും ദക്ഷിണ പസഫിക് സമുദ്രത്തിൽ രൂപം കൊള്ളുന്നവ വില്ലി-വില്ലീസ് എന്നും എന്നറിയപ്പെടുന്നു.

വലിപ്പം മൂലമോ വരുത്തിയ നാശനഷ്ടം മൂലമോ ശ്രദ്ധേയമായ ചക്രവാതങ്ങൾ

  • അലൻ
  • ഇസബെൽ
  • ഇവാൻ
  • എമിലി
  • കത്രീന
  • റീത്ത
  • വിൽമ തുടങ്ങിയവയാണ്.

കേന്ദ്രഭാഗത്ത് ഉയർ‌ന്ന മർ‌ദ്ദവും ചുറ്റും കുറവ് മർ‌ദ്ദവും അനുഭവപ്പെടുമ്പോൾ കേന്ദ്രത്തിൽ നിന്നും പുറത്തേയ്ക്ക് വീശിയടിയ്ക്കുന്ന കാറ്റാണ് പ്രതിചക്രവാതം. ഇവ ഉത്തരാർ‌ദ്ധഗോളത്തിൽ ഘടികാരദിശയിലും ദക്ഷിണാർ‌ദ്ധഗോളത്തിൽ എതിർ‌ഘടികാരദിഅയിലും വീശുന്നു.

ഹിപാലസ്

തിരുത്തുക

തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളാണിവ. ചെങ്കടലിൽ നിന്നും ഭാരതത്തിലേയ്ക്ക് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ വഴി കണ്ടെത്തിയ ഗ്രീക് നാവികനായ ഹിപാലസ് ആണ് ഈ കാറ്റിനെ തിരിച്ചറിഞ്ഞത്.

അന്തരീക്ഷമർ‌ദ്ദം അളക്കാനുപയോഗിയ്ക്കുന്ന ബാരോമീറ്റർ ആണ് കാറ്റിന്റെ തീവ്രതയെ കാണിയ്ക്കുന്നത്.ബാരോമീറ്റർ നിരപ്പുയരുന്നത് പ്രസന്നമായ കാലാവസ്ഥയെ സൂചിപ്പിയ്ക്കുന്നു. എന്നാൽ നിരപ്പ് പെട്ടെന്ന് താഴുന്നത് ആസന്നമായ കൊടുങ്കാറ്റിന്റെ സൂചയാണെന്ന് പറയപ്പെടുന്നു.

നോർവെസ്റ്റർ

തിരുത്തുക
പ്രധാന ലേഖനം: നോർ‌വെസ്റ്റർ

ന്യൂ സീലന്റിൽ, നോർവെസ്റ്റ് കമാനം എന്നറിയപ്പെടുന്ന മേഘരൂപീകരണത്തിനും തുടർന്ന് വരണ്ട ചൂടൻ കാലാവസ്ഥയിലേക്ക് നയിക്കുന്നതുമായ കാറ്റാണ് നോർവെസ്റ്റർ.

ഇന്ത്യയിൽ അസം, ബീഹാർ , ബംഗാൾ മേഖലകളിൽ ഇടിമിന്നലോടുകൂടിയ പേമാരിക്കു കാരണമാകുന്ന കാറ്റുകളും ഇതേ പേരിൽ അറിയപ്പെടുന്നു. ഉച്ചതിരിഞ്ഞാണ് ഈ കാറ്റുകൾ വീശുക.പൊടി പടലങ്ങളുയർത്തി പെട്ടെന്നു പ്രത്യക്ഷമാകുന്ന ഇവ രണ്ടോ മൂന്നോ മണിക്കൂർ നീണ്ടു നിൽക്കും.[1]

ചിനൂക്ക്

തിരുത്തുക
 
Adiabatic warming of downward moving air produces the warm Chinook wind

ഉഷ്ണക്കാറ്റാണ് ചിനൂക്ക്. ഈ കാറ്റ് കടന്നു പോകുന്ന പർവ്വതച്ചെരിവുകളിലെയും സമതലങ്ങളിലെയും മഞ്ഞുകട്ടകളെ ഉരുക്കി കളയുന്നു. റെഡ് ഇന്ത്യക്കാരുടെ ഭാഷയിലെ പദമാണ് ചിനൂക്ക്. മഞ്ഞുതിന്നുന്നവൻ എന്നാണ് ഇതിനർഥം.വടക്കേ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചരിവിലൂടെ ഇതു താഴേക്കു വീശുന്നു.ഇതു തണുത്ത മഴക്കു കാരണമാവാറുണ്ട്.[2]

ഫെറൽ നിയമം

തിരുത്തുക

അമേരിയ്ക്കൻ കാലാവസ്ഥാശാസ്ത്രഞ്ജനായ വില്യം ഫെറൽ കാറ്റുകളുടെ ദിശയെ സംബന്ധിച്ച് ആവിഷ്കരിച്ച നിയമമാണിത്. ഉത്തരാർ‌ദ്ധഗോളത്തിൽ കാറ്റിന്റെ ഗതി അതിന്റെ സഞ്ചാരദിശയുടെ വലതുവശത്തേയ്ക്കും ദക്ഷിണാർ‌ദ്ധഗോളത്തിൽ ഇടതുവശത്തേയ്ക്കും വളയുന്നു എന്നാണീ നിയമം പറയുന്നത്.

കൊറിയോലിസ് ബലം

തിരുത്തുക

ഭൗമോപരിതലത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാവ്യതിയാനത്തിനു കാരണമാകുന്ന ബലമാണ് കൊറിയോലിസ് ബലം. കാറ്റിന്റെ ദിശയെ നിയന്ത്രിക്കുന്ന ഈ അദൃശ്യ ബലം കണ്ടെത്തിയത് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഗസ്റ്റേവ് ഡി കൊറിയോലിസ് ആണ്. അതുകൊണ്ടാണ് ഈ പ്രതിഭാസത്തിന് കൊറിയോലിസ് ബലം എന്നു പേരുവന്നത്.

സ്കെയിലുകൾ

തിരുത്തുക

ടൊർണാഡോയുടെ തീവ്രത അളക്കാൻ ഫ്യൂജിതാസ്കെയിൽ ഉപയോഗിയ്ക്കുന്നു.1970കളിലാണ് ഇത് വികസിപ്പിച്ചെടുത്തത്.F0,F1,F2,F3,F4,F5 എന്നീ കാറ്റഗറികളിലാണ് ഇതിൽ അടയാളപ്പെടുത്തുന്നത്. F0തീവ്രത കുറഞ്ഞതിനേയും F5തീവ്രത കൂടിയതിനേയും സൂചിപ്പിയ്ക്കുന്നു. 2007ഫെബ്രുവരി മുതൽ ഫ്യൂജിതാസ്കെയിലിന്റെ പരിഷ്കരിച്ച രൂപം ഉപയോഗിച്ചുവരുന്നു. മറ്റൊരു സ്കെയിൽ ടോറോ സ്കെയിൽ ആണ്. T0മുതൽ T11 വരെ ആണ് ഇതിൽ ടൊർണാഡോകളെ വേർതിരിച്ചിരിയ്ക്കുന്നത്.

ഹരികെയിനുകളുടെ തീവ്രത അളക്കാൻ സാഫിർ-സിം‌പ്സൺ സ്കെയിൽ ഉപയോഗിയ്ക്കുന്നു. ഈ സമ്പ്രദായത്തിൽ 1മുതൽ5വരെ കാറ്റഗറികളിലാണ് ഇത് തിരിച്ചിരിയ്ക്കുന്നത്.

സമുദ്രോപരിതലത്തിലെ കാറ്റിന്റെ വേഗത അളക്കുവാൻ ബ്യൂഫോർട്ട് സ്കെയിൽ ഉപയോഗിക്കുന്നു.

കാറ്റുകൾ അന്യഗ്രഹങ്ങളിൽ

തിരുത്തുക

ബുധനൊഴികേയുള്ള ഗ്രഹങ്ങളിലെല്ലാം കാറ്റുകൾ ചക്രവാതരൂപത്തിൽ വീശാറുണ്ട്.

ഗ്രേറ്റ് റെഡ് സ്പോട്ട്

തിരുത്തുക

അറിയപ്പെടുന്ന ഏറ്റവും വലിയ പ്രതിചക്രവാതമാണ് ഇത്. വ്യാഴത്തിലാണ് ഇത് ഉണ്ടാകുന്നത്. വാതകഗ്രഹമായ വ്യാഴത്തിലെ ഉയർന്ന വാതകമർദ്ദമാണ് ഇതിനുനിദാനം. മണിക്കൂറിൽ 560കിലോമീറ്ററോളം വേഗതയിലാണ് ഇത് വീശുന്നത്.

ലിറ്റിൽ റെഡ് സ്പോട്ട്

തിരുത്തുക

വ്യാഴത്തിൽ ഗ്രേറ്റ് റെഡ് സ്പോട്ടിനു സമീപമായുള്ള ഉയർന്നമർദ്ദ മേഖലയാണ് ഇത്. മണിക്കൂറിൽ 500കിലോമീറ്ററോളം വേഗതയിൽ കാറ്റ് വീശുന്ന ഈ മേഖലയ്ക്ക് ഗ്രേറ്റ് റെഡ് സ്പോട്ടിന്റെ പകുതിയോളം വലിപ്പമാണുള്ളത്.

ഡ്രാഗൺ സ്റ്റോം

തിരുത്തുക

ശനി ഗ്രഹത്തിൽ വീശുന്ന കൊടുങ്കാറ്റുകളാണിവ.ഇവ സജീവമാകുന്ന നേരം വൻതോതിൽ റേഡിയോ വികിരണങ്ങൾ ഉണ്ടാകാറുണ്ട്.

ഗ്രേറ്റ് വൈറ്റ് സ്പോട്ട്

തിരുത്തുക

ശനിഗ്രഹത്തിന്റെ ഉത്തരാർദ്ധഗോളത്തിൽ പ്രത്യക്ഷപ്പെടുന്ന കൊടുങ്കാറ്റുകളാണിവ. സാധാരണയായി 28വർഷം കൂടുമ്പോഴാണ് ഇത് ഉണ്ടാകുന്നത്.

ഗ്രേറ്റ് ഡാർക് സ്പോട്ട്

തിരുത്തുക

നെപ്റ്റ്യൂൺ ഗ്രഹത്തിൽ കണ്ടെത്തിയ കൊടുങ്കാറ്റുകളാണിവ. ഏതാണ്ട് ഭൂമിയോളം വലിപ്പമുള്ള പ്രതിചക്രവാത മേഖലയാണിത്.മണിക്കൂറിൽ 2,400കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്ന ഈ മേഖലയാണ് ഏറ്റവും ശക്തമായ കാറ്റുള്ള പ്രദേശം

  1. മാതൃഭൂമി ഹരിശ്രീ 2008 ജൂൺ
  2. മാതൃഭൂമി ഹരിശ്രീ2008 ജൂൺ 7
"https://ml.wikipedia.org/w/index.php?title=കാറ്റ്&oldid=3628171#ചിനൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്