അവിയൽ

(Aviyal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിവിധതരം പച്ചക്കറികളും കട്ടിത്തൈരും തേങ്ങയും ചേർത്തുണ്ടാക്കുന്ന ഒരു വിഭവമാണ് അവിയൽ. മിക്ക പച്ചക്കറികളും അവിയലിൽ ഉപയോഗിക്കാറുണ്ട്. കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണിത്. സാധാരണയായി അവിയലിൽ ചേർക്കുന്ന പച്ചക്കറികൾ നേന്ത്രക്കായ, ചേന, പയർ, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്ക, കാരറ്റ്, വാഴക്ക, കുമ്പളങ്ങ, മത്തങ്ങ, കയ്പക്ക, മുരിങ്ങക്ക, പടവലം, ബീൻസ്, പച്ചമുളക് എന്നിവയാണ്. ചിലർ തൈരിനു പകരം തക്കാളി പുളിയോ ഉപയോഗിക്കുന്നു. ചോറിന്റെ കൂടെയോ പ്രധാന പ്രാതൽ വിഭവങ്ങളുടെ കൂടെയോ അവിയൽ ഭക്ഷിക്കാം.[1]

അവിയൽ

അവിയലിന്റെ ചരിത്രം

തിരുത്തുക

അവിയൽ എന്ന സ്വാദിഷ്ഠമായ വിഭവം കണ്ടുപിടിച്ചത് സ്വാതി തിരുനാളിന്റെ കൊട്ടാരത്തിലെ കവിയായ ഇരയിമ്മൻ തമ്പിയാണെന്നു പറയപ്പെടുന്നു .ഒരിക്കൽ കൊട്ടാരത്തിൽ ഒരു ഊട്ടു നടന്നപ്പോൾ കറി തികയാതെ വരികയുണ്ടായി . അപ്പോൾ രാജാവും പരിചാരകരും എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു . ബുദ്ധിമാനായ ഇരയിമ്മൻ തമ്പി പാചകശാലയിൽ പോയി നോക്കിയപ്പോൾ കണ്ടത് കറിക്ക് അരിഞ്ഞു കൂട്ടിയ പച്ചക്കറികളിൽ കുറെ ഭാഗങ്ങൾ വെറുതെ കളഞ്ഞിരിക്കുന്നതാണ് . തമ്പി ഉടനെ അവിടെക്കിടന്ന അരിഞ്ഞെറിഞ്ഞിരുന്ന പച്ചക്കറിയുടെ അവശിഷ്ടങ്ങളെല്ലാം പെറുക്കിയെടുത്ത് അതിൽ നിന്നും ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ വേർതിരിച്ചെടുത്തു .അവയെല്ലാം കൂടി ഏതാണ്ട് രണ്ടു വലിയ വട്ടികൾ നിറച്ചുണ്ടായിരുന്നു . അതിനെയെല്ലാം കൂടി ഒരു പാത്രത്തിലിട്ട് വേവിച്ച് എരിശ്ശേരി എന്ന കറിയുണ്ടാക്കാൻ ശ്രമിച്ചപ്പോൾ പാചകമറിയാത്ത ഇരയിമ്മനും ബന്ധുവായ ബ്രാഹ്മണനും കൂടിയുണ്ടാക്കിയത് വേറെയൊരു കൊഴുത്ത സാധനമായി . അവ ചോറിനു വിളമ്പിയപ്പോൾ , അതിന്റെ അസാധ്യരുചിയും മണവും കണ്ടു ആൾക്കാർ തമ്മിൽ പിടിവലിയായത്രേ . തമ്പുരാനും കുറെയധികം ഭക്ഷിച്ചു . പിന്നീട് ഈ സാധനംതന്നെ ഇരയിമ്മൻ തമ്പി അവിയൽ എന്ന് പേരിടുകയും അതിനെ നേരത്തെ ഉണ്ടാക്കിയ രീതിയിൽ ഒന്നുകൂടെ ഉണ്ടാക്കുകയും ചെയ്തു . അപ്പോൾ അത് മുമ്പത്തേതിനേക്കാൾ കൂടുതൽ രുചികരമായിത്തീർന്നു . അത്തരത്തിൽ അവിയലിന്റെ ജനനമുണ്ടായി .[2]

വിവിധതരം അവിയലുകൾ

തിരുത്തുക

കേരളത്തിന്റെ പല ഭാഗങ്ങളിലും പല വിധത്തിലാണ് അവിയലുണ്ടാക്കുന്നത്. മധ്യ കേരളത്തിൽ തൈര് ചേർക്കാറില്ല.[3] ഉണക്കമീൻ ചേർത്തു മീനവിയലും മരച്ചീനി ചേർത്ത് മരച്ചീനി അവിയലും ഉണ്ടാക്കാറുണ്ട് .ഇത്തരത്തിൽ അവിയൽ പലതരത്തിലാണ് . എന്നാൽ ശരിയായ അവിയൽ എന്ന് പറഞ്ഞാൽ നേരത്തെ പറഞ്ഞിട്ടുള്ള പച്ചക്കറി അവിയലാണ്. എന്നിരിക്കിലും അവിയൽ മലയാളിയുടെ ഇഷ്ടവിഭവമാണ് . ആരോഗ്യത്തിനുത്തമവും സ്വാദിഷ്ഠവുമായ ഈ വിഭവം തികച്ചും കേരളീയമാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രശാല

തിരുത്തുക



  1. "Aviyal Recipe in Malayalam".
  2. "ഏറ്റവും കൂടുതൽ പച്ചക്കറികൾ ചേർത്തുണ്ടാക്കുന്ന അവിയലിന്റെ ചരിത്രം". Retrieved 2024-09-19.
  3. "അവിയൽ ഒട്ടും കുഴഞ്ഞു പോകാതെ തയാറാക്കാം". Retrieved 2024-09-19.
"https://ml.wikipedia.org/w/index.php?title=അവിയൽ&oldid=4114873" എന്ന താളിൽനിന്ന് ശേഖരിച്ചത്