അഥീറോസ്ക്ളിറോസിസ്
രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് അഥീറോസ്ക്ളിറോസിസ്. പശ അഥവാ കൊഴുപ്പ് എന്ന് അർഥം വരുന്ന 'അഥീറോ', കാഠിന്യം എന്ന് അർഥം വരുന്ന 'സ്ക്ളീറോ' എന്നീ രണ്ട് ഗ്രീക് പദങ്ങളിൽ നിന്നാണ് അഥീറോസ്ക്ളീറോസിസ് എന്ന പദം നിഷ്പന്നമായിട്ടുള്ളത്.
Arteriosclerosis | |
---|---|
Blood vessel-plaque and cholesterol | |
സ്പെഷ്യാലിറ്റി | Pathology |
ലക്ഷണങ്ങൾ | Sudden weakness[1] |
കാരണങ്ങൾ | Smoking, High blood pressure[1] |
ഡയഗ്നോസ്റ്റിക് രീതി | Blood test, EKG[1] |
Treatment | Treatment of underlying condition[2] |
അഥീറോസ്ക്ളീറോസിസിൽ രക്തധമനികളുടെ ആന്തരിക ഭിത്തിയിൽ കൊളസ്റ്റിറോൾ, ട്രൈഗ്ലിസറൈഡുകൾ തുടങ്ങിയ കൊഴുപ്പു പദാർഥങ്ങളും കോശാവശിഷ്ടങ്ങളും കാൽസിയവും പ്ലേറ്റ്ലറ്റുകളും ഫൈബ്രിനും അടിഞ്ഞുകൂടി ഒരു പ്ലാക്ക് രൂപീകരിക്കുന്നു. ഈ പ്ലാക്ക്, ധമനിയിലൂടെയുള്ള രക്തപ്രവാഹത്തിനു ഭാഗികമായോ പൂർണമായോ തടസ്സം സൃഷ്ടിക്കുന്നു. കൂടാതെ ഈ പ്ലാക്കിലേക്ക് രക്തം പ്രവഹിക്കുവാനും പ്ലാക്കിന്റെ പ്രതലത്തിൽ രക്തക്കട്ടകൾ (ത്രോംബസുകൾ) ഉണ്ടാകുവാനും ഉള്ള സാധ്യതയും ഉണ്ട്.
തീരെ ചെറിയ ധമനികൾ സാധാരണ സ്ക്ളീറോസിസിനു വിധേയമാകാറില്ല. ഇടത്തരം വലിപ്പമുള്ളതും വളരെ വലുതുമായ ധമനികളിലാണ് കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. അഥീറോസ്ക്ളീറോസിസ് ഹൃദയധമനിയെ ബാധിക്കുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നു. തത്ഫലമായി ഹൃദയപേശികളിലെ ഓക്സിജൻ ലഭ്യത കുറയുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കാം. ഇതേ വിധത്തിൽ മസ്തിഷ്കത്തിലേക്കുള്ള ഓക്സിജൻ തടസ്സപ്പെടുന്നത് മസ്തിഷ്കാഘാതത്തിനും കൈകാലുകളിലേക്കുള്ള ഓക്സിജൻ തടസ്സപ്പെടുന്നത് ഗാൻഗ്രീനിനും കാരണമാകുന്നു.
സാവധാനത്തിൽ വർധിതമാകുന്ന ഒരു രോഗമാണ് അഥീറോസ്ക്ളീറോസിസ്. പലപ്പോഴും ബാല്യത്തിൽ തന്നെ ആരംഭിക്കുന്ന ഈ രോഗം മുപ്പതുകളിൽ എത്തുന്നതോടെ പെട്ടെന്ന് വർധിക്കുന്നു. എന്നാൽ ചിലരിൽ വാർധക്യകാലം വരെ ഈ രോഗം അപകടകരമായ അവസ്ഥയിലേക്ക് പരിണമിക്കാതിരിക്കാറുമുണ്ട്.
രോഗകാരണം
തിരുത്തുകഅഥീറോസ്ക്ളീറോസിസ് സംജാതമാകുന്നതിനുള്ള കാരണം വ്യക്തമായി അറിവായിട്ടില്ല. ധമനികളുടെ ആന്തരഭിത്തിയായ എൻഡോതീലിയത്തിനുണ്ടാകുന്ന ക്ഷതമാണ് ഇതിലേക്ക് നയിക്കുന്നതെന്നാണ് പല ശാസ്ത്രജ്ഞരും കരുതുന്നത്. രക്തത്തിലെ അമിത കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, പുകവലി എന്നിവ എൻഡോതീലിയത്തിനു ക്ഷതമുണ്ടാക്കാൻ സാധ്യതയുള്ള ഘടകങ്ങളായി കരുതപ്പെടുന്നു.
രക്തത്തിൽ ഹോമോസിസ്റ്റീൻ-സൾഫർ അടങ്ങുന്ന ഒരു അമിനോ അമ്ലം വർദ്ധിക്കുന്നത് ധമനീഭിത്തിയുടെ ക്ഷതത്തിനു കാരണമാകാം എന്നു ചില സമീപകാല പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ചികിത്സ
തിരുത്തുകഅഥീറോസ്ക്ളീറോസിസ് എന്ന രോഗത്തിനു യുക്തമായ പ്രതിവിധി ഇല്ലെങ്കിലും ധമനിയിലെ രക്തപ്രവാഹം കൂട്ടുകയോ അവയവങ്ങളുടെ ഓക്സിജൻ ചോദന കുറയ്ക്കുകയോ ചെയ്യുക വഴി രോഗലക്ഷണങ്ങൾ കുറയ്ക്കുന്ന ഔഷധങ്ങൾ (നൈട്രോഗ്ളിസറിൻ, ബീറ്റാ ബ്ലോക്കറുകൾ) ഇന്ന് ലഭ്യമാണ്. രക്തപ്രവാഹം മെച്ചപ്പെടുത്തുന്നതിന് ആൻജിയോപ്ലാസ്റ്റി, ബൈപാസ് ശസ്ത്രക്രിയ എന്നിവ സഹായകമാണ്. രോഗം കൂടുതൽ മോശമാകാതെ തടയുകയാണ് മറ്റൊരു പോംവഴി. പുകവലി നിർത്തുക; അമിത ഭാരം കുറയ്ക്കുക; ഭക്ഷണത്തിലെ കൊഴുപ്പ് കുറയ്ക്കുക; പ്രമേഹം, രക്തസമ്മർദം എന്നിവ നിയന്ത്രണ വിധേയമാക്കുക; കൃത്യമായി വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ രോഗി പ്രത്യേകം ശ്രദ്ധിക്കണം.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഥീറോസ്ക്ളിറോസിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |