പരന്നതും കനമില്ലാത്തതുമായ കോശങ്ങളാൽ നിർമിതമായ നേർത്ത ഒരു സ്തരം (membrane) ഹൃദയം, രക്തവാഹിനികൾ, ലിംഫ് നാളികൾ, സന്ധികൾ ശരീരഭിത്തിക്കു ആന്തരീകാവയവങ്ങൾക്കും ഇടയ്ക്കുള്ള ഭാഗങ്ങൾ (body-cavities) തുടങ്ങിയവയുടെ ഉൾ‌‌വശത്തായിട്ടാണ് എൻഡോതീലിയം കാണപ്പെടുന്നത്. എപ്പിത്തീലിയത്തിന്റെ ഒരു പരിഷ്കൃത രൂപമാണ് എൻഡോതീലിയം എന്നു പറയാം.[1]

എൻഡോതീലിയം സെല്ലുകളുടെ സ്ഥാനം കാണിക്കുന്ന ചിത്രം
എൻഡോതീലിയം സെല്ല്

കാപ്പിലറികളുടെ നിർമ്മാണത്തിന്

തിരുത്തുക

രക്തക്കുഴലുകളിൽ നിന്നു രൂപം കൊള്ളുന്ന കാപ്പിലറികളുടെ ഭിത്തികൾ എൻഡോതീലിയം കൊണ്ടു നിർമിതമാണ്. ശരീരകലകൾക്ക് ആവശ്യമായ ഭക്ഷണം, ഓക്സിജൻ തുടങ്ങിയവ രക്തത്തിലൂടെ കാപ്പിലറികളിൽ എത്തുകയും, കാപ്പിലറിഭിത്തികൾ അവശ്യസാധനങ്ങളെ വലിച്ചെടുക്കുകയും ചെയ്യുന്നു. ശരീരകലകളിൽ നിന്നു വിസർജ്യവസ്തുക്കൾ പുറന്തള്ളപ്പെടുന്നതും ഇവിടെ വച്ചുതന്നെ. രക്തവുമായി നേരിട്ടു ബന്ധപ്പെടാത്ത ശരീരകലകളിലേക്ക് അവശ്യവസ്തുക്കൾ എത്തിച്ചുകൊടുക്കുന്നതും വിസജ്യവസ്തുക്കളെ മാറ്റുന്നതും കാപ്പിലറി ഭിത്തികളായി വർത്തിക്കുന്ന എൻഡോതീലിയത്തിന്റെ ജോലിയാണ്. ശരീരത്തിന്റെ എല്ലാഭാഗങ്ങളിലും കാപ്പിലറികൾ സമൃദ്ധമായുണ്ട്.[2]

ധമനി സംരക്ഷണം

തിരുത്തുക

ഹൃദയത്തിൽ നിന്നു വർദ്ധിച്ച മർദത്തിൽ പമ്പുചെയ്തു പുറത്തേയ്ക്കു വിടുന്ന രക്തം ഉൾക്കൊള്ളുന്നതിന് ബലവും കനവുമുള്ള ഭിത്തികൾ ധമനി (artery) കൾക്കു കൂടിയേ കഴിയൂ. ഏറ്റവും അകവശത്തായി കാണപ്പെടുന്നതും നേർമയേറിയതുമായ എൻഡോതീലിയം, ബലവും ഇലാസ്തികത (elasticity) യുമുള്ള പേശികളാൽ നിർമിതമായ മധ്യസ്തരം (ധമനിയുടെ വികാസസങ്കോചങ്ങൾക്കു കാരണം ഈ ഭാഗമാണ്), സം‌‌യോജകകലകൊണ്ടു നിർമിതമായ അഡ്‌‌വന്റീഷ്യ എന്ന കട്ടിയുള്ള ആവർത്തനസ്തരം (ധമനിക്ക് ഒരു രക്ത സംഭരണിയായി പ്രവർത്തിക്കുവാനും രക്തം ചുറ്റുപാടുമുള്ള ശരീരകലകളിലേക്ക് ഊറിയിറങ്ങുന്നതു തടയുവാനും ഈ ആവരണസ്തരം സഹായകമാകുന്നു.) എന്നീ മൂന്നു സ്തരങ്ങൾ ചേർന്നാണ് ധമനീഭിത്തി രൂപംകൊള്ളുന്നത്.[3]

ഹൃദയത്തിന്റെ കട്ടിയേറിയ പേശീഭിത്തി (മയോകാർഡിയം) യാണ് ഹൃദയത്തെ വികസിപ്പിക്കുന്നതിനും സങ്കോചിപ്പിക്കുന്നതിനും കഴിവുള്ളതാക്കി തീർക്കുന്നത്. ഈ പേശീഭിത്തിയുടെ ഉൾ‌‌വശം വളരെ നേർത്ത ഒരു ചർമത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ചർമമാണ് എൻഡോകാർഡിയം. ഇത് രക്തക്കുഴലുകൾക്കുള്ളിൽ കാണപ്പെടുന്ന എൻഡോതീലിയത്തിന്റെ തുടർച്ചയാകുന്നു. എൻഡോകാർഡൈറ്റീസ് എന്ന ഹൃദ്‌‌രോഗത്തിനു കാരണം എൻഡോകാർഡിയത്തെ ബാധിക്കുന്ന വീക്കമാണ്.[4]

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എൻഡോതീലിയം&oldid=3626613" എന്ന താളിൽനിന്ന് ശേഖരിച്ചത്