അപ്പോസ്തലിക പിന്തുടർച്ച

(Apostolic succession എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യേശുക്രിസ്തു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പോസ്തലൻമാരുടെ ദൗത്യം, അഭംഗുരം സഭയിൽ തുടർന്നുകൊണ്ടുപോകുവാൻ നിയമിക്കപ്പെടുന്ന മേല്പട്ടക്കാരിലൂടെ പരമ്പരാഗതമായി നിലനിന്നുപോരുന്ന പിന്തുടർച്ചയെ അപ്പോസ്തലിക പിന്തുടർച്ച എന്നറിയപ്പെടുന്നു.

ക്രിസ്തു പുനരുത്ഥാനത്തിനുശേഷം ശിഷ്യരോട് അരുളിചെയ്തു; 'സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് ജ്ഞാനസ്നാനം നൽകുവിൻ. ഞാൻ നിങ്ങളോട് കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പികുവിൻ. യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.' (മത്തായി 28 : 18-20). ക്രിസ്തു ഏല്പിച്ച ഈ ദൗത്യം അപ്പോസ്തലൻമാരുടെ കാലശേഷവും തുടർന്നുകൊണ്ടുപോകുന്നു. സുവിശേഷം പ്രസംഗിക്കുക, (മത്തായി 28 : 18-20), പാപങ്ങൾ ഔദ്യോഗികമായി മോചിപ്പിക്കുക (യോഹ. 20 : 21-23), ആധ്യാത്മിക നേതൃത്വം നല്കുക (മത്തായി 18 : 18) എന്നിങ്ങനെ പലതും അപ്പോസ്തലൻമാരുടെ ദൗത്യത്തിൽപെടും.

ക്രിസ്തു ശിഷ്യഗണത്തിൽനിന്നു ചിലരെ പ്രത്യേകം തിരഞ്ഞെടുത്തു പരിശീലനം നല്കി അപ്പോസ്തലൻമാരായി നിയമിച്ചു പ്രത്യേക അധികാരാവകാശങ്ങൾ നല്കിയതുപോലെ അപ്പോസ്തലൻമാരും തങ്ങളുടെ അനുയായികളിൽനിന്ന് ചിലരെ പ്രത്യേകം തിരഞ്ഞെടുത്തു പരിശീലിപ്പിക്കുകയും അവരെ പ്രാദേശികസഭകളുടെ നേതാക്കൻമാരായി നിയമിക്കുകയും ചെയ്തു. സുവിശേഷം പ്രസംഗിക്കുന്നതിനും നേതൃത്വം നല്കുന്നതിനും അപ്പോസ്തലൻമാർ ഇവരെ ചുമതലപ്പെടുത്തിയിരുന്നു. അപ്പോസ്തലനായിരുന്ന വി. പൌലോസ് തന്റെ ശിഷ്യനായ തിമൊഥെയോസിനെ ഇപ്രകാരം നിയമിച്ചതായി കാണാം. മരണം അടുത്തെന്നും, അധികനാൾ സുവിശേഷവേല തുടരുവാൻ സാധ്യമല്ലെന്നും ബോധ്യമായപ്പോഴാണ് ശിഷ്യനായ തിമൊഥെയോസിനെ (2 തിമൊ. 2 : 2), ഈ ദൗത്യം ഏല്പിച്ചത്. ഇപ്രകാരമുള്ള പിന്തുടർച്ച യഹൂദപാരമ്പര്യത്തിനു ചേർന്നതായിരുന്നു. അഹറോന്റെ പിൻഗാമിയായി എലെയാസരും (സംഖ്യാ. 20 : 22-29) മോശയുടെ പിൻഗാമിയായി യോശുവായും നിയമിതരായി. കൈവയ്പിലൂടെയാണ് പുരോഹിതസ്ഥാനത്തിന്റെ അംഗീകാരവും നിയമനവും നടക്കുന്നത് (1 തിമൊ. 4 : 14) എന്ന് വിശ്വസിക്കപ്പെടുന്നു. അപ്പോസ്തലൻമാർ ദൈവത്തിൽനിന്നു തങ്ങൾക്കു ലഭിച്ചിരിക്കുന്ന പ്രത്യേക വരങ്ങൾ കൈവയ്പിലൂടെയാണ് മറ്റുള്ളവർക്കു നല്കിയിരുന്നതെന്ന് അപ്പോസ്തലപ്രവൃത്തികളിലും(6 : 6) കാണുന്നു.

സഭാചരിത്രത്തിൽ

തിരുത്തുക

അപ്പോസ്തലിക പിന്തുടർച്ച ചരിത്രരേഖകളിലും കാണാവുന്നതാണ്. എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ. അവസാനത്തോടെ റോമിലെ ബിഷപ്പായിരുന്ന വി.ക്ലെമെന്റിന്റെ ലേഖനത്തിൽ അപ്പോസ്തലൻമാർ സഭാഭരണത്തിനായി പല സ്ഥലങ്ങളിലും ബിഷപ്പുമാരെ നിയമിച്ചതായി പറയുന്നു. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അന്ത്യോഖ്യയിലെ ബിഷപ്പായിരുന്ന വി. ഇഗ്നേഷ്യസ്, അപ്പോസ്തലൻമാരുടെ പിൻഗാമികളായ ബിഷപ്പുമാരുടെ നേതൃത്വത്തിലുള്ള സഭാഭരണവ്യവസ്ഥിതിയെപ്പറ്റി വിവരിക്കുന്നുണ്ട്. സഭാപണ്ഡിതരായിരുന്ന ഈറേനിയോസ് (എ.ഡി. 180), തെർത്തുല്യൻ (എ.ഡി. 222), ഹെഗഡിപ്പസ് (എ.ഡി. 160) എന്നിങ്ങനെ പലരും അന്നു സഭയ്ക്ക് നേതൃത്വം നല്കിയിരുന്ന ബിഷപ്പുമാരെപ്പറ്റി പറയുന്നതോടൊപ്പം അവർ എപ്രകാരമാണ് അപ്പോസ്തലൻമാരുടെ പിൻഗാമികളായതെന്നും പ്രതിപാദിക്കുന്നു. അപ്പോസ്തലൻമാരുടെ കാലംമുതൽ അന്നുവരെ അവരുടെ മുൻഗാമികളായിരുന്നവരുടെ പേരുവിവരങ്ങളും ഇവർ നല്കുന്നു. അപ്പോസ്തല പാരമ്പര്യം അഭംഗം പുലർത്തുന്ന സഭയാണ് ശരിയായ സഭയെന്നു തെളിയിക്കുന്നതിനുവേണ്ടിയാണ് അവർ ഈ പിന്തുടർച്ചയെപ്പറ്റി പ്രതിപാദിക്കുന്നത്.

അഭിപ്രായഭിന്നത

തിരുത്തുക

കാലക്രമേണ അപ്പോസ്തലിക പിന്തുടർച്ചയെപ്പറ്റി അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ക്രൈസ്തവസഭ റോമാസാമ്രാജ്യത്തിലെ ഔദ്യോഗിക മതമായപ്പോൾ മതനേതാക്കൻമാരായ ബിഷപ്പുമാരുടെ ഉത്തരവാദിത്തം കൂടുതൽ വ്യാപകമായി. ആധ്യാത്മിക നേതൃത്വത്തിനുപുറമേ രാജ്യഭരണത്തിലും ശ്രദ്ധിക്കേണ്ടിവന്നപ്പോൾ അതു സഭയുടെ അധഃപതനത്തിന് വഴിതെളിച്ചു എന്നു ചരിത്രകാരൻമാർ ചൂണ്ടിക്കാണിക്കുന്നു[അവലംബം ആവശ്യമാണ്].

16-ആം നൂറ്റാണ്ടിൽ നിലവിലിരുന്ന ഭരണരീതിയെ മാർട്ടിൻ ലൂഥർ വിമർശിച്ചു. അപ്പോസ്തലിക പിന്തുടർച്ചയും ബിഷപ്പുമാരുടെ പ്രത്യേക പദവികളും തെറ്റാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. അപ്പോസ്തലിക പാരമ്പര്യം ബൈബിളധിഷ്ടിതമാണെന്നും ബൈബിൾ പഠിക്കുന്നതുമൂലം അതു ലഭിക്കുമെന്നും അപ്പോസ്തലിക പിന്തുടർച്ചയുടെ ആവശ്യമില്ലെന്നും പ്രൊട്ടസ്റ്റന്റുകാർ വാദിക്കുന്നു. പ്രൊട്ടസ്റ്റന്റ് ആശയങ്ങൾ മതനവീകരണത്തിനു കാരണമായി. ഇംഗ്ളണ്ടിലെ ഹെന്റി എട്ടാമന്റെ പുത്രൻ എഡ്വേർഡ് ആറാമന്റെ ഭരണകാലത്തു ബിഷപ്പുമാരെ വാഴിക്കുന്നതിനുള്ള സഭയുടെ ഔദ്യോഗിക പ്രാർഥനാക്രമത്തിൽ കുറെ മാറ്റങ്ങൾ വരുത്തി. പിന്നീട് എലിസബത്തു രാജ്ഞിയും ഈ പ്രാർഥനാക്രമത്തിനു ചില മാറ്റങ്ങൾ വരുത്തി അംഗീകരിച്ചു നടപ്പിലാക്കി. ഇതു കത്തോലിക്കരും ആംഗ്ലിക്കൻ സഭക്കാരും തമ്മിലുള്ള അപ്പോസ്തലിക പിന്തുടർച്ചയെപ്പറ്റിയുള്ള അഭിപ്രായഭിന്നതയെ വർധിപ്പിച്ചു. ബിഷപ്പുമാർ അപ്പോസ്തലൻമാരുടെ പിന്തുടർച്ചക്കാരാണെന്നും ഔദ്യോഗിക പ്രാർഥനാക്രമം, പ്രൊട്ടസ്റ്റന്റ് ആശയങ്ങൾക്കനുസരിച്ച് മാറ്റം വരുത്തിയതിനാൽ ക്രൈസ്തവ പൌരോഹിത്യത്തെപ്പറ്റിയുള്ള ശരിയായ ധാരണ ആംഗ്ലിക്കൻ സഭയ്ക്ക് നഷ്ടമായെന്നും കത്തോലിക്കർ പറയുന്നു.

മാർട്ടിൻ ലൂഥറിന്റെ സമകാലികനായിരുന്ന കാൽവിൻ സഭാധികാരികൾക്കു സംയുക്തമായ കൂട്ടുത്തരവാദിത്വം ഉണ്ടെന്നും പ്രത്യേകം തിരഞ്ഞെടുത്ത സമിതിയായിരിക്കും സഭാനേതൃത്വമെന്നും വാദിച്ചു. അപ്പോസ്തലിക പിന്തുടർച്ച ഒരു ബിഷപ്പ് തന്റെ പിൻഗാമിയ്ക്ക് കൈവയ്പിലൂടെ നല്കുന്നമൂലമാണ് തുടർന്നുപോകുന്നതെന്ന് ഉള്ള ആശയത്തെ ഓരോ ബിഷപ്പും തന്റെ പിൻഗാമിയുടെ തലയിൽ കൈവെയ്ക്കുന്നില്ലെന്നും ബിഷപ്പുമാരുടെ സംഘം മുഴുവനിലൂടെയാണ് പിന്തുടർച്ച ഉണ്ടാകുന്നതെന്നും ഉള്ള വാദം ഉന്നയിച്ചുകൊണ്ട് ഒരു കൂട്ടർ എതിർക്കുന്നു. പ്രത്യേക കൈവയ്പിൽ എന്നതിനേക്കാൾ ആധ്യാത്മിക ദൌത്യം ഏല്പിക്കുന്നതിലാണ് അപ്പോസ്തലിക പിന്തുടർച്ച സാർഥകമാകുന്നതെന്ന് മെതഡിസ്റ്റ് സഭാ നേതാവായിരുന്ന ജോൺ വെസ്ലി അഭിപ്രായപ്പെട്ടു. പൌരോഹിത്യ പദവിയുള്ളവർക്ക്, അതു മറ്റുള്ളവർക്കു സാധുവായി നല്കാനും സാധിക്കും എന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ അപ്പോസ്തലിക പിന്തുടർച്ചയെ സംബന്ധിച്ച് അഭിപ്രായഭിന്നതകൾ വളരെയുണ്ട്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പോസ്തലിക പിന്തുടർച്ച എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.