ആൻ ഫ്രാങ്ക്

(Anne Frank എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജർമ്മനിയിൽ നിന്നുമുള്ള ഒരു എഴുത്തുകാരിയായിരുന്നു ആൻ ഫ്രാങ്ക് ( ജനനംജൂൺ 12, 1929 - മരണം മാർച്ച്, 1945 ). 1933-ൽ ആൻ ഫ്രാങ്കിന്റെ കുടുംബം ഹോളണ്ടിലേക്കു് കുടിയേറിപ്പാർത്തു. ജർമ്മൻ പട്ടാളം ഹോളണ്ടിനെ ആക്രമിച്ചപ്പോൾ യഹൂദരായിരുന്ന ആൻഫ്രാങ്കും കുടുംബവും ഒരു ഒളിസങ്കേതത്തിൽ അഭയം തേടി. 1944 ആഗസ്റ്റ് 4-ന് നാസി പോലീസ് ഒളിത്താവളത്തിൽ മിന്നൽ പരിശോധന നടത്തിയതോടെ ആനും കുടുംബവും കോൺസൻട്രേഷൻ ക്യാമ്പിൽ തടവിലായി. നാസിപ്പടയെ ഭയന്ന് കുടുംബത്തോടൊപ്പം ഒളിവിൽ കഴിയുമ്പോൾ ആൻ എഴുതിയ ഡയറിക്കുറിപ്പുകൾ പിൽക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതവംശജർ അനുഭവിക്കേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ചിത്രം തരുന്നവയായിരുന്നു ആ കുറിപ്പുകൾ. 1947-ലാണ് ആൻ ഫ്രാങ്കിന്റെ ഡയറി പ്രസിദ്ധീകരിക്കുന്നത്. 1945 മാർച്ചിൽ, ഹോളണ്ടിന്റെ മോചനത്തിനു കേവലം രണ്ടുമാസം മുൻപ് ബെർഗൻ-ബെൽസൻ എന്ന കുപ്രസിദ്ധ നാസി തടവറയിൽ കിടന്ന് ടൈഫസ് പിടിപെട്ട് മരിച്ചു.

ആൻ ഫ്രാങ്ക്
ബാല്യകാല ചിത്രം
ബാല്യകാല ചിത്രം
ദേശീയതജർമൻ
ശ്രദ്ധേയമായ രചന(കൾ)ഒരു പെൺകുട്ടിയുടെ ഡയറി (1947)
കയ്യൊപ്പ്

യുദ്ധത്തിനുശേഷം ആംസ്റ്റർ‍ാമിലേക്കു തിരികെ വന്നവരിൽ ഒരാളും, ആൻ ഫ്രാങ്കിന്റെ പിതാവുമായ ഓട്ടോ ഫ്രാങ്കിനാണ് ഈ കുറിപ്പുകൾ കിട്ടിയത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് 1947 ൽ ഇവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഡച്ചു ഭാഷയിലായിരുന്ന ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് 1952 ൽ ദ ഡയറി ഓഫ് എ യങ് ഗേൾ എന്ന പേരിൽ പുറത്തിറങ്ങി. പിന്നീട് അറുപതോളം ഭാഷകളിൽ അത് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധം രണ്ട് ആത്മകഥകളിലൂടെ ഇന്നും ജീവിക്കുന്നു. ജർമനിയിലെ സ്വേച്ഛാപതിയായിരുന്ന ഹിറ്റ്ലറുടെ മെയ്ൻ കാംഫും (എന്റെ പോരാട്ടം) ആൻ ഫ്രാങ്ക് എന്ന കൗമാരക്കാരിയുടെ ഡയറി ഓഫ് ആൻ ഫ്രാങ്കും. ഹിറ്റ്ലറുടെ ആത്മകഥയിൽ ഇല്ലാത്തെതെല്ലാം ആനിന്റെ ഡയറിയിൽ ഉണ്ടായിരുന്നു.[1]

ജീവിതരേഖ തിരുത്തുക

ജനനം,കുട്ടിക്കാലം തിരുത്തുക

 
നെഥർലാൻഡ്സിലെ ആംസ്റ്റർഡാമിൽ, മെർവെഡെപ്ലീൻ എന്ന പ്രദേശത്തെ ഈ കെട്ടിടത്തിലെ ഒരു വീട്ടിലാണ് ആനും കുടുംബവും 1934 മുതൻ 1942 വരെ താമസിച്ചിരുന്നത്.

ജർമനിയിലെ ഫ്രാങ്ക്‌ഫെർട്ടിലെ ഒരു പുരാതന ജൂതകുടുംബത്തിൽ 1929 ജൂൺ 12നായിരുന്നു ആനിന്റെ ജനനം. പിതാവ് ഒട്ടോ ഫ്രാങ്ക് ഒരു ബാങ്കുദ്യോഗസ്ഥനായിരുന്നു. മാതാവ് എഡിത്ത് ഫ്രാങ്ക് വീട്ടമ്മയും. മാർഗറ്റ് ഫ്രാങ്കായിരുന്നു ഏക സഹോദരി.[2] 1933-ൽ ജർമനിയിൽ നാസി പാർട്ടി ശക്തി പ്രാപിക്കുകയും, ജൂതവിദ്വേഷം വ്യാപകമാവുകയും ചെയ്തതോടെ ഒട്ടോ ഫ്രാങ്കിന്റെ ബാങ്ക് നഷ്ടത്തിലായി. വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ സഹിക്കാനാവാതെ കുടുംബത്തോടൊപ്പം നെതർലന്റിലേക്കു പോകാൻ അദ്ദേഹം നിർബന്ധിതനായി.

1934-ൽ, തന്റെ അഞ്ചാം വയസ്സിൽ ആൻ ഫ്രാങ്ക് കുടുംബത്തിനൊപ്പം നെതർലന്റിലെത്തി. 1933 മുതൽ 1939 വരെ ജർമനിയിൽ നിന്നും പലായനം ചെയ്ത 300,000 ജൂതകുടുംബങ്ങളിൽ ഒന്നുമാത്രമായിരുന്നു ഫ്രാങ്ക് കുടുംബം. [3]ഒട്ടോ ഫ്രാങ്ക് ആംസ്റ്റർഡാമിൽ ഒരു ജാം നിർമ്മാണക്കമ്പനി ആരംഭിച്ചു. 1940 മെയ് 10-ന്‌ ജർമൻ പട്ടാളം നെതർലന്റിലെത്തുന്നതു വരെ ആ കൊച്ചു കുടുംബം സന്തോഷകരമായി കഴിച്ചുകൂട്ടി. ആനും സഹോദരിയും വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. മാർഗറ്റ് ഗണിതത്തിൽ മികവു പുലർത്തിയപ്പോൾ ആനിനു താത്പര്യം സാഹിത്യത്തിലായിരുന്നു.

 
ആൻ ഫ്രാങ്കിന്റെ ജന്മസ്ഥലം മൈംഗൗ റെഡ്ക്രോസ് ക്ലിനിക്

നെതർലന്റിലെ ജർമൻ ഭരണകൂടം ജൂതന്മാർ വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നതിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആനും മാർഗറ്റും ജൂതർക്കു മാത്രമുള്ള സ്കൂളിലേക്കു മാറേണ്ടി വന്നു. അതിനിടെ 1942 ജൂൺ 12-ന്‌ അവളുടെ 13ആം ജന്മദിനത്തിൽ ഒട്ടോ ഫ്രാങ്ക് മകൾക്ക് ഒരു ഡയറി സമ്മാനിച്ചു. കിറ്റി എന്ന് ഓമനപ്പേരിട്ട ഡയറിയിൽ 1942 ജൂൺ മുതൽ അവൾ എഴുതിത്തുടങ്ങി. പിൽക്കാലത്ത് ചരിത്രം കുറിച്ച ആ ഡയറിക്കുറിപ്പുകളിൽ ഒരു കൗമാരക്കാരിയുടെ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഒളിത്താവളങ്ങളിൽ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന ഒരു വംശത്തിന്റെ വേദനയുണ്ടായിരുന്നു.

ഇതായിരുന്നു ആൻ തന്റെ ഡയറിയിൽ ആദ്യമെഴുതിയ വാക്കുകൾ.

ഒളിവിൽ തിരുത്തുക

1942 ജൂലൈ 5ന് മാർഗറ്റ് ഫ്രാങ്കിന്‌ ജർമൻ ക്യാമ്പിൽ ഹാജരാകാനുള്ള അറിയിപ്പ് ലഭിച്ചു. മാർഗറ്റ് ജർമനിയിലേക്കുപോകാൻ തയ്യാറായില്ലെങ്കിൽ കുടുംബാംഗങ്ങളെല്ലാം തുറുങ്കിലടയ്ക്കപ്പെടുമെന്നായിരുന്നു അറിയിപ്പ്. അപ്പോഴേക്കും ജർമനിയിൽ ജൂതന്മാരുടെ സ്ഥിതി അത്യന്തം വഷളായിരുന്നു. അവർ രണ്ടാം തരം പൗരന്മാരായി തരം താഴ്ത്തപ്പെട്ടിരുന്നു. ഗവണ്മെന്റുദ്യോഗങ്ങൾ വഹിക്കുന്നതിനും, സ്വന്തമായി വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നതിനും വിലക്ക് കർശനമാക്കപ്പെട്ടിരുന്നു. ജൂതവംശജരും അല്ലാത്തവരും തമ്മിലുള്ള വിവാഹബന്ധം പോലും നിഷിദ്ധമായിരുന്നു. ജർമനിയിലെക്കുള്ള തിരിച്ചുപോക്ക് പ്രായോഗികമല്ലെന്നു മനസ്സിലാക്കിയ ഒട്ടോ ഫ്രാങ്ക് ഉത്തരവ് ലഭിച്ച് അധികം വൈകാതെ കുടുംബത്തോടൊപ്പം നേരത്തെ തയ്യാറാക്കിയിരുന്ന ഒളിസങ്കേതത്തിലേയ്ക്കു മാറി. കിലോമീറ്ററുകളോളം കാൽനടയായായിരുന്നു യാത്ര.

 
ആൻ ഫ്രാങ്കും കുടുംബവും ഒളിവിൽ താമസിച്ചിരുന്ന വീടിന്റെ വാതിലിനെ മറച്ചിരുന്ന പുസ്തക അലമാരയുടെ പുന:സൃഷ്ടി

ഓട്ടോ ഫ്രാങ്ക് ജോലിചെയ്യുന്ന ജാം നിർമ്മാണക്കമ്പനിയുടെ മുകളിലാണ് ഒളിത്താവളം. തറനിരപ്പിനു താഴെ, പ്രവേശനകവാടം ബുക്ക് ഷെൽഫു കൊണ്ടു മറച്ച രണ്ടു ചെറിയ അറകൾ. ആനിന്റെയും കുടുംബസുഹൃത്തായ ദന്തഡോക്ടറുടെയും കുടുംബങ്ങളടക്കം എട്ടുപേരായിരുന്നു അന്തേവാസികൾ. ‍ഒളിവിൽക്കഴിയുന്നവരെ സഹായിക്കുന്നവർക്ക് വധശിക്ഷ നൽകുമെന്ന നിയമം നിലനിന്നപ്പോഴും ഒട്ടോ ഫ്രാങ്കിന്റെ ചില സുഹൃത്തുക്കളുടെ സഹായം അവർക്കു ലഭിച്ചു. ഇക്കാലത്ത് സഹോദരി മാർഗറ്റുമായും, സഹവാസിയും, കുടുംബസുഹൃത്തുമായിരുന്ന ഫ്രിറ്റ്സുമായും ആൻ വളരെയേറെ അടുത്തു. മാർഗറ്റ് ചില രഹസ്യമാർഗ്ഗങ്ങളിലൂടെ പഠനം തുടർന്നു. ഡയറിയെഴുത്തും വായനയുമായിരുന്നു ആനിന്റെ അക്കാലത്തെ പ്രധാന നേരമ്പോക്കുകൾ.

ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ തിരുത്തുക

ലോകമനസാക്ഷിയെ പിടിച്ചുലക്കുകയും സാന്ത്വനിപ്പിക്കുകയും പ്രത്യാശാനിർഭരമാക്കുകയും ചെയ്ത ആൻഫ്രാങ്ക് എന്ന പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ. ഡച്ച് പ്രവാസി ഗവണ്മെന്റിലെ അംഗമായിരുന്ന ഗെറിറ്റ് ബോൾക്കെസ്റ്റീൻ ഒരിക്കൽ ലണ്ടനിൽ നിന്ന് നടത്തിയ റേഡിയോപ്രക്ഷേപണത്തിൽ ജർമ്മൻ അധീനതയിൽ തങ്ങൾ അനുഭവിക്കുന്ന യാതനകൾ കുറിച്ചുവയ്ക്കാൻ തന്റെ നാട്ടുകാരോട് അഭ്യർത്ഥിക്കുന്നു. യുദ്ധാനന്തരം അത് പ്രസിദ്ധപ്പെടുത്തുമെന്നും ആ അറിയിപ്പിലുണ്ടായിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു പതിമൂന്ന് വയസ്സുകാരി തന്റെ ചിന്തകൾ, വികാരങ്ങൾ, നിരീക്ഷണങ്ങൾ, വിശ്വാസങ്ങൾ-എല്ലാം തന്റെ ഏറ്റവും അടുത്ത സുഹൃത്തായ കിറ്റി എന്നു പേരിട്ട ഡയറിയുമായി പങ്കിടാനാരംഭിക്കുന്നു.

ഒളിത്താവളത്തിൽ നിന്നുള്ള കഥകൾ തിരുത്തുക

ആൻ ഡയറിയെഴുതുന്നതിനോടൊപ്പം തന്നെ കഥകളും അനുഭവങ്ങളും എഴുതി സൂക്ഷിച്ചിരുന്നു. യുദ്ധത്തിനു ശേഷം അവ പ്രസിദ്ധീകരിക്കാനും ആൻ ആഗ്രഹിച്ചിരുന്നു. ആൻ എഴുതിയ കഥകൾ,ഓർമ്മക്കുറിപ്പുകൾ, ലേഖനങ്ങൾ എന്നിവ 'ഒളിത്താവളത്തിൽ നിന്നുള്ള കഥകൾ' എന്ന പേരിൽ പുറത്തിറക്കി. 14 കഥകളും 16 ഓർമ്മക്കുറിപ്പുകളും ഇതിൽ ഉൾക്കൊള്ളുന്നു.

മിണ്ടാതെ, അനങ്ങാതെ രണ്ടുവർഷം തിരുത്തുക

താഴെ ഓഫീസ്മുറിയിൽ ആദ്യത്തെ ജോലിക്കാരൻ എത്തുംമുൻപെ ഒളിയിടത്തിലുള്ളവർ സ്വന്തം ജോലികൾ അവസാനിപ്പിക്കും. പിന്നെ മുറികളിൽ നിന്നു പുറത്തിറങ്ങുവാനോ, ഉച്ചത്തിൽ സംസാരിക്കുവാനോ അവർക്ക് കഴിഞ്ഞിരുന്നില്ല. വരാനിരിക്കുന്ന വിപത്തുകളെക്കുറിച്ചുള്ള ഭീതി എല്ലാവരുടെയും മനസ്സിൽ വേരുറച്ചിരുന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധത്തിൽപോലും ഉലച്ചിൽ സംഭവിച്ച അക്കാലത്ത് തന്റെ ആത്മമിത്രമായ ഡയറി ആനിന്‌ ആശ്വാസം പകർന്നു. മീപും ഭർത്താവ് ഹെൻകുമാണ് ഒളിയിടത്തിലുള്ളവർക്ക് ഭക്ഷണസാധനങ്ങളും പുറംലോകത്തുനിന്നുള്ള വാർത്തകളും എത്തിച്ചത്.

എന്ന് അക്കാലത്ത് അവൾ തന്റെ ഡയറിയിലെഴുതുകയുണ്ടായി.

ഒളിത്താവളത്തിൽ തിരുത്തുക

 
ഇളം നിറമുള്ള ചുവരുകളും ഓറഞ്ച് മേൽക്കൂരയും (ചുവടെ) സീക്രട്ട് അനെക്സും വീടിന്റെ പുറകിലുള്ള പൂന്തോട്ടത്തിലെ ആൻ ഫ്രാങ്ക് ട്രീയും (ചുവടെ വലത്), 2017 ൽ വെസ്റ്റെർക്കെർക്കിൽ നിന്നുള്ള കാഴ്ച

ഓട്ടോ ഫ്രാങ്ക് ജോലിചെയ്യുന്ന ജാം നിർമ്മാണക്കമ്പനിയുടെ മുകളിലാണ് ഒളിത്താവളം. മൂന്നാമത്തെ നിലയിൽ വലതുവശത്തുള്ള വാതിലിലൂടെയാണ് ഒളിത്താവളത്തിൽ കടക്കുന്നത്. നിറം മങ്ങിയ ആ വാതിലിനപ്പുറം ഏറെ മുറികളുണ്ടെന്ന് ആർക്കും ഊഹിക്കാൻ കഴിയില്ല. വാതിലിനപ്പുറമുള്ള ചെറിയ മരഗോവേണി കയറിയാൽ ഒളിത്താവളത്തിലെത്താം. സീക്രട്ട് അനക്സ് എന്നാണ് ആൻ ഈ താവളത്തിനു പേരിട്ടത്. പ്രവേശന കവാടത്തിനു നേരേ എതിർവശത്തായി കുത്തനെ മറ്റൊരു ഗോവണി. ഗോവണി കയറി ആദ്യമെത്തുന്നത് ഫ്രാങ്ക് കുടുംബത്തിന്റെ കിടപ്പു മുറിയിലാണ്. അടുത്തുള്ള ചെറിയ മുറിയിൽ ആനും മാർഗോട്ടും.(കുറേ കാലത്തിനു ശേഷം ഈ മുറിയിൽ മീപിന്റെ ദന്തിസ്റ്റായ ഡോ.ആൽബർട്ട് ഡസലും എത്തി.) വീണ്ടും ഗോവണി കയറിയാൽ കാണുന്നത് വിശാലമായ ഒരു മുറിയാണ്. ഒളിയിടത്തിന്റെ വാതിൽ ഒരു ബുക്ക് ഷെൽഫു കൊണ്ടു മറച്ചിരുന്നു. അതിനു മുകളിൽ ഭിത്തിയിൽ ഒരു മാപ്പും തൂക്കി. വാതിലിനു സമീപം വലിയ പെട്ടികളും ചാക്കുകളും അടുക്കിവച്ചു. ഉപയോഗമില്ലാത്ത മുറിയാണെന്നു തോന്നൽ ഉണ്ടാക്കാനായിരുന്നു ഇത്. മുറിയുടെ ജനാലകൾ കറുത്ത കടലാസും കനത്ത കർട്ടനും കൊണ്ടു മറച്ചിരുന്നു. വായൂസഞ്ചാരത്തിനായി ഒരു ജനാലയുടെ പാതി മാത്രം തുറന്നിട്ടു. ഓഫീസിനു പിന്നിലുള്ള ചെസ്-നട്ട് മരം കെട്ടിടത്തെ പാതി മറച്ചിരുന്നു. മറ്റു പല ഒളിത്താവളങ്ങളെയും അപേക്ഷിച്ച് സൗകര്യപ്രദവും വിശാലവും ആയിരുന്നു ഇവിടം.

തടവിൽ തിരുത്തുക

 
1944 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ ആൻ ഫ്രാങ്കിനെ പാർപ്പിച്ചിരുന്ന വെസ്റ്റർബോർക്ക് ട്രാൻസിറ്റ് ക്യാമ്പിലെ ബാരക്കുകളുടെ ഭാഗിക പുനർനിർമ്മാണം

1944 ഓഗസ്റ്റ് നാലാം തീയതി ജർമ്മൻ സെക്യൂരിറ്റി പോലീസിലെ സായുധ സൈനികർ ഡച്ചുകാരായ നാസികളുടെ സഹായത്തോടെ പ്രധാന ഓഫീസിൽ തിരച്ചിൽ നടത്തി.അവർ ഒളിത്താവളത്തിലേക്കുള്ള പ്രവേശനകവാടമെവിടെയെന്ന് പറയാൻ ക്രേലറെ നിർബന്ധിച്ചു.ഒടുവിൽ ക്രേലർക്ക് അവരുടെ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നു.ക്രേലറും കൂഫ്ഹൂസുമുൾപ്പെടെ ഒളിത്താവളത്തിലെ എല്ലാ അന്തേവാസികളെയും അറസ്റ്റ് ചെയ്യപ്പെട്ടു. അന്നുതന്നെ അവരെയെല്ലാം ഗസ്റ്റപ്പോ(ജർമ്മനിയിലെ രഹസ്യസേന) ആസ്ഥാനത്ത് ഹാജരാക്കി. ഒരു രാത്രി നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷം, ഓഗസ്റ്റ് 6-ആം തീയതി അവരെ ജയിലിലേക്കു മാറ്റി. ഓഗസ്റ്റ് 8-ന് ഒരു പാസഞ്ചർ ട്രെയിനിൽ അവർ എട്ടുപേരെയും വെസ്റ്റർ ബോർക്കിലേക്കയച്ചു. [4]ആഴ്ചയിലൊരിക്കൽ ജൂതത്തടവുകാരുമായി ജർമ്മനിയിലേക്കുപോകുന്ന ഫ്രെയ്റ്റ് ട്രെയിനുകളിലൊന്നിൽ, 1944 സെപ്റ്റംബര് 3ന് കുത്തിനിറച്ച കന്നുകാലിവണ്ടീയിൽ കയറ്റി അവരെയെല്ലാം ജർമ്മൻ അധീനത്തിലുള്ള പോളണ്ടിലെ കുപ്രസിദ്ധമായ കൊലപാതകേന്ദ്രമായ ഓഷ്വിറ്റ്സിലേക്ക് കൊണ്ടുപോയി. മൂന്നു ദിവസത്തെ ദുരിതപൂര്ണമായ യാത്രയ്ക്കൊടുവിൽ 1019 തടവുകാരെയും വഹിച്ചുകൊണ്ടുള്ള തീവണ്ടി ലക്‌ഷ്യസ്ഥാനത്തെത്തി. മോചനത്തിന് ഏതാനും മാസങ്ങൾ മുമ്പുവരെ ക്രേലറും കൂഫ്ഹൂസും ഡച്ച് കോൺസെൻട്രേഷൻ ക്യാമ്പുകളിലുണ്ടായിരുന്നു.

ക്യാമ്പിൽ വച്ച് സ്ത്രീകളെയും പുരുഷന്മാരെയും രണ്ടു സംഘങ്ങളായിത്തിരിച്ചു. പ്രാഥമിക വൈദ്യപരിശോധനയിൽ കഠിനമായ ജോലി ചെയ്യാൻ പ്രാപ്തരല്ലെന്നു കണ്ടവരെ നേരിട്ട് ഗ്യാസ് ചേമ്പറുകളിലേക്കയച്ചു. എഡിത്തും ആനും മാർഗറ്റും ഒരേ ബാരക്കിലായിരുന്നു. വൈദ്യപരിശോധനകൾക്കു ശേഷം തല മുണ്ഡനം ചെയ്ത്, കൈയിൽ തിരിച്ചറിയാനുള്ള നമ്പർ പച്ചകുത്തി ആനിനെ അടിമപ്പണിയ്ക്ക് നിയോഗിച്ചു. പതിനഞ്ചു വയസ്സും മൂന്നു മാസവും മാത്രം പ്രായമുണ്ടായിരുന്ന ആ പെൺകുട്ടി അസാമാന്യധൈര്യവും ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നതായി പിൽകാലത്ത് പല സഹതടവുകാരും അനുസ്മരിച്ചു. താങ്ങാനാവാത്ത അദ്ധ്വാനം മൂലം മാർഗറ്റും ആനും അസുഖബാധിതരായി.

മരണം തിരുത്തുക

 
ആനിന്റെയും മാർഗറ്റിന്റെയും സ്മാരകം

ഭക്ഷണവും വസ്ത്രവും മരുന്നുമായിരുന്നു കോൺസൻട്രേഷൻ ക്യാപുകളിലെ ഏറ്റവും പ്രധാന പ്രശ്നം.'സ്കാബീസ്' എന്ന ത്വക് രോഗം പിടിപ്പെട്ട ആനിനെയും മാർഗോട്ടിനെയും ബർഗൻ ബെൽസൻ ക്യാപിലേക്ക് മാറ്റി. അങ്ങനെ 1944 ഒക്ടോബർ 28-ന്‌ അമ്മയും മക്കളും വേർപിരിഞ്ഞു. 1945 ജനുവരി 6-ന്‌ ഈഡിത്ത് ഫ്രാങ്ക് ലോകത്തോടു വിടപറഞ്ഞു. പട്ടിണിയായിരുന്നു മരണകാരണം. അമ്മയുടെ മരണത്തിന്‌ രണ്ടുമാസം മുമ്പാണ്‌ ജർമ്മനിയിലെ ബെർഗൻ ബെൽസണിലേക്ക് മാർഗോട്ടിനെയും ആനിനെയും കൊണ്ടുപോകുന്നത്.

ലേബർക്യാപിൽ വച്ച് രോഗബാധിതരാകുന്നവരെ പാർപ്പിക്കാനുള്ളതായിരുന്നു ബർഗൻ ബെൽസൻ ക്യാപ്. ടൈഫസ് രോഗം പിടിപ്പെട്ട ആനും മാർഗോട്ടും ഒരേ മുറിയിലാണ് കഴിഞ്ഞിരുന്നത്. അനാരോഗ്യകരമായ ചുറ്റുപാടുകളും തിക്കും തിരക്കും‍ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ കാരണമായി. വൈകാതെ മാർഗോട്ടിനു രോഗം മൂർച്ഛിച്ചു.ഒരു ദിവസം ആൻ ഫ്രാങ്കിന്റെ ബർത്തിനു തൊട്ടുമുകളിൽ കിടക്കുകയായിരുന്നു മാർഗോട്ട്.എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ മാർഗോട്ട് പെട്ടെന്ന് കുഴഞ്ഞുവീണു.അവിടെ കിടന്നു തന്നെ പിടഞ്ഞു മരിക്കുകയും ചെയ്തു.സഹോദരിയുടെ മരണം കണ്മുന്നിൽ കണ്ടതോടെ ആൻ അതു വരെ കാത്തുസൂക്ഷിച്ച മനസാന്നിധ്യവും ധൈര്യവുമെല്ലാം ചോർന്നു പോയി. അവൾ മാനസികമായി ആകെത്തകർന്നു.ഏതാനും ദിവസങ്ങൾക്കുശേഷം മാർച്ചു മാസത്തിലെ ആദ്യ അഴ്ച്ചയിൽ ആൻഫ്രാങ്ക് മരണമടഞ്ഞു. 1945 ഏപ്രിൽ 15-ന്‌ അമേരിക്കയുടെയും ബ്രിട്ടന്റെയും സഖ്യസേന ബർഗൻ ബെൽസൻ ക്യാമ്പ് സ്വതന്ത്രമാക്കപ്പെടുന്നതിന് ഏതാനും ദിവസം മുൻപായിരുന്നു ഇരുവരുടെയും മരണം.

ആൻ ഫ്രാങ്കിനെപ്പറ്റി 1959-ൽ ഒരു സിനിമയും പുറത്തിറങ്ങി. ദ ഡയറി ഓഹ് ആൻ ഫ്രാങ്ക് എന്നായിരുന്നു സിനിമയുടെ പേർ. ജോർജ്ജ് സ്റ്റീവൻസിന്റെ ഈ ചിത്രത്തിൽ ആൻ ഫ്രാങ്കായി അഭിനയിച്ചത് മില്ലീ പെർക്കിൻസ് എന്ന ബാലികയാണ്.

ഡയറി കണ്ടെടുക്കുന്നു തിരുത്തുക

ആനിനും കുടുബത്തിനും വേണ്ടി പോലീസ് നടത്തിയ തിരച്ചിലിനിടയിൽ ഒളിത്താവളം കൊള്ളയടിക്കപ്പെട്ടു.ഏതാനും ദിവസങ്ങൾക്കു ശേഷം ഓഫീസ് വൃത്തിയാക്കാനെത്തിയ ഒരാൾ നിലത്തുകിടന്നിരുന്ന പഴയ പത്രക്കടലാസുകൾക്കിടയിൽ,ചില നോട്ടുബുക്കുകൾ കണ്ടെത്തി. ഈ നോട്ടുബുക്കുകളിലായിരുന്നു ആൻ ഫ്രാങ്ക് തന്റെ ഡയറിയെഴുതിയിരുന്നത്. ഇവയെന്താണെന്നറിയാതെ അയാളിവ മീപ്പിനും എല്ലിക്കും കൈമാറി. ഈ രണ്ടുപെൺക്കുട്ടികളും ഒളിവിൽ കഴിഞ്ഞിരുന്ന ജൂതകുടുബങ്ങളെ സഹായിച്ചിരുന്നു എന്ന കാര്യം ജർമ്മൻകാരുടെ ചോദ്യം ചെയ്യലിനിടെ വളരെ കർശനമായിത്തന്നെ മറച്ചു വയ്ക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അവർ സ്വതന്ത്രരായിരുന്നു.യുദ്ധത്തിനു ശേഷം ആൻ ഫ്രാങ്കിന്റെ പിതാവ് ഓട്ടോഫ്രാങ്ക് തിരിച്ചെത്തുന്നതു വരെ മീപ്പും എല്ലിയുമാണ്‌ ഈ നോട്ടുബുക്കുകൾ സൂക്ഷിച്ചിരുന്നത്. ഓഗസ്റ്റ് 4നു നാസിപ്പടയാളികൾ ആനിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു.

യാതനകൾ - ശേഷം തിരുത്തുക

ഓഷ്വിറ്റ്സിലെ കഠിനയാതനകൾക്കിടയിൽ സംഘത്തിലെ പ്രായമുള്ളവർ പലരും തളർന്നുവീണു.മി.വാൻഡാനാണ്‌ കുപ്രസിദ്ധമായ വിഷവാതകപ്രയോഗത്തിന്‌ ഇരയാക്കപ്പെട്ടത്. ഓട്ടോഫ്രാങ്കിന്റെയും വിധി ഇതുതന്നെയാകുമായിരുന്നു. ഒരു തലനാരിഴവ്യത്യാസത്തിലാണ്‌ മി.ഫ്രാങ്ക് അതിൽ നിന്നും രക്ഷപ്പെട്ടത്. അങ്ങനെ നവംബറിൽ ക്യാമ്പിലെ ആശുപത്രിയിൽ എത്തി. 1945 ജനുവരി 27-ന്‌ സോവിയറ്റ് സൈന്യം ക്യാമ്പിൽ കഴിഞ്ഞവരെയെല്ലാം മോചിപ്പിക്കുമ്പോഴും ഓട്ടോഫ്രാങ്ക് ആശുപത്രിയിലായിരുന്നു. അവിടെ നിന്നും മറ്റുചിലരോടൊപ്പം അദ്ദേഹം ഗലിഷ്യായിലെത്തി.തുടർന്ന് ഒഡിസ്സായിലും.അവിടെ നിന്ന് പടിഞ്ഞാറൻ യൂറോപ്പിലും എത്തിച്ചേർന്നു. ക്യാമ്പിലുണ്ടായിരുന്ന മറ്റു തടവുകാർക്ക്-ഏതാണ്ട് പതിനോരായിരത്തിൽപ്പരം- ഈ ഭാഗ്യം ലഭിച്ചില്ല.റഷ്യൻ സേനയുടെ മുന്നേറ്റം മനസ്സിലാക്കിയ ജർമ്മൻകാർ ഇവരെ മുഴുവനും തങ്ങളോടൊപ്പം പടിഞ്ഞാട്ടേക്ക് കൂട്ടിക്കൊണ്ടുപോയി. പീറ്റർ വാൻഡാൻ അവരിലൊരാളായിരുന്നു.പീറ്ററിനെക്കുറിച്ച് പിന്നേടൊന്നും കേട്ടിട്ടില്ല.

തന്റെ ഭാര്യ ജനുവരി അഞ്ചാം തീയതി മരണമടഞ്ഞ വിവരം ഒഡീസ്സായിലേക്കുള്ള യാത്രക്കിടയിലാണ്‌,ഡച്ചുകാരനായിരുന്ന ഒരു സുഹൃത്തിൽ നിന്നും ഓട്ടോഫ്രാങ്ക് അറിയുന്നത്.

അവസാന കുറിപ്പ് തിരുത്തുക

ഇങ്ങനെ തുടരുന്ന നീണ്ട കുറിപ്പോടെ ആനിന്റെ ഡയറി അവസാനിക്കുകയാണ്.

ജനഹ്രദയങ്ങളിലേക്ക് തിരുത്തുക

ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്. 'ദ ഡയറി ഓഹ് ആൻ ഫ്രാങ്ക്' അറുപതോളം ഭാക്ഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. രണ്ടരക്കോടി കോപ്പികളാണ് വിറ്റഴിഞ്ഞത്. ബൈബിളിനു ശേഷം കഥേതരവിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെട്ട പുസ്തകം ഇതാണ്.

ഒളിയിടത്തിലിരുന്ന് ആൻ എഴുതിയ കുറിപ്പുകളാണ് തനിക്ക് ധൈര്യവും ആത്മവിശ്വാസവും നൽകിയതെന്നു ജയിൽമോചിതനായ ശേഷം നെൽസൺ മണ്ടേല പറയുകയുണ്ടായി. ആനിന്റെ പേരിൽ ഇന്ന് സ്കൂളുകളും തെരുവുകളും ഉണ്ട്. ബെൽജിയത്തിലെ ഒരുതരം റോസാച്ചെടി ആൻ ഫ്രാങ്ക് റോസാച്ചെടി എന്നാണ് അറിയപ്പെടുന്നത്. 1940 വരെ ആൻ പഠിച്ച ആംസ്റ്റർഡാമിലെ മോണ്ടിസോറി സ്കൂൾ ഇന്ന് 'ആൻ ഫ്രാങ്ക് സ്കൂൾ' എന്നാണ് അറിയപ്പെടുന്നത്. ആംസ്റ്റർഡാമിലെ ആൻ ഫ്രാങ്കിന്റെ ഒളിത്താവളം ഇന്ന് മ്യൂസിയമാണ്. ഓറഞ്ച് നിറത്തിലുള്ള പുറം ചട്ടയുള്ള ആനിന്റെ ഡയറിയും ഇവിടെ കാണാം. വർഷംതോറും കോടിക്കണക്കിനാളുകൾ ഇവിടം സന്ദർശിക്കുന്നു.

അവലംബം തിരുത്തുക

  1. "Checkley, Frank S., (died 31 March 1918), Comptroller, School Lands Branch, Department of Interior, Canada", Who Was Who, Oxford University Press, 2007-12-01, retrieved 2019-12-19
  2. "കുട്ടിക്കാലം". the official Anne Frank House website.
  3. van der Rol & Verhoeven 1995, പുറം. 21.
  4. Müller 1999, പുറം. 233.

കണ്ണികൾ തിരുത്തുക

ആൻ ഫ്രാങ്കിന്റെ വീട്

ആൻ ഫ്രാങ്ക് പ്രസ്ഥാനം

ആൻഫ്രാങ്ക് സെന്റർ (അമേരിക്ക)

"https://ml.wikipedia.org/w/index.php?title=ആൻ_ഫ്രാങ്ക്&oldid=3947536" എന്ന താളിൽനിന്ന് ശേഖരിച്ചത്