അക്‌ബർ

മൂന്നാമത്തെ മുഗള്‍ ഭരണാധികാരി
(Akbar the Great എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്ബർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അക്ബർ (വിവക്ഷകൾ) എന്ന താൾ കാണുക. അക്ബർ (വിവക്ഷകൾ)

മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ രാജാവാണ് ജലാലുദ്ദിൻ മുഹമ്മദ് അക്‌ബർ' (1542 ഒക്ടോബർ 15 - 1605 ഒക്ടോബർ 12). മഹാനായ അക്‌ബർ എന്നും അറിയപ്പെടുന്നു. ചക്രവർത്തി, ഹുമയൂണിന്റെ പുത്രനായിരുന്ന അക്ബർ, തന്റെ പിതാവിനെപ്പിന്തുടർന്ന് 1556 മുതൽ 1605 വരെ അദ്ദേഹം സാമ്രാജ്യം ഭരിച്ചു. അക്ബറിനു മുൻപുള്ള ബാബർ, ഹുമയൂൺ എന്നീ ചക്രവർത്തിമാർക്ക്, യുദ്ധങ്ങൾ നടത്തി സാമ്രാജ്യം സ്ഥാപിക്കാൻ മാത്രമേ സാധിച്ചിട്ടുള്ളൂ. എന്നാൽ സാമ്രാജ്യത്തിൽ ശക്തമായ ഒരു ഭരണക്രമം സ്ഥാപിച്ചത് അക്ബറാണ്. അതുകൊണ്ട് മുഗൾ സാമ്രാജ്യത്തിന്റെ മഹാശിൽ‌പി എന്നാണ് അക്‌ബർ അറിയപ്പെട്ടിരുന്നത്. അക്ബറിന്റെ കാലത്താണ് മുഗൾ സാമ്രാജ്യം അതിന്റെ പരമോന്നതിയിലെത്തിയത്.

അക്‌ബർ
ഇന്ത്യൻ ചക്രവർത്തി
പൂർണ്ണനാമംഅബ്‌ദുൾ-ഫത് ജലാൽ ഉദ്-ദിൻ മുഹമ്മദ് അക്‌ബ‌ർ
പദവികൾHis Majesty Al-Sultan al-'Azam wal Khaqan al-Mukarram, Imam-i-'Adil, Sultan ul-Islam Kaffatt ul-Anam, Amir ul-Mu'minin, Khalifat ul-Muta'ali Sahib-i-Zaman, Padshah Ghazi Zillu'llah ['Arsh-Ashyani], Emperor of India
അടക്കം ചെയ്തത്ബിഹിഷ്ടബാദ് സിക്കന്ധ്ര, ആഗ്ര
മുൻ‌ഗാമിഹുമയൂൺ
പിൻ‌ഗാമിജഹാംഗീർ
ജീവിതപങ്കാളിമഹാറാണി ജോധാഭായ് ബീഗം, രുക്കയ്യാ സുൽത്താൻ ബീഗം,സലീമാ സുൽത്താൻ ബീഗം
അനന്തരവകാശികൾജഹാംഗീർ, 5 പുത്രന്മാർ, 6 പുത്രിമാർ
രാജകൊട്ടാരംതൈമൂറിൻറെ വംശം
രാജവംശംമുഗൾ
പിതാവ്ഹുമയൂൺ
മാതാവ്ഹമിദാ ബാനോ ബേഗം (1530–1604)
മതവിശ്വാസംSunni Islam,[1][2] Din-e-Illahi

ആദ്യകാലം

തിരുത്തുക

ഷേർഷായോട് പരാജയപ്പെട്ട് പലായനം ചെയ്ത ഹുമായൂണിന്റെ പ്രവാസകാലത്താണ് അക്ബർ ജനിച്ചത്. അബുൽഫത്ത് ജലാലുദ്ദീൻ മുഹമ്മദ് അക്ബർ എന്നായിരുന്നു പൂർണമായ പേര്. ഹുമയൂൺ തന്റെ പുത്രന് ആദ്യം നല്കിയ പേർ ബഹറുദ്ദീൻ (മതപൌർണമി) മുഹമ്മദ് അക്ബർ എന്നായിരുന്നു. അക്ബർ 'ജൻ' പട്ടണത്തിലെ ഒരു കൊച്ചു വീട്ടിൽ 1543 ജൂലൈ വരെ മാതാവിനോടൊത്തു താമസിച്ചു. കന്ദഹാറിലെത്തിയ ഹുമയൂണിന് അനുജനായ അസ്ക്കാരിയുടെ ശത്രുതമൂലം, അക്ബറെ അവിടെ ഉപേക്ഷിച്ച് ഹമീദയോടൊപ്പം രക്ഷപ്പെടേണ്ടിവന്നു. പക്ഷേ അസ്ക്കാരിയുടെ കൊട്ടാരത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായ സുൽത്താനാ ബീഗത്തിന്റെ വാത്സല്യപാത്രമാവാൻ അക്ബർക്കു കഴിഞ്ഞു. അടുത്ത കൊല്ലം അക്ബർ മുത്തച്ഛന്റെ സഹോദരിയായ ഖൽസാദ് ബീഗത്തിന്റെ സംരക്ഷണയിലായി. അതേകൊല്ലം തന്നെ ഹുമയൂൺ പുത്രസംരക്ഷണം വീണ്ടും ഏറ്റെടുത്തു. ഇതോടുകൂടി ബഹറുദ്ദീന്റെ പേര് 'ജലാലുദ്ദീൻ' (മതതേജസ്സ്) എന്നുമാറ്റി. ഹുമയൂണിന് പെട്ടെന്നുണ്ടായ രോഗബാധ ശത്രുക്കൾ നല്ല ഒരവസരമായി കരുതി. സഹോദരനായ കമ്രാൻ 1546-ൽ കാബൂൾ പിടിച്ചെടുത്ത് ജലാലുദ്ദീൻ അക്ബറെ തടവിലാക്കി; എങ്കിലും 1550-ൽ ഹുമയൂൺ പുത്രനെ വീണ്ടെടുത്തു. ഹുമയൂൺ അപകടത്തിൽപ്പെട്ടു മരിച്ചതോടെ ജലാലുദ്ദീൻ അക്ബർ പതിനാലാമത്തെ വയസ്സിൽ (1556 ഫെബ്രുവരി 14-ന്) ഡൽഹി[അവലംബം ആവശ്യമാണ്] ചക്രവർത്തിയായി അധികാരമേറ്റു.

ഈ സമയത്ത് കാബൂളിലെ മുഗൾ പ്രതിനിധിയും അക്ബറുടെ അർദ്ധസഹോദരനുമായിരുന്ന‍, മുഹമ്മദ് ഹക്കീം മിർസ, അക്ബറെ അംഗീകരിക്കാതെ അഫ്ഗാനിസ്താനിലെ പ്രദേശങ്ങളുടെ നിയന്ത്രണം സ്വന്തമാക്കി. ഈ അവസരം മുതലെടുത്ത്, ഇറാനിലെ സഫവികൾ, ഷാ താഹ്മാസ്പിന്റെ കീഴിൽ 1558-ൽ കന്ദഹാർ കൈയടക്കി. ഇതിനു ശേഷം കന്ദഹാറും തെക്കൻ അഫ്ഗാനിസ്താനും 1595 വരേക്കും സഫവികളുടെ കീഴിലായിരുന്നു. മുഗൾ ഭരണാധികാരികളുടെ തമ്മിലടി മുതലെടുത്ത് ഉസ്ബെക്ക് നേതാവ് അബ്ദ് അള്ളാ ബിൻ ഇസ്കന്ദർ വടക്കൻ അഫ്ഗാനിസ്താനും ബദാഖ്‌ശാനും 1568-ൽ കൈയടക്കി[3].

സാമ്രാജ്യവികസനം

തിരുത്തുക

പതിനാലാമത്തെ വയസ്സിലാണ്‌ അക്ബർ ചക്രവർത്തിയായി സ്ഥാനമേറ്റത്. തന്റെ ചക്രവർത്തിപദം അന്വർഥമാക്കുന്നതിന് അക്ബറിന് ഒരു പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കേണ്ടിയിരുന്നു. ഇന്ത്യയിലെ ഒരൊറ്റ പ്രദേശമോ നാടുവാഴിയോ അക്ബറെ അംഗീകരിക്കുവാൻ ആദ്യം കൂട്ടാക്കിയില്ല. തന്മൂലം അക്ബർക്ക് ഏതാണ്ട് ജീവിതകാലം മുഴുവൻ തന്നെ യുദ്ധത്തിലേർപ്പെടേണ്ടിവന്നു. അക്ബർക്ക് ആദ്യം നേരിടേണ്ടിവന്നത് ആദിർഷാ സൂറിന്റെ മന്ത്രിയായിരുന്ന ഹിമുവിനെ ആയിരുന്നു. ആഗ്രയും ഡൽഹിയും പിടിച്ചെടുത്ത് ഹിമു ഇതിനകം തന്നെ 'വിക്രമാദിത്യൻ' (വിക്രംജിത്) എന്ന പേര് സ്വീകരിച്ചിരുന്നു. ബൈരം ഖാനോടൊത്ത് അക്ബർ ശത്രുസങ്കേതത്തിലെത്തുകയും 1556 നവംബർ 5-ന് നടന്ന രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ ശത്രുവിനെ വധിക്കുകയും ചെയ്തു. ഡൽഹിയും ആഗ്രയും അതോടെ അക്ബർക്കു അധീനമായി. മാൻകോട്ടിൽ എതിർത്തുനിന്ന സിക്കന്തർസൂറും അക്ബർക്കു കീഴടങ്ങി (1557). മാൻകോട്ടുവച്ചുതന്നെ അക്ബർ 15-ാം വയസ്സിൽ പിതൃസഹോദരന്റെ പുത്രിയെ വിവാഹം ചെയ്തു.

ഈ കാലത്താണ്, അക്ബറിന്റെ വിദ്യാഭ്യാസത്തിനു വേണ്ടി മീർ അബ്ദുൽ ലത്തീഫ് എന്ന പേർഷ്യൻ പണ്ഡിതൻ നിയമിതനായത്. 'സർവരോടും സഹിഷ്ണുത' (സുൽഹ്-ഇ-കുൽ) എന്ന നൂതനാശയം അക്ബറിൽ പകർന്നത് ഈ ഗുരുനാഥനായിരുന്നു. സകല മതങ്ങളുടെയും അടിസ്ഥാനപ്രമാണം ഒന്നു തന്നെയെന്നും അക്ബർ, ലത്തീഫിൽ നിന്നും ഗ്രഹിച്ചു. വായനയിൽ വിമുഖത കാണിച്ചെങ്കിലും വ്യായാമം, നായാട്ട്, പക്ഷിനിരീക്ഷണം, മൃഗസംരക്ഷണം മുതലായവയിൽ അക്ബർ പ്രാവീണ്യം നേടി. വേദാന്തഗ്രന്ഥങ്ങൾ വായിച്ചു കേൾക്കുന്നതിൽ അക്ബർ തത്പരനായിരുന്നു. ബൈരംഖാന്റെ സ്വാധീനത 1560 വരെ നിലനിന്നു. ഇതിനിടയ്ക്കു ഗ്വാളിയർ, അജ്മീർ, ജാൻപൂർ എന്നീ പ്രദേശങ്ങൾ അക്ബർ അധീനമാക്കി. അക്ബറിന്റെ രാഷ്ട്രീയ ജീവിതം കരുപിടിപ്പിക്കുന്നതിൽ ബൈരംഖാൻ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സ്വേച്ഛാധികാരമോഹത്തിൽ അക്ബർ അസന്തുഷ്ടനായിരുന്നു. 1560-ൽ ബൈരംഖാനെ തീർഥാടനത്തിനായി മെക്കയിലേക്കു യാത്രയാക്കി. ബൈരംഖാന്റെ പുത്രനായ അബ്ദുർറഹിമിന് പിതാവിന്റെ ഔദ്യോഗിക പദവി നല്കി അക്ബർ ബഹുമാനിച്ചു.

ബൈറം ഖാനിൽ നിന്നും മറ്റു സ്വന്തക്കാരിൽ നിന്നും ഭരണം സ്വതന്ത്രമായി ഏറ്റെടുത്ത അക്ബർ‍ സൂരികൾക്കും അഫ്ഘാനികൾക്കും അയൽ‌രാജ്യങ്ങളായ മാൾ‌വ ഗോണ്ട്വാന എന്നിവക്കെതിരെ സൈനികാക്രമണങ്ങൾ നടത്തി. അക്ബറിന്റെ ഒരു വലിയ വിജയം 1561-ൽ മാൾവ കീഴടക്കിയതാണ്. യുദ്ധത്തടവുകാരെ അടിമകളാക്കുന്നതിനെ ഇദ്ദേഹം കർശനമായി തടഞ്ഞത് ഈ യുദ്ധത്തോടെയാണ്. മാത്രമല്ല തീർഥാടകരിൽ ചുമത്തിയിരുന്ന നികുതിയും അതേത്തുടർന്ന് 'ജസിയ' എന്ന നികുതിയും അക്ബർ അവസാനിപ്പിച്ചു. അക്കൊല്ലം തന്നെ ജയ്പൂർ രാജാവായ രാജാ ബിഹാരിമല്ലന്റെ പുത്രിയെ അക്ബർ വിവാഹം ചെയ്തു. ജഹാംഗീറിന്റെ മാതാവായ ഈ സ്ത്രീ മറിയം സമാനി എന്ന പേരിൽ ഇസ്ളാംമതം സ്വീകരിച്ചു. ഇതേ കാലഘട്ടത്തിലാണ് പ്രസിദ്ധ ഗായകനായ താൻസനെ ചക്രവർത്തി കണ്ടെത്തിയത്.

ഉസ്ബെകുകളും തന്റെ അർദ്ധസഹോദരനായ മിർസാ ഹകീമും ചേർന്ന് നടത്തിയ അട്ടിമറിശ്രമങ്ങളെ പരാജയപ്പെടുത്തിയ അക്ബർ 1568-ൽ സിസോദിയയുടെ തലസ്ഥാനമായ ചിത്തോഡും, 1569-ൽ രാന്തംദോഡും കീഴടക്കി[4].

 
ആഗ്ര കോട്ട - 1565-ൽ അക്ബർ ആണ് ഈ കോട്ട പണിയിച്ചത്

സാമ്രാജ്യവിപുലീകരണമാണ് രാജധർമമെന്ന വിശ്വാസത്തെ അക്ബർ തികച്ചും മാനിച്ചു. ഭാത്ത് രാജ്യവും തുടർന്ന് ഗോണ്ട്വാനയും (ഇന്നത്തെ മധ്യപ്രദേശിന്റെ വടക്കൻ പ്രദേശങ്ങൾ) ഇദ്ദേഹം കീഴടക്കി. ഒരു വമ്പിച്ച യുദ്ധത്തിൽ രാജവീരനാരായണനും രാജമാതാവായ റാണി ദുർഗാവതിയും കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ ഏകാധിപത്യത്തിൽ പ്രതിഷേധിച്ച് ഉസ്ബെഗ് വംശജർ നടത്തിയ ലഹളയായിരുന്നു[അവലംബം ആവശ്യമാണ്] 1565-ൽ ആഗ്രാകോട്ടയുടെ പണി ആരംഭിക്കുവാൻ പ്രചോദനമായത്. മണിക്പൂർ യുദ്ധത്തിൽ ഈ ലഹളയ്ക്കൊരുങ്ങിയവരെ തീർത്തും നശിപ്പിക്കുവാൻ അക്ബർക്കു കഴിഞ്ഞു.

സുശക്തമായ ഭരണസംവിധാനത്തിന് പ്രബലമായ കോട്ടകൾ നേടിയെടുക്കേണ്ടത് ആവശ്യമാണെന്ന് അക്ബർ ചക്രവർത്തിക്കു ബോധ്യമായി. ആദ്യത്തെ സംരംഭം മേവാറിന്റെ തലസ്ഥാനമായ ചിത്തോർകോട്ട പിടിക്കുകയായിരുന്നു. മേവാർറാണാ ഉദയസിംഹൻ മുഗൾസേനയുടെ ആഗമനത്തോടെ പലായനം ചെയ്തു. എങ്കിലും രാജമല്ലന്റെ നേതൃത്വത്തിൽ മേവാറിനെ രക്ഷിക്കാൻ രജപുത്രർ തയ്യാറായി. ഒരു സമരത്തിനുശേഷം 1568 ഫെ. 2-ന് ചിത്തോർ കീഴടക്കി. അക്ബർ കോട്ടയിൽ പ്രവേശിച്ചപ്പോൾ കണ്ടത് രജപുത്രസ്ത്രീകൾ സതി അനുഷ്ഠിച്ച ചിതയുടെ അവശിഷ്ടങ്ങളാണ്. രജപുത്രരുടെ സ്വരാജ്യസ്നേഹത്തിൽ ആദരവുതോന്നിയ ചക്രവർത്തി, ജയമല്ലന്റെയും പുത്രന്റെയും പ്രതിമകൾ കോട്ടയിൽ സ്ഥാപിച്ചു.

ചിത്തോറിന്റെ പതനത്തിനുശേഷം 1569-ൽ അക്ബർ രൺഥംഭോർ കോട്ടയും കലിഞ്ജാർ കോട്ടയും കീഴടക്കി. ഈ കാലത്ത് അനപത്യതാദുഃഖം അക്ബറെ വ്യാകുലപ്പെടുത്തിയിരുന്നു. സന്താനലാഭത്തിനുവേണ്ടി ഇദ്ദേഹം സിക്രിയിലെ ഷെയ്ക്കു സലിം എന്ന യോഗിവര്യനെ കണ്ടെത്തി. മൂത്ത പുത്രനായ സലിം ജനിച്ചത് (1569) ഷെയ്ക്കിന്റെ അനുഗ്രഹം മൂലമാണെന്ന് അക്ബർ വിശ്വസിച്ചു. അടുത്തകൊല്ലം ബിക്കാനീറിലേയും ജെയ്സാൽമറിലേയും രാജകുമാരിമാരെ അക്ബർ വിവാഹം കഴിച്ചു. ചക്രവർത്തിയുടെ രണ്ടാമത്തെ പുത്രനായ മുറാദ് ജനിച്ചതും ഈ വർഷം തന്നെയാണ്. ഫത്തേപ്പൂർ സിക്രി സ്ഥാപിച്ചത് ചക്രവർത്തിക്കു ഷെയ്ക്കിനോടുള്ള ഭക്തിയുടെ പ്രതീകമായിട്ടായിരുന്നു.

1570-85 കാലഘട്ടത്തിൽ ഗുജറാത്ത്, ബിഹാർ, ബംഗാൾ തുടങ്ങിയ പ്രദേശങ്ങളിലേക്ക് സൈനികനീക്കങ്ങൾ നടത്തിയെങ്കിലും 1579-80 കാലത്ത് മിർസാ ഹക്കീമിന്റെ പിന്തുണയോടെ നടന്ന അട്ടിമറികൾ ഈ നീക്കങ്ങളെ സങ്കീർണമാക്കി. ഗുജറാത്ത് മുഗൾ സാമ്രാജ്യത്തിലുൾപ്പെട്ടതിന്റെ ഫലമായി ചക്രവർത്തിക്കു വിദേശവാണിജ്യം പ്രോത്സാഹിപ്പിക്കുവാനും പോർത്തുഗീസുകാരുടെ സ്വാധീനശക്തി നിയന്ത്രിക്കുവാനും സാധിച്ചു. ഷേർഷായുടെ മരണശേഷം സ്വാതന്ത്യ്രം പ്രഖ്യാപിച്ച ബംഗാൾസുൽത്താൻ ദാവൂദ് ചക്രവർത്തിയെ പ്രകോപിപ്പിച്ചു. രാജ്മഹൽ യുദ്ധത്തിൽ ദാവൂദ് കൊല്ലപ്പെടുകയും 1574-ൽ ബംഗാൾ മുഗൾസാമ്രാജ്യത്തോടു ചേർക്കപ്പെടുകയും ചെയ്തു.

ഉത്തരേന്ത്യ ഏറെക്കുറെ മുഴുവൻ തന്നെ അക്ബർക്ക് അധീനപ്പെട്ടു. മേവാർ റാണാ പ്രതാപസിംഹൻ 1576-ൽ ഹൽദീഘാട്ടു യുദ്ധത്തിൽ പരാജയപ്പെട്ടെങ്കിലും മേവാർ പരിപൂർണമായും കീഴടങ്ങിയിരുന്നില്ല. പ്രതാപസിംഹനു ശേഷം പുത്രനായ അമരസിംഹനും സ്വാതന്ത്ര്യസമരം തുടർന്നു. ഈ കാലഘട്ടത്തിലാണ് ഫെയ്സി-അബുൽ ഫസൽ സഹോദരന്മാരെ സുഹൃത്തുക്കളായി ചക്രവർത്തിയ്ക്ക് ലഭിച്ചത്. ചക്രവർത്തിയിൽ ആത്മീയബോധം ഉണർത്തിവിട്ടത് അബുൽ ഫസലായിരുന്നു. 1583-ൽ അക്ബർ അലഹബാദ് കോട്ട പണിയിച്ചു.

വടക്കുപടിഞ്ഞാറൻ മേഖലയിലെ സൈനികനീക്കങ്ങൾ

തിരുത്തുക

1585-ൽ തന്റെ അർദ്ധസഹോദരൻ ഹക്കീം മിർസയുടെ മരണശേഷം അക്ബറിന് സാമ്രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ സ്വാധീനം ചെലുത്താനായി. ഇതോടെ കാബൂളിന്റെ നിയന്ത്രണം തന്റെ കൈവശമാക്കി. തുടർന്ന് ഉസ്ബെക്കുകളുമായി അദ്ദേഹം ഒരു സന്ധിയിൽ ഏർപ്പെട്ടു. ഇതനുസരിച്ച് ഹിന്ദുകുഷിന് വടക്കുള്ള പ്രദേശങ്ങൾ ഉസ്ബെക്കുകളുടെ നിയന്ത്രണത്തിൽ വിട്ടുകൊടുത്ത് ആ ഭീഷണി ഒഴിവാക്കി. ഇതേ സമയത്തുതന്നെ കാബൂളിനും പെഷവാറിനുമിടയിലുള്ള പഷ്തൂണുകൾ മുഗൾ ഭരണത്തെ വെല്ലുവിളീച്ചു. എന്നാൽ അക്ബർ ഇതിനേയും സമർത്ഥമായി നേരിട്ടു[3].

1586-ൽ കശ്മീർ മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായി. സ്വാത്ത് പ്രദേശം കീഴടക്കുന്നതിനിടയിൽ ചക്രവർത്തിക്കു തന്റെ ഉത്തമസുഹൃത്തായ രാജാ ബീർബലിനെ നഷ്ടപ്പെട്ടു. കാബൂളിലേക്കു ചക്രവർത്തി പുറപ്പെട്ടപ്പോഴാണ്, രാജാ ഭഗവൻദാസിന്റെയും രാജാ ടോഡർമാളിന്റെയും മരണവാർത്ത അക്ബർ ശ്രവിച്ചത്. സിൻഡ് 1591-ലും ബലൂചിസ്താൻ 1592-ലും മക്കറാൻ 1593-ലും അക്ബർ കീഴടക്കി.

അക്ബറുടെ സ്ഥാനാരാഹണസമയത്തെ മുഗൾ സാമ്രാജ്യത്തിന്റെ ശക്തിക്ഷയം മുതലെടുത്ത് സഫവികൾ 1558-ൽ കന്ദഹാർ മുഗളരിൽ നിന്നും പിടിച്ചെടുത്തിരുന്നു. 1595-ൽ അക്ബർ കന്ദഹാറിലേക്ക് പടനയിക്കുകയും[5] 1595-ൽ കന്ദഹാറിലെ സഫവി പ്രതിനിധി, പരാജയം സമ്മതിച്ച് നഗരം മുകളർക്കു മുൻപാകെ അടിയറവെക്കുകയും ചെയ്തു. പിന്നീട് അക്ബറുടെ ജീവിതകാലം മുഴുവൻ കന്ദഹാർ മുഗൾ ആധിപത്യത്തിലായിരുന്നു. 1598-ൽ ഉസ്ബെക്കുകളുടെ നേതാവായിരുന്ന അബ്ദ് അള്ളായുടെ മരണത്തോടെ മുഗളർക്കു മേലുണ്ടായിരുന്ന ഉസ്ബെക്ക് ഭീഷണീയും അവസാനിച്ചു[3]. ഇതിനിടയിൽ അക്ബറുടെ സേനാനായകനായിരുന്ന മാനസിംഹൻ 1590-ൽ ഒറീസയും കീഴടക്കിയിരുന്നു.

പക്ഷേ ഈ വിജയങ്ങൾ കൊണ്ടാടുന്നതിന് അക്ബർക്കു കഴിഞ്ഞില്ല. വടക്കേ ഇന്ത്യയിലാകമാനം 1595-ൽ പടർന്നുപിടിച്ച ക്ഷാമവും പകർച്ചവ്യാധികളും അനേകമാളുകളുടെ മരണത്തിനിടയാക്കി.

ദക്ഷിണേന്ത്യയിലേക്ക്

തിരുത്തുക
 
അക്ബറിന്റെ കീഴിലായിരുന്ന മുഗൾ സാമ്രാജ്യത്തിന്റെ ഭൂപടം

പിന്നീട് ഡെക്കാനിലേക്കുള്ള നീക്കങ്ങൾ ആരംഭിച്ചു. ബെരാർ, ഖന്ദേശ്, അഹ്മദ് നഗറിന്റെ ചില ഭാഗങ്ങൾ എന്നിവയും സാമ്രജ്യത്തോട് ചേർത്തു[4]. ദക്ഷിണേന്ത്യയിൽ സൈനികനടപടിയെക്കാൾ അക്ബർ കൂടുതൽ ഇഷ്ടപ്പെട്ടത് നയതന്ത്രജ്ഞതയാണ്. ഖാൻദേശ് അഹമ്മദ് നഗരം, ഗോൽക്കൊണ്ട, ബിജാപ്പൂർ എന്നീ രാജ്യങ്ങളോടും തന്റെ ആധിപത്യം അംഗീകരിക്കുവാനും മുഗൾ സാമ്രാജ്യാധിപതിക്ക് കപ്പം നല്കുവാനും അക്ബർ ആവശ്യപ്പെട്ടു. ഖാൻദേശ് ഒഴികെ മറ്റുള്ളവർ ഇത് അംഗീകരിച്ചില്ല. ക്ഷുഭിതനായ അക്ബർ അഹമ്മദ് നഗരം ആക്രമിച്ചു. അഹമ്മദ് നഗരത്തിന്റെ പ്രതിരോധത്തിൽ റാണി ചാന്ദ്ബീബി പ്രധാന പങ്കുവഹിച്ചിരുന്നു. സമരനായകത്വം ഏറ്റെടുത്ത് അക്ബർ 1600-ൽ ബുർഹാൻപൂർ കീഴടക്കി. അസീർഗഢ് കോട്ട വളഞ്ഞ് ഇതിനിടയിൽ മറ്റൊരു മുഗൾ സൈന്യം അഹമ്മദ് നഗരവും കീഴടക്കി. അസീർഗഢ് കോട്ട 1601-ൽ അക്ബർക്കധീനമായി. ഈ പ്രദേശങ്ങളെ മൂന്നു സുബകളായി വിഭജിച്ച് ഭരണകാര്യങ്ങൾക്കായി പുത്രനായ ദാനിയാലിനെ നിയോഗിച്ചു.

അക്ബറുടെ മതം

തിരുത്തുക

ബംഗാൾ സ്വാധീനമാക്കി തിരിച്ചുവരുമ്പോഴാണ് മതപരമായ ചർച്ചകൾ നടത്തുന്നതിന് ഒരു മന്ദിരം പണിയുവാൻ അക്ബർ തീർച്ചപ്പെടുത്തിയത്. ഫത്തേപ്പൂർ സിക്രിയിൽ പണി ചെയ്യപ്പെട്ട 'ഇബാദത്ത് ഖാന' എന്നറിയപ്പെടുന്ന ആ സൌധത്തിൽ സർവമത സമ്മേളനങ്ങൾ കൃത്യമായിത്തന്നെ വിളിച്ചുകൂട്ടി. വിവിധ മതങ്ങൾ പരസ്പരം പുലർത്തിപ്പോന്ന അസഹിഷ്ണുത 'മത'ത്തിന്റെ പൊരുളറിയുന്ന ശ്രമത്തിലേക്ക് അക്ബറുടെ ശ്രദ്ധ തിരിച്ചുവിട്ടിരുന്നു. ക്രിസ്തുമതമുൾപ്പെടെ എല്ലാ മതങ്ങളിലെയും വിജ്ഞർ പങ്കെടുത്ത ചർച്ചകൾ ചക്രവർത്തിയെ ഒരു പ്രത്യേക മതത്തിലേക്കും ആകർഷിച്ചില്ല. അതേ സമയം വിവിധ മതസ്ഥരടങ്ങിയ തന്റെ സാമ്രാജ്യത്തിന്റെ ഭദ്രതയ്ക്ക് എല്ലാ വിഭാഗക്കാർക്കും സ്വീകാര്യമായതും സാമാന്യബുദ്ധിക്കു നിരക്കുന്നതുമായ ഒരു പുതിയ മതം കണ്ടെത്തുക ആവശ്യമായി ഇദ്ദേഹത്തിനു തോന്നുകയും ചെയ്തു. ഷെയിക്ക് മുബാറക്കിന്റെ നേതൃത്വത്തിൽ 1579-ൽ ചില മതപുരോഹിതർ മതവിശ്വാസങ്ങളിലുണ്ടാകാവുന്ന തർക്കങ്ങൾക്ക് അന്ത്യമായ തീർപ്പു കല്പിക്കുന്നതിന് ചക്രവർത്തിയെ ചുമതലപ്പെടുത്തി. അതനുസരിച്ച് അക്ബർ പുറപ്പെടുവിച്ച ശാസനം 'അപ്രമാദിത്വശാസനം' എന്ന പേരിൽ അറിയപ്പെടുന്നു. ഈ ശാസനം അക്ബറെ 'മാർപാപ്പ'യും ചക്രവർത്തിയും ആക്കിത്തീർത്തു. അന്നുമുതൽ അക്ബറുടെ നാണയങ്ങളിൽ 'അല്ലാഹു അക്ബർ, ജല്ലജലാല' എന്ന വാക്യം മുദ്രിതമാകാൻ തുടങ്ങി.

വിവിധ വിശ്വാസ സിദ്ധാന്തങ്ങളെപ്പറ്റിയുള്ള ചർച്ച 1582 വരെ നീണ്ടുനിന്നു. എല്ലാ മതസ്ഥരോടും സഹകരണവും സഹിഷ്ണുതയും പുലർത്തുക എന്ന തത്ത്വം (സുൽഹ്-ഇ-കുൽ) ഈ കാലഘട്ടത്തിലാണ് അക്ബർ തന്റെ മതാനുഷ്ഠാനങ്ങളുടെയും രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും ഭാഗമായി അംഗീകരിച്ചത്. ഹിന്ദുക്കളും രജപുത്രരുമായി ഉറ്റ സൗഹൃദം പുലർത്തിപ്പോന്നതും അന്യമതസ്ഥരിൽ അടിച്ചേൽപ്പിച്ചിരുന്ന നിയന്ത്രണങ്ങൾ നീക്കിയതും യുക്തിക്കടിസ്ഥാനമായി മാത്രം ജീവിച്ചതും സർവജനസാഹോദര്യമെന്ന വിശ്വാസത്തിൽ ഊന്നിക്കൊണ്ടു മാത്രമായിരുന്നു. ഇതിലെല്ലാം ഇദ്ദേഹത്തിനു വമ്പിച്ച എതിർപ്പു നേരിടേണ്ടിവന്നു. എങ്കിലും 1582-ൽ ഇദ്ദേഹം ഒരു ചുവടുകൂടി മുന്നോട്ടുവച്ച് ഒരു നവീനമതമായ "ദീൻ ഇലാഹി" സ്ഥാപിച്ചു. എല്ലാ മതങ്ങളുടെയും സാരാംശം അതിൽ അടങ്ങിയിരുന്നു. ഏകദൈവത്തിലും സഹിഷ്ണുതയിലും സർവജനസാഹോദര്യത്തിലും മാത്രം വിശ്വാസമർപ്പിച്ച 'ദീൻ ഇലാഹി' അർത്ഥശൂന്യമായ മതാചാരങ്ങൾക്കതീതമായിരുന്നു. ദേശീയവും സംസ്കാര പ്രബുദ്ധവുമായ ജീവിതദർശനം കൈവരുത്തുകയായിരുന്നു ചക്രവർത്തിയുടെ പരമമായ ലക്ഷ്യം.

 
അക്‌ബറിന്റെ ഭരണകാലത്തെ ഒരു വെള്ളി നാണയം

ഷേർഷായുടെ ഭരണസംവിധാനം അക്ബർ വികസിപ്പിച്ചെടുത്തു. കേന്ദ്രീകൃത ഭരണമാണു ഇദ്ദേഹത്തിന്റെ കാലത്തു നിലവിലിരുന്നത്. ഏകാധിപത്യത്തിലും രാജവാഴ്ചയിലുമാണ് അക്ബർ വിശ്വസിച്ചിരുന്നത്. ചക്രവർത്തിയുടെ ആജ്ഞാനുവർത്തികളായി മന്ത്രിമാരും വകുപ്പധ്യക്ഷന്മാരും നിയമിതരായി. 'വക്കീൽ' (പ്രധാന മന്ത്രി: മേലന്വേഷണം), 'ദിവാൻ' (ധനകാര്യം), 'ബക്ഷി' (സൈനികകാര്യങ്ങൾ), 'സദർ' (മതകാര്യം) എന്നിവയ്ക്കു മന്ത്രിപ്രമുഖന്മാരും അവർക്കു പുറമേ വകുപ്പധ്യക്ഷന്മാരും അസംഖ്യം മറ്റുദ്യോഗസ്ഥന്മാരും ഭരണകാര്യങ്ങൾ നിർവഹിച്ചുവന്നു.

വിശാലമായ മതനിരപേക്ഷത അദ്ദേഹത്തെ പ്രശസ്തനാക്കി. അമുസ്ലിംകൾക്ക് ഏർപ്പെടുത്തിയിരുന്നു ജിസിയ എന്ന നികുതി അദ്ദേഹം എടുത്തുകളഞ്ഞു. നിരക്ഷരനായ മുഗൾ ചക്രവർത്തിയായി അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹം ദീൻ ഇലാഹി എന്ന മതം രൂപവത്കരിച്ചു. എല്ലാ മതവിഭാഗക്കാരെയും ഭരണകാര്യത്തിൽ പങ്കെടുപ്പിക്കുകയെന്ന നയം അക്ബർ ആവിഷ്കരിച്ചു. 'മൻസബ്ദാരി' സമ്പ്രദായത്തിലാണ് ഉദ്യോഗസ്ഥന്മാരുടെ പദവി നിശ്ചയിക്കപ്പെട്ടിരുന്നത്. കാര്യശേഷിക്കനുസരിച്ച് പദവി ഉയർത്തുകയെന്ന ചക്രവർത്തിയുടെ നയം ഭരണകൂടത്തിന്റെ കഴിവ് വർദ്ധിപ്പിച്ചു.

രാഷ്ട്രീയവും സൈനികവുമായ കാര്യങ്ങൾ വഹിക്കുന്ന ഒരു സുബേദാറുടെ മേൽനോട്ടത്തിലുള്ള സുബാ എന്നു വിളിച്ചിരുന്ന പ്രവിശ്യകളായി സാമ്രാജ്യം വിഭജിച്ചിരുന്നു. ഓരോ സുബാകൾക്കും സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്‌ ദിവാൻ എന്ന ഒരു ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. സുബാകളിലെ ക്രമസമാധാന നില കാത്തു സൂക്ഷിക്കുന്നതിന്‌ സുബേദാർമാരെ സഹായിക്കുന്നതിന്‌ മറ്റു ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ബക്ഷി എന്നു വിളിക്കുന്ന സൈനിക ധനകാര്യസ്ഥന് മതപരവും സാമൂഹികവുമായ കാര്യങ്ങൾക്കുള്ള സദ്‌ർ എന്നു വിളിക്കുന്ന മന്ത്രിയും ഫൗജ്ദാർ എന്ന സൈന്യാധിപരും കോത്വാൽ എന്ന നഗര കാവൽസേനാനായകരും ഈ ഉദ്യോഗസ്ഥരിൽ പെടുന്നു.

1570-ൽ ഫത്തേപ്പൂർ സിക്രിയിലായിരുന്നപ്പോൾ അക്ബർ വിവിധ മതസ്ഥരുമായി ചർച്ചകൾ നടത്തിയിരുന്നു. ഇബാദത് ഖാനയിൽ വച്ചാണ്‌ ഈ ചർച്ചകൾ നടന്നിരുന്നത്. 'സുൾഫ് ഇ കുൽ' എന്ന വിശ്വശാന്തി ആശയം അദ്ദേഹത്തിൽ ഉടലെടുക്കുന്നതിന്‌ സഹായകമായി. തന്റെ സാമ്രാജ്യത്തിലെ വിവിധ മതങ്ങളിൽ വിശ്വസിക്കുന്ന ജനങ്ങളെ വേർതിരിച്ചു കാണാതിരിക്കുന്നതിനും, പകരം നീതി, സമാധാനം എന്നിവയിലധിഷ്ഠിതമായ ഭരണം കെട്ടിപ്പടുക്കുന്നതിനും ഇത് അദ്ദേഹത്തെ സഹായിച്ചു. 'സുൾഫ് ഇ കുൽ' അടിസ്ഥാനമാക്കിയ ഭരണവീക്ഷണം രൂപപ്പെടുത്തുന്നതിന്‌ അബുൾ ഫസലും അക്ബറിന്റെ കാര്യമായി സഹായിച്ചു. തുടർന്നു വന്ന ജഹാംഗീറും ഷാ ജഹാനും അക്ബറുടെ ഇതേ ഭരണരീതികൾ തന്നെയാണ്‌ പിന്തുടർന്നിരുന്നത്.

അക്ബർ നടപ്പാക്കി ഭരണനടപടികൾ അബുൾ ഫസൽ എഴുതിയ അക്ബർനാമയിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രത്യേകിച്ചും അതിന്റെ അവസാന വാല്യമായ 'ഐൻ ഇ അക്ബരി'യിൽ.

സൈനിക സമ്പ്രദായം

തിരുത്തുക

ചെലവു നിയന്ത്രിച്ചുകൊണ്ടുതന്നെ ഒരു വമ്പിച്ച സൈന്യത്തെ അക്ബർ നിലനിർത്തി. സൈനികഘടന സംവിധാനം ചെയ്തത് നാലു അടിസ്ഥാനങ്ങളിലാണ്:

  • പ്രഭുക്കന്മാരും സാമന്തന്മാരും സംരക്ഷിക്കേണ്ട സൈനികർ.
  • മൻസബ്ദാരൻമാർ പരിരക്ഷിക്കേണ്ടവർ.
  • ഭരണകൂടം നേരിട്ടു നിയന്ത്രിച്ചിരുന്നവർ.
  • സ്വമേധയാ സൈനികവൃത്തി സ്വീകരിച്ചിരുന്നവർ.

ആയുധ നിർമ്മാണശാലകളും ആയുധപ്പുരകളും ചക്രവർത്തിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കൊണ്ടുവരികയും അശ്വസൈന്യത്തിനു മേന്മ കല്പിക്കുകയും ചെയ്തു. ഒരു നാവികപ്പട സംഘടിപ്പിക്കുന്നതിൽ അക്ബർ വളരെയേറെ ശ്രദ്ധിച്ചിരുന്നു.

നീതിന്യായഭരണം.

തിരുത്തുക

ഇന്ത്യയിൽ ആധുനിക രീതിയിലുള്ള നീതിന്യായ നിർവഹണത്തിന് അക്ബർ അടിസ്ഥാനമിട്ടു. ഗ്രാമത്തലവൻ ഗ്രാമത്തിലും റവന്യൂ ഉദ്യോഗസ്ഥൻമാർ, ഫൗജ്ദാർ എന്നിവർ 'സർക്കാരി'ലും (ഉപപ്രവിശ്യ) കൊത്ത്വാൾ നഗരങ്ങളിലും നീതിനിർവഹണത്തിനും ക്രമസമാധാനത്തിനുമായി നിയമിതരായി. രാജ്യത്തുടനീളം സിവിൽ കോടതികൾ സ്ഥാപിക്കപ്പെട്ടു. ഇസ്ളാം മതതത്ത്വങ്ങൾ ആയിരുന്നു സിവിൽ നിയമങ്ങൾക്കടിസ്ഥാനം. ഓരോ ഭരണഘടകത്തിലും ഓരോ ഖാസിയും അവർക്ക് ഉപരി സദർ പ്രമുഖനും നിയമിക്കപ്പെട്ടു. ഏറ്റവും വലിയ അപ്പീൽ കോടതി ചക്രവർത്തി തന്നെയായിരുന്നു.

ഷേർഷാ തുടങ്ങിവച്ച നാണയസമ്പ്രദായം അക്ബർ പുതുക്കി. ബംഗാൾ, ജാൻപൂർ, ലാഹോർ, അഹമ്മദാബാദ്, പാറ്റ്ന എന്നിവിടങ്ങളിൽ കമ്മട്ടങ്ങൾ സ്ഥാപിച്ചു. സ്വർണം-വെള്ളി-ചെമ്പ് നാണയങ്ങൾ വൃത്താകൃതിയിലും ചതുരാകൃതിയിലും പ്രചരിപ്പിച്ചു. 'ഡറോഗ' എന്ന ഉദ്യോഗസ്ഥൻ ഇവയുടെ മേൽനോട്ടം വഹിച്ചു. കണക്കുകൾ സൂക്ഷിക്കുന്നതിൽ പ്രത്യേക ജാഗ്രത പാലിക്കാൻ അക്ബർ വ്യവസ്ഥ ചെയ്തിരുന്നു.

സാമ്രാജ്യം ഭരണപരമായ സൗകര്യങ്ങൾക്കായി 12 'സുബ'കളായി തിരിക്കപ്പെട്ടു. ഓരോ സുബയും സർക്കാരുകളായും ഫർഗാനകളായും പുനർവിഭജിക്കപ്പെട്ടിരുന്നു. സുബയിലെ പരമാധികാരിയായ സുബേദാർ ഉയർന്ന സൈനികരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ദിവാൻ, അമീർ, ഗുമസ്തൻ, ഖജാൻജി എന്നിവരായിരുന്നു സുബയിലെ പ്രധാന ഉദ്യോഗസ്ഥന്മാർ. സർക്കാർ ഭരിച്ചിരുന്നത് ഫൌജ്ദാരും അമാൽ ഗുസരും കൂടിയായിരുന്നു. നഗരഭരണം കൊത്ത്വാളിലാണ് നിക്ഷിപ്തമായിരുന്നത്.

വാണിജ്യം

തിരുത്തുക

ഖനി, കമ്മട്ടങ്ങൾ, ഉപ്പ്, ജസിയ എന്നിവയായിരുന്നു രാജ്യത്തിലെ പ്രധാന ധനാഗമന മാർഗങ്ങൾ. ചില ഉത്പാദനമേഖലകൾ രാഷ്ട്രത്തിന്റെ കുത്തകയായി. റവന്യൂ ഇനത്തിൽ അക്ബർക്കു 220 ലക്ഷം മോഹർ വരവുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഭൂനികുതിയിന്മേൽ 'സെസ്സ്' ചുമത്തുക പതിവായിരുന്നു. മധ്യവർത്തിയെ ഒഴിവാക്കി ഭൂനികുതി നേരിട്ടു പിരിക്കുകയെന്ന സമ്പ്രദായം നടപ്പിലാക്കാൻ അക്ബർ ചക്രവർത്തിയെ സഹായിച്ചത് ടോഡർമാളും മുസഫർഖാനുമായിരുന്നു. കൃഷിഭൂമി തിട്ടപ്പെടുത്തൽ, തരംതിരിക്കൽ, നികുതി വ്യവസ്ഥ ചെയ്യൽ എന്നിവയാണ് ടോഡർമാൾ നിർബന്ധിതമാക്കിയത്. ഈ സമ്പ്രദായം 'റയത്ത്വാരി' സമ്പ്രദായത്തിന്റെ ആരംഭം കുറിച്ചു. കൃഷിഭൂമി 'പോലാജ്' (വർഷംതോറും കൃഷിചെയ്യുന്നവ); 'പരൌട്ടി' (ഇടയ്ക്കിടെ തരിശായിട്ടിടുന്നവ); 'ചച്ചാർ' (മൂന്നുവർഷം തുടർച്ചയായി തരിശിടുന്നവ) ബൻജാർ (അഞ്ചുകൊല്ലം തരിശിടുന്നവ) എന്നിങ്ങനെ നാലിനങ്ങളായി തരംതിരിച്ചു. ഭൂനികുതി ഉത്പാദനത്തിന്റെ അടിസ്ഥാനത്തിലാക്കി. മൊത്തം ഉത്പാദനത്തിന്റെ മൂന്നിലൊന്ന് സർക്കാർ നികുതിയായി പിരിച്ചുവന്നു. ഭൂമിയളവിനുള്ള 'ഇലാഹിഗാസ' എന്ന അടിസ്ഥാനമാനം അക്ബർ നടപ്പാക്കി. റവന്യൂ നിയമങ്ങൾ നടപ്പിൽ വരുത്തിയിരുന്നത് 'കനുംഗോ' എന്ന ഉദ്യോഗസ്ഥനായിരുന്നു. രാജപാതകൾ എല്ലാം ഗതാഗതയോഗ്യമായിരുന്നില്ല. എങ്കിലും ഇടയ്ക്കിടെ വിശ്രമസങ്കേതങ്ങൾ ഉണ്ടാക്കപ്പെട്ടിരുന്നു. സാമ്രാജ്യത്തിലെ പ്രധാന രാജപാത ലാഹോർ മുതൽ ആഗ്രവരെ നീണ്ടുകിടന്നു. രാജപാതകളും പാലങ്ങളും പണി ചെയ്യുന്നതിന് ഒരു സംഘം ഉദ്യോഗസ്ഥന്മാർ നിയുക്തരായി.

കല- സാഹിത്യം

തിരുത്തുക

മതപരമായ സഹിഷ്ണുത പുലർത്തിയിരുന്നതുകൊണ്ട് അക്ബറുടെ ഭരണകാലം സാഹിത്യത്തിനും സാഹിത്യകാരന്മാർക്കും വളരെയേറെ പ്രോത്സാഹജനകമായിരുന്നു. ഇദ്ദേഹത്തിന്റെ വാസ്തുശില്പങ്ങളാകട്ടെ ഹിന്ദു-പേർഷ്യൻ രീതികളുടെ സമ്മേളനരംഗങ്ങളുമായിരുന്നു. 1569-ൽ നിർമിതമായ ഹുമയൂണിന്റെ ശവകുടീരം, ആഗ്ര, ലാഹോർ, അലഹബാദ് എന്നിവിടങ്ങളിലെ കോട്ടകൾ, ഫത്തേപൂർ സിക്രിയിലെ ഹർമ്മ്യങ്ങൾ എന്നിവ ചക്രവർത്തിയുടെ കലാഭിരുചിയുടെ പ്രതീകങ്ങളാണ്. അക്ബർ പ്രോത്സാഹിപ്പിച്ച പതിനേഴു ചിത്രകാരന്മാരിൽ അബ്ദുസ്സമദ്, ദസ്വനാഥ്, ബസവൻ എന്നിവർ ഉൾപ്പെടുന്നു. സംഗീതതത്പരനായിരുന്ന ഇദ്ദേഹം ബസ്ബഹദൂർ, താൻസൻ എന്നിവരുൾപ്പെടെ 36 സംഗീതജ്ഞരെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ നവരത്നങ്ങൾ ഏറെ പ്രസിദ്ധിയാർജിച്ചു:

അക്ബർ നാമ

തിരുത്തുക

അക്ബറിന്റെ ഭരണകാലത്തെക്കുറിച്ച് മൂന്നു വാല്യങ്ങളിലായി അബുൾ ഫസൽ, എഴുതിയ ചരിത്രമാണ്‌ അക്ബർ നാമ. ഇതിലെ ആദ്യവാല്യം അക്ബറിന്റെ മുൻ‌ഗാമികളെക്കുറിച്ചും രണ്ടാമത്തെ വാല്യം ഭരണകാലത്തെ പ്രധാന സംഭവങ്ങളെക്കുറിച്ചും, മൂന്നാമത്തെ വാല്യമായ ഐൻ ഇ അക്ബറിയിൽ അക്ബറിന്റെ ഭരണരീതിയെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിരിക്കുന്നു[4]

പുത്രന്മാരുടെ ധിക്കാരവും ആപ്തമിത്രങ്ങളുടെ വേർപാടും വൃദ്ധനായ ചക്രവർത്തിയെ വ്യാകുലനാക്കി. പിതാവിന്റെ അധികാരങ്ങളെ വെല്ലുവിളിച്ച് സലിം പലവട്ടം പരസ്യമായി ലഹളയ്ക്കൊരുങ്ങി. 1603-ൽ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെടുന്നതുവരെ സലിം ആഭ്യന്തരകലഹങ്ങളിൽ നിന്ന് പിന്തിരിഞ്ഞില്ല. കൊട്ടാരത്തിലെ അന്തശ്ചിദ്രം ചക്രവർത്തിയെ ഒരു രോഗിയാക്കിമാറ്റി. വയറുകടി ബാധിച്ച് അവശനായ അക്ബർ ചക്രവർത്തി 63-ാമത്തെ വയസ്സിൽ, 1605 ഒ. 17-ന് രാത്രി അന്തരിച്ചു. സിക്കന്തരയിൽ താൻ തന്നെ തുടങ്ങിവച്ച ശവകുടീരത്തിൽ മതാനുഷ്ഠാനങ്ങളോടെ ചക്രവർത്തിയുടെ ഭൌതികാവശിഷ്ടം അടക്കം ചെയ്യപ്പെട്ടു. ഔറംഗസീബിനോടുള്ള പ്രതികാരത്തിന്റെ ഭാഗമായി 1661-ൽ ജാട്ടുവംശജർ ഈ ശവകുടീരം കൊള്ളയടിക്കുകയും ഭൌതികാവശിഷ്ടം നശിപ്പിക്കുകയും ചെയ്തു.

അക്ബറുടെ മരണശേഷം സലിം, ജഹാംഗീർ എന്ന പേര് സ്വീകരിച്ച് ചക്രവർത്തിയായി അധികാരമേറ്റു.

  1. Black, Antony (2011). The History of Islamic Political Thought: From the Prophet to the Present (in ഇംഗ്ലീഷ്). Edinburgh University Press. p. 245. ISBN 978-0748688784.
  2. Eraly, Abraham (2000). Emperors of the Peacock Throne : The Saga of the Great Mughals. Penguin books. p. 189. ISBN 978-0-14-100143-2.
  3. 3.0 3.1 3.2 Vogelsang, Willem (2002). The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 218–219. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help); Text "14-Towards the Kingdom of Afghanistan" ignored (help)
  4. 4.0 4.1 4.2 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 45-59, ISBN 817450724
  5. William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 39. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=അക്‌ബർ&oldid=4090097" എന്ന താളിൽനിന്ന് ശേഖരിച്ചത്