അക്ബർനാമ
മൂന്നാമത്തെ മുഗൾ ചക്രവർത്തിയായിരുന്ന അക്ബറിന്റെ ഭരണകാലത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സഭാംഗവും, മിത്രവുമായിരുന്ന അബുൾ ഫസൽ പേർഷ്യൻ ഭാഷയിൽ എഴുതിയ ചരിത്രമാണ് അക്ബർനാമ (Persian: اکبر نامہ). അക്ബറിന്റെ കല്പ്പനപ്രകാരമാണ് മൂന്നു വാല്യങ്ങളിലുള്ള ഈ ചരിത്രരേഖ ഫസൽ എഴുതിയത്.[1] ഇതിലെ ആദ്യവാല്യം അക്ബറിന്റെ മുൻഗാമികൾ, അവരുടെ ഭരണം, അക്ബറിന്റെ ജനനം എന്നിവ വിശദമാക്കുമ്പോൾ രണ്ടാമത്തെ വാല്യം ഭരണകാലത്തെ പ്രധാന സംഭവങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. അക്ബറുടെ 46-ആമത്തെ ഭരണവർഷം (1602) വരെയുള്ള ചരിത്രസംഭവങ്ങളുടെ സവിസ്തരപ്രതിപാദനമാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മൂന്നാമത്തെ വാല്യമായ ഐൻ ഇ അക്ബരി മറ്റുള്ളവയിൽ നിന്ന് വേറിട്ടു നിൽക്കുന്നു. ഇതിൽ പതിനാറാം ശതകത്തിലെ മുഗൾസാമ്രാജ്യത്തെ സംബന്ധിക്കുന്ന വിശദമായ സ്ഥിതിവിവരക്കണക്കുകൾ, സേനാസംവിധാനം, ഭരണക്രമം, സാമൂഹിക സ്ഥിതിഗതികൾ എന്നിവ പ്രതിപാദിച്ചിട്ടുണ്ട്.[2]
അക്ബറിന്റെ പുസ്തകം എന്നാണ് അക്ബർനാമ എന്ന പേരിനർത്ഥം. ഗ്രന്ഥകർത്താവ് അബുൾ ഫസൽ അക്ബറിന്റെ സഭയിലെ നവരത്നങ്ങളിൽ ഒരാളാണ്. ഏഴു വർഷത്തോളമെടുത്താണ് ഈ പുസ്തകം പൂർത്തീകരിച്ചത്. യഥാർത്ഥ കൈയ്യെഴുത്തു പ്രതിയിൽ ലേഖനങ്ങളെ സാധൂകരിക്കുന്ന അനവധി ചിത്രങ്ങളുമുണ്ടായിരുന്നു. മുഗൾ ചിത്രകലയെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളാണ് ഇവ.
രചന
തിരുത്തുകഈ പ്രാമാണികഗ്രന്ഥം (ആദ്യത്തെ രണ്ടു വാല്യങ്ങൾ) അബുൽ ഫസൽ അഞ്ചു പ്രാവശ്യം പരിഷ്കരിച്ചെഴുതിയതിനുശേഷമാണ്, അക്ബർക്ക് 1598-ൽ സമർപ്പിച്ചത്. എന്നാൽ മൂന്നാം ഭാഗമായ ആയ്നെ അക്ബരി 1593-ൽതന്നെ ചക്രവർത്തിക്കു സമർപ്പിച്ചിരുന്നു.[3]
മുഗൾ ചിത്രകലയുടെ ഒരു ഭണ്ഡാഗാരം കൂടിയാണ് അക്ബർനാമാ. പേർഷ്യയിലെയും ഇന്ത്യയിലെയും അനേകം വിദഗ്ദ്ധചിത്രകാരന്മാർ -- ഹിന്ദുക്കളും മുസ്ളീങ്ങളും -- ഇതിന്റെ രചനയിൽ പങ്കെടുത്തിട്ടുണ്ട്. ഉസ്താദ് മിസ്കീൻ, ഫറൂഖ്, മിർ സയ്യദ് അലി, ഖ്വാജാ അബ്ദുസ്സമദ്, ദശ്വന്ത്, ബസവാൻ, കേശു, ലാൽ, മുകുന്ദ്, മാധോ, സർവൻ തുടങ്ങിയ പല പ്രശസ്ത ചിത്രകാരന്മാരുടെയും പേരുകൾ ചിത്രങ്ങളിൽത്തന്നെ കാണുന്നുണ്ട്. ചില ചിത്രങ്ങളുടെ രചനയിൽ ഒന്നിലധികം കലാകാരന്മാർ പങ്കെടുത്തിരുന്നു. ബാഹ്യരേഖകൾ വരയ്ക്കുന്നത് ഒരാളും അതിനുള്ളിൽ നിറം ചേർക്കുന്നത് മറ്റൊരാളും പശ്ചാത്തലസംവിധാനം മൂന്നാമതൊരാളും -- എന്നിങ്ങനെയാണ് പലർ ഇതിൽ ഭാഗഭാക്കുകളായിട്ടുള്ളത്. ദീപ്തവർണങ്ങൾ -- പ്രധാനമായി ചുവപ്പ്, മഞ്ഞ, നീലം എന്നിവ -- ഉപയോഗിച്ചുള്ള രചനാസമ്പ്രദായമാണ് സ്വീകരിച്ചിട്ടുള്ളത്.[4]
അക്ബർനാമയിലെ 117 ചിത്രങ്ങൾ ഇപ്പോൾ തെക്കേ കെൻസിങ്ടണിലുള്ള വിക്റ്റോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിലും (Victoria and Museum) വേറെ ഏതാനും ചിത്രങ്ങൾ ബ്രിട്ടിഷ് മ്യൂസിയത്തിലും സൂക്ഷിച്ചു പോരുന്നുണ്ട്.
അയിൻ ഇ അക്ബരി
തിരുത്തുകമൂന്നാം വാല്യമായ ഐൻ ഇ അക്ബരിയിൽ അക്ബറിന്റെ ഭരണം, കുടുംബജീവിതം, സൈന്യം, നികുതിപിരിവ്, സാമ്രാജ്യത്തിന്റെ ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നു.
അക്കാലത്തെ ഇന്ത്യയിലെ ജനജീവിതത്തെക്കുറിച്ചും, ജനങ്ങളുടെ സംസ്കാരം, ആചാരാനുഷ്ടാനങ്ങൾ എന്നിവയെക്കുറിച്ചും ഭക്ഷ്യവിളകൾ, കാർഷികോല്പ്പാദനം, വിലനിലവാരം, കൂലി, നികുതി എന്നിങ്ങനെ വിവിധ മേഖലകളിലുള്ള സ്ഥിതിവിവരക്കണകുകൾ ഈ വാല്യത്തിന്റെ ശ്രദ്ധേയമായ പ്രത്യേകതയാണ്[1].
കൂടുതൽ അറിവിന്
തിരുത്തുകബാഹ്യകണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 45-59, ISBN 81 7450 724
- ↑ Akbarnama: Mughal Minitature Painting [1] Archived 2011-06-03 at the Wayback Machine.
- ↑ Akbar Nama (2 Vols) (Hardcover) [2] Archived 2013-03-25 at the Wayback Machine.
- ↑ A Wisdom Archive on Akbarnama [3]