അബുൽ ഫസ്‌ൽ

(അബുൾ ഫസൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചരിത്രപ്രധാനമായ അക്ബർ നാമയുടെ രചയിതാവായ ഷൈഖ് അബുൾ ഫസൽ ഇബ്നു മുബാരക് (പേർഷ്യൻ ابو الفضل) അക്ബറുടെ പ്രധാനമന്ത്രിയും ജീവചരിത്രകാരനും ആത്മമിത്രവുമായിരുന്നു. കവിയായിരുന്ന മുത്ത സഹോദരൻ അബുൾ ഫൈസിയും അക്ബറുടെ ദർബാറിലെ അംഗമായിരുന്നു.

അക്ബറിന്റെ സദസ്സ്.അക്ബർനാമയിലെ ചിത്രീകരണം.

ആദ്യകാല ജീവിതം

തിരുത്തുക

ഷൈഖ് മുബാരക് എന്ന മതപണ്ഡിതൻറെ രണ്ടാമത്തെ പുത്രനായി 1551, ജനുവരി 14ന് അബുൾ ഫസൽ ആഗ്രയിൽ ജനിച്ചു. ഷൈഖ് എന്നത് പരമ്പരാഗതമായ കുടുംബപ്പേരായിരുന്നു. ഫൈസിയുടേയും ഫസലിൻറേയും അധ്യാപകൻ മതസഹിഷ്ണുവായ പിതാവു തന്നേയായിരുന്നു. പിതാവിൻറെ വിശാലവീക്ഷണം പുത്രന്മാരിലേക്കും പകർന്നു.[1]. ഈ ചിന്താഗതി പിന്നീട് പിതാവിനും പുത്രന്മാർക്കും ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കി. 15-ആമത്തെ വയസ്സിൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും 20-ആമത്തെ വയസ്സിൽ അധ്യാപകവൃത്തിയിലേർപ്പെടുകയും ചെയ്തു.

ഫൈസിയുടെ കവിതകൾ അക്ബറുടെ ദർബാറിൽ ചർച്ചാവിഷയമായപ്പോൾ, 1567, സപ്റ്റംബർ 24ന് ഫൈസി നിർബന്ധപൂർവ്വം ദർബാറിലേക്ക് ആനയിക്കപ്പെട്ടു. ആശങ്കാകുലനായിരുന്ന ഫൈസിയുടെ ദുശ്ചിന്തകൾ അസ്ഥാനത്തായിരുന്നു. സഹൃദയനായിരുന്ന അക്ബർ ഫൈസിക്ക് സഭയിൽ അംഗത്വം നൽകി. താമസിയാതെ ഫൈസിയുടെ ശുപാർശയിലൂടെ ഫസലും ദർബാറിലെത്തി. ആദ്യത്തെ കൂടിക്കാഴ്ച്ചയിൽ, ഫസൽ താൻ സ്വയം തയ്യാറാക്കിയ ഒരു പ്രബന്ധമാണ് അക്ബർക്കു കാഴ്ച്ച വച്ചത്. ഖുറാനിലെ രണ്ടാം അധ്യായത്തിലെ ശ്ലോകം 256-ൻറെ വ്യാഖ്യാനം.

ഫൈസി, പിൽക്കാലത്ത് പ്രസിദ്ധനായ ഒരു കവിയായിത്തീർന്നു. അസാമാന്യമായ അറിവും ബുദ്ധിശക്തിയുംകൊണ്ട് ഫസ്ൽ ക്രമേണ ഉയർന്ന് പ്രധാനമന്ത്രിപദത്തിൽ എത്തിച്ചേർന്നു. എഴുത്തുകാരൻ, ഭരണകർത്താവ്, നയതന്ത്രപ്രതിനിധി, സേനാനായകൻ എന്നിങ്ങനെ വിവിധ നിലകളിൽ അബുൽഫസ്ൽ ശോഭിച്ചിരുന്നു.

ദർബാറിൽ

തിരുത്തുക
Abu'l-Fazl presenting Akbarnama to Akbar, Mughal miniature

സാഹിത്യരചനയോടൊപ്പം സൈനികസേവനത്തിലും മികച്ച കഴിവു പ്രകടിപ്പിച്ച ഫസൽ അക്ബറുടെ വിശ്വസ്തമിത്രവും ഉപദേഷ്ടാവുമായി. ഫസലിൻറെ മൻസാബ് ആയിരത്തിൽ നിന്ന് നാലായിരമായി ഉയർന്നു. എന്നാൽ അക്ബറുടെ പ്രീതിക്കൊപ്പം സലീം രാജകുമാരന്റെ കടുത്ത വിദ്വേഷത്തിനും ഫസൽ പാത്രമായി.

അക്ബറുടെ ദീൻ ഇലാഹി എന്ന സാർവലൌകികമതത്തിന്റെ സൃഷ്ടിക്ക് പ്രേരണ നൽകിയത് ഇദ്ദേഹം ആണെന്നു പറയപ്പെടുന്നു. സാർവത്രിക മതസഹിഷ്ണുത, ചക്രവർത്തിയുടെ ആത്മീയനേതൃത്വം എന്നീ ആശയങ്ങൾ വികസിപ്പിക്കുന്നതിൽ അബുൽഫസ്ൽ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്.

മുഖ്യ രചനകൾ

തിരുത്തുക

ആയ്നെ അക്ബരി (അക്ബറുടെ ഭരണസമ്പ്രദായം), അക്ബർനാമാ (അക്ബറുടെ ജീവചരിത്രം) എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് എന്ന നിലയിലാണ് അബുൽഫസ്ലിന്റെ യശസ്സ് നിലനിൽക്കുന്നത്. അക്ബറുടെ സാമ്രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും ചരിത്രപരവുമായ സവിശേഷതകൾ വിവരിക്കുന്ന ആയ്നെ അക്ബരിയും അക്ബറുടെ സംഭവബഹുലമായ ജീവചരിത്രം പ്രതിപാദിപ്പിക്കുന്ന അക്ബർ നാമായും മുഗൾഭരണകാലത്തെക്കുറിച്ചു ലഭിക്കുന്ന വിലപ്പെട്ട ചരിത്രരേഖകളാണ്.

അക്ബർ നാമ

തിരുത്തുക

മൂന്നു ഖണ്ഡങ്ങളായുളള ഈ ബൃഹ്ത്തായ ചരിത്രഗ്രന്ഥം പൂർത്തിയാക്കാൻ ഫസൽ ഏഴു കൊല്ലമെടുത്തു. ഒന്നാം ഖണ്ഡം അക്ബർ വരെയുളള മുഗളരുടെ വംശാവലിയും ഭരണരീതികളുമാണ്. അക്ബറിന്റെ ജനനത്തോടെ ഈ ഖണ്ഡം അവസാനിക്കുന്നു. രണ്ടാം ഖണ്ഡം മുഴുവനായും അക്ബറെപ്പറ്റിയുളളതാണ്. 1556 മുതൽ 1602 വരെയുളള 46 വർഷങ്ങളിൽ നടന്ന എല്ലാ ചരിത്രസംഭവങ്ങളും ഇവിടെ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു. മൂന്നാമത്തെ ഖണ്ഡമായ ഐനി അക്ബരിക്ക് 5 ഉപവിഭാഗങ്ങളുണ്ട്. മുഗൾസാമ്രാജ്യത്തിൻറെ ഭരണവ്യവസ്ഥ, സ്ഥിതിവിവരക്കണക്കുകൾ, മൻസാബ് വ്യവസഥയിലധിഷ്ഠിതമാസ സൈന്യ ഘടന, സ്ഥാനമാനങ്ങൾ, വിപണിയിലെ വിലനിലവാരങ്ങൾ, ഭക്ഷണരീതികൾ അങ്ങനെ പലതും.

റുഖായത്

തിരുത്തുക

ബന്ധുമിത്രാദികൾക്കെഴുതിയ കത്തുകളുടെ സംഗ്രഹം

ഇൻ ഷാ ഇ അബുൾ ഫസൽ

തിരുത്തുക

ഔദ്യോഗിക ലേഖനങ്ങളുടേയും കത്തുകളുടേയും സംഗ്രഹം

അവസാനത്തെ രണ്ടും ഫസലിൻറെ മരണശേഷം പിന്ഗാമികൾ തയ്യാറാക്കിയതാണ്,

അന്ത്യം

തിരുത്തുക

തനിക്കെതിരായി ചക്രവർത്തിയെ ഉപദേശിച്ചു എന്ന കാരണത്താൽ സലിം രാജകുമാരന്റെ (പിന്നീട് ജഹാംഗീർ ചക്രവർത്തി) നീരസത്തിനു പാത്രമായ അബുൽഫസ്ൽ 1602 ആഗസ്റ്റ് 12-ന് വധിക്കപ്പെട്ടു. ഫസലിനെ വധിക്കാനായി സലീം രാജകുമാരൻ, വീർ സിംഗ് ബുന്ദേലയുടെ സഹായം തേടി. സലീമിന്റെ ആദേശപ്രകാരം ഡക്കാനിൽ നിന്ന് ആഗ്രയിലേക്ക് പോകുന്ന വഴിക്ക് വച്ച് ബുന്ദേല, ഫസലിനെ കൊലപ്പടുത്തി. .[2][3]

  1. http://persian.packhum.org/persian/main?url=pf%3Ffile%3D00702051%26ct%3D0[പ്രവർത്തിക്കാത്ത കണ്ണി]
  2. Majumdar, R.C. (2007). The Mughul Empire, Mumbai: Bharatiya Vidya Bhavan, p.167
  3. Blochmann, H. (tr.) (1927, reprint 1993) The Ain-I Akbari by Abu'l-Fazl Allami, Vol.I, The Asiatic Society, Calcutta, pp.lxviii-lxix

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബുൽ ഫസ്‌ൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബുൽ_ഫസ്‌ൽ&oldid=3623287" എന്ന താളിൽനിന്ന് ശേഖരിച്ചത്