അഭിധർമകോശം

(Abhidharma-kosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബൌദ്ധദർശനങ്ങളുടെ സമാഹാരമായ ഒരു പ്രമാണഗ്രന്ഥമാണ് അഭിധർമകോശം. ബൌദ്ധ ധർമത്തിന്റെ തത്ത്വസംഹിതകൾ ത്രിപിടകങ്ങളിലും (വിനയപിടകം, സുത്തപിടകം, അഭിധർമപിടകം) അതുപോലുള്ള മറ്റുചില ഗ്രന്ഥങ്ങളിലുമായി ചിതറിക്കിടക്കുന്നു. അസംഗാചാര്യന്റെ ഇളയ സഹോദരനായ ആചാര്യവസുബന്ധു അങ്ങിങ്ങായിക്കിടന്ന ബൌദ്ധധർമസംഹിതകൾ മുഴുവൻ സമാഹരിച്ചു പരിഷ്കരിച്ച് ശാസ്ത്രീയമായി ക്രമപ്പെടുത്തി അഭിധർമകോശം എന്ന കോശഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചു. വസുബന്ധു ഈ സംഹിതകൾക്ക് അത്യുത്കൃഷ്ടമായ ഒരു ഭാഷ്യംകൂടി പിന്നീട് തയ്യാറാക്കുകയുണ്ടായി. ത്രിപിടകസാഹിത്യത്തിൽ അഭിധർമകോശഭാഷ്യം എന്ന പേരിൽ ഇതു പ്രസിദ്ധമായിത്തീർന്നു. ഈ ഭാഷ്യം ബൌദ്ധധർമസിദ്ധാന്തങ്ങളുടെ പൊരുൾ പൂർണമായും പകർന്നു തരുന്നു. പ്രസിദ്ധ ചീനസഞ്ചാരിയായ ഹ്യൂൻസാങ് ഈ ഭാഷ്യത്തിനു തയ്യാറാക്കിയ ചീനഭാഷാ വിവർത്തനം ബൌദ്ധമതാനുയായികൾക്ക് വിലപ്പെട്ടൊരു വേദഗ്രന്ഥമാണ്.

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 


ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

ബുദ്ധംതത്തിന്റെ പ്രാമിണിക ഗ്രന്ഥം തിരുത്തുക

ആചാര്യവസുബന്ധു തന്റെ ജീവിതത്തിന്റെ പ്രഥമചരണത്തിൽ സർവാസ്തിവാദ സിദ്ധാന്തം അനുസരിച്ച് കാരികാസമ്പ്രദായത്തിൽ അഭിധർമകോശം രചിച്ചു; ഇത് സർവാസ്തിവാദികളുടെ പ്രഥമ പ്രാമാണിക ഗ്രന്ഥമായി കരുതപ്പെട്ടുപോരുന്നു. വസുബന്ധു അഭിധർമകോശത്തിന്റെ പ്രണയനത്തിലൂടെ വൈഭാഷിക സമ്പ്രദായത്തിന്റെ സിദ്ധാന്തങ്ങളെ അരക്കിട്ടുറപ്പിച്ചു. കാശ്മീരിലെ വൈഭാഷിക സമ്പ്രദായാനുയായികൾ എല്ലാംതന്നെ അഭിധർമകോശത്തെ തങ്ങളുടെ ദർശനത്തിന്റെ ആധികാരികഗ്രന്ഥമായി കരുതിയിരുന്നു. ബൌദ്ധദാർശനിക ചിന്താപരമ്പരയുടെ മൂലരൂപവും നിഷ്കൃഷ്ടനിരൂപണവും മറ്റെങ്ങും ലഭ്യമാകാത്തതരത്തിൽ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധിയും പ്രചാരവും കാദംബരീകാരനായ ബാണഭട്ടന്റെ പരാമർശനത്തിൽ നിന്നും (തത്തകൾക്കുപോലും അഭിധർമകോശോപദേശം നല്കിയിരുന്നുവെന്ന്; ശുകൈരപിശാക്യശാസനകുശലൈഃ കോശം സമുപദിശദ്ഭിഃ) വ്യക്തമാകുന്നു.

അഭിധർമകോശത്തിൽ സർവാസ്തിവാദത്തോടൊപ്പം തന്നെ, ഇതരദർശനങ്ങളെപ്പറ്റിയും വസുബന്ധു ചർച്ച നടത്തിയിട്ടുണ്ട്. ഭഗവാൻ തഥാഗതന്റെ ദാർശനിക ചിന്തകൾക്കെതിരായ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുവാൻ വേണ്ടിയാണ് വസുബന്ധു ഈ ഗ്രന്ഥം രചിച്ചത്. ഇദ്ദേഹം സർവാസ്തിവാദസിദ്ധാന്തങ്ങളുടെ പ്രണേതാവായിരുന്നു. പക്ഷേ, തഥാഗതനാകട്ടെ ത്രികാലങ്ങളുടെ അനിത്യതയെപ്പറ്റിയാണ് ചിന്തിച്ചത്. ഈ ചിന്താഗതിക്കെതിരായി സ്വന്തം വാദം സ്ഥാപിക്കുവാൻ വസുബന്ധു ഈ ഗ്രന്ഥത്തിലൂടെ ശ്രമിച്ചു. പഞ്ചവിധ ധർമങ്ങളുടെ (വസ്തു, വിഷയം, അർഥം, പദാർഥം, പ്രമേയം) സത്താത്മകമായ അസ്തിത്വം ഭൂത വർത്തമാന-ഭാവി കാലങ്ങളിൽ എങ്ങനെയാണെന്ന് പ്രതിപാദിക്കുന്ന ചിന്താപദ്ധതിയാണ് സർവാസ്തിവാദം എന്ന് അഭിധർമകോശത്തിൽ വസുബന്ധു വ്യക്തമാക്കിയിട്ടുണ്ട്.

സർവാസ്തിവാദമനുസരിച്ച് ത്രികാലങ്ങൾ നിത്യവും അസ്തിത്വയുക്തവും ആണ്. ഭൂതഭാവികൾ അനിത്യവും അസ്തിത്വശൂന്യവുമാണെന്ന വാദം ഉന്നയിക്കുന്നപക്ഷം മനഃശാസ്ത്ര തത്ത്വങ്ങൾ അസ്ഥാനത്തായിത്തീരും എന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

സർവാസ്തിവാദികൾ സ്ഥാവരവാദികളോട് ആശയപരമായി വളരെ അടുപ്പമുള്ളവരാണ്. സംസ്കൃതഭാഷയിൽ തങ്ങളുടെ സിദ്ധാന്തങ്ങൾ പ്രതിപാദിച്ചുപോന്ന ബൌദ്ധ പന്ഥികളിൽ (ബുദ്ധമതാനുയായികൾ) സർവാസ്തിവാദികളായ ആചാര്യൻമാരുടെ സംഖ്യ അധികമായിരുന്നു. സർവാസ്തിവാദികളുടെ ആശ്രയദാതാവായിരുന്ന കനിഷ്കൻ ആ സിദ്ധാന്തങ്ങളെപ്പറ്റിയുള്ള ഗംഭീരമായ ഒരു ചർച്ചാസമ്മേളനം വിളിച്ചുകൂട്ടിയിട്ടുണ്ട്.

ആചര്യവസുബന്ധു തിരുത്തുക

അഭിധർമകോശത്തിന്റെ പ്രണേതാവായ ആചാര്യവസുബന്ധു എ.ഡി. 4-ആം ശതകത്തിലാണ് ജീവിച്ചിരുന്നതെന്ന് ചരിത്രകാരൻമാർ കരുതുന്നു. ആചാര്യൻ 80 വയസ്സുവരെ ജീവിച്ചിരുന്നു എന്നും 26 ഗ്രന്ഥങ്ങൾ രചിച്ചു എന്നും ചീനഭാഷയിൽ എഴുതപ്പെട്ട ത്രിപിടക ഗ്രന്ഥത്തിൽ പ്രസ്താവിച്ചുകാണുന്നു. പക്ഷേ, ഇദ്ദേഹത്തിന്റെ ഒൻപത് കൃതികൾ മാത്രമേ ലഭിച്ചിട്ടുള്ളു. അഭിധർമകോശഭാഷ്യം എന്ന ഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി തിബത്തിൽ നിന്നും കണ്ടെടുത്തത് മഹാപണ്ഡിതനായ രാഹുൽ സാംകൃത്യായനാണ്.

പുദ്ഗളം സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർക്ക് രണ്ടു പ്രധാന മാർഗങ്ങളുണ്ട്: വാസ്തിപുത്രീയമാർഗം, സമ്മിതീയമാർഗം. പുദ്ഗളം ചിരസ്ഥായിയായ ഒരു തത്ത്വമാണ്. ഇതില്ലാതെ പൂർവജന്മം സാധ്യമല്ലെന്നാണ് സങ്കല്പം. ആചാര്യവസുബന്ധു തന്റെ അഭിധർമകോശത്തിന്റെ അന്ത്യത്തിൽ ഈ രണ്ടു മാർഗങ്ങളെപ്പറ്റിയും വിശദമായിത്തന്നെ ചർച്ച ചെയ്തിട്ടുണ്ട്.

വസുബന്ധുവിന്റെ ശക്തനായ പ്രതിദ്വന്ദ്വി, സംഘഭദ്രൻ എന്ന ആചാര്യനായിരുന്നു. സംഘഭദ്രൻ 12 വർഷത്തെ നിരന്തരാധ്വാനഫലമായി കോശകാരിക എന്നൊരു ഗ്രന്ഥം രചിച്ച് അഭിപ്രായത്തിനായി വസുബന്ധുവിന് അയച്ചുകൊടുത്തു.വസുബന്ധു ആദ്യത്തെ പേരു മാറ്റിയിട്ട് ന്യായാനുസാരശാസ്ത്രം എന്നു ഗ്രന്ഥനാമം നല്കി. വസുബന്ധുവിന്റെ അഭിധർമകോശത്തിന്റെ ഖണ്ഡനപരമായ ഒരു വിമർശനമാണ് ഈ ഗ്രന്ഥം. കടുത്ത വിമർശനത്തിനു വിധേയമായെങ്കിലും അഭിധർമകോശം ബൌദ്ധധർമത്തിന്റെ മഹത്തായ ആധികാരികഗ്രന്ഥമായിത്തന്നെ നിലനിന്നുപോരുന്നു.

ബൗദ്ധദർശനങ്ങളുടെ വിശ്വകോശം തിരുത്തുക

അഭിധർമകോശം സമ്പൂർണ ബൌദ്ധദർശനങ്ങളുടെ അംഗീകൃതമായ ഒരു വിശ്വകോശം തന്നെയാണ്. മറ്റൊരു ബൌദ്ധഗ്രന്ഥത്തിനും ഇത്രയധികം പ്രസിദ്ധിയും പ്രാമാണികത്വവും ലഭിച്ചിട്ടില്ല. ഈ വിശിഷ്ട ഗ്രന്ഥത്തിന് ആറും ഏഴും ശതകങ്ങളിൽ ചൈനീസിൽ രണ്ടു പരിഭാഷകൾ ഉൾപ്പെടെ നിരവധി വ്യാഖ്യാനങ്ങളും പുനർവ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവയിൽ സ്ഥിരമതിയുടെ തത്ത്വാർഥം, ദിങ്നാഗന്റെ മർമപ്രദീപം, യശോമിത്രന്റെ സ്ഫുടാർഥം എന്നിവ വളരെ പ്രസിദ്ധമാണ്. പണ്ഡിതനായ ഡാംപൂർസേ പുരാതനങ്ങളായ നിരവധി ടീകകൾ സമാഹരിച്ചും സമന്വയിപ്പിച്ചും ഒരു ആധുനിക വ്യാഖ്യാനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പില്ക്കാലത്ത് അഭിധർമകോശത്തിന്റെ ചുവടുപിടിച്ച് ജൈനതത്ത്വജ്ഞാന സംബന്ധമായ തത്ത്വാർഥാധിഗമം എന്ന ഗ്രന്ഥം രചിക്കുവാൻ ഉമാസ്വാതി എന്ന പണ്ഡിതന് പ്രചോദനം നല്കിയത് ആചാര്യ വസുബന്ധു ആണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭിധർമകോശം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭിധർമകോശം&oldid=3623354" എന്ന താളിൽനിന്ന് ശേഖരിച്ചത്